തല്മൂദ്

തല്മൂദ് (Talmud)

യെഹൂദ വാമൊഴി പാരമ്പര്യങ്ങൾ ക്രോഡീകരിച്ച ഗ്രന്ഥം. ദൈവം സീനായിൽവെച്ച് മോശെയ്ക്ക് ഇതു പറഞ്ഞുകൊടുത്തു എന്നു യെഹൂദന്മാർ വിശ്വസിക്കുന്നു. യഥാർത്ഥത്തിൽ ഇത് യെഹൂദ റബ്ബിമാരുടെ വർഷങ്ങളായുള്ള ജ്ഞാനവചനങ്ങളുടെ ശേഖരമാണ്. തല്മൂദിൻ്റെ എഴുതപ്പെട്ട രണ്ടു വ്യത്യസ്ത പതിപ്പുകളുണ്ട്. ബാബിലോണിയൻ (ബാബ്ലി) അഥവാ ചെറിയത്. പൂർത്തിയാകാത്ത പലസ്തീനിയൻ അഥവാ യെറുഷല്മി.

തല്മൂദ് എന്ന നാലു വ്യഞ്ജനാക്ഷരങ്ങളുള്ള ഒരു സന്നിഗ്ദ്ധ ധാതുവിൽ നിന്നാണ് തല്മൂദ് എന്ന പദത്തെ നിഷ്പാദിപ്പിച്ചിരുന്നത. ലാമാദ് (പഠിക്കുക), ലിമ്മേദ് (പഠിപ്പിക്കുക) എന്നീ ധാതുക്കളിൽ നിന്നു തല്മൂദ് എന്ന പദം രൂപം കൊണ്ടതായി ഇന്നു പൊതുവെ കരുതപ്പെടുന്നുണ്ട്. എസ്രായുടെ കാലം മുതൽ എ.ഡി. ആറാം നൂറ്റാണ്ടിന്റെ മദ്ധ്യം വരെ ഉദ്ദേശം ആയിരം വർഷത്തിനിടയ്ക്ക് രൂപം കൊണ്ട ബൈബിൾ വ്യാഖ്യാനങ്ങളും, ചട്ടങ്ങളും, സുഭാഷിതങ്ങളും തലമുദ് ഉൾക്കൊള്ളുന്നു. തല്മൂദ് ആദ്യം വാചിക രൂപത്തിലായിരുന്നു. ലിഖിത ന്യായപ്രമാണത്തിനു പുറമെ, സീനായി പർവ്വതത്തിൽ വച്ച് ദൈവവും മോശയുമായി നടന്ന സംഭാഷണം മുതൽ ഒരു വാചികമായ ന്യായപ്രമാണം തലമുറകളിലേക്കു കൈമാറി വന്നു എന്ന വിശ്വാസത്തിൽ നിന്നു വികാസം പ്രാപിച്ചതാണു് തല്മൂദ്. ഈ വാചിക ന്യായപ്രമാണം ജനത്തിന്റെ ഉള്ളിൽ പ്രതിഷ്ഠിക്കുന്നതിന് ന്യായപ്രമാണ ദാതാവും പ്രവാചകന്മാരും അശ്രാന്ത പരിശ്രമം നടത്തി. പള്ളികളിലും പാഠശാലകളിലും ബൈബിളിനെ അടിസ്ഥാനമാക്കി ഉപദേഷ്ടാക്കന്മാർ നല്കിയ ഉപദേശങ്ങളുടെയും വ്യാഖ്യാനങ്ങളുടെയും ആധിക്യം നിമിത്തം അവ സ്മൃതിയിൽ സൂക്ഷിക്കുക പ്രയാസമായപ്പോൾ അവയെ സമാഹരിച്ചു പ്രസാധനം ചെയ്യേണ്ടിവന്നു. തല്മൂദിന്റെ ഉത്ഭവം അങ്ങനെയായിരുന്നു. എബ്രായ പഴയനിയമം കഴിഞ്ഞാൽ യെഹൂദ ജനതയുടെ മേൽ ഏറ്റവും സ്വാധീനം ചെലുത്തിയത് തല്മൂദാണ്. യാഥാസ്ഥിതിക യെഹൂദന്മാർ ജീവിതത്തിൻ്റെയും വിശ്വാസത്തിൻറയും മാനദണ്ഡമായി തല്മൂദിനെ മാനിക്കുന്നു. ഉല്പതിഷ്ണുക്കളായ യെഹൂദന്മാർ തല്മൂദിനെ ആദരണീയമായി കരുതുന്നു എങ്കിലും ആധികാരികമായി അംഗീകരിക്കുന്നില്ല. യെഹൂദന്മാരുടെ പഴയനിയമ വ്യാഖ്യാനരീതി തല്മൂദിൽ നിന്നു മനസ്സിലാക്കാവുന്നതാണ്. 

തല്മൂദ് ഒന്നാമതായി ലിഖിത ന്യായപ്രമാണത്തിലെ വിധികളെയും ചട്ടങ്ങളെയും വ്യാഖ്യാനിച്ച് അവയുടെ ഉള്ളടക്കവും വ്യാപ്തിയും വിശദമാക്കുന്നു. വാചിക ന്യായപ്രമാണം കൂടാതെ ലിഖിത ന്യായപ്രമാണം അനുഷ്ഠിക്കാൻ അസാദ്ധ്യമാണ്. ‘വേല’ എന്ന പദത്തിന്റെ വ്യാപ്തി അറിയാതെ ശബ്ബത്തിനെക്കുറിച്ചുള്ള കല്പന അനുസരിക്കുന്നതു പ്രയാസമാണ്. രണ്ടാമതായി ലിഖിത ന്യായപ്രമാണത്തിലെ വിധികളെയും ചട്ടങ്ങളെയും യിസ്രായേലിൻ മാറിവരുന്ന പരിതഃസ്ഥിതികളോടു തല്മൂദ് പൊരുത്തപ്പെടുത്തുന്നു. എസ്രായുടെ കാലത്തെ മഹാസഭയ്ക്ക് ഈ അധികാരം ഉണ്ടെന്നു കരുതപ്പെട്ടിരുന്നു. എന്നാൽ ഈ അവകാശവാദത്തിന് അനുകൂലമായി തെളിവുകളൊന്നും ഇല്ല.  

മിദ്രാഷും മിഷ്ണയും: തല്മൂദിന്റെ പൂർവ്വ വർത്തികളായിരുന്നു മിദ്രാഷും മിഷ്ണയും. ‘അന്വേഷിച്ചു കണ്ടെത്തുക, പരിശോധന കഴിക്കുക’ എന്നീ അർത്ഥങ്ങളുള്ള ‘ദാറാഷ്’ എന്ന എബായ ധാതുവിൽ നിന്നാണ് മിദ്രാഷിന്റെ നിഷ്പത്തി. ഉപരിതലത്തിൽ ദൃശ്യമല്ലാത്ത ഒരാശയം അഥവാ ചിന്ത കണ്ടെത്തുക എന്നർത്ഥം. ബൈബിൾ പാഠം വിശദമാക്കുമ്പോൾ നിയമപരമായ ഉപദേശം ഉരുത്തിരിയുകയാണെങ്കിൽ അതു മിദ്രാഷ് ഹലഖാഹ് ആണ്; നിയമപരമല്ലാത്തതും, നൈതികവും ഭക്തി പ്രധാനവും ആയ ഉപദേശം രൂപം കൊണ്ടാൽ അത് മിദ്രാഷ് ഹഗ്ഗദാഹ് ആണ്. ബി.സി. 444-ലെ മഹാസഭായോഗത്തിൽ ന്യായപ്രമാണം പരസ്യമായി വായിച്ചപ്പോൾ എസ്രായും കൂട്ടരും മിദ്രാഷ് മാതൃകയിലുള്ള വ്യാഖ്യാനരീതിയാണ് പിന്തുടർന്നത്. എസ്രായെ തുടർന്നു വന്ന ശാസ്ത്രിമാർ (സോഫെറീം) മിദ്രാഷ് രീതിയെ പിൻപറ്റി. ബി.സി. 270-ൽ ശാസ്ത്രിമാരുടെ പ്രവർത്തനം അവസാനിച്ചു. പിന്നീട് അഞ്ചു ജോടി ഗുരുക്കന്മാർ (സുഗോത്) ഉദയം ചെയ്തു. അവരിൽ ഏറ്റവും മഹാന്മാരും അന്ത്യന്മാരുമാണ് ഷമ്മായിയും ഹില്ലേലും (ബി.സി. ഒന്നാം ശതകത്തിൻറെ അന്ത്യം) ഗുരുക്കന്മാരുടെ (സുഗോത്) ഒരു പുതിയ അദ്ധ്യാപന രീതി ഉടലെടുത്തു. മിദ്രാഷ് രീതിക്കു വിരുദ്ധമായി തിരുവെഴുത്തുകളെ പരാമർശിക്കാതെ അവർ വാചിക ന്യായപ്രമാണം പഠിപ്പിച്ചു. ഏതു വിഷയവും പഠിപ്പിക്കാനുള്ള സാദ്ധ്യത അങ്ങനെ ഉരുത്തിരിഞ്ഞു. വാചികമായ ന്യായപ്രമാണത്തെ ഖണ്ഡിക്കുവാൻ ലിഖിത ന്യായപ്രമാണ പാഠത്തെ സദൂക്യർ ഉപയോഗപ്പെടുത്തിയതാണ് അതിനു പ്രധാന കാരണം. ആവർത്തനം കൊണ്ടാണ് വാചിക ന്യായപ്രമാണം നിലനിന്നത്. അതിനാൽ പുതിയ അദ്ധ്യാപനരീതിക്കു മിഷ്ണ (ആവർത്തനം) എന്ന പേർ ലഭിച്ചു. ഷമ്മായിയുടെയും ഹില്ലേലിന്റെയും കാലത്തു തന്നെ മിഷണയുടെ സമാഹൃതരൂപം ഉണ്ടായിരുന്നു. അക്കിബാ റബ്ബിയും മിഷ്ണ സമാഹരിച്ചിട്ടുണ്ട്. ഇവയെ പ്രയോജനപ്പെടുത്തി പ്രഭു എന്ന അപരനാമത്തിൽ അറിയപ്പെട്ട യെഹൂദാ റബ്ബി മിഷ്ണയെ സമാഹരിച്ചു. ഈ മിഷ്ണ ജനസമ്മതി നേടുകയും പലസ്തീനിലെയും ബാബിലോണിലെയും പാഠശാലകളിൽ പലനൂറ്റാണ്ടുകൾ പാഠപുസ്തകമായി തുടരുകയും ചെയ്തു. നിയമങ്ങൾക്ക് എ.ഡി. 200-500 കാലയളവിൽ റബ്ബിമാർ നല്കിയി വ്യാഖ്യാനങ്ങൾ ഗെമറ (പൂർത്തീകരണം) എന്ന പേരിലറിയപ്പെട്ടു. മിഷണയും ഗെമറയും കൂടിച്ചേർന്നതാണ് തല്മൂദ്.

തല്മൂദിൻ്റെ വിഭാഗങ്ങൾ: തല്മൂദിനെ വിഭാഗിച്ചിരിക്കുന്നത് മൂന്നു തത്വങ്ങളിലാണ്. 1. വിഷയം, 2. ബെബിളിലെ ക്രമം, 3. സംഖ്യ തുടങ്ങിയ കൃത്രിമ ഉപാധികൾ. തല്മൂദിന് ആറുവിഭാഗങ്ങൾ (സെദാറീം) ഉണ്ട് . ഓരോ വിഭാഗത്തെയും ലേഖനങ്ങൾ (മസ്സെഖ്തോത്) ആയി തിരിച്ചു. അറുപത്തിമൂന്നു ലേഖനങ്ങളുണ്ട്. ലേഖനത്ത അദ്ധ്യായങ്ങൾ (പെറാക്കീം) ആയി വിഭജിച്ചിട്ടുണ്ട്.

1. സെറായീം — വിത്തുകൾ (Seeds): കാർഷിക നിയമങ്ങൾ. ഭൂമി കൃഷി ചെയ്യുന്നതിനോടുള്ള ബന്ധത്തിൽ അനുഷ്ഠിക്കേണ്ട മതപരമായ കർത്തവ്യങ്ങളും, കാർഷികോത്പന്നങ്ങളിൽ നിന്നു പുരോഹിതനും, ലേവ്യനും, ദരിദ്രനും കൊടുക്കേണ്ട വിഹിതത്തെക്കുറിച്ചുള്ള കല്പനകളും ഉൾക്കൊള്ളുന്നു.

2. മൊ എദ് — പെരുനാളുകൾ (festivals): ശബ്ബത്തു, ഉത്സവങ്ങൾ, ഉപവാസങ്ങൾ എന്നിവയെക്കുറിച്ചുള്ള നിയമങ്ങൾ. ഉത്സവങ്ങൾക്ക് അർപ്പിക്കേണ്ട യാഗങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും ഉണ്ട്. 

3. നാഷീം — സ്ത്രീകൾ (women): വിവാഹം, വിവാഹമോചനം, ദേവരവിവാഹം എന്നിവയെ സംബന്ധിക്കുന്ന നിയമങ്ങൾ; നാസീർ വതത്തിന്റെ വിധികൾ.

4. നെസിക്കിൽ — നഷ്ടപരിഹാരം (fines): പൗരസംബന്ധമായ നിയമങ്ങൾ, ശിക്ഷാനിയമങ്ങൾ, വാണിജ്യ ഇടപാടുകൾ, റബ്ബിമാരുടെ സുഭാഷിതങ്ങൾ. 

5. കൊദഷീം — വിശുദ്ധ വസ്തുക്കൾ (consecrated things): വിശുദ്ധമന്ദിരം, യാഗാർപ്പണങ്ങൾ ആദ്യജാതൻ എന്നിവയെ സംബന്ധിക്കുന്ന നിയമങ്ങൾ. ഹെരോദാവിൻറ ദൈവാലയത്തെക്കുറിച്ചുള്ള വർണ്ണനയും ഉണ്ട്. 

6. ഗൊഹൊറൊത് — ശുദ്ധീകരണം (purifications): കാർമ്മികമായ ശുദ്ധിയും അശുദ്ധിയും, ശുദ്ധാശുദ്ധ വ്യക്തികൾ വിശുദ്ധീകരണം.

രണ്ടുപാഠങ്ങൾ: സംക്ഷിപ്ത, വ്യക്തത, സമഗ്രത എന്നീ ഗുണങ്ങൾ മിഷ്ണയ്ക്കുണ്ട്. പലസ്തീനിലെയും ബാബിലോണിലെയും റബ്ബിമാരുടെ വിദ്യാകേന്ദ്രങ്ങളിൽ മിഷ്ണ പാഠ്യവിഷയമായി. തൽഫലമായി മിഷയ്ക്ക് പലസ്തീന്യൻ പാഠവും ബാബിലോന്യൻ പാഠവും നിലവിൽ വന്നു. ഈ പഠനകേന്ദ്രങ്ങളിൽ നടന്ന ചർച്ച ന്യായപ്രമാണ പഠനത്തിന്റെ കേന്ദ്രബിന്ദുവായി മാറി. അതാണ് തല്മൂദ് എന്നറിയപ്പെട്ടത്. തല്മൂദിലെ ചർച്ചകൾ അധികവും സംവാദരീതിയിലാണ്. ചോദ്യം അവതരിപ്പിക്കുകയും മറുപടി ആരായുകയും ചെയ്യുകയായിരുന്നു. നിലവിലുള്ള തല്മൂദ് മിഷ്ണയുടെ മൂന്നിൽ രണ്ടു ഭാഗത്തിന്റെ വ്യാഖ്യാനമാണ്. 

പലസ്തീനിയൻ തലമൂദിന് യെറുഷല്മി എന്നും പേരുണ്ട്. തിബെര്യാസ്. കൈസര്യ, സെഫോറിസ് എന്നീ വിദ്യാകേന്ദ്രങ്ങളാണ് പലസ്തീനിയൻ തല്മൂദിനു ജന്മം നല്കിയത്. ആദ്യത്തെ നാലു വിഭാഗങ്ങൾക്കു മാത്രമേ പലസ്തീനിയൻ തല്മൂദിൽ ഗെമറ ഉള്ളു. പാശ്ചാത്യ അരാമ്യ ഭാഷയിലാണു രചന. എ.ഡി. മൂന്നും നാലും നൂറ്റാണ്ടുകളിൽ പലസ്തീനിലെ യെഹൂദന്മാർ റോമൻ ഭരണാധികാരികളുടെ കഠിന പീഡനത്തിനു വിധേയരായി. അക്കാലത്തു ധൃതിയിൽ സമാഹരിച്ചതുകൊണ്ടു പലസ്തീനിയൻ തല്മൂദ് അപൂർണ്ണമായിപ്പോയി. ബാബിലോന്യൻ തല്മൂദ് പൌരസ്ത്യ അരാമ്യയിലാണ് രചിക്കപ്പെട്ടത്. യെഹൂദാറബ്ബിയുടെ മിഷണയെ അടിസ്ഥാനമാക്കി ബാബിലോന്യൻ കേന്ദ്രങ്ങളിൽ നടന്ന ചർച്ചകളാണ് ഈ തലമൂദിലെ ഉള്ളടക്കം. ബാബിലോന്യൻ തല്മൂദിൻറ ഉത്പത്തിക്കു ഹേതുഭൂതനായ അബ്ബാ അറികാ (Abba Arika) യെഹൂദാ റബിയുടെ കീഴിൽ മിഷ്ണ അഭ്യസിച്ച വ്യക്തിയാണ്. 

ഗെമറകൾ: യഹൂദമതത്തിലെ വാചിക നിയമങ്ങളുടെ കച്ചിക്കുറുക്കിയ സംഗ്രമായ മിഷ്ണ അതിന്റെ സംക്ഷിപ്തതയ്ക്കു പേരെടുത്തിരിക്കുന്നു. വിശദീകരണങ്ങളും കഥാഖ്യാനങ്ങളും അതിൽ തികച്ചും ഒഴിവാക്കപ്പെട്ടിരിക്കുന്നു. വിഷയ പ്രതിപാദനത്തിൽ ഇതിനു നേർവിപരീതമായ സമീപനം പിന്തുടരുന്ന ഗെമറകൾ എഴുതപ്പെട്ടിരിക്കുന്നത് അരമായ ഭാഷയിലാണ്. മിഷ്ണയിലെ വിടവുകൾ ദീർഘമായ വിശദീകരണങ്ങളും ഉദാഹരണങ്ങളും കൊണ്ട് നികത്താൻ ഗെമറകൾ ശ്രമിക്കുന്നു. ഇടക്ക് അവ കാടുകയറുന്നതായിപ്പോലും തോന്നാം. മിഷ്ണയുടെ ഉള്ളടക്കം മിക്കവാറും, നിയമാവതരണം എന്നു പറയാവുന്ന ‘ഹലഖ’ (Halakha) ആണെങ്കിൽ, മതനിയമങ്ങളുമായി നേരിട്ടു ബന്ധമില്ലാത്ത ചർച്ചകളും, കഥകളും ചേർന്ന ‘ഹഗ്ഗദ്ദ’ (Haggada) കൂടി ചേർന്നതാണ് ഗെമാറകൾ.

മനുഷ്യജീവിതത്തേയും മനുഷ്യാവസ്ഥയെ തന്നേയും സംബന്ധിച്ച് തീവ്രസംവാദങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന യഹൂദമനീഷിമാർ ഗെമറകളിൽ പ്രത്യക്ഷപ്പെടുന്നു.

“രണ്ടരവർഷക്കാലം ഷമ്മായി ഭവനവും ഹില്ലേൽ ഭവനവും തർക്കിച്ചുകൊണ്ടിരുന്നു: മനുഷ്യന് സൃഷ്ടിക്കപ്പെടുന്നതിനേക്കാൾ സൃഷ്ടിക്കപ്പെടാതിരിക്കുകയായിരുന്നു ഭേദം എന്നു ഷമ്മായി ഭവനം വാദിച്ചു; സൃഷ്ടിക്കപ്പെടാതെ ഇരിക്കുന്നതിനേക്കാൾ സൃഷ്ടിക്കപ്പെടുന്നതാണു നല്ലതെന്നു ഹില്ലേൽ ഭവനവും. ഒടുവിൽ അഭിപ്രായസമന്വയത്തിനു ശ്രമിച്ച അവർ ഈ നിഗമനത്തിൽ എത്തിച്ചേർന്നു: സൃഷ്ടിക്കപ്പെടുന്നതിനേക്കാൾ സൃഷ്ടിക്കപ്പെടാതിരിക്കുന്നതാണ് മനുഷ്യനു നന്ന്; എങ്കിലും സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞ സ്ഥിതിക്ക് ഇനി അവൻ സ്വന്തം ചെയ്തികൾ ശ്രദ്ധിക്കട്ടെ.” (Talmud Eruvin 13b)

ദൈനംദിനജീവിതവുമായി തീവ്രബന്ധമുള്ള കഥകളും ഉദാഹരണങ്ങളും ഈ ചർച്ചകളിൽ കടന്നു വരുന്നു. രണ്ടുശിഷ്യന്മാരുടെ അഭിരുചികൾക്കിടയിൽ വിഷമിച്ച ഒരു റബ്ബി തന്റെ നില ഒരിടത്ത് ഇങ്ങനെ വിശദീകരിക്കുന്നു: “റബ്ബിമാരായ അമ്മിയും അസ്സിയും, റബ്ബി ഐസക്കിനൊപ്പം ഇരിക്കുമ്പോൾ, അവരിൽ ഒരാൾ അദ്ദേഹത്തോട് പറഞ്ഞു: ‘ഗുരു ഞങ്ങളോട് ചില നിയമകാര്യങ്ങൾ പറയുമോ?’ അപ്പോൾ അപരൻ പറഞ്ഞു: ‘ഗുരു ഞങ്ങൾക്ക് വല്ല ഗുണപാഠകഥകളും പറഞ്ഞു തരുമോ?’ അദ്ദേഹം നിയമം പറഞ്ഞപ്പോൾ ഒരുവന് അപ്രീതിയുണ്ടായി, ഗുണപാഠകഥകൾ അപരനേയും അപ്രീതിപ്പെടുത്തി. അപ്പോൾ അദ്ദേഹം അവരോട് പറഞ്ഞു: ‘ഇതെന്തു സ്ഥിതിയെന്നു വിശദീകരിക്കാൻ ഞാൻ ഒരു ഉപമ പറയട്ടെ? ചെറുപ്പക്കാരിയും വൃദ്ധയുമായി രണ്ടു ഭാര്യമാരുണ്ടായിരുന്ന ഒരുത്തന്റെ സ്ഥിതി തന്നെ. ചെറുപ്പക്കാരി അയാളുടെ നരച്ച മുടി പിഴുതു മാറ്റി; വൃദ്ധ കറുത്ത മുടിയും. അങ്ങനെ അയാളുടെ തലയിൽ മുടിയേ ഇല്ലാതായി.” (Babylonian Talmud: Tractate Baba Kamma 60b).

മേൽപ്പറഞ്ഞ സവിശേഷതകൾ ഗെമറകളെ കേവലം ശുഷ്കപാഠം എന്നതിനു പകരം ഒരു ജനതയുടേയും അവരുടെ ജീവിതത്തിന്റേയും മിഴിവുറ്റ ചിത്രമാക്കി മാറ്റിയിരിക്കുന്നു. ഗെമാറകളിൽ, വായനക്കാരന് വലിയ മനുഷ്യരുടെ സ്വകാര്യജീവിതത്തിന്റെ എത്തിനോട്ടത്തിനു പോലും അവസരം കിട്ടുന്നു.

ലിഖിതരൂപത്തിൽ പ്രത്യക്ഷപ്പെടുന്നതിനു മുമ്പു തന്ന തല്മൂദ് മഹാപീഡനം അനുഭവിച്ചു തുടങ്ങി. ഹദ്രിയൻ (117-138) തുടങ്ങിയ റോമാ ചക്രവർത്തിമാരും പാർസ്യ രാജാക്കന്മാരും ന്യായപ്രമാണപഠനം വിലക്കി. മദ്ധ്യയുഗത്തിൽ തല്മൂദിനെ അഗ്നിക്കിരയാക്കി. ക്രിസ്ത്യാനികളായിത്തീർന്ന യെഹൂദന്മാരായിരുന്നു ഇതിനു പിന്നിൽ. നിക്കൊളാസ് ദോനിൻ തല്മൂദിനെതിരെ അവതരിപ്പിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പോപ്പ് ഗ്രിഗറി രണ്ടാമൻ തല്മൂദ് കണ്ടുകെട്ടാൻ കല്പ്പന പുറപ്പെടുവിച്ചു. 1242 ജൂൺ മാസത്തിൽ ഇരുപത്തിനാലു വണ്ടി ഗ്രന്ഥങ്ങൾ കൊണ്ടുവന്നു; പാരീസിൽ വച്ചു പരസ്യമായി ചുട്ടു. റ്യൂഹ്ലിൻ്റെ (1453-1522) കാലം വരെ ഈ ദഹനം തുടർന്നു. യെഹൂദന്മാരോടുള്ള വൈരം തല്മൂദിനെ നശിപ്പിക്കുവാൻ അടുത്തകാലം വരെയും ശത്രുക്കളെ പ്രേരിപ്പിച്ചു. പ്രാഥമിക പാഠശാല മുതലുള്ള യെഹൂദ വിദ്യാഭ്യാസത്തിൽ തല്മൂദിന് പ്രധാന സ്ഥാനമുണ്ട്. 

കുറിപ്പുകൾ: എ.ഡി. 69-70-ൽ റോമിനെതിരെ നടന്ന യഹുദരുടെ ആദ്യകലാപത്തിന്റെ താൽമുദിലെ വിവരണത്തിൽ നായകസ്ഥാനം നൽകപ്പെട്ടിരിക്കുന്നത്, റബ്ബാൻ യോഹാനാൻ ബെൻ സക്കായ് എന്നയാൾക്കാണ്. കലാപകാരികൾ കൈയ്യടക്കിയിരുന്ന യെരുശലേമിൽ നിന്ന് ശത്രുപാളയത്തിലേക്ക് പലായനം ചെയ്ത്, റോമൻ സേനാധിപൻ വെസ്പേഷ്യന്റെ മേൽക്കോയ്മ അംഗീകരിക്കുകയാണ് ബെൻ സക്കായ് ചെയ്തത്. യെരുശലേമിന്റെ പതനത്തെ തുടർന്ന് യഹൂദ വേദപഠനത്തിന്റെ കേന്ദ്രമായിത്തീർന്ന യാംനിയയിലെ വിദ്യാപീഠത്തിന്റെ സ്ഥാപകൻ ബെൻ സക്കായ് ആയിരുന്നെന്ന് പറയപ്പെടുന്നു. യഹൂദകലാപകാരികളെ തല്മുദ്, റബ്ബിമാരുടെ ഉപദേശത്തിനു ചെവികൊടുക്കാതെ എടുത്തു ചാടി, മുഴുവൻ സമൂഹത്തേയും അപകടപ്പെടുത്തിയ ഉന്മത്തന്മാരായും ചിത്രീകരിച്ചു.

തിരുനാളുകളെ സംബന്ധിച്ച താൽമുദ് നിബന്ധമായ ബെറ്റ്സായുടെ തുടക്കത്തിലെ ഈ ഭാഗം ഇതിനെ ഉദാഹരിക്കുന്നു: “തിരുനാൾ ദിനത്തിൽ ഇട്ട കോഴിമുട്ട, ആ ദിവസം ഭക്ഷിക്കാമെന്ന് ഷമ്മായിയുടെ അനുയായികൾ പറയുന്നു. എന്നാൽ ഹില്ലേലിന്റെ ശിഷ്യന്മാരുടെ അഭിപ്രായം അത് ഭക്ഷിച്ചു കൂടെന്നാണ്.” (കേംബ്രിഡ്ജ് ബൈബിൾ സഹകാരി, പുറങ്ങൾ 428-32).

“പത്തളവ് ജ്ഞാനം ലോകത്തിലെത്തി. അതിൽ ഒൻപതളവുകൾ ഇസ്രായേലിന്റെ നിയമത്തിനും അവശേഷിച്ച ഒരളവ് ബാക്കി ലോകത്തിനും കിട്ടി. പത്തളവ് സൗന്ദര്യം ലോകത്തിലെത്തി. അതിൽ ഒൻപതളവ് യെരുശലേമിനും അവശേഷിച്ച ഒരളവ് ബാക്കി ലോകത്തിനും കിട്ടി എന്നു താൽമുദ്.” (H Polano, The Talmud Selections: Translated from the Original, പുറം 303).

One thought on “തല്മൂദ്”

Leave a Reply

Your email address will not be published. Required fields are marked *