തീച്ചൂളയിലും കരുതുന്നവൻ

തീച്ചൂളയിലും കരുതുന്നവൻ

അനുദിന ജീവിതത്തിൽ തീച്ചൂളകളുടെ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ ദൈവം തങ്ങളുടെ തീച്ചൂളകളുടെ നടുവിലേക്ക് ഇറങ്ങിവരുന്നില്ല എന്ന് പലരും പരാതിപ്പെടാറുണ്ട്. തങ്ങൾ പ്രാർത്ഥിക്കുന്നവരെന്നും ഉപവസിക്കുന്നവരെന്നും അറിയപ്പെട്ടിട്ടും എന്തുകൊണ്ടാണ് സർവ്വശക്തനായ ദൈവം തങ്ങളുടെ തീച്ചുളകളുടെ നടുവിലേക്ക് ഇറങ്ങിവരാത്തതെന്ന് ഇക്കൂട്ടർ പരിഭവത്തോടെ ആത്മഗതം ചെയ്യാറുണ്ട്. എന്നാൽ ചൂട് ഏഴു മടങ്ങു വർദ്ധിപ്പിച്ചശേഷം തീച്ചുളയുടെ നടുവിലേക്കു വലിച്ചെറിയപ്പെട്ട ശദ്രക്, മേശക്, അബേദ്-നെഗോ എന്നിവരുടെ അടുത്തേക്ക് എന്തുകൊണ്ട് ദൈവം ഇറങ്ങിച്ചെന്നുവെന്ന് അധികമാരും ചിന്തിക്കാറില്ല. ദൂരാസമഭുമിയിൽ നെബുഖദ്നേസർ രാജാവ് സ്ഥാപിച്ച സ്വർണ്ണവിഗ്രഹത്തെ സകല വംശങ്ങളും ജാതികളും ഭാഷക്കാരും സാഷ്ടാംഗം പ്രണമിച്ചപ്പോൾ, ശദ്രക്കും മേശക്കും അബേദ്-നെഗോവും ആ സ്വർണ്ണവിഗ്രഹത്തെ നമസ്കരിക്കുവാൻ കൂട്ടാക്കിയില്ല. ബാബിലോൺ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥന്മാരായിരുന്ന അവർക്ക് അതു നിമിത്തം ഉണ്ടാകുവാൻ പോകുന്ന ഭയാനകമായ ഭവിഷ്യത്തുകളെയും അവർ ഗണ്യമാക്കിയില്ല. തീച്ചുളയുടെ ചൂട് ഏഴു മടങ്ങ് വർദ്ധിപ്പിച്ചപ്പോഴും അവർക്ക് രാജാവിനെ അറിയിക്കുവാനുണ്ടായിരുന്നത് തങ്ങൾ ആരാധിക്കുന്ന ദൈവം തങ്ങളെ വിടുവിച്ചാലും ഇല്ലെങ്കിലും രാജാവിന്റെ ദേവന്മാരെയോ രാജാവ് സ്ഥാപിച്ചിരിക്കുന്ന സ്വർണ്ണബിംബത്തെയോ നമസ്കരിക്കുകയില്ല എന്നായിരുന്നു. (ദാനീ, 3:17-18). അവരെ രക്ഷിക്കാമെന്ന് ദൈവം അവരോടു സ്വപ്നത്തിലുടെയോ ദർശനത്തിലൂടെയോ മറ്റു മാദ്ധ്യമങ്ങളിലൂടെയോ യാതൊരു വാഗ്ദത്തവും നൽകിയിരുന്നില്ല. എരിയുന്ന തീച്ചുളയുടെയും സ്വർണ്ണവിഗ്രഹത്തിന്റെയും മുമ്പിൽ ഭയപ്പെടാതെ അവർ തങ്ങൾ ആരാധിക്കുന്ന ജീവനുള്ള ദൈവത്തിനുവേണ്ടി, ലാഭമായതു ചേതമെന്നെണ്ണുവാൻ തയ്യാറായി. നിമിഷങ്ങൾക്കുള്ളിൽ തങ്ങളുടെ സ്ഥാനമാനങ്ങൾ മാത്രമല്ല, തങ്ങൾ തന്നെ ചാമ്പലായിത്തീരുമെന്ന് അറിഞ്ഞുകൊണ്ടായിരുന്നു അവർ ദൈവത്തിനുവേണ്ടി ശബ്ദമുയർത്തിയത്. എന്നാൽ അവരെ വസ്ത്രങ്ങളോടെ കയറുകൊണ്ടു വരിഞ്ഞുമുറുക്കിയപ്പോഴും, തീച്ചുളയിലേക്ക് എറിയുവാൻ കൊണ്ടുപോയപ്പോഴും ദൈവം മൗനമായിരുന്നു. ഈ സന്ദർഭങ്ങളിലെല്ലാം അവർക്ക് ദൈവത്തെ തള്ളിപ്പറയുവാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നിട്ടും അവർ ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസം നിലനിർത്തി. സംഹാരദാഹത്തോടെ ആളിക്കത്തുന്ന തീച്ചുളയുടെ നടുവിലേക്ക് അവർ എറിയപ്പെട്ടപ്പോൾ ആ എരിതീയുടെ നടുവിൽ അവരെ സ്വീകരിക്കുവാൻ അവരുടെ പൂർവ്വപിതാക്കന്മാരോടു സംസാരിച്ച ശക്തനായ ദൈവം കാത്തുനിൽക്കുന്നുണ്ടായിരുന്നു. പ്രതിസന്ധികളുടെയും പ്രതിബന്ധങ്ങളുടെയും പരീക്ഷകൾ അഗ്നിനാളങ്ങളായി നമ്മെ ചുറ്റിവളയുമ്പോൾ, അത്യുന്നതനായ ദൈവത്തിനുവേണ്ടിയുള്ള നമ്മുടെ തീക്ഷ്ണതയും ദൈവത്തോടുള്ള നമ്മുടെ അചഞ്ചലമായ വിശ്വാസവും വിശ്വസ്തതയുമാണ്, നമ്മെ ചാമ്പലാക്കുവാൻ വെമ്പുന്ന അഗ്നിനാളങ്ങളുടെ നടുവിലേക്ക് സർവ്വശക്തനായ ദൈവത്തെ ഇറക്കുന്നത്. (വേദഭാഗം: ദാനീയേൽ 3:1-30).

Leave a Reply

Your email address will not be published. Required fields are marked *