ക്രിസ്തുവും ഉത്സവങ്ങളും

ക്രിസ്തുവും ഉത്സവങ്ങളും

യിസ്രായേൽ മക്കൾക്ക് നിയമിച്ച ഏഴുപെരുനാളും ക്രിസ്തുവിന്റെ ക്രൂശീകരണം മുതൽ സഹസ്രാബ്ദവാഴ്ച വരെയുള്ള സംഭവങ്ങളെ ഭങ്ഗ്യന്തരേണ ചിത്രീകരിക്കന്നു. ഉത്സവങ്ങളുടെ പ്രാവചനികാംശത്തെ അപ്പൊസ്തലൻ ലേഖനങ്ങളിൽ വ്യാഖ്യാനിച്ചിട്ടുണ്ടാ. പെസഹ. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ, ആദ്യഫലപ്പെരുനാൾ, പെന്തെകൊസ്തു പെരുന്നാൾ, എന്നീ നാലും സഭാകാലയളവിനെയും കാഹളപ്പെരുന്നാൾ, പാപപരിഹാരദിനം, കൂടാരപ്പെരുനാൾ എന്നീ മൂന്നും ക്രിസ്തുവിന്റെ മദ്ധ്യാകാശവരവു, സഹസാബ്ദവാഴ്ച എന്നിവയെയും പൂർവ്വവത് ദർശിക്കുന്നു. ക്രിസ്തുവിന്റെ ക്രൂശിലെ പ്രായശ്ചിത്ത മരണത്തെയും അതിലൂടെ മനുഷ്യവർഗ്ഗത്തിന് ലഭ്യമായ വീണ്ടെടുപ്പിനെയും പെസഹ കാണിക്കുന്നു. പാപത്തിന്റെ ശമ്പളമായ മരണത്തിൽ നിന്നു മനുഷ്യവർഗ്ഗത്തിനുള്ള ഏകരക്ഷാമാർഗ്ഗം ക്രിസ്തുവിന്റെ ക്രൂശുമരണമാണ്. അതിന്റെ നിഴലത്രേ പെസഹ. “നിങ്ങൾ പുളിപ്പില്ലാത്തവരായിരിപ്പാൻ തക്കവണ്ണം പുതിയ പിണ്ഡം ആകേണ്ടതിന്നു പഴയ പുളിമാവിനെ നീക്കിക്കളവിൻ. നമ്മുടെ പെസഹക്കുഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു; ക്രിസ്തു തന്നെ.” (1കൊരി, 5:7).എന്നിങ്ങനെ പൗലൊസപ്പൊസ്തലൻ പെസഹയുടെ പൊരുൾ വ്യാഖ്യാനിക്കുന്നു. പെസഹദിനത്തിലാണ് ക്രിസ്തു കർത്തൃമേശ ഏർപ്പെടുത്തിയത്. അതു യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ തന്നെയായിരുന്നു. (1കൊരി, 11:23). ദൈവനിർണ്ണയ പ്രകാരം സ്മരണീയമായ ആ രാത്രിയിലായിരുന്നു പെസഹ ഒടുവിലായി ആചരിച്ചതും, കർത്താവിന്റെ അത്താഴം ആദ്യമായി കഴിച്ചതും. പെസഹ പിന്നിലോട്ട് കടിഞ്ഞൂൽ സംഹാരം നടന്ന രാത്രിയെയും മുന്നിലോട്ട് ക്രിസ്തുവിന്റെ കുശിനെയും ചൂണ്ടിക്കാണിക്കുകയായിരുന്നു. തന്മൂലം ക്രിസ്തുവിന്റെ ക്രൂശീകരണശേഷം പെസഹാചരണത്തിന്റെ ആവശ്യമില്ല. കർതൃമേശ പിന്നിലോട്ട് കുശിനെയും മുന്നിലോട്ടു ക്രിസ്തുവിന്റെ പുനരാഗമനത്തെയും ദർശിക്കുന്നു. അതിനാൽ ക്രിസ്തുവിന്റെ പുനരാഗമനശേഷം കർത്തൃമേശ ആചരിക്കേണ്ടതില്ല. പെസഹയോടൊപ്പം പുളിപ്പില്ലായ്മ ആരംഭിക്കുകയാണ്. രക്ഷിക്കപ്പെടുന്നതു മുതൽ വിശുദ്ധജീവിതം ആരംഭിക്കുകയാണെന്ന സത്യത്തിന് നിഴലാണിത്. (പുറ, 12:15, 13:7, 1കൊരി, 5:6-8, 2കൊരി, 7:1).

1. നീസാൻ മാസം 14-ാം തീയതി (മാർച്ച്/ഏപ്രിൽ): പെസഹ — (പുറ, 12:21 ലേവ്യ, 23:5).

2. നീസാൻ 15-ാം തീയതി: പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ — (പുറ, 12:17, ലേവ്യ, 23:6): പെസഹയും, പുളിപ്പില്ലാത്ത അപ്പവും വ്യത്യസ്ത പെരുനാളുകൾ ആണെങ്കിലും ഒരുമിച്ചാണ് ഇത് അനുഷ്ഠിച്ചുപോരുന്നത്. (പുറ, 23:15, ലേവ്യ, 23:6, എസാ, 6:22, ലൂക്കൊ, 22:1,7, പ്രവൃ, 12:3, 20:6). പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളിനും യെഹൂദന്മാർ സാധാരണയായി പെസഹ എന്ന ലളിതമായ പേരാണു ഉപയോഗിക്കുന്നത്. (2ദിന, 30:15, 35:1,11, മർക്കൊ, 14:1). തന്മൂലം അപ്പൊസ്തലനും രണ്ടു പെരുനാളുകളും ചേർത്താണ് പറയുന്നത്; “നിങ്ങൾ പുളിപ്പില്ലാത്തവരായിരിക്കുവാൻ തക്കവണ്ണം പുതിയ പിണ്ഡം ആകേണ്ടതിനു പഴയ പുളിമാവിനെ നീക്കിക്കളയുവിൻ. നമ്മുടെ പെസഹക്കുഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു; ക്രിസ്തു തന്നേ. ആകയാൽ നാം പഴയ പുളിമാവുകൊണ്ടല്ല, തിന്മയും ദുഷ്ടതയും ആയ പുളിമാവു കൊണ്ടുമല്ല, സ്വച്ഛതയും സത്യവുമായ പുളിപ്പില്ലായ്മകൊണ്ടു തന്നെ ഉത്സവം ആചരിക്കുക.” (1കൊരി, 5:7-8).

3. നീസാൻ മാസം 17-ാം തീയതി: ആദ്യഫലപ്പെരുന്നാൾ — (പുറ, 34:26, ലേവ്യ, 23:10): “എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്ന് ഉയർത്തിരിക്കുന്നു. മനുഷ്യൻമൂലം മരണം ഉണ്ടാകുകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻമൂലം ഉണ്ടായി. ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും. ഓരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിനുള്ളവർ അവന്റെ വരവിങ്കൽ; പിന്നെ അവസാനം.” (1കൊരി, 15:20-23). ആദ്യഫലക്കറ്റ കൊയ്ത്തിന്റെ സമൃദ്ധിയെ കാണിക്കുന്നതുപോലെ പുനരുത്ഥാനത്തിന്റെ ആദ്യഫലമായ ക്രിസ്തുവിന്റെ പുനരുത്ഥാനം ക്രിസ്തുവിനുള്ളവരുടെ മുഴുവൻ (ക്രിസ്തുവിൽ മരിച്ചവർ അഥവാ സഭ, പഴയ നിയമ വിശുദ്ധന്മാർ, മഹാപീഡനകാല വിശുദ്ധന്മാർ) പുനരുത്ഥാനത്തെ ഉറപ്പാക്കുന്നു. ക്രിസ്തു പുനരുത്ഥാനം ചെയ്തനാളിൽ പുരോഹിതൻ ദൈവാലയത്തിൽ ആദ്യഫലക്കറ്റ നീരാജനം ചെയ്തത് ചിന്തിയ തിരശ്ശീലയ്ക്ക് മുന്നിലായിരുന്നു. പൊരുൾ പ്രത്യക്ഷമായപ്പോൾ പ്രതിരൂപം അപ്രത്യക്ഷമായിക്കഴിഞ്ഞു. ആദ്യഫലം കൊയ്തുവെന്നും, ആദ്യഫലക്കറ്റ് സ്വർഗ്ഗീയമന്ദിരത്തിൽ നീരാജനം ചെയ്ത് കഴിഞ്ഞുവെന്നും യോസേഫിൻ ഒഴിഞ്ഞ കല്ലറ വിളിച്ചറിയിച്ചു. വെറും ഒരു കതിരല്ല; കതിരുകളുടെ സമൂഹമാണു് കറ്റ. ആദ്യഫലക്കറ്റ അനേകം കതിരുകളുൾപ്പെടുന്നതാണു. ഈ പ്രതിരൂപത്തിന്റെ സ്വരൂപമായിട്ടായിരുന്നു ക്രിസ്തുവിന്റെ മരണസമയത്തു അനേകം വിശുദ്ധന്മാർ ഉയിർക്കുകയും, ക്രിസ്തുവിന്റെ പുനരുത്ഥാനശേഷം വിശുദ്ധനഗരത്തിൽ ചെന്നു പലർക്കും പ്രത്യക്ഷമാകുകയും ചെയ്തത്. (മത്താ, 27:51-53).

4. സിവാൻ മാസം 6-ാം തീയതി (ഏപിൽ/മേയ്): പെന്തെക്കൊസ്തു പെരുന്നാൾ — (ലേവ്യ, 23:15-16): ആദ്യഫലമായി ക്രിസ്തു ഉയിർത്തെഴുന്നേറ്റശേഷം അമ്പതാമത്തെ ദിവസമാണ് കൊയ്ത്ത്തു പെരുന്നാളായ (പുറ, 23:16) പെന്തെക്കൊസ്തു നാൾ. ദൈവത്തിന്റെ ആദ്യജാതനായ ക്രിസ്തുമൂലം അനേക ജാതന്മാരെ, വീണ്ടും ജനനത്തിലൂടെ (യോഹ, 3:3,8) കൊയ്തെടുക്കുവാനായി, സ്വർഗ്ഗത്തിൽനിന്ന് പരിശുദ്ധാത്മാവ് ഭൂമിയിലേക്ക് വന്ന ദിവസം. “എന്നാൽ ഞാൻ പിതാവിനോട് ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ, എന്നക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിനു നിങ്ങൾക്കു തരും.” (യോഹ, 14:16). ഒരർത്ഥത്തിൽ പെന്തെക്കൊസ്തു പെരുന്നാൾ ഇതുവരെയും അവസാനിച്ചിട്ടില്ല. പരിശുദ്ധാത്മാവ് ഓരോ ദിവസവും ദൈവത്തിന്റെ കളപ്പുരയിലേക്ക് ആത്മാക്കളെ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ഇത് കർത്താവിന്റെ മദ്ധ്യാകാശവരവുവരെ തുടരുകയും ചെയ്യും.

5. തിഷ്റി മാസം 1-ാം തീയതി (സെപ്തംബർ/ഒക്ടോബർ): കാഹളനാദോത്സവം — (ലേവ്യ, 23:23-26, സംഖ്യ, 29:1): ഏഴാം മാസം ഒന്നാം തീയതിയാണ് കാഹളനാദോത്സവം (സംഖ്യ, 29:1). സാധാരണ മാസാരംഭങ്ങളിൽ നിന്ന് ഇതിന് ചില പ്രത്യകതകൾ ഉണ്ട്. ഇതിന് ഏഴാമത്തെ അഥവാ ശബത്തു മാസം എന്ന പ്രതീകാത്മകമായ ഒരർത്ഥമുണ്ട്. കൂടാതെ യെഹൂദന്മാരുടെ ദേശീയസംവത്സരം ആരംഭിക്കുന്നതും തിഷ്റിയിലാണ്. “യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തത് എന്തെന്നാൽ, വെളളികൊണ്ടു രണ്ടു കാഹളം ഉണ്ടാക്കുക; അടിച്ചുപണിയായി അവയെ ഉണ്ടാക്കണം: അവ നിനക്കു സഭയെ വിളിച്ചുകൂട്ടുവാനും പാളയത്തെ പുറപ്പെടുവിക്കാനും ഉതകണം.” (സംഖ്യ, 10:1-2). തന്മൂലം രണ്ടു കാഹളം ധ്വനിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. “കർത്താവ് താൻ ഗംഭീരനാദത്തോടും പ്രധാന ദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടും കൂടെ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരുകയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയർത്തെഴുന്നേല്ക്കുകയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോട് ഒരുമിച്ച്ആകാശത്തിൽ കർത്താവിനെ എതിരേല്ക്കുവാൻ മേഘങ്ങളിൽ നറുക്കപ്പെട്; ഇങ്ങനെ നാം എപ്പോഴും കർത്താവീടുകൂടെ ഇരിക്കും.” (1തെസ്സ, 4:16-17). അടുത്ത കാഹളം മഹോപദ്രവകാലത്തിൻ്റെ ഒടുവിലാണ്; “അവൻ തന്റെ ദൂതന്മാരെ മഹാകാഹളധവതിയോടുകുടെ അയക്കും; അവർ അവന്റെ വ്യതന്മാരെ ആകാശത്തിന് അറുതിമുതൽ ആറുതിവരെയും നാലു ദിക്കിൽനിന്നും കൂട്ടിച്ചേർക്കും. (മത്താ, 24:31).

6. തിഷ്ഠറി മാസം 10-ാം തീയതി: പാപപരിഹാദിവസം — (ലേവ്യ, 23:27, സംഖ്യ, 29:7-11): ഈ ദിവസം ഒരു മഹാശബ്ബത്താണ്. അന്ന് ആരും വേല ചെയ്യുവാൻ പാടില്ല. വേല ചെയ്യുന്നവരെയും ആത്മപനം ചെയ്യാത്തവയും ജനത്തിന്റെ ഇടയിൽനിന്ന് ചോദിച്ചുകളയണമെന്നാണ് കല്പന (ലേവ്യ, 23:29-30). യിസ്രായേൽ ജാതിയെ മുഴുവനായി ശോദ്ധീകരിക്കുന്നതിനെ പാപപരിഹാരദിവസം ചൂണ്ടിക്കാണിക്കുന്നു. യിസ്രായേൽ ജനം മുഴുവനും ക്രിസ്തുവിനെ അംഗീകരിക്കുകയും ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നതിന്റെ നിഴലാണ് ഈ ഉത്സവം (റോമ, 11:25). ക്രിസ്തു സഭയുമായി ഒലിവുമലയിലേക്കിറങ്ങി വരുമ്പോഴാണ് ഈ ശുദ്ധീകരണം നടക്കുന്നത്. (സെഖ, 12:9-14 ). “അന്നാളിൽ ദാവീദ് ഗൃഹത്തിനും യെരുശലേം നിവാസികൾക്കും പാപത്തിന്റെയും മാലിന്യത്തിന്റെയും പരിഹാരത്തിനായി ഒരു ഉറവു തുറന്നിരിക്കും.” (സെഖ, 13:1).

7. തിഷ്ഠി മാസം 15 മുതൽ 21 വരെ കൂടാരപ്പെരുനാൾ — (ലേവ്യ, 23:33-36, ആവ, 16-13): “പുതിയ യെരുശലേം എന്ന വിശുദ്ധനഗരം ഭർത്താവിനായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽനിന്ന്, ദൈവസന്നിധിയിൽ നിന്നുതന്നെ ഇറങ്ങുന്നത് ഞാൻ കണ്ടു. സിംഹാസനത്തിൽനിന്ന് ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടത്; ഇതാ മനുഷ്യരോട് കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോട് കൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടു കൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടച്ചുകളയും. ഇനി മരണം ഉണ്ടാകുകയില്ല; ദു:ഖവും മുറവിളിയും കഷ്ടതയം ഇനി ഉണ്ടാകുകല്ല; ഒന്നാമത്തേത് കഴിഞ്ഞുപോയി.” (വെളി, 21:2-5).

Leave a Reply

Your email address will not be published.