കൃപാസനം

കൃപാസനം (mercy seat) 

കൃപയുടെ ഇരിപ്പിടമാണ് കൃപാസനം. സമാഗമനകൂടാരത്തിൽ അതിപരിശുദ്ധസ്ഥലത്തു വച്ചിരുന്ന നിയമപെട്ടകത്തിന്റെ മേൽമൂടിക്കു നല്കിയിട്ടുള്ള പേരാണ് കൃപാസനം. (പുറ, 25:20, 22). അതിന്റെ നീളം രണ്ടര മുഴവും വീതി ഒന്നരമുഴവും ഉയരം ഒന്നരമുഴവുമാണ്. ശുദ്ധസ്വർണ്ണം കൊണ്ടാണ് കൃപാസനം നിർമ്മിച്ചിട്ടുള്ളത്. മേൽമൂടിയിൽ അഥവാ കൃപാസനത്തിന്റെ രണ്ടറ്റത്തും സ്വർണ്ണം കൊണ്ടുളള രണ്ടു കെരുബുകളെ നിർത്തി. അവയുടെ രൂപം മനുഷ്യന്റേതുപോലെയാണു; എന്നാൽ ചിറകുകളുണ്ടെന്ന ഒരു പ്രത്യേകതയുണ്ട്. ചിലരുടെ അഭിപ്രായത്തിൽ യെഹെസ്ക്കേൽ പ്രവാചകൻ നല്കുന്ന വിവരണത്തിലെ (1:5-14) സങ്കീർണ്ണരൂപമായിരുന്നു ഈ കെരൂബുകൾക്ക്. ഒരു മനുഷ്യന്റെ പൊക്കം ഇവയ്ക്കുണ്ട്. അവയുടെ നില്പ് നേരെയായിരുന്നു. (2ദിന, 3:13). കെരൂബുകൾ മേലോട്ടു ചിറകുവിടർത്തി ചിറകുകൊണ്ടു കൃപാസനത്തെ മുടി തമ്മിൽ അഭിമുഖമായിരുന്നു. കെരൂബുകളുടെ മുഖം കൃപാസനത്തിനു നേരെയായിരുന്നു. (പുറ, 25:20) അതിവിശുദ്ധസ്ഥലത്തു വർഷത്തിലൊരിക്കൽ സ്വർണ്ണധുപ കലശവുമായി മഹാപുരോഹിതൻ പ്രവേശിച്ചിരുന്നു. ഈ ധൂപകലശം വച്ചിരുന്നതു കൃപാസനത്തിലാണ്. കെരുബുകൾക്കു മദ്ധ്യയാണ് യഹോവയുടെ പ്രത്യക്ഷത. (പുറ, 25:22). യഹോവയുടെ തേജസ്സു വെളിപ്പെട്ടിരുന്നതു കൊണ്ട് കൃപാസനത്തിനടുക്കൽ ചെല്ലുവാൻ പാപിയായി മനുഷ്യനു സാദ്ധ്യമല്ല. അഭിഷിക്തനായ പുരോഹിതൻ പോലും സേച്ഛയാലോ പ്രായശ്ചിത്തത്തിനുള്ള യാഗരക്തം കൂടാതെയോ കൃപാസനത്തിന്റെ മുമ്പിൽ ചെല്ലുകയാണെങ്കിൽ മരണം സുനിശ്ചിതമായിരുന്നു. പാപപരിഹാര ദിനത്തിൽ ജനത്തിന്റെ പാപപരിഹാരത്തിന്നായി മഹാപുരോഹിതൻ കൃപാസനത്തിന്മേൽ രക്തം തളിച്ചു. (ലേവ്യ, 16:13-16; എബ്രാ, 9:4-7). കൃപാസനമുള്ള അതിപരിശുദ്ധ സ്ഥലത്തെ കൃപാസനഗൃഹം എന്നു പറഞ്ഞിരിക്കുന്നു. (1ദിന, 28:11). എബ്രായർ 9:5-ലെ ഹിലാസറ്റീറിയൊൻ എന്ന ഗ്രീക്കുപദത്തെയാണ് കൃപാസനം എന്നു പരിഭാഷ ചെയ്തിട്ടുളളത്. റോമർ 3:25-ലെ പ്രായശ്ചിത്തത്തെ കുറിക്കുന്ന ഗ്രീക്കുപദവും ഇതുതന്നെയാണ്. സ്വന്തരക്തം മൂലം പ്രായശ്ചിത്തം ചെയ്തതിലൂടെ ക്രിസ്തു കൃപാസനമായി മാറി.

Leave a Reply

Your email address will not be published. Required fields are marked *