ക്രിസ്തുവിനെ കുറിയോസ് എന്ന് വിശേഷിപ്പിക്കുന്നത് യഹോവ എന്ന അർത്ഥത്തിലാണോ?

ദൈവം തൻ്റെ ദാസനായ മോശെ മുഖാന്തരം വെളിപ്പെടുത്തിയ തൻ്റെ സംജ്ഞാനാമം അല്ലെങ്കിൽ, പ്രത്യേകനാമമാണ് (the proper name) യാഹ്വേ അഥവാ, യഹോവ. (പുറ 3:14-15). പഴയനിയമത്തിൽ 7,000-ത്തോളം പ്രാവശ്യം ദൈവനാമം ഉപയോഗിച്ചിട്ടുണ്ട്. യഹോവ എന്ന ദൈവനാമത്തെ പഴയനിയമത്തിൻ്റെ ഗ്രീക്ക് പരിഭാഷയായ സെപ്റ്റ്വജിൻ്റിൽ കുറിയോസ് (kyrios) അഥവാ, കർത്താവ് (Lord) എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. പുതിയനിയമത്തിൽ, കുറിയോസ് (kyrios) എന്ന ഗ്രീക്കുപദം 750-തോളം പ്രാവശ്യമുണ്ട്. പുതിയനിയമത്തിൽ, യഹോവ എന്ന ദൈവനാമത്തെ കുറിക്കാൻ മാത്രമല്ല കുറിയോസ് പ്രയോഗിച്ചിരിക്കുന്നത്. ദൈവനാമം എന്ന നിലയിലും അഥവാ, പിതാവായ യഹോവയെ കുറിക്കാനും; ദൈവത്തിൻ്റെ ക്രിസ്തുവിനെ കുറിക്കാനും; യജമാനൻ, ഉടയവൻ, കർത്താവ് തുടങ്ങിയ സാധാരണ അർത്ഥത്തിലും പ്രയോഗിച്ചിട്ടുണ്ട്. യഹോവ എന്ന ദൈവനാമത്തിനു പകരം, 225-ഓളം പ്രാവശ്യം കുറിയോസ് ഉപയോഗിച്ചിട്ടുണ്ട്. ദൈവപുത്രനായ ക്രിസ്തുവിനെ കുറിക്കാൻ 450-ഓളം പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. മറ്റുള്ളവരെ കുറിക്കാൻ 70 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. അതായത്, ഉപമയിലെ അപ്പൻ, യജമാനൻ, ഉടയവൻ, കർത്താവ് എന്നിങ്ങനെ 60 പ്രാവശ്യവും, പീലാത്തൊസ് (മത്താ, 27:63), കഴുതക്കുട്ടിയുടെ ഉടയവൻ (ലൂക്കൊ, 19:33), ഫിലിപ്പോസ് (യോഹ, 12:21), മനുഷ്യർ (പ്രവൃ, 16:16,19), പൗലൊസും ശീലാസും (പ്രവൃ, 16:30), അഗ്രിപ്പാരാജാവ് പ്രവൃ, 25:26), കർത്താക്കന്മാർ (1കൊരി, 8:4), അബ്രാഹാം (1പത്രൊ, 3:6), സ്വർഗ്ഗത്തിലെ മൂപ്പൻ (വെളി, 7:14) എന്നിവരെ കുറിക്കാൻ 10 പ്രാവശ്യവും കുറിയോസ് ഉപയോഗിച്ചിട്ടുണ്ട്.

ദൈവമെന്ന അർത്ഥത്തിലാണ് കുറിയോസ് ഉപയോഗിച്ചിരിക്കുന്നത് എന്ന് കരുതുന്നവരുണ്ട്. എന്നാൽ, ദൈവം എന്ന അർത്ഥത്തിൽ ഒരിക്കൽപോലും കുറിയൊസ് ബൈബിളിൽ ഉപയോഗിച്ചിട്ടില്ല. ദൈവത്തെ കുറിക്കുന്ന ഗ്രീക്കുപദം തിയൊസ് (theos) ആണ്. (മത്താ, 1:22; 3:9,16). സത്യവേദപുസ്തകത്തിൽ, ചില വാക്യങ്ങളിൽ കുറിയോസ് എന്ന പദത്തെ ദൈവമെന്ന് തെറ്റായി പരിഭാഷ ചെയ്തിട്ടുണ്ട്. ഉദാ: (ലൂക്കൊ, 2:38; പ്രവൃ, 13:48; 21:20). അതല്ലാതെ, കുറിയൊസ് എന്ന ഗ്രീക്കു പദത്തിന് ദൈവം എന്ന് അർത്ഥമില്ല. കുറിയൊസ് ഏറ്റവും അധികം ഉപയോഗിച്ചിരിക്കുന്നത്, ദൈവപുത്രനായ ക്രിസ്തുവിനാണ്. കർത്താവ് (മത്താ, 7:21,22, 8:2,6,21,25), യജമാനൻ (യോഹ, 4:11,15,19; 4:49; 5:7; 20:15) എന്നിങ്ങനെയാണ് പരിഭാഷ ചെയ്തിരിക്കുന്നത്. കർത്താവിനും യജമാനനും ഏകദേശം ഒരർത്ഥം തന്നെയാണ്. അധികാരി, അധീശൻ, അവകാശി, ഉടമസ്ഥൻ, ഗൃഹനായകൻ, നാഥൻ, നായകൻ, നേതാവ്,  പ്രഭു, ഭരിക്കുന്ന ആൾ, ഭർത്താവ്, ഭവനത്തിൻ്റെ ഉടയവൻ, യാഗം നടത്തുന്നവൻ എന്നൊക്കെയാണ് പദങ്ങളുടെ പര്യായം.

കുറിയോസ് അഥവാ, കർത്താവെന്ന് ദൈവപുത്രനായ ക്രിസ്തുവിനെ വിശേഷിപ്പിച്ചിരിക്കുന്നത്, യഥാർത്ഥത്തിൽ യഹോവയായ ദൈവം എന്ന അർത്ഥത്തിലാണെന്ന് കരുതുന്നവരുണ്ട്. അതിനോടുള്ള ബന്ധത്തിൽ ചില തെളിവുകൾ നോക്കാം:

1. യഹോവയായ ദൈവവും ദൈവത്തിൻ്റെ ക്രിസ്തുവും: ദൈവപുത്രനായ യേശു യഥാർത്ഥത്തിൽ യഹോവയായ ദൈവമല്ല; യഹോയുടെ ജഡത്തിലെ വെളിപ്പാടാണ്. അതാണ്, ദൈവഭക്തിയുടെ മർമ്മം അഥവാ, ദൈവിക രഹസ്യം. (1തിമൊ, 3:14-16; 1പത്രൊ, 1:20). അതായത്, മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി യഹോവയായ ഏകദൈവം എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ് യേശുവെന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപമറിയാത്ത പൂർണ്ണമനുഷ്യൻ. (യോഹ, 8:40,46; 2കൊരി, 5:21). “ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ്, ദൈവത്തിൻ്റെ പ്രത്യക്ഷതയായ യേശുവെന്ന മനുഷ്യൻ. (എബ്രാ, 10:5; സങ്കീ, 40:6). അതായത്, സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. (1തിമൊ, 2:6,16). അതിന്, മുന്നൂറിരലേറെ തെളിവുകളുണ്ട്. ക്രിസ്തുതന്നെ അത് ആർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 8:16; 16:32; 12:28; 14:6; 14:23; 17:3; 17:11; 17:12; യോഹ, 20:17; ലൂക്കൊ, 23:46). എന്നാൽ, ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ; സുവിശേഷചരിത്രകാലം കഴിഞ്ഞാൽ അഥവാ, തൻ്റെ പ്രത്യക്ഷയുടെ ദൗത്യം കഴിഞ്ഞാൽ, പിതാവും പുത്രനും ഒന്നുതന്നെ ആണ്. അതിനാലാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26). അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവ് (യോഹ, 8:24,28; 13:19), ഞാനും പിതാവും ഒന്നാകുന്നു (യോഹ, 10:30), എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നൊക്കെ പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം പിതാവിനെ കാണണം എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, നീ എന്നെ അറിയുന്നില്ലയോ എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം, ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; പറഞ്ഞാൽ അബദ്ധമാണ്. എന്തെന്നാൽ, അത് ഐക്യത്തിൽ ഒന്നിനെക്കുറിക്കുന്നതല്ല; അക്ഷരാർത്ഥത്തിൽ ഒന്നിനെക്കുറിക്കുന്നതാണ്. ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ സുവിശേഷ ചരിത്രകാലത്ത് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നതുകൊണ്ടാണ്; ഞാനും, പിതാവും എന്ന് വേർതിരിച്ചു പറഞ്ഞത്. സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ്, ആ പ്രയോഗം ഉച്ചരിച്ചത്. മറ്റൊരു മനുഷ്യനും അത് പറയാൻ കഴിയില്ല. എന്തെന്നാൽ, തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞാൽ, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒന്നുതന്നെയാണ്. അതാണ്, ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. തന്മൂലം, ദൈവപുത്രനായ യേശുക്രിസ്തു യഹോവയുടെ വെളിപ്പാടായ മനുഷ്യനാകയാൽ, കുറിയോസ് അഥവാ, കർത്താവെന്ന പദം യഹോവയായ ദൈവമെന്ന അർത്ഥത്തിലല്ല അവന് ഉപയോഗിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാം.

2. ദൈവപുത്രനായ ക്രിസ്തുവിൻ്റെ സംക്ഷിപ്ത ചരിത്രം: കന്യകയായ മറിയയിൽ പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായവനും (മത്താ, 1:20; ലൂക്കൊ, 2:21), എട്ടാം നാളിൽ ന്യായപ്രമാണപ്രകാരം പരിച്ഛേദന ഏറ്റവനും (ഉല്പ, 17:10-14; ലൂക്കൊ, 2:21) മറിയയുടെ ആദ്യജാതനാകയാൽ, അവളുടെ ശുദ്ധീകരണകാലം തികഞ്ഞപ്പോൾ ദൈവത്തിൽനിന്ന് വീണ്ടെടുക്കപ്പെട്ടവനും (ലേവ്യർ 12:2-8; ലൂക്കൊ, 2:22-24; പുറ, 34:19,20; സംഖ്യാ, 18:15) ആത്മാവിനാൽ ബലപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നവനും (ലൂക്കൊ, 2:40,52) ഏകദേശം 30 വയസ്സുള്ളപ്പോൾ, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനം പോലെ, പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്യപ്പെട്ട്, ക്രിസ്തു ആയവനും (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18-21; പ്രവൃ, 4:27; 10;38) ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് പിതാവിനാൽ വിളിക്കപ്പെട്ട്, ദൈവപുത്രൻ ആയവനും (ലൂക്കൊ, 1:32,35; 3:22) അനന്തരം, ആത്മാവിൻ്റെ ശക്തിയോടെ മൂന്നരവർഷം മഹത്വകരമായ ശശ്രൂഷ ചെയ്തവനും (ലൂക്കൊ, 4:14) ദൈവത്താൽ അത്ഭുതങ്ങളും അടയാളങ്ങളും പ്രവൃത്തിച്ചവനും (യോഹ, 3:2; പ്രവൃ, 2:22; 10:38) ദൈവത്താൽ പാപമോചനം നല്കിയവനും (മത്താ, 9:8) മൂന്നര വർഷത്തെ ശുശ്രൂഷയ്ക്കൊടുവിൽ, ദൈവാത്മാവിനാൽ തന്നെത്തന്നെ മരണത്തിന് ഏല്പിച്ചവനും (1തിമൊ, 2;6; എബ്രാ, 9:14), മൂന്നാം ദിവസം ദൈവാത്മാവിനാൽ അഥവാ, ദൈവത്താൽ ജീവിപ്പിക്കപ്പെട്ടവനും (1പത്രൊ, 3:18; പ്രവൃ, 10:40) ഉയിർത്തെഴുന്നേറ്റ അന്നുതന്നെ തൻ്റെ ദൈവവും പിതാവുമായവൻ്റെ അടുക്കലേക്ക് കരേറി അപ്രത്യക്ഷമായവനുമാണ് (യോഹ, 20:17), യേശുവെന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപമറിയാത്ത പൂർണ്ണമനുഷ്യൻ. (യോഹ, 8:40,46; 2കൊരി, 5:21). ദൈവപുത്രനായ ക്രിസ്തു മനുഷ്യനാണെന്ന് ദൈവാത്മാവ് 40 പ്രാവശ്യം അക്ഷരംപ്രതി എഴുതിവെച്ചിട്ടുണ്ട്. യേശുവെന്ന മനുഷ്യനെയാണ് പ്രവചനംപോലെ,  ദൈവം മരണത്തിൽ നിന്ന് ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിവെച്ചത്. (ലൂക്കൊ, 2:11; പ്രവൃ, 2:23-24,36). അതുകൊണ്ടാണ്, “യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും” എന്ന് പറഞ്ഞിരിക്കുന്നത്. (റോമ, 10:9). ദൈവം ദൈവത്തെയല്ല; യേശുവെന്ന ദാവീദിൻ്റെ സന്തതിയായ മനുഷ്യനെയാണ് മരണത്തിൽനിന്ന് ഉയിർപ്പിച്ചത്. (പ്രവൃ, 2:22-24). അതാണ് സുവിശേഷം. (2തിമൊ, 2:8). യഹോവയായ ഏകദൈവം മനുഷ്യനല്ല; അവൻ അനാദിയായും ശാശ്വതമായും ദൈവമാണ്. (ഇയ്യോ, 9:32; ഹോശെ, 11:9; സങ്കീ, 90:2). ദൈവത്തിന് വംശാവലിയോ, ജനനമോ, ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ, മരണമോ, ഉയിർപ്പോ, അമ്മയോ, വളർത്തച്ഛനോ, പിതാവോ, ദൈവമോ ഇല്ല. (1തിമൊ, 6:16). എന്നാൽ, മനുഷ്യനായ ക്രിസ്തുയേശുവിന് ഇതെല്ലാം ഉണ്ടായിരുന്നു. (1തിമൊ, 2:6). തന്മൂലം, ദൈവപുത്രനും പാപമറിയാത്ത മനുഷ്യനുമായ യേശുക്രിസ്തുവിന് യഹോവയായ ദൈവമെന്ന അർത്ഥത്തിലല്ല കുറിയോസ് പ്രയോഗിച്ചിരിക്കുന്നത് എന്ന് വ്യക്തമായി മനസ്സിലാക്കാം.

3. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ്: “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.” (ലൂക്കൊ, 2:11). ഈ വേദഭാഗത്തെ തെറ്റിദ്ധരിച്ചുകൊണ്ട്, യേശു ജനനത്തിൽത്തന്നെ രക്ഷിതാവായ കർത്താവാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ അങ്ങനെയല്ല. ഈ വേദഭാഗം, യഥാർത്ഥത്തിൽ ഒരു പ്രവചനവും അപ്പോൾത്തന്നെ, യേശുവിൻ്റെ ജനനത്തെക്കുറിച്ച് ഇടയന്മാർക്കുള്ള സദ്വാർത്തയുമാണ്. പ്രവചനത്തിൻ്റെ നിവൃത്തി ഭാവികമായെങ്കിലും,; പ്രവചനങ്ങളെക്കുറിച്ച് പഠിക്കുമ്പോൾ, അത് മൂന്നു കാലങ്ങളിലും പറഞ്ഞിരിക്കുന്നത് കാണാം. ഉദാ: കർത്താവിൻ്റെ പുനരാഗമനത്തെക്കുറിച്ച് മൂന്ന് കാലങ്ങളിലും പറഞ്ഞിട്ടുണ്ട്. (യൂദാ, 1:15; വെളി, 1:7; എബ്രാ, 10:37). പ്രവചനങ്ങൾക്ക് അംശമായ നിവൃത്തിയും ആത്മികനിവൃത്തിയും പൂർണ്ണ നിവൃത്തിയും ഉള്ളതായും കാണാം: (യോവേ, 2:28-32; പ്രവൃ, 2:1-4,17-21; യെശ, 11:2; 44:1-3). കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ജിനിച്ചിരിക്കുന്നു എന്നാണ് ദൂതൻ്റെ പ്രവചനം. ഏകദേശം 30 വർഷങ്ങൾക്കുശേഷം, യോർദ്ദാനിൽവെച്ച്, ദൈവം അവനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (ലൂക്കൊ, 3:22-23; പ്രവൃ, 4:27; 10:38). യെശയ്യാ പ്രവചനത്തിൻ്റെ പൂർണ്ണനിവൃത്തിയും ദൂതൻ്റെ പ്രവചനത്തിൻ്റെ അംശമായ നിവൃത്തിയുമാണ് യോർദ്ദാനിൽ സംഭവിച്ചത്. (യെശ, 61:1-2; ലൂക്കൊ, 2:11). താൻ യോർദ്ദാനിൽ വെച്ചാണ് ക്രിസ്തു ആയതെന്ന് യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 17:21). പിന്നെയും, മൂന്നര വർഷങ്ങൾക്കു ശേഷമാണ് അവൻ മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആകുന്നത്. അപ്പോഴാണ്, ദൂതൻ്റെ പ്രവചനത്തിന് പൂർണ്ണ നിവൃത്തി വന്നത്. പെന്തെക്കൊസ്തു നാളിൽ, പത്രൊസ് അപ്പൊസ്തലൻ അത് അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്: “യിസ്രായേൽ പുരുഷന്മാരേ, ഈ വചനം കേട്ടുകൊൾവിൻ. നിങ്ങൾതന്നെ അറിയുംപോലെ ദൈവം അവനെക്കൊണ്ടു നിങ്ങളുടെ നടുവിൽ ചെയ്യിച്ച ശക്തികളും അത്ഭുതങ്ങളും അടയാളങ്ങളുംകൊണ്ടു ദൈവം നിങ്ങൾക്കു കാണിച്ചുതന്ന പുരുഷനായി (മനുഷ്യൻ) നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിരനിർണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ട്, നിങ്ങൾ അവനെ അധർമികളുടെ കൈയാൽ തറപ്പിച്ചു കൊന്നു; ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ട് അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചുവയ്ക്കുന്നത് അസാധ്യമായിരുന്നു. (പ്രവൃ, 2:22-24). നസറായനായ യേശുവെന്ന മനുഷ്യനെയാണ് അവർ ക്രൂശിച്ചതെന്നും ദൈവമാണ് അവനെ ഉയിർപ്പിച്ചതെന്നും പത്രൊസ് സ്ഫടികസ്ഫുടം വ്യക്തമാക്കുന്നു. അടുത്തവാക്യം: “ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നെ ദൈവം കർത്താവും ക്രിസ്തുവുമാക്കിവച്ചു എന്നു യിസ്രായേൽഗൃഹമൊക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.” (പ്രവൃ, 2:36). അതായത്, ദൈവത്തിന് സൗരഭ്യവാസനയായ വഴിപാടും യാഗവുമായി തന്നെത്താൻ അർപ്പിച്ച യേശുവെന്ന പാപമറിയാത്ത മനുഷ്യനെ, മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിയത് ദൈവമാണ്. (എഫെ, 5:2; 1തിമൊ, 2:5-6. ഒ.നോ: റോമ, 10:9). യേശുവിനെ കർത്താവെന്ന് വിളിക്കുന്നത് യഹോവയെന്നോ, ദൈവമെന്നോ ഉള്ള അർത്ഥത്തിലാണെങ്കിൽ, അവനെ ദൈവം, കർത്താവാക്കി എന്ന് പറഞ്ഞാൽ; അതില്പരം അബദ്ധമെന്താണ്? യഹോവയെ ആരെങ്കിലും യഹോവ ആക്കേണ്ട കാര്യമുണ്ടോ? ദൈവത്തെ ആർക്കെങ്കിലും ദൈവം ആക്കാൻ കഴിയുമോ? അതായത്, ദൈവപുത്രനായ മനുഷ്യനെയാണ് ദൈവം മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിയത്. തന്മൂലം, സുവിശേഷങ്ങളിൽ കുറിയോസ് അഥവാ, കർത്താവെന്ന് അവനെ വിളിക്കുന്നത് യജമാനൻ, നാഥൻ, നായകൻ, നേതാവ് എന്നീ അർത്ഥത്തിലാണ്. ലേഖനങ്ങളിലാകട്ടെ, സഭയുടെ അധികാരി എന്ന അർത്ഥത്തിലാണ്. യിസ്രായേലിന് മാനസാന്തരവും പാപമോചനവും നല്കുവനാണ് ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലംകൈയാൽ ഉയർത്തിയത്. (പ്രവൃ. 5:31). മനുഷ്യനായ ക്രിസ്തുയേശുവാണ് സഭയുടെ തല. (എഫെ, 5:23; കൊലൊ, 1:18; 2:19; 1തിമൊ, 2:6). അതിനാൽ, സഭയുടെ തലയും അധികാരിയും എന്ന നിലയിലാണ് ലേഖനങ്ങളിൽ ക്രിസ്തുവിനെ കർത്താവെന്ന് വിശേഷിപ്പിക്കുന്നത്. അല്ലാതെ, ദൈവമെന്നോ, യഹോവയെന്നോ അർത്ഥത്തിലല്ല.

4. കർത്താവിൻ്റെ അമ്മയും സഹോദരന്മാരും: എലീശബെത്ത് യേശുവിനെ എൻ്റെ കർത്താവിൻ്റെ അമ്മ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് കാണാം: “എന്റെ കർത്താവിന്റെ മാതാവ് എന്റെ അടുക്കൽ വരുന്ന മാനം എനിക്ക് എവിടെനിന്ന് ഉണ്ടായി.” (ലൂക്കൊ, 1:43). പുതിയനിയമത്തിൽ, യേശുവിൻ്റെ ജനനത്തെക്കുറിച്ച് ആദ്യമായി അരുളപ്പാട് ലഭിച്ച മനുഷ്യനാണ്, എലീശബെത്തിൻ്റെ ഭർത്താവായ സെഖര്യാപുരോഹിതൻ. അവൻ മുഖാന്തരം, യിസ്രായേലിനെ രക്ഷിക്കുവാനുള്ള കർത്താവും ക്രിസ്തുവുമാണ് മറിയയുടെ ഉദരത്തിൽ ഉരുവായതെന്ന് എലീശബെത്തിന് അറിയാമായിരുന്നു. അതുകൊണ്ടാണ്, “എൻ്റെ കർത്താവിൻ്റെ അമ്മ” എന്ന് അവൾ മറിയയെ വിശേഷിപ്പിച്ചത്. എലീശബെത്ത് കർത്താവിൻ്റെ അമ്മയെന്ന് വിശേഷിപ്പിക്കയാലാണ്, മറിയ ദൈവത്തിൻ്റെ അമ്മയാണെന്ന് കത്തോലിക്കർ വിശ്വസിക്കുന്നത്. അപ്പോൾത്തന്നെ, മറിയെ ‘ഞാൻ കർത്താവിന്റെ ദാസി” എന്നും പറഞ്ഞിട്ടുണ്ട്: “ഇതാ, ഞാൻ കർത്താവിന്റെ ദാസി; നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു.” (ലൂക്കൊ, 1:38). ഇവിടെ മനസ്സിലാക്കേണ്ട വസ്തുത എന്താണെന്ന് ചോദിച്ചാൽ; എലീശബെത്ത് കർത്താവിൻ്റെ അമ്മ എന്ന് വിശേഷിപ്പിച്ചത്, യേശുവെന്ന മനുഷ്യനെയാണ്. എന്തെന്നാൽ, കന്യകയായ മറിയ പ്രസവിച്ചത്, ദൈവത്തെയല്ല; യേശുവെന്ന പാപമറിയാത്ത മനുഷ്യനെയാണ്. (യോഹ, 8:40,46; 2കൊരി, 5:21). ഏകമനുഷ്യനും ഏകകർത്താവുമായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനമാണ് മനുഷ്യരുടെ രക്ഷ. (റോമ, 5:15; പ്രവൃ, 15:11; 1കൊരി, 8:6). തന്മൂലം, ആ മനുഷ്യനെയാണ് എലീശബത്ത് കർത്താവെന്ന് വിശേഷിപ്പിച്ചതെന്ന് വ്യക്തമാണ്. എന്നാൽ, മറിയ കർത്താവെന്ന് വിശേഷിപ്പിച്ചത്, തൻ്റെ പുത്രനായ യേശുവിനെയല്ല; യഹോവയായ ദൈവത്തെയാണ്. യേശുവിൻ്റെ അമ്മ, മറിയുടെ മകൻ എന്നിങ്ങനെ 17 പ്രാവശ്യം ബൈബിളിൽ പറഞ്ഞിട്ടുണ്ട്. തന്നെയുമല്ല, “ദാസി” എന്ന് മറിയ വിശേഷിപ്പിക്കുന്നത്, ഡ്യൂലോസ് (doulos) അഥവാ, ദാസൻ  അല്ലെങ്കിൽ, അടിമ എന്ന് അർത്ഥമുള്ള ഗ്രീക്കു പദത്തിൻ്റെ സ്ത്രീലിംഗമായ ഡ്യൂലേ (doule) എന്ന പദം കൊണ്ടാണ്. എതെങ്കിലും അമ്മ, താൻ പ്രസവിച്ച തൻ്റെ മകൻ്റെ ദാസിയാണെന്ന് പറയുമോ? മാത്രമല്ല, മറിയ തൻ്റെ പുത്രനായ യേശുവിനെയല്ല; ദൈവത്തെയാണ് കർത്താവെന്ന് വിശേഷിപ്പിച്ചത് എന്നതിൻ്റെ കൃത്യമായ തെളിവ് അതേ അദ്ധ്യായത്തിൽ തന്നെയുണ്ട്. അവിടെ, താൻ യഹോവയായ ദൈവത്തിൻ്റെ ദാസിയാണെന്ന് മറിയ വ്യക്തമായി പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 1:46-48. ഒ.നോ: പ്രവൃ, 2:48). ഇനിയും ശക്തമായ ഒരു തെളിവുണ്ട്: മറിയയെ കർത്താവിൻ്റെ അമ്മ എന്ന് വിശേഷിപ്പിരിക്കുന്നപോലെ; അവളുടെ മറ്റു മക്കളെ അഥവാ, യേശുവിൻ്റെ സഹോദരന്മാരെ സഹോദരൻ, സഹോദരന്മാർ എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. അതായത്, യാക്കോബിനെ മാത്രമായി കർത്താവിൻ്റെ സഹോദരനെന്നും എല്ലാവരെയും ചേർത്ത് കർത്താവിൻ്റെ സഹോദരന്മാർ എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. (1കൊരി, 9:5; ഗലാ, 1:19). എലിസബത്ത് മറിയയെ എപ്രകാരം, ഏത് വാക്കുകൊണ്ട് കർത്താവിൻ്റെ അമ്മ എന്ന് വിശേഷിപ്പിച്ചുവോ, അപ്രകാരം തന്നെയാണ് കർത്താവിൻ്റെ സഹോദരന്മാരെന്ന് പൗലൊസ് വിശേഷിപ്പിച്ചിരിക്കുന്നതും. മറിയ ദൈവത്തിൻ്റെ മാതാവാണെങ്കിൽ, യാക്കോബും അവൻ്റെ സഹോദരന്മാരും ദൈവത്തിൻ്റെ സഹോദരന്മാരാണെന്ന് പറയണം. മറിയ ദൈവത്തിൻ്റെ അമ്മയല്ല; യേശുവെന്ന പാപമറിയാത്ത മനുഷ്യൻ്റെ അമ്മയാണ്. പിതാവായ ഏകദൈവം മാത്രമാണ് നമുക്കുള്ളത്. (യോഹ, 8:41; 17:3; 1കൊരി, 8:5,6; എഫെ, 4:6). ദൈവപുത്രൻ ദൈവമല്ല; ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായ പൂർണ്ണ മനുഷ്യനാണ്. (1തിമൊ, 3:14-16). ക്രിസ്തു ദൈവമല്ലെങ്കിൽ, മറിയ എങ്ങനെയാണ് ദൈവത്തിൻ്റെ അമ്മയാകുന്നത്? അനാദിയായും ശാശ്വതമായും ദൈവം ആയവന് അമ്മയും സഹോദരന്മാരും ഉണ്ടെന്ന് പറഞ്ഞാൽ, അതില്പരം ഗതികെട്ട ഉപദേശം വേറെന്താണ്? അമ്മയും സഹോദരന്മാരും ഉള്ള ഒരു ദൈവത്തിന്, മാതാ അമൃതാനന്ദ മയിയെക്കാളും സായിബാബയെക്കാളും എന്ത് വിശേഷത അവകാശപ്പെടാൻ പറ്റും? ഏകദൈവത്തെയും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിനെയും അനേകരും ഇന്നയോളം അറിഞ്ഞിട്ടില്ല എന്നതാണ് യഥാർത്ഥ വസ്തുത. തന്മൂലം, കുറിയോസ് ക്രിസ്തുവിന് പ്രയോഗിച്ചിരിക്കുന്നത് യഹോവയായ ദൈവമെന്ന അർത്ഥത്തിലാണെന്ന് പറയാൻ യാതൊരു നിർവ്വാഹവും ഇല്ല.

5. ഏകദൈവവും ഏകകർത്താവായ യേശുക്രിസ്തുവും: ഏകദൈവത്തിൽനിന്ന് നമ്മുടെ രക്ഷിതാവും കർത്താവുമായ ക്രിസ്തുവിനെ വേർതിരിച്ചുപറയുന്ന അനേകം വേദഭാഗങ്ങൾ ബൈബിളിലുണ്ട്:

A. “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). അതിൽ ആദ്യവാക്യം, നമ്മുടെ കർത്താവായ ക്രിസ്തുതന്നെ പറയുന്നതാണ്. ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവമായ പിതാവ് ഗ്രീക്കിൽ, പാറ്റിർ ടൊൺ മോണോൻ അല്തിനൊൻ തിയൊൻ (Patir ton monon alithinon theon) ആണ്. ഇംഗ്ലീഷിൽ Father. the only true God ആണ്. അതായത്, സിംഗിളിനെ കുറിക്കുന്ന മോണോസ് കൊണ്ട് പിതാവ് മാത്രമാണ് സത്യദൈവം എന്ന് ഖണ്ഡിതമായിട്ടാണ് ക്രിസ്തു പറഞ്ഞത്. പിതാവ് മാത്രമാണ് സത്യദൈവം എന്നു പറഞ്ഞ ശേഷമാണ്, പിതാവയച്ച എന്നെയും അറിയുന്നതാണ് നിത്യജീവൻ എന്ന് പറയുന്നത്. അതായത്, ഒരേയൊരു സത്യദൈവമായ പിതാവിൽനിന്ന് തന്നെ വേർതിരിച്ചാണ് ക്രിസ്തു പറയുന്നത്. കൂറിയോസായ താൻ യഹോവയായ ദൈവം ആയിരുന്നെങ്കിൽ, ഒരിക്കലും ഏകദൈവത്തിൽ നിന്ന് തന്നെ വേർപെടുത്തി പറയില്ലായിരുന്നു.

B. “ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.” (റോമ, 16:26). ഈ വാക്യത്തിൽ പറയുന്ന ഏകജ്ഞാനിയായ ദൈവം ഗ്രീക്കിൽ, മോണോ സോഫൊ തിയോ (mono sofo theo) ആണ്. ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന മോണോസ് കൊണ്ടാണ് ഒരേയൊരു ജ്ഞാനിയായ ദൈവം എന്ന് പറഞ്ഞിരിക്കുന്നത്. ആ ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തു മുഖാന്തരമാണ് മഹത്വം കരേറ്റേണ്ടത്. ഈ വേദഭാഗത്തും ഏകദൈവത്തിൽ നിന്ന് പുത്രനെ വേർപെടുത്തിയാണ് പറയുന്നത്. കുറിയോസായ പുത്രൻ യഹോവയായ ദൈവം ആയിരുന്നെങ്കിൽ, ഒരിക്കലും ഏകദൈവത്തിൽ നിന്ന് പൗലൊസ് അവനെ വേർതിരിച്ച് പറയില്ലായിരുന്നു.

C. “എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ  സകലത്തിന്നും കാരണഭൂതനും നാം അവനായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ  മുഖാന്തരം സകലവും അവൻ  മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:5-6. ഒ.നോ: യോഹ, 8:41; എഫെ, 4:6). ഈ വേദഭാഗത്തും, ഏകദൈവത്തിൽനിന്ന് ക്രിസ്തുവിനെ വേർപെടുത്തി പറയുന്നത് നോക്കുക. കുറിയോസായ ക്രിസ്തു യഹോവയായ ദൈവം ആയിരുന്നെങ്കിൽ, പിതാവായ ഏകദൈവത്തിൽനിന്ന് കർത്താവിനെ ഒരിക്കലും വേർതിരിച്ച് പറയില്ലായിരുന്നു. 

D. “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന് എല്ലായ്പോഴും എല്ലാറ്റിനുവേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ.” (എഫെ, 5:20). കർത്താവായ യേശുക്രിസ്തുവിനെ ഏകദൈവമായ പിതാവിൽനിന്ന് വേർതിരിച്ച് പറയുന്നത് നോക്കുക. കർത്താവ് അഥവാ, കുറിയോസ് എന്ന പദത്തിന് യഹോവയായ ദൈവമെന്ന അർത്ഥമുണ്ടയിരുന്നെങ്കിൽ, ദൈവത്തിൽനിന്ന് അവനെ ഒരിക്കലും വേതിരിച്ചു പറയില്ലായിരുന്നു.

E. ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6). ഈ വേദഭാഗത്തും ഏകദൈവത്തെയും മദ്ധ്യസ്ഥനും മറുവിലയും മനുഷ്യനുമായ ക്രിസ്തുവിനെ വ്യക്തമായി വേർതിരിച്ചിട്ടുണ്ട്. മനുഷ്യനായ ക്രിസ്തുയേശു യഹോവയായ കുറിയോസ് ആയിരുന്നെങ്കിൽ, ഒരിക്കലും ഏകദൈവത്തിൽ നിന്ന് അവനെ വേർപെടുത്തി പറയില്ലായിരുന്നു.

F. ഈ വാക്യം സത്യവേദപുസ്തകത്തിൽ പരിഭാഷാ പ്രശ്നം ഉള്ളതുകൊണ്ട്, KJV-യുടെ മലയാളം പരിഭാഷയായ ബൈഞ്ചമിൻ ബെയ്‌ലിയിലെ വാക്യം ചേർക്കുന്നു: ഏകനായി കർത്താവായ ദൈവത്തെയും, നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെയും ഉപേക്ഷിക്കുകയും ചെയ്യുന്നവരായി.” (യൂദാ, 1:4). മലയാളത്തിലെ വിശുദ്ധഗ്രന്ഥം പരിഭാഷയും കാണുക. എല്ലാ അംഗീകൃത ഇംഗ്ലീഷ് പരിഭാഷകളിലും വാക്യം ഇങ്ങനെ തന്നെയാണ്. ഈ വാക്യത്തിൽ പറയുന്ന ഏകകർത്താവായ ദൈവം ഗ്രീക്കിൽ, ടൺ മോണോൺ ഡെസ്പോറ്റിൻ തിയോൺ (ton monon despotin theon) എന്നാണ്. ഈ വേദഭാഗത്തും, ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ട് ഏകകർത്താവായ ദൈവത്തെ യേശുക്രിസ്തുവെന്ന കർത്താവിൽനിന്നും വ്യക്തമായി വേർതിരിച്ചിട്ടുണ്ട്. കുറിയോസായ ക്രിസ്തു യഹോവയായ ദൈവം ആയിയിരുന്നെങ്കിൽ, ഒരിക്കലും ഏകദൈവത്തിൽ നിന്ന് കർത്താവായ ക്രിസ്തുവിനെ വേർപെടുത്തി പറയില്ലായിരുന്നു.

G. “നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.” (യൂദാ, 1:25). ഈ വാക്യത്തിൽ പറയുന്ന ഏകദൈവം ഗ്രീക്കിൽ, മോണോ തിയോ (mono theo) ആണ്. ഇവിടെയും ഒറ്റയെ കുറിക്കുന്ന മോണോസാണ്. ഈ വേദഭാഗത്തും, കർത്താവായ യേശുക്രിസ്തുവിനെ ഏകദൈവത്തിൽ നിന്ന് വളരെ വ്യക്തമായി വേർതിരിച്ചു പറഞ്ഞിട്ടുണ്ട്. ക്രിസ്തു ഏകദൈവത്തിന് തുല്യനായവനോ, യഹോവയായ ദൈവമോ ആയിരുന്നെങ്കിൽ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെ ഒരിക്കലും ഏകദൈവത്തിൽ നിന്ന് വേർതിരിച്ച് പറയില്ലായിരുന്നു. ഇതുപോല അനേകം തെളിവുകളുണ്ട്. ഉദാ: (റോമ, 5:1; 5:11; 1 കൊരി, 6:11; 15:57; 2കൊരി,  13:14; കൊലൊ, 1:5; 2തെസ്സ, 1:11; എബ്രാ, 13:20).

6. കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവും: കർത്താവായ യേശുക്രിസ്തുവിന് ഒരു പിതാവും ദൈവവും ഉള്ളതായി അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്: “എന്നാൽ നിങ്ങൾ ഐകമത്യപ്പെട്ട്, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്ത്വീകരിക്കേണ്ടതിന് (റോമ, 15:5). അടുത്തവാക്യം: “മനസ്സലിവുള്ള പിതാവും സർവാശ്വാസവും നല്കുന്ന ദൈവവുമായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവൻ.” (2കൊരി, 1:3). അടുത്തവാക്യം: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നത് എന്നറിയുന്നു.” (2കൊരി, 11:31). അടുത്തവാക്യം: “സ്വർഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ.” (എഫെ, 1:3). അടുത്തവാക്യം:
നിങ്ങളെ ഓർത്തുംകൊണ്ട് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും “മഹത്ത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിനും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ട്” (എഫെ, 1:17). അടുത്തവാക്യം: “എപ്പോഴും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു സ്തോത്രം ചെയ്യുന്നു.” (കൊലൊ, 1:5). അടുത്തവാക്യം: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു സ്തോത്രം. അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശയ്ക്കായി,” (1പത്രൊ, 1:3). തനിക്കൊരു പിതാവും ദൈവവും ഉണ്ടെന്ന്, ദൈവപുത്രനായ ക്രിസ്തുതന്നെ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. യോഹ, 20:17. ഒ.നോ: മത്താ, 27:46; മർക്കൊ, 15:34). ദൈവപുത്രനായ ക്രിസ്തുവിനെ കർത്താവെന്ന് വിശേഷിപ്പിക്കുന്നത് യഹോവയായ ദൈവമെന്ന അർത്ഥത്തിൽ ആയിരുന്നെങ്കിൽ; കർത്താവായ യേശുക്രിസ്തുവിൻ്റെ പിതാവെന്നും ദൈവമെന്നും ഒരു പ്രയോഗം ബൈബിളിൽ ഉണ്ടാകുമായിരുന്നില്ല. എന്തെന്നാൽ, ദൈവമെന്ന പദത്തിന് ഏതർത്ഥം കൊടുത്താലും സത്യദൈവത്തിന് മീതെ ഒരു പിതാവോ, ദൈവമോ ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല. തന്മൂലം, ദൈവപുത്രനായ ക്രിസ്തുവിനെ കുറിയോസ് അഥവാ, കർത്താവെന്ന് വിളിച്ചിരിക്കുന്നത്; യഹോവയായ ദൈവമെന്ന അർത്ഥത്തിലല്ലെന്ന് അസന്ദിഗ്ധമായി തെളിയുന്നു.

7. താൻ ഒരുത്തൻ മാത്രമാണ് ദൈവമെന്നും തനിക്ക് സമനായും സദൃശനായും ആരുമില്ലെന്നും താൻ ഒരുത്തനെയും അറിയുന്നില്ലെന്നുമാണ് ഒന്നാം കല്പന മുതൽ, യഹോവയായ ദൈവം ആവർത്തിച്ച് പറയുന്നത്. (പുറ, 20:2-3; യെശ, 43:10; 44:8; 45:5). “യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും, അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും” പഴയനിയമ ഭക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:15,19; നെഹെ, 9:6; സങ്കീ, 40:5). “ദൈവം ഒരുത്തൻ മാത്രമാണെന്നും (monou theou), സത്യദൈവം പിതാവ് മാത്രമാണെന്നും (Father, the only true God)” ദൈവപുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തു ഖണ്ഡിതമായി പറഞ്ഞിരിക്കുന്നു. (യോഹ, 5:44; 17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും (monos o theos – ലൂക്കൊ, 5:21; mono theo – യൂദാ, 1:24), പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും” അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നു. (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: 1രാജാ, 8:23; യോശു, 2:11; 2ദിന, 6:14). ഇതാണ് ബൈബിൾ ആദിയോടന്തം വെളിപ്പെടുത്തുന്ന വസ്തുത. യഹോവ ഒരുത്തൻ മാത്രമാണ് ഉള്ളതെന്നും സ്ഫടികസ്ഫുടം വ്യക്തമാക്കിയിട്ടുണ്ട്. (ആവ, 6:4; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 83:18; യെശ, 37:16; 37:20; 45:18). തന്മൂലം, നമ്മുടെ പാപപരിഹാർത്ഥം ക്രൂശിക്കപ്പെട്ട ഏകമനുഷ്യനായ യേശുക്രിസ്തുവിനെ, കുറിയോസ്; അഥവാ, കർത്താവെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്, യഹോവയെന്ന അർത്ഥത്തിലോ, ദൈവമെന്ന അർത്ഥത്തിലോ ആണെങ്കിൽ. ബൈബിൾപോലെ പരസ്പര വിരുദ്ധമായ ഒരു ഗ്രന്ഥവും വിശ്വാസവും ഭൂലോകത്ത് ഒരിടത്തും ഇല്ലെന്ന് പറയേണ്ടിവരും. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

കുറിയൊസ് എന്ന പദത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളവർ താഴെയുള്ള PDF കാണുക:⬇️

കുറിയോസ് (Kyrios) കർത്താവ് (Lord) Pdf:

Leave a Reply

Your email address will not be published. Required fields are marked *