നീ ഈ ജനത്തിനുവേണ്ടി പ്രാർത്ഥിക്കരുത്

നീ ഈ ജനത്തിനുവേണ്ടി പ്രാർത്ഥിക്കരുത്

സർവ്വശക്തനായ ദൈവത്തെ പ്രീണിപ്പിക്കുവാനും ദൈവത്തിന്റെ പ്രസാദവർഷം ലഭിക്കുവാനും നേർച്ചകാഴ്ചകളുമായി തീർത്ഥാടനകേന്ദ്രങ്ങൾ കയറിയിറങ്ങുന്നവരും, ദൈവത്തിന്റെ അഭിഷിക്തന്മാരെ പ്രാർത്ഥനാ സഹായങ്ങൾക്കായി സമീപിക്കുന്നവരും, ഇങ്ങനെയുള്ള പ്രവണതകളെ നിശിതമായി വിമർശിക്കുന്നവരും മനസ്സിലാക്കേണ്ട ചില ഗുണപാഠങ്ങളാണ്: “നീ ഈ ജനത്തിന്നു വേണ്ടി പ്രാർത്ഥിക്കരുതു; അവർക്കു വേണ്ടി യാചനയും പ്രാർത്ഥനയും കഴിക്കരുതു; എന്നോടു പക്ഷവാദം ചെയ്കയുമരുതു; ഞാൻ നിന്റെ അപേക്ഷ കേൾക്കയില്ല.” (യിരെ, 7:16. ഒ.നോ: 11:14; 14:11) എന്ന് അത്യുന്നതനായ ദൈവം തന്റെ പ്രവാചകനായ യിരെമ്യാവിനോട് മൂന്നു പ്രാവശ്യം അരുളിച്ചെയ്യുന്നതിൽ അന്തർലീനമായിരിക്കുന്നത്. ഒന്നാമതായി, ജനത്തിനുവേണ്ടി തന്റെ പ്രവാചകന്മാരും അഭിഷിക്തന്മാരും പ്രാർത്ഥിക്കുമ്പോൾ താൻ ഉത്തരമരുളുന്നതുകൊണ്ടാണ് ഇനിയും അവർക്കുവേണ്ടി പ്രാർത്ഥിച്ചാൽ ഉത്തരമരുളുകയില്ലെന്ന് ദൈവം മുന്നറിയിപ്പു നൽകുന്നത്. രണ്ടാമതായി, ദൈവത്തിന്റെ കല്പനകൾ തിരസ്കരിക്കുകയും അന്യദൈവങ്ങളെ ആരാധിക്കുകയും ചെയ്യുന്ന ജനത്തിന്റെ ആവശ്യങ്ങൾക്കുവേണ്ടിയുള്ള ദൈവത്തിന്റെ അഭിഷിക്തന്മാരുടെ പ്രാർത്ഥനകൾ ദൈവം മാനിക്കുകയില്ലെന്ന് “മോശെയും ശമൂവേലും എന്റെ മുമ്പാകെ നിന്നാലും എന്റെ മനസ്സ് ഈ ജനത്തിങ്കലേക്കു ചായുകയില്ല; ഇവരെ എന്റെ മുമ്പിൽ നിന്ന് ആട്ടിക്കളയുക ; അവർ പൊയ്ക്കൊള്ളട്ടെ” (യിരെ, 15:1) എന്ന് ദൈവം യിരെമ്യാവിനോട് അരുളിച്ചെയ്തതിൽ നിന്നു വ്യക്തമാകുന്നു. മൂന്നാമതായി, ജനത്തിന് പാപബോധമോ അനുതാപമോ സൃഷ്ടിക്കുവാൻ സാഹചര്യമൊരുക്കാതെ അത്ഭുതങ്ങൾ നടക്കുന്നുവെന്ന് പെരുമ്പറ മുഴക്കി തീർത്ഥാടനകേന്ദ്രങ്ങൾ ആദായസൂതങ്ങളാക്കി മാറ്റുമ്പോൾ, അവിടെ നടത്തപ്പെടുന്ന പ്രാർത്ഥനാ ജാഗരണങ്ങൾക്കു മുമ്പിൽ ദൈവം മുഖം മറയ്ക്കുമെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു . നാലാമതായി, പാപപങ്കിലമായ ജീവിതം വിട്ടുതിരിയാതെ നാം എവിടെയെല്ലാം നേർച്ചകൾ അർപ്പിച്ചാലും അവ ദൈവസന്നിധിയിൽ സ്വീകാര്യയോഗ്യമല്ലെന്ന് ദൈവം വ്യക്തമാക്കുന്നു.

One thought on “നീ ഈ ജനത്തിനുവേണ്ടി പ്രാർത്ഥിക്കരുത്”

Leave a Reply

Your email address will not be published. Required fields are marked *