പരിശുദ്ധാത്മസ്നാനം

പരിശുദ്ധാത്മസ്നാനം

“ശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും. യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനം ചെയ്തുമിരിക്കുന്നു.” (1കൊരി, 12:12,13). സുവിശേഷം അഥവാ വിശ്വാസത്തിൻ്റെ പ്രസംഗത്താലാണ് പരിശുദ്ധാത്മസ്നാനം നടക്കുന്നത്. (ഗലാ, 3:2. ഒ.നോ: എഫെ, 1:13,14). ആത്മസ്നാനത്തിലൂടെ ഒരു വ്യക്തി ക്രിസ്തുവിന്റെ ശരീരത്തിന്റെ അവയവമായി മാറുന്നു. എല്ലാ വിശ്വാസികളുടെയും ജീവിതത്തിൽ ഇത് പൂർത്തിയായി കഴിഞ്ഞതാണ്. വീണ്ടും ജനനത്തിനുശേഷം നടക്കേണ്ട ഒന്നല്ലിത്. പെന്തെകൊസ്തുനാളിൽ ആരംഭിച്ച പരിശുദ്ധാത്മസ്നാനം അവസാന വ്യക്തിവരെയും സഭയിൽ ചേർക്കപ്പെടുന്നതുവരെ തുടർന്നുകൊണ്ടിരിക്കും. പരിശുദ്ധാത്മസ്നാനം ഒരിക്കൽ മാത്രമാണ്; വീണ്ടെടുക്കപ്പെടുമ്പോൾ. അപ്പൊസ്തല പ്രവൃത്തികൾ 2-ലെ പരിശുദ്ധാത്മസ്നാനം ക്രൈസ്തവസഭയുടെ ജനനം കുറിച്ചു. പെന്തെക്കൊസ്തിലെ ആത്മസ്നാനം പരിശുദ്ധാത്മാവിൻ്റെ അവരോഹണത്തോടൊപ്പം സംഭവിച്ച ആത്മീയചരിത്ര പ്രക്രിയയാണ്. വലിയ മുഴക്കത്തോടും ദൃശ്യമായ അടയാളങ്ങളോടും കൂടെ അരങ്ങേറിയ ആ ചരിത്രസംഭവം ആവർത്തിക്കപ്പെടാവുന്നതല്ല. ആവർത്തിക്കപ്പെടുന്നത് ആത്മസ്നാനമാണ്. പ്രവൃത്തി 8-ൽ ശമര്യർ ആത്മസ്നാനം ലഭിക്കുകയും ക്രിസ്തുവിന്റെ ശരീരമായ സഭയിൽ ചേർക്കപ്പെടുകയും ചെയ്തു. (പ്രവൃ, 8:14-18). അവിടെ ഏതോ ഒരു അടയാളമുണ്ടായെങ്കിലും പെന്തെക്കൊസ്തിലെ ചരിത്രസംഭവങ്ങളൊന്നും ഉണ്ടായില്ല. പ്രവൃത്തി 10-ൽ ജാതികൾ ആത്മസ്നാനത്താൽ സഭയിൽ ചേർക്കപ്പെട്ടു. (പ്രവൃ, 10:34-48). അവിടെ അന്യഭാഷയിൽ സംസാരിച്ചെങ്കിലും പെന്തെക്കൊസ്തിലെ ചരിത്രസംഭവങ്ങളൊന്നും ആവർത്തിച്ചില്ല. എന്തെന്നാൽ പെന്തെക്കൊസ്തിലെ ആത്മസ്നാനം സഭയുടെ സ്ഥാപനമായിരുന്നു.

കൃപായുഗത്തിനു മാത്രമുള്ളതാണ് പരിശുദ്ധാത്മസ്നാനം. മറ്റൊരു യുഗത്തിലും പരിശുദ്ധാത്മസ്നാനം നടന്നതായി തെളിവില്ല. ഏകാത്മാവിൽ സ്നാനപ്പെട്ടത് ഏകശരീരത്തിൽ അംഗമാകുന്നതിനു വേണ്ടിയാണ്. (1കൊരി, 12:13). ഒരു വ്യക്തിയെ ക്രിസ്തുവിന്റെ ശരീരത്തിൽ ആക്കിവെക്കുന്നതു പരിശുദ്ധാത്മാവ് നൽകുന്ന സ്നാനം കൊണ്ടാണ്. ക്രിസ്തുവിന്റെ ശരീരമായ സഭയ്ക്ക് അടിസ്ഥാനം ക്രിസ്തുവിന്റെ മരണപുനരുത്ഥാന സ്വർഗ്ഗാരോഹണങ്ങളാണ്. അതു നടക്കുന്നത് കൃപായുഗത്തിലാണ്. തന്മൂലം പരിശുദ്ധാത്മസ്നാനം കൃപായുഗത്തിനു മാത്രമുള്ളതാണ്. പരിശുദ്ധാത്മാവിന്റെ സ്നാനത്തെക്കുറിച്ച് പഴയനിയമത്തിൽ സൂചനയില്ല. പഴയനിയമത്തിൽ ആരും പരിശുദ്ധാത്മസ്നാനം പ്രാപിച്ചതായി പറയപ്പെട്ടിട്ടും ഇല്ല. ക്രിസ്തുവിന്റെ ഭൗമിക ശുശ്രൂഷാകാലത്തും പരിശുദ്ധാത്മസ്നാനം നടന്നിട്ടില്ല. ക്രിസ്തുവിന്റെ പുനരുത്ഥാനശേഷം സ്വർഗ്ഗാരോഹണത്തിനു മുമ്പു “നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയും മുമ്പേ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും” എന്നു ക്രിസ്തു കല്പിച്ചു. (പ്രവൃ, 1:5). പെന്തെക്കൊസ്തിനെ പരാമർശിച്ചപ്പോൾ പരിശുദ്ധാത്മ സ്നാനം നടന്നുകഴിഞ്ഞതായി പത്രൊസ് പ്രസ്താവിച്ചു. (പ്രവൃ, 11:15-17). സഹസ്രാബ്ദയുഗത്തിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം സജീവമായി ഉണ്ടായിരിക്കും. എന്നാൽ പരിശുദ്ധാത്മാവിന്റെ സ്നാപനത്തെക്കുറിച്ചു ഒരു സൂചനയും ഇല്ല. പരിശുദ്ധാത്മസ്നാനം ഈ യുഗത്തിനു മാത്രമുള്ളതാണ്. ഈ യുഗത്തിലെ എല്ലാ വിശ്വാസികൾക്കും പരിശുദ്ധാത്മസ്നാനം ലഭിക്കുന്നുണ്ട്. 

പരിശുദ്ധാത്മസ്നാനത്താൽ വിശ്വാസികൾ ക്രിസ്തുവിന്റെ ശരീരത്തിലെ അവയവങ്ങളായി മാറുന്നു. ക്രിസ്തുവിന്റെ ശരീരത്തിലെ അവയവം ആക്കപ്പെടുക എന്നത് പുനരുത്ഥാന നിലയിൽ ക്രിസ്തുവിനോടു ഏകീഭവിക്കുന്നതിനെ കാണിക്കുന്നു. വിശ്വാസികളെ ക്രിസ്തുവിന്റെ ക്രൂശീകരണത്തോടു ബന്ധിപ്പിക്കുന്നതിനുള്ള ഉപാധിയും പരിശുദ്ധാത്മാസ്നാനമാണ്. (കൊലൊ, 2:12; റോമ, 6:1-10). ആത്മസ്നാനത്താൽ ക്രിസ്തുവിന്റെ മരണം, അടക്കം, പുനരുത്ഥാനം ഇവയോടു ബന്ധിക്കപ്പെട്ട വിശ്വാസിയുടെ പാപപ്രകൃതി ക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെടുകയും പാപത്തിന്റെ മേൽ വിശ്വാസി വിജയം നേടുകയും ചെയ്യുന്നു. ആത്മസ്നാനംകൊണ്ട് പ്രത്യേക ശക്തിയോ കഴിവോ ലഭിക്കുന്നില്ല. പ്രത്യേക ശക്തി ലഭിക്കുവാനുള്ള പദവിയിൽ നമ്മെ ക്രിസ്തുവിൽ ആക്കിവെക്കുകയാണ് പരിശുദ്ധാത്മസ്നാനം. പരിശുദ്ധാത്മ സ്നാനത്തിനു ശേഷവും കൊരിന്തിലെ വിശ്വാസികൾ ജഡികരായിരുന്നു. അവരോടാണ് ”എല്ലാവരും ഒരേ അത്മാവിൽ സ്നാനം ഏറ്റും” എന്ന് അപ്പൊസ്തലൻ പറഞ്ഞത്. ജഡികത്വത്തിൽ നിന്ന് മുക്തരാകുവാൻ അവരോടു ആത്മസ്നാനം പ്രാപിക്കുവാൻ അപ്പൊസ്തലൻ ആവശ്യപ്പെട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഗലാത്യയിലെ വിശ്വാസികൾ സ്നാനം ഏറ്റവരും ക്രിസ്തുവിനെ ധരിച്ചവരും ആയിരുന്നെങ്കിലും അന്യ സുവിശേഷത്തിലേക്കു മടങ്ങിപ്പോവുകയും ബലഹീനവും ദരിദ്രവും ആയ ആദിപാഠങ്ങളിലേക്ക് തിരിയുകയും ചെയ്തതും കുറിക്കൊള്ളുക. (ഗലാ, 3:27; 1:6; 4:39).

വ്യക്തി സുവിശേഷം കേൾക്കുമ്പോഴാണ് ആത്മസ്നാനം നടക്കുന്നത്. ആത്മസ്നാനത്താലാണ് വ്യക്തി വീണ്ടും ജനിക്കുന്നത്. അല്ലാതെ വീണ്ടുംജനിച്ചശേഷം കാത്തിരുന്ന് പ്രാപിക്കേണ്ട ഒന്നല്ല. ആത്മാവിലുള്ള ജനനം ദൃശ്യമായ ഒരു പ്രക്രിയയല്ലെന്ന് യേശുക്രിസ്തു വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 3:8). തന്മൂലം, പ്രത്യക്ഷമായ അടയാളങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ആത്മസ്നാനത്താലാണ് ഒരുവൻ ക്രിസ്തുവിന്റെ ശരീരത്തിന്റെ അവയവമായി മാറുന്നത്. (1കൊരി, 12:13). ശരീരം മുമ്പേയുള്ളതുകൊണ്ടാണല്ലോ അവയവത്തിന് ശരീരത്തോട് ചേരാൻ കഴിയുന്നത്. തന്മൂലം പെന്തെക്കൊസ്തിലെ ആത്മസ്നാനമെന്ന ആത്മീയ ചരിത്രപ്രക്രിയ ക്രിസ്തുവിന്റെ ശരീരമായ സഭയുടെ ജനനമായിരുന്നു എന്നു മനസ്സിലാക്കാം. അഥവാ ക്രിസ്തുയേശു മൂലക്കല്ലും അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനമാണ് പെന്തെക്കൊസ്തു നാളിൽ യെരുശലേമിൽ ഇട്ടത്. (എഫെ, 2:20). ആ അടിസ്ഥാനത്തിന്മേലാണ് ഓരോ വിശ്വാസികളും ആത്മാവിനാൽ അഥവാ ആത്മസ്നാനത്താൽ പണിയപ്പെടുത്തത്. (എഫെ, 2:21,22). “ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല” (മത്താ, 16:18) എന്ന യേശുക്രിസ്തുവിന്റെ പ്രഖ്യാപനത്തിന്റെ നിവൃത്തിയാണ് പെന്തെക്കൊസ്തിലെ ആത്മസ്നാനം. ആത്മസ്നാനദാതാവ് ക്രിസ്തുവാണ്. (മത്താ, 3:11, മർക്കൊ, 1:8, ലൂക്കൊ, 3:16). ആത്മസ്നാനം വ്യക്തികളിൽ ആവർത്തിക്കപ്പെടുന്നതല്ല; ആത്മനിറവ് ആവർത്തിക്കപ്പെടുന്നതാണ്. (പ്രവൃ, 2:4; 4:8; 4:31).

ആത്മസ്നാനം ഒരു വിഹഗവീക്ഷണം

ആത്മസ്നാനത്തെക്കുറിച്ച് സമഗ്രമായി ചിന്തിക്കുമ്പോൾ, ഇന്നത്തെ സാഹചര്യത്തിൽ നാല് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടത് ആവശ്യമാണ്. ഒന്ന്; ആത്മസ്നാനത്തിനായി കാത്തിരിക്കണമോ? രണ്ട്; ആത്മസ്നാനത്തിന് അടയാളമുണ്ടോ? മൂന്ന്; പെന്തെക്കൊസ്തിൽ എല്ലാവരും അന്യഭാഷയിൽ സംസാരിച്ചുവോ? അപ്പൊസ്തലൻ പറയുന്നു; “ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?” “ഗലാ, 3:2). “പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.” (1കൊരി, 12:3). “യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.” (1കൊരി, 12:13). ഈ മൂന്നു വാക്യങ്ങളും ചേർത്തു ചിന്തിക്കുമ്പോൾ, പരിശുദ്ധാത്മാവ് വ്യക്തിയിൽ ഒരു രണ്ടാമനുഭവമല്ലെന്നും, പരിശുദ്ധാത്മ സ്നാനത്താലാണ് വ്യക്തി വീണ്ടും ജനിക്കുന്നതെന്നു വ്യക്തമാകും. അങ്ങനെ വരുമ്പോൾ മുകളിൽ ഉന്നയിച്ച ചോദ്യങ്ങൾ അപ്രസക്തമാകും. എന്നിരുന്നാലും സത്യവിശ്വാസികളുടെ ഇടയിൽപോലും വലിയ ആശയക്കുഴപ്പങ്ങൾ നിലനില്ക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഏതൊരു ചോദ്യത്തിനും ഉത്തരം കണ്ടെത്തേണ്ടത് ദൈവമക്കളുടെ ആവശ്യമാണ്. ആരുടേയും പഠിപ്പിക്കലുകളും ഉപദേശങ്ങളും വിലയിരുത്താതെ, നിഷ്പക്ഷമായി ദൈവവചനത്തിൽ നിന്ന് ഉത്തരം കണ്ടെത്തുവാനാണ് നാം ശ്രമിക്കുന്നത്:

1. ആത്മസ്നാനത്തിനായി കാത്തിരിക്കണമോ?

നമ്മുടെ കർത്താവായ യേശുക്രിസ്തു അപ്പൊസ്തലന്മാരോട് “നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം” (പ്രവൃ, 1:4) എന്നു പറഞ്ഞതിന്റെ വെളിച്ചത്തിലാണ് ഇങ്ങനെയൊരു ചിന്ത ഉടലെടുത്തത്. എന്നാൽ അപ്പൊസ്തല പ്രവൃത്തികൾ എഴുതിയ ലൂക്കൊസിന്റെ തന്നെ സുവിശേഷത്തിൽ ‘ഉയരത്തിൽ നിന്ന് ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ’ എന്നാണ്. (24:49). ഇതിനോട് ക്രിസ്തുവിന്റെ വാക്കുകളും ചേർത്തു ചിന്തിച്ചാൽ കാര്യം വ്യക്തമാകും. “എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും.” (പ്രവൃ, 1:8). യെരൂശലേമിൽ തുടങ്ങി നിങ്ങളെൻ്റെ സാക്ഷികളാകുവാൻ ഞാൻ ആത്മാവിനെ അയക്കുംവരെ യെരൂശലേമിൽതന്നെ പാർപ്പിൻ എന്നാണ് ക്രിസ്തു പറയുന്നത്. ഇതു കുറച്ചുകൂടി വ്യക്തമാകാൻ സത്യവേദപുസ്തകം നൂതന പരിഭാഷ ചേർക്കുന്നു: “നിങ്ങള്‍ യെരൂശലേം വിട്ടുപോകരുത്; എന്‍റെ പിതാവു വാഗ്ദാനം ചെയ്തിട്ടുള്ളതു ലഭിക്കുന്നതിനുവേണ്ടി കാത്തിരിക്കുക; അതേപ്പറ്റി ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ടല്ലോ.” നിങ്ങൾ യെരൂശലേം വിട്ടുപോകരുതെന്നാണ് കല്പന. അടുത്തഭാഗം മനസ്സിലാക്കേണ്ടത് ഉയരത്തിൽ നിന്ന് ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ (ലൂക്കൊ, 24:49). വാഗ്ദത്തം നിവൃത്തിയാകുമ്പോൾ അവർ കാത്തിരിക്കുകയായിരുന്നില്ല: “പെന്തെക്കൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു.” (പ്രവൃ, 2:1). അതായത്, വാഗ്ദത്തനിവൃത്തിക്കു സമയമായെന്ന് മനസ്സിലാക്കിയ അവർ ഒന്നിച്ചു കൂടിയിരിക്കുക മാത്രമായിരുന്നു.

അവിടെ കാത്തിരിപ്പ് (wait) എന്നതിന് ഗ്രീക്കിൽ ‘മെനൊ’ (meno) എന്നാണ്. ആ പദത്തെ മറ്റു സ്ഥാനങ്ങളിൽ പാർപ്പിൻ (മത്താ, 10:11; മർക്കൊ, 6:10; ലൂക്കൊ, 9:4), പാർത്തു (മർക്കൊ, 14:34; ലൂക്കൊ, 1:56; 8:27), താമസിച്ചു (മത്താ, 26:28) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിലെ തർജ്ജമ. കാത്തിരുപ്പെന്ന് ഒരിടത്ത് പൗലൊസ് പറയുന്നുണ്ട്: “ബന്ധനങ്ങളും കഷ്ടങ്ങളും എനിക്കായി കാത്തിരിക്കുന്നു.” അവിടെ പൗലൊസ് എന്ന വ്യക്തിയല്ല കാത്തിരുന്നത്; ബന്ധനങ്ങളും കഷ്ടങ്ങളുമാണ്. എന്നാൽ യഥാർത്ഥ കാത്തിരുപ്പിനെ കുറിക്കുന്നത് മറ്റുചില വാക്കുകളാണ്: യിസ്രായേലിൻ്റെ ആശ്വാസത്തിനായി കാത്തിരുന്ന (prosdechomai, ലൂക്കൊ, 2:25), പലൊസ് അഥേനയിൽ കാത്തിരിക്കുമ്പോൾ (ekdechomai, പ്രവൃ, 17:16), യേശുക്രിസ്തുവിൻ്റെ പ്രത്യക്ഷത കാത്തിരിക്കുന്നു (apekdechomai, 1കൊരി, 1:7) തുടങ്ങിയവ. 

എന്തുകൊണ്ടാണ് യെരൂശലേമിൽ പാർപ്പാൻ യേശു ശിഷ്യന്മാരോട് കല്പിച്ചത്; ലോകത്തിൻ്റെ കേന്ദ്രവും വിശുദ്ധസ്ഥലവുമാണ് യെരൂശലേം. കൂടാതെ, യേശുവിന്റെ കന്യകാജനനം, സ്നാനം, മരണം, അടക്കം, ഉത്ഥാനം, സ്വർഗ്ഗാരോഹണം ഇവയൊക്കെയും യെരൂശലേമിലായിരുന്നു. തന്മൂലം ദൈവസഭയുടെ സ്ഥാപനവും യെരുശലേമിൽ തന്നെയാണ് വേണ്ടത് “അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.” (ലൂക്കൊ, 24:47). ഇതിൽനിന്നും ശിഷ്യന്മാരോട് കാത്തിരിക്കാനല്ല പറഞ്ഞതെന്നും, ഗലീലക്കാരായ ശിഷ്യന്മാർ (അ,പ്ര 2:7) തങ്ങളുടെ പട്ടണമായ ഗലീലയിലേക്ക് മടങ്ങിപ്പോകാതെ, തന്റെ വാഗ്ദത്തത്തിനായി യെരുശലേമിൽ തങ്ങണമെന്നാണ് കല്പിച്ചതെന്നും വ്യക്തമല്ലേ? യേശു സ്വർഗ്ഗാരോഹണം ചെയ്യുന്നതിനു മുമ്പുതന്നേ, ശിഷ്യന്മാർ ഗലീലയിൽ തങ്ങളുടെ പഴയ തൊഴിലിലേക്ക് മടങ്ങിപ്പോയവരാണ് (യോഹ, 23:2,3) എന്നുംകൂടി ചിന്തിക്കുമ്പോൾ കാത്തിരിക്കാനല്ല;  യെരൂശലേം വിട്ടുപോകരുതെന്നാണ് യേശു അവരോടു പറഞ്ഞതെന്ന് ഏറ്റവും സ്പഷ്ടമാണ്. 

ഇത് ഒന്നുകൂടി ഗ്രഹിക്കാൻ സഹായകരമായ മറ്റൊരു തെളിവുകൂടിയുണ്ട്.; യിസ്രായേൽ ജനത്തിന് ദൈവം നിയമിച്ചുകൊടുത്ത ഏഴ് വാർഷീക ഉത്സവങ്ങളും ക്രിസ്തുവിന്റെ രക്ഷണ്യവേലയ്ക്ക് നിഴലുകളാണ്. നീസാൻ 14 പെസഹ, നീസാൻ 15 ‘പുളിപ്പില്ലാത്തപ്പം: ‘നമ്മുടെ പെസഹാക്കുഞ്ഞാട് അറുക്കപ്പെട്ടിരിക്കുന്നു’ (1കൊരി, 5:7); ‘ആകയാൽ പുളിപ്പില്ലായ്മകൊണ്ട് ഉത്സവം ആചരിപ്പിൻ’ (1കൊരി, 5:8). നീസാൻ 17 ആദ്യഫലപ്പെരുന്നാൾ: ‘ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി ഉയിർത്തിരിക്കുന്നു.’ (1കൊരി, 15:20). സീവാൻ 6 ഞായർ പെന്തെക്കൊസ്തു പെരുന്നാൾ: ആദ്യഫലക്കറ്റ നീരാജനം ചെയ്തതു തുടങ്ങി ഏഴു ശബ്ബത്ത് എണ്ണി പിറ്റേന്ന് കൊയ്ത്ത് പെരുന്നാളായ പെന്തെക്കൊസ്താണ്. ഇത് യെഹൂദന്മാരായ ശിഷ്യന്മാർക്ക് നല്ലവണ്ണമറിയാം. അതുകൊണ്ടാണ്, “പെന്തെക്കസ്തുനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു” എന്നു കാണുന്നത്. (അ,പ്ര, 2:1). ഇവർ കാത്തിരുന്നാലും, കിടന്നുറങ്ങിയാലും, മറ്റുവല്ല ജോലിയിലും ഏർപ്പെട്ടിരുന്നാലും പെന്തെക്കൊസ്തുനാൾ വരും, പരിശുദ്ധാത്മാവ് ഇവരുടെമേൽ വരുകയും ആത്മാക്കളെ കൊയ്തെടുക്കുകയും ചെയ്യും. പിന്നെ കാത്തിരുന്നു എന്നു വിചാരിക്കുന്നതിൽ എന്തു പ്രസക്തിയാണ് ഉള്ളത്. മാത്രമല്ല ദൈവത്തിന്റെ ദാനം കാത്തിരിപ്പെന്ന ‘പ്രവൃത്തി’ കൂടാതെ ലഭിക്കുകില്ല എന്നു വന്നാൽ, പരിശുദ്ധാത്മാവിനെ ദാനമെന്നല്ല ‘അവരുടെ കാത്തിരുപ്പിൻ്റെ പ്രതിഫലം’ എന്നു പറയേണ്ടിവരും. ((പ്രവൃ, 2:38).

ഇനിയും പ്രധാനപ്പെട്ട ഒരു സംഗതി പറയാം: ദൈവത്തിൻ്റെ വാഗ്ദാനം അഥവാ വാഗ്ദത്തമാണ് പരിശുദ്ധാത്മാവ്; അത് സഭയ്ക്ക് പിതാവും പുത്രനും നല്കിയിരിക്കുന്ന ഉറപ്പാണ്. (ലൂക്കൊ, 24:49; പ്രവൃ, 1:4; 2:33; 38,38). “ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എത്ര ഉണ്ടെങ്കിലും അവനിൽ ഉവ്വു എന്നത്രേ; അതുകൊണ്ടു ഞങ്ങളാൽ ദൈവത്തിന്നു മഹത്വം ഉണ്ടാകുമാറു അവനിൽ ആമേൻ എന്നും തന്നേ.” (2കൊരി 1:20). ദൈവത്തിൻ്റെ വാഗ്ദത്തം ലഭിക്കാൻ മനുഷ്യൻ കാത്തിരുപ്പുപോലെ എന്തെങ്കിലും പ്രവൃത്തി ചെയ്യേണ്ട ആവശ്യമുണ്ടോ? ഒരുദാഹരണം പറയാം: കല്ദയരുടെ പട്ടണമായ ഊരിൽനിന്നു ദൈവം അബ്രാഹാമിനെ വിളിച്ച് ‘ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്ക് പോക’ എന്നു പറഞ്ഞപ്പോൾ, വിശ്വാസത്താൽ എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടവനാണ് അബ്രാഹാം. അബ്രാഹാമിന് ദൈവം ഒരു മകനെ നല്കാമെന്നു പറഞ്ഞപ്പോൾ താനത് വിശ്വസിച്ചുവെങ്കിലും അതിനായി കാത്തിരുന്നില്ലെന്നു മാത്രമല്ല, സാറാമ്മച്ചീടെ വാക്കുകേട്ട് മിസ്രയീമ്യദാസിയിൽ ഒരു മകനെ ജനിക്കുകയും ചെയ്തു. ‘ഞാൻ പറഞ്ഞ വാഗ്ദത്തത്തിനായി ഇവൻ കാത്തിരുന്നില്ലല്ലോ’ എന്നുപറഞ്ഞ് ദൈവം വാഗ്ദത്തം മാറ്റിയോ? ഇല്ല. തൊണ്ണുറ്റൊമ്പത് വയസായപ്പോൾ ദൈവം പിന്നെയും പറഞ്ഞു; ‘ഞാൻ നിനക്കൊരു മകനെ തരും.’ ഇതുകേട്ട അബ്രാഹാം ചിരിച്ചൂന്നല്ല; വീണുകിടന്ന് ചിരിച്ചൂന്നാണ് പറയുന്നത്: “അപ്പോൾ അബ്രാഹാം കവിണ്ണുവീണു ചിരിച്ചു: നൂറു വയസ്സുള്ളവന്നു മകൻ ജനിക്കുമോ? തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ? എന്നു തന്റെ ഹൃദയത്തിൽ പറഞ്ഞു.” (ഉല്പ, 17:17). ചിരിക്കുക മാത്രമല്ല; ഇതസാദ്ധ്യമെന്ന് ഉള്ളിൽ പറയുകകൂടി ചെയ്തു. പിറ്റേക്കൊല്ലം സാറയും ദൈവവാഗ്ദത്തം കേട്ട് ചിരിച്ചു. (ഉല്പ, 18:12). ഇപ്പൊ അവർക്ക് വല്ല വിശ്വാസവുമുണ്ടോ? വാഗ്ദത്തം നിവൃത്തിയാകുമെന്ന് ഒരു വിശ്വാസവും അവർക്കിപ്പോഴില്ല. എന്നിട്ട് സാറാ ഗർഭിണിയായില്ലേ? യിസ്ഹാക്കിനെ പ്രസവിച്ചില്ലേ? വാഗ്ദത്തം നിവൃത്തിയായില്ലേ???… വാഗ്ദത്തം ചെയ്തവൻ സർവ്വശക്തനാണ് വിശ്വാസിച്ചില്ലേലും കാത്തിരുന്നില്ലേലും ഇനി അവിശ്വസിച്ചാലും അത് നിറവേറുകതന്ന ചെയ്യും. ഭോഷ്ക്ക് പറയുവാനും വാക്കു മാറുവാനും താൻ വാക്കു പറഞ്ഞതോർത്ത് അനുതപിക്കാനും അവൻ മനുഷ്യനല്ല. 

എല്ലാറ്റിലും രസകരമായ കാര്യം ഇതൊന്നുമല്ല: “ദൈവം വാഗ്ദത്തങ്ങളിൽ വിശ്വസ്തനും വാക്കുമാറാത്തവനാണ്; അവൻ്റെ വാഗ്ദത്തം നീ നിരസിച്ചാലും അവൻ നിന്നെ ഓടിച്ചിട്ട് അനുഗ്രഹിക്കുമെന്നു പ്രസംഗിച്ച് വിശ്വാസികളുടെ പോക്കറ്റ് കാലിയാക്കുന്ന പാസ്റ്ററന്മാർ തന്നെയാണ് ദൈവത്തിൻ്റെ വാഗ്ദത്തവും, ദാനവുമായ പരിശുദ്ധാത്മാവിനെ അദ്ധ്വാനിച്ച് കഷ്ടപ്പെട്ട് കാത്തിരുന്ന് പ്രാപിക്കണമെന്ന് പഠിപ്പിക്കുന്നതും! എങ്ങനെയുണ്ട്?

2. ആത്മസ്നാനത്തിന് അടയാളമുണ്ടോ?

ആത്മസ്നാനത്തിന്റെ ഏകവും പ്രത്യക്ഷവുമായ അടയാളം അന്യഭാഷയാണെന്ന് വിചാരിക്കുന്നവരുണ്ട്. അതിനുകാരണം കൊർന്നല്യോസിന്റെ ഭവനക്കാരും, എഫെസൊസിലെ ശിഷ്യന്മാരും ആത്മാവു വന്നപ്പോൾ അന്യഭാഷയിൽ സംസാരിച്ചു എന്നുള്ളതാണ്. എന്നാൽ പെന്തെക്കൊസ്തിനുശേഷം  ആത്മസ്നാനത്തിൻ്റെ മൂന്ന് അനുഭവങ്ങളാണ് ദൈവവചനത്തിലുള്ളത്. അത് മൂന്നും വ്യത്യസ്തങ്ങളാണുതാനും. ശമര്യയിൽ ഏതോ ഒരു അടയാളമാണുണ്ടായത്. കൊർന്നല്യോസിന്റെ ഭവനക്കാർ അന്യഭാഷകളിൽ സംസാരിച്ചു. എഫെസൊസിലെ ശിഷ്യന്മാർ അന്യഭാഷകളിൽ സംസാരിക്കുകയും പ്രവചിക്കുകയും ചെയ്തു. മൂന്നിടത്തും അനുഭവങ്ങൾ വിവിധങ്ങളാണെങ്കിലും പ്രത്യക്ഷമായൊരടയാളം ഉണ്ടായിട്ടുണ്ട്. ഇതിന്റെ ആവശ്യകത എന്താണെന്ന് ദൈവവചനം നമുക്കൊന്ന് പരിശോധിക്കാം. കർത്താവ് ഫിലിപ്പോസ് മുഖാന്തരം വളരെ അത്ഭുതങ്ങളും വീര്യപ്രവൃത്തികളും ചെയ്യുകയും, ശമര്യർ കർത്താവായ യേശുവിൽ വിശ്വസിച്ച് സ്നാനമേല്ക്കുകയും ചെയ്തു. (പ്രവൃ, 8:4-13). അതറിഞ്ഞ പത്രൊസും യോഹന്നാനും ശമര്യയിൽ എത്തുകയും, അവർക്കുവേണ്ടി പ്രാർത്ഥിച്ചപ്പോൾ ആത്മാവു ലഭിക്കുകയും, പ്രത്യക്ഷമായ ഒരടയാളം ഉണ്ടാകുകയും ചെയ്തു. (പ്രവൃ, 8:14-18). ഇവിടെ രണ്ടു കാര്യങ്ങൾ ചിന്തനീയമാണ്. ഒന്ന്; ആത്മസ്നാനത്തിന്നു താമസം നേരിട്ടതെന്താണ്. രണ്ട്; അടയാളത്തിന്റെ ആവശ്യമെന്തായിരുന്നു. ഒന്ന്; മത്തായിയുടെ സുവിശേഷത്തിൽ പത്രൊസ് ക്രിസ്തുവിനെ ഏറ്റുപറയുമ്പോൾ, ‘സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ’ എന്ന വിശേഷാധികാരം ക്രിസ്തു പത്രൊസിനു കൈമാറുന്നുണ്ട്. (16:14-19). സ്വർഗ്ഗത്തിലും ഭൂമിയിലും കെട്ടുവാനും അഴിക്കുവാനുമുള്ള അധികാരം എല്ലാ ശിഷ്യന്മാർക്കും യേശു നൽകിയിട്ടുണ്ട്. (മത്താ, 18:18). പക്ഷെ സ്വർഗ്ഗരാജ്യത്തിലേക്ക് (സഭ) പ്രവേശനം നൽകുന്നതിനുള്ള അധികാരം പത്രൊസിനു മാത്രമാണ് നൽകുന്നത്. ഭൂമിയിൽ യെഹൂദനെ കൂടാതെ രണ്ടു വിഭാഗങ്ങൾ കൂടി മാത്രമേയുള്ളൂ. ഒന്ന് ശമര്യരും, മറ്റൊന്ന് ജാതികളും. ശമര്യരോട് സുവിശേഷമറിയിച്ച ഫിലിപ്പോസിന് സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശനം നൽകുന്നതിനുള്ള അധികാരം ഇല്ലായിരുന്നു. ആ അധികാരം പത്രൊസിൽ മാത്രം നിഷിപ്തമായിരുന്നു. ഫിലിപ്പോസ് പരിശുദ്ധാത്മാവ് നിറഞ്ഞവനും യേശുവിന്റെ നാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചവനുമാണ്. എന്നിട്ടും ഫിലിപ്പോസ് സുവിശേഷമറിയിക്കുകയും സ്നാനപ്പടുത്തുകയും ചെയ്തിട്ടും പരിശുദ്ധാത്മാവ് വന്നില്ല. എന്നാൽ പത്രൊസ് കൊർന്നല്യോസിന്റെ ഭവനത്തിൽ സുവിശേഷം അറിയിച്ചപ്പോൾ തന്നേ പരിശുദ്ധാത്മാവ് വരുകയും ചെയ്തു. ഇവിടെ ഫിലിപ്പോസിനേക്കൾ എന്തു വിശേഷതയാണ് പത്രൊസിനുള്ളത് എന്ന ചോദ്യത്തിനും ഒറ്റ ഉത്തരമേയുള്ളൂ. ‘സ്വർഗ്ഗരാജ്യത്തിന്റെ താക്കോലെന്ന വിശേഷാധികാരം കൈവശമുള്ളവനാണ് പത്രൊസ്.’ തന്മൂലം ഫിലിപ്പോസ് സുവിശേഷം അറിയിച്ചപ്പോൾതന്നേ ആത്മസ്നാനം നടന്നാലും പത്രൊസ് അവരെ അംഗീകരിക്കുകയോ ദൈവസഭയിലേക്ക് പ്രവേശനം നൽകുകയോ ചെയ്യില്ലായിരുന്നു. രണ്ടാം അദ്ധ്യായത്തിൽ പത്രൊസിന്റെ നേതൃത്വത്തിൽ യെഹൂദർക്ക് ദൈവസഭയിലേക്കു പ്രവേശനം നൽകുന്നു. എട്ടാം അദ്ധ്യായത്തിൽ ശമര്യർക്ക് പ്രവേശനം നൽകുന്നു. പത്താം അദ്ധ്യായത്തിൽ ജാതികൾക്ക് പ്രവേശനം നൽകുന്നു. പത്രൊസിനെ സംബന്ധിച്ച് താനൊരു പക്കാ യെഹൂദനാണെന്ന് പത്താമദ്ധ്യായത്തിലെ സംഭവം തെളിയിക്കുന്നു. (പ്രവൃ, 10: 9-16). ആദ്യം ദർശനമുണ്ടായത് ജാതീയനായ കൊർന്നേല്യൊസിനായിരുന്നു. ദൂതൻ ദർശനത്തിൽ, ‘പത്രൊസ് എന്നുപേരുള്ള ശീമോനെ വരുത്തുക’ എന്നു പറഞ്ഞപ്പോൾത്തന്നേ, കൊർന്നേല്യൊസ് തന്റെ രണ്ടു വേലക്കാരെ പത്രൊസിന്റെ അടുക്കലേക്കയച്ചു. (പ്രവൃ,, 10:3, 7). പക്ഷെ, പത്രൊസിനെ അനുനയിപ്പിക്കാൻ മൂന്നു പ്രാവശ്യം തുപ്പട്ടി ഇറക്കി കാണിക്കേണ്ടതായി വന്നു. (10:6). ഇതിൽനിന്ന് പത്രൊസ് ജാതികളോട് എത്ര വേർപെട്ടവനാണെന്ന് മനസ്സിലാക്കാം. പത്രൊസ് മാത്രമല്ല എല്ലാ നല്ല യെഹൂദന്മാരും അങ്ങനെ തന്നെയാണ്. ശമര്യരോടും യെഹൂദന്റെ ശത്രുത വളരെ വലുതാണ്. (2രാജാ, 14:8-14, 2ദിന, 25:5-13, 17-24, മത്താ, 10:5, ലൂക്കൊ, 9:52-55, യോഹ, 4:9). ഒരു യെഹൂദൻ ഗലീലയിൽ നിന്ന് യെഹൂദ്യയിൽ പോകുന്നതും, യെഹൂദ്യയിൽ നിന്ന് ഗലീലയിലേക്ക് പോകുന്നതും രണ്ടു പ്രാവശ്യം യോർദ്ദാൻ മുറിച്ചുകടന്ന് യോർദ്ദാനക്കരെക്കൂടിയാണ്. ശമര്യയിൽക്കൂടി എളുപ്പം എത്താമെന്നിരിക്കെ, ഇരട്ടിയിലധികം ദൂരം അവർ സഞ്ചരിക്കുമെന്നുള്ളത് അവരുടെ ശത്രുതയുടെ തീവ്രത വെളിവാക്കുന്നു. തന്മുലം ഫിലിപ്പോസിന്റെ കയ്യാൽ സ്നാനപ്പെട്ടുവെങ്കിലും, തങ്ങളെപ്പോലെ ആത്മാവ് ലഭിച്ചവരാണെന്ന് പത്രൊസിന് ബോധ്യപ്പെട്ടാൽ മാത്രമേ ദൈവസഭയുടെ അംഗങ്ങളായി അവരെ സ്വീകരിക്കുകയുള്ളു. അതുകൊണ്ടാണ് പത്രൊസിന്റെ സാന്നിദ്ധ്യത്തിൽ കർത്താവ് അവർക്ക് ആത്മസ്നാനം നൽകിയത്. 

രണ്ട്; അടയാളത്തിന്റെ ആവശ്യമെന്താണ് എന്നുള്ളതാണ്? ഒന്നാമത് യെഹൂദന്റെ പൊതുസ്വഭാവമാണ് അടയാളം ചോദിക്കുക എന്നത്. (1കൊരി, 1:21). രണ്ടാമത് പരിശുദ്ധാത്മാവിനെ ആർക്കും കാണാൻ കഴിയില്ല. (യോഹ, 3:8). തന്മൂലം അവർക്ക് ആത്മാവ് ലഭിച്ചു എന്ന് പത്രൊസിന് ബോധ്യമാകണമെങ്കിൽ, പ്രത്യക്ഷമായൊരു അടയാളം ഉണ്ടാകണം. കൊർന്നേല്യൊസിന്റെ ഭവനത്തിൽ സംഭവിച്ചത് അതിനൊരു തെളിവാണ്. പത്രൊസ് സുവിശേഷം അറിയിക്കുമ്പൊൾ തന്നേ അവരിൽ പരിശുദ്ധാത്മാവ് വരുകയും, അവരെ സ്നാനപ്പെടുത്തുകയും ചെയ്യുന്നു. (പ്രവൃ, 10:44-48). ഇവിടെ ചിന്തനീയമായ ഒരു വിഷയമുണ്ട്; കൊർന്നേല്യൊസിനെ പോലൊരു ജാതീയ കുടുംബത്തെ സ്നാനപ്പെടുത്തി സഭയിൽ ചേർക്കുന്നതിനോട് എതിർപ്പ് കാണിക്കാമായിരുന്ന ആറ് യെഹൂദാ ക്രിസ്ത്യാനികളുമൊന്നിച്ചാണ് പത്രൊസ് പോയത്. (11:12). അവർ പത്രൊസ് കണ്ടിരുന്ന ദർശനം കണ്ടിരുന്നുമില്ല. യഥാർത്ഥത്തിൽ കൊർന്നേല്യൊസും കൂടെയുള്ളവരും അന്യഭാഷയിൽ സംസാരിക്കുന്നത് കേട്ടപ്പോൾ ഈ ആറുപേരും വിസ്മയിച്ചു. (10:46). പെന്തെക്കൊസ്തിന് ചില നാളുകൾക്ക്ശേഷം സംഭവിച്ചതാകകൊണ്ട് അന്യഭാഷകളിൽ വിശ്വാസം വരാഞ്ഞിട്ടല്ല, മറിച്ച് ജാതികൾ ദൈവത്തിന് സ്വീകാര്യമാണെന്ന് അവർ വിശ്വസിച്ചിരുന്നില്ല എന്നതിനാലാണ് അതിശയിച്ചത്. ഈ ആറ് സഹോദരന്മാർക്കും മനസ്സിലാകാത്ത ഒരു ഭാഷയാണവർ സംസാരിച്ചിരുന്നതെങ്കിൽ, അവരെ സ്നാനപ്പെടുത്തുവാൻ അവർ പത്രൊസിനെ അനുവദിക്കുമായിരുന്നോ? പകരം ജാതികളോടുള്ള വിവേചനം എടുത്തുകാണിക്കാൻ അവർ ഉത്സാഹിക്കുമായിരുന്നു. കൊർന്നേല്യൊസിനും കൂട്ടർക്കും എന്തോ ഭ്രമം പിടിച്ചിരിക്കയാണന്നു പറഞ്ഞ് പത്രൊസിനെ പിൻതിരിപ്പിക്കാൻ ശ്രമിക്കുമായിരുന്നു. പെന്തെക്കൊസ്തുനാളിൽ യെരൂശലേമിൽ വന്ന സന്ദർശകർക്ക് ബോധ്യമായതുപോലെ, തങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ അവർ ദൈവത്തെ സ്തുതിക്കുന്നതുകേട്ട് ഇവർക്കും പൂർണ്ണ ബോധ്യംവന്നു. ഇറ്റലിക്കാരനായ കൊർന്നല്യോസ് തന്റെ സ്വന്തഭാഷയായ ലത്തീനിൽ സംസാരിക്കുന്നതോ, റോമാ സാമ്രാജ്യത്തിലെ ഔദ്യോഗിക ഭാഷയായ ഗ്രീക്കിൽ സംസാരിക്കുന്നതോ ഒരു അത്ഭുതമായിരിക്കയില്ല, മറിച്ച് റോമാക്കാരന് അപരിചിതമായ എബ്രായഭാഷയിൽ യെഹൂദനല്ലാത്ത ഒരാൾ ദൈവത്തെ മഹത്വപ്പെടുത്തുന്നത് അത്ഭുതം തന്നെയായിരിക്കും. ശമര്യയിലെ കാര്യവും ഇതിൽനിന്ന് വിഭിന്നമായിരിക്കില്ല. അവിടെയും ഒരടയാളം ഉണ്ടായിരുന്നു. അത് ശിമോൻ കണ്ടതാണ്. (8:18). അത് അന്യഭാഷയാണെങ്കിൽ, പേഗൻ മതത്തിലോ മറ്റു ജാതീയമതങ്ങളിലോ നടപ്പുള്ള കേവലം അവ്യക്തമായ ഒരു ജല്പനം ആയിരിക്കില്ല. (മത്താ, 6:7). മറിച്ച് പത്രൊസിനും യോഹന്നാനും മനസ്സിലാകുന്ന വ്യക്തമായ ഭാഷ തന്നെയായിരിക്കും. ഇതിനൊരു തെളിവാണ് പതിനൊന്നാം അദ്ധ്യായം. ജാതികളെ സ്നാനപ്പെടത്തിയതിനെക്കുറിച്ച് യെരുശലേം സഭയിൽ വാദമുണ്ടായപ്പോൾ, ”പരിശുദ്ധാത്മാവ് ആദിയിൽ നമ്മുടെമേൽ എന്നപോലെ അവരുടെമേലും വന്നു” (പ്രവൃ, 11:15) എന്ന് പത്രൊസ് തെളിയിക്കുന്നത് ഈ അന്യഭാഷയുടെ വെളിച്ചത്തിലാണ്. പരിശുദ്ധാത്മസ്നാനം നടന്ന വസ്തുത ഒരടയാളം കൂടാതെ പത്രൊസിന് സ്വയമായി ബോധ്യപ്പെടുകയോ, മറ്റുള്ളവരെ ബോധ്യപ്പടുത്തുവാനോ സാധ്യമല്ല. തന്നിമിത്തം യെരൂശലേമിലെ സഹോദരങ്ങൾ പറഞ്ഞതും ശ്രദ്ധേയമാണ്. “അവർ ഇതു കേട്ടപ്പോൾ മിണ്ടാതിരുന്നു: അങ്ങനെ ആയാൽ ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.” (പ്രവൃ, 11:18).

എഫെസൊസിലെ സംഭവം കുറച്ചുകൂടി വ്യത്യസ്ഥമാണ്. അവിടെ പത്രൊസിന്റെ ആവശ്യമില്ല. കാരണം അവർ യോഹന്നാന്റെ സ്നാനമേറ്റ യെഹൂദന്മാർ തന്നെയാണ്. ഭൂമിയിലുള്ള സകല മനുഷ്യരെയും പ്രതിനിധീകരിച്ചുകൊണ്ട് യെഹൂദനും, ശമര്യനും, ജാതികൾക്കും കർത്താവ് പത്രൊസ് മുഖാന്തരം സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശനം നൽകിക്കഴിഞ്ഞു. എങ്കിലും എഫെസൊസിൽ സംഭവിച്ച കാര്യങ്ങൾ ചിന്തിക്കേണ്ടതുണ്ട്. യോഹന്നാന്റെ സ്നാനമേറ്റിരുന്നവർ രണ്ടാമതൊരിക്കൽക്കൂടി കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനമേൽക്കുകയും, പൗലൊസ് അവർക്കുവേണ്ടി പ്രാർത്ഥിച്ചപ്പോൾ പരിശുദ്ധാത്മാവും കൃപാവരങ്ങളും അവർക്ക് ലഭിക്കുകയും ചെയ്തു. (പ്രവൃ, 19:1-7). അവിടെ പരിശുദ്ധാത്മാവ് അന്യഭാഷയോടും പ്രവചനത്തോടും കൂടെ വെളിപ്പെട്ടത് എന്തിനാണെന്ന് മനസ്സിലാക്കണം. അവർ മുമ്പേ യോഹന്നാന്റെ സ്നാനമേറ്റവരായിരുന്നു. യോഹന്നാൻ അവരുടെ ദൃഷ്ടിയിൽ ഒരു കുറഞ്ഞ പുള്ളിയല്ല. ദൈവം ആരെ കർത്താവും രക്ഷിതാവുമാക്കി വെച്ചുവോ, ആ ക്രിസ്തുവുനെ സ്നാനം കഴിപ്പിച്ചയാളാണ്. ആ ശിഷ്യന്മാർ രണ്ടാമതൊരിക്കൽ കൂടി യേശുവിന്റെ നാമത്തിൽ സ്നാനമേൽക്കുമ്പോൾ, അവർക്കു പ്രത്യക്ഷമായ കൃപാവരങ്ങൾ ലഭിച്ചില്ലെങ്കിൽ, അഥവാ അവർക്കു പരിശുദ്ധാത്മാവിനെ വ്യക്തിപരമായി അറിയാൻ കഴിഞ്ഞില്ലെങ്കിൽ, അവർ യേശുവിലുള്ള സ്നാനത്തെ സംശയിക്കാൻ ഇടയാകുമായിരുന്നു. ഞങ്ങൾ മുമ്പേ ഇരുന്നപോലെ ഇപ്പോഴുമിരിക്കുന്നു. യേശുവിന്റെ നാമത്തിൽ സ്നാനമേറ്റിട്ടും ഒരു വ്യത്യാസവുമുണ്ടായില്ല എന്നു പറയുമായിരുന്നു. തന്മൂലം അവർക്ക് അടയാളത്തോടുകൂടി ആത്മസ്നാനം നൽകേണ്ടത് സ്വർഗ്ഗത്തിന്റെ ആവശ്യമായിരുന്നു. മാത്രമല്ല പൗലൊസ് അവരുടെമേൽ കൈവെച്ചതും അവർക്കുവേണ്ടി പ്രർത്ഥിച്ചതും പരിശുദ്ധാത്മാവിനു വേണ്ടിയല്ല. കാരണം പരിശുദ്ധാത്മാവ് ആരുടെയും കൈവെപ്പിന്റെ ഫലവും പ്രാർത്ഥനയുടെ മറുപടിയുമല്ല. പ്രത്യുത ദൈവത്തിന്റെ വാഗ്ദത്തവും ദാനവുമാണ്. (പ്രവൃ,, 1:4, 2:38). പൗലൊസ് കൈവെച്ചതും പ്രാർത്ഥിച്ചതും കൃപാവരങ്ങൾക്കു വേണ്ടിയാണ്. അതിന് വേദപുസ്തകത്തിൽ തെളിവുമുണ്ട്. (2തിമൊ, 1:6). അർത്ഥാൽ; എഫെസൊസിലെ വിഷയം ക്രിസ്തീയ സ്നാനം അഥവാ, യേശുവിൻ്റെ നാമത്തിലുള്ള സ്നാനനത്തിൻ്റെ ശ്രേഷ്ഠതയാണ്. 

“ഇന്നത്തെ അന്യഭാഷകൾ വ്യാജമാണെന്ന് പറയുമ്പോൾ അവർ പറയുന്ന ഒരുദാഹരണമുണ്ട്: “ഒറിജിനൽ നോട്ടുള്ളതുകൊണ്ടാണ് വ്യാജനോട്ടുള്ളത്.” മോദി അഞ്ചൂറിൻ്റെയും ആയിരത്തിൻ്റെയും നോട്ട് നിരോധിച്ചിട്ട് അഞ്ചുവർഷമായി. ഇപ്പോഴും അത് ചിലവാക്കാൻ ശ്രമിച്ച് പിടിക്കപ്പെടുന്നവരില്ലേ? അതുപോലെ മാത്രമേയുള്ളു അന്യഭാഷക്കാർ. ദൈവം അന്യഭാഷ നിർത്തലാക്കിയിട്ട് 1920-ലേറെ വർഷങ്ങൾ കഴിഞ്ഞു. ഇപ്പോഴും പലരും അന്യായമായി അതേ ഭാഷതന്നേ പറഞ്ഞുകൊണ്ടിരിക്കുന്നു.”

3. പെന്തെക്കൊസ്തിൽ എല്ലാവരും അന്യഭാഷകളിൽ സംസാരിച്ചുവോ?

ആത്മസ്നാനത്തിന്റെ ഏകവും പ്രത്യക്ഷവുമായ അടയാളമല്ല അന്യഭാഷ എന്നതിന് തെളിവ് പെന്തെക്കൊസ്ത് അനുഭവത്തിൽ തന്നെയുണ്ട്. രണ്ടാം വാക്യം; വീടു മുഴുവൻ നിറച്ച ഒരു മുഴക്കമണ്ടായി — വീടു മുഴുവൻ നിറച്ചൊരു മുഴക്കം ആരെങ്കിലുമൊരാൾ കേട്ടില്ലെന്ന് പറയാൻ പറ്റില്ല. മൂന്നാം വാക്യം; പിളർന്നിരിക്കുന്ന നാവുകൾ അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു — (each of them) അതിൽനിന്ന് ആരും ഒഴിവായില്ല. നാലാം വാക്യം; എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞു — പരിശുദ്ധാത്മാവും എല്ലാവർക്കും ലഭിച്ചു. അടുത്ത ഭാഗം; ആത്മാവ് അവർക്ക് ഉച്ചരിപ്പാൻ നൽകിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി. (പ്രവൃ, 2:2-4). മുഴക്കം വീടു മുഴുവൻ നിറെച്ചു. പിളർന്ന നാവ് എല്ലാവരുടെമേലും പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞു. എല്ലാവരും അന്യഭാഷ സംസാരിച്ചുവെന്ന് രേഖപ്പടുത്താത്തത് എന്താണ്? ഇവിടെ എല്ലാവരും അന്യഭാഷ സംസാരിച്ചിരുന്നു എങ്കിൽ, ഒരമിത കൃതൃപ്പിന്റെ ആവശ്യമെന്താണ്? ഈ വാക്യം സത്യവേദപുസ്തകം നൂതന പരിഭാഷയിൽനിന്നും കുറച്ചുകൂടി വ്യക്തമായി മനസ്സിലാക്കാം. “എല്ലാവരും പരിശുദ്ധാത്മാവുകൊണ്ടു നിറഞ്ഞു; ആത്മാവ് അവര്‍ക്ക് ഉച്ചരിക്കുവാന്‍ നല്‌കിയ വരം അനുസരിച്ച് വിവിധ ഭാഷകളില്‍ അവര്‍ സംസാരിക്കുവാന്‍ തുടങ്ങി.” (2:4). ആത്മാവ് ആർക്കൊക്കെ ഭാഷണവരം നൽകിയോ അവരൊക്കെ അന്യഭാഷകളിൽ സംസാരിച്ചു. കൊരിന്ത്യ ലേഖനപ്രകാരം എല്ലാവർക്കും ഒരേ വരംതന്നേ ലഭിക്കണമെന്ന് ശഠിക്കുവാനും പാടില്ല. (1കൊരി, 12:4-31). മാത്രമല്ല പ്രവൃത്തി 2:15 വാക്യപ്രകാരം പത്രൊസ് അന്യഭാഷയിൽ സംസാരിച്ചിട്ടില്ലെന്നും വ്യക്തമാണ്. പെന്തെക്കൊസ്തിൽ ശിഷ്യന്മാർ പറഞ്ഞ അന്യഭാഷകൾ കേട്ട്, അവരെ ലഹരി പിടിച്ചവരെന്ന് പരിഹസിച്ചവരോടാണ് പത്രൊസ് സംസാരിക്കുന്നത്. താൻ പറയുന്നത്; ‘ഇവർ ലഹരി പിടിച്ചവരല്ല’ എന്നാണ്. (2:15). പത്രൊസ് അന്യഭാഷ സംസാരിച്ചിരുന്നുവെങ്കിൽ ‘ഇവർ’ എന്നല്ല ‘ഞങ്ങൾ’ എന്നു പറയുമായിരുന്നു. ‘ഞങ്ങൾ’ എന്നുപയോഗിക്കാൻ മൂലഭാഷയിൽ വാക്കുകളില്ല എന്ന് വിചാരിക്കരുത്. ‘എസ്മെൻ’ (ഞങ്ങൾ) എന്നു പുതിയനിയമത്തിൽ അനേകം പ്രാവശ്യമുണ്ട്. പെന്തെക്കൊസ്തിൽ മറ്റു ശിഷ്യന്മാർ അന്യഭാഷകളിൽ സംസാരിച്ചപ്പോൾ, പത്രൊസിനു മാത്രം വരങ്ങളൊന്നും കിട്ടിയില്ലേയെന്ന് നിഷ്പക്ഷബുദ്ധികൾ ചോദിച്ചേക്കാം. പത്രൊസ് പല രോഗികളെ സൗഖ്യമാക്കിയതായി കാണാം: സുന്ദരം ദേവാലയഗോപുരത്തിലെ മുടന്തനെ സൗഖ്യമാക്കി (പ്രവൃ, 3:6-7), പത്രൊസിന്റെ നിഴൽ വീണ് അനേകം രോഗികൾ സൗഖ്യമായി (പ്രവൃ, 5:15-16), പക്ഷവാതരോഗിയായ ഐനെയാസിന്റെ സൗഖ്യം (പ്രവൃ, 9:32-35), തബീഥായെ ഉയർപ്പിച്ചും (പ്രവൃ, 9:36-43) ഇതൊക്കെ ദൈവസഭയുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് കാരണമായ പത്രൊസിനു ലഭിച്ച വരമാണ്. പത്രൊസിനു ജ്ഞാനവരവും ഉണ്ടായിരുന്നു. (പ്രവൃ, 5:1-11).

പെന്തെക്കൊസ്തിലെ അന്യഭാഷകളാകട്ടെ; കേവലം ഒരടയാളമായിരുന്നില്ല. പ്രത്യുത അന്യഭാഷകളിൽ അവർ സുവിശേഷം അറിയിക്കുകയായിരുന്നു. അവിടെ ഓടിക്കുടിയ വിവിധ ഭാഷക്കാരായ യെഹൂദന്മാർ താന്താങ്ങളുടെ ഭാഷയിൽ ദൈവത്തിന്റെ വൻകാര്യങ്ങളാണ് കേട്ടത്. (2:8,11). എന്നാൽ അന്യഭാഷക്കാരിൽ നിന്ന് ദൈവത്തിന്റെ വൻകാര്യങ്ങൾ കേട്ട് ഗ്രഹിച്ചവരോടല്ല, പത്രൊസ് സ്വന്തഭാഷയിൽ സംസാരിക്കുന്നത്. അന്യഭാഷയിൽ സംസാരിച്ച ദൈവത്തിന്റെ വൻകാര്യങ്ങളെ വിശ്വസിക്കാതെ, ഇവർ പുതുവീഞ്ഞ് കുടിച്ചിരിക്കുന്നു എന്നു പരിഹസിച്ചവരോടാണ് പത്രൊസ് സ്വന്തഭാഷയിൽ സംസാരിക്കുന്നത്. ഫലത്തിൽ രണ്ടുകൂട്ടരും ദൈവത്തിന്റെ വൻകാര്യങ്ങളാണ് പ്രസ്താവിച്ചത്. അന്യഭാഷയിലും സ്വന്തഭാഷയിലും. ഇതിനൊരു തെളിവാണ് 4:30,31 വാക്യം “സൌഖ്യമാക്കുവാൻ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്താൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ വചനം പൂർണ്ണധൈര്യത്തോടും കൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസന്മാർക്കു കൃപ നല്കേണമേ. ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.” ഇവിടെ നോക്കുക: പെന്തെക്കൊസ്തിൽ ആത്മാവിൽ നിറഞ്ഞ അപ്പൊസ്തലന്മാർ അന്യഭാഷയിലും സ്വന്തഭാഷയിലും സുവിശേഷമറിയിച്ചു; വീണ്ടും ആത്മനിറവുണ്ടായപ്പോൾ ദൈവവചനം ശക്തിയോടെ പ്രസംഗിക്കുന്നു. ഇതിൽനിന്നും ഒരുകാര്യം പകൽപോലെ വ്യക്തമാണ്, പെന്തെക്കൊസ്തിലെ ആത്മസ്നാനത്തോടൊപ്പം ഉണ്ടായ മൂന്ന് അടയാളങ്ങൾ (സ്വർഗ്ഗം തുറന്നത്, മുഴക്കം, അഗ്നിനാവ്) ആവർത്തിക്കാൻ പാടില്ലാത്ത ചരിത്രസംഭവമായിരുന്നു. (2:2,3). ആത്മനിറവിന് അടയാളമുണ്ടായിരുന്നു: അത് ദൈവവചനം ധൈര്യത്തോടെ പ്രസംഗിക്കലായിരുന്നു; ഒരു കൂട്ടർ അന്യഭാഷയിലും, പത്രൊസ് സ്വന്തഭാഷയിലും. അപ്പൊസ്തല പ്രവൃത്തികളിലെ മറ്റു വേദഭാഗങ്ങളും ഈ വസ്തുത ശരിവെക്കുന്നതാണ്. (4:8, 31, 6:8-7:53, 13:9-12). മാത്രമല്ല പത്രൊസ് ഒഴികെയുള്ള ശിഷ്യന്മാർ മാത്രമാണ് അന്യഭാഷകളിൽ സംസാരിച്ചതെന്നും തെളിയുന്നു. 

കുറിപ്പ്: രക്ഷയോടുള്ള ബന്ധത്തിൽ പരിശുദ്ധാത്മാവിൻ്റെ പ്രവൃത്തികളായ ആത്മസ്നാനം, ആത്മദാനം, ആത്മാധിവാസം, ആത്മാഭിഷേകം, ആത്മമുദ്ര, ആത്മാച്ചാരം തുടങ്ങിയവ വ്യത്യസ്ത വിഷയങ്ങളായി ബൈബിളിൽ നിന്നു പഠിക്കാൻ കഴിയുമെങ്കിലും, വ്യക്തിയിൽ ഇത് വെവ്വേറെ അനുഭവങ്ങളല്ല; ഏകകാലികമാണ്. അഥവാ, വീണ്ടുംജനനസമയത്ത് ഒരിക്കലായി സംഭവിക്കുന്നതാണ്. എന്നാൽ ആത്മനിറവാകട്ടെ; ആവർത്തന സ്വഭാവമുള്ളതാണ്. പെന്തെക്കൊസ്തിൽ ആത്മസ്നാനാന്തരം ആത്മാവിൽ നിറഞ്ഞ അപ്പൊസ്തലന്മാർ വീണ്ടുംവീണ്ടും ആത്മാവിൽ നിറയുന്നതായി കാണാം. (പ്രവൃ, 2:4; 4:8; 4:31). കൂടാതെ, ആത്മാവു നിറഞ്ഞ അനവധി സംഭവങ്ങൾ ദൈവവചനത്തിലുണ്ട്. (പ്രവൃ, 6:3, 5, 8; 7:55; 11:24; 13:9; 52). ആത്മാവിൽ നിറയുവാൻ കല്പനയുമുണ്ട്: “വീഞ്ഞുകുടിച്ചു മത്തരാകരുത്; അതു നിങ്ങളെ നശിപ്പിക്കും; ആത്മാവിലാണ് നിങ്ങള്‍ നിറയേണ്ടത്.” (എഫെ, 5:18, സ.വേ.പു.നൂ.പ). “ആത്മാവിനാല്‍ പൂരിതരാകുവിന്‍.” (പി.ഒ.സി). “ആത്മാവിനാല്‍ നിറയ്ക്കപ്പെടുക.” (ഇ.ആർ.വി). തന്മൂലം, ആത്മനിറവ് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് മനസ്സിലാക്കാം. സുവിശേഷ ഘോഷണത്തിന് തടസ്സം നേരിടുമ്പോഴും (പ്രവൃ, 4:31), ശുശ്രൂഷയ്ക്ക് വിഘ്നം വരുമ്പോഴും (പ്രവൃ, 13:9), ജീവിതത്തിൽ പരിശോധനകളും പ്രതികൂലങ്ങളും വരുമ്പോഴും ആത്മനിറവ് അനിവാര്യമാണ്. വിശ്വാസ ജീവിതത്തിന്റെ വളർച്ചയ്ക്കും പക്വതയ്ക്കും വീണ്ടും വീണ്ടുംവീണ്ടും ആത്മാവിൽ നിറയേണ്ടത് ആവശ്യമാണ്. ആത്മനിറവിന് വ്യക്തിയുടെ ഭാഗത്തുനിന്ന് സമ്പൂർണ്ണ സമർപ്പണവും പ്രാർത്ഥനയും സ്ഥിരീകരണവും വചനധ്യാനവും അനിവാര്യമാണ്. വിജയകരമായ ക്രിസ്തീയ ജീവിതത്തിന് ആത്മനിറവ് ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത വസ്തുതയാണ്. ഇതിനാണ് വിശ്വാസി വാഞ്ഛിക്കേണ്ടതും വില മുടക്കേണ്ടതും. എന്നാൽ നിർഭാഗ്യകരമെന്നു പറയട്ടെ; വിശ്വാസികളിൽ ചിലർ:  ആത്മസ്നാനം, ആത്മാഭിഷേകം തുടങ്ങിയ ദൈവത്തിൻ്റെ കൃപയാലുള്ള ദാനത്തെ അഥവാ, ഒരിക്കൽ സിദ്ധമായതൊക്കെയും പ്രവൃത്തികളാൽ (കാത്തിരുപ്പ്, പ്രാർത്ഥന, ഉപവാസം) വീണ്ടും പ്രാപിക്കണമെന്ന് പഠിപ്പിക്കുന്നു; അഥവാ, സ്വപ്രയഗ്നത്താൽ ആർജ്ജിച്ചെടുക്കണമെന്ന് വിചാരിക്കുന്നു. മറ്റു ചിലർ ഇത് ദൈവദാനമാണെന്നും, സിദ്ധമായതാണെന്നും അറിയുന്നുവെങ്കിലും; പരിശുദ്ധാത്മാവിലും ദൈവവചനത്തിലും ആശ്രയിച്ചു കൊണ്ട് വിശ്വാസി ആർജ്ജിച്ചെടുക്കേണ്ട ആത്മനിറവിനെക്കുറിച്ച് മിണ്ടുന്നില്ല. ഒന്നാമത്തെ കൂട്ടർ; ശമര്യയിലെ ശിമോനെപ്പോലെ ദൈവത്തിൻ്റെ ദാനത്തെ വിലകൊടുത്ത് വീണ്ടും പ്രാപിക്കണമെന്നു പഠിപ്പിക്കവഴി, ദൈവത്തെ വെല്ലുവിളിക്കയാണ്. രണ്ടാമത്തെ കൂട്ടർ; ആത്മനിറവിനെക്കുറിച്ച് പഠിപ്പിക്കായ്കവഴി പരിശുദ്ധാത്മശക്തി തള്ളുന്നു. ഫലത്തിൽ രണ്ടും വിശ്വാസികൾക്ക് ദോഷമായി ഭവിക്കുന്നു. ആത്മനിറവ് കൂടാതെ ഫലപ്രദമായാരു ക്രിസ്തീയശുശ്രൂഷയും വിശുദ്ധജീവിതവും നയിക്കാൻ ആർക്കും കഴിയില്ല. ദൈവവചനവുമായി ഒത്തുനോക്കി ബോധ്യപ്പെട്ടാൽ മാത്രം വിശ്വസിക്കുക; ദൈവം അനുഗ്രഹിക്കട്ടെ!

One thought on “പരിശുദ്ധാത്മസ്നാനം”

Leave a Reply

Your email address will not be published. Required fields are marked *