നാശത്തിനു മുമ്പേ നിഗളം

നാശത്തിനു മുമ്പേ നിഗളം

ദൈവജനത്തെ തകർക്കുവാൻ സാത്താൻ വിദഗ്ദ്ധമായി ഉപയോഗിക്കുന്ന ആയുധമാണ് നിഗളം. തങ്ങളുടെ ബലത്തിലും ധനത്തിലും പ്രതാപത്തിലും മഹത്ത്വത്തിലും നിഗളിച്ച അനേകരെ സർവ്വശക്തനായ ദൈവം ശിക്ഷിച്ച സംഭവങ്ങൾ തിരുവചനത്തിൽ രേഖപ്പെടു ത്തിയിരിക്കുന്നു. യെഹൂദാ രാജവംശത്തിലെ അഞ്ചാമത്തെ രാജാവായ ഉസ്സീയാവിനുണ്ടായ ദൈവത്തിന്റെ ശിക്ഷ അവയിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. 16-ാമത്തെ വയസ്സിൽ രാജ്യഭാരം ഏറ്റെടുക്കേണ്ടിവന്ന ഉസ്സീയാവ് ദൈവഭയത്തോടും ഭക്തിയോടുമായിരുന്നു തന്റെ വാഴ്ച ആരംഭിച്ചത്. അവൻ ദൈവത്തിനു പ്രസാദകരമായതു ചെയ്തു. മൂന്നുലക്ഷത്തി ഏഴായിരത്തി അഞ്ഞൂറു യോദ്ധാക്കളുള്ള പ്രബലസൈന്യത്തെ വാർത്തെടുത്ത ഉസ്സീയാവിന്റെ കീർത്തി ബഹുദൂരം പരന്നു. ഇപ്രകാരം പ്രശസ്തിയുടെ പടവുകൾ കയറിക്കൊണ്ടിരുന്നപ്പോൾ ഉസ്സീയാവിൽ കടന്നുകൂടിയ നിഗളം യഹോവയുടെ ആലയത്തിലെ ധൂപപീഠത്തിൽ ധുപമർപ്പിക്കുവാൻ അവനെ പ്രേരിപ്പിച്ചു. വിശുദ്ധീകരിക്കപ്പെട്ട അഹരോന്യ പുരോഹിതന്മാർക്കു മാത്രമേ വിശുദ്ധമന്ദിരത്തിൽ യഹോവയ്ക്ക് ധൂപമർപ്പിക്കുവാൻ കഴിയുകയുള്ളുവെന്നു പറഞ്ഞ് അസര്യാ പുരോഹിതനും മറ്റ് 80 പുരോഹിതന്മാരും അവനെ തടഞ്ഞപ്പോൾ അവൻ കോപിഷ്ടനായി. ധൂപം കാട്ടുവാനായി ധൂപകലശം പിടിച്ചിരിക്കുമ്പോൾത്തന്നെ ഉസ്സീയാവിന്റെ നെറ്റിയിൽ കുഷ്ഠം പൊങ്ങി. (2ദിന, 26:19). ഉടനേതന്നെ അവനെ മന്ദിരത്തിൽനിന്നു പുറത്താക്കി. തന്റെ ശിഷ്ടായുസ്സ് മുഴുവനും അവൻ കുഷ്ഠരോഗിയായി കഴിഞ്ഞു. ഭൗതികമായ ശ്രഷ്ഠതകളും സൗഭാഗ്യങ്ങളും മനുഷ്യൻ നേടിക്കഴിയുമ്പോൾ അവനിൽ കടന്നുവരുന്ന അഹന്ത അഥവാ നിഗളം ആത്മീയ അധികാരങ്ങൾക്കുവേണ്ടിയുള്ള അന്തർദാഹം അവനിൽ ജനിപ്പിക്കുന്നു. തദനന്തരം അവന്റെ ധനത്തിന്റെയും സ്ഥാനമാനങ്ങളുടെയും സ്വാധീനത്താൽ ദൈവത്തിന്റെ ശുശ്രൂഷയെയും ശുശ്രൂഷകരെയും നിയന്ത്രിക്കുവാൻ അവൻ ശ്രമിക്കുന്നു. വിശുദ്ധമായ ദൈവിക ആരാധനകളെയും ശുശ്രൂഷകളെയും നിയന്ത്രിക്കുന്നത് അത്യുന്നതനായ ദൈവമാണെന്നു മനസ്സിലാക്കാതെ, നിഗളത്തിന് അടിമപ്പെട്ടു മനുഷ്യൻ ഭൗതിക സ്ഥാനമാനങ്ങൾകൊണ്ട് അതു കൈയടക്കുവാൻ ശ്രമിച്ചാൽ തന്റെ കോപത്തെ ജ്വലിപ്പിക്കുമെന്ന് ഉസ്സീയാവിനെ കുഷ്ഠരോഗംകൊണ്ടു ശിക്ഷിച്ച സർവ്വശക്തനായ ദൈവം മുന്നറിയിപ്പു നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *