കൊർബ്ബാൻ

കൊർബ്ബാൻ (Corban)

വഴിപാട്, നേർച്ച, സമ്മാനം എന്നൊക്കെയർത്ഥം. ദൈവത്തിനു അർപ്പിക്കുന്ന രക്തം ചൊരിഞ്ഞുളളതും അല്ലാത്തതുമായ വഴിപാടുകളെക്കുറിക്കുവാൻ ‘കൊർബ്ബാൻ’ എന്ന എബ്രായപദം പഴയനിയമത്തിൽ എഴപത്തെട്ടു പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: (ലേവ്യ, 1:2,3; 2;1; 3:1; സംഖ്യാ, 7:12-17). പുതിയനിയമത്തിൽ പ്രസ്തുത എബ്രായപദവും ഒപ്പം അർത്ഥവും നല്കിയിട്ടുണ്ട്: (മർക്കൊ, 7:11). ഇവിടെ കൊർബ്ബാൻ ദൈവത്തിനു വഴിപാടായി അർപ്പിച്ച പണത്തെക്കുറിക്കുന്നു. മുമ്പുംപിമ്പും നോക്കാതെ ആണയിടുന്നതിൽ യെഹൂദന്മാർ മുൻപന്തിയിലായിരുന്നു. പുര കത്തുമ്പോൾ, ‘തീയണഞ്ഞാൽ വീട് കൊർബ്ബാൻ’ എന്നും, ഭക്ഷ്യപേയങ്ങളിൽ ആത്മനിയന്ത്രണം പാലിക്കുവാൻ നിശ്ചയിക്കുന്നവൻ, ‘ഞാൻ കഴിക്കുന്ന ഭക്ഷണം കൊർബ്ബാൻ’ എന്നും വേഗത്തിൽ ആണയിട്ടിരുന്നു. ആവർത്തനം 23:21-23 പ്രകാരം യഹോവയ്ക്ക് നേർന്ന വഴിപാട് നിവർത്തിക്കുകതന്നെ വേണം. എന്നാൽ, ഇവർ തിരക്കിട്ടെടുത്ത തീരുമാനങ്ങൾ നിവർത്തിക്കാൻ കൂട്ടാക്കിയിരുന്നില്ല. “യെഹൂദന്മാർ ഒരു ചിന്തയും കൂടാതെ ദൈവത്തിന്റെ മുമ്പിൽ സത്യം ചെയ്യുമെന്നും എന്നാൽ ഒരിക്കലും അവർ അതു നിവർത്തിക്കയില്ലെന്നും” തല്മൂദിലും പറഞ്ഞിട്ടുണ്ട്. മാതാപിതാക്കളുടെ ഭൗതികമായ ആവശ്യങ്ങൾ നിവർത്തിച്ചു കൊടുക്കേണ്ടത് മക്കളുടെ കടമയാണ്. എന്നാൽ ഈ കടമ നിറവേറ്റാതിരിക്കാൻ വേണ്ടി പണം ദൈവത്തിനു വഴിപാടായി അർപ്പിച്ചിരിക്കയാണെന്നു അവർ പറയും. ദൈവത്തിന് വഴിപാടായി അർപ്പിക്കുന്നതിന് കൊർബ്ബാൻ എന്നു പറഞ്ഞാൽ മാത്രം മതിയാകും. കൊർബ്ബാൻ എന്നു പറയുമ്പോൾ ആ പണം ദൈവത്തിനായി വേർതിരിക്കപ്പെടും. തന്റെ കാലത്ത് നിലവിലിരുന്ന ഈ കീഴ്വഴക്കത്തെ പരാമർശിച്ചുകൊണ്ട് ‘അപ്പനെയും അമ്മയെയും ബഹുമാനിക്ക’ എന്നിങ്ങനെയുള്ള കല്പനകളെപ്പോലും യെഹൂദന്മാർ അവഗണിക്കുന്നതിനെ ക്രിസ്തു അപലപിക്കുകയായിരുന്നു. ഇട്ട ആണയുടെ ന്യായപ്രമാണ് മൂല്യം എത്ര ഉന്നതമായിരുന്നാലും മാതാപിതാക്കളോടുള്ള കടമ അതിനെക്കാൾ പ്രധാനമാണ് എന്ന ആശയമാണ് യേശു അവതരിപ്പിച്ചത്. അതിന്റെ സ്വാധീനത്തിലാവണം എലിയേസർ ബെൻ ഹിർക്കാനുസ് എന്ന റബ്ബി ക്രിസ്തുവിനുശേഷം എ.ഡി. 90-ൽ ആണയിൽ നിന്ന് തലയൂരാൻ വഴി വേണം എന്ന് അഭിപ്രായപ്പെട്ടത്. നെദറീം എന്ന തല്മുദിൽ ഇത് സംബന്ധിച്ച ചർച്ചകളുടെ അന്ത്യത്തിൽ എലിയേസറിന്റെ അഭിപ്രായം മാതാപിതാക്കന്മാരുടെ കാര്യത്തിൽ അംഗീകരിക്കപ്പെട്ടതായി രേഖപ്പെടുത്തിയിരിക്കുന്നു. മറ്റ് സംഗതികളിൽ മാറ്റം അനുവദിച്ചില്ല. ദേവാലയഭണ്ഡാരത്തിന്റെ ആരോഗ്യത്തിനും ആ നിലപാട് ആവശ്യമായിരുന്നു!

Leave a Reply

Your email address will not be published. Required fields are marked *