നിത്യജീവൻ

നിത്യജീവൻ

“പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.” (റോമ, 6:23). അനന്തമായ അസ്തിത്വവും നിത്യജീവനും ഒന്നല്ല. വീണ്ടെടുക്കപ്പെട്ടവർക്കും വീണ്ടെടുക്കപ്പെടാത്തവർക്കും അനന്തമായ അസ്തിത്വം ഉണ്ട്. ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കു ലഭിക്കുന്ന അമൂല്യനിധിയാണ് നിത്യജീവൻ. അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ട് ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു (യോഹ, 10:10) എന്നു ക്രിസ്തു വെളിപ്പെടുത്തി. മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു (കൊലൊ, 1:27) എന്നതു തന്നെയാണു നിത്യജീവൻ. ക്രിസ്തുവിനെ കൈക്കൊള്ളുന്നവർ ദൈവത്തിൽ നിന്നു ജനിച്ച ദൈവമക്കളാണ്. (യോഹ, 1:13; 3:3; 1യോഹ, 5:12). നിത്യജീവനും സ്വാഭാവിക ജീവനും ഒന്നല്ല. ജനനത്തിൽ ലഭിക്കുന്ന സ്വാഭാവിക ജീവൻ മരണത്തിനധീനമാണ്. നിത്യജീവന് (ആത്മീയ ജീവൻ) ആരംഭമുണ്ടെങ്കിലും (വീണ്ടുംജനനം) അവസാനം ഇല്ല. നിത്യജീവൻ പ്രാപിക്കാതെ ഭൗതികജീവൻ മാത്രം ഉള്ളവർ അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരാണ്. (എഫെ, 2:1). പ്രാകൃതജീവൻ മാത്രമുള്ള വ്യക്തി ദൈവത്തിൽ നിന്നും വേർപെട്ടു തീപ്പൊയ്കയിൽ നിത്യം കഴിയേണ്ടി വരും. നിത്യജീവൻ പ്രാപിച്ചവർ നിത്യത മുഴുവൻ ദൈവവുമായുള്ള കൂട്ടായ്മയിൽ വസിക്കും. ദൈവത്തിൽ നിന്നുള്ള വേർപാടു നിത്യമരണവും ദൈവവുമായുള്ള കൂട്ടായ്മ നിത്യജീവനും അത്രേ.

നിത്യജീവൻ മൂന്നു നിലകളിലാണ് ദൈവവചനത്തിൽ ആവിഷ്ക്കരിച്ചിരിക്കുന്നു: 1. വീണ്ടുംജനനം ഒരു പുതിയ ജനനമാണ്. ദൈവത്തിൽ നിന്നുമാണ് ജനിക്കുകയാണ്. (യോഹ, 1:13; 3:3). നിത്യജീവൻ പ്രാപിക്കുന്നതോടുകൂടി ദൈവവും വിശ്വാസിയും പിതൃപുത്രബന്ധത്തിൽ പ്രവേശിക്കുന്നു. 2. ക്രിസ്തുവിലെ പുതിയജീവൻ ആത്മീയ പുനരുത്ഥാനമാണ്. വിശ്വാസി ക്രിസ്തുവിനോടുകൂടെ ഉയിർപ്പിക്കപ്പെട്ടു. (കൊലൊ, 3:1). ക്രിസ്തു ഇതു പ്രവചിച്ചു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കയും കേൾക്കുന്നവർ ജീവിക്കുകയും ചെയ്യുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു.” (യോഹ, 5:25). 3. പുതിയ ജീവൻ ഒരുവനെ പുതു സൃഷ്ടിയാക്കുന്നു. (2 കൊരി, 5:17). ക്രിസ്തുവിലൂടെയുള്ള പുതുജീവൻ നമ്മെ പുതുസൃഷ്ടിയാക്കുകയും നിത്യജീവന് ഓഹരിക്കാരാക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *