നെഹെമ്യാവ്

നെഹെമ്യാവിന്റെ പുസ്തകം (Book of Nehemiah)

പഴയനിയമത്തിൽ പതിനാറാമത്തെ പുസ്തകം. എബ്രായ കാനോനിൽ മൂന്നാം വിഭാഗമായ എഴുത്തുകളിലാണ് (കെത്തുവീം) ഉൾപ്പെടുത്തിയിരിക്കുന്നത്. തല്മൂദിൽ എസ്രായെയും നെഹെമ്യാവിനെയും ഒറ്റ പുസ്തകമായി കണക്കാക്കിയിരിക്കുന്നു. ജൊസീഫസും മെലീത്തയും ജെറോമും ഇതേരീതി അവലംബിച്ചു. ലത്തീൻ വുൾഗാത്തയിൽ നെഹെമ്യാവിന് എസ്രയുടെ രണ്ടാം പുസ്തകം എന്നാണ് പേർ. എബ്രായ അക്ഷരമാലയിലെ അക്ഷരങ്ങളുടെ എണ്ണത്തോടു പഴയനിയമ പുസ്തകങ്ങളുടെ എണ്ണം സമീകരിക്കുവാൻ വേണ്ടി പലരും എസ്രായെയും നെഹെമ്യാവിനെയും ഒറ്റപുസ്തമായി കണക്കാക്കി. എ.ഡി. 1448-ൽ ആണ് എബ്രായ ബൈബിളിൽ പുസ്തകത്തെ എസ്രാ നെഹെമ്യാവ് എന്നു രണ്ടായി തിരിച്ചത്. 

കർത്താവും കാലവും: എസ്രാ നെഹെമ്യാവ് എന്നീ നേതാക്കന്മാർക്കു വളരെശേഷം ബി.സി. 330-നടുപ്പിച്ച് ഒരു ദിനവൃത്താന്തകാരൻ ദിനവൃത്താന്തം ഒന്നും രണ്ടും, എസ്രാ നെഹെമ്യാവും എഴുതി എന്നാണു വിമർശകന്മാർ കരുതുന്നത്. അവരുടെ വാദഗതികൾ സർവ്വാദൃതമല്ല. ബി.സി. 5-ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ നെഹെമ്യാവ് എഴുതപ്പെട്ടു എന്നു കരുതുകയാണ് യുക്തം. എസ്രാ നെഹെമ്യാവിന് മുമ്പാണോ, നെഹെമ്യാവു എസ്രായ്ക്കു മുമ്പാണോ എഴുതപ്പെട്ടത് എന്നതിൽ ചിലർക്കു സംശയമുണ്ട്. യെഹൂദപാരമ്പര്യവും പുസ്തകത്തിന്റെ നാമവും എഴുത്തുകാരനായി നെഹെമ്യാവിനെ അംഗീകരിക്കുന്നു. (നെഹ, 1:1-7:5). നെഹെമ്യാവിന്റെ ഓർമ്മക്കുറിപ്പുകളിൽ നിന്നുള്ള ഭാഗമായിരിക്കണം. ഉത്തമപുരുഷാഖ്യാനം ചൂണ്ടിക്കാണിക്കുന്നത് അതാണ്. ഓർമ്മക്കുറിപ്പിൽ നിന്നെടുത്ത് മറ്റുഭാഗങ്ങൾ: (11:1,2; 12:27-43; 13:4-31) എന്നിവയാണ്. ഗ്രന്ഥരചനയ്ക്കു മററു ചരിത്രരേഖകളും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. 

ഉദ്ദേശ്യം: പരസ്പരബദ്ധവും പരസ്പരപൂരകവും ആയ രണ്ടു പുസ്തകങ്ങളാണ് നെഹെമ്യാവും എസ്രായും. ദൈവജനത്തിന്റെ യഥാസ്ഥാപനത്തിൽ വെളിപ്പെടുന്ന ദൈവത്തിന്റെ വിശ്വസ്തതയാണ് രണ്ടുഗന്ഥങ്ങളിലെയും പ്രമേയം. കോരെശ്, ദാര്യാവേശ് ഒന്നാമൻ, അർത്ഥഹ്ശഷ്ടാവ് എന്നീ വിജാതീയ പാർസി രാജാക്കന്മാരിലൂടെയും എസ്രാ, നെഹെമ്യാവു്, സെരുബ്ബാബേൽ, യോശുവ, ഹഗ്ഗായി, സെഖര്യാവ് തുടങ്ങിയ തന്റെ അഭിഷിക്ത ദാസന്മാരിലൂടെയും ദൈവം സ്വന്തജനത്തിനു വേണ്ടി പ്രവർത്തിക്കുന്നു. 

പ്രധാന വാക്യങ്ങൾ: 1. “അതിന്നു അവർ എന്നോടു: പ്രവാസത്തിൽനിന്നു തെറ്റി ഒഴിഞ്ഞുപോയി ശേഷിപ്പു അവിടെ ആ സംസ്ഥാനത്തു മഹാകഷ്ടത്തിലും അപമാനത്തിലും ഇരിക്കുന്നു; യെരൂശലേമിന്റെ മതിൽ ഇടിഞ്ഞും അതിന്റെ വാതിലുകൾ തീവെച്ചു ചുട്ടും കിടക്കുന്നു എന്നു പറഞ്ഞു.” നെഹെമ്യാവു 1:3.

2. “കർത്താവേ, നിന്റെ ചെവി അടിയന്റെ പ്രാർത്ഥനെക്കും നിന്റെ നാമത്തെ ഭയപ്പെടുവാൻ താല്പര്യപ്പെടുന്ന നിന്റെ ദാസന്മാരുടെ പ്രാർത്ഥനെക്കും ശ്രദ്ധയുള്ളതായിരിക്കേണമേ. ഇന്നു അടിയന്നു കാര്യം സാധിപ്പിച്ചു ഈ മനുഷ്യന്റെ മുമ്പാകെ എനിക്കു ദയ ലഭിക്കുമാറാക്കേണമേ. ഞാൻ രാജാവിന്നു പാനപാത്രവാഹകനായിരുന്നു.” നെഹെമ്യാവു 1:11.

3. “ഇങ്ങനെ മതിൽ അമ്പത്തിരണ്ടു ദിവസം പണിതു എലൂൽമാസം ഇരുപത്തഞ്ചാം തിയ്യതി തീർത്തു. ഞങ്ങളുടെ സകലശത്രുക്കളും അതു കേട്ടപ്പോൾ ഞങ്ങളുടെ ചുറ്റുമുള്ള ജാതികൾ ആകെ ഭയപ്പെട്ടു; അവർ തങ്ങൾക്കു തന്നേ അല്പന്മാരായി തോന്നി; ഈ പ്രവൃത്തി ഞങ്ങളുടെ ദൈവത്തിന്റെ സഹായത്താൽ സാദ്ധ്യമായി എന്നു അവർ ഗ്രഹിച്ചു.” നെഹെമ്യാവു 6:15,16.

ബാഹ്യരേഖ: I യെരൂശലേം മതിലിനെ നെഹെമ്യാവ് പുതുക്കിപ്പണിയുന്നു: 1:1-7:73.

1. നെഹെമ്യാവു യെരൂശലേമിലേക്കു മടങ്ങി വരുന്നു: 1:1-2:20.

2. മതിലിന്റെ പുതുക്കിപ്പണി: 3:16:19.

3. കാവല്ക്കാരുടെ നിയമനം; ജനസംഖ്യയെടുപ്പ്: 7:1-73. 

II എസ്രായുടെയും നെഹെമ്യാവിന്റെയും നേതൃത്വത്തിൽ നവീകരണം: 8:13:31.

1. നിയമം പുതുക്കുന്നു: 8:1-10:39.

2. യെരുശലേമിൽ വീണ്ടും പാർപ്പുറപ്പിക്കുന്നു: 11:1-36.

3. പട്ടണമതിൽ പ്രതിഷ്ഠിക്കുന്നു: 12:1-47.

4. നെഹെമ്യാവു രണ്ടാമതും ദേശാധിപതിയായി വന്നപ്പോൾ വരുത്തിയ നവീകരണം: 13:1-31.

പൂർണ്ണവിഷയം

യെരുശലേമിനെക്കുറിച്ചുള്ള നെഹമ്യാവിന്റെ ദുഃഖവും തന്റെ പ്രാര്‍ത്ഥനയും 1:1-11
പേര്‍ഷ്യൻ രാജാവ് നെഹമ്യാവിനെ യെരുശലേമിലേക്ക് അയക്കുന്നു 2:1-10
നെഹമ്യാവ് യെരുശലേം മതിലുകൾ പരിശോധിക്കുന്നു 2:11-16
“നാം പണിയുക” 2:17-18
എതിര്‍പ്പുകളുടെ ആരംഭം 2:19-20
വാതിലുകളും മതിലും പണിയുന്നു 3:1-32
കൂടുതൽ എതിര്‍പ്പുകൾ, നെഹമ്യവ് അതിനെ നേരിടുന്നു 4:1-23
പാവപ്പെട്ടവരുടെ കഷ്ടപ്പാടും, നെഹമ്യാവിന്റെ പ്രവൃത്തികളും 5:1-19
എതിര്‍പ്പ് തുടരുന്നു; നെഹമ്യാവിന്റെ സ്വഭാവം 6:1-14
മതിലിന്റെ പണി പൂര്‍ത്തിയാക്കുന്നു 6:15-19
യെരുശലേമിനെ സംരക്ഷിക്കാനുള്ള പദ്ധതികൾ 7:1-3
തിരികെ വന്ന പ്രവാസികളുടെ പട്ടിക നെഹമ്യാവ് കണ്ടുപിടിക്കുന്നു 7:4-73
എസ്രാ ജനത്തിനുവേണ്ടി ദൈവത്തിന്റെ ന്യായപ്രമാണം വായിക്കുന്നു, 8:1-12
കൂടാരപ്പെരുന്നാൾ 8:13-18
യെഹൂദന്മാര്‍ പാപം ഏറ്റുപറയുന്നു 9:1-3
ദൈവത്തിന്റെ മഹാപ്രവൃത്തികളെ ഓര്‍ത്തുകൊണ്ടുള്ള പ്രാര്‍ത്ഥന 9:5-37
എഴുതപ്പെട്ട ഒരു ഉടമ്പടി 9:38—10:39
യെരുശലേമിലും യെഹൂദയിലും പുതിയനിവാസികൾ 11:1-36
ലേവ്യരുടെയും പുരോഹിതമ്മാരുടെയും പട്ടിക 12:1-26
മതിലിന്റെ പ്രതിഷ്ഠ 12:27-43
ആലയത്തിലേക്കുള്ള വഴിപാടുകളും സേവനങ്ങളും 12:44-47
നെഹമ്യാവിന്റെ അസാന്നിദ്ധ്യത്തിൽ സംഭവിച്ചത് 13:1-9
നെഹമ്യാവിന്റെ നവീകരണം 13:10-31

Leave a Reply

Your email address will not be published.