നരകം

നരകം (hel)

ദുഷ്ടന്മാരുടെ പര്യവസാനസ്ഥാനമാണ് നരകം. മരണാനന്തരം ആത്മാക്കളുടെ വാസസ്ഥാനമായി പഴയനിയമത്തിൽ പറയപ്പെടുന്നതു ഷിയോൾ ആണ്. പ്രസ്തുത പദത്തെ കെ.ജെ.വി.യിൽ 31 പ്രാവശ്യം ശവക്കുഴി (grave) എന്നും, 31 പ്രാവശ്യം നരകം (hell) എന്നും, 3 പ്രാവശ്യം കുഴി (pit) എന്നും വിവർത്തനം ചെയ്തിട്ടുണ്ട്. മലയാളത്തിൽ 65 സ്ഥാനങ്ങളിലും പാതാളമാണ്. എന്നാൽ അവദോൻ (അബദ്ദോൻ) എന്ന എബ്രായപദത്തെ പഴയനിയമത്തിൽ അഞ്ചിടത്തും നരകം എന്നു പരിഭാഷ ചെയ്തിട്ടുണ്ട്. (ഇയ്യോ, 26:6; 28:22; 31:12; സദൃ, 15:11; 27:20). മരിച്ചവരുടെ വിശ്രമസ്ഥലത്തെയും നരകത്തെയും കുറിക്കുന്ന അഞ്ചുപദങ്ങൾ തിരുവെഴുത്തുകളിൽ പ്രയോഗിച്ചിട്ടുണ്ട്. അവ: 

1. ഷിയോൾ (പാതാളം): പാതാളം നിത്യവാസസ്ഥാനമല്ല; മരിച്ചു, പുനരുത്ഥാന പ്രതീക്ഷയിൽ പുനരുത്ഥാനംവരെ മൃതന്മാർക്കു കഴിയാനുള്ള താത്ക്കാലിക വാസസ്ഥാനം മാത്രം. 

2. ഹേഡീസ്: ഈ ഗ്രീക്കുപദം പുതിയ നിയമത്തിൽ പ്രന്തണ്ടു സ്ഥാനങ്ങളിൽ ഉണ്ട്. പതിനൊന്നിടത്തും മലയാളത്തിൽ പാതാളം എന്നു വിവർത്തനം ചെയ്തിരിക്കു ന്നു. 1കൊരിന്ത്യർ 15:55-ൽ മരണം എന്നും. പഴയനിയമത്തിൽ മരിച്ചവർ എല്ലാം തന്നെ (നീതിമാന്മാരും ദുഷ്ടന്മാരും) പാതാളത്തിലേക്കു പോകുന്നതായി കാണാം. യാക്കോബ് യോസേഫിനെ ഓർത്തു വിലപിച്ചു പറഞ്ഞതു: ഞാൻ ദുഃഖത്തോടെ എന്റെ മകന്റെ അടുക്കൽ പാതാളത്തിൽ ഇറങ്ങുമെന്നാണ്. (ഉല്പ, 37:35). “ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകല ജാതികളും പാതാളത്തിലേക്കു തിരിയും.” (സങ്കീ, 9:17). പാതാളത്തിൽ നിന്നുള്ള മോചനമായിരുന്നു. പഴയനിയമഭക്തന്മാരുടെ പ്രതീക്ഷ. “അവരെ പാതാളത്തിന്നു ആടുകളായി ഏല്പിച്ചിരിക്കുന്നു; മൃത്യു അവരെ മേയിക്കുന്നു; നേരുള്ളവർ പുലർച്ചെക്കു അവരുടെ മേൽ വാഴും. അവരുടെ രൂപം ഇല്ലാതെയാകും; പാതാളം അവരുടെ പാർപ്പിടം. എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തിൽ നിന്നു വീണ്ടെടുക്കും; അവൻ എന്നെ കൈക്കൊള്ളും.” (സങ്കീ, 49:14-15). 

ധനവാന്റെയും ലാസറിന്റെയും ഉപമയിൽ കർത്താവ് പാതാളത്തിനു രണ്ടു ഭാഗങ്ങളുണ്ടെന്നു വെളിപ്പെടുത്തി. ‘അബ്രാഹാമിന്റെ മടി’ എന്നു നീതിമാന്മാരുടെ നിവാസം വിളിക്കപ്പെടുന്നു. പുനരുത്ഥാനത്തിൽ ക്രിസ്തു പാതാളത്തിൽ ബദ്ധരായിരുന്ന നീതിമാന്മാരെ പിടിച്ചു ഉയരത്തിലേക്കു കൊണ്ടുപോയി ദൈവത്തിന്റെ വലത്തു ഭാഗത്താക്കി. “അതുകൊണ്ടു; അവൻ ബദ്ധന്മാരെ പിടിച്ചുകൊണ്ടു പോയി ഉയരത്തിൽ കയറി മനുഷ്യർക്കു ദാനങ്ങളെ കൊടുത്തു എന്നു പറയുന്നു. കയറി എന്നതിനാൽ അവൻ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങി എന്നു വരുന്നില്ലയോ? ഇറങ്ങിയവൻ സകലത്തെയും നിറെക്കേണ്ടതിനു സ്വർഗ്ഗാധിസ്വർഗ്ഗത്തിനു മീതെ കയറിവനും ആകുന്നു.” (എഫെ, 4:8-10; സങ്കീ, 68:18). “നീയോ നിന്റെ നിയമരക്തം ഹേതുവായി ഞാൻ നിന്റെ ബദ്ധന്മാരെ വെള്ളമില്ലാത്ത കുഴിയിൽ നിന്നു വിട്ടയക്കും. പ്രത്യാശയുള്ള ബദ്ധന്മാരേ , കോട്ടയിലേക്കു മടങ്ങി വരുവിൻ; ഞാൻ നിനക്കു ഇരട്ടിയായി പകരം നല്കും എന്നു ഞാൻ ഇന്നു തന്നെ പ്രസ്താവിക്കുന്നു.” (സെഖ, 9:11,12). നീതിമാന്മാരുടെ വാസസ്ഥാനമാണ് പരദീസ. പുനരുത്ഥാനം വരെയും വിശ്വാസികൾ ഇവിടെ ക്രിസ്തുവിന്റെ സന്നിധിയിൽ ബോധപൂർവ്വം കഴിയുന്നു. (ഫിലി, 1:23-24; 2കൊരി, 5:6-8). പാതാളത്തിൽ ഒരു പിളർപ്പുകൊണ്ടു പരദീസയിൽ നിന്നും വേർതിരിക്കപ്പെട്ടിരിക്കുന്ന ഭാഗമാണ് ദുഷ്ടന്മാരുടെ ആത്മാക്കളുടെ നിവാസമായ അധമപാതാളം. വെള്ളസിംഹാസന ന്യായവിധിവരെ ലോകത്തുള്ള സകല പാപികളെയും അടച്ചിരിക്കുന്ന താത്ക്കാലിക കാരാഗൃഹമാണിത്. ഇവിടെയും ആത്മാക്കൾ ബോധപൂർവ്വമാണ് കഴിയുന്നത്. യാതനാസ്ഥലമായ ഇവിടെ വിടുതലില്ലാതെ അവർ പൂർവ്വകാര്യങ്ങൾ ഓർത്തു വേദനയും യാതനയും അനുഭവിക്കുന്നു. (ലൂക്കൊ, 16:23-31) 

3. അന്ധകാരം നരകം (ടാർട്ടറൊസ്): 2പത്രൊസ് 2:4-ൽ മാത്രമേ ഈ പേരുള്ളൂ. പാപം ചെയ്ത ദൂതന്മാരെ എന്നേക്കും അടച്ചിട്ടിരിക്കുന്ന നരകമാണിത്. (യൂദാ, 6).

4. അഗാധകുപം (abyss): അഗാധകൂപത്തെ കുറിക്കുന്ന അബുസ്സൊസ് എന്ന യവനപദത്തിനു ആഴമുള്ളത് എന്നർത്ഥം.(ലൂക്കൊ, 18:31; റോമ, 10:7; വെളി, 9:1-2; 11:7; 17:8; 20:1, 3). ദുർഭൂതങ്ങളെ അടച്ചിരിക്കുന്ന സ്ഥലമാണിത്. ഗദരദേശത്തിലെ ഭൂതഗ്രസ്തനെ ബാധിച്ചിരുന്ന ലെഗ്വോൻ അഗാധകൂപത്തിലേക്കു (പാതാളത്തിലേക്കല്ല) തങ്ങളെ പോകുവാൻ കല്പിക്കരുത് എന്നാണ് യേശുവിനോടു അപേക്ഷിച്ചത്. (ലൂക്കൊ, 8:31). അസംഖ്യം വെട്ടുക്കിളിപ്പടി അഗാധകൂപത്തിലുണ്ട്. (വെളി, 9:1, 11). മഹാപീഡനകാലത്ത് അഞ്ച് മാസത്തേക്കവയെ തുറന്നുവിടും. “അവൻ അഗാധകൂപം തുറന്നു; ഉടനെ പെരുഞ്ചുളയിലെ പുകപോലെ കൂപത്തിൽ നിന്നും പുകപൊങ്ങി; കൂപത്തിന്റെ പുകയാൽ സൂര്യനും ആകാശവും ഇരുണ്ടുപോയി. പുകയിൽനിന്നു വെട്ടുക്കിളി ഭൂമിയിൽ പുറപ്പെട്ടു. അതിന്നു ഭൂമിയിലെ തേളിനുള്ള ശക്തി ലഭിച്ചു.” (വെളി, 9:2-3). സഹസ്രാബ്ദാരംഭത്തിൽ സാത്താനെ ആയിരമാണ്ടേക്ക് അടച്ചിടുന്നതും അഗാധ കൂപത്തിലാണ്. (വെളി, 20:1-3, 7). 

5. നരകം (hell): നരകത്തെ കുറിക്കുന്നതിനു ഗ്രീക്കു പുതിയനിയമത്തിൽ ഉപയോഗിച്ചിട്ടുള്ള വാക്കാണ് ഗീഹെന്നാ. ഹിന്നോം താഴ്വര എന്നാണ് അർത്ഥം. വിശ്വാസത്യാഗ കാലത്ത് യെഹൂദന്മാർ മോലേക്കിനു പൂജാഗിരികൾ പണിതു പൂജകൾ നടത്തിയത് ഇവിടെയായിരുന്നു. (1രാജാ, 11:7). യോശീയാ രാജാവിന്റെ കാലത്ത് ബെൻഹിന്നോം താഴ്വരയെ മ്ലേച്ഛസ്ഥാനമാക്കി മാറ്റി. അവിടെ ശവങ്ങൾ എറിഞ്ഞു കളകയും ദഹിപ്പിക്കുകയും ചെയ്തു. മനുഷ്യാസ്ഥികൾ കൊണ്ട് അവിടം നിറച്ചു. (2രാജാ, 23:10-14). തന്മൂലം, നഷ്ടപ്പെട്ടുപോയ ആത്മാക്കളുടെ അന്തിമവാസസ്ഥാനത്തെ കുറിക്കുവാൻ പര്യാപ്തമായ ഒരു പ്രയോഗവും പ്രതീകവുമാണ് ഹിന്നോം താഴ്വര. ഈ ആശയത്തിൽ തന്നെയാണ് ക്രിസ്തു ഈ പദം പ്രായോഗിച്ചത്. 

പുതിയനിയമത്തിൽ ഗീഹെന്നാ പന്ത്രണ്ടു സ്ഥാനങ്ങളിലുണ്ട്. (മത്താ, 5:22, 29-30; 10:28; 18:9; 23:15, 33; മർക്കൊ, 9:43, 45, 47; ലൂക്കൊ, 12:5; യാക്കോ, 3:6). പാപികളുടെ അന്തിമ യാതനാസ്ഥാനമാണിത്. നരകത്തെക്കുറിച്ചു അധികം പറഞ്ഞിട്ടുള്ളതു ക്രിസ്തു തന്നെയാണ്. 

നരകത്തിന്റെ പേരുകളും വിശേഷണങ്ങളും: 

1. നിത്യാഗ്നി: (മത്താ, 18:8; 25:41).

2. നിത്യദണ്ഡനം: (മത്താ, 25:46).

3. നിത്യശിക്ഷ: (മർക്കൊ, 3:29). 

4. അഗ്നിനരകം: (മത്താ, 5:22; 18:9; മർക്കൊ, 9:44, 46-47).

5. തീപ്പൊയ്ക: (വെളി, 20:14-15).

6. തീയും ഗന്ധകവും കത്തുന്ന പൊയ്ക്ക: (വെളി, 21:8).

7. ഏറ്റവും പുറത്തുള്ള ഇരുട്ടു: (മത്താ, 8:12; 22:13; 25:30). 

നരകത്തിലെ ദണ്ഡനോപാധികൾ: 

1. തീ: (മത്താ, 18:8; 25:41; മർക്കോ, 9:44, 46-47; യാക്കോ, 3:6; വെളി, 14:10; 20:14-15; 21:8).

2. ഗന്ധകം: (സങ്കീ, 11:6; യെശ, 30:33; വെളി, 14:10; 19:20; 21:8).

3. പുഴു: (യെശ, 14:1; മർക്കൊ, 9:44, 46, 48; 

4. പുക: (വെളി, 14:11).

5. ഇരുട്ടു: (മത്താ, 8:12; 22:13; 25:30). 

നരകവാസികൾ: 

1. സാത്താനും അവന്റെ ദൂതന്മാരും; “പിന്നെ അവൻ ഇടത്തുള്ളവരോടു ശപിക്കപ്പെട്ടവരേ, എന്നെ വിട്ടു പിശാചിനും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ.” (മത്താ, 25:41).

2. മൃഗവും കള്ള പ്രവാചകനും; “അവരെ വഞ്ചിച്ച പിശാചിനെ മൃഗവും 

കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും. അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും.” (വെളി, 20:10). 

3. അവിശ്വാസികളും ദുഷ്ടന്മാരും; “എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ, അറക്കപ്പെട്ടവർ, കൊലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്ക്കു പറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ; അതു രണ്ടാമത്തെ മരണം.” (വെളി, 21:8).

കൂടുതൽ അറിയാൻ ‘സ്വർഗ്ഗവും നരകവും‘ എന്ന e-book കാണുക.

Leave a Reply

Your email address will not be published. Required fields are marked *