കൈസര്യ

കൈസര്യ (Caesarea)

പേരിനർത്ഥം – കൈസറിനെ സംബന്ധിച്ചത്

ബി.സി. ഒന്നാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ മെഡിറ്ററേനിയൻ സമുദ്രത്തിന്റെ തീരത്ത് മഹാനായ ഹെരോദാവു നിർമ്മിച്ച തുറമുഖപട്ടണം. യെരൂശലേമിനു ഏകദേശം 100 കി.മീറ്റർ വടക്കുപടിഞ്ഞാറും കർമ്മേൽ പർവ്വതത്തിനു 37 കി.മീറ്റർ തെക്കുമായി സ്ഥിതിചെയ്യുന്നു. ഈ പട്ടണത്തിന്റെ പൂർവ്വ നാമം സ്ട്രാറ്റോയുടെ ഗോപുരം (Strato’s Tower) എന്നായിരുന്നു. സീദോന്യ ഭരണാധിപനായ സ്ട്രാറ്റർയിൽ നിന്നായിരിക്കണം ഈ പേരു ലഭിച്ചത്. ഈ പ്രദേശത്തോടൊപ്പം ശമര്യയും മറ്റു പട്ടണങ്ങളും ഔഗുസ്തൊസ് കൈസർ ഹെരോദാവിനു ദാനമായി നല്കി. ശമര്യയെ പുതുക്കിപ്പണിതശേഷം ഒരു വലിയ തുറമുഖവും പട്ടണവും പന്ത്രണ്ടു വർഷംകൊണ്ട് അദ്ദേഹം സ്ട്രാറ്റോയുടെ ഗോപുരത്തിൽ പണിതു. അനന്തരം ഔഗുസ്തൊസ് കൈസരിന്റെ ബഹുമാനാർത്ഥം നഗരത്തിനു കൈസര്യ എന്നു നാമകരണം ചെയ്തു. പട്ടണം പണിതത് ഗ്രീക്ക് മാതൃകയിലാണ്. വലിയ മതിലും ഗോപുരങ്ങളും സത്രങ്ങളും രംഗസ്ഥലങ്ങളും നിർമ്മിച്ചു. ഇരുപതിനായിരത്തോളം പേർക്ക് ഇരിക്കുവാനുളള സുസജ്ജമായ ഒരു കുതിരയോട്ടവീഥി ഉണ്ടായിരുന്നു. പട്ടണത്തിലേക്കു ശുദ്ധജലം എത്തിക്കുവാനും അശുദ്ധജലവും മാലിന്യങ്ങളും മറ്റും ഒഴുക്കി സമുദ്രത്തിലേക്കു കളയുവാനും ഉള്ള സംവിധാനം ഉണ്ടായിരുന്നു. ഇവയിലെല്ലാം മഹനീയമായിരുന്നു കൃത്രിമ നൗകാശയത്തിൻ്റെ നിർമ്മിതി. ഇവിടെയുള്ള തുറമുഖം ഋജു ആകയാൽ തെക്കുപടിഞ്ഞാറു നിന്നടിക്കുന്ന കാറ്റിൽ നിന്നു കപ്പലുകൾക്കൊരു സുരക്ഷയും ലഭിച്ചിരുന്നില്ല. ഹെരോദാവ് ഇവിടെ 61 മീറ്റർ നീളമുളള ഒരു ചിറ കെട്ടി. കൂറ്റൻ കരിങ്കല്ലുകൾ-ജൊസീഫസ് വർണ്ണിക്കുന്നതനുസരിച്ച് 15 മീറ്റർ നീളവും 5.5 മീറ്റർ വീതിയും 2.7 മീറ്റർ ഉയരവുമുള്ളവ 36 മീറ്റർ ആഴത്തിൽ വിന്യസിച്ചാണ് കൃത്രിമ നൗകാശയം നിർമ്മിച്ചത്. ഫിനിഷ്യയുടെ തെക്ക് പലസ്തീൻ തീരത്തു പ്രാധാന്യം കൊണ്ടു യോപ്പയോടു കിടപിടിക്കുന്നതായിരുന്നു കെസര്യ തുറമുഖം. സോരിൽനിന്ന് ഈജിപ്റ്റിലേക്കുളള വാണിജ്യ പാതയിലായിരുന്നു അതിൻ്റെ സ്ഥിതി. ഇങ്ങനെ കൈസര്യ തിരക്കേറിയ ഒരു വാണിജ്യ കേന്ദ്രമായി മാറി. 

ഹെരോദാ രാജാക്കന്മാരുടെയും നാടുവാഴികളുടെയും ഔദ്യോഗിക വാസസ്ഥാനമായിരുന്നു കൈസര്യ. റോമിലെ കൈസരിനും റോമിനുമായി പ്രതിഷ്ഠിക്കപ്പെട്ട ക്ഷേത്രവും ആ ക്ഷേത്രത്തിനകത്ത് ചക്രവർത്തിയുടെ വലിയ പ്രതിമകളും ഉണ്ടായിരുന്നു. ഇവയുടെ അവശിഷ്ടങ്ങൾ ഇന്നും ശാരോൻ സമഭുമിയിൽ കൈസര്യയുടെ സ്ഥാനത്തിനു തെക്കായി കാണാം. കൈസര്യയിലെ ജനത സമ്മിശ്രമായിരുന്നു. തന്മൂലം യെഹൂദന്മാരും ജാതികളും തമ്മിലുള്ള സംഘർഷം സ്വാഭാവികമായിരുന്നു. പീലാത്തോസ് യെഹൂദയുടെ നാടുവാഴിയായിരുന്നപ്പോൾ കൈസര്യയിലെ ദേശാധിപതിയുടെ വസതിയിലാണ് താമസിച്ചത്. സുവിശേഷകനായ ഫിലിപ്പോസ് കൈസര്യയിൽ സുവിശേഷം എത്തിച്ചു. (പ്രവൃ, 8:5-8, 40). യെരുശലേമിൽ പ്രസംഗിക്കുക നിമിത്തം പൗലൊസിനെ കൊല്ലാൻ ഗൂഢാലോചന നടന്നു. അവിടെയുളള ശിഷ്യന്മാർ പൗലൊസിനെ കൈസര്യ തുറമുഖത്തേക്കും അവിടെനിന്ന് തർസൊസിലേക്കും അയച്ചു. (പ്രവൃ, 9:28-30). റോമൻ സൈന്യത്തിന്റെ ഒരു താവളം എന്ന നിലയ്ക്ക് കൊർന്നേല്യൊസ് എന്ന ശതാധിപൻ്റെ സ്ഥാനം കൈസര്യയിൽ ഉണ്ടായിരുന്നു. കൊർണേല്യൊസ് മാനസാന്തരപ്പെട്ടത് ഇവിടെ വച്ചായിരുന്നു. (പ്രവൃ, 10:1, 24; 11:11). ദൈവരാജ്യത്തിന്റെ അന്തസ്സത്തയിലേക്കുളള പൂർണ്ണമായ ഉൾക്കാഴ്ച പത്രോസിനു കൈസര്യയിൽ വച്ചു ലഭിച്ചു. വിശ്വാസികളായ യെഹൂദന്മാർക്കും ജാതികൾക്കും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നു പത്രൊസിനു വെളിപ്പെട്ടു. (പ്രവൃ, 10:35). 

രണ്ടും മൂന്നും മിഷണറിയാതകളിൽ നിന്നും മടങ്ങിവന്നപ്പോൾ പൗലൊസ് കൈസര്യയിലിറങ്ങി. (പ്രവൃ, 18:22; 21:8). കർത്താവായ യേശുവിന്റെ നാമത്തിനുവേണ്ടി ബന്ധിക്കപ്പെടാൻ മാത്രമല്ല, യെരുശലേമിൽ മരിപ്പാനും ഉള്ള തീരുമാനത്തോടു കുടി അപ്പൊസ്തലൻ യെരുശലേമിലേക്കു പോയത് ഇവിടെ നിന്നാണ്. (പ്രവൃ, 21:13). തുടർന്ന് ദേശാധിപതിയായ ഫെലിക്സിൻ്റെ മുമ്പിൽ വിചാരണക്കായി പൗലൊസിനെ കൈസര്യയിലേക്ക് അയച്ചു. കൈസര്യയിൽ അഗ്രിപ്പാവിൻ്റെയും ഫെസ്തൊസിന്റെയും മുമ്പാകെ ന്യായസമർത്ഥനം ചെയ്തശേഷം പൗലൊസ് കൈസറെ അഭയം ചൊല്ലിയതനുസരിച്ച് ഫെസ്തൊസ് പൗലൊസിനെ ചങ്ങലകളാൽ ബന്ധിച്ചു റോമിലേക്കു അയച്ചു. (പ്രവൃ,  25:11). നീറോ ചക്രവർത്തിയുടെ കാലത്ത് കൈസര്യയിലെ അരാമ്യർക്കും യെഹുദന്മാർക്കും തമ്മിൽ വൈരം ഉണ്ടായി. അനന്തരസംഭവങ്ങൾ എ.ഡി. 70-ലെ യെരുശലേമിന്റെ നാശത്തിനു വഴി തെളിച്ചു. കൈസര്യയിൽ വച്ചു വെസ്പേഷ്യൻ റോമിലെ ചക്രവർത്തിയായി വിളംബരം ചെയ്യപ്പെട്ടു. അപ്പോൾ കൈസര്യയിലുണ്ടായ യെഹൂദന്മാരുടെ വിപ്ലവത്തെ അടിച്ചമർത്തുവാൻ വെസ്പേഷ്യൻ റോമൻ സൈന്യത്തെ നയിക്കുകയായിരുന്നു. 1961-ൽ കൈസര്യയിലെ രംഗസ്ഥലത്തുനിന്നും കണ്ടെടുത്ത ശിലയിൽ പൊന്തിയൊസ് പീലാത്തോസിന്റെ പേരുൾക്കൊള്ളുന്ന ലത്തീൻ ലിഖിതം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *