ദൈവത്തിനുവേണ്ടി പീഡനങ്ങൾ

ദൈവത്തിനുവേണ്ടി പീഡനങ്ങൾ

ദൈവവിളി കേട്ട്, ദൈവത്തെ സമ്പൂർണ്ണമായി അനുസരിച്ച് മുമ്പോട്ടു പോകുന്നവർ നേരിടേണ്ടിവരുന്ന ഭീകരമായ പീഡനങ്ങളുടെ ഉദാഹരണങ്ങൾ തിരുവചനത്തിൽ നിരവധിയാണ്. ‘കരയുന്ന പ്രവാചകൻ’ എന്നു വിളിക്കപ്പെടുന്ന യിരെമ്യാവ് ദൈവത്തെ സമ്പൂർണ്ണമായി അനുസരിച്ചതുകൊണ്ട് അനുഭവിക്കേണ്ടിവന്ന യാതനകൾ അസംഖ്യമായിരുന്നു. സർവ്വശക്തനായ ദൈവം യിരെമ്യാവിനെ അവന്റെ അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനു മുമ്പ് അറിയുകയും, അവന്റെ ജനനത്തിനുമുമ്പ് ജനതകളുടെ പ്രവാചകനായി നിയമിക്കുകയും, യൗവനാരംഭത്തിൽ തന്റെ പ്രവാചകനായി നിയോഗിക്കുകയും ചെയ്തു. ദൈവത്തിന്റെ അരുളപ്പാടുകൾ മുഖപക്ഷം നോക്കാാത, യിരെമ്യാവ് സത്യസന്ധമായി പ്രവചിച്ചതിനാൽ അവന്റെ ജീവിതം പീഡനങ്ങളും യാതനകളും നിറഞ്ഞതായിത്തീർന്നു. യിരെമ്യാവിന്റെ സഹോദരന്മാരും പിതൃഭവനവും അവനോടു ദ്രോഹം ചെയ്യുകയും അവനെ പരിഹസിക്കുന്നവരോടൊപ്പം ആർപ്പുവിളിക്കുകയും ചെയ്തു. (യിരെ, 12:6). യഹോവയുടെ നാമത്തിൽ അവൻ പ്രവചിച്ചിരുന്നതിനാൽ അവന്റെ ജന്മനാടായ അനാഥോത്തിലെ നിവാസികൾ അവനു പ്രാണഹാനി വരുത്തുവാൻ ഗൂഢാലോചന നടത്തി. (യിരെ, 11:18-21). യിരെമ്യാവിന്റെ പ്രവചനത്താൽ യഹോവയുടെ ആലയത്തിലെ മേൽവിചാരകനായ പശ്ഹൂർ പുരോഹിതൻ കോപാകുലനായി അവനെ അടിക്കുകയും ആമത്തിവിടുകയും ചെയ്തു. (യിരെ, 20:1,2). അവൻ എല്ലാവരാലും പരിഹസിക്കപ്പെട്ടു (യിരെ, 20:7), യെഹൂദാരാജാക്കന്മാർ യിരെമ്യാവിനോടു കോപിച്ച് അവനെ കാരാഗൃഹത്തിലാക്കി, വളരെ നാളുകൾക്കുശേഷം സിദെക്കീയാരാജാവ് അവനെ കാരാഗൃഹത്തിൽനിന്നു വരുത്തി, യെഹൂദായെക്കുറിച്ചുള്ള ദൈവത്തിന്റെ അരുളപ്പാട് എന്താണെന്നു ചോദിച്ചു. കൽദയരുടെ അടുത്തേക്കു ചെല്ലുന്നവർ മാത്രമേ ജീവനോടെ അവൾഷിക്കുകയുള്ളുവെന്നും, അങ്ങനെ ചെയ്യാതിരിക്കുകയാണെങ്കിൽ ബാബിലോണ്യ സൈന്യത്തിന്റെ കൈയിൽ നഗരം എല്പിക്കപ്പെടുമെന്നുള്ള യഹോവയുടെ അരുളപ്പാട് യിരമ്യാവ് അവനെ അറിയിച്ചു. അപ്പോൾ അവർ അവനെ കയറുകൊണ്ട് കെട്ടി ഒരു കുഴിയിൽ ഇറക്കി. അതിൽ ചെളിയല്ലാതെ വെള്ളമില്ലായിരുന്നു; യിരെമ്യാവ് ചെളിയിൽ താണു. (യിരെ, 38:6). കത്തിയെരിഞ്ഞു ചാമ്പലായ യെരൂശലേം ദൈവാലയവും രാജകൊട്ടാരങ്ങളും യെരുശലേമിലെ എല്ലാ ഭവനങ്ങളും തന്റെ കൺമുമ്പിൽ നടന്ന സകല കൂട്ടക്കൊലകളും യിരെമ്യാവിൽ സൃഷ്ടിച്ച നിത്യമായ മാനസികപീഡനം തന്റെ ശാരീരിക പീഡനത്തെക്കാൾ എത്രയോ അധികമായിന്നു എങ്കിലും യിരെമ്യാവ് അന്ത്യംവരെയും തന്നെ വിളിച്ച ദൈവത്തെ സമ്പൂർണ്ണമായി അനുസരിച്ച് വിശ്വസ്തത പാലിച്ചു. ശാരീരിക മാനസിക പീഡനങ്ങളുടെ നടുവിൽ അചഞ്ചലനായി നിലകൊണ്ട്, ദൈവത്തിന്റെ വിശ്വസ്തദാസനായ യിരെമ്യാപവാചകൻ ദൈവജനത്തിന് അനുകരണീയ മാത്യകയാണ്.

Leave a Reply

Your email address will not be published.