നീലനദി

നീലനദി (river Nile) 

സത്യവേദപുസ്തകത്തിലെ നീലനദി നൈലാണ്. (യെശ, 23:3, 10; യിരെ, 46:7,8; ആമോ, 8:8; 9:5; സെഖ, 10:11). നൈൽ ഗ്രീക്കിൽ നൈലൊസ്-ഉം ലത്തീനിൽ നീലൂസ്-ഉം ആണ്. നീലൂസ് ആണ് മലയാളത്തിൽ നീലനദിയും ഇംഗ്ലീഷിൽ നൈലും ആയത്. ഈ പേരിന്റെ ഉത്പത്തി അവ്യക്തമാണ്. പഴയനിയമത്തിൽ പൊതുവെ നദി എന്നർത്ഥമുള്ള ‘യഓർ’ ആണ് പ്രയോഗിച്ചിട്ടുള്ളത്. അബ്രാഹാമിന്റെ സന്തതിക്ക് വാഗ്ദത്തം ചെയ്ത ദേശത്തിന്റെ രണ്ടുതിരുകളാണ് നൈൽനദിയും ഫ്രാത്ത് അഥവാ യൂഫ്രട്ടീസ് നദിയും. ഇവിടെ നൈൽ നദിയെ മിസ്രയീം നദിയെന്നും യൂഫ്രട്ടീസ് നദിയെ ഫ്രാത്ത് അഥവാ മഹാനദി എന്നും പറഞ്ഞിരിക്കുന്നു. രണ്ടിടത്തും നദിയെക്കുറിക്കുന്ന എബായപദം ‘നാഹാർ’ ആണ്. (ഉല്പ, 15:18). 

ആഫ്രിക്കയിലെ ഏറ്റവും വലിയ നദിയായ നൈലിനു നീളത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനമുണ്ട്. ഏകദേ 6500 കി.മീറ്റർ നീളമുള്ള ഈ നദി മദ്ധ്യ ആഫിക്കയിലെ ‘ടാങ്കനിക്കാ’ തടാകത്തിനു സമീപത്തു നിന്നു പുറപ്പെട്ട മെഡിറ്ററേനിയൻ സമുദ്രത്തിൽ പതിക്കുന്നു. ഈജിപ്റ്റിനെ നൈലിന്റെ ദാനം എന്നാണു വിളിക്കുന്നത്. ലോകത്തിൽ വച്ചേറ്റവും ഉയരം കൂടിയ അണക്കെട്ടായ അസ്വാൻ നൈലിലാണ്. 

മുഫുംബിറോ പർവ്വതങ്ങളിൽ നിന്നും റുവൻസോറി പർവ്വതനിരകളുടെ രണ്ടുവശത്തു നിന്നുമാണ് നൈൽ നദി യഥാർത്ഥത്തിൽ ഉത്ഭവിക്കുന്നത്. ഇതിന്റെ പ്രധാന സ്രോതസ്സായ കഗേറാനദി (Kagera) ടാൻസാനിയയിലെ വിക്ടോറിയ തടാകത്തിലേക്കു ഒഴുകുന്നു. വിക്ടോറിയ തടാകത്തിൽ നിന്നാണു നൈൽ പുറപ്പെടുന്നത്. അവിടെ നദിക്ക് 400 മീറ്റർ വീതിയേ ഉള്ളൂ. ആൽബർട്ടു തടാകത്തിൽ എത്തിച്ചേരുന്ന നൈൽ അവിടെനിന്നും വടക്കോട്ടൊഴുകി സുഡാനിൽ പ്രവേശിക്കുന്നു. ‘നോ’ തടകത്തിൽ വച്ചു ‘ബാഹ്ർ എൽഘാസൽ’ നൈലിൽ വന്നു ചേരുന്നു. ഈ സംഗമസ്ഥാനം തൊട്ടു നെലിന്റെ പേര് വെള്ള നൈൽ (ബാഹ്ർ എൽ അബ്യാസ്) ആണ്. ആറാം ജലപാതത്തിനു തെക്കുവശത്തുള്ള ഖാർട്ടുമിൽ വച്ചു വെള്ള നൈലും, നീലനൈലും (ബാഹ്ർ അസ്രാഖ്) സംയോജിച്ചു യഥാർത്ഥ നൈൽ നദിയായി രൂപപ്പെടുന്നു. പിന്നീട് ഒരു മുഖ്യ പോഷകനദി മാത്രമേ (അത്ബാറ) നൈലിനോടു ചേരുന്നുള്ളു. അത്ബാറ സംഗമത്തിൽ നിന്നു 2560 കി.മീറ്റർ ഒഴുകി നൈൽ മെഡിറ്ററേനിയൻ സമുദ്രത്തോടു ചേരുന്നു. 

നൈൽ നദിയുടെ തടത്തിൽ പുല്ലും ഞാങ്ങണയും സമൃദ്ധിയായി വളരുന്നു. (ഉല്പ, 41:2). ഞാങ്ങണച്ചെടി അഥവാ പാപ്പിറസ് കടലാസുണ്ടാക്കാൻ ഉപയോഗിച്ചു വരുന്നു. ‘പാപ്പിറസ്’ എന്ന പേരിൽ നിന്നാണു പേപ്പർ വന്നത്. മഴക്കാലത്തു നൈൽ കരകവിഞ്ഞൊഴുകും. അപ്പോൾ നദിയുടെ ഇരുവശത്തുമുള്ള പാടങ്ങൾ വെളത്തിന്നടിയിലാവും. ഇക്കാലത്തെ കൃഷി ഒരു ഭാഗ്യപരീക്ഷണമായിരുന്നു. നീലനദിയിലെ കൊയ്ത്തിനെക്കുറിച്ചു യെശയ്യാവ് 23:3-ൽ പറഞ്ഞിട്ടുണ്ട്. മിസ്രയീമ്യരുടെ ഒരാരാധ്യ ദേവതയായിരുന്നു നൈൽ. യിസ്രായേൽമക്കളുടെ പുരുഷസന്താനത്തെ നൈൽനദിയിൽ ഇട്ടുകളയുവാനാണ് ഫറവോൻ കല്പിച്ചത്. യിസ്രായേലിന്റെ വീണ്ടെടുപ്പിൽ ഒരു പ്രധാന സ്ഥാനം നൈലിനുണ്ട്. മോശെയെ ഞാങ്ങണപ്പെട്ടകത്തിലാക്കി ഒളിച്ചുവെച്ചത് നൈൽ നദിയിലായിരുന്നു. പ്രസ്തുത നദിയിൽ കുളിക്കാൻ വന്ന ഫറവോന്റെ പുത്രി മോശെയെ രക്ഷപ്പെടുത്തി. മോശെ എന്ന പേരും (വെള്ളത്തിൽ നിന്നെടുക്കപ്പെട്ടവൻ) നൈലുമായി ബന്ധപ്പെട്ടതാണ്. യഹോവയെ ആരാധിക്കാൻ യിസ്രായേൽ ജനത്തെ വിട്ടയക്കണമെന്നു മോശെ ഫറവോനോട് ആവശ്യപ്പെട്ടതു നെൽനദീതീരത്തു വച്ചായിരുന്നു. (പുറ, 7:15). മിസ്രയീമ്യരുടെമേൽ യഹോവ അയച്ച പത്തുബാധകളിൽ രണ്ടെണ്ണം നൈൽനദിയുമായി ബന്ധപ്പെട്ടതാണ്. മോശ വടി ഓങ്ങി അടിച്ചപ്പോൾ നൈൽ നദിയിലെ വെള്ളം രക്തമായി, മത്സ്യം ചത്തു, നദി നാറി. (പുറ, 7:20,21). അടുത്ത ബാധയായ തവള അനവധിയായി ജനിച്ചതും നൈൽനദിയിൽ തന്നെയായിരുന്നു. (പുറ, 8:3).

Leave a Reply

Your email address will not be published.