കൈ മലർത്തുമ്പോൾ കണ്ണു മറയ്ക്കുന്ന ദൈവം

കൈ മലർത്തുമ്പോൾ കണ്ണു മറയ്ക്കുന്ന ദൈവം

സർവശക്തനായ ദൈവം തങ്ങളുടെ പൂർവപിതാക്കന്മാരോട് മോശെയിലൂടെ അരുളിച്ചെതിരുന്നതനുസരിച്ച് യിസ്രായേൽമക്കൾ ദൈവസന്നിധിയിൽ ശബ്ബത്തുകൾ ആചരിച്ചു. സഭായോഗങ്ങൾ കൂടി; അമാവാസികൾ കൊണ്ടാടി; ഉത്സവങ്ങൾ ആഘോഷിച്ചു; മേദസ്സുള്ള ധാരാളം കാളകളെയും കോലാട്ടുകൊറ്റന്മാരെയും യാഗമായി അർപ്പിച്ചു; ദൈവത്തോട് അനുഗ്രഹങ്ങൾക്കുവേണ്ടി യാചിച്ചു. പക്ഷേ, അവർ കൈ മലർത്തുമ്പോൾ താൻ കണ്ണു മറച്ചുകളയുമെന്നും അവരുടെ പ്രാർത്ഥനകൾക്ക് ഉത്തരമരുളുകയില്ലെന്നും അത്യുന്നതനായ ദൈവം അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുവാനുള്ള കാരണം എന്തായിരുന്നു? (യെശ, 1:15). മഹാപരിശുദ്ധനായ ദൈവത്തിന്റെ തിരുസന്നിധിയിൽ യാഗാർപ്പണം നടത്തിയ, നേർച്ച കാഴ്ചകൾ അർപ്പിച്ച, ധൂപാർപ്പണം നടത്തിയ അവരുടെ കരങ്ങൾ പാപങ്ങളാൽ അശുദ്ധമാക്കപ്പെട്ടിരുന്നു. ദൈവകല്പനകൾ മറന്ന് രഹസ്യവും പരസ്യവുമായ പാപത്തിൽ ജീവിക്കുകയും പാരമ്പര്യങ്ങളുടെ തുടർക്കഥകളായി, യാതൊരു പരമാർത്ഥതയുമില്ലാതെ, ദൈവത്തെ പ്രസാദിപ്പിക്കാമെന്നു ധരിച്ച് അവർ നടത്തുന്ന ആഡംബരം നിറഞ്ഞ ഉത്സവങ്ങളെ ദൈവം വെറുക്കുന്നുവെന്നും, അവ തനിക്ക് അസഹ്യമായി തീർന്നിരിക്കുന്നുവെന്നും ദൈവം അരുളിച്ചെയ്യുന്നു. (യെശ, 1:14). അവയെ കഴുകി വെടിപ്പാക്കി അവരുടെ തിന്മ ഉപേക്ഷിച്ച് നന്മ ചെയ്യുവാൻ ദൈവം അവരോട് ആവശ്യപ്പെടുന്നു. (യെശ, 1:16,17). അങ്ങനെ വിശുദ്ധീകരിക്കപ്പെട്ട് തന്റെ സ്വഭാവത്തോട് അനുരൂപമായ ജീവിതത്തോടെ തന്റെ സന്നിധിയിൽ അർപ്പിക്കുന്ന ആരാധനകളിലും ആഘോഷങ്ങളിലും മാത്രമേ താൻ പ്രസാദിക്കുകയുള്ളൂവെന്ന് ദൈവം വ്യക്തമാക്കുന്നു. പാരമ്പര്യങ്ങൾ ഉപേക്ഷിക്കണമെന്നാ നേർച്ചകാഴ്ചകൾ അർപ്പിക്കരുതെന്നോ അല്ല, പിന്നെയോ വിശുദ്ധമായ ശരീരമനസ്സുകളാൽ അവ അർപ്പിക്കുന്നില്ലെങ്കിൽ, ആചരിക്കുന്നില്ലെങ്കിൽ, മനുഷ്യരുടെ മുമ്പിൽ മാന്യത നേടുവാൻ കഴിയുമെങ്കിലും, ദൈവത്തിൽനിന്ന് യാതൊരു അനുഗ്രഹവും ലഭിക്കുകയില്ല. മാത്രമല്ല, അങ്ങനെ ദൈവത്തിലേക്ക് കൈ മലർത്തുമ്പോൾ അവൻ തന്റെ കണ്ണു മറച്ചുകളയുമെന്നും, അവൻ്റെ നാമത്തിൽ വ്യർത്ഥകാര്യങ്ങൾ ചെയ്യുന്നവർക്ക് ദൈവം മുന്നറിയിപ്പ് നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *