ത്രിത്വക്കാരോട് ചില ചോദ്യങ്ങൾ

ത്രിത്വക്കാരോട് ചില ചോദ്യങ്ങൾ

1. ‘യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല’ എന്നു ബൈബിൾ പറയുമ്പോൾ; പുത്രനും പരിശുദ്ധാത്മാവും ത്രിത്വത്തിനാരാണ്?

[ചോദ്യം വിശദമായി: യഹോവയും പുത്രനും പരിശുദ്ധാത്മാവുമാണ് ത്രിത്വത്തിലെ മൂന്നു വ്യക്തികൾ. ‘ദൈവം ഏകൻ’ എന്നു ബൈബിൾ പറയുന്നതിനെ ത്രിത്വം വ്യാഖ്യാനിക്കുന്നത്; “ജാതികളുടെ ദൈവങ്ങളിൽ നിന്നു സത്യദൈവത്തെ വേർതിരിച്ചു കാണിക്കാനാണ് ദൈവം ഏകൻ എന്നു പറഞ്ഞിരിക്കുന്നത്.” പൗലൊസ് പറയുന്നു; “എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു.” (1കൊരി, 8:5,6). പിതാവെന്നു പറയുന്നത് ത്രിത്വത്തിലെ ഒരു വ്യക്തി മാത്രമാണ്. ത്രിത്വത്തിലൊരു ഒരു വ്യക്തിയായ യഹോവയെപ്പോലെ സ്വർഗ്ഗത്തിലും ഭൂമിയിലും യാതൊരു ദൈവവുമില്ലെന്ന് പഴയനിയമവും ആവർത്തിച്ചു പറയുന്നു. (1രാജാ, 8:23; ആവ, 3:24: യോശു, 2:11; 2ദിന, 6:14). ജാതികൾക്ക് ദേവന്മാരോ, ദൈവങ്ങളോ ഉണ്ടെങ്കിൽത്തന്നെ സ്വർഗ്ഗത്തിലല്ല അവറ്റകളുടെ പാർപ്പിടം; ആകാശമണ്ഡലത്തിലോ, ഭൂമിയിലോ ആയിരിക്കും. ബൈബിൾ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു: ‘സ്വർഗ്ഗത്തിലും ഭൂമിയിലും യഹോവയെന്ന വ്യക്തിയെപ്പോലെ മറ്റൊരുത്തനുമില്ല.’ അപ്പോൾ, യഹോവയോടു സമത്വം പങ്കിടുന്നുവെന്ന് ത്രിത്വം പഠിപ്പിക്കുന്ന പുത്രനും പരിശുദ്ധാത്മാവും ദൈവമല്ലേ? ആണെങ്കിൽ അവർ എവിടെപ്പോയി? ഏതുലോകത്ത് വസിക്കുന്നു? എന്തായാലും സ്വർഗ്ഗത്തിലും ഭൂമിയിലും യഹോവയോടു സമത്വം അവകാശപ്പെടാൻ ആരുമില്ല; നിങ്ങളുടെ പുത്രനായാലും പരിശുദ്ധാത്മാവായാലും. സത്യത്തിൽ ത്രിത്വോപദേശംകൊണ്ട് നിങ്ങൾ എന്താണ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്? പുത്രനും പരിശുദ്ധാത്മാവും ദൈവമല്ലന്നോ? അതേ നടക്കൂ; അതാണല്ലോ സാത്താൻ ആഗ്രഹിക്കുന്നതും]

2. ‘ഒരു, ഒന്നു, ഏകൻ’ എന്നിങ്ങനെ പഴയപുതിയ നിയമങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന echad-നും heis-നും ബഹുത്വമുണ്ടെന്നു പറയുന്ന നിങ്ങൾ, ‘ഒരു ദൈവം മൂന്നു വ്യക്തികളെന്നു’ എങ്ങനെ പറയും? ‘ഒന്നിലധികം ദൈവം മൂന്നു വ്യക്തികൾ’ എന്നല്ലേ പറയേണ്ടത്?

[ചോദ്യം വിശദമായി: ത്രിത്വവിശ്വാസപ്രകാരം ‘ഒരു ദൈവവും മൂന്നു വ്യക്തികളും’ (One God is three persons) ആണുള്ളത്. ‘ഒരു’ (one) എന്ന പദത്തിന് ബഹുത്വമുണ്ടെന്നു പറയുന്നതും നിങ്ങൾ തന്നെയാണ്. അങ്ങനെയെങ്കിൽ ‘ഒരു ദൈവം’ എന്നു പറയുമ്പോൾ, ഒന്നിലധികം ദൈവങ്ങളായില്ലേ? അതായത്, നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ; ഒന്നിനു ഒറ്റയായ (only) എന്ന ഖണ്ഡിതമായ അർത്ഥമില്ല. തന്മൂലം ഒരു ദൈവം (one God) എന്നാൽ ‘ഒരേയൊരു ദൈവം’ (the only God) എന്നർത്ഥം വരുന്നില്ല. തന്നിമിത്തം ‘ഒരു ദൈവം മൂന്നു വ്യക്തികൾ’ എന്ന നിങ്ങളുടെ പ്രയോഗം തെറ്റാണ്. ‘ഒന്നിലധികം ദൈവങ്ങൾ മൂന്നു വ്യക്തികൾ’ എന്ന പ്രയോഗമാണ് ശരി. ഒരുപക്ഷെ, ബൈബിളിൻ്റെ മൂലഭാഷയായ എബ്രായയിലെയും ഗ്രീക്കിലെയും ഒന്നിനാണ് ബഹുത്വമുള്ളത്, മറ്റു ഭാഷകളിൽ ബഹുത്വമില്ല; അതുകൊണ്ട് ആ പ്രയോഗം തെറ്റല്ലെന്നു നിങ്ങൾ വാദിക്കുമായിരിക്കും. എബ്രായർക്കു വേണ്ടിയാണ് പ്രധാനമായും ക്രിസ്തു വന്നത്. അഥവാ എബ്രായരിൽ തുടങ്ങി സകല ജാതികളേയും രക്ഷിക്കാനാണ് യഹോവ മനുഷ്യനായി വെളിപ്പെട്ടത്. ദൈവസഭയുടെ ആദ്യാംഗങ്ങൾ എബ്രായരും ഗ്രീക്കുഭാഷ സംസാരിക്കുന്നവരും തന്നെയായിരുന്നു. അവരുടെ ഭാഷയിൽ എന്തെഴുതിയിരിക്കുന്നോ അതാണ് തിരുവചനം. അതിനോടു കൂട്ടുചേർക്കാൻ ഒരു ഭാഷക്കാർക്കും അനുവാദമില്ല. ‘ഒരു ദൈവം’ എന്നു എബ്രായഗ്രീക്കു ഭാഷകളിൽ എഴുതിവെച്ചിട്ടുണ്ട്. ആ ‘ഒരു’ എന്ന പദത്തിനു ബഹുത്വമുണ്ടെന്നു പറയുന്ന നിങ്ങൾ ഏകദൈവ വിശ്വാസികളാണെന്നു പറയുവാൻ ഒരു ന്യായവുമില്ല. നിങ്ങൾ ബഹുദൈവ വിശ്വാസികളാണ്; ഒരുതർക്കവുമില്ല. അപ്പൊഴെങ്ങനാ: നിങ്ങൾക്ക് ഒന്നിലധികം ദൈവങ്ങളുണ്ടെന്ന് സമ്മതിക്കുകയല്ലേ? ധൈര്യമായി സമ്മതിച്ചോ; ത്രിത്വവിശ്വാസികൾ പലരും സമ്മതിച്ചിട്ടുണ്ട്.]

3. സമനിത്യതരും വ്യതിരിക്തരുമായ മൂന്നു വ്യക്തികൾ എങ്ങനെ ഒരു ദൈവമാകും? 

[ചോദ്യം വിശദമായി: ദൈവം ഊസിയയിൽ അഥവാ സാരാംശത്തിൽ ഒന്നാണെന്നാണ് ത്രിത്വം പഠിപ്പിക്കുന്നത്. “ഒരു വർഗ്ഗത്തെ മറ്റൊരു വർഗ്ഗത്തിൽനിന്നു വിവേചിക്കുന്നത് എന്താണോ അതാണ് ഊസിയ.” ദൈവത്തിൻ്റെ ഊസിയ എന്നു പറയുന്നത്; നിത്യൻ, സർവ്വജ്ഞാനി, സർവ്വവ്യാപി, സർവ്വശക്തൻ എന്നീ സവിശേഷഗുണങ്ങളാണ്; ഇത് ദൈവത്തിനു മാത്രമുള്ളതാണ്. മാത്രമല്ല മൂന്നുപേർക്കും തുല്യമായുള്ള ഈ ദൈവീകഗുണങ്ങൾ വിഭജിക്കപ്പെടുകയാണെങ്കിൽ മൂന്നു വ്യത്യസ്ത ദൈവങ്ങളായി മാറുമെന്നും ത്രിത്വം പഠിപ്പിക്കുന്നു. അതായത് നിത്യത്വം ഒന്നുമാത്രമേയുള്ളു; കാരണം ഒരു ദൈവമേയുള്ളു. അപ്പോൾ നിത്യരും വ്യത്യസ്തരുമായ മൂന്നു വ്യക്തികളെന്നു പറഞ്ഞാൽ, നിത്യത്വം വിഭജിക്കപ്പെട്ടില്ലേ? അപ്പോൾത്തന്നെ നിത്യനായവൻ ദൈവവുമാണ്. ഉദാ: പുത്രൻ നിത്യനാണെന്നു പറഞ്ഞിട്ടു ദൈവമാണെന്നും എടുത്തുപറയേണ്ട കാര്യമില്ല. തന്മൂലം, വ്യത്യസ്തരായ മൂന്നു നിത്യന്മാർ (ദൈവങ്ങൾ) ഒരു ദൈവമാകില്ല. ഇനിയും ഒരേ ദൈവവർഗ്ഗത്തിലുള്ള മൂന്നു വ്യത്യസ്ത വ്യക്തികൾ ഊസിയയിൽ ഒന്നാകുമെങ്കിൽ, യേശുവിൻ്റെ ശിഷ്യന്മാർ ഒരേ മനുഷ്യവർഗ്ഗത്തിലുള്ളവരും വ്യത്യസ്ത വ്യക്തികളും ആയതുകൊണ്ട് യേശു ഒരു മനുഷ്യനെ തിരഞ്ഞെടുത്തു 12 ശിഷ്യന്മാരാക്കി എന്നു പറഞ്ഞാൽ ആ പ്രയോഗം ശരിയാകണമല്ലോ? മനുഷ്യൻ്റെ ഊസിയ എന്താണെന്നറിയാമോ? “ചിരിക്കുന്നവൻ, ചിന്തിക്കുന്നവൻ, സാമുഹിക സാംസ്കാരിക രാഷ്ട്രീയ ബോധമുള്ളവൻ, പലതും നിർമ്മിക്കാൻ കഴിവുള്ളവൻ തുടങ്ങിയവയാണ്.” ഭൂമിയിലെ 770 കോടി വരുന്ന വ്യത്യസ്ത വ്യക്തികളെ ഒരേ മനുഷ്യവർഗ്ഗത്തിലുള്ളവർ ആകകൊണ്ടും ഊസിയയിൽ ഒന്നാകുകകൊണ്ടും ഭൂമിയിൽ ഒരു മനുഷ്യനേയുള്ളു എന്നു പറഞ്ഞാലും ശരിയാകുമോ? ഇല്ലല്ലേ? തന്മൂലം ത്രിത്വനിർവ്വചനംപോലും അതിൽത്തന്നെ തെറ്റാണെന്ന വസ്തുത നിങ്ങൾ അംഗീകരിക്കുന്നോ?]

4. പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന വ്യത്യസ്ത വ്യക്തികളുടെ ദൈവത്വം ഊസിയയിൽ ഒന്നാക്കിയ ത്രിത്വത്തിനു അവരുടെ വ്യക്തിത്വം ഊസിയകൊണ്ട് ഒന്നാക്കാൻ കഴിയാത്തതെന്താ?

[ചോദ്യം വിശദമായി: പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവമാണെന്നു ബൈബിളിൽ എഴുതിവെച്ചിട്ടുണ്ട്. എന്നിട്ടും നിങ്ങൾ മൂന്നു ദൈവങ്ങളെന്നു പറയില്ല; ഊസിയയിൽ ഒന്നാണെന്നു പറയും. പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യക്തികളാണെന്നോ, വ്യത്യസ്തരാണെന്നോ ബൈബിളിൽ എഴുതിയിട്ടില്ല (വ്യക്തികൾ അല്ലെന്നല്ല). എന്നിട്ടും ഈ വ്യക്തികളെ ഊസിയകൊണ്ട് ഒന്നാക്കാൻ കഴിയാത്തതെന്താ? ദൈവത്വത്തിൽ മാത്രമേ ഊസിയ പ്രവർത്തിക്കുകയുള്ളോ; വ്യക്തിത്വത്തിൽ പ്രവർത്തിക്കില്ലേ? ദൈവം ഏകനാണെന്ന് ബൈബിൾ ആവർത്തിച്ചു പറയുന്നിടത്താണ് നിങ്ങൾ ദൈവത്തെ ഊസിയകൊണ്ട് ഒന്നാക്കിയതെന്നോർക്കണം. അത്ഭുതം!]

5. പിതാവും പുത്രനും പരിശുദ്ധാത്മാവും മൂന്നു വ്യത്യസ്ത വ്യക്തികളാണെന്നു ബൈബിളിൽ ഇല്ലാതിരിക്കേ ത്രിത്വക്കാർ അതെവിടെന്നാണ് കണ്ടെത്തിയത്?

[ചോദ്യം വിശദമായി: വ്യക്തിത്വം അഥവാ ഹൈപൊസ്റ്റാസിസ് എന്താണെന്നു ത്രിത്വം നിർവ്വചിച്ചിട്ടുണ്ട്: “ഒരേ വർഗ്ഗത്തിൽ തന്നെയുള്ള ഒന്നിൽനിന്നും മറ്റൊന്നിനെ വിവേചിക്കുന്നത് എന്താണോ അതാണ് ആളത്വം അഥവാ വ്യക്തിത്വം.” ത്രിത്വത്തിലെ വ്യത്യസ്ത വ്യക്തികൾക്ക് ഉദാഹരണവുമുണ്ട്: ”പിതാവ് പിതാവാണ്; പുത്രനോ പരിശുദ്ധാത്മാവോ അല്ല. പുത്രൻ പുത്രനാണ്; പിതാവോ പരിശുദ്ധാത്മാവോ അല്ല. പരിശുദ്ധാത്മാവ് പരിശുദ്ധാത്മാവാണ്; പിതാവോ പുത്രനോ അല്ല.” പിതാവ് പുത്രനെ സൃഷ്ടിക്കുകയോ, ജീവശാസ്ത്രപരമായി ജനിപ്പിക്കുകയോ ചെയ്തിട്ടാണോ പിതാവായത്? പുത്രൻ സൃഷ്ടിക്കപ്പെടുകയോ, ജീവശാസ്തപരമായി ജനിപ്പിക്കപ്പെടുകയോ വഴിയാണോ പുത്രനായത്? പരിശുദ്ധാത്മാവും ആരുടേയും സൃഷ്ടിയല്ലല്ലോ?  അങ്ങനെയായിരുന്നെങ്കിൽ മേല്പറഞ്ഞ നിർവ്വചനവും ഉദാഹരണവും ശരിയാണ്. കേരളത്തിൻ്റെ ഇപ്പോഴത്തെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും വിജിലൻസ് മന്ത്രിയും വ്യത്യസ്ത വ്യക്തികളാണെന്നു പറയുന്നതുപോലെ മണ്ടത്തരമാണത്. പിന്നെങ്ങനെ മൂന്നു വ്യത്യസ്ത വ്യക്തികളെന്നു പറയാൻ കഴിയും? സാക്ഷാൽ ദൈവം പൂർണ്ണമനുഷ്യൻ മാത്രമായി ജഡത്തിൽ വെളിപ്പെട്ടു നിന്നുകൊണ്ടാണ് ദൈവവുമായി സംസാരിക്കുന്നതും പിതാവിനെയും ചേർത്ത് ‘ഞങ്ങൾ’ എന്നു ബഹുവചനത്തിൽ പറയുന്നതെന്നും, അവൻ മനുഷ്യനെന്ന നിലയിൽ ഭൂമിയിൽ ഇപ്പോഴില്ലെന്നും കുറിക്കൊള്ളുക.]

6. ദൈവം ഏകനാണെന്നു പഴയപുതിയ നിയമങ്ങൾ ആവർത്തിച്ചു പറയുമ്പോൾ ദൈവം ത്രിത്വമാണെന്ന് പറയാനും പഠിപ്പിക്കാനും എന്തു ന്യായമാണുള്ളത്?

[ചോദ്യം വിശദമായി: ദൈവം ത്രിത്വമാണെന്നു ഒരിടത്തുപോലുമില്ല. അപ്പോൾത്തന്നെ ഏകൻ, ഏകസത്യദൈവം, ഏകദൈവമേ നമുക്കുള്ളു, ഒരുവൻ, ദൈവമോ ഒരുത്തൻ മാത്രം, ഞാനല്ലാതെ മറ്റൊരുത്തനുമില്ല, യഹോവയ്ക്ക് തുല്യനും സദൃശനുമായി ആരുമില്ല എന്നിങ്ങനെ നൂറിലേറേ വാക്യങ്ങളുണ്ട്. (കാണാൻ ‘ദൈവമോ ഒരുത്തൻ മാത്രം‘ ക്ലിക്ക് ചെയ്യുക). ത്രിത്വമെന്ന ആശയമുണ്ടെന്നു നിങ്ങൾ പറയുന്നു. പക്ഷെ, ബൈബിളിൻ്റെ ആഖ്യാനത്തിലില്ല; വ്യാഖ്യാനിച്ചു നിങ്ങളങ്ങനെ വിശ്വസിക്കുന്നു എന്നുമാത്രം. ഇനി ആശയമുണ്ടെന്നു സമ്മതിച്ചാൽത്തന്നെ ദൈവം ഏകനാണെന്ന് സ്ഫടികസ്ഫുടമായി എഴുതിയിരിക്കേ ആശയംകൊണ്ട് അതിനു വിപരീതമായി (പരിശുദ്ധാത്മാവ് എഴുതി വെച്ചിരിക്കുന്നതിന് വിപരീതമായി) എങ്ങനെ ത്രിത്വമാണെന്നു സ്ഥാപിക്കാൻ കഴിയും?]

7. എലോഹീം ബഹുവചനമായതു കൊണ്ട് ദൈവത്തിനു ബഹുത്വമുണ്ടന്നു പഠിപ്പിക്കുന്ന നിങ്ങൾ പഴയനിയമത്തിലെ പരിശുദ്ധാത്മാവ് സ്ത്രീയാണെന്നും പുതിയനിയമത്തിലെ പരിശുദ്ധാത്മാവ് നപുംസകമാണെന്നും പഠിപ്പിക്കാത്തതെന്താണ്?

[ചോദ്യം വിശദമായി: എലോഹീം ബഹുവചനമാണ്. എന്നാൽ എല്ലാ സ്ട്രോംങ് ഡിക്ഷണറിയിലും പറയുന്നത്; ‘എലോഹീം സത്യദൈവത്തിനു ഉപയോഗിച്ചിരിക്കുന്നത് ഏകവചനമായിട്ടാണ് അഥവാ, ഏകവചനത്തിൽ മനസ്സിലാക്കണം’ എന്നാണ്. എന്നിട്ടും നിങ്ങൾ ഏകസത്യദൈവത്തിൽ ബഹുത്വം ആരോപിക്കുന്നു. അങ്ങനെയെങ്കിൽ പഴയനിയമത്തിലെ പരിശുദ്ധാത്മാവിനെ കുറിക്കുന്ന റൂവഹ് സ്ത്രീലിംഗമാണെന്നും പുതിയനിയമത്തിലെ പ്ന്യൂമ നപുംസകമാണെന്നും മറന്നുപോയോ?  പഴയനിയമത്തിലെ പരിശുദ്ധാത്മാവ് സ്ത്രീയാണെന്നും പുതിയനിയമത്തിലെ പരിശുദ്ധാത്മാവ് ട്രാൻസ്ജെൻഡറാണെന്നും ആരെങ്കിലും പറഞ്ഞാൽ നിങ്ങൾ സമ്മതിക്കുമോ? ഭാഷയിലെ വചനവും ലിംഗവും നോക്കിയാണോ ദൈവത്തിൻ്റെ പ്രകൃതി നിർണ്ണയിക്കുന്നത്?]

8. പഴയനിയമത്തിലെ ഒന്നിനെ കുറിക്കുന്ന എഖാദിനും പുതിയനിയമത്തിലെ ഹെയ്സിനും ബഹുത്വമുണ്ടെന്നും, യാഖീദ് എന്ന ഖണ്ഡിതമായ എബ്രായപദം ദൈവത്തിന് ഉപയോഗിച്ചിട്ടില്ലെന്നും, അക്കാരണത്താൽ ദൈവം ബഹുത്വമാണെന്നും പറഞ്ഞ് വിശ്വാസികളെ നിങ്ങൾ കബളിപ്പിക്കുകയല്ലേ ചെയ്യുന്നത്?

[ചോദ്യം വിശദമായി: എഖാദും ഹെയ്സും എബ്രായഗ്രീക്ക് എണ്ണൽ സംഖ്യകളിൽ ആദ്യത്തേതാണ്. അവരുടെ ഒന്നിന് ബഹുത്വമാണ് ഉള്ളതെങ്കിൽ 1, 11, 21, 31, ….. 111, 1111 ….. തുടങ്ങിയവയുടെ മൂല്യം എങ്ങനെ കണ്ടെത്തും? ഒന്നും ഒന്നും കൂട്ടിയാൽ എത്ര കിട്ടുമെന്നുപോലും അവർക്ക് പറയാൻ കഴിയില്ല. ശാസ്ത്രങ്ങളുടെ റാണിയായ ഗണിതശാസ്ത്രത്തിൽ എബ്രായരും ഗ്രേക്കരും വട്ടപ്പൂജ്യമായി മാറും. എന്നാൽ, ലോകത്തിലെ പരമോന്നത പുരസ്കാരമായ നോബൽ സമ്മാനം എബ്രായരാണ് ഏറ്റവുമധികം കരസ്ഥമാക്കിയിരിക്കുന്നത്. കണക്കിൽ ചുക്കും ചുണ്ണാമ്പുമറിയാത്തവർ ഇത്രയധികം നോബൽ സമ്മാനം എങ്ങനെ മേടിക്കും? ഇത് ബാഹ്യമായ തെളിവാണ്. ആന്തരികമായും നിങ്ങൾ പറയുന്ന കാര്യത്തിന് യാതൊരു തെളിവുമില്ല. മാത്രമല്ല, ഏകമെന്ന ഖണ്ഡിതമായ അർത്ഥത്തിലാണ് എഖാദും ഹെയ്സും പ്രയോഗിച്ചിരിക്കുന്നത് എന്നതിന് നൂറുകണക്കിനു തെളിവുകളും ഉണ്ട്. പിന്നെ യാഖീദ് ദൈവത്തോടു ചേർത്ത് ഉപയോഗിച്ചിട്ടില്ലെങ്കിലും തത്തുല്യമായ മോണോസ് 13 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്? വഞ്ചനയുടെ ആത്മാവാണ് ത്രിത്വക്കാർക്ക് ഉള്ളതെന്നല്ലേ തെളിയുന്നത്?]

9. ദൈവം സ്നേഹമായതുകൊണ്ട് അതു കൊടുക്കുവാനും വാങ്ങുവാനും പങ്കുവെയ്ക്കാനും ഒന്നിലധികം വ്യക്തികൾ വേണമെന്നു പഠിപ്പിക്കുന്നത് ബൈബിൾ വെളിച്ചത്തിൽ വഞ്ചനയല്ലേ?

[ചോദ്യം വിശദമായി: ‘ദൈവം സ്നേഹം തന്നേ’ എന്നു പറഞ്ഞിരിക്കായാൽ, ദൈവം ആകെക്കൂടി സ്നേഹമെന്ന വികാരം മാത്രമാണെന്നാണോ നിങ്ങൾ മനസ്സിലാക്കുന്നത്? ദൈവീക ഗുണങ്ങളുടെ ഒരു പരമ്പര തന്നേ ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്: അറിവ്, ആലോചന, ആത്മീയത, കനിവ്, കരുണ, കൃപ, ജ്ഞാനം, ദയ, ദീർഘക്ഷമ, ധനം, നന്മ, നീതി, നേര്, ന്യായം, പരമാധികാരം, ബലം, ഭുജവീര്യം, മഹാബലം, മഹാകരുണ, മഹാദയ, മഹാശക്തി, വിവേകം, വിവേകശക്തി, വിശുദ്ധി, വിശ്വസ്തത, സ്നേഹം, സൗമ്യത തുടങ്ങിയവ. ഇതൊക്കെ സൃഷ്ടികളോടുള്ള ബന്ധത്തിലുള്ള ദൈവത്തിന്റെ പ്രദേയഗുണങ്ങൾ (Communicable Attributes) മാത്രമാണ്. ദൈവത്തിന് അപ്രദേയ ഗുണങ്ങളുമുണ്ട്. പ്രദേയഗുണങ്ങളൊക്കെ അനാദിനിത്യത മുതൽക്കേ ദൈവം പ്രദർശിപ്പിച്ചിരിക്കണം എന്നു ശഠിക്കുന്നത് എത്രയബദ്ധമാണ്. ചില ഉദാഹരണം പറയാം: ദൈവത്തിൻ്റെ അറിവിനെക്കുറിച്ച് റോമറിൽ പറയുന്നു. അറിവും സ്നേഹംപോലെ പങ്കുവെയ്ക്കപ്പെടണം. പക്ഷെ, ഒരു കുഴപ്പമുണ്ട്; അറിവുള്ളവൻ അറിവില്ലാത്തവർക്കാണ് അത് പങ്കുവെക്കേണ്ടത്. ത്രിത്വത്തിൽ ആർക്കാണ് അറിവ് കൂടുതലുണ്ടായിരുന്നത്; ആർക്കൊക്കെയാണ് അറിവില്ലാതിരുന്നത്? ദൈവം ബലവാനാണെന്ന് തെളിയിക്കാൻ ത്രിത്വത്തിലെ മൂന്നു വ്യക്തികളും തമ്മിൽ ഗുസ്തി പിടിക്കുമോ? എബ്രായരിൽ ദൈവം ദഹിപ്പിക്കുന്ന അഗ്നിയാണെന്ന് പറഞ്ഞിട്ടുണ്ട്. സ്നേഹം പങ്കുവെച്ചാലെ തെളിയുവെങ്കിൽ, അഗ്നി കത്തിയാലെ തെളിയു. ദൈവം അഗ്നിയാണെന്നു തെളിയിക്കാൻ അനാദിനിത്യതയിൽ ദൈവം ആരെ കത്തിച്ചിരിക്കും? ത്രിത്വം മലർന്നുകിടന്ന് തുപ്പുകയല്ലേ ചെയ്യുന്നത്?

10. പുത്രൻ പിതാവിനെ ‘ഏകസത്യദൈവം അഥവാ പിതാവ് മാത്രം സത്യദൈവം’ എന്നാണ് വിളിക്കുന്നത്. പുത്രൻ പിതാവിൽ നിന്നു വ്യതിരിക്തനാണെങ്കിൽ പുത്രൻ നിങ്ങൾക്കാരാണ്? എന്തായാലും ദൈവമാകില്ല!

[ചോദ്യം വിശദമായി: യോഹന്നാൻ 17:1-3-ൽ യേശു പിതാവിനെ ‘ഏകസത്യദൈവം’ എന്നു വിളിക്കുന്നത് ഏകജാതനിലെ മോണോസ് എന്ന ഗ്രീക്കുപദം ഉപയോഗിച്ചാണ്. ത്രിത്വക്കാരുടെ ഭാഷയിൽ പറഞ്ഞാൽ പഴയനിയമത്തിലെ ഖണ്ഡിതമായ ഏകത്വത്തിനു ഉപയോഗിക്കുന്ന യാഖീദിന് തത്തുല്യമായ ഗ്രീക്കുപദമാണത്. ഇംഗ്ലീഷിൽ the only true God എന്നാണ്. അതായത്, പിതാവ് മാത്രമാണ് സത്യദൈവമെന്ന് യേശു പറയുന്നത് ഖണ്ഡിതമായ അർത്ഥത്തിലാണ്. സ്വർഗ്ഗീയ പിതാവായ യഹോവ തന്നെയാണ് മനുഷ്യനായി മണ്ണിൽ വെളിപ്പെട്ട് നില്ക്കുന്നതെന്ന് സമ്മതിച്ചാൽ ഓക്കെ; ഉത്തരം വേണ്ട. മനുഷ്യനായ പുത്രൻ ദൈവമായ പിതാവിനെ ഏകസത്യദൈവമെന്ന് വിളിച്ചത് യുക്തം. പക്ഷെ, പിതാവിൽനിന്ന് വ്യത്യസ്തനായ മറ്റൊരു വ്യക്തിയാണ് പുത്രനെന്നാണ് ത്രിത്വം പഠിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ ആ വാക്യത്തിൽ പുത്രൻ ദൈവമല്ലെന്ന് സ്പഷ്ടമാണ്? പ്രത്യേകിച്ച് ജഡത്തിലും പുത്രൻ പൂർണ്ണ ദൈവമാണെന്നാണ് നിങ്ങളുടെ അവകാശവാദം. ആ വാക്യത്തിന് ത്രിത്വം എന്തുത്തരം പറയും? (പുത്രൻ്റെ ദൈവത്വം തെളിയിക്കുന്ന അനേകം ഭാഗങ്ങളുണ്ട്; അതു കാണിക്കണ്ട) ഇത് ദൈവവചനമാണ്; ഒന്നിൽ തെറ്റിയാൽ സകലതും തെറ്റും.]

11. ജഡമായി തീർന്നവൻ ‘ദൈവം ആയിരുന്നു’ അഥവാ ജഡത്തിൽ പൂർണ്ണ മനുഷ്യൻ മാത്രമാണെന്നു ബൈബിൾ പറയുമ്പോൾ, അല്ല;  അവൻ പൂർണ്ണ ദൈവവും ആണെന്നു ത്രിത്വം പഠിപ്പിക്കുന്നതിന് ആധാരമെന്താണ്?

[ചോദ്യം വിശദമായി: പുത്രൻ ജഡത്തിലും പൂർണ്ണ ദൈവമായിരുന്നെങ്കിൽ അവൻ്റെ സ്നാനസമയത്ത് പരിശുദ്ധാത്മാവ് അവൻ്റെമേൽ വന്നതെന്തിനാണ്? പരീക്ഷയിലും ഗെത്ത്ശെമനയിലും പരിക്ഷീണനായപ്പോൾ ദൂതന്മാർ ബലപ്പെടുത്തിയത് പൂർണ്ണദൈവത്തെയാണോ? പുത്രനെങ്കിലും താൻ സഹിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി എന്നു പറയുന്നത് നിങ്ങളുടെ പൂർണ്ണദൈവത്തെയും ചേർത്താണോ? തൻ്റെ ജനനം മുതൽ മരണത്തോളം കഷ്ടം അനുഭവിച്ചപ്പോൾ ഈ പൂർണ്ണദൈവവും ഉണ്ടായിരുന്നോ? പൂർണ്ണ ദൈവവുംകൂടി മരിച്ചുവോ? ദൈവത്തിനും മനുഷ്യനും മദ്ധ്യേനിന്നു രക്ഷണ്യവേല പൂർത്തിയാക്കിയ മദ്ധ്യസ്ഥനായ പുത്രൻ മനുഷ്യനായ ക്രിസ്തുയേശുവാണെന്ന് പൗലൊസ് കളവു പറയുകയാണോ? മാത്രമോ, യോഹ, 1:1; ഫിലി, 2:6:8; 1തിമൊ, 3:15,16; എബ്രാ, 2:14,15 തുടങ്ങിയ വാക്യങ്ങൾ എന്തുചെയ്യും?]

12. പൂർണ്ണ ദൈവമായിരുന്നവനെയാണോ പരിശുദ്ധാത്മാവിനാലും ശക്തിയാലും ദൈവം അഭിഷേകം ചെയ്തു എന്നു പറഞ്ഞിരിക്കുന്നത്?

[ചോദ്യം വിശദമായി: പഴയപുതിയനിയമങ്ങളിൽ അഭിഷിക്തൻ എന്നു പേർ പറയപ്പെട്ടിരിക്കുന്നവനും, പുതിയനിയമത്തിൽ വ്യക്തിപരമായി ദൈവം അഭിഷേകം ചെയ്തിരിക്കുന്നു എന്നു പറഞ്ഞിരിക്കുന്നവനുമായ ഏകവ്യക്തി ക്രിസ്തു മാത്രമാണ്. ശുശ്രൂഷകൾക്കായി ദൈവം ദൈവത്തിനല്ല; മനുഷ്യർക്ക് നല്കുന്ന കൃപയാണ് അഭിഷേകം. പഴയനിയമത്തിൽ പുരോഹിതന്മാരെയും പ്രവാചകന്മാരെയും രാജാക്കന്മാരെയുമാണ് അഭിഷേകം ചെയ്തിരുന്നത്. പുതിയനിയമത്തിൽ ജഡത്തിൽ വന്നവൻ ഇതെല്ലാമായതുകൊണ്ടും, വിശേഷാൽ മനുഷ്യൻ മാത്രമായതുകൊണ്ടുമാണ് അവനെ ദൈവം പരിശുദ്ധാത്മാവുകൊണ്ടും ശക്തികൊണ്ടും അഭിഷേകം ചെയ്തത്. ക്രിസ്തു കന്യകയിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിലാണെന്നും (മത്താ, 1:20), അവൻ ജഡം സംബന്ധിച്ചു ദാവീദിന്റെ സന്തതിയിൽനിന്നു ജനിക്കുകയും; മരിച്ചിട്ടു ഉയിർത്തെഴുന്നേൽക്കയാലാണ് വിശുദ്ധിയുടെ ആത്മാവു സംബന്ധിച്ചു ദൈവപുത്രൻ അഥവാ, ദൈവം എന്നു ശക്തിയോടെ നിർണ്ണയിക്കപ്പെടുകയും ചെയ്തതെന്നും ബൈബിളിലുണ്ട്. (റോമ, 1:5. ഒ.നോ: 2തിമൊ, 2:8. പി.ഒ.സി. ബൈബിളിൽ റോമർ 1:3-4 നോക്കുക). പിന്നെയും ക്രിസ്തു ജഡത്തിൽ പൂർണ്ണദൈവമാണെന്നും, ദൈവം ദൈവത്തെയാണ് അഭിഷേകം  ചെയ്തതെന്നുമുള്ള അധോലോക ദുരുപദേശം പറയാൻ ആർക്കു കഴിയും?]

13. ‘ദൈവം ജഡത്തിൽ വെളിപ്പെട്ടു’ എന്നു ബൈബിൾ പഠിപ്പിക്കുമ്പോൾ, അല്ല; ദൈവം അവതരിച്ചതാണെന്ന് പറഞ്ഞും പഠിപ്പിച്ചുംകൊണ്ട് സത്യദൈവത്തെ മിഥ്യാമൂർത്തികൾക്ക് സമനാക്കിയത് ത്രിത്വോപദേശമല്ലേ? 

[ചോദ്യം വിശദമായി: മിഥ്യാമൂർത്തികളായ തങ്ങളുടെ ദൈവങ്ങൾ അവതരിച്ചുവെന്നത് ജാതികളുടെ സങ്കല്പമാണ്. സത്യദൈവത്തിന് അവതാരമല്ല; വെളിപ്പാട് അഥവാ പ്രത്യക്ഷതയാണ് ഉള്ളത്. പഴയനിയമത്തിലും അനേകം തെളിവുകളുണ്ട്. പുതിയനിയമത്തിൽ ജഡത്തിലുള്ള വരവിനെയും മഹത്വത്തിലുള്ള വരവിനെയും വെളിപ്പാടെന്നാണ് അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. വിശേഷാൽ ‘ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു’ എന്നു അക്ഷരമായി എഴുതിവെച്ചിരിക്കേ അവതാരമെന്നു പറഞ്ഞാൽ ശരിയാകുമോ? Trinity എന്ന പദമോ വിഷയമോ ഇല്ലാത്തതുപോലെ incarnation എന്നൊരു പദവും ബൈബിളിലില്ല. ത്രിത്വമെന്ന ഒരു കള്ളം സ്ഥാപിക്കാൻ ഒരുപാട് കള്ളങ്ങൾ കൂട്ടിച്ചേർക്കേണ്ടി വരുമല്ലേ?]

14. നിത്യപിതാവെന്ന് ബൈബിൾ വിശേഷിപ്പിക്കുന്നവനെ നിത്യപുത്രനെന്നു വിളിച്ച് അവഹേളിക്കാൻ നിങ്ങൾക്ക് ആരാണധികാരം തന്നത്?

[ചോദ്യം വിശദമായി: ജഡത്തിൽ വന്നവൻ ‘നിത്യപിതാവെന്ന് വിളിക്കപ്പെടും’ എന്നു ത്രിത്വക്കാർ ബൈബിളിൽ വായിച്ചിട്ടില്ലേ? പുത്രനെ നിത്യപുത്രനെന്ന് വിളിക്കപ്പെടുമെന്ന പ്രവചനമോ, വിളിക്കപ്പെടുകയോ ചെയ്തിട്ടുണ്ടോ? നിത്യപുത്രനെന്നു ത്രിത്വം പഠിപ്പിക്കുന്നവനെ നിത്യപിതാവെന്നു പരിശുദ്ധാത്മാവ് വിളിക്കുമ്പോൾ ആരാണ് നുണ പറയുന്നത്; ത്രിത്വക്കാരോ പരിശുദ്ധാത്മാവോ? യെശയ്യാവ് 9:6-ലെ ‘നിത്യപിതാവിനെ’ ത്രിത്വം എങ്ങനെ വ്യാഖ്യാനിക്കും: ഇപ്പോൾ നിത്യപുത്രനാണ്; വളർന്ന് വലുതാകുമ്പോൾ നിത്യപിതാവാകുമെന്നോ? പിതാവിനോടും പരിശുദ്ധാത്മാവിനോടും ചേർത്ത് നിത്യപിതാവ് എന്നൊരു പ്രയോഗമില്ല; ഉള്ളത് ജനിക്കുവാനുള്ള ശിശുവിനെക്കുറിച്ച് അഥവാ ജഡത്തിൽ വെളിപ്പെട്ടവനെക്കുറിച്ച് മാത്രമാണ്. യേശു ആദിയും അന്തവുമാണെന്ന വാക്യം കൊണ്ടുവരണ്ട; യേശുവെന്നത് സംജ്ഞാനാമമാണ്. പുത്രനെന്ന സ്ഥാനം നിത്യമാണെന്നതിന് ബൈബിളിൽ ഒരു തെളിവുമില്ലെന്നാണ് പറഞ്ഞത്. യേശു ഇന്നലെയും ഇന്നും എന്നേക്കും ഒരാൾ തന്നെയാണ്. (എബ്രാ, 13:8). സൃഷ്ടിതാവെന്ന അർത്ഥത്തിൽ പിതാവെന്ന സ്ഥാനം മാത്രമാണ് നിത്യമായിട്ടുള്ളത്. അത് ജഡത്തിൽ വെളിപ്പെട്ടവന് മാത്രമാണ് നല്കിയിട്ടുള്ളതെങ്കിൽ അവനാണ് സർവ്വവും. പിന്നെങ്ങനെ അവനെ നിത്യപുത്രനെന്നു വിളിക്കും?]

15. പുത്രനു പിതാവിനോടു സമത്വമാണുള്ളതെന്ന് ത്രിത്വം പഠിപ്പിക്കുന്നു. അതിനെന്തു തെളിവാണ് ബൈബിളിലുള്ളത്?

[ചോദ്യം വിശദമായി: യേശു പറയുന്നത്; “ഞാൻ സ്വയമായി വന്നതല്ല, പിതാവ് എന്നെ അയച്ചതാകുന്നു; ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു; പിതാവു അരുളിച്ചെയ്തതുപോലെ ഞാൻ സംസാരിക്കുന്നു; ഞാൻ സ്വയമായിട്ട് ഒന്നും സംസാരിച്ചിട്ടില്ല; എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവു എന്നെക്കാൾ വലിയവൻ; എൻ്റെ പിതാവ്, എൻ്റെ ദൈവം” എന്നൊക്കെയാണ്. ഒരു പാസ്റ്റർ ഇതിനെ വ്യാഖ്യാനിച്ചത്; ”ഞങ്ങൾ പാസ്റ്റർമാരെല്ലാം തുല്യരാണ്; എങ്കിലും മറ്റൊരാളെക്കുറിച്ച് പറയുമ്പോൾ തന്നേക്കാൾ വലിയവനെന്നേ പറയു.” നല്ല വ്യാഖ്യാനമാണ്: ഒരാളെ വലിച്ചു താഴെയിട്ടിട്ട് ആ സ്ഥാനം എങ്ങനെ കൈക്കലാക്കാമെന്ന് നോക്കിനടക്കുന്നവരാണ് പരസ്പര ബഹുമാനത്തെക്കുറിച്ച് പറയുന്നത്. കളിക്കുടുക്കയും ബാലരമയും ഒന്നുമല്ലയിത്; ബൈബിളാണ്. നിങ്ങളുടെ വ്യാഖ്യാനം കയ്യിൽ വെച്ചാൽമതി. പുത്രനെന്ന പദവിതന്നെ പിതാവിനോട് വിധേയത്വമുള്ളവൻ എന്നതാണ്. മരണംവരെ താൻ പിതാവിനു വിധേയപ്പെട്ടാണ് ജീവിച്ചതും. ഫിലിപ്പിയരിൽ പിതാവിനോടുള്ള സമത്വമെന്നല്ല; ദൈവസമത്വം താൻ മുറുകെ പിടിച്ചില്ലെന്നാണ്. സാക്ഷാൽ ദൈവമായിരുന്നവൻ തന്നെത്താൻ ഒഴിച്ച് വേഷത്തിൽ മനുഷ്യനായതിനെ കുറിച്ചാണ്. പിന്നെ സമത്വമുണ്ടെന്ന് പറയുന്നതെവിടെയാണ്?]

16. പിതൃപുത്രപരിശുദ്ധാത്മാവിൽ ആകാശവും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനും ആരും ഒരുനാളും കണ്ടിട്ടല്ലാത്തവനുമായ യഹോവ ആരാണ്?

[ചോദ്യം വിശദമായി: ത്രിത്വത്തിൽ മൂന്ന് വ്യക്തികളാണുള്ളത്. എന്നാൽ ബൈബിളിലെ ദൈവത്തിൻ്റെ സാക്ഷാൽ സ്വരുപം എന്നു പറയുന്നത്; ആകാശവും ഭൂമിയും അഥവാ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നില്ക്കുന്നതും ആരും ഒരുനാളും കണ്ടിട്ടില്ലാത്തതുമാണ്. പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന സ്ഥാനനാമങ്ങൾക്ക് വ്യക്തിത്വം കല്പിച്ചവർ ആരും ഒരുനാളും കണ്ടിട്ടില്ലാത്ത കാരണത്താൽ ദൈവത്തിൻ്റെ സാക്ഷാൽ സ്വരൂപത്തിന് വ്യക്തിത്വമില്ലെന്ന് പറയില്ല. പിതാവിനെയും പുത്രനെയും അനേകർ കണ്ടിട്ടുണ്ട്. പരിശുദ്ധാത്മാവിനെ മാത്രം ആരും കണ്ടിട്ടില്ല. ഒന്നെങ്കിൽ; ആരുമൊരുനാളും കണ്ടിട്ടില്ലാത്ത യഹോവ പരിശുദ്ധാത്മാവാണെന്നു പറയണം. നിങ്ങൾ ത്രിത്വമായതുകൊണ്ട് ഇതു സമ്മതിക്കാൻ തരമില്ല. അല്ലെങ്കിൽ, ദൈവത്തിൽ മൂന്നല്ല; നാലു വ്യക്തികളുണ്ടെന്നു സമ്മതിക്കണം. അപ്പോഴും ത്രിത്വം പൊളിയും. പിന്നെന്തുചെയ്യും?]

17. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയു പേര് പുതിയനിയമത്തിൽ നിന്നു കാണിച്ചുതരാമോ?

[ചോദ്യം വിശദമായി: പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നത് സംജ്ഞാനാമമല്ല; സ്ഥാനനാമമാണ്. പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന പ്രയോഗം പഴയനിയമത്തിലല്ല; പുതിയനിയമത്തിലാണുള്ളത്. ഇതിൽ പുത്രൻ്റെ പേര്, ‘ദൈവപുത്രനായ യേശു’ (മർക്കൊ, 1:1; 2കൊരി, 1:19; എബ്രാ, 4:14) എന്നു ആവർത്തിച്ചുണ്ട്. പിതാവിൻ്റെയും പരിശുദ്ധാത്മാവിൻ്റെയും പേരെന്താണ്? പിതാവിൻ്റെ പേര് യഹോവയെന്ന് പറയുമായിരിക്കും. അതിനെന്തു തെളിവാണുള്ളത്. പിതാവായ ദൈവമെന്ന് പുതിയനിയമത്തിലുണ്ട്; പക്ഷെ, പേർ പറഞ്ഞിട്ടില്ല. പഴയനിയമത്തിൽ പിതാവായ ദൈവമെന്നോ, പിതാവായ യഹോവയെന്നോ ഒരു സംയുക്ത പദമില്ല. സൃഷ്ടികളുടെ ദൈവം എന്നയർത്ഥത്തിൽ പിതാവേ എന്നു വിളിച്ചിട്ടുണ്ട്. യിസ്രായേലിൻ്റെ പിതാവ്, അഗതികളുടെയും വിധവകളുടേയും പിതാവ് എന്നിങ്ങനയുണ്ട്. പഴയനിയമത്തിൽ ‘നിത്യപിതാവെന്നു’ ഒരു പ്രയോഗമുള്ളതും ക്രിസ്തുവിനെയാണെന്നും ഓർക്കുക. പിന്നെങ്ങനെ ദൈവപുത്രൻ്റെ പിതാവിൻ്റെ പേര് യഹോവയാണെന്ന് തെളിയിക്കും? ഇനി, പുത്രൻ്റെ പിതാവ് യഹോവയാണെന്ന് സമ്മതിച്ചാൽത്തന്നെ പരിശുദ്ധാത്മാവ് അഥവാ, Holly Spirit ഒരു പേരല്ല; സ്ഥാനപ്പേരാണ്. പഴയനിയമത്തിൽ ഒരു മനുഷ്യനെ Holly Man എന്നു പറഞ്ഞിട്ടുണ്ട്; ആ മനുഷ്യന് ‘എലീശ’ എന്ന കൃത്യമായ ഒരു പേരുമുണ്ട്. അങ്ങനെയെങ്കിൽ പരിശുദ്ധാത്മാവിൻ്റെ പേരെന്താണ്? അസ്തിത്വദ്യോതകമാണ് പേര്. അഥവാ, ഒരു വസ്തുവിൻ്റെയോ വ്യക്തിയുടെയോ കൂടെ മാത്രമേ പേരിനു നിലനില്ക്കാൻ കഴിയു. പേർകൂടാതെ ലോകത്തിൽ ഒന്നും നിനില്ക്കുന്നില്ലതാനും. ഒരു ചുഴലിക്കാറ്റു വന്നാലും കത്രീന, കരീന, ബുറേവി എന്നൊക്കെ പേരുണ്ടാകും. നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയാത്തതും ഇപ്പോൾ പടർന്നു പിടിച്ചിരിക്കുന്നതുമായ വൈറസിനുപോലും കൊറോണ, കോവിഡ് എന്നിങ്ങനെ രണ്ടുപേരുണ്ട്. എന്നിട്ടും, സർവ്വത്തിൻ്റെയും സൃഷ്ടിതാവായ ദൈവം മൂന്നു വ്യത്യസ്ത വ്യക്തികളാണെന്നു പറയുകയും അതിൽ ഒരു വ്യക്തിക്കു മാത്രമേ പേരുള്ളു എന്നു പറയുകയും ചെയ്താൽ ശരിയാകുമോ? അതിനർത്ഥം ത്രിത്വം വ്യാജോപദേശമാണെന്നല്ലേ?]

18. ജനനം കൂടാതെ ജീവനില്ല; ജന്മം നല്കാൻ ഒരപ്പൻ മതി. ആത്മഗോളത്തിൽ ത്രിത്വക്കാരുടെ അപ്പനാരാണെന്നു ചോദിച്ചാൽ ആരുടെ പേരുപറയും?

[ചോദ്യം വിശദമായി: ഭൗതിക ജീവനായാലും ആത്മീയ ജീവനായാലും ജനനത്തിലൂടെയാണ് ലഭിക്കുന്നത്. ഭൗതിക ലോകത്തിലായാലും ആത്മലോകത്തായാലും ജന്മംനല്കാൻ ഒരപ്പൻ മതി. പൂർവ്വപിതാക്കന്മാർക്കു സർവ്വശക്തിയുള്ള ദൈവമായി പ്രത്യക്ഷനായവനും മോശെ മുതലുള്ളവർക്ക് യഹോവയെന്ന നാമത്തിൽ വെളിപ്പെട്ടവനും കാലസമ്പൂർണ്ണതയിൽ യേശുവെന്ന സംജ്ഞാനാമത്തിലും പുത്രനെന്ന സ്ഥാനനാമത്തിലും ജഡത്തിൽ വെളിപ്പെട്ടവനും ഒരാൾതന്നെ ആയതുകൊണ്ട്; റോയി ആൻഡ്രൂസ് എന്ന എൻ്റെ അപ്പൻ്റെ പേര് ‘യേശുക്രിസ്തു’ എന്നു ഞാൻ ധൈര്യമായി പറയും. നിങ്ങൾക്ക് ദൈവം മൂന്ന് വ്യത്യസ്ത വ്യക്തികളാണ്. ഒരാളുടെ പേര് പറയാനും കഴിയില്ല; മൂന്നുപേരുടേയും പേര് അറിയത്തുമില്ല. പിന്നെന്തുചെയ്യും?]

19. “ത്രിത്വം എന്ന വിഷയം അത്യന്തം സങ്കീർണ്ണമായ ഒരു മർമ്മം ആണ്. മനുഷ്യബുദ്ധിക്കു അത് വ്യക്തമായി വിശകലനം ചെയ്യുവാൻ സാധിക്കയില്ല.” ഇതാണോ നിങ്ങളുടെ ത്രിത്വദൈവശാസ്ത്രം?

[ചോദ്യം വിശദമായി: പ്രഗത്ഭനായ ഒരു ത്രിത്വപണ്ഡിതൻ തൻ്റെ ത്രിത്വപഠന ക്ലാസിൻ്റെ ആമുഖമായിട്ട് പറഞ്ഞ ഉദ്ധരണിയാണത്. എല്ലാ പണ്ഡിതന്മാരും ഇത് പറയാറുണ്ട്. ചിലർ മാർട്ടിൻ ലൂഥറിൻ്റെ ഒരു കഥ പറയാറുണ്ട്: “മാർട്ടിൻ ലൂഥർ ഒരിക്കൽ ത്രിത്വത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ട് കടൽക്കരയിക്കൂടി നടക്കുമ്പോൾ, രണ്ടു കുട്ടികൾ മണ്ണിൽ കുഴികുത്തി കക്കയുടെ തോടുകൊണ്ട് കടൽവെള്ളം കുഴികളിൽ ഒഴിക്കുന്നത് കാണുവാനിടയായി. ലൂഥർ അടുത്തുചെന്ന് ‘നിങ്ങൾ എന്താണീ ചെയ്യുന്നതെന്നു’ കുട്ടികളോട് ചോദിച്ചു. ‘ഞങ്ങൾ കടലിലെ വെള്ളമെല്ലാം വറ്റിക്കുകയാണന്നു’ കുട്ടികൾ പറഞ്ഞു. കഥയിലെ തുടർന്നുള്ള ഭാഗങ്ങൾ പലതരത്തിൽ കേട്ടിട്ടുണ്ട്. ഒരാൾ പറഞ്ഞത്: “മാർട്ടിൻ ലൂഥർക്ക് അപ്പോഴാണ് തൻ്റെ തെറ്റ് മനസ്സിലായത്. താനും ഈ കുട്ടികളെപ്പോലെയാണല്ലോ, മനുഷ്യർക്ക് ഗ്രഹിക്കാൻ അസാദ്ധ്യമായ ദൈവത്തിൻ്റെ ത്രിത്വമെന്ന മഹാകാര്യം തൻ്റെ ചെറിയ തലച്ചോറിൽ കൊള്ളിക്കാൻ ശ്രമിച്ചതോർത്ത് ലൂഥർ ദുഃഖിച്ചുവത്രേ.” വേറെ ഒരാൾ പറഞ്ഞത്; “ആ കുട്ടികൾ ലൂഥറിന് സദ്ബുദ്ധി ഉപദേശിക്കാൻ സ്വർഗ്ഗത്തിൽനിന്നു വന്ന ദൂതന്മാരായിരുന്നു. ലൂഥർ കുട്ടികളുമായി സംസാരിച്ചുകൊണ്ടു നില്ക്കുമ്പോൾത്തന്നെ ആ കുട്ടികൾ മഹാമേരുപോലെ വലുതാകുകയും, ദൈവത്തിൻ്റെ ത്രിത്വത്തെക്കുറിച്ചാണോ നീ ചിന്തിക്കുന്നതെന്നു ചോദിച്ച് ലൂഥറിനെ ശാസിച്ചത്രേ.” എന്തായാലും ഒരുകാര്യം സത്യമാണ്; പണ്ഡിതന്മാർക്കൊക്കെ അറിയാം: ബൈബിളിലില്ലാത്ത ത്രിത്വം വസ്തുനിഷ്ഠമായി സ്ഥാപിക്കുവാനും, വിശ്വാസികളെ പഠിപ്പിച്ചു മനസ്സിലാക്കുവാനും തങ്ങൾക്ക് കഴിയില്ല അതിനുള്ള മുൻകൂർ ജാമ്യമാണ് മർമ്മവും, മാർട്ടിൻ ലൂഥറും. ദൈവമക്കളെന്നാണ് ഓരോരുത്തരും തങ്ങളെത്തന്നെ വിശേഷിപ്പിക്കുന്നത്. “എൻ്റെ അപ്പൻ എനിക്കൊരു മർമ്മമാണെങ്കിൽ ഞാനൊരു ജാരസന്തതിയെന്നേ വരൂ.” ബൈബിൾ സ്ഫടികസ്ഫുടം വെളിപ്പെടുത്തുന്ന ദൈവത്തെക്കുറിച്ച് മർമ്മമെന്നല്ല; സങ്കീർണ്ണമായ മർമ്മമെന്നുമല്ല; അത്യന്തം സങ്കീർണ്ണമായ മർമ്മമെന്നു പറയുന്നവർ ദൈവമക്കളെന്ന പേരിനു യോഗ്യരോ?]

20. യഹോവ തന്നെയാണ് യേശുവെന്ന നാമത്തിലും പുത്രനെന്ന സ്ഥാനനാമത്തിലും ജഡത്തിൽ വെളിപ്പെട്ടതെന്ന് ബൈബിൾ പറയുമ്പോൾ; യഹോവയുടെ കൂടെയുള്ള നിത്യപുത്രനാണ് വന്നതെന്ന് നിങ്ങൾ പറയുന്നു. അങ്ങനെയെങ്കിൽ ഹോശേയ 2:16-ഉം 2കൊരിന്ത്യർ 11:2-ഉം നിങ്ങൾ എങ്ങനെ വ്യാഖ്യാനിക്കും?

[ചോദ്യം വിശദമായി: ഹോശേയ 2:16 പ്രകാരം യഹോവയും യിസ്രായേലും തമ്മിൽ ഇപ്പോൾ ഉടയവനും ദാസനും എന്ന ബന്ധമേയുള്ളു. എന്നാൽ വരുവാനുള്ള കാലത്തിൽ ആ ബന്ധം ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ ഭാര്യഭർതൃ ബന്ധമായിമാറും. അഥവാ, യഹോവ വിവാഹം കഴിക്കാൻ കണ്ടുവെച്ചിരിക്കുന്ന നിർമ്മല കന്യകയാണ് യിസ്രായേൽ: “അന്നാളിൽ നീ എന്നെ ബാലീ (ഉടയവനേ) എന്നല്ല ഈശീ (ഭർത്താവേ) എന്നു വിളിക്കും എന്നു യഹോവയുടെ അരുളപ്പാടു.” ഇനി ത്രിത്വക്കാരുടെ ഭാഷയിൽ പറഞ്ഞാൽ: കുറേക്കാലം കഴിഞ്ഞിട്ട് യഹോവ തൻ്റെ പുത്രനെ ഭൂമിയിലേക്കയച്ചു. പുത്രൻ വന്ന് യിസ്രായേലെന്ന നിർമ്മല കന്യകയെ കണ്ട് ഇഷ്ടപ്പെട്ടിട്ട് അവളെ വിവാഹനിശ്ചയം ചെയ്തിട്ട് സ്വർഗ്ഗേ കരേറിപ്പോയി: “ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു.” (2കൊരി, 11:2). ഇനി എത്രയും പെട്ടെന്ന് സ്വർഗ്ഗത്തിൽവെച്ച് പുത്രനുമായുള്ള വിവാഹവും നടക്കും. (വെളി, 19:7). എന്തായിപ്പോ സംഭവിച്ചത്? പച്ചയ്ക്ക് പറഞ്ഞാൽ: അപ്പൻ വിവാഹം കഴിക്കാൻ കണ്ടുവെച്ചിരുന്ന കന്യകയെയാണ് മകൻ വന്ന് അടിച്ചോണ്ടുപോയത്. ഭൂമിയിലെ മ്ലേച്ഛന്മാരായ മനുഷ്യർപോലും ചെയ്യാൻ അറയ്ക്കുന്ന കാര്യമാണ് ത്രിത്വപുത്രൻ ചെയ്തിരിക്കുന്നത്. ഇതാണോ നിങ്ങളുടെ ത്രിത്വവിശ്വാസം?]

21. പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളാണെങ്കിൽ ‘പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം’ എന്ന വാക്യാംശം അബദ്ധവും ബൈബിൾ പ്രമാദവുമായി മാറില്ലേ?

[ചോദ്യം വിശദമായി: പിതാവും പുത്രനും പരിശുദ്ധാത്മാവും ഏകദൈവത്തിലെ മൂന്നു വ്യത്യസ്ത വ്യക്തികളാണെന്ന ത്രിത്വവാദം ശരിയാകണമെങ്കിൽ മത്തായി 28:19-ലെ മേല്പറഞ്ഞ വാക്യാംശം തെറ്റായി മാറണം. എന്നാൽ ബൈബിൾ അപ്രമാദമാകയാൽ നിങ്ങളുടെ ഉപദേശമാണ് പ്രമാദമെന്നു തീർച്ച. തെളിവുതരാം: ‘പത്രൊസിൻ്റെയും പൗലൊസിൻ്റെയും യോഹന്നാൻ്റെയും നാമം’ എന്നെഴുതിയാൽ ആ വാക്യാംശം വ്യാകരണ നിയമപ്രകാരം തെറ്റായിരിക്കും. കാരണം; മൂന്നു വ്യത്യസ്ത വ്യക്തികളെ ചേർത്ത് പറയുമ്പോൾ നാമം എന്ന ഏകവചനമല്ല നാമങ്ങൾ എന്ന ബഹുവചനമാണ് വേണ്ടത്. വേറൊന്ന്; ഇപ്പോഴത്തെ ‘മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും വിജിലൻസ് മന്ത്രിയുടെയും നാമം’ എന്നെഴുതിയാൽ അതിൻ്റെ വ്യാകരണം കൃത്യമാണ്. കാരണം; ഈ മൂന്നു സ്ഥാനങ്ങളും വഹിക്കുന്നത് പിണറായി വിജയനെന്ന ഏകവ്യക്തിയും ഏകമനുഷ്യനുമാണ്. ലോകത്തിലെ എല്ലാ ബൈബിൾ പരിഭാഷകളിലും ‘നാമം’ എന്ന എകവചനമാണുള്ളത്. അതിനാൽ പരിഭാഷകളിൽ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് വിചാരിക്കണ്ട. ആ വാക്യാംശം ശരിയായിരിക്കുന്നതിൻ്റെ കാരണംതന്നെ പിതാവും പുത്രനും പരിശുദ്ധാത്മാവും ഏകദൈവത്തിൻ്റെ മൂന്നു പദവികളും ആ നാമത്തിൻ്റെ ഉടയവൻ യേശുക്രിസ്തു എന്ന ഏകനുമായതുകൊണ്ടാണ്. ബൈബിളിലതിനു ആവോളം തെളിവുണ്ട്. പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നത് ഏകസത്യദൈവത്തിൻ്റെ മൂന്നു സ്ഥാനങ്ങൾ മാത്രമാണെന്നും യഹോവ തന്നെയാണ് യേശുക്രിസ്തുവെന്നും ഹൃദയപൂർവ്വം അംഗീകരിക്കുകയല്ലേ നല്ലത്? ഏകദേശം 1,700 വർഷമായി ത്രിത്വം പഠിപ്പിച്ചിട്ടും പഠിപ്പിക്കുന്നവർക്കും പഠിക്കുന്നവർക്കും ത്രിത്വമൊരു പ്രഹേളികയാണ്. (മർമ്മമെന്ന് പണ്ഡിതന്മാർ). ത്രിത്വക്കാരെ, പരിശുദ്ധാത്മാവിനു പാലംവലിക്കുന്ന പണി നിർത്തിയിട്ട് പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന ഏകസത്യദൈവമായ യേശുവിൽ വിശ്വസിച്ചുകൂടെ?]

22. യഹോവയുടെ ആത്മാവ് യഹോവയിൽനിന്നു വ്യത്യസ്തനായ മറ്റൊരു വ്യക്തിയാണെന്ന് ത്രിത്വം പഠിപ്പിക്കുന്നു. അപ്പോൾ യേശുവിൻ്റെ ആത്മാവാരാണ്?

[ചോദ്യം വിശദമായി: യഹോവയും യേശുവും പരിശുദ്ധാത്മാവും ദൈവമാണ്. യഹോവയും യേശുവും പരിശുദ്ധാത്മാവും വ്യക്തിയുമാണ്. എന്നാൽ മൂന്നു വ്യത്യസ്ത ദൈവങ്ങളോ, വ്യക്തികളോ ബൈബിളിലില്ല. പക്ഷെ, ത്രിത്വോപദേശപ്രകാരം യഹോവയും യേശുവും പരിശുദ്ധാത്മാവും സാംരാംശത്തിൽ ഒന്നാണെന്നു പറയുമ്പോൾത്തന്നെ, മൂന്നു വ്യത്യസ്ത വ്യക്തികളുമാണ്. അതായത്, യഹോവയും യഹോവയുടെ ആത്മാവായ പരിശുദ്ധാത്മാവും യഹോവയുടെ പുത്രനായ യേശുവുമാണ് ത്രിത്വത്തിലെ മൂന്നു വ്യത്യസ്ത വ്യക്തികൾ. അപ്പോൾ, യേശുവിൻ്റെ ആത്മാവ് (പ്രവൃ, 16:7), ക്രിസ്തുവിൻ്റെ ആത്മാവ് (റോമ, 8:9), യേശുക്രിസ്തുവിന്റെ ആത്മാവ് (ഫിലി, 1:19) എന്നൊക്കെ ബൈബിളിൽ പറഞ്ഞിരിക്കുന്ന ആത്മാവ് ആരാണ്? യഹോവയുടെ ആത്മാവുതന്നെയാണ് യേശുവിൻ്റെ ആത്മാവെന്നു പറയാൻ കഴിയില്ല; പറഞ്ഞാൽ, യഹോവയും യേശുവും ഒരു വ്യക്തിയാണെന്നു സമ്മതിക്കേണ്ടിവരും; അപ്പോൾ ത്രിത്വം തകരും. ത്രിത്വം നിലനില്ക്കണമെങ്കിൽ യഹോവയും യേശുവും വ്യത്യസ്ത വ്യക്തികളാകണം. ഇനിയെന്തുചെയ്യും? മഹാദൈവമായ യഹോവയുടെ (നെഹെ, 8:6) ആത്മാവിനു വ്യത്യസ്തമായൊരു വ്യക്തിത്വം കല്പിച്ച നിങ്ങൾ മഹാദൈവമായ യേശുവിൻ്റെ (തീത്തൊ, 2:12) ആത്മാവ് മറ്റൊരു വ്യക്തിയല്ലെന്നു എങ്ങനെ പറയും? ത്രിത്വോപദേശം കുറെക്കാലം കുറെപ്പേരെ വഞ്ചിച്ചു. പക്ഷെ, എല്ലാക്കാലവും ദൈവത്തോടോ അവൻ്റെ വചനത്തോടോ പിടിച്ചുനില്ക്കാൻ കഴിയില്ല; തകർന്നു തരിപ്പണമാകുകതന്നെ ചെയ്യും.]

23. സ്വർഗ്ഗത്തിൽ യഹോവയോടു സദൃശനായവൻ ആർ? ദേവപുത്രന്മാരിൽ യഹോവെക്കു തുല്യനായവൻ ആർ? എന്ന പരിശുദ്ധാത്മാവിൻ്റെ ചോദ്യത്തിനുള്ള ഉത്തരമാണോ ത്രിത്വം?

[ചോദ്യം വിശദമായി: ത്രിത്വോപദേശം നിലനില്ക്കണമെങ്കിൽ എല്ലാ ഗുണങ്ങളും തുല്യമായുള്ള മൂന്നു വ്യത്യസ്ത വ്യക്തികൾ വേണം. പരിശുദ്ധാത്മാവ് ഒരു വെല്ലുവിളിയോടെയാണ് ഈ ചോദ്യം ചോദിക്കുന്നത്; “സ്വർഗ്ഗത്തിൽ യഹോവയോടു സദൃശനായവൻ ആർ? ദേവപുത്രന്മാരിൽ യഹോവെക്കു തുല്യനായവൻ ആർ?” (സങ്കീ, 89:6). ഒരിടത്തല്ല; അനേക സ്ഥാനങ്ങളിൽ ഈ ചോദ്യമുണ്ട്. (35:10; 71:19; 113:5; യെശ, 40:25; 46:5; മീഖാ, 7:18). ഭാവരൂപത്തിലല്ല; നിഷേധരൂപത്തിലാണ് ചോദ്യം. അങ്ങനെയൊരാൾ ഇല്ലാത്തതുകൊണ്ടാണ് ആ ചോദ്യം ചോദിച്ചിരിക്കുന്നത്. ദൈവത്തിൻ്റെ ചോദ്യത്തിനു ആർക്കു മറുപടി പറയാൻ കഴിയും? യഹോവയ്ക്ക് തുല്യനായും സദൃശനായും ആരുമില്ലെന്നു ബൈബിളിലെ അനേകം വാക്യങ്ങളിൽ എഴുതിവെച്ചിട്ടാണ് (പുറ, 15:11; സങ്കീ, 40:5; 86:8; യിരെ, 10:6) പരിശുദ്ധാത്മാവ് ഈ ചോദ്യം ചോദിക്കുന്നത്. എന്നാലും ത്രിത്വപണ്ഡിതന്മാർ സമ്മതിക്കില്ല; യഹോവയ്ക്കു തുല്യനായി പുത്രനും പരിശുദ്ധാത്മാവും ഉണ്ടെന്നാണ് അവരുടെ വാദം. യഹോവയ്ക്ക് സമനായും സാമ്യനായും ആരുമില്ലാഞ്ഞിട്ടാണ് ആ ചോദ്യം ചോദിക്കുന്നതെന്നറിയാത്ത ത്രിത്വക്കാർ പുത്രനും പരിശുദ്ധാത്മാവും യഹോവയ്ക്കു തുല്യനാണ് അഥവാ, പിതാവിനോടു സമത്വമുള്ള വ്യത്യസ്ത വ്യക്തികളാണെന്നു പറയുകവഴി ദൈവത്തോടും അവൻ്റെ വചനത്തോടും മത്സരിക്കുകയാണ് ചെയ്യുന്നത്. സഹോദരങ്ങളേ, നിങ്ങൾ എത്രത്തോളം ദൈവത്തോട് മത്സരിച്ചുകൊണ്ടിരിക്കും???]

24. “ഞാനാകുന്നവന്‍ ഞാന്‍തന്നെ എന്നു നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും” എന്നു യേശു യെഹൂദന്മാരോടു പറയുകയുണ്ടായി. ത്രിത്വക്കാർക്ക് ഈ വാക്യം ബാധകമല്ലേ?

[ചോദ്യം വിശദമായി: നമ്മൾ ഉപയോഗിക്കുന്ന 1910-ലെ സത്യവേദപുസ്തകത്തിൽ യോഹന്നാൻ 8:24-ലെ ”ഞാൻ അങ്ങനെയുള്ളവൻ എന്നു വിശ്വസിക്കാഞ്ഞാൽ’ എന്ന തർജ്ജമ കൃത്യമല്ലാത്തതുകൊണ്ടാണ് 2013-ൽ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ തന്നെ പ്രസിദ്ധീകരിച്ച സത്യവേദപുസ്തകം (CL) Common/Contemporary language version-ൽ മേല്പറഞ്ഞ വാക്യം തിരുത്തി തർജ്ജമ ചെയ്തത്. പി.ഒ.സി.യിലും, മലയാളം ബൈബിൾ BCS, MSV, ERV പരിഭാകളിലും, പല ഇംഗ്ലീഷ് പരിഭാഷകളിലും ഇതുപോലെ തന്നെയാണ് തർജ്ജമ ചെയ്തിരിക്കുന്നത്. ‘ഞാനാകുന്നവൻ’ ആരാണെന്നു പുറപ്പാട് 3:14-16-ൽ കൃത്യമായിട്ട് പറഞ്ഞിട്ടുണ്ട്. ഒന്നുകൂടി പറഞ്ഞാൽ: “ഞാനാകുന്നവന്‍ ഞാന്‍തന്നെ അഥവാ ഞാൻ യഹോവ തന്നെയാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും” എന്നാണ് യേശു പറയുന്നത്. യഹോവയല്ല യേശു; യഹോവയിൽനിന്നു വ്യത്യസ്തനായ മറ്റൊരാളാണെന്നു പറയുന്ന ത്രിത്വക്കാരെങ്ങനെ മരണം തെറ്റിയൊഴിയും??? ഒരു വാക്യത്തിൽ മാത്രമല്ല; ഇതുപോലെ പല വാക്യങ്ങളുണ്ട്. ബൈബിൾ തെറ്റാണെന്നു പറയാം; അതേ ഇനി നടക്കൂ. പക്ഷെ, മരണം ഡമോക്ലീസിൻ്റെ വാളുപോലെ തലയിൽ തൂങ്ങിക്കിടപ്പുണ്ടെന്നോർക്കുക.]

‘അരിയെത്ര എന്നു ചോദിക്കുമ്പോൾ പയറഞ്ഞാഴി’ എന്നുത്തരം പറയാതിരിക്കാനാണ് ചോദ്യത്തോടൊപ്പം വിശദീകരണവും കൊടുത്തിരിക്കുന്നത്. വിശദീകരണം വായിച്ചശേഷം ബൈബിളിൽ ഉത്തരമുണ്ടെങ്കിൽ പറയുക. ബൈബിളിൻ്റെ ആഖ്യാനത്തോടു പുലബന്ധംപോലും ഇല്ലാത്ത വ്യാഖ്യാനങ്ങളാണ് ഉത്തരമെങ്കിൽ കമൻ്റുചെയ്തു ബുദ്ധിമുട്ടണമെന്നില്ല. എത്രവലിയ പണ്ഡിതനായാലും, ഇനി മഹാപണ്ഡിതനായിരുന്ന പൗലൊസ് എഴുന്നേറ്റു വന്നാലും, അതല്ല, സ്വർഗ്ഗത്തിൽ നിന്നൊരു ദൂതനാണെങ്കിൽ പോലും ബൈബിളിൽനിന്നു വ്യക്തമായ തെളിവില്ലെങ്കിൽ ഉത്തരം സ്വീകാര്യമല്ലെന്ന് ദൈവനാമത്തിൽ ഓർമ്മിപ്പിക്കുന്നു.

സ്വന്തം മനസ്സാക്ഷിയെ വഞ്ചിക്കാതെ ഉത്തരങ്ങൾ എഴുതാൻ കഴിയുമെങ്കിൽ നിങ്ങളുടെ ഉത്തരങ്ങൾ നമ്പറിട്ട് കമന്റ് ബോക്സിൽ എഴുതിയിടുക. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!

Leave a Reply

Your email address will not be published. Required fields are marked *