നമ്മുടെ പെസഹാക്കുഞ്ഞാട്

നമ്മുടെ പെസഹാക്കുഞ്ഞാട്

മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ സംഹരിക്കുവാനായി ആബീബ് മാസം 14-ാം തീയതി യഹോവ മിസയീംദേശത്തിലൂടെ കടന്നുപോകുമ്പോൾ, യിസ്രായേൽമക്കളെ സംഹാരത്തിൽനിന്ന് ഒഴിവാക്കുന്നതിനായി, ഒരു വയസ്സു പ്രായമായ ന്യൂനതകളില്ലാത്ത ഒരു ആട്ടുകൊറ്റനെ അറുത്ത് അതിന്റെ രക്തം അവരുടെ വീടുകളുടെ കട്ടിളകളിന്മേൽ പുരട്ടുകയും, അതിന്റെ മാംസം ചുട്ട് പുളിപ്പില്ലാത്ത അപ്പത്തോടും കയ്ക്കുള്ള ചീരയോടുംകൂടെ അവർ ആ രാത്രിയിൽ ഭക്ഷിക്കുകയും ചെയ്യണമെന്ന് യഹോവ മോശെയോടു കല്പിച്ചു. മാത്രമല്ല, തലമുറതലമുറയായി തങ്ങളുടെ വിമോചനത്തെ അനുസ്മരിപ്പിക്കുന്ന ‘പെസഹ’ പെരുന്നാളായി യിസ്രായേൽമക്കൾ ആഘോഷിക്കണമെന്നും യഹോവ അരുളിച്ചെയ്തു. യിസ്രായേൽമക്കളുടെ വിടുതലിന്റെ പ്രതീകമായിരുന്ന ‘പെസഹ’ നൂറ്റാണ്ടുകൾക്കുശേഷം ദൈവത്തിന്റെ ഓമനപ്പുതൻ മാനവജാതിയെ രക്ഷിക്കുവാൻ പെസഹാക്കുഞ്ഞാടായി സ്വയം അർപ്പിക്കുന്നതിന്റെ മുൻകുറി കൂടിയായിരുന്നു. എന്തെന്നാൽ യേശുവും, പ്രായം കുറഞ്ഞതും ആണുമായിരുന്ന പെസഹാക്കുഞ്ഞാടിനെപ്പോലെ ആയിരുന്നു. അവനിൽ യാതൊരു ന്യൂനതയും (പാപം) ഇല്ലായിരുന്നു. (1പത്രൊ, 1:19). പെസഹാക്കുഞ്ഞാടിനെ നാലു ദിവസം പരിശോധനയ്ക്കു വിധേയമാക്കിയിരുന്നുവെങ്കിൽ, യേശുവിന്റെ ജീവിതകാലം മുഴുവൻ അവൻ പരിശോധനാവിധേയനായിരുന്നു. പെസഹാക്കുഞ്ഞാട് പരസ്യമായിട്ടാണ് അറുക്കപ്പെട്ടിരുന്നത്. യേശുവും പരസ്യമായി ക്രൂശിക്കപ്പെട്ടു. പെസഹാക്കുഞ്ഞാടിന്റെ രക്തത്താൽ യിസ്രായേൽമക്കളുടെ ആദ്യജാതന്മാർ രക്ഷ പ്രാപിച്ചതുപോലെ യേശുവിന്റെ രക്തത്താൽ നാം പാപവിമോചിതരായി ആത്മീയ മരണത്തിൽ നിന്നു രക്ഷപ്രാപിച്ചു. അതുകൊണ്ടാണ് യേശുവിനെ “ലോകത്തിന്റെ പാപം വഹിക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” എന്ന് യോഹന്നാൻ സ്നാപകനും (യോഹ, 1:29), “നമ്മുടെ പെസഹകൂഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു; ക്രിസ്തു തന്നേ”(1കൊരി, 5:7) എന്ന് പൗലൊസും പ്രഖ്യാപിക്കുന്നത്. നമുക്കുവേണ്ടി അറുക്കപ്പെട്ട പെസഹാക്കുഞ്ഞാടിനെ കണ്ടെത്തുവാനും, അവനെ മാതൃകയാക്കാനും ജീവിതയാത്രയിൽ നമുക്കു കഴിഞ്ഞിട്ടുണ്ടോ എന്ന് നാം വ്യക്തമായി പരിശോധിക്കണം.

Leave a Reply

Your email address will not be published.