ചാവുകടൽ ചുരുളുകൾ

ചാവുകടൽ ചുരുളുകൾ  (Dead Sea Scrolls)

പഴയനിയമ പാഠചരിത്രത്തിലും പുരാവസ്തു വിജ്ഞാനീയത്തിലും ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ചാവുകടൽ ചുരുളുകളുടെ കണ്ടുപിടിത്തം. തികച്ചും ആകസ്മികമായാണ് ഈ ചുരുളുകൾ കണ്ടുപിടിക്കപ്പെട്ടത്. 1947 ഫെബ്രുവരിയിലോ മാർച്ചിലോ മുഹമ്മദ് അദ്-ദിബ് (Muhammad adh-Dhib) എന്ന ഇടയയുവാവ് നഷ്ടപ്പെട്ടുപോയ ആടിനെതേടി യെരീഹോവിനു 14 കി.മീ. തെക്കു ചാവുകടലിന്റെ പടിഞ്ഞാറെ തീരത്തുള്ള ഒരു കുന്നിലെ ഗുഹയിൽ പ്രവേശിച്ചു. അതിനകത്ത് പല ഭരണികൾ ഇരിക്കുന്നതായി അവൻ കണ്ടു. ലിനൻ തുണിയിൽ പൊതിഞ്ഞ തോൽ ചുരുളുകളായിരുന്നു അവകളിൽ. ഈ ചുരുളുകൾ വില്ക്കുവാൻ ശ്രമിച്ചു എങ്കിലും ആദ്യം സാധിച്ചില്ല. ഒടുവിൽ പല കൈകൾ മാറി അവ എബ്രായ സർവ്വകലാശാലയിൽ വന്നെത്തി. 

ചാവുകടൽ ചുരുളുകൾ കണ്ടുപിടിക്കുന്നതുവരെ നമുക്കു ലഭിച്ചിരുന്ന പഴയനിയമത്തിന്റെ ഏറ്റവും പുരാതനമായ കയ്യെഴുത്തു പ്രതികളുടെ കാലം ഒമ്പതാം ശതകത്തിന്റെ അന്ത്യപാദമായിരുന്നു. പഴയനിയമത്തിന്റെ പുരാതന കൈയെഴുത്തു പ്രതിയെക്കാൾ എട്ടു നൂറ്റാണ്ടു കൂടുതൽ പഴക്കമുള്ളവയായിരുന്നു പുതിയനിയമത്തിൻ്റെ കൈയെഴുത്തു പ്രതികൾ. ചാവുകടലിനടുത്തുള്ള കുമ്രാൻ ഗുഹകളിൽനിന്നും കണ്ടെടുത്ത ചുരുളുകൾ ഈ ധാരണയെ പാടേ മറിച്ചുകളഞ്ഞു. ക്രിസ്തുവിനു മുമ്പു തന്നെയുള്ള കൈയെഴുത്തു പ്രതികൾ നമുക്കു ലഭ്യമായി. എസ്ഥറിന്റെ പുസ്തകം ഒഴികെയുള്ള എല്ലാ പഴയനിയമ പുസ്തകങ്ങളുടെയും ചുരുളുകൾ കണ്ടെടുത്തു. ഈ ചുരുളുകൾ നാം ഉപയോഗിച്ചു വന്ന പഴയനിയമപാഠത്തെ സ്ഥിരീകരിക്കുന്ന ഒരു വലിയ സാക്ഷ്യമാണ്. പരസ്പരബന്ധമില്ലാത്ത മൂന്നു ഗണങ്ങളിലുൾപ്പെടുന്നവയാണ് ചാവുകടൽച്ചുരുളുകൾ. (കുമ്രാനിലെ ഒന്നാം ഗുഹയിൽ കണ്ടുകിട്ടിയ യെശയ്യാ പ്രവചനത്തിന്റെ ഒരു ഭാഗം:;യെശ, 57:17-59:9, ചിത്രം 1).

1947-നും 1956-നും ഇടക്ക്, പശ്ചിമേഷ്യയിൽ ചാവുകടലിന്റെ വടക്കുപടിഞ്ഞാറൻ തീരത്തെ പുരാതന ജനവാസകേന്ദ്രമായ ഖിർബത് കുമ്രാനോടു ചേർന്നുള്ള കുമ്രാൻ താഴ്വരയിലെ പതിനൊന്നു ഗുഹകളിൽ നിന്ന് കണ്ടുകിട്ടിയ തൊള്ളായിരത്തോളം ലിഖിതരേഖകളാണ് ചാവുകടൽ ചുരുളുകൾ. ഇവയിൽ ഒരു പ്രധാനഭാഗം എബ്രായ ബൈബിളിലെ ഗ്രന്ഥങ്ങളും ഗ്രന്ഥഭാഗങ്ങളുമാണ്. ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തിനപ്പുറത്തുനിന്ന് ഇന്നു ലഭ്യമായ ചുരുക്കം ബൈബിൾ രേഖകളിൽ ഉൾപ്പെടുന്ന ഇവ, മതപരവും ചരിത്രപരവുമായി വലിയ പ്രാധാന്യമുള്ള രേഖകളാണ്. യെരുശലേമിലെ രണ്ടാം ദേവാലയത്തിന്റെ അവസാനകാലത്തെ യഹൂദ മതത്തിനുള്ളിൽ, വിശ്വാസങ്ങളിലും ആചാരങ്ങളിലും നിലവിലിരുന്ന ഗണ്യമായ വൈവിദ്ധ്യത്തിലേക്ക് ഇവ വെളിച്ചം വീശുന്നു. എബ്രായ, അരമായ ഭാഷകളിലും ഗ്രീക്കു ഭാഷയുടെ കൊയ്നെ വകഭേദത്തിലും ആണ് അവ എഴുതപ്പെട്ടിരിക്കുന്നത്. മിക്കവയും മൃഗചർമ്മത്തിൽ ഉള്ളവയാണെങ്കിലും പാപ്പിറസിൽ എഴുതപ്പെട്ടിരിക്കുന്നവയും ഉണ്ട്. ഈ കൈയെഴുത്തു പ്രതികൾ ക്രിസ്തുവിനുമുൻപ് 250-നും ക്രിസ്തുവർഷം 70-നും ഇടക്കുള്ളവയാണെന്ന് കാർബൺ-14 പരീക്ഷണത്തിലും പുരാതനരചനാ പഠനത്തിൽ നിന്നും തെളിഞ്ഞിട്ടുണ്ട്.

ബെദുവിൻ ബാലൻ: ചാവുകടലിന്റെ വടക്കുപടിഞ്ഞാറെ തീരത്തെഴഒരു കിലോമീറ്റർ പരപ്പിലാണ് കുമ്രാനിലെ അധിവാസസ്ഥാനം. ചുരുളുകൾ കിട്ടിയ പതിനൊന്നു ഗുഹകൾ അധിവാസകേന്ദ്രത്തിൽ നിന്ന് 125 മീറ്റർ (നാലാമത്തെ ഗുഹ) മുതൽ ഒരു കിലോമീറ്റർ (ഒന്നാം ഗുഹ) വരെ ദൂരെയാണ്. യെരീഹൊ നഗരത്തിൽ നിന്ന് പതിമൂന്നു കിലോമീറ്റർ തെക്കോട്ടു മാറിയാണിത്. 1947-ൽ, ബെദൂവിനുകളുടെ താമിരാ ഗോത്രത്തിൽ പെട്ട മുഹമ്മദ് ആദ്ദിബ്ബ് എന്ന പതിനഞ്ചു വയസ്സുകാരൻ ബാലൻ ആദ്യത്തെ ചാവുകടൽ ചുരുളുകൾ കണ്ടെത്തിയെന്നാണ് പൊതുവേ കരുതപ്പെടുന്നത്.(കുമ്രാനിൽ നിന്നു കണ്ടെടുത്ത സങ്കീർത്തനച്ചുരുൾ: ചിത്രം 2).

ഒരു കഥയനുസരിച്ച് കാണാതെപോയ ഒരാടിനെ അന്വേഷിച്ചുപോയ അദ്ദീബ്, ഗുഹകളിലൊന്നിലേക്ക് കല്ലെറിഞ്ഞപ്പോൾ മൺപാത്രം പൊട്ടുന്ന ശബ്ദം കേട്ടു. തുടർന്ന് ഗുഹയിൽ പ്രവേശിച്ച അവൻ, തുണിയിൽ പൊതിഞ്ഞ് തോൽച്ചുരുളുകൾ സൂക്ഷിച്ചിരിക്കുന്ന മൺഭരണികൾ കണ്ടെത്തി. ചുരുളുകളുടെ മൂല്യം മനസ്സിലാക്കിയ ഒരു ബെത്‌ലഹേംകാരൻ പുരാവസ്തു വ്യാപാരി ‘ഇബ്രാഹിം ഇജാ’ അവ വാങ്ങാൻ തയ്യാറാകുന്നതിന് മുൻപ്, അനേകം ചുരുളുകൾ വീട്ടമ്മമാർ അടുപ്പെരിക്കാൻ ഉപയോഗിച്ചുവെന്ന് പറയപ്പെടുന്നു. ചുരുളുകൾ ഏതെങ്കിലും സിനഗോഗിൽ നിന്ന് മോഷ്ടിച്ചവയായിരിക്കുമെന്ന് മുന്നറിയിപ്പുകിട്ടിയ ‘ഇജാ’ അവ തിരികെകൊടുത്തു. ‘കാൻഡൊ’ ഏന്നും പേരുള്ള ഖലീൽ എസ്കന്ദർ ഷാഹിന്റെ കൈവശമാണ് പിന്നീട് അവ എത്തിയത്. ചെരുപ്പു കുത്തിയായിരുന്ന അയാൾ പുരാവസ്തു വ്യാപാരത്തിലും ഏർപ്പെട്ടിരുന്നു. മിക്കവരും നൽകുന്ന വിവരം അനുസരിച്ച്, ആദ്യത്തെ കണ്ടെത്തലിനുശേഷം അദ്ദീബ് ഗുഹയിൽ നിന്ന് എടുത്തുമാറ്റിയത് മൂന്നു ചുരുളുകൾ മാത്രമായിരുന്നു. അയാൾ കൂടുതൽ ചുരുളുകൾക്കായി വീണ്ടും സ്ഥലം സന്ദർശിച്ചുവെന്നും അതൊരുപക്ഷേ ‘കാൻഡോ’യുടെ പ്രേരണമൂലം ആയിരുന്നിരിക്കാം എന്നും പറയപ്പെടുന്നു. ‘കാൻഡോ’ തന്നെ ഒരു രഹസ്യപര്യവേഷണം നടത്തിയെന്നാണ് മറ്റൊരു കഥ. മൂന്നു ചുരുളുകളെങ്കിലും അയാളുടെ കൈവശം ഉണ്ടായിരുന്നു. (ചുരുളുകൾ കണ്ടുകിട്ടിയ ഗുഹകളുടെ ഒരു ചിത്രം: ചിത്രം 3).

കൈമാറ്റങ്ങൾ: അതിനിടെ കൂടുതൽ വിലക്ക് വിൽക്കാൻ അവസരമുണ്ടാകുവോളം ചുരുളുകൾ ‘ജോർജ്ജ് ഇശയാ’ എന്ന ഇടനിലക്കാരന്റെ കൈവശമിരിക്കട്ടെ എന്നു ബെദൂവിനുകൾക്കിടയിൽ തീരുമാനമായി. സുറിയാനി ഓർത്തോഡോക്സ് സഭാവിശ്വാസിയായിരുന്ന ഇശയാ, ചുരുളുകളുടെ മൂല്യത്തെക്കുറിച്ച് മനസ്സിലാക്കാനായി, യെരുശലേമിലെ വിശുദ്ധ മർക്കോസിന്റെ സന്ന്യാസാശ്രമവുമായി ബന്ധപ്പെട്ടു. കണ്ടെത്തലിന്റെ വാർത്ത, മാർ സാമുവൽ എന്നറിയപ്പെടുന്ന മെത്രാപ്പോലീത്താ ‘അത്താനാസിയസ് യേശു സാമുവലിന്റെ’ അടുത്തെത്താൻ ഇത് കാരണമായി.

പരിശോധനക്കുശേഷം ചുരുളുകൾ പുരാതനമായിരി‍ക്കാമെന്ന് സംശയിച്ച മാർ സാമുവൽ അവ വിലയ്ക്കുവാങ്ങാൻ തയ്യാറായി. നാലുചുരുളുകൾ അങ്ങനെ അദ്ദേഹത്തിന്റെ കൈവശമെത്തി: ഇപ്പോൾ ഏറെ പ്രശസ്തമായ യെശയ്യാ ചുരുൾ, സഭാനിയം, ഹബക്കുക്ക് പെഷെർ എന്ന പേരിൽ ഹബക്കുകിന്റെ പുസ്തകത്തിന്റെ വ്യാഖ്യാനം, ഉല്പത്തി-വെളിപാട് എന്നീ ചുരുളുകളായിരുന്നു അവ. 24 പൗണ്ട് ആണ് അദ്ദേഹം ഈ അമൂല്യരേഖകൾക്ക് വിലയായി കൊടുത്തത് എന്നു പറയപ്പെടുന്നു. പുരാവസ്തുച്ചന്തയിൽ താമസിയാതെ കൂടുതൽ ചുരുളുകൾ എത്തി. അവയിൽ കാൻഡോയുടെ കൈവശമുണ്ടായിരുന്ന മൂന്നെണ്ണം ഇസ്രായേലിലെ പുരാവസ്തു വിജ്ഞാനിയും എബ്രായ സർവകലാശാലയിലെ പണ്ഡിതനുമായിരുന്ന എലയാസർ സുകേനിക് 1947 നവംബർ 29-ന് വാങ്ങി. യുദ്ധച്ചുരുൾ, കൃതജ്ഞതാ സ്തോത്രങ്ങളുടെ ചുരുൾ, കൂടുതൽ ശിഥിലമായിരുന്ന മറ്റൊരു ഏശയ്യാ ചുരുൾ എന്നിവയായിരുന്നു അവ.

1947 അവസാനത്തോടെ മാർ സാമുവേലിന്റെ കൈവശമുള്ള ചുരുളുകളുടെ കാര്യം അറിഞ്ഞ സുകേനിക് അവ വാങ്ങാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അതേസമയം ചുരുളുകൾ, യെരുശലേമിലെ അമേരിക്കൻ പൗരസ്ത്യഗവേഷണ വിദ്യാലയത്തിലെ ജോൺ സി.ട്രെവറിന്റെ ശ്രദ്ധയിൽ പെട്ടു. ബൈബിളിന്റെ അന്ന് അറിയപ്പെട്ടിരുന്നവയിൽ ഏറ്റവും പഴയ കൈയെഴുത്തു പ്രതിയായ നാഷ് പാപ്പിറസിലെ ലിപികളെ ചുരുളുകളിലെ ലിപിയുമായി താരതമ്യം ചെയ്ത അദ്ദേഹം പല സമാനതകളും കണ്ടെത്തി.

1948 ഫെബ്രുവരി 28-ന് മാർ സാമുവെലുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ, ഛായാഗ്രഹണത്തിൽ ഏറെ തല്പരനായിരുന്ന ട്രെവർ ചുരുളുകളുടെ ചിത്രമെടുത്തു. തുണിപ്പൊതിയിൽ നിന്ന് വെളിയിലെടുത്തപ്പോൾ തുടങ്ങിയ രാസപ്പകർച്ച മൂലം ചുരുളുകളിലെ ലിഖിതങ്ങളുടെ ചായം മങ്ങാൻ തുടങ്ങിയതിനാൽ, കാലം കടന്നപ്പോൾ ട്രെവർ ൾ അന്നെടുത്ത ചിത്രങ്ങൾ ചുരുളുകളിലെ മൂലലിഖിതങ്ങളേക്കാൾ വ്യക്തതയുണ്ടെന്നായി. 1948-ൽ അറേബ്യൻ നാടുകളും ഇസ്രായേലും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ, സുരക്ഷക്കായി ചുരുളുകൾ ഇസ്രായേലിൽ നിന്ന് ലെബനനിലെ ബെയ്റൂത്തിലേക്ക് മാറ്റപ്പെട്ടു.

1948 സെപ്റ്റംബർ ആദ്യം, മാർ സാമുവേൽ, പൗരസ്ത്യഗവേഷണ വിദ്യാലയത്തിന്റെ പുതിയ ഡയറക്ടറായിരുന്ന പ്രൊഫസർ ഓവിഡ് ആർ സെല്ലേഴ്സിനടുത്ത്, തനിക്ക് ആയിടെ കിട്ടിയ ചില ചുരുൾശകലങ്ങൾ കൊണ്ടുചെന്നു. എന്നാൽ ആദ്യത്തെ കണ്ടെത്തലിന് രണ്ടുവർഷത്തിനു ശേഷം 1948-ന്നൊടുവിൽപ്പോലും പണ്ഡിതന്മാർ ചുരുളുകൾ കിട്ടിയ ഗുഹ കണ്ടെത്തിയിട്ടില്ലായിരുന്നു. യുദ്ധസാഹചര്യങ്ങൾ മൂലം വൻതോതിലുള്ള പര്യവേഷണങ്ങളൊന്നും സാധ്യമായിരുന്നില്ല. ഗുഹ കണ്ടെത്താൻ തന്നെ സഹായിക്കാൻ സെല്ലേഴ്സ് സിറിയയോട് അഭ്യർഥിച്ചുവെന്നും അവർ ആവശ്യപ്പെട്ട പ്രതിഫലം അദ്ദേഹത്തിന് താങ്ങാനാവുന്നതിലും അധികമായിരുന്നുവെന്നും പറയപ്പെടുന്നു. ഒടുവിൽ 1949 ജനുവരി 29-ന് ഒന്നാം ഗുഹ കണ്ടെത്താൻ കഴിഞ്ഞത് ഒരു ഐക്യരാഷ്ട്രസഭാ നിരീക്ഷകനാണ്.

വില്പന: അതിനിടെ തന്റെ കൈവശമുണ്ടായിരുന്ന ചുരുളുകൾ മാർ സാമുവേൽ അമേരിക്കയിലേക്ക് കൊണ്ടുപോയി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്നു. അവയെ സംബന്ധിച്ച ഒരു പരസ്യം 1954 ജൂൺ ഒന്നാം തിയതി അമേരിക്കയിലെ വാൾ സ്ട്രീറ്റ് പത്രികയിൽ പ്രത്യക്ഷപ്പെട്ടു. പലവക പരസ്യങ്ങളുടെ വിഭാഗത്തിലെ ‘വില്പനക്ക്’ എന്ന ഉപവിഭാഗത്തിൽ പ്രത്യക്ഷപ്പെട്ട പരസ്യം ഇതായിരുന്നു:- നാലു ചാവു കടൽ ചുരുളുകൾ; “ക്രിസ്തുവിന് മുൻപ് 200-ാം ആണ്ട് വരെയെങ്കിലും പഴക്കമുള്ള ബൈബിൾ കൈയെഴുത്തു പ്രതികൾ വില്കാനുണ്ട്. വ്യക്തിയുടെയോ സംഘടനയുടെതോ വകയായി, ഏതെങ്കിലും മതസ്ഥാപനത്തിനോ വിദ്യാഭ്യാസ സ്ഥാപനത്തിനോ ഉപഹാരമായി നൽകാൻ എറ്റവും അനുയോജ്യം.” ബോക്സ് എഫ് 206 വാൾ സ്ട്രീറ്റ് പത്രിക.’ 

ദീർഘമായ ചർച്ചകൾക്കൊടുവിൽ ജൂലൈ ഒന്നാം തിയതി, മാർ സാമുവേൽ ഉൾപ്പെടെ മൂന്നുപേർ ചുരുളുകൾ ‍ന്യൂയോർക്കിലെ വാൾഡോർഫ് അസ്റ്റോറിയ ഹോട്ടലിൽ  കൊണ്ടുവന്നു. ചുരുളുകൾ വാങ്ങിയത് നേരത്തേ കാൻഡോയുടെ മൂന്നു ചുരുളുകൾ വാങ്ങിയ എബ്രായ സർവകലാശാലയിലെ പുരാവസ്തു വിജ്ഞാനി എലയാസർ സുകേനികിന്റെ മകനും പുരാവസ്തു വിജ്ഞാനിതന്നെയും ആയ ‘യിഗാൽ യാദിൻ’ ആയിരുന്നു. (സുകേനിക് നേരത്തേ മരിച്ചിരുന്നു). രണ്ടുലക്ഷത്തി അൻപതിനായിരം ഡോളറിനാണ് അവയുടെ കൈമാറ്റം നടന്നത്. അതിൽ പകുതിയേ മാർ സാമുവേലിന് ലഭിച്ചുള്ളു എന്ന് പറയപ്പെടുന്നു. കടലാസുകളിലെ തിരിമറിമൂലം, ഒരു പ്രധാനപങ്ക് നികുതിയായി അമേരിക്കൻ സർക്കാരിന് തന്നെ കിട്ടി. സുകേനിക്കും മകനുമായി വാങ്ങിയ ഏഴു ചുരുളുകളും ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത് യെരുശലേമിലെ ഗ്രന്ഥക്ഷേത്രത്തിലാണ് (Shrine of the Book) സൂക്ഷിച്ചിരിക്കുന്നത്. (ചാവുകടൽ ചുരുളുകളിൽ പലതും സൂക്ഷിച്ചിരിക്കുന്ന യെരുശലേം മ്യൂസിയത്തിലെ ഗ്രന്ഥക്ഷേത്രം. ചുരുളുകൾ സൂക്ഷിച്ചിരുന്ന മൺഭരണികളുടെ ആകൃതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്: ചിത്രം 4).

മറ്റു കണ്ടെത്തലുകൾ: ആദ്യം കണ്ടെത്തിയ ചുരുളുകളുടെ ഉറവിടമായ ഒന്നാം ഗുഹയുടെ സ്ഥാനം പുറം ലോകത്തിന്റെ അറിവിൽ വന്നതോടെ ഖിർബത് കുമ്രാനടുത്തുള്ള പ്രദേശമാകെ പണ്ഡിതന്മാരുടേയും ധനകാക്ഷികളുടേയും അന്വേഷണത്തിനു വിധേയമായി. വിലപ്പെട്ട രേഖകൾ സൂക്ഷിച്ചിരുന്ന വേറെ പത്തു ഗുഹകൾ കൂടി കണ്ടെത്താൻ ഇത് ഇടയാക്കി.

രണ്ടാം ഗുഹ: രണ്ടാം ഗുഹയിൽ ബെദുവിനുകൾ മുന്നൂറോളം ചുരുളുകളുടെ ശകലങ്ങൾ കണ്ടെത്തി. പഴയ നിയമത്തിന്റെ സാർവത്രിക അംഗീകാരമുള്ള കാനോനിൽ പെടാത്തതും ഗ്രീക്ക് പരിഭാഷയിൽ മാത്രം നേരത്തേ ലഭ്യമായിരുന്നതുമായ ജൂബിലികൾ, സിറാക്ക് എന്നീ ഗ്രന്ഥങ്ങളുടെ എബ്രായ മൂലവും ഇവയിൽ പെടുന്നു.

മൂന്നാം ഗുഹ: ചുരുളുകളിൽ ഏറെ കൗതുകമുണർത്തിയ ചെമ്പുചുരുൾ മൂന്നാം ഗുഹയിൽ നിന്ന് 1952-ലാണ് കണ്ടുകിട്ടിയത്. യെഹൂദാ പ്രദേശത്ത് പലയിടങ്ങളിലായി ചിതറി കിടക്കുന്ന 67 ഭൂഗർഭരഹസ്യ നിക്ഷേപസ്ഥാനങ്ങളുടെ ഒരു പട്ടിക ഇതിലുണ്ട്. വളരെ വലിയ അളവിൽ സ്വർണ്ണവും, വെള്ളിയും, ചെമ്പും, സുഗന്ധദ്രവ്യങ്ങളും, കൈയെഴുത്തു ഗ്രന്ഥങ്ങളും ആ നിക്ഷേപസ്ഥാനങ്ങളിൽ ഒളിച്ചുവച്ചിരിക്കുന്നതായാണ് ചുരുളിൽ പറയുന്നത്. സുരക്ഷക്കായി മാറ്റപ്പെട്ട യെരുശലേം ദേവാലയത്തിലെ ധനം ആയിരിക്കണം ഇവ എന്ന് വിശ്വസിക്കപ്പെടുന്നു. ചെമ്പുചുരുളിന്റെ ലിപ്യന്തരീകരണം ഇനിയും പൂർത്തിയായിട്ടില്ല. ആദ്യഭാഗം, സ്വർണ്ണ-വെള്ളിക്കട്ടികളുടെ നിക്ഷേപ സ്ഥാനങ്ങളെയാണ് പരാമർശിക്കുന്നത്. അവയുടെ ഭാരം ശെക്കൽ എന്ന അളവിലാണ് കൊടുത്തിരിക്കുന്നത്. ചെമ്പുചുരുളിലെ എഴുത്തിൽ കുമ്രാന്റെ സെക്കാഖ എന്ന പഴയപേരിന്റെ സൂചനയുണ്ടെന്നും അത് ശെക്കലുമായി ബന്ധപ്പെട്ടിരിക്കുന്നെന്നും വാദിക്കപ്പെട്ടിട്ടുണ്ട്. കുമ്രാനിൽ ചെന്നു ചേരുന്ന നീർച്ചാലിന്റെ പേരും സെക്കാഖ എന്നാണ്.

നാലാം ഗുഹ: ആകെ കണ്ടെത്താനായ ചുരുളുകളിൽ തൊണ്ണൂറു ശതമാനവും നാലാം ഗുഹയിൽ നിന്നായിരുന്നു. അവയിൽ എഴുപതു ശതമാനത്തിന്റേയും ഉള്ളടക്കം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അഞ്ഞൂറോളം വ്യത്യസ്ത ചുരുളുകളിൽ നിന്നായി പതിനയ്യായിരത്തോളം ശകലങ്ങൾ ഇവിടെനിന്ന് കണ്ടെത്തി.

അഞ്ചും ആറും ഗുഹകൾ: നാലാം ഗുഹക്ക് തൊട്ടുപിന്നാലെയാണ് ഇവ കണ്ടെത്തിയത്. വളരെ കുറച്ച് രേഖകളേ ഈ ഗുഹകളിൽ ഉണ്ടായിരുന്നുള്ളു.

ഏഴുമുതൽ പത്തുവരെ ഗുഹകൾ: പുരാവസ്തു വിജ്ഞാനികൾ ഈ ഗുഹകൾ പരിശോധിച്ചത് 1957-ലാണ്. ഏറെ രേഖകളൊന്നും അവയിൽ നിന്ന് കിട്ടിയില്ല. ഏഴാം ഗുഹയിൽ പതിനേഴ് ഗ്രീക്ക്ശകലങ്ങൾ കിട്ടി. തുടർന്നുവന്ന പതിറ്റാണ്ടുകളിൽ ഏറെ വിവാദമുയർത്തിയ അഞ്ചാം ശകലം (7Q5) അതിലൊന്നായിരുന്നു. ആ ശകലത്തിലെ ലിഖിതം മർക്കോസിന്റെ സുവിശേഷത്തിൽ നിന്നാണെന്ന വാദമായിരുന്നു വിവാദത്തിനു പിന്നിൽ. ഇന്ന് ഈ വാദം മിക്കവാറും തിരസ്കരിക്കപ്പെട്ടിരിക്കുകയാണ്. എട്ടാം ഗുഹയിൽ നിന്ന് അഞ്ചുശകലങ്ങളും ഒൻപതാം ഗുഹയിൽനിന്ന് ഏഴുശകലങ്ങളും കിട്ടി. പത്താം ഗുഹയിൽ ആകെ ഉണ്ടായിരുന്നത് ഒരു മൺപാത്രശകലമായിരുന്നു. (വിവാദ ഗ്രീക്ക്ലിഖിതം: ചിത്രം 5).

പതിനൊന്നാം ഗുഹ: യെരുശലേം ദൈവാലയത്തിന്റെ നിർമ്മാണവിധികൾ രേഖപ്പെടുത്തിയിരിക്കുന്ന ‘ദേവാലയച്ചുരുൾ’ ഈ ഗുഹയിൽ നിന്നാണ് കണ്ടുകിട്ടിയത്. ചാവുകടൽ ചുരുളുകളിൽ ഏറ്റവും വലുത് ഇതാണ്. ഇപ്പോൾ അതിന് 8.15 മീറ്റർ നീളമുണ്ട്. അതിന്റെ മൂലദൈർഘ്യം 8.75 മീറ്റർ ആയിരുന്നു എന്ന് കരുതപ്പെടുന്നു. ‘ദേവാലയച്ചുരുൾ,’ കുമ്രാനിൽ കണ്ടുകിട്ടിയ ഗ്രന്ഥശേഖരത്തിന്റെ സ്രഷ്ടാക്കളായി കണക്കാക്കപ്പെടുന്ന എസ്സേനുകൾ എന്ന യഹൂദവിഭാഗത്തിന്റെ നിയമഗ്രന്ഥം (തോറ) ആയിരുന്നുവെന്ന് ‘യിഗാൽ യാദിൻ’ അഭിപ്രായപ്പെട്ടിട്ടുണ്ട്. യാദിന്റെ സുഹൃത്തായിരുന്ന ‘ഹാർട്ട്‌മാൻ സ്റ്റെഗേമാന്റെ’ അഭിപ്രായത്തിൽ, അത്തരത്തിളുള്ള പ്രാധാന്യമൊന്നും കല്പിക്കാനില്ലാത്ത ഗ്രന്ഥമാണ് ദേവാലയച്ചുരുൾ. എസ്സേനുകളുടെ അറിയപ്പെടുന്ന മറ്റു രചനകളിലൊന്നും ആ ഗ്രന്ഥം പരാമർശിക്കപ്പെടുന്നില്ല എന്നും സ്റ്റെഗേമാൻ ചൂണ്ടിക്കാട്ടി. മെൽക്കിസദേക്കിനെ പരാമർശിക്കുന്ന, ഒരു അന്ത്യകാല പ്രതീക്ഷാശകലം (Escatological fragment), ഒരു സങ്കീർത്തനച്ചുരുൾ, ഇയോബിന്റെ പുസ്തകത്തിന്റെ തർജ്ജമ എന്നിവയായിരുന്നു പതിനൊന്നാം ഗുഹയിൽ നിന്ന് ഇതിനുപുറമേ കണ്ടെത്തിയത്.

പ്രസിദ്ധീകരണം: ചാവുകടൽ ശേഖരത്തിലെ ലിഖിതങ്ങളുടെയെല്ലാം പ്രസിദ്ധീകരണം ഒരുമിച്ചല്ല നടന്നത്. ഒന്നാം ഗുഹയിലെ രേഖകളെല്ലാം 1950-നും 1956-നും ഇടക്കും, എട്ടാം ഗുഹയിലേത് 1963-ലും, പതിനൊന്നാം ഗുഹയിൽ നിന്നുകിട്ടിയ സങ്കീര്ത്തനച്ചുരുൾ 1965-ലും പ്രസിദ്ധീകരിക്കപ്പെട്ടു. അവയുടെയൊക്ക ഇംഗ്ലീഷ് പരിഭാഷകളും താമസിയാതെ പ്രസിദ്ധീകരിക്കപ്പെട്ടു. ശേഖരത്തിലെ നാല്പതു ശതമാനത്തോളം വരുന്ന നാലാം ഗുഹയിലെ രേഖകളുടെ പ്രസിദ്ധീകരണചരിത്രം വ്യത്യസ്തമാണ്. അവയുടെ പ്രസിദ്ധീകരണത്തിന്റെ ചുമതല ഏറ്റെടുത്തത് യെരുശലേമിലെ ഡോമിനിക്കൻ സംന്യസവിഭാഗത്തിൽ നിന്നുള്ള റോളൻഡ് ഡി വോക്സിന്റെ നേതൃത്വത്തിലുള്ള ഒരു രാജ്യാന്തര സംഘമാണ്. ആ സംഘം അതിന്റെ ചുമതലയിൽ പെട്ട രേഖകളുടെ ആദ്യവാല്യം 1968-ൽ പ്രസിദ്ധീകരിച്ചെങ്കിലും അവശേഷിച്ചവയുടെ പ്രസിദ്ധീകരണം അവയുടെ ള്ളടക്കത്തെ സംബന്ധിച്ച തർക്കങ്ങളിൽ പെട്ട് വൈകി (യെരുശലേമിലെൽയിസ്രായേൽ സംഗ്രഹാലയത്തിലെ പുസ്തക ക്ഷേത്രത്തിൽ ചാവുകടൽ ചുരുളുകൾ വീക്ഷിക്കുന്ന ഒരു സന്ദർശക: ചിത്രം 6). അങ്ങനെ നാലാം ഗുഹയിലെ രേഖകളിൽ ഒരു വലിയ ഭാഗം വർഷങ്ങളോളം പ്രസിദ്ധീകരിക്കപ്പെടാതെയിരുന്നു ഗോപനീയതാ നിയമത്തിന്റെ സം‌രക്ഷണത്തിലിരുന്ന ചുരുളുകളുടെ മൂലം അവയുമായി ബന്ധപ്പെട്ട രാഷ്ട്രാന്ത്രര സംഘത്തിനും അവർ നിർദ്ദേശിക്കുന്ന മറ്റുള്ളവർക്കും മാത്രമേ പ്രാപ്യമായിരുന്നുള്ളു. 1971-ൽ ഡി വോക്സിന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ പിന്തുടർച്ചക്കാർ ഈ രേഖകളുടെ ചിത്രങ്ങളുടെപോലും പ്രസിദ്ധീകരണം അനുവദിക്കാതെയിരുന്നു. ഈ സ്ഥിതിക്ക് മാറ്റമുണ്ടായത് ബെൻ സിയോൺ വക്കോൾഡർ, രാജ്യാന്തര സംഘത്തിനു പുറത്ത് ലഭ്യമായിരുന്ന കുറിപ്പുകളുടെ അടിസ്ഥാനത്തിൽ 17 രേഖകൾ 1991-ൽ പ്രസിദ്ധീകരിച്ചതോടെയാണ്. അതേവർഷം തന്നെ, നാലാം ഗുഹയിലെ രേഖകളുടെ, ഗോപനീയതാ നിയമത്തിന്റെ പരിധിയിൽ പെടാതിരുന്ന ഒരു കൂട്ടം ഛായാചിത്രങ്ങൾ കാലിഫോർണിയയിൽ സാൻ മരീനോയിലെ ഹണ്ടിൺഗ്ടൻ ഗ്രന്ഥശാലയിൽ നിന്ന് കണ്ടുകിട്ടിയതും സഹായകമായി. കുറെക്കൂടി കാലതാമസത്തിനുശേഷം ഈ ഛായാചിത്രങ്ങൾ റോബർട്ട് ഐസ്മാനും ജെയിംസ് റോബിൻസനും ചേർന്ന്, ‘ചാവുകടൽ ചുരുളുകളുടെ ഛായചിത്രപ്പതിപ്പു’ എന്നപേരിൽ പ്രസിദ്ധീകരിച്ചു. അതോടെ ഗോപനീയതാ നിയമത്തിന് അവസാനമായി. പരക്കെ ബഹുമാനിക്കപ്പെട്ടിരുന്ന ഡച്ച്-ഇസ്രായേലി പണ്ഡിതൻ എമ്മാനുവേൽ ടോവിനെ 1990-ൽ മുഖ്യസംശോധകനായി നിയമിച്ചത് പ്രസിദ്ധീകരണത്തിന് വേഗതകൂട്ടി. നാലാം ഗുഹയിലെ രേഖകളുടെ പ്രസിദ്ധീകരണം താമസിയാതെ പുനരാരംഭിച്ച്, 1995 ആയപ്പോൽ അഞ്ചുവാല്യങ്ങൾ പൂർത്തിയായി 2007-ൽ ബാക്കിനിന്നിരുന്ന രണ്ടുവാല്യങ്ങളും കൂടി പ്രസിദ്ധീകരിച്ചുകഴിയുമ്പോൾ, യെഹൂദാ മരുഭൂമിയിലെ കണ്ടെത്തലുകളുടെ പരമ്പരയിൽ ആകെ 39 വാല്യങ്ങളാകും.

2007 ഡിസംബറിൽ ചാവുകടൽ ചുരുൾ സംസ്ഥാപനം മൂന്നുചുരുളുകളുടെ തനിച്ഛായാചിത്രങ്ങൾ ചേർന്ന ഒരു പതിപ്പിറക്കാൻ ലണ്ടണിലെ ഒരു പ്രസിദ്ധീകരണ സ്ഥാപനത്തെ നിയോഗിച്ചു. യെശയ്യാവിൻ്റെ ബൃഹദ്ചുരുൾ(1QIsa), സഭാനിയമച്ചുരുൾ (1QS), ഹബക്കൂക്ക് വ്യാഖ്യാനച്ചുരുൾ (1QpHab) എന്നിവയായിരുന്നു ആ രേഖകൾ. ഛായാചിത്രപ്പതിപ്പിന്റെ മൂന്നുപ്രതികളിൽ ഒന്ന് തെക്കൻ കൊറിയയിലെ സോളിൽ “ആദിമ ക്രിസ്തുമതവും ചാവുകടൽ ചുരുളുകളും” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പ്രദർശനത്തിൽ അവതരിപ്പിക്കപ്പെട്ടു. രണ്ടാം പ്രതി ലണ്ടണിലെ ബ്രിട്ടീഷ് സംഗ്രഹാലയ ഗ്രന്ഥശാല വിലക്കുവാങ്ങി.

പശ്ചാത്തലം: ഈ വലിയ ഗ്രന്ഥശേഖരത്തിന്റെ ഉല്പത്തിയെ സംബന്ധിച്ച് നടന്ന ചർച്ചകളിൽ ഏറെക്കുറെ സമ്മതമായിട്ടുള്ളത് അവ, പല പുരാതനരേഖകളിലും പരാമർശിക്കപ്പെടുന്ന എസ്സീനുകൾ എന്ന യഹൂദവിഭാവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. പരീശ വിഭാഗത്തെ ചുറ്റിപ്പറ്റി കാലക്രമേണ വികസിച്ചുവന്ന റാബൈനിക യഹൂദ മതത്തിൽ നിന്ന് വിട്ടുപോയ ശമര്യർ, സദ്ദൂസിയർ, ആദ്യകാല ക്രിസ്ത്യാനികൾ എന്നിവരെപ്പോലെ ഒരു വിമത വിഭാഗമായിരുന്നു എസീനുകളും. ഒന്നാം നൂറ്റാണ്ടിലെ യഹൂദ ലേഖകന്മാരായിരുന്ന അലക്സാണ്ഡ്രിയയിലെ ഫിലോ, ഫ്ലാവിയസ് ജോസീഫസ് എന്നിവർ എസ്സീനുകളെ പരാമർശിക്കുന്നുണ്ട്. എസ്സീനുകളെക്കുറിച്ച് ആ ലേഖകന്മാർ നൽകുന്ന വിവരങ്ങളുമായി ചേർന്നു പോകുന്നവയാണ് ചാവുകടൽ ചുരുളുകളിൽ പ്രതിഫലിക്കുന്ന വിശ്വാസ സംഹിതകൾ. മുഖ്യധാരാ യഹൂദമതത്തിൽ നിന്ന് മാറിക്കഴിയാൻ ആഗ്രഹിച്ച എസ്സീനുകളുടെ ഒരു വിഭാഗമായിരിക്കണം കുമ്രാനിൽ ഉണ്ടായിരുന്നത്. ഖിർബത് കുമ്രാനിലെ പര്യവേഷണത്തിൽ, മതിൽ കെട്ടി സം‌രക്ഷിക്കപ്പെട്ട താരതമ്യേന സ്വയം‌പര്യാപ്തമായ ഒരു ആവാസസ്ഥാനത്തോടൊപ്പം ബേക്കറിയും, മൺപാത്ര നിർമ്മാണശാലയും, ഭോജനാലയവും, പുസ്തകനിർമ്മാണ ശാലയും (scriptorium) എല്ലാം കണ്ടെത്തിയിട്ടുണ്ട്.

ചുരുളുകളിൽ ഏറെയും വിശകലനത്തിനു വിധേയമാക്കപ്പെട്ടിട്ടുണ്ടെങ്കിലും ഈ ഗ്രന്ഥസമുച്ചയം എന്തായിരുന്നുവെന്ന് തീരുമാനിക്കാനായിട്ടില്ല. ചിലർ അതിനെ കുമ്രാനിലെ എസ്സീൻ സമൂഹത്തിന്റെ ഗ്രന്ഥശാല (Library) ആയി കണക്കാക്കുന്നു. ക്രി.വ 67-70-ൽ റോമൻ ഭരണാധികാരികൾ യെരുശലേം ദേവാലയം നശിപ്പിച്ചതിനെ തുടർന്നു വന്ന കഷ്ടതയുടെ നാളുകളിൽ ഭാവിയിൽ ആരെങ്കിലും കണ്ടെടുക്കട്ടെ എന്നുകരുതി ഗോപ്യമായി സൂക്ഷിക്കപ്പെട്ട ഗ്രന്ഥങ്ങളാണിവ എന്നു കരുതുന്നവരും ഉണ്ട്.

ഗ്രന്ഥസമുച്ചയത്തിന്റെ സ്വഭാവം നിശ്ചയമില്ലാത്തതിനാൽ, അപ്രമാണികമെന്ന് ഇന്ന് കരുതപ്പെടുന്നവ അടക്കമുള്ള ബൈബിൾ ഗ്രന്ഥങ്ങളും വിഭാഗീയരചനകളും എല്ലാം ചേർന്ന ആ ശേഖരത്തിന്റെ വിസ്മയകരമായ വൈവിദ്ധ്യത്തിന്റെ അർത്ഥമെന്തെന്നും വ്യക്തമല്ല. കുമ്രാൻ സമൂഹത്തിന്റെ സങ്കല്പത്തിലുള്ള വിശുദ്ധലിഖിത സമുച്ചയം പിന്നീട് അംഗീകരിക്കപ്പെട്ട മുഖ്യധാരാ യഹൂദ കാനോനേക്കാൾ ഏറെ വിപുലമായിരുന്നുവെന്ന സൂചന അത് നൽകുന്നുവെന്ന് കരുതുന്ന പണ്ഡിതന്മാരുണ്ട്.

പ്രാധാന്യവും പ്രസക്തിയും: പഴയനിയമത്തിലെ എസ്തേറിന്റെ പുസ്തകം ഒഴിച്ചുള്ള എല്ലാ ഗ്രന്ഥങ്ങളുടേയും ശകലങ്ങളെങ്കിലും ഉൾപ്പെടുന്ന കുമ്രാനിലെ ബൈബിൾ രേഖാസമുച്ചയവും, നേരത്തെ ലഭ്യമായിരുന്നവയെക്കാൾ ഏറെ പഴക്കമുള്ള ഒരു ബൈബിൾ പാരമ്പര്യപരിച്ഛേദം പണ്ഡിത ലോകത്തിന് സമ്മാനിച്ചുവെന്ന് ഓക്സ്ഫോർഡ് പുരാവസ്തു വിജ്ഞാനസഹായി പറയുന്നു. കുമ്രാനിലെ ബൈബിൾ കൈയെഴുത്തു പ്രതികളിൽ മിക്കവയും എബ്രായ ഭാഷയിലുള്ള, പഴയനിയമത്തിന്റെ പരക്കെ സ്വീകാര്യതകിട്ടിയ മസോറെട്ടിക്ക് പ്രതിയെ പിന്തുടരുന്നവയാണ്. എന്നാൽ നാലാമത്തെ ഗുഹയിൽ നിന്നുകിട്ടിയ പുറപ്പാടിന്റേയും ശമൂവേലിന്റേയും ഗ്രന്ഥങ്ങൾ ഭാഷയിലും ഉള്ളടക്കത്തിലും നാടകീയമായ വ്യത്യസ്തത പുലർത്തുന്നു. എബ്രായയിലെ മസോറട്ടിക്ക് പ്രതി, ഗ്രീക്ക് പരിഭാഷയായ സെപ്ത്വജിന്റിന്റെ മൂലമായിരുന്ന ഭാഷ്യം, ശമര്യരുടെ പഞ്ചഗ്രന്ഥം എന്നിവ പിന്തുടർന്ന മൂന്നു ഗ്രന്ഥപാരമ്പര്യങ്ങളിൽ നിന്ന് വികസിച്ചുണ്ടായതാണ് പഴയനിയമത്തിന്റെ ആധുനികഭാഷ്യം എന്നായിരുന്നു അതുവരെ പരക്കെ വിശ്വസിക്കപ്പെട്ടിരുന്നത്. ഈ വിശ്വാസത്തെ പുന:പരിശോധിക്കാൻ കുമ്രാൻ കണ്ടെത്തലുകളിൽ ചിലതിലെ അമ്പരപ്പിക്കുന്ന പാഠഭേദങ്ങൾ ബൈബിൾ പണ്ഡിതലോകത്തെ പ്രേരിപ്പിച്ചു. ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടവസാനത്തു നടന്ന അതിന്റെ കാനോനീകരണം വരെ പഴയനിയമത്തിന്റെ ഉള്ളടക്കം ഒട്ടും ഉറച്ചിരുന്നില്ലെന്ന് ഇന്ന് ഏറെക്കുറെ സമ്മതിക്കപ്പെട്ടിട്ടുണ്ട്. (കുമ്രാനിലെ ഗുഹകളുടെ മറ്റൊരു ചിത്രം: ചിത്രം 7).

ചുരുളുകളുടെ പ്രാധാന്യം പ്രധാനമായ പാഠനിരൂപണത്തിന്റെ (textual criticism) മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു. എബ്രായ ബൈബിൾ പാഠത്തിന്റെ പഠനത്തിൽ കുമ്രാനിലെ കണ്ടെത്തലുകൾ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടുവെന്ന് ഓക്സ്ഫോർഡ് ബൈബിൾ സഹായി (Oxford Companion to the Bible) പറയുന്നു. ചാവുകടൽ ചുരുളുകളുടെ കണ്ടെത്തലിനു മുൻപ്, പഴയനിയമത്തിന്റെ എബ്രായഭാഷാ മൂലത്തിന്റെ ലഭ്യമായ കൈയെഴുത്തു പ്രതികളിൽ ഏറ്റവും പഴയത് 9-ാംനൂറ്റാണ്ടിലെ മസോറട്ടിക് പാഠം (Masoretic Text) ആയിരുന്നു. ചുരുളുകളിലുൾ ഉപ്പെട്ടിരുന്ന ബൈബിൾ കൈയെഴുത്തു പ്രതികൾ ആ കാലപ്പഴക്കത്തെ ക്രിസ്തുവർഷാരംഭത്തിനു മുൻപ് രണ്ടാം നൂറ്റാണ്ടുവരെ എത്തിച്ചു. ഈ കണ്ടുപിടിത്തത്തിനു മുൻപ്, പഴയനിയമത്തിന്റെ ലഭ്യമായതിൽ ഏറ്റവും പഴയ പകർപ്പുകൾ ഗ്രീക്ക് കൈയെഴുത്തു പ്രതികളായ വത്തിക്കാൻ പുസ്തകവും (Codex Vaticanus) സിനായ് പുസ്തകവും (Codex Sinaiticus) ആയിരുന്നു. കുമ്രാനിൽ കണ്ടുകിട്ടിയ ബൈബിൾ കൈയെഴുത്തു പ്രതികളിൽ ഏതാനുമെണ്ണം മാത്രമാണ് മസോറെട്ടിക് പാഠത്തിൽ നിന്ന് കാര്യമായ വ്യത്യാസം പ്രകടിപ്പിക്കുന്നത്. അത്തരം പാഠഭേദങ്ങൾ താരതമ്യപഠനത്തെ സഹായിച്ച് പഴയനിയമത്തിന്റെ പാഠനിരൂപണ മേഖലയെ എളുപ്പമാക്കുന്നു. പല ചുരുളുകളിലേയും പാഠം മസോറെട്ടിക്ക് പാഠവും പഴയ ഗ്രീക്ക് പ്രതികളും ആയി ഒത്തുപോകുന്നുവെന്നത്ംപഴയ പാഠങ്ങളെ കൂടുതൽ ആത്മവിശ്വാസത്തോടെ സമീപിക്കാൻ കഴിയുമെന്നാക്കി.

ചാവുകടൽ ചുരുളുകളിൽ പെടുന്നവയും നേരത്തേ അറിയപ്പെടാതിരുന്നവയുമായ വിഭാഗീയ രചനകൾ (Sectarian Texts) യെരുശലേമിലെ രണ്ടാം ദേവാലയകാലത്തെ യഹൂദ മതവിശ്വാസത്തിന്റെ രൂപഭേദങ്ങളിൽ ഒന്നിന്റെ സ്വഭാവത്തിലേക്ക് വിലയേറിയ വെളിച്ചം വീശുന്നു.

പ്രധാന ഗ്രന്ഥങ്ങൾ: പ്രധാന പുസ്തകങ്ങൾ അവയുടെ പകർപ്പുകളുടെ എണ്ണം എന്നിവയനുസരിച്ചുള്ള പട്ടിക താഴെ കൊടുത്തിരിക്കുന്ന പ്രകാരമാണ്.

1. സങ്കീർത്തനങ്ങൾ 39 പകർപ്പുകൾ

2. ആവർത്തനം 33 പകർപ്പുകൾ

3. ഈനോക്ക് 25 പകർപ്പുകൾ

4. ഉല്പത്തി 24 പകർപ്പുകൾ

5. യെശയ്യാ 22 പകർപ്പുകൾ

6. ജൂബിലികൾ 21 പകർപ്പുകൾ

7. പുറപ്പാട് 18 പകർപ്പുകൾ

8. ലേവ്യർ 17 പകർപ്പുകൾ

9. സംഖ്യാ 11 പകർപ്പുകൾ

10. ചെറിയ പ്രവാചകന്മാർ 10 പകർപ്പുകൾ

11. ദാനിയേൽ 8 പകർപ്പുകൾ

12. യിരെമ്യാ 6 പകർപ്പുകൾ

13. യെഹെസ്കേൽ 6 പകർപ്പുകൾ

14. ഇയ്യോബ് 6 പകർപ്പുകൾ

15. 1,2 ശമൂവേൽ 4 പകർപ്പുകൾ

One thought on “ചാവുകടൽ ചുരുളുകൾ”

Leave a Reply

Your email address will not be published. Required fields are marked *