ഗീഹോൻ നദി

ഗീഹോൻ നദി (river Gihon)

പേരിനർത്ഥം – ഉറവ

ഏദെൻ തോട്ടത്തിലെ നദിയുടെ നാലു ശാഖകളിലൊന്നാണു ഗീഹോൻ. അത് ഏതാണെന്നു വ്യക്തമായറിയില്ല. ഓക്സസ്, അരാക്സസ്, നൈൽ തുടങ്ങിയ പല പേരുകളും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഗീഹോൻനദി കുശ് ദേശമൊക്കെയും ചുറ്റുന്നു (ഉല്പ, 2:13) എന്ന പ്രസ്താവനയിൽ നിന്നാണ് അതു നൈൽ നദിയായിരിക്കാമെന്നു അനുമാനിക്കുന്നത്. കുശ് എത്യോപ്യ ആണ്. എന്നാൽ ഉല്പത്തി 2:13-ലെ കുശ് മെസൊപ്പൊട്ടേമിയയ്ക്കു കിഴക്കുള്ളതാണ്. അതിനാൽ പൂർവ്വപർവ്വത നിരകളിൽനിന്നു മെസൊപ്പൊട്ടേമിയയിലേക്കു ഒഴുകുന്ന നദി ഒരുപക്ഷെ ‘ദിയാലയോ കെർഖയോ’ ആയിരിക്കണം. 

യെരൂശലേമിന്നരികെയുള്ള ഒരു പ്രസിദ്ധമായ ഉറവയ്ക്കും ഗീഹോൻ എന്നു പേരുണ്ട്. പ്രാചീനകാലത്ത് യെരുശലേമിലെ ജലവിതരണത്ത മുഴുവൻ സഹായിച്ചത് ഈ ഉറവയാണ്. കിദ്രോൻ താഴ്വരയിലെ പ്രകൃതിദത്തമായ ഒരു ഗുഹയിൽനിന്നാണ് അത് പുറപ്പെടുന്നത്. മതിലുകൾക്കു അപ്പുറത്തുനിന്ന് ഈ ജലത്തിന്റെ പ്രാഭവം കണ്ടെത്തുക സാധ്യമല്ല. നഗരനിരോധനത്തിൽ ഉള്ളിലകപ്പെടുന്ന ജനത്തിനു ആവശ്യമായ ജലം ഇതിൽനിന്നു ലഭിക്കും. യെഹിസ്കീയാ രാജാവിന്റെ കാലത്ത് യെരൂശലേമിലെ ജനത്തിനു വേണ്ടി ഒരു തുരങ്കം വഴി ജലത്തെ തിരിച്ചുവിട്ടു. (2ദിന, 32:27-30). ശീലോഹാം കുളത്തോടുകൂടി ബന്ധിക്കപ്പെട്ടിരുന്നത് ഈ തുരങ്കം ആയിരുന്നുവെന്നു ആധുനിക ഗവേഷണം തെളിയിക്കുന്നു. കുളത്തിലേക്കു വെള്ളം പ്രവേശിച്ചിരുന്ന തോടിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിനെക്കുറിച്ചാണ് യെശയ്യാ പ്രവാചകൻ എഴുതിയത്. (8:6). ഗീഹോനിൽ വച്ചായിരുന്നു ശലോമോൻ രാജാവായി അഭിഷേകം ചെയ്യപ്പെട്ടത്. ഹിസ്കീയാവ് ഗീഹോൻ വെളളത്തിന്റെ മുകളിലത്തെ ഒഴുക്കു തടഞ്ഞാ ദാവീദിന്റെ നഗരത്തിന്റെ പടിഞ്ഞാറു ഭാഗത്ത് താഴോട്ടു വരുത്തി. (2ദിന, 32:2-4, 30).

Leave a Reply

Your email address will not be published. Required fields are marked *