യേശു, ക്രിസ്തു ആയത് എപ്പോഴാണ്❓

മശീഹ എന്ന എബ്രായപദത്തിനും ക്രിസ്തു എന്ന ഗ്രീക്കുപദത്തിനും അഭിഷിക്തൻ എന്നാണ് അർത്ഥം. അതായത്, ക്രിസ്തു അഥവാ, അഭിഷിക്തൻ എന്നാൽ; ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ എന്നാണ്. ദൈവം തൻ്റെ ശുശ്രൂഷകൾ ചെയ്യാൻ മനുഷ്യരെ തൻ്റെ ആത്മാവിനാൽ ബലപ്പെടുത്തുന്ന ശുശ്രൂഷയാണ് അഭിഷേകം. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ദൈവം തൻ്റെ ശുശ്രൂഷകൾക്കായി തിരഞ്ഞെടുക്കുന്ന വ്യക്തികൾക്ക് കൊടുക്കുന്ന ഔദ്യോഗിക നിയമന കർമ്മമാണ് അഭിഷേകം. പഴയനിയമത്തിൽ, പുരോഹിതന്മാരും (ലേവ്യ, 4:3), പ്രവാചകന്മാരും (1രാജാ, 19:16), രാജാക്കന്മാരും (1ശമൂ, 12:3) അഭിഷേകം ചെയ്യപ്പെട്ടിരുന്നു. എന്നാൽ, പുതിയനിയമത്തിൽ, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും നേരിട്ട് അഭിഷേകം ചെയ്തിരിക്കുന്ന ഏകവ്യക്തി നമ്മുടെ കർത്താവായ യേശു മാത്രമാണ്. എന്നാൽ, ഒരു വേദഭാഗത്തെ തെറ്റിദ്ധരിച്ചുകൊണ്ട്, അവൻ ജനനത്തിൽത്തന്നെ ക്രിസ്തുവാണെന്ന് കരുതുന്നവരുണ്ട്. വാക്യം ഇപ്രകാരമാണ്: “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.” (ലൂക്കൊ, 2:11). ഇതാണ്, യേശു ജനനത്തിൽത്തന്നെ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയിരുന്നു എന്ന് കരുതാൻ കാരണമായ വാക്യം.

ഒന്നാമത് മനസ്സിലാക്കേണ്ടത്, സെഖര്യാ പുരോഹിതനോടും കന്യകയായ മറിയയോടും അവളുടെ ഭർത്താവായ യോസേഫിനോടുമുള്ള ഗബ്രീയേൽ ദൂതൻ്റെ വന്ദനവും ആമുഖവും ഒഴികെ മറ്റെല്ലാം, യേശുവിൻ്റെ ജനനത്തെക്കുറിച്ചും അനന്തര സംഭവങ്ങളെക്കുറിച്ചുമുള്ള പ്രവചനങ്ങൾ ആയിരുന്നു. രണ്ടാമത്, യേശു ജനനത്തിൽത്തന്ന രക്ഷിതാവായ കർത്താവോ ക്രിസ്തുവോ ആയിരുന്നില്ല. മരണത്തിൻ്റെ അധികാരിയായ പിശാചിനെ യേശു തൻ്റെ മരണത്താൽ നീക്കിയ ശേഷമാണ്, ദൈവം അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിയത്. (എബ്രാ, 2:14-15). പെക്കൊസ്തുനാളിൽ പത്രൊസ് അപ്പൊസ്തലൻ ഈ വസ്തുത ജനത്തോട് വിളിച്ചുപറയുകയുണ്ടായി. (പ്രവൃ, 2:22-24,36). മൂന്നാമത്, ദൂതൻ്റേത് ഒരു പ്രവചനമാണ് എന്നതിൻ്റെ തെളിവ് ആ വേദഭാഗത്തുതന്നെ ഉണ്ട്. അതിൻ്റെ 10-ാം വാക്യം: “ദൂതൻ അവരോട്: ഭയപ്പെടേണ്ടാ; സർവജനത്തിനും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു.” (ലൂക്കൊ, 2:10). ബേത്ലഹേമിൽ, യേശു ജനിച്ചശേഷം അഥവാ, അവൻ്റെ ജനനം ചരിത്രം ആയശേഷമാണ് ദൂതൻ ഇടയന്മാരോട് ഇത് പറയുന്നതെന്ന് ഓർക്കണം. ദൂതൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: സർവജനത്തിനും ഉണ്ടായ മഹാസന്തോഷം എന്നല്ല; ഉണ്ടാകുവാനിരിക്കുന്ന മഹാസന്തോഷം നിങ്ങളോട് സുവിശേഷിക്കുന്നു എന്നാണ് പറഞ്ഞത്. അവൻ്റെ ജനനത്തിൽത്തന്നെ അവൻ ക്രിസ്തുവും കർത്താവും ആയിരുന്നെങ്കിൽ, സർവ്വജനത്തിനും ഉണ്ടായ സന്തോഷം എന്ന് ഭൂതകാലത്തിൽ പറയുമായിരുന്നു. എന്നാൽ, ഭൂതകാലത്തിലല്ല; ഉണ്ടാകുവാനുള്ള സന്തോഷം എന്ന് ഭാവികാലത്തിലാണ് പറയുന്നത്. അടുത്ത വാക്യം: “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.” ഈ വേദഭാഗത്ത്, ജനിച്ചിരിക്കുന്നു എന്ന് ഭൂതകാലത്തിലാണ് പറഞ്ഞിരിക്കുന്നത്. അതായത്, കന്യകയിൽ; ഒരു പാപമറിയാത്ത മനുഷ്യ ശിശു ജനിച്ചു കഴിഞ്ഞു. അതുകൊണ്ടാണ്, ജനിച്ചിരിക്കുന്നു എന്ന് പറഞ്ഞത്. എന്നാൽ, അവൻ ക്രിസ്തുവും മനുഷ്യരുടെ രക്ഷിതാവായ കർത്താവും ആകുവാൻ ഇരിക്കുന്നതേയുള്ളു; അതാണ്, സർവ്വജനത്തിനും ഉണ്ടാകുവാനിക്കുന്ന മഹാസന്തോഷം. തന്മൂലം, യഥാർത്ഥത്തിൽ അതൊരു പ്രവചനവും ഇടയന്മാരോട് അറിയിച്ച ഒരു സദ്വാർത്ത അഥവാ, സുവിശേഷവും ആണെന്ന് മനസ്സിലാക്കാം. നാലാമത്, ബൈബിളിലെ പ്രവചനങ്ങളെക്കുറിച്ച് പഠിക്കുമ്പോൾ, അത് മൂന്നു കാലങ്ങളിലും പറഞ്ഞിരിക്കുന്നത് കാണാം. ഉദാ: കർത്താവിൻ്റെ പുനരാഗമനത്തെക്കുറിച്ച് മൂന്ന് കാലങ്ങളിലും പറഞ്ഞിട്ടുണ്ട്. (യൂദാ, 1:15; വെളി, 1:7; എബ്രാ, 10:37). തന്മൂലം, അതൊരു പ്രവചനം ആണെന്നും അതിൻ്റെ നിവൃത്തി ഭാവികമാണെന്നു വ്യക്തമായി മനസ്സിലാക്കാം. അഞ്ചാമത്, ദൂതൻ മാത്രമല്ല യേശുവിൻ്റെ അഭിഷേകത്തെക്കുറിച്ച് പ്രവചിച്ചിരിക്കുന്നത്, യെശയ്യാവും പ്രവചിച്ചിട്ടുണ്ട്. (യെശ, 61:1-2). ഈ രണ്ടു പ്രവചനങ്ങളും എപ്പോഴാണ് നിവൃത്തിയായത് എന്നാണ് ഇനി അറിയാനുള്ളത്:

ആദ്യം, യേശു ആരാണെന്നറിയണം; എന്നാൽ മാത്രമേ, അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത് എപ്പോഴാണെന്നും എന്തിനാണെന്നും അറിയാൻ കഴിയുകയുള്ളു. നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിക്കപ്പെട്ട യേശു ആരാണെന്ന് ചോദിച്ചാൽ; അവൻ ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം. (1തിമൊ, 3:14-16; യിരെ, 10:10; 1പത്രൊ, 1:20). അവൻ്റെ സ്വരൂപം അഥവാ, പ്രകൃതി എന്താണെന്ന് ചോദിച്ചാൽ, അവൻ, പാപമറിയാത്ത പൂർണ്ണമനുഷ്യനാണ്. (റോമ, 5:15; 2കൊരി, 5:21). ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും മറുവിലയുമായത് മനുഷ്യനായ ക്രിസ്തുയേശു ആണെന്ന് പൗലൊസ് വ്യക്തമാക്കുന്നു: “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6). ഈ വസ്തുത യേശുതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). “നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു?” എന്ന് ലോകത്തോട് ഉറക്കെ ചോദിക്കുവാൻ തക്കവണ്ണം ധാർമ്മികമായും കാർമ്മികമായും വിശുദ്ധിയുള്ള മറ്റൊരു മനുഷ്യൻ ലോകത്തിൽ ഉണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല. (യോഹ, 8:46. ഒ.നോ: 2കൊരി, 5:21). അതുകൊണ്ടാണ്, അവനെ ദൈവത്തിൻ്റെ പരിശുദ്ധൻ എന്ന് അപ്പൊസ്തലന്മാർ വിശേഷിപ്പിച്ചത്. (യോഹ, 6:69). യേശു മനുഷ്യനാണെന്ന് ദൈവാത്മാവ് 40 പ്രാവശ്യം അക്ഷരംപ്രതി എഴുതിവെച്ചിട്ടുണ്ട്. അതായത്, മനുഷ്യരുടെ പാപപരിഹാരാർത്ഥം യഹോവയായ ഏകദൈവം എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ്, യേശുവെന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23;46) പൂർണ്ണമനുഷ്യൻ. (യോഹ, 8:40,46). “ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ്, ദൈവത്തിൻ്റെ പ്രത്യക്ഷതയായ യേശുവെന്ന മനുഷ്യൻ. (എബ്രാ, 10:5; സങ്കീ, 40:6). ദൈവപുത്രൻ, മനുഷ്യപുത്രൻ, അബ്രാഹാമിൻ്റെ പുത്രൻ, ദാവീദുപുത്രൻ, ക്രിസ്തു തുടങ്ങിയവയെല്ലാം, അവൻ്റെ അഭിധാനങ്ങൾ അഥവാ, സ്ഥാനപ്പേരുകളാണ്.

ഇനി നമുക്ക് യേശുവെന്ന മനുഷ്യൻ ക്രിസ്തു ആയത് എപ്പോഴാണെന്ന് നോക്കാം: കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ക്രിസ്തുവിനെയോ അല്ല. അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7; 2കൊരി, 5:21). മറിയ പ്രസവിച്ചത് തൻ്റെ പുത്രനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). എന്തെന്നാൽ, അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (മത്താ, 1:25; ലൂക്കൊ, 2:7,22-24; പുറ, 13:2,12; ലേവ്യ, 12:1-8; സംഖ്യാ, 3:13). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല. (പുറ, 34:19,20; സംഖ്യാ, 18:15). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനെ പരിച്ഛേദന കഴിക്കാനോ, വിശുദ്ധമായി അർപ്പിക്കാനോ, വീണ്ടെടുക്കാനോ പ്രമാണമില്ല. യേശുവെന്ന മനുഷ്യൻ ജനിച്ചത് ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണ്. (മത്താ, 5:17-18). അതായത്, ചിലർ കരുതുന്നപോലെ, യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ, ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ അതിനെ നിവൃത്തിക്കാൻ ജനിച്ചവൻ; തൻ്റെ ജനനം മുതൽ ന്യായപ്രമാണത്തെ നഗ്നമായി ലംഘിച്ചു എന്ന് പറയണം. അതില്പരം അബദ്ധം വേറെന്താണ്? എന്തെന്നാൽ, ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം” എന്നാണ് ക്രിസ്തു പറഞ്ഞത്. (ലൂക്കൊ, 16:17). അനന്തരം, ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ടുവന്നത്, യേശുവെന്ന മനുഷ്യക്കുഞ്ഞാണ്. (ലൂക്കൊ, 2:40). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലാണ് യേശുവെന്ന മനുഷ്യൻ മുതിർന്നുവന്നത്. (ലൂക്കൊ, 2:52). അവന്, ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11). കൊർന്നേല്യൊസിൻ്റെ ഭവനത്തിൽവെച്ച് പത്രൊസ് അപ്പൊസ്തലൻ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ട് അവൻ നന്മ ചെയ്തും പിശാചു ബാധിച്ചവരെയൊക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരംതന്നെ നിങ്ങൾ അറിയുന്നുവല്ലോ.”‘ (പ്രവൃ, 10:38. ഒ.നോ: ലൂക്കൊ, 3:22; 4:18,19; പ്രവൃ, 4:27). അതായത്, യോർദ്ദാനിൽ വെച്ചാണ്, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചന നിവൃത്തിപോലെ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ ദൈവത്തിൻ്റെ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (ലൂക്കൊ, 9:20).

താൻ ക്രിസ്തു ആയത്, യോർദ്ദാനിൽ വെച്ചാണെന്ന്; യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശു തന്നെ സ്ഫടികസ്ഫുടം വ്യക്തമാക്കിയിട്ടുണ്ട്. യോർദ്ദാനിലെ അഭിഷേകത്താൽ ലഭിച്ച ആത്മാവിൻ്റെ ശക്തിയോടെയാണ്, സ്വന്തപട്ടണമായ നസറെത്തിലെ പള്ളിയിൽ നിന്ന് യേശുവെന്ന ക്രിസ്തു തൻ്റെ ശുശ്രൂഷ ആരംഭിച്ചത്. (ലൂക്കൊ, 4:14-15). പിന്നെ വായിക്കുന്നത് ഇപ്രകാരമാണ്: “അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു. യെശയ്യാപ്രവാചകന്റെ പുസ്തകം അവനു കൊടുത്തു; അവൻ പുസ്തകം വിടർത്തി: “ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവ് എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവ് എന്റെമേൽ ഉണ്ട്; ബദ്ധന്മാർക്ക് വിടുതലും കുരുടന്മാർക്ക് കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും” “കർത്താവിന്റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു” എന്ന് എഴുതിയിരിക്കുന്ന സ്ഥലം കണ്ടു. പിന്നെ അവൻ പുസ്തകം മടക്കി ശുശ്രൂഷക്കാരനു തിരികെ കൊടുത്തിട്ട് ഇരുന്നു; പള്ളിയിലുള്ള എല്ലാവരുടെയും കണ്ണ് അവങ്കൽ പതിഞ്ഞിരുന്നു. അവൻ അവരോട്: “ഇന്നു നിങ്ങൾ എന്റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിനു നിവൃത്തിവന്നിരിക്കുന്നു” എന്നു പറഞ്ഞുതുടങ്ങി. (ലൂക്കൊ, 4:16-21). 16-ാം വാക്യം ശ്രദ്ധിക്കുക; ”യേശു പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റു നിന്നു. യേശു നസറെത്തിലെ ആ പള്ളിയിൽ (synagoge) ആയിരുന്നു പതിവായി പോയിരുന്നത്. എന്നാൽ, അന്നൊന്നും അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയിരുന്നില്ല. എന്നാൽ, യോർദ്ദാനിലെ അഭിഷേകാനന്തരം, പള്ളിയിൽവെച്ച് യെശയ്യാപ്രവചനം 61:1-2 വാക്യങ്ങൾ വായിച്ചശേഷം പറയുന്നത് നോക്കുക: “ഇന്നു നിങ്ങൾ എന്റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു.” (ലൂക്കൊ, 4:21). അതായത്, പതിവായി പള്ളിയിൽ പോയിരുന്നവൻ, പതിവായി ന്യായപ്രമാണം വായിച്ചിരുന്നവൻ യെഹൂദ്യയിൽപ്പോയി യോർദ്ദാനിൽവെച്ച് ദൈവത്താൽ അഭിഷേകം പ്രാപിച്ചശേഷം, നസറെത്തിലെ പള്ളിയിൽ മടങ്ങിവന്നിട്ടു പറയുന്നു: “ഇന്നു ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു.” തന്മൂലം, യേശു ജനിച്ച് 30 വർഷം കഴിഞ്ഞാണ്, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ യേശു ക്രിസ്തു ആയതെന്ന് അവൻ്റെ വാക്കിനാൽതന്നെ സ്ഫടികസ്ഫുടം വ്യക്തമാകുന്നു. പ്രവചനം എന്നാൽ, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ അഥവാ, എബ്രായ വർഷം 3755-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യേശുവെന്ന ക്രിസ്തു ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,25; 2:11; 3:22; പ്രവൃ, 4:27; 10:38). ഒരുകാര്യംകൂടി പ്രത്യേകം ഓർക്കുക: ദൈവം അഭിഷിക്തനല്ല; അഭിഷേക ദാതാവാണ്. അതായത്, ദൈവം ദൈവത്തെയല്ല അഭിഷേകം ചെയ്തത്; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവെന്ന മനുഷ്യനെയാണ്. ബൈബിളിൽ യേശു ഉൾപ്പെടെ ഇരുപതോളം അഭിഷിക്തന്മാരുടെ അഥവാ, മശീഹമാരുടെ പേർ പറഞ്ഞിട്ടുണ്ട്. അതിൽ, ഒറ്റ ദൂതൻപോലും ഇല്ല. എന്തെന്നാൽ, ദൂതന്മാർക്ക് അഭിഷേകം ആവശ്യമില്ല; അവർ സൃഷ്ടിയിൽത്തന്നെ ശക്തന്മാരാണ്. ദൂന്മാർക്കുപോലും ആവശ്യമില്ലാത്തെ അഭിഷേകം യേശുവിനു ആവശ്യമായി വന്നത്, അവൻ ദൂദന്മാരെക്കാൻ താഴ്ചവന്ന മനുഷ്യൻ ആയതുകൊണ്ടാണ്. (എബ്രാ, 2:9). ഇതൊക്കെ, ബൈബിളിൽ അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്ന കാര്യങ്ങളാണ്. തന്നെയുമല്ല, ദൂതന്മാർക്കുപോലും, വംശാവലിയോ, ജനനമോ, ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ, മരണമോ, അമ്മയോ, വളർത്തച്ഛനോ, പിതാവോ, ദൈവമോ ഇല്ല; യേശുവെന്ന ക്രിസ്തുവിന് ഇതെല്ലാമുണ്ട്. എന്തെന്നാൽ, ഏകദൈവമായ യഹോവ മനുഷ്യരുടെ പാപപരിഹാരാർത്ഥം എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ്, യേശുവെന്ന ദേഹവും ദേഹിയും ആത്മാവുമുമുള്ള പാപമറിയാത്ത പൂർണ്ണമനുഷ്യൻ. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23;46; യോഹ, 8:40,46; 2കൊരി, 5:21). ഇതാണ് ക്രിസ്തുവിനെക്കുറിച്ച്, ബൈബിൾ വെളിപ്പെടുത്തുന്ന ആത്മിക ചരിത്ര വസ്തുകൾ. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക.

Leave a Reply

Your email address will not be published. Required fields are marked *