പത്തുകല്പന

പത്തുകല്പന (Ten Commandments) 

ന്യായപ്രമാണത്തിൽ (തോറ) യെഹൂദന്മാർ അഭിമാനം കൊണ്ടിരുന്നു. (റോമ, 9:4). തിരഞ്ഞടുക്കപ്പെട്ട ജാതിക്ക് കൃപാദാനമായി ദൈവത്തിൽ നിന്നു ലഭിച്ച പ്രബോധനമാണത്. സ്രഷ്ടാവിന്റെ ഹിതവും വിവേകവും തോറാ ഉൾക്കൊള്ളുന്നു. ജാതികളുടെ ദൃഷ്ടിയിൽ യിസ്രായേൽ ശ്രേഷ്ഠജാതി എന്നു കാണപ്പെടുന്നതിനു ഒരു സാക്ഷ്യത്തിനു കൂടിയായിരുന്നു ന്യായപ്രമാണം കൊടുത്തതു. “അവയെ പ്രമാണിച്ചു നടപ്പിൻ; ഇതു തന്നെയല്ലോ ജാതികളുടെ ദൃഷ്ടിയിൽ നിങ്ങളുടെ ജ്ഞാനവും വിവേകവും ആയിരിക്കുന്നത്. അവർ ഈ കല്പനകളൊക്കെയും കേട്ടിട്ടു: ഈ ശ്രേഷ്ഠജാതി ജ്ഞാനവും വിവേകവും ഉള്ള ജനം തന്നേ എന്നു പറയും. നമ്മുടെ ദൈവമായ യഹോവയോടു നാം വിളിച്ചപേക്ഷിക്കുമ്പോൾ ഒക്കെയും അവൻ നമുക്കു അടുത്തിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തിരിക്കുന്ന ശ്രേഷ്ഠജാതി ഏതുള്ളൂ? ഞാൻ ഇന്നു നിങ്ങളുടെ മുമ്പിൽ വെക്കുന്ന ഈ സകല ന്യായപ്രമാണവും പോലെ ഇത് നീതിയുള്ള ചട്ടങ്ങളും വിധികളും ഉള്ള ശ്രഷ്ഠജാതി ഏതുള്ളൂ?” (ആവ, 4:6-8). ന്യായപ്രമാണത്തിന്റെ സത്തയും സാരാംശവുമാണ് പത്തുകല്പന. മനുഷ്യനു ദൈവത്തോടും സഹമനുഷ്യനോടും ഉള്ള ബന്ധത്തെ നിയന്ത്രിക്കുന്ന സംക്ഷിപ്തവും പ്രസ്പഷ്ടവുമായ വിധി നിഷേധങ്ങളാണവ. 

“യിസ്രായേൽമക്കൾ മിസ്രയീം ദേശത്തുനിന്നു പുറപ്പെട്ട തിന്റെ മൂന്നാം മാസത്തിൽ അതേദിവസം അവർ സീനായി മരുഭൂമിയിൽ എത്തി അവർ രെഫീദീമിൽനിന്നു യാത്ര പുറപ്പെട്ടു, സീനായിമരുഭൂമിയിൽ വന്നു, മരുഭൂമിയിൽ പാളയമിറങ്ങി; അവിടെ പർവ്വതത്തിന്നു എതിരെ യിസ്രായേൽ പാളയമിറങ്ങി.” (പുറ, 19:1,2). ദൈവകല്പന സ്വീകരിക്കുന്നതിനു രണ്ടുദിവസം തങ്ങളെത്തന്നെ ശുദ്ധീകരിച്ചു. വസ്ത്രം അലക്കി കാത്തിരിക്കുവാൻ യിസ്രായേൽമക്കളോടു യഹോവ കല്പ്പിച്ചു. (പുറ, 19:10,11). മൂന്നാം ദിവസം യഹോവ സകലജനവും കാൺകെ സീനായി പർവ്വതത്തിൽ ഇറങ്ങി. മൂന്നാം ദിവസം നേരം വെളുത്തപ്പോൾ ഇടിമുഴക്കവും മിന്നലും പർവ്വതത്തിൽ കാർമേഘവും മഹാഗംഭീരമായ കാഹളധ്വനിയും ഉണ്ടായി. യഹോവ അഗ്നിയിൽ സീനായി പർവ്വതത്തിൽ ഇറങ്ങുകയാൽ അതുമുഴുവനും പുകകൊണ്ടു മൂടി പർവ്വതം ഏറ്റവും കുലുങ്ങി. മോശെ നാല്പതു ദിവസം പർവ്വതത്തിൽ ആയിരുന്നു. (പുറ, 24:18). ദൈവം മോശെയോടു അരുളിചെയ്തു തീർന്നശേഷം തന്റെ വിരൽ കൊണ്ടെഴുതിയ കല്പലകകൾ മോശെയെ ഏല്പിച്ചു. പലക ദൈവത്തിന്റെ പണിയും ഇരുവശവും എഴുതിയതും ആയിരുന്നു. (പുറ, 32:15). ജനം സ്വർണ്ണകാളക്കുട്ടിയെ ആരാധിക്കുന്നതു കണ്ടു മോശെ കോപിച്ചു കല്പലകകൾ പർവ്വതത്തിന്റെ അടിവാരത്തുവച്ചു എറിഞ്ഞു പൊട്ടിച്ചുകളഞ്ഞു. (പുറ, 32:19). അനന്തരം രണ്ടു കല്പലകകൾ മോശെ ഉണ്ടാക്കി, ദൈവം അവയിൽ കല്പനകൾ എഴുതിക്കൊടുത്തു. (പുറ, 34:28). 

പേര്: പത്തുകല്പനകൾക്ക് യവനസഭാപിതാക്കന്മാർ നല്കിയ പേരാണ് ഡെകലൊഗു (ഡെക=പത്തു; ലൊഗൊസ്=വചനം) എബ്രായയിൽ ഹദ്വാറീം അസെറെത് എന്നു വിളിക്കുന്നു. (പുറ, 34:28; ആവ, 4:13; 10:4). അതിനു പത്തു വാക്കുകൾ (ഡെകലൊഗു) എന്നർത്ഥം. സാക്ഷ്യത്തിന്റെ പലക (പുറ, 34:29), നിയമത്തിന്റെ പലകകൾ (ആവ, 9:9), നിയമം (ആവ, 4:13) എന്നീ പേരുകളുമുണ്ട്. പുതിയനിയമത്തിൽ കല്പനകൾ (എൻടൊലായ്) എന്നത്രേ വിളിക്കുന്നത്. (മത്താ, 19:17; റോമ, 13:9; 1തിമൊ, 1:9,10).

പാഠങ്ങൾ: പത്തുകല്പനയുടെ രണ്ടുപാഠങ്ങളാണ് ഗ്രന്ഥപഞ്ചകത്തിലുള്ളത്: ആദ്യത്തേത് പുറപ്പാട് 20:17-ലും, രണ്ടാമത്തേത് ആവർതനം 5:6-21-ലും. നാലാമത്ത കല്പന ഒഴികെയുള്ളവ രണ്ടു പാഠങ്ങളിലും ഒന്നുപോലെയാണ്. നാലാം കല്പന അനുസരിക്കേണ്ടതിനു നല്കിയിട്ടുള്ള കാരണമാണ് രണ്ടിലും വ്യത്യസ്തമായിരിക്കുന്നത്. പുറപ്പാടിൽ ദൈവം സൃഷ്ടിപ്പിൽ നിന്നു സ്വസ്ഥനായതും (ഉല്പ, 2:3), ആവർത്തനത്തിൽ മിസ്രയീമിൽ നിന്നു വീണ്ടെടുത്തതുമാണ് ശബ്ബത്താചരണത്തിനു കാരണമായി പറഞ്ഞിരിക്കുന്നത്. അതിനാൽ ‘ശബ്ബത്തു നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക’ എന്നതായിരുന്നു നാലാം കല്പനയുടെ മൌലികരൂപം എന്നു ചിലരെങ്കിലും ചിന്തിക്കുവാൻ കാരണമായി. പുറപ്പാട് 20:8-ൽ “ശബ്ബത്തുനാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക” എന്നും ആവർത്തനം 5:12-ൽ “ശബ്ബത്തുനാൾ ശുദ്ധീകരിച്ചു ആചരിക്ക” എന്നുമാണ്. പുറപ്പാട് 20:10-ൽ  ‘കന്നുകാലികൾ’ എന്നു പറയുമ്പോൾ, ആവർതനം 15:14-ൽ ‘കാളയും കഴുതയും നിനക്കുള്ള യാതൊരു നാല്ക്കാലിയും’ എന്നു വിശദീകരണം നല്കുന്നു. പത്താമത്തെ കല്പനയിലും അല്പ്പം വ്യത്യാസമുണ്ട്. വിഭിന്നക്രിയകളാണ് ഉപയോഗിക്കുന്നത്. കൂടാതെ വാക്യാംഗങ്ങളുടെ ക്രമത്തിനും വ്യത്യാസമുണ്ട്. പുറപ്പാട് 20:17-ൽ “കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുത് കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും” എന്നാണ്. ആവർത്തനം 5:2-ൽ “കൂട്ടുകാരന്റെ ഭാര്യയെ മോഹിക്കരുത്; കൂട്ടുകാരന്റെ ഭവനത്തെയും നിലത്തയും” എന്നു ക്രമവും പദാവലിയും മാറ്റിയിരിക്കുന്നു. എന്നാൽ ദൈവം നല്കിയ കല്പന അതേ രൂപത്തിൽ നല്കിയിരിക്കുകയാണ് പുറപ്പാടില്ലെന്നും, മോശെയുടെ അന്ത്യത്തിനു മുമ്പായി, യിസായേലിന്റെ ചരിത്ര പശ്ചാത്തലത്തിൽ നല്കിയ പുനർവീക്ഷണം രേഖപ്പെടുത്തിയിരിക്കുകയാണ് ആവർത്തനത്തിലെന്നും കരുതുകയാണ് യുക്തിഭദ്രമായി തോന്നുന്നത്.  

കല്പനകളുടെ നിസ്തുല്യസ്വഭാവം: തിരഞ്ഞെടുക്കപ്പെട്ട ജനവുമായി ദൈവം ചെയ്ത നിയമത്തിന്റെ പ്രസ്താവനയാണ് പത്തുകല്പനകൾ. ഇതു മോശീയനിയമം എന്നറിയപ്പെടുന്ന വിശദമായ നിയമ വ്യവസ്ഥയിൽനിന്നും ഭിന്നമാണ്. നിയമബദ്ധമായ പത്തു കല്പനകളുടെ നിർവ്വഹണത്തിനുവേണ്ടി നല്കിയ പൗരസംബന്ധവും (civil), ശിക്ഷാസംബന്ധവും, നിയമ നിർവ്വഹണപരവും, മാർഗ്ഗീയവുമായ നിയമവ്യവസ്ഥയാണ് മോശീയനിയമം. പത്തുകല്പനകളിൽ ഉള്ളടങ്ങിയിരിക്കുന്ന മഹത്തായ തത്ത്വത്തിലേക്കു ജനത്തെ നയിക്കേണ്ടതിനാണ് വിശാലമായ നിയമവ്യവസ്ഥയ്ക്ക് രൂപം നല്കിയത്. ആ വ്യവസ്ഥ കാലികം മാത്രമായിരുന്നു. എന്നാൽ പത്തുകല്പന ശാശ്വതമാണ്. കല്പന നല്കിയ പശ്ചാത്തലം അതിന്റെ അനുപമസ്ഥാനത്തെ വെളിപ്പെടുത്തുന്നു. മറ്റു നിയമങ്ങളെല്ലാം മോശെയുടെ അധരങ്ങളിലൂടെയാണ് ദൈവം നല്കിയത്. അഭൂതപുർവ്വമായ തേജസ്സിന്റെയും മഹത്ത്വത്തിന്റെയും ഭീതിദമായി പ്രകാശനത്തോടെ ദൈവം തന്നെയാണ് പത്തുകല്പന സംസാരിച്ചത്. (പുറ, 19). ഈ പ്രമാണം നല്കുമ്പോൾ ദൂതന്മാരും രംഗത്തുണ്ടായിരുന്നതായി കാണുന്നു. (ആവ, 33:2,3; സങ്കീ, 68:18; അപ്പൊ, 7:53; ഗലാ, 3:19; എബ്രാ, 2:2). ദൈവം തന്റെ കൈവിരലുകൾ കൊണ്ടു ഈടുറ്റ കല്പലകകളിൽ കല്പന എഴുതിക്കൊടുക്കുകയായിരുന്നു. കല്പലക അതിന്മേൽ എഴുതപ്പെട്ട കല്പനകളുടെ ശാശ്വതികത്വവും ഇരുവശങ്ങളിലും എഴുതിയത് അതിന്റെ പൂർണ്ണതയെയും കാണിക്കുന്നു. പത്തു കല്പനയുടെ വൈശിഷ്ട്യത്തിനു നിദാനമായി മറെറാരു വസ്തത കൂടിയുണ്ട്. ഈ ലോകത്തിലെ ഏറ്റവും പരിശുദ്ധമായ സ്ഥാനത്ത് അതായത് സമാഗമനകൂടാരത്തിന്റെ അതിവിശുദ്ധസ്ഥലത്തു സാക്ഷ്യപ്പെട്ടകത്തിൽ ആണ് കല്പലകകൾ സൂക്ഷിച്ചത്. 

ക്രിസ്തു പത്തുകല്പനയെ സമ്പൂർണ്ണമായി കണ്ടു. നിത്യജീവനെ അവകാശമാക്കുവാൻ ഞാൻ എന്തു ചെയ്യണമെന്നു ചോദിച്ച പ്രമാണിയോടു യേശു കല്പനകളിൽ നിന്നുദ്ധരിച്ചശേഷം അതനുസരിച്ചാൽ ജീവിക്കും എന്നു പറഞ്ഞു. (മർക്കൊ, 10:19; ലൂക്കൊ, 18:18-20). നിത്യജീവനു അവകാശിയായിത്തീരുവാൻ എന്തുചെയ്യണം എന്നു ചോദിച്ച ന്യായശാസ്ത്രി പത്തുകല്പനയുടെ രണ്ടു സവിശേഷതകൾ ചൂണ്ടിക്കാണിച്ചപ്പോൾ (ലൂക്കൊ, 10:27) അങ്ങനെ ചെയ്ക എന്നാൽ നീ ജീവിക്കും എന്നു യേശു അവനോടു പറഞ്ഞു. (ലൂക്കൊ, 10:28; മർക്കൊ, 12:28). രണ്ടുകല്പനകളിൽ സകല ന്യായപ്രമാണവും പ്രവാചകന്മാരും ഉൾക്കൊള്ളുന്നുവെന്നു ക്രിസ്തു പഠിപ്പിച്ചു. “യേശു അവനോടു: നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന. രണ്ടാമത്തേതു അതിനോടു സമം: കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം.” (മത്താ, 22:37-39). ന്യായപ്രമാണത്തെ നീക്കുവാനല്ല നിവർത്തിപ്പാനാണ് താൻ വന്നതെന്നു ക്രിസ്ത വ്യക്തമാക്കി. (മത്താ, 5:17). ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനമാകുന്നു. (റോമ, 10:4). അപ്പൊസ്തലന്മാരും കല്പനയ്ക്ക് പരമമായ സ്ഥാനം നല്കി. (റോമ, 13:8-10). 

കല്പനയുടെ സ്രോതസ്സ്: ഈ ധാർമ്മിക പ്രമാണത്തിന്റെ പ്രാഭവവും അടിസ്ഥാനവും ദൈവത്തിന്റെ ആണ്മ തന്നെയാണ്. ‘അടിമവീടായ മിസ്രയീം ദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു’ എന്നിങ്ങനെയാണ് കല്പന ആരംഭിക്കുന്നത്. ‘ഞാൻ ആകുന്നു’ എന്ന ദൈവത്തിന്റെ ആണ്മയിൽ (Being) അധിഷ്ഠിതമാണ് കല്പന. ‘ഞാൻ ആകുന്നു’ – അതിനാൽ ‘നീ അനുസരിക്കണം.’ യഹോവയുടെ ആണ്മ മാറ്റാതെ കല്പപന മാറ്റാൻ സാദ്ധ്യമല്ല. ദൈവപ്രകൃതിയിലുള്ള കല്പന മനുഷ്യനു നല്കിയത് മനുഷ്യനു ദൈവപ്രകൃതി ആർജ്ജിക്കുവാൻ കഴിയുമെന്നതിനു തെളിവാണ്. കല്പനയുടെ ഏതെങ്കിലും നിർദ്ദേശത്തിൽ നിന്നു വ്യതിചലിക്കുന്നത് സാക്ഷാൽ മാനവികതയുടെ മഹത്ത്വത്തിൽനിന്നു വീഴുകയത്രേ. ഈ നിലയ്ക്ക് പത്തു കല്പന പ്രകൃതിയുടെ നിത്യനിയമമാണ്. ഒരു ചക്രവർത്തിയും സാമന്തരാജാവും തമ്മിലുളള ഉടമ്പടിയുടെ സ്വരൂപം കല്പനയ്ക്കുണ്ട്. ഉടമ്പടി ഒരു മുഖവുരയോടെയാണ് ആരംഭിക്കുക. മുഖവുര നിയമകർത്താവിനെ അവതരിപ്പിക്കും. (പുറ, 20:2). തുടർന്നു ചരിത്രപരമായ മുഖവുരയിൽ നിയമകർത്താവ് മുമ്പുചെയ്ത് ഗുണങ്ങളെ എടുത്തുപറയും. അതിനുശേഷം സാമന്തരാജാവിന്മേൽ അടിച്ചേല്പിക്കുന്ന കടപ്പാടുകൾ വിശദമാക്കും. അതാണ് ദീർഘമായ ഭാഗം. (പുറ, 20:2-17).

കല്പനയുടെ നിഷേധസ്വഭാവം: കല്പനകൾ അരുത് എന്ന രൂപത്തിലുള്ള നിഷേധങ്ങളാണ്. രണ്ടു കല്പനകൾ വിധിരൂപത്തിലുള്ളവയാണ്. ദൈവത്തെ സംബന്ധിക്കുന്ന കല്പനകളിൽ ഒടുവിലത്തേതും മനുഷ്യനെ സംബന്ധിക്കുന്ന കല്പനകളിൽ ആദ്യത്തേതും ആയ നാലും അഞ്ചും കല്പനകൾ വിധി രൂപത്തിലുള്ളവയാണ്. അഞ്ചാം കല്പനയോടൊപ്പം വാഗ്ദാനം കൂടി ചേർത്തിട്ടുണ്ട്. അപ്പൊസ്തലനായ പൗലൊസ് അതു പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു. “മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ കർത്താവിൽ അനുസരിപ്പിൻ; അതു ന്യായമല്ലോ. നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനും നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നതു വാഗ്ദതത്തോടു കൂടിയ ആദ്യകല്പ്പന ആകുന്നു.” (എഫെ, 6:1-3). കല്പനകളുടെ നിഷേധഭാവത്തിനു കാരണം മനുഷ്യന്റെ പാപപ്രകൃതിയാണ്. നിഷിദ്ധമായതു ചെയ്യാനുളള പ്രേരണ മനുഷ്യന്റെ പതിത്രപ്രകൃതിയിലുണ്ട്. ദൈവത്തെയല്ലാതെ അന്യമായ എന്തിനെയെങ്കിലും ആരാധിക്കുവാനുള്ള പ്രേരണ മനുഷ്യനില്ലായിരുന്നുവെങ്കിൽ ഒന്നാമത്തെ കല്പന ആവശ്യമില്ലായിരുന്നു. മോഷ്ടിക്കുവാനുള്ള വാസന മനുഷ്യനില്ലായിരുന്നെങ്കിൽ എട്ടാം കല്പന ആവശ്യമാകുമായിരുന്നില്ല. എല്ലാ കല്പനകളെ സംബന്ധിച്ചും ഇതത്രേ സത്യം. അതുകൊണ്ടാണ് കല്പനകളെക്കുറിച്ച് അപ്പൊസ്തലൻ പറഞ്ഞത്; “അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തത്.” (ഗലാ, 3:19). ഇപ്രകാരം കല്പന നിഷേധരുപത്തിൽ നല്കിയതിനു മറ്റൊരു കാരണം കൂടിയുണ്ട്. കല്പനയ്ക്കു പ്രവൃത്തിയെ നിയന്ത്രിക്കാൻ മാത്രമേ കഴിയൂ. ഒരിക്കലും വിധായകമായ സൽപ്രവൃത്തിയുടെ ബീജത്തെ ഉളളിൽ കിളിർപ്പിക്കുന്നതിനോ വളർത്തുന്നതിനോ കല്പ്പനയ്ക്കു സാധിക്കുകയില്ല.  

കല്പനകളുടെ ക്രമം: രണ്ടു കല്പലകകളിൽ പത്തു കല്പന രേഖപ്പെടുത്തിയ ക്രമം പ്രധാനവിഷയമല്ല. ചിലർ കരുതുന്നതു രണ്ടു കല്പലകളിലെയും കല്പനകളുടെ എണ്ണം തുല്യമെന്നാണ്. എങ്കിൽ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്ന കല്പനയ്ക്ക് ഉന്നതമായ സ്ഥാനം നല്കുകയാണ്. ദൈവത്തോടുള്ള കടമയ്ക്ക് തുല്യമായി അതിനെ കണക്കാക്കുകയാണ് ഫലം. ഒന്നിൽ നാലും മറേറതിൽ ആറും എഴുതി എന്നാണ് മറ്റൊരഭിപ്രായം. ആദ്യത്തെതിൽ ദൈവത്തോടുള്ള കടമ – ദൈവത്തിന്റെ ഉണ്മ, അവന്റെ നാമം, അവന്റെ ദിവസം. രണ്ടാമത്തേതിൽ സഹമനുഷ്യരോടുള്ള കടമ – ഒന്നാമത് കുടുംബത്തിൽ അപ്പനെയും അമ്മയെയും ബഹുമാനിക്ക, അനന്തരം മനുഷ്യരോടുളള കടമ – അവയിൽ അയൽക്കാരന്റെ ജീവൻ, അവന്റെ ഭാര്യ, അവന്റെ സമ്പത്ത്, അവന്റെ സ്ഥാനം. അവസാനം ഹൃദയത്തിലെ മോഹം. പ്രവൃത്തിയുടെ ധാർമ്മിക സ്വഭാവം നിയന്ത്രിക്കുന്നത് ഹൃദയത്തിലെ മോഹമാണ്. രണ്ടു കല്പലകകളെയും രണ്ടു കല്പനകളിൽ യേശു സംഗ്രഹിച്ചു: “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണശക്തിയോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം എന്നും തന്നെ.” (ലൂക്കൊ, 10:27).

കല്പനകളുടെ വിഭജനം: ബൈബിളിൽ കല്പനകൾക്കു എണ്ണം നല്കിയിട്ടില്ല. കല്പനകൾക്കു ക്രമസംഖ്യ നല്കുന്നതിൽ സഭകൾക്കു തമ്മിൽ അഭിപ്രായവ്യത്യാസമുണ്ട്. മൂന്നു വിധത്തിലുള്ള വിഭജനം ദൃശ്യമാണ്:

1. നവീകൃതസഭകൾ അംഗീകരിച്ചത്: ഫിലോയുടെ വിഭജനക്രമമാണിത്. യവനസഭ ഇതംഗീകരിച്ചു, തുടർന്നു നവീകൃത സഭകളും. അതു മുഖവുരയെ ഒരു കല്പനയാക്കുകയോ ഒന്നാം കല്പനയുടെ ഭാഗമാക്കുകയോ ചെയ്യുന്നില്ല. അതനുസരിച്ച് പുറപ്പാട് 20:2,3 ഒന്നാംകല്പന, 4-6 വാക്യങ്ങൾ രണ്ടാം കല്പന, 7-ാം വാക്യം മൂന്നാം കല്പന. ഈ വിഭജനക്രമത്തിനു താഴെപ്പറയുന്ന ന്യായങ്ങളുണ്ട്. ഒന്ന്; ബഹുദൈവവിശ്വാസവും വിഗ്രഹാരാധനയും സമാനമാണ് എന്ന തത്ത്വത്തിലധിഷ്ഠിതമാണ്. രണ്ട്; ദൈവത്തെ അനാദരിക്കുന്നതിനു മുന്നു വഴികളുണ്ട് – ദൈവത്തിന്റെ ഏകത്വത്തെയും, ആത്മസ്വരൂപത്തെയും, ദൈവത്വത്തെയും നിഷേധിക്കുക. മൂന്ന്; രണ്ടു കല്പകകളെ മുന്നും ഏഴും കല്പനകളായി തിരിക്കുന്നു. മൂന്നു എന്നതു ദൈവത്തെയും ഏഴ് എന്നത് സഭയെയും കുറിക്കുന്നു. നാല്; മോഹിക്കരുത് എന്ന കല്പനയെ രണ്ടായി തിരിക്കുക എന്ന അസ്വാഭാവിക വിഭജനത്തെ ഒഴിവാക്കുന്നു.

2. അഗസ്റ്റിന്റെ വിഭജനം: പുറപ്പാട് 3-6 വരെയുള്ള വാക്യങ്ങളെ ഒരു കല്പനയായി കാണുന്നു. മോഹിക്കരുതെന്ന കല്പനയെ രണ്ടായി തിരിക്കുന്നു. ഈ മാർഗ്ഗമവലംബിച്ചു റോമാസഭ വിശുദ്ധരൂപങ്ങളെ ന്യായീകരിക്കുന്നു. 

3. തല്മൂദിന്റെ വിഭജനം: പുറപ്പാട് 20:2 ഒന്നാം കല്പന, 3-6 രണ്ടാം കല്പന. 

കല്പനകളുടെ ഉള്ളടക്കം:

I. ദൈവം ഈ വചനങ്ങളൊക്കെയും അരുളിചെയ്തു: അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുത്. (പുറ, 20:1-3. ‘അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടു വന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു’ എന്നതു എല്ലാ കല്പനകളുടെയും മുഖവുരയാണ്. യിസ്രായേലുമായി നിയമബന്ധത്തിൽ പ്രവേശിച്ച യഹോവ അവരുടെ വീണ്ടെടുപ്പുകാരനാണ്. തന്മൂലം ‘അന്യദൈവങ്ങൾ നിനക്കുണ്ടാകരുതു’ (പുറ, 20:3) ഇതാണ് ഒന്നാമത്തെ കല്പന. ഈ കല്പന യഹോവയുടെ ആണ്മയെ വെളിവാക്കുന്നു. യഹോവയുടെ ഏകത്വവും കേവലവും അനന്യവുമായ ദൈവത്വവും ഉറപ്പിക്കുന്നു. യഹോവ ഏകദൈവം എന്നു ഏറ്റുപറയുന്നു. “യിസായേലേ കേൾക്ക: യഹോവ നമ്മുടെ ദൈവമാകുന്നു ; യഹോവ ഏകൻ തന്നെ.” (ആവ, 6:4).

II. ഒരു വിഗ്രഹം ഉണ്ടാക്കരുത്; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെളളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുത്. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുത്. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെമേൽ സന്ദർശിക്കയും എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറവരെ ദയകാണിക്കയും ചെയ്യുന്നു. (പുറ, 20:4:6). യഹോവയുടെ ആത്മസ്വരൂപത്തെ വെളിപ്പെടുത്തുകയാണ് രണ്ടാം കല്പന. ദൈവത്തെ ആത്മാവിൽ മാത്രമേ ആരാധിക്കാവൂ. യിസ്രായേലിനു ചുറ്റും നിലവിലിരുന്ന വിഗ്രഹാരാധനയെ വിലക്കുന്നു. ദൈവം ആത്മാവാകകൊണ്ടു (യോഹ, 4:24) ദൃശ്യമോ, ജഡമയമോ ആയ ഒരു രൂപത്തിനും സാക്ഷാൽ ദൈവത്തിനു പ്രാതിനിധ്യം വഹിക്കുവാൻ കഴിയുകയില്ല. പാപത്തിൽ വീണതോടുകൂടി ആത്മാവ് മരിച്ചു ജഡമയനായിത്തീർന്ന മനുഷ്യൻ ദൈവത്തിനു പകരം ജഡപദാർത്ഥങ്ങളെ ആശ്രയിക്കുന്നു. മനുഷ്യഹൃദയത്തിൽ ദൈവത്തെക്കുറിച്ചുള്ള വികലധാരണകൾ ഉടലെടുക്കുന്നതിനെ ഈ കല്പന തടയുന്നു. “അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓർത്തു മഹത്വീകരിക്കയോ നന്ദികാണിയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി, ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ടു അവർ മൂഢരായിപ്പോയി; അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാല്ക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമായി മാറിക്കളഞ്ഞു.” (റോമ, 1:21-23). കല്പനയോടുകൂടിത്തന്നെ അവരുടെ അകൃത്യം മൂന്നാം തലമുറയിലും നാലാം തലമുറയിലും സന്ദർശിക്കുമെന്നു ഭയനിർദ്ദേശം നല്കിയിട്ടുണ്ട്. (യിരെ, 5:9; 32:18; മത്താ, 23:34,35). അനുസരിക്കുന്നവരുടെമേൽ ആയിരം തലമുറവരെ കർത്താവ് കരുണകാണിക്കും. (സദൃ, 20:7).

III. നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല. (പുറ, 20:7). യഹോവയുടെ നാമമാണ് മൂന്നാമത്തെ കല്പനയുടെ വിഷയം. ക്രിസ്തു ദൈവത്തിന്റെ നാമം വെളിപ്പെടുത്തി. (യോഹ, 17:6). പഴയനിയമത്തിൽ പേരും വ്യക്തിയും തുല്യമായി കരുതപ്പെട്ടിരുന്നു. നാമം വ്യക്തിയുടെ യഥാർത്ഥ സ്വരൂപമാകകൊണ്ട് ദൈവനാമത്തെ വൃഥാ എടുക്കുന്നത് ദൈവദൂഷണത്തിനു തുല്യമാണ്. “യഹോവാഭക്തന്മാർ അന്നു തമ്മിൽ തമ്മിൽ സംസാരിച്ചു; യഹോവ ശ്രദ്ധവെച്ചു കേട്ടു; യഹോവാഭക്തന്മാർക്കും അവന്റെ നാമത്തെ സ്മരിക്കുന്നവർക്കും വേണ്ടി അവന്റെ സന്നിധിയിൽ ഒരു സ്മരണപുസ്തകം എഴുതിവെച്ചിരിക്കുന്നു.” (മലാ, 3:16). ആവർത്തനം 28:58-ൽ ‘നിന്റെ ദൈവമായ യഹോവ എന്ന മഹത്തും ഭയങ്കരവുമായ നാമത്തെ നീ ഭയപ്പെടണമെന്നു’ കല്പിച്ചിട്ടുണ്ട്. ‘വൃഥാ എടുക്കരുതു’ എന്ന വിലക്കിൽ ദൈവനാമത്തെ തന്റെ മഹത്വത്തിനും ഗാംഭീര്യത്തിനും ഉചിതമായ നിലയിൽ നാം ഉപയോഗിക്കേണ്ടതാണെന്ന വിധി ഉൾപ്പെടുന്നു. അവിശ്വാസികൾ ദൈവനാമത്തെ നിഷേധരൂപത്തിലും നിന്ദ്യഭാവത്തിലും ഉപയോഗിക്കുന്നു. വെളിപ്പാടു പുസ്തകത്തിൽ വിശ്വാസത്യാഗത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ വെളിപ്പെടുന്നതും സമുദ്രത്തിൽ നിന്നു കയറിവരുന്നതും ആയ മൃഗത്തിന്റെ തലയിൽ ദുഷണനാമങ്ങൾ ഉണ്ട്. അതു ദൈവത്തിന്റെ നാമത്തെയും അവന്റെ കൂടാരത്തെയും സ്വർഗ്ഗത്തിൽ വസിക്കുന്നവരെയും ദുഷിപ്പാൻ ദൈവദൂഷണത്തിനായി വായ്തുറന്നു (വെളി, 13:6) എന്നു നാം വായിക്കുന്നു. 

IV. ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക, ആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക. ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു; അന്നു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതില്ക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുത്. ആറുദിവസം കൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുളളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തു നാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു. (പുറ, 20:8-11). യഹോവയുടെ ദിവസമാണ് നാലാം കല്പനയുടെ വിഷയം. മാനുഷികവും മതപരവുമായ കാരണങ്ങളാൽ ആഴ്ചയിൽ ഒരു ദിവസത്തെ വിശ്രമം ഒരനുഗ്രഹമാണ് മനുഷ്യന്റെ ശാരീരികവും ആത്മീയവുമായ ക്ഷേമത്തിനു അതാവശ്യമാണ്. ആറുദിവസം അദ്ധ്വാനിക്കുക എന്നതു ദൈവകല്പനയാണ്. പ്രയത്നങ്ങളിൽ നിന്നൊഴിഞ്ഞു ഒരു ദിവസം ദൈവത്തെ ആരാധിച്ചുല്ലസിക്കുന്നതിനു ദൈവം ഏർപ്പെടുത്തിയ കരുതലാണ് ശബ്ബത്തിനെക്കുറിച്ചുള്ള കല്പന. “നീ എന്റെ വിശുദ്ധ ദിവസത്തിൽ നിന്റെ കാര്യാദികൾ നോക്കാതെ ശബ്ബത്തിൽ നിന്റെ കാൽ അടക്കിവെച്ചു, ശബ്ബത്തിനെ ഒരു സന്തോഷം എന്നും യഹോവയുടെ വിശുദ്ധ ദിവസത്തെ ബഹുമാനയോഗ്യം എന്നും പറകയും നിന്റെ വേലെക്കു പോകയോ നിന്റെ കാര്യാദികളെ നോക്കുകയോ വ്യർത്ഥസംസാരത്തിൽ നേരം പോക്കുകയോ ചെയ്യാതവണ്ണം അതിനെ ബഹുമാനിക്കയും ചെയ്യുമെങ്കിൽ, നീ യഹോവയിൽ പ്രമോദിക്കും; ഞാൻ നിന്നെ ദേശത്തിലെ ഉന്നതങ്ങളിൽ വാഹനമേറ്റി ഓടുമാറാക്കുകയും നിന്റെ പിതാവായ യാക്കോബിന്റെ അവകാശം കൊണ്ടു നിന്നെ പോഷിപ്പിക്കയും ചെയ്യും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നതു.” (യെശ, 58:13,14). യെഹൂദനു മാത്രമല്ല, അവരുടെ ഇടയിൽ വസിക്കുന്ന ജാതികൾക്കുപോലും ഇതു ബാധകമാണ്. നിന്റെ പടിവാതില്ക്കകത്തുള്ള പരദേശിയും (പുറ, 20:10) ഈ കല്പനയ്ക്കു വിധേയനാണ്. ശബ്ബത്ത് അഥവാ ശനിയാഴ്ച സൃഷ്ടിപ്പിന്റെ പൂർത്തീകരണത്തെ അനുസ്മരിക്കുന്നു. എന്നാൽ ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം പുതിയ സൃഷ്ടിയെ അഥവാ വീണ്ടെടുപ്പിന്റെ നിവൃത്തിയെ ഓർപ്പിക്കുന്ന ഞായറാഴ്ചയാണ് പ്രധാനം. “ഇതു യഹോവ ഉണ്ടാക്കിയ ദിവസം. ഇന്നു നാം സന്തോഷിച്ചു ആനന്ദിക്ക.” (സങ്കീ, 118:24). 

V. നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക. (പുറ, 20:12). ഭൂമിയിൽ സ്വർഗ്ഗത്തിന്റെ പ്രതിച്ഛായയാണ് കുടുംബം. കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതിലും പരിപാലിക്കുന്നതിലും ദൈവത്തിന്റെ പ്രതിനിധികളും, ഒരു വിധത്തിൽ ദൈവത്തിൻ്റെ അധികാരം പങ്കിടുന്നവരുമാണ് മാതാപിതാക്കന്മാർ. അതിനാൽ മാതാപിതാക്കന്മാരെ ബഹുമാനിക്കേണ്ടതു മക്കളുടെ കടമയാണ്. മാതാപിതാക്കന്മാരുടെ ഗുണങ്ങൾക്കല്ല പദവിക്കാണ് പ്രാധാന്യം. മിസ്രയീമിൽ എത്ര ഉന്നതനായിരുന്നിട്ടും യോസേഫ് പിതാവിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു. (ഉല്പ, 48:12). ശലോമോൻ തന്റെ അമ്മയെ ബഹുമാനിച്ചു. (1രാജാ, 2:19). മാതാപിതാക്കന്മാരെ അവരുടെ വാർദ്ധക്യത്തിൽ കരുതേണ്ടത് മക്കളുടെ ചുമതലയാണ്. (1തിമൊ, 5:16). അപ്പനെയോ അമ്മയെയോ അടിക്കുകയോ, പരിഹസിക്കുകയോ അനുസരിക്കാതിരിക്കുകയോ ചെയ്യുന്നത് മാരക പാപമാണ്. “അപ്പന്റെയോ അമ്മയുടെയോ വാക്കു കേൾക്കാതെയും അവർ ശാസിച്ചാലും അനുസരിക്കാതെയുമിരിക്കുന്ന ശഠനും മത്സരിയുമായ മകൻ ഒരുത്തനു ഉണ്ടെങ്കിൽ അമ്മയപ്പന്മാർ അവനെ പിടിച്ചു പട്ടണത്തിലെ മൂപ്പന്മാരുടെ അടുക്കൽ പട്ടണവാതില്ക്കലേക്കു കൊണ്ടുപോയി: ഞങ്ങളുടെ ഈ മകൻ ശഠനും മത്സരിയും ഞങ്ങളുടെ വാക്കു കേൾക്കാത്തവനും തിന്നിയും കുടിയനും ആകുന്നു എന്നു പട്ടണത്തിലെ മൂപ്പന്മാരോടു പറയേണം. പിന്നെ അവന്റെ പട്ടണക്കാർ എല്ലാവരും അവനെ കല്ലെറിഞ്ഞുകൊല്ലേണം. ഇങ്ങനെ നിങ്ങളുടെ ഇടയിൽ നിന്നു ദോഷം നീക്കിക്കളയേണം; യിസ്രായേലെല്ലാം കേട്ടു ഭയപ്പെടേണം.” (ആവ, 21:18-21). “അപ്പനെ പരിഹസിക്കയും അമ്മയെ അനുസരിക്കാതിരിക്കയും ചെയ്യുന്ന കണ്ണിനെ തോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കയും കഴുകിൻ കുഞ്ഞുങ്ങൾ തിന്നുകയും ചെയ്യും.” (സദൃ, 30:17). 

VI. കൊല ചെയ്യരുത്. (പുറ, 20:13). ആറാം കല്പന കൊലപാതകത്തെ വിലക്കുന്നു. ജീവൻ ദൈവത്തിന്റെ ദാനവും ഒരു വ്യക്തിയുടെ കൈമാററം ചെയ്യാനാകാത്ത അവകാശവുമാണ്. ദൈവത്തിന്റെ സാദൃശ്യമാണ് മനുഷ്യൻ വഹിക്കുന്നത്. കൊലപാതകം ദൈവസാദൃശ്യത്തെ നശിപ്പിക്കുന്നു. ഈ കല്പനയുടെ ലംഘനത്തിനു വധശിക്ഷ ഏർപ്പെടുത്തിയത് അതിനാലത്ര. (ഉല്പ, 9:5,6). ആദ്യം മുതൽക്കേ കൊലപാതകിയായ (യോഹ, 8:44) പിശാചിൽനിന്ന് ആദ്യം ഉണ്ടായത് കൊലപാതകമാണ്. ദൈവതേജസ്സ് നഷ്ടപ്പെട്ട മനുഷ്യന്റെ ആദ്യപാപം കൊലപാതകമാണ്. ആദ്യപാപം ദൈവത്തോടുള്ള ബന്ധം വിച്ഛേദിച്ചുവെങ്കിൽ രണ്ടാമത്തെ പാപം മനുഷ്യനോടുള്ള ബന്ധവും വിച്ഛേദിച്ചു. ആത്മഹത്യയും കാരുണ്യവധവും എല്ലാം കൊലപാതകം തന്നേ. ആത്മഹത്യ ചെയ്യുന്നവർ തങ്ങളുടെ ശരീരത്തെ മാത്രമല്ല ആത്മാവിനെയും നിത്യമായി നശിപ്പിക്കുന്നു. കൊലയ്ക്കു വേണ്ടി ഗൂഢാലോചന നടത്തുന്നവരും കൊലപാതകികൾ തന്നെ. (2ശമൂ, 11:15; 12:9). സഹോദരനെ പകയ്ക്കുന്നവനും കൊലപാതകനാണ്. (1യോഹ, 3:15). കൊലപാതകിക്ക് ന്യായാധിപൻ നല്കുന്ന വധശിക്ഷ കൊലപാതകമല്ല. വധശിക്ഷ നല്കാനുള്ള അധികാരം ദൈവം ന്യായാധിപനു നല്കിയിരിക്കുകയാണ്. (ഉല്പ, 9:6; ആവ, 19:21). അബദ്ധവശാൽ കൊല്ലുന്നതു കൊലപാതകമല്ല. തടിവെട്ടുമ്പോൾ അബദ്ധവശാൽ കോടാലി ഊരിത്തെറിച്ചു അടുത്തു നില്ക്കുന്നവനെ കൊന്നു എന്നുവരാം. (ആവ, 19:5). ഇങ്ങനെയുള്ളവർക്കു വേണ്ടിയാണ് സങ്കേതനഗരങ്ങൾ ഏർപ്പെടുത്തിയത്. 

VII.  വ്യഭിചാരം ചെയ്യരുത്: (പുറ, 20:14). വിവാഹത്തിന്റെയും കുടുംബത്തിന്റെയും വിശുദ്ധി കാത്തുസൂക്ഷിക്കാൻ വേണ്ടി നല്കപ്പെട്ട കല്പന. മനുഷ്യജീവന്റെ വിശുദ്ധിയെ വെളിപ്പെടുത്തുന്ന കല്പനയെ പിൻതുടരുകയാണ് കുടുംബത്തിന്റെ പവിത്രതയെ സ്പർശിക്കുന്ന കല്പന. വിവാഹിതയായ സ്ത്രീയുമായി അന്യപുരുഷന്മാർ നടത്തുന്ന ലൈംഗിക ബന്ധമാണ് വ്യഭിചാരം. വ്യഭിചാരത്തിനു മരണശിക്ഷയാണ് നല്കിയിരുന്നത്. കൊലപാതകത്തിനു തുല്യമായി വ്യഭിചാരവും കരുതപ്പെട്ടിരുന്നു. വ്യഭിചാരികൾ ദൈവരാജ്യം അവകാശമാക്കുകയില്ല. (എബ്രാ, 13:4; 1കൊരി, 6:9). വ്യഭിചാരം ഒഴിവാക്കാനാണ് ദൈവം വിവാഹം വ്യവസ്ഥ ചെയ്തത്. (1കൊരി, 7:12). കൊലപാതകം ജീവനെ നശിപ്പിക്കുന്നു; വ്യഭിചാരം കുടുംബത്തെ നരക സമാനമാക്കുന്നു. സ്ത്രീയെ മോഹത്തോടുകൂടി നോക്കുന്നവൻ ഹൃദയം കൊണ്ടു അവളോടു വ്യഭിചാരം ചെയ്യുന്നു. (മത്താ, 5:28). ഇയ്യോബ് പറയുന്നതുപോലെ കണ്ണുമായി ഒരു നിയമം ചെയ്യേണ്ടതാവശ്യമാണ്. (31:1).

VIII. മോഷ്ടിക്കരുത്. (പുറ, 20:15). ഭൗതികവസ്തുക്കളിൽ മനുഷ്യന്റെ ആഗ്രഹത്തിനു അതിരുവയ്ക്കയും ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവാൻ ഉൽബോധിപ്പിക്കുകയും ചെയ്യുകയാണീ കല്പന. ദൈവം നല്കിയതിൽ തൃപ്തിയടയാതെ മറ്റുള്ളവർക്കു ദൈവം നല്കിയതിൽ മോഹം തോന്നുകയാണ് മോഷണത്തിന്നടിസ്ഥാനം. ആഖാൻ കൊള്ളയുടെ കൂട്ടത്തിൽനിന്ന് വിശേഷമായൊരു ബാബിലോന്യ മേലങ്കിയും ഇരുനൂറു ശേക്കെൽ വെള്ളിയും അൻപതു ശേക്കെൽ തൂക്കമുള്ള ഒരു പൊൻകട്ടിയും കണ്ടു മോഹിച്ചു എടുത്തു. (യോശു, 7:21). “വ്യാജവും ഭോഷ്കും എന്നോടു അകറ്റേണമേ; ദാരിദ്ര്യവും സമ്പത്തും എനിക്കു തരാതെ നിത്യവൃത്തിതന്നു എന്നെ പോഷിപ്പിക്കേണമേ. ഞാൻ തൃപ്തനായിത്തീർന്നിട്ടു: യഹോവ ആർ എന്നു നിന്നെ നിഷേധിപ്പാനും ദരിദ്രനായിത്തീർന്നിട്ടു മോഷ്ടിച്ചു എന്റെ ദൈവത്തിന്റെ നാമത്തെ തീണ്ടിപ്പാനും സംഗതിവരരുതേ” (സദൃ, 30:8,9). എന്നായിരിക്കണം നമ്മുടെ പ്രാർത്ഥന. 

IX. കുട്ടുകാരന്റെ നേരെ കളളസ്സാക്ഷ്യം പറയരുത്. (പുറ, 20:16). കോടതിയിൽ കള്ളസ്സാക്ഷ്യം പറയുന്നതിനെ വിലക്കുന്നു. അന്യന്റെ സൽപേരിനു കളങ്കം ചാർത്തുന്ന ഒന്നും പറയാൻ പാടില്ല. നാവിനെ നാം കടിഞ്ഞാണിട്ടു സൂക്ഷിക്കേണ്ടതാണ്. “മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു; അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും.” (സദൃ, 18:21). “നാവിന്റെ ശാന്തത ജീവവൃക്ഷം; അതിന്റെ വകതയോ മനോവ്യസനം.’ (സദൃ, 15:4). ഏതു നിസ്സാരവാക്കിനും മനുഷ്യൻ ന്യായവിധിദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടിവരും. (മത്താ, 12:36,37). ഒമ്പതാം കല്പ്പനയുടെ വിധിരൂപമാണ് സെഖര്യാവ് 8:16,17). “നിങ്ങൾ ചെയ്യേണ്ടുന്ന കാര്യങ്ങൾ ഇവയാകുന്നു. ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം പറവിൻ; നിങ്ങളുടെ ഗോപുരങ്ങളിൽ നേരോടും സമാധാനത്തോടും കൂടെ ന്യായപാലനം ചെയ്വിൻ. നിങ്ങളിൽ ആരും തന്റെ കൂട്ടുകാരന്റെ നേരെ ഹൃദയത്തിൽ ദോഷം നിരൂപിക്കരുത്; കള്ളസ്സത്യത്തിൽ ഇഷ്ടം തോന്നുകയും അരുത്; ഇതെല്ലാം ഞാൻ വെറുക്കുന്നതല്ലോ എന്നു യഹോവയുടെ അരുളപ്പാട്.” പിശാചിനെപ്പോലെ ഒരു മനുഷ്യനെ ആക്കിത്തീർക്കുന്നതു കള്ളമാണ്. പിശാച് ആദിമുതൽ ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനുമത്രേ. (യോഹ, 8:44). മനുഷ്യൻ എത്രത്തോളം ഭോഷ്കു പറയുമോ അത്രത്തോളം അവൻ പിശാചിനു അരൂപനാകുന്നു. ദൈവത്തിന്റെ സ്വഭാവം സത്യമാണ്. (സങ്കീ, 31:5). ദൈവമക്കൾ വ്യാജം പറയാതെ ദൈവത്തിനു അനുരൂപരായിത്തീരുന്നു. “അവർ എന്റെ ജനം, കപടം കാണിക്കാത്ത മക്കൾ തന്നെ എന്നു പറഞ്ഞ അവൻ അവർക്കു രക്ഷിതാവായിത്തീർന്നു.” (യെശ, 63:8). ഇല്ലാത്ത വിശുദ്ധി ഉണ്ടെന്നു നടിക്കുക, മുഖസ്തുതി പറയുക, അറിഞ്ഞുകൊണ്ടു ഒരുവന്റെ സ്വഭാവം നല്ലതെന്നു സാക്ഷ്യപ്പെടുത്തുക എന്നിവയെല്ലാം കള്ളസ്സാക്ഷ്യം അത്രേ. 

X. കുട്ടുകാരന്റെ ഭവനത്തെ മോഹിക്കരുത്; കുട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുത്. (പുറ, 20:17). എല്ലാ പാപങ്ങളുടെയും അടിയിൽ ബീജരൂപേണ കിടക്കുന്ന മോഹത്തെ വിലക്കുകയാണ് പത്താം കല്പന. മനുഷ്യന്റെ പരസ്യപ്രവൃത്തികളെ മാത്രമല്ല, ആന്തരികവും രഹസ്യവുമായ ഭാവത്തെപ്പോലും നിയന്ത്രിക്കുകയാണ് ദൈവകല്പന. ദുർമ്മോഹത്തിനു വിധേയനായി മനുഷ്യൻ ദുഷ്ടത പ്രവർത്തിക്കുന്നു. “ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു. മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്ത പെറുന്നു.” (യാക്കോ, 11:14,15).

കല്പനകൾ പുതിയനിയമത്തിൽ

പത്തുകല്പനകളിൽ ഒമ്പതും പുതിയനിയമത്തിൽ എടുത്തുപറയുകയും വ്യാഖ്യാനിക്കുകയും ചെയ്തിട്ടുണ്ട്. ‘ശബ്ബത്തുനാളിനെ ശുദ്ധീകരിച്ചാൽ ഓർക്ക’ എന്ന നാലാം കല്പന മാത്രം ഒഴിവാക്കി. ഗിരിപ്രഭാഷണത്തിൽ ചില കല്പനകളെ ക്രിസ്തുതന്നെ തന്റെ ശിഷ്യന്മാർക്കു വിശദമാക്കിക്കൊടുത്തു. (മത്താ, 6:22,29,30,33,34). 

ഒന്നാം കല്പ്പന: “നിങ്ങൾ ഈ വ്യർത്ഥകാര്യങ്ങളെ വിട്ടു, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്കു തിരിയേണം” (അപ്പൊ, 14:15). രണ്ടാം കല്പന: “കുഞ്ഞുങ്ങളെ, വിഗ്രഹങ്ങളോടു അകന്നു സൂക്ഷിച്ചു കൊൾവിൻ.” (1യോഹ, 5:21). മൂന്നാം കല്പന: “സ്വർഗ്ഗത്തെയോ ഭൂമിയെയോ മറ്റു യാതൊന്നിനെയുമോ ചൊല്ലി സത്യം ചെയ്യരുത്.” (യാക്കോ, 5:12, മത്താ, 23:22). അഞ്ചാം കല്പ്പന: “മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ കർത്താവിൽ അനുസരിപ്പിൻ.” (എഫെ, 6:1). ആറാം കല്പന: “സഹോദരനെ പകെക്കുന്നവൻ എല്ലാം കുലപാതകൻ ആകുന്നു” (1യോഹ, 2:15). ഏഴാം കല്പന: “വിഗ്രഹാരാധികൾ, വ്യഭിചാരികൾ . . . . എന്നിവർ ദൈവരാജ്യം അവകാശ മാക്കുകയില്ല” (1കൊരി, 6:9,10). എട്ടാം കല്പന: “ഇനി മോഷ്ടിക്കരുത്.” (എഫെ, 4:28). ഒമ്പതാം കല്പന: “അന്യോന്യം ഭോഷ്കു പറയരുത്.” (കൊലൊ, 3:9). പത്താം കല്പന: “അത്യാഗ്രഹം നിങ്ങളുടെ ഇടയിൽ പേർ പറകപോലും അരുത്.” (എഫെ, 5:3). ഒന്നാംകല്പന അമ്പതോളം പ്രാവശ്യവും, രണ്ടാംകല്പന പ്രന്തണ്ടു പ്രാവശ്യവും, മൂന്നാംകല്പന നാലു പ്രാവശ്യവും, അഞ്ചാംകല്പന ആറു പ്രാവശ്യവും, ആറാംകല്പന ആറു പ്രാവശ്യവും ഏഴാംകല്പന പ്രന്ത്രണ്ടു പ്രാവശ്യവും, എട്ടാംകല്പന ആറു പ്രാവശ്യവും, ഒമ്പതാംകല്പന നാലു പ്രാവശ്യവും, പത്താംകല്പന ഒമ്പതു പ്രാവശ്യവും പുതിയനിയമത്തിൽ ആവർത്തിച്ചിട്ടുണ്ട്.

1. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്. (പുറ, 20:2-3, മത്താ, 4:10).

2. ഒരു വിഗ്രഹം ഉണ്ടാക്കരുത്. (പുറ, 20:4-6, 1യോഹ, 5:21).

3. യഹോവയുടെ നാമം വൃഥാ എടുക്കരുത്. (പുറ, 20:7, മത്താ, 5:34, യക്കോ, 5:12). 

4. ശബ്ബത്തുനാളിനെ ശുദ്ധീകരിപ്പാൻ ഓർക്കുക. ഈ കല്പന പുതിയനിയമത്തിൽ ഇല്ല. (പുറ, 20:8, ഗലാ, 4:10, കൊലൊ, 2:16).

5. അപ്പനെയും അമ്മയെയും ബഹുമാനിക്ക. (പുറ, 6:12, എഫെ, 6:1-3).

6. കുല ചെയ്യരുത്. (പുറ, 20:13, മത്താ, 5:21-22, 1യോഹ, 3:15).

7. വ്യഭിചാരം ചെയ്യരുത്. (പുറ, 20:14, മത്താ, 5:27-28, എബ്രാ, 13:4).

8. മോഷ്ടിക്കരുത്. (പുറ, 15:15, എഫെ, 4:28).

9. കള്ളസാക്ഷ്യം പറയരുത്. (പുറ, 20:16, എഫെ, 4:25, കൊലൊ, 3:9).

10. കൂട്ടുകാരൻ്റെ യാതൊന്നും മോഹിക്കരുത്. (പുറ, 20:17, കൊലൊ, 3:5, റോമ, 7:7).

Leave a Reply

Your email address will not be published. Required fields are marked *