ചുങ്കക്കാരൻ

ചുങ്കക്കാരൻ (a publican)

റോമാസാമ്രാജ്യത്തിനു വേണ്ടി നികുതി പിരിച്ചിരുന്നവരെയാണ് ചുങ്കക്കാരൻ എന്നു വിളിച്ചിരുന്നത്. ബി.സി. 212 മുതൽതന്നെ നികുതി പിരിക്കുവാനുള്ള അവകാശം ലേലംചെയ്ത് കൊടുത്തിരുന്നു. പുതിയനിയമകാലത്ത് യിസ്രായേൽ റോമൻ ഭരണത്തിൻ കീഴിലായിരുന്നു. റോമൻ അധികാരികൾ യിസ്രായേലിൽ വർദ്ധിച്ച നികുതി ചുമത്തുകയും അതു നിർദ്ദയമായും, വ്യവസ്ഥാപിതമായും പിരിച്ചെടുക്കുകയും ചെയ്തിരുന്നു. തലവരി, ഭൂനികുതി എന്നിങ്ങനെയുള്ള സാധാരണ നികുതികൾ പലസ്തീനിലെ റോമൻ അധികാരികൾ നേരിട്ടു പിരിച്ചെടുത്തു. പാലത്തിനു ചുങ്കം, റോഡിനു ചുങ്കം, പട്ടണങ്ങളിൽ ക്രയവിക്രയ സാധനങ്ങൾക്കു ചുങ്കം, കയറ്റുമതികൾക്കും ഇറക്കുമതികൾക്കും ചുങ്കം എന്നിങ്ങനെ ഒട്ടേറെ ചുങ്കങ്ങൾ ഏർപ്പെടുത്തി. ചുങ്കം പിരിവ് സമ്പന്നരായ കോൺട്രാക്ടർമാർക്കു നല്കി. ഒരു പ്രദേശത്തു നിന്നും ചുങ്കം പിരിക്കുന്നതിനുള്ള അവകാശത്തിന് ഒരു നിശ്ചിതതുക അവർ മുൻകൂറായി ഭണ്ഡാരത്തിൽ അടച്ചിരുന്നു. കോൺട്രാക്ടർമാർ തദ്ദേശവാസികൾ ആയിരുന്നില്ല. അവർ തങ്ങളുടെ കീഴിൽ തദ്ദേശവാസികളായ ചുങ്കക്കാരെ നിയമിച്ചിരുന്നു. സക്കായി ചുങ്കക്കാരിൽ പ്രമാണി (ആർക്കി ടെലോനീസ്) ആയിരുന്നു. (ലൂക്കൊ, 19:2). യെരീഹോവിലെ ചുങ്കം മുഴുവൻ പിരിച്ചെടുത്തിരുന്നതു സക്കായി ആയിരുന്നു എന്നും അയാളുടെ കീഴിൽ ചുങ്കക്കാർ ഉണ്ടായിരുന്നു എന്നും സക്കായിയുടെ വിശേഷണം വ്യക്തമാക്കുന്നു. ചുങ്കം ശേഖരിക്കുന്നവർ അതാതു ദേശത്തു നിന്നുള്ളവരാണ്. നാട്ടുകാരെ ശരിക്കു മനസ്സിലാക്കി കബളിപ്പിക്കപ്പെടാതെ ചുങ്കം പിരിച്ചെടുക്കുകയായിരുന്നു അതിൻ്റെ ലക്ഷ്യം. സക്കായിയുടെ വാക്കുകൾ അമിതമായ നികുതി പിരിവിനെ അംഗീകരിക്കുന്നു. (ലൂക്കൊ, 19:8(. സ്നാനം ഏൽക്കുവാൻ വന്ന ചുങ്കക്കാർക്ക് കല്പിച്ചതിൽ അധികം പിരിക്കരുത് എന്ന ഉപദേശമാണ് യോഹന്നാൻ സ്നാപകൻ നൽകിയത്. (ലൂക്കൊ, 3:13). ഇതു കല്പിച്ചതിലധികം അവർ നിയമേന പിരിച്ചുവെന്ന് വെളിപ്പെടുത്തുന്നു. ഇങ്ങനെ നിന്ദ്യരും വെറുക്കപ്പെട്ടവരും ആയ ഒരു കൂട്ടരായിരുന്നു ചുങ്കക്കാർ. സ്വാർത്ഥതയുടെ ഉദാഹരണമായി ക്രിസ്തു ചൂണ്ടിക്കാട്ടിയത് ചുങ്കക്കാരെയാണ്. (മത്താ, 5:48).

ഒരു യഥാർത്ഥ യെഹൂദന് ചുങ്കക്കാരൻ അറപ്പായിരുന്നു. കാർമ്മികമായി അശുദ്ധനാണ് ചുങ്കക്കാര. എല്ലായ്പോഴും വിജാതീയരുമായി അവൻ ഇടപഴകുന്നതാണു പ്രധാനകാരണം. മാത്രവുമല്ല, ശബ്ബത്തുനാളിൽ വേല ചെയ്യുവാനും ചുങ്കക്കാരൻ നിർബന്ധിതനാണ്. ചുങ്കക്കാരനോടൊപ്പം ഭക്ഷിക്കരുതെന്ന് ശിഷ്യന്മാരോട് റബ്ബിമാർ ഉപദേശിച്ചിരുന്നു. ചുങ്കക്കാരോടും പാപികളോടും ഒപ്പം കർത്താവു ഭക്ഷണത്തിനു ഇരുന്നു: (മത്താ, 9:10; 11:19; മർക്കൊ, 2:15; ലൂക്കൊ, 5:30; 7:34; 15:1,2). ചുങ്കക്കാരെയും വേശ്യമാരെയും (മത്താ, 21:31) ഒരുമിച്ചു പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്. സഭയെയും കൂട്ടാക്കാഞ്ഞാൽ പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ അവൻ നിനക്കു ഇരിക്കട്ടെ (മത്താ, 18:17) എന്ന കല്പനയുടെ ഉദ്ദേശ്യവും ഗൗരവവും വ്യക്തമാണ്. യോഹന്നാൻ സ്നാപകന്റെയും യേശുവിന്റെയും ആദ്യകാലശിഷ്യന്മാരിൽ ചിലർ ചുങ്കക്കാരായിരുന്നു; സക്കായി ചുങ്കക്കാരിൽ പ്രമാണിയും. തല്മൂദ് രണ്ടു വിഭാഗത്തെക്കുറിച്ചു പറയുന്നുണ്ട്: നികുതി പിരിവുകാരും ചുങ്കം പിരിവുകാരും. ഇരുവിഭാഗങ്ങളും ഒന്നുപോലെ നിഷിദ്ധരാണെങ്കിലും ചുങ്കക്കാർ കൂടുതൽ നിഷിദ്ധരായിരുന്നു. മത്തായി (ലേവി) ഇപ്രകാരമുള്ള ചുങ്കക്കാരൻ ആയിരുന്നു. നികുതി പിരിവുകാർ ക്രമമനുസരിച്ചുളള തുക, നിലം, വരവ്, തലവരി എന്നിവയിൽ നിന്നും പിരിച്ചെടുത്തിരുന്നു. ചുങ്കക്കാർ പാവപ്പെട്ടവരുടെ മേൽ അധികം ചുങ്കം ചുമത്തുകയും നിർദ്ദാക്ഷിണ്യം പിരിച്ചെടുക്കുകയും ചെയ്തു. കൊള്ളക്കാർക്കു സമമായി ചുങ്കക്കാർ ഗണിക്കപ്പെട്ടു. തങ്ങളുടെ അധീശരായ ശ്രതുക്കളെ സേവിക്കുകയും സ്വജനത്തെ പീഡിപ്പിക്കുകയും ചെയ്യുന്നവരാണ് ചുങ്കക്കാർ. ചുങ്കക്കാരുടെ അഴിമതിയെയും കൊള്ളരുതായ്മയെയും ക്രിസ്തു എതിർത്തു; എങ്കിലും അശുദ്ധരായി കരുതി അവരെ അകറ്റി നിറുത്തിയില്ല. സ്വന്തം അവസ്ഥ ഏററുപറഞ്ഞ ചുങ്കക്കാരനെ ക്രിസ്തു ശ്ലാഘിച്ചു. (ലൂക്കൊ, 18:10-14).

Leave a Reply

Your email address will not be published.