നിങ്ങൾ എനിക്കുവേണ്ടിത്തന്നെയോ ഉപവസിച്ചത്?

നിങ്ങൾ എനിക്കുവേണ്ടിത്തന്നെയോ ഉപവസിച്ചത്?

ഇന്നത്തെ ക്രൈസ്തവ സമൂഹത്തിൽ ഉപവാസം അനുഷ്ഠിക്കുന്ന അനേകരുണ്ട്. എന്നാൽ മനുഷ്യൻ അനുഷ്ഠിക്കുന്ന ഉപവാസങ്ങളെയും അവയുടെ ലക്ഷ്യങ്ങളെയും സർവ്വശക്തനായ ദൈവം സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് അധികമാരും ചിന്തിക്കാറില്ല. കഴിഞ്ഞി 70 വർഷങ്ങളായി അഞ്ചാം മാസത്തിലും ഏഴാം മാസത്തിലും തങ്ങൾ അനുഷ്ഠിച്ചുവരുന്ന ഉപവാസം തുടരണമോ എന്ന് തന്നോടു ചോദിക്കുന്ന പുരോഹിതന്മാർക്കും പ്രവാചകന്മാർക്കും ദൈവം നൽകുന്ന മറുപടിയിൽനിന്ന് മനുഷ്യൻ ദൈവസന്നിധിയിൽ അനുഷ്ഠിക്കുന്നുവെന്നു പ്രഖ്യാപിക്കുന്ന ഉപവാസങ്ങളുടെ ഉദ്ദേശ്യശുദ്ധി സർവ്വജ്ഞാനിയായ ദൈവം സസൂക്ഷ്മം നിരീക്ഷിക്കുന്നുവെന്ന് വ്യക്തമാകുന്നു. ദൈവം അവരോട്: “നീ ദേശത്തിലെ സകല ജനത്തോടും പുരോഹിതന്മാരോടും പറയേണ്ടതു: നിങ്ങൾ ഈ എഴുപതു സംവത്സരമായി അഞ്ചാം മാസത്തിലും ഏഴാം മാസത്തിലും ഉപവസിച്ചു വിലപിക്കയിൽ നിങ്ങൾ എനിക്കുവേണ്ടി തന്നേയോ ഉപവസിച്ചതു? (സെഖ, 7:5) എന്ന മറുചോദ്യമാണ് ചോദിക്കുന്നത്. കാരണം ഈ രണ്ട് ഉപവാസങ്ങളും അവർ തങ്ങളുടെ സ്വന്തം തീരുമാനപ്രകാരം അനുഷ്ഠിച്ചിരുന്ന ഉപവാസങ്ങളായിരുന്നു. അഞ്ചാം മാസത്തിലെ ഉപവാസം, നെബൂഖദ്നേസർ യെരുശലേമിനെ തകർത്ത് ദൈവാലയം ചുട്ടുകരിച്ചപ്പോൾ ആരംഭിച്ചതായിരുന്നു. നെബുഖദ്നേസർ തന്റെ ആക്രമണത്തിനു ശേഷം യെരുശലേമിന്റെ ഭരണത്തിനായി നിയമിച്ച ഗെദല്യാവ് കൊല്ലപ്പെട്ടതിനാൽ ദുഃഖസൂചകമായി അനുഷ്ഠിച്ചിരുന്ന ഉപവാസമായിരുന്നു ഏഴാം മാസത്തിലെ ഉപവാസം. അങ്ങനെ തങ്ങൾക്കു നേരിട്ട ഭയങ്കരവും അതിദാരുണവുമായ നാശനഷ്ടങ്ങൾ ഓർത്തു വിലാപത്തോടെ അഞ്ചാം മാസവും ഏഴാം മാസവുമായി നീണ്ട 70 വർഷങ്ങൾ അവർ നടത്തിയ ഭക്ഷണവർജ്ജനങ്ങൾ ഉപവാസങ്ങളായി അത്യുന്നതനായ ദൈവം അംഗീകരിച്ചില്ല. കാരണം അവരുടെ കരച്ചിൽ തങ്ങളുടെ പാപങ്ങളെക്കുറിച്ചുള്ള അനുതാപത്തിൽ നിന്നുള്ളതല്ലായിരുന്നു. പിന്നെയോ അത് അവരുടെ നഷ്ടബോധത്തിൽനിന്നുണ്ടായ പ്രലപനങ്ങളായിരുന്നു. സ്നേഹവാനായ ദൈവത്തോടു വിശുദ്ധിയിൽ അലിഞ്ഞു ചേരുവാനായിരുന്നില്ല അവർ ഭക്ഷണം വെടിഞ്ഞത്. പ്രത്യുത, അവരുടെ നഷ്ടപ്പെട്ട നഗരത്തോടും കൊല്ലപ്പെട്ട നേതാവിനോടുമുള്ള സ്നേഹമായിരുന്നു അവരുടെ ഉപവാസങ്ങളുടെ ഉൾക്കാമ്പ്. തങ്ങളുടെ പാപങ്ങളെക്കുറിച്ച് അനുതപിച്ച് അവ ഉപേക്ഷിച്ച് പുതിയ സ്യഷ്ടികളായിത്തീരുന്ന ഉപവാസങ്ങളിലാണ് ദൈവം പ്രസാദിക്കുന്നത്. മറിച്ച് സ്വാർത്ഥതാൽപര്യങ്ങളോടും ഭൗതികലക്ഷ്യങ്ങളോടുംകൂടെ മാനുഷികബുദ്ധിയിൽ അനുഷ്ഠിക്കുന്ന ഉപവാസങ്ങൾ ദൈവസന്നിധിയിൽനിന്ന് യാതൊരു അനുഗ്രഹങ്ങളും നേടുവാൻ കഴിയാത്ത കേവലം ഭക്ഷണവർജ്ജനങ്ങളായി മാത്രം തീരുന്നു. അപ്പോഴാണ് “നിങ്ങളുടെ ഉപവാസം എനിക്കുവേണ്ടിത്തന്നെ ആയിരുന്നുവോ?” എന്ന ദൈവത്തിന്റെ ശബ്ദം നമുക്കു കേൾക്കേണ്ടിവരുന്നത്.

Leave a Reply

Your email address will not be published.