കൈസർ

കൈസർ (Caesar)

ജൂലിയസ് സീസറിന്റെ കുടുംബനാമമാണ് കൈസർ. ആദ്യത്തെ റോമൻ ചക്രവർത്തിയായ ഔഗുസ്തൊസ് (ബി.സി. 27-എ.ഡി. 14) കൈസർ എന്ന നാമം സ്വീകരിച്ചു. ജൂലിയസ് സീസറിന്റെ ദത്തുപുത്രനായിരുന്നു ഔഗുസ്തൊസ് കൈസർ. ഔഗുസ്തൊസിന്റെ പിൻഗാമികളും ഈ നാമം സ്വീകരിച്ചു. അങ്ങനെ കൈസർ ഒരു സ്ഥാനപ്പേരായി മാറി. റഷ്യയിലെ സാർ, ജർമ്മനിയിലെ കൈസർ എന്നിവയും ‘കൈസർ’ എന്ന സ്ഥാനപ്പേരിന്റെ തത്ഭവമോ തത്സമമോ ആണ്. ഔഗുസ്തൊസ് കൈസർ എന്ന പേര് ലൂക്കൊസ് 2:1-ലുണ്ട്. കൂടാതെ പുതിയനിയമത്തിൽ 27 സ്ഥാനങ്ങളിൽ ഈ സ്ഥാനപ്പേരു കാണാം. യേശുക്രിസ്തു ജനിക്കുമ്പോൾ ഔഗുസ്തൊസ് കൈസർ ആയിരുന്നു റോമൻ ചക്രവർത്തി. യേശുക്രിസ്ത ശുശ്രൂഷ ആരംഭിക്കുമ്പോൾ തിബെര്യാസ് കൈസർ (എ.ഡി. 14-37) റോം ഭരിക്കുകയായിരുന്നു: (ലുക്കൊ, 3:1). സുവിശേഷങ്ങളിൽ മറ്റു സ്ഥാനങ്ങളിൽ പറയപ്പെട്ടിട്ടുളളതും ഈ കൈസരാണ്: (മർക്കൊ, 12:14-17; ലൂക്കൊ, 23:2; യോഹ, 19:12-15). അപ്പൊസ്തല പ്രവൃത്തികളിൽ ആദ്യം പറയപ്പെട്ടിട്ടുള്ളത് ക്ലൗദ്യൊസ് കൈസർ (എ.ഡി. 41-54) ആണ്: (11:28-18:2). ക്ലൗദ്യൊസ് കൈസർ യെഹൂദന്മാരെ റോമാനഗരത്തിൽനിന്നും പുറത്താക്കി. പത്രൊസും പൗലൊസും രക്തസാക്ഷികളായത് നീറോയുടെ (എ.ഡി. 54-68) കാലത്തായിരുന്നു. പുതിയനിയമത്തിൽ നീറോയുടെ പേർ പറഞ്ഞിട്ടില്ല. പൗലൊസ് അഭയം തേടിയത് നീറോയെയാണ്: (പ്രവൃ, 25:8,12,21; 26:32; ഫിലി, 4:22). ഡൊമീഷ്യൻ്റെ (എ.ഡി. 8-96) കാലത്തായിരുന്നു യോഹന്നാനെ പത്മൊസിലേക്കു നാടുകടത്തിയത്. കൈസർ എന്ന പേരിനെ സാമാന്യനാമമായും സംജ്ഞാനാമമായും ക്രിസ്തു ഉപയോഗിച്ചു. “കൈസർക്കുളളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുപ്പിൻ” എന്ന ക്രിസ്തുവിന്റെ ഭാഷണം പ്രഖ്യാതമാണല്ലോ: (മത്താ, 22:2; മർക്കൊ, 12:17; ലൂക്കൊ, 20:25).

Leave a Reply

Your email address will not be published. Required fields are marked *