നക്ഷത്രഫലം

നക്ഷത്രഫലം

അനിശ്ചിതത്വവും അസമാധാനവും അസന്തുഷ്ടിയും നിറഞ്ഞ ജീവിതയാത്രയിൽ ഭാവിയെ കുറിച്ചറിയുവാനുള്ള ആകാംക്ഷയാൽ ആധുനിക മനുഷ്യൻ നെട്ടോട്ടമോടുകയാണ്. അവനെ തൃപ്തിപ്പെടുത്തുന്നതിനായി പത്രമാദ്ധ്യമങ്ങൾ പ്രതിദിന പ്രവചനങ്ങളും വാരഫലങ്ങളും നക്ഷത്ര ഫലങ്ങളുമൊക്കെ പരസ്പരം മത്സരിച്ചു പ്രസിദ്ധീകരിക്കുന്നു. ഒരു വലിയ വിഭാഗം ക്രൈസ്തവ സഹാദരങ്ങൾ തങ്ങളുടെ ഭാവികാര്യങ്ങൾ ക്രമപ്പെടുത്തുവാനായി ഇപ്രകാരമുള്ള നക്ഷത്രഫലങ്ങളെ ആശ്രയിക്കുന്നുവെന്ന യാഥാർത്ഥ്യം ആർക്കും നിഷേധിക്കുവാൻ സാദ്ധ്യമല്ല. ജാതകം എഴുതിക്കുന്നവർ, ശുഭകർമ്മങ്ങൾക്കായി നല്ല ദിവസങ്ങൾ തേടിപ്പോകുന്നവർ, പ്രതിവർഷജന്മഫലം ആരാഞ്ഞറിയുന്നവർ, വാരഫലം അത്യാകാംക്ഷയോടെ കാത്തിരുന്നു വായിക്കുകയോ പ്രക്ഷേപണ മാധ്യമങ്ങളിലൂടെ കേൾക്കുകയോ ചെയ്യുന്നവർ തുടങ്ങി, എല്ലാവരും നക്ഷത്രങ്ങൾ തിരിയുന്നതനുസരിച്ച് തങ്ങളുടെ ഭാവി തിരിക്കുന്നവരാണ്. ഇങ്ങനെ നക്ഷത്രങ്ങളെ ആശ്രയിക്കുന്ന ക്രൈസ്തവ സഹോദരങ്ങൾ, വിഗ്രഹാരാധനയാണ് തങ്ങൾ നടത്തുന്നതെന്ന് ഓർക്കുന്നില്ല. എന്തെന്നാൽ നമ്മുടെ ഓരോ നിമിഷവും ദൈവകരങ്ങളിലാണെന്നും ദൈവത്തിനു മാത്രമേ അടുത്ത നിമിഷത്തെ നമുക്കായി തരുവാൻ കഴിവുള്ളുവെന്നും മറക്കുന്നവരാണ് ഭാവിയെക്കുറിച്ചുളള ഉൽക്കണ്ഠയിൽ നക്ഷത്രങ്ങളെ നോക്കുന്നത്. ഭാവി സുരക്ഷിതമാക്കുവാൻ നക്ഷത്രങ്ങളെ നോക്കുന്നവരുടെ (ജ്യോത്സ്യന്മാരുടെ) പ്രവചനങ്ങൾ കേൾക്കുന്നവർക്ക് ദൈവത്തെ ആശ്രയിക്കുവാൻ കഴിയുകയില്ല. ജ്യോതിഷപ്രവചനങ്ങളിൽ ആശ്രയിച്ച് “ഞാൻ മാത്രം, എനിക്കു തുല്യയായി മറ്റാരും ഇല്ല” (യെശ, 47’10) എന്ന് ഹൃദയത്തിൽ പറഞ്ഞ ബാബിലോണിനെ പുത്രനഷ്ടവും വൈധവ്യവുംകൊണ്ടു ശിക്ഷിക്കുമെന്നു മുന്നറിയിപ്പു നൽകുന്ന ദൈവം, അവർ ആശ്രയിച്ച് നക്ഷത്രങ്ങൾ അവരെ രക്ഷിക്കുവാൻ വെല്ലുവിളിക്കുന്നു. മനുഷ്യനു പ്രകാശം ചൊരിയുവാൻ സർവ്വശക്തനായ ദൈവം സൃഷ്ടിച്ച് ആകാശവിതാനത്തിലാക്കിയ നക്ഷത്രങ്ങൾക്ക് മനുഷ്യന്റെ ഭാവി നിർണ്ണയിക്കുവാനോ നിയന്ത്രിക്കുവാനോ കഴിയുകയില്ല. യഹോവയുടെ കോപത്തിൽ നക്ഷത്രങ്ങളും നക്ഷത്രരാശികളും വെളിച്ചം തരുകയില്ല. (യെശ, 13:10). കാർത്തിക നക്ഷത്രവും മകയിരം നക്ഷത്രവും സൃഷ്ടിച്ച യഹോവയെ അന്വേഷിക്കുവാൻ (ആമോ, 5:8) തിരുവചനം ആഹ്വാനം ചെയ്യുന്നു. ഒരു ദൈവപൈതലിനെ സകല സത്യത്തിലും മടത്തുന്നത് വാരഫലങ്ങളുടെയും അനുദിന നക്ഷത്രഫലങ്ങളുടെയും പത്രപംക്തികളോ മറ്റു പ്രക്ഷേപണ മാദ്ധ്യമങ്ങളോ അല്ല, പിന്നെയോ ദൈവത്തിന്റെ പരിശുദ്ധാത്മാവാണ്.

Leave a Reply

Your email address will not be published. Required fields are marked *