കുട്ടായ്മ

കുട്ടായ്മ (fellowship)

കൂടിച്ചേർന്നിരിക്കുന്ന അവസ്ഥയാണ് കുട്ടായ്മ. ആശയവൈപുല്യമുള്ള പുതിയനിയമ പ്രയോഗങ്ങളിൽ ഒന്നാണിത്. ബൈബിളിൽ 22 പ്രാവശ്യം ഈ പദം പയോഗിച്ചിട്ടുണ്ട്. (പ്രവൃ, 2:42; റോമ, 12:13; 1കൊരി, 1:9; 10:16, 10:16; 2കൊരി, 6:14; 8:3; 9:13; 13:14; ഗലാ, 2:9; ഫിലി, 1:6; 2:1; 3:11; 4:14, 15; കൊലൊ, 2:6; ഫിലെ, 1, 5; എബ്രാ, 13:16; 1യോഹ, 1:3, 1:3, 6, 7). കൂട്ടായ്മയെക്കുറിക്കുന്ന ഗ്രീക്കുപദം ‘കൊയ്നോനിയ’ അത്രേ. പുതിയനിയമത്തിൽ പത്തൊമ്പതിടത്ത് ഈ പദം ഉണ്ട്. (പ്രവൃ, 2:42; റോമ, 15:26; 1കൊരി, 1:9; 10:16, 10:16; 2കൊരി, 6:14; 8:4; 9:13; 13;14; ഗലാ, 2:9; ഫിലി, 1:5; 2:1; 3:10; ഫിലെ, 6; എബ്രാ, 13:16; 1യോഹ, 1:3, 1:3, 6, 7). റോമർ 15:26-ൽ ധർമ്മോപകാരം എന്നാണ് പരിഭാഷ ചെയ്തിട്ടുള്ളത്. കൊയ്നോനിയയുടെ ക്രിയാരൂപമായ കൊയ്നോനെയോ പുതിയ നിയമത്തിൽ എട്ടു സ്ഥാനങ്ങളിലുണ്ട്. വ്യത്യസ്ത പദങ്ങളെക്കൊണ്ടാണ് അതിന്റെ പരിഭാഷ മലയാളത്തിൽ നിർവ്വഹിച്ചിട്ടുള്ളത്: കൂടിയ (എബ്രാ, 2:14-ജഡരക്തങ്ങളോടു കൂടിയവർ), ഓഹരികൊടുക്കുക (ഗലാ, 6:6), ഓഹരിക്കാരനാകുക (1തിമൊ, 5:22), പങ്കുള്ളവരാകുക (1പത്രൊ, 4:13), കൂട്ടായ്മകാണിക്കുക (റോമ, 12:13; ഫിലി, 4:15) കൂട്ടാളിയാകുക (റോമ, 15:27; 2യോഹ, 11).

ഏതെങ്കിലും ഒരു കാര്യത്തിൽ പങ്കാളിത്തം ഉണ്ടോകുന്നതിനെ കുറിക്കുകയാണ് കൊയ്നോനെയോ. ഭാഗഭാഗാക്കുക, കൂട്ടായ്മ ആചരിക്കുക, കൂട്ടാളിയാവുക, ഓഹരിക്കാരനാവുക തുടങ്ങിയ അർത്ഥങ്ങളാണതിനുള്ളത്. പുതിയ നിയമപയോഗമനുസരിച്ചാ എല്ലാവരും മാനുഷികസ്വഭാവത്തിനു പങ്കാളികളാണ്. കാരണം എല്ലാവരും ജഡരക്തങ്ങളോടു കൂടിയവരാണ് (എബ്രാ, 2:14). ഭൗതിക വസ്തുക്കളെ അവർ പങ്കിട്ടനുഭവിക്കുന്നു (റോമ, 12:13; 15:27; ഗലാ, 6:6), പ്രവർത്തനത്തിൽ കൂട്ടായ്മ കാണിക്കുന്നു (1തിമൊ, 5:22), ക്രിസ്തുവിന്റെ കഷ്ടങ്ങൾക്കു പങ്കാളികളാവാൻ (1പത്രൊ, 4:13) വിശ്വാസത്തിനുവേണ്ടി കഷ്ടം സഹിക്കുന്നു. കൊയ്നോനിയയോടു അടുത്ത ബന്ധമുള്ള പദമാണ് കൊയ്നോനൊസ്. കൂട്ടാളി എന്നർത്ഥം. പുതിയനിയമത്തിൽ പത്തു പ്രാവശ്യം കാണപ്പെടുന്നു. (മത്താ, 23:30; ലൂക്കൊ, 5:10; 1കൊരി, 10:18, 20; 2കൊരി, 1:7; 8:23; ഫിലെ, 17; എബ്രാ, 10:33; 1പത്രൊ, 5:1; 2പത്രാ, 1:4). പൊതുവെ വ്യാപാരകാര്യങ്ങളിലെ പങ്കാളിയെക്കുറിക്കുകയാണീ പദം. ചില സവിശേഷാർത്ഥങ്ങൾ താഴെ കൊടുക്കുന്നു.

1. പ്രവൃത്തി ചെയ്യുന്നതിലുള്ള പങ്കാളിത്തം: “ഞങ്ങൾ പിതാക്കന്മാരുടെ കാലത്തു ഉണ്ടായിരുന്നു എങ്കിൽ പ്രവാചകന്മാരെ കൊല്ലുന്നതിൽ കൂട്ടാളികൾ ആകയില്ലായിരുന്നു എന്നു പറയുന്നു.” (മത്താ, 23:30, ഒ.നോ: 1കൊരി, 10:18, 20).

2. തൊഴിലിലുള്ള പങ്കാളിത്തം: മീൻപിടിത്തത്തിൽ പത്രോസിന്റെ കൂട്ടാളികളായിരുന്നു യാക്കോബും യോഹന്നാനും (ലൂക്കൊ, 5:10). തീത്തൊസ് തന്റെ കൂട്ടാളിയും (കൊയ്നോനൊസ്) കുട്ടുവേലക്കാരനും (സുനെർഗൊസ്) ആയിരുന്നുവെന്നു പൌലൊസ് രേഖപ്പെടുത്തുന്നു. (2കൊരി, 8:23). ഒനേസിമൊസിനുവേണ്ടി വാദിക്കുമ്പോൾ ഫിലേമോൻ തന്റെ കൂട്ടിയാണെന്നു പൗലൊസ് (ഫിലേ, 17) അവകാശപ്പെടുന്നു. ക്രിസ്തീയ ശുശ്രൂഷയിൽ എല്ലാവരും പരസ്പരം കൂട്ടാളികളത്രേ.

3. സമാനമായ അനുഭവത്തിലെ കൂട്ടാളിത്തം: ഒരു വ്യക്തിക്കായി മാത്രം ഒന്നും സംഭവിക്കുന്നില്ല. അനുഭവങ്ങൾ എല്ലാവർക്കും ഏറെക്കുറെ സമാനങ്ങളാണ്. ക്രിസ്തുവിനും മനുഷ്യനുണ്ടാകുന്ന അതേ അനുഭവങ്ങൾ ഉണ്ടായി. “എന്നാൽ നിങ്ങൾ പ്രകാശനം ലഭിച്ചശേഷം നിന്ദകളാലും പീഡകളാലും കുത്തുകാഴ്ചയായി ഭവിച്ചും ആവക അനുഭവിക്കുന്നവർക്കു കൂട്ടാളികളായിത്തീർന്നും ഇങ്ങനെ കഷ്ടങ്ങളാൽ വളരെ പോരാട്ടം കഴിച്ച പൂർവ്വകാലം ഓർത്തുകൊൾവിൻ.” (എബ്രാ, 10:32,33; ഒ.നോ: 2കൊരി, 1:6,7).

4. ദിവ്യസ്വഭാവത്തിനു കൂട്ടാളികളാകൽ: വിശ്വാസികൾ ഭൗമിക കാര്യങ്ങൾക്കു മാത്രമല്ല, സ്വർഗ്ഗീയ തേജസ്സിനും കൂട്ടാളികളാണ്; “ഇവയാൽ നിങ്ങൾ ലോകത്തിൻ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞു ദിവ്യസ്വഭാവത്തിനു കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു.” (2പത്രൊ 1:4).

കുട്ടായ്മയുടെ സവിശേഷതകൾ: ദൈവകുടുംബത്തിലെ വീണ്ടും ജനിച്ചവർക്കിടയിലുള്ള സാമുഹിക ബന്ധത്തെയും അവർക്കു ദൈവിക ശുശുഷയിലുള്ള പരസ്പര സഹകരണത്തെയും, സർവ്വോപരി, ദൈവിക ത്രിത്വത്തിൽ അവർക്കുള്ള ആഴമേറിയ ഐക്യത്തെയും വെളിവാക്കുന്ന പ്രയോഗമാണ് കുട്ടായ്മ. ബാഹ്യവും കാലികവുമായ വ്യത്യാസങ്ങളെ ഉല്ലംഘിക്കുന്ന സഹജമായ ഐക്യവും സമാനമായ ഭാവവും കൂട്ടായ്മയുടെ അടിസ്ഥാന ഘടകങ്ങളാണ്. കൂട്ടായ്മയുമായി പൊരുത്തപ്പെടാത്ത ചില കാര്യങ്ങളുണ്ട്.

കൂട്ടായ്മയുടെ നിഷേധഘടകങ്ങൾ: 1. ഒരു വിശ്വാസിക്കു അവിശ്വാസിയുമായി യഥാർത്ഥ കൂട്ടായ്മ ഉണ്ടായിരിക്കുകയില്ല. (2കൊരി, 6:14-16). വിശ്വാസിയുടെയും അവിശ്വാസിയുടെയും സ്വഭാവഗുണങ്ങൾ പൂർണ്ണമായും വ്യത്യസ്തമാണ്. വിശ്വാസി ദൈവത്തിന്റെ പൈതലും അവിശ്വാസി പിശാചിന്റെ മകനും അതേ. “ദൈവത്തിന്റെ മക്കൾ ആരെന്നും പിശാചിന്റെ മക്കൾ ആരെന്നും ഇതിനാൽ തെളിയുന്നു; നീതി പ്രവർത്തിക്കാത്തവൻ ആരും സഹോദരനെ സ്നേഹിക്കാത്തവനും ദൈവത്തിൽ നിന്നുള്ളവനല്ല.” (1യോഹ, 3:10).

2. ജാതികളുടെ അനുഷ്ഠാനങ്ങളിലും ആഘോഷങ്ങളിലും പങ്കാളികളാകുവാൻ പാടില്ല. “അല്ല, ജാതികൾ ബലികഴിക്കുന്നതു ദൈവത്തിന്നല്ല ഭൂതങ്ങൾക്കു കഴിക്കുന്നു എന്നത്രേ; എന്നാൽ നിങ്ങൾ ഭൂതങ്ങളുടെ കൂട്ടാളികൾ ആകുവാൻ എനിക്കു മനസ്സില്ല. നിങ്ങൾക്കു കർത്താവിന്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാൻ പാടില്ല; നിങ്ങൾക്കു കർത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികളാകുവാനും പാടില്ല.” (1കൊരി, 10:20,21).

3. ഒരു ക്രിസ്ത്യാനി ‘ഇരുട്ടിന്റെ നിഷ്ഫല പ്രവൃത്തികളിൽ കൂട്ടാളി ആകരുത്.’ (എഫെ, 5:11). വെളിച്ചവും ഇരുട്ടും തമ്മിൽ യാതൊരു ബന്ധവും ഇല്ല. വിശ്വാസി വെളിച്ചത്തിന്റെ പൈതലും അവിശ്വാസി ഇരുട്ടിൽ വസിക്കുന്നവനും ആകുന്നു. “നിങ്ങൾ ഇരുട്ടിലുള്ളവരല്ല; നിങ്ങൾ എല്ലാവരും വെളിച്ചത്തിന്റെ മക്കളും പകലിന്റെ മക്കളും ആകുന്നു; നാം രാത്രിക്കും ഇരുളിനുമുള്ളവരല്ല.” (1തെസ്സ, 5:5; ഒ.നോ: റോമ, 13:11-14; 1പത്രൊ, 2:9 – 12; 4:3).

4. മറ്റൊരുവന്റെ പാപത്തിൽ പങ്കാളി ആകരുത്. “യാതൊരുത്തന്റെ മേലും വേഗത്തിൽ കൈവെക്കരുത്; അന്യന്മാരുടെ പാപങ്ങളിൽ ഓഹരിക്കാരനാകയുമരുത്. നിന്നെത്തന്നെ നിർമ്മലനായി കാത്തുകൊൾക.” (1തിമൊ, 5:22). പാപത്തിലെ പങ്കാളിത്തം യെഹൂദന്റെ മേലും വിജാതീയന്റെ മേലും ന്യായവിധിക്കു കാരണമാണു. (റോമ, 1:32-2:2). “ദുർന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയിൽ പേർ പറക പോലും അരുത്; അങ്ങനെ ആകുന്നു വിശുദ്ധന്മാർക്കു ഉചിതം. ചീത്തത്തരം പൊട്ടച്ചൊൽ, കളിവാക്കു ഇങ്ങനെ ചേർച്ചയല്ലാത്തവ ഒന്നും അരുതു; സ്തോത്രം അത്രേ വേണ്ടതു. ദുർന്നടപ്പുകാരൻ, അശുദ്ധൻ, വിഗ്രഹാരാധിയായ ദ്രവ്യാഗ്രഹി ഇവർക്കു ആർക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ അവകാശമില്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ. വ്യർത്ഥവാക്കുകളാൽ ആരും നിങ്ങളെ ചതിക്കരുതു; ഈ വകനിമിത്തമല്ലോ ദൈവകോപം അനുസരണം കെട്ടവരുടെ മേൽ വരുന്നു.” (എഫെ, 5:3-6).

5. ഇരുളിൽ നടക്കുമ്പോൾ ഒരു ക്രിസ്ത്യാനിക്കു ദൈവവുമായി കൂട്ടായ്മയില്ല. “ദൈവം വെളിച്ചമാകുന്നു; അവനിൽ ഇരുട്ടു ഒട്ടും ഇല്ല എന്നുള്ളതു ഞങ്ങൾ അവനോടു കേട്ടു നിങ്ങളോടു അറിയിക്കുന്ന ദൂതാകുന്നു.” (1യോഹ, 1:5). ഈ ഇരുട്ടിനെ ക്രിസ്തീയ സഹോദരനോടുള്ള വെറുപ്പായി കണക്കാക്കിയിരിക്കുന്നു. “വെളിച്ചത്തിൽ ഇരിക്കുന്നു എന്നു പറകയും സഹോദരനെ പകെക്കയും ചെയ്യുന്നവൻ ഇന്നേയോളം ഇരുട്ടിൽ ഇരിക്കുന്നു. സഹോദരനെ സ്നേഹിക്കുന്നവൻ വെളിച്ചത്തിൽ വസിക്കുന്നു; ഇടർച്ചെക്കു അവനിൽ കാരണമില്ല. സഹോദരനെ പകെക്കുന്നവനോ ഇരുട്ടിൽ ഇരിക്കുന്നു; ഇരുട്ടിൽ നടക്കയും ചെയ്യുന്നു. ഇരുട്ടു അവന്റെ കണ്ണു കുരുടാക്കുകയാൽ എവിടേക്കു പോകുന്നുവെന്നു അവൻ അറിയുന്നില്ല.” (1യോഹ, 2:9-11; ഒ.നോ: 1യോഹ, 3:15).

6. ക്രിസ്തുവിന്റെ ഉപദേശത്തിനു വിപരീതമായി നടക്കുന്ന ഒരാളിനോടു കൂട്ടായ്മ പാടില്ല. “ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർകടന്നു പോകുന്ന ഒരുത്തനും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവനോ പിതാവും പുത്രനും ഉണ്ടു. ഒരുത്തൻ ഈ ഉപദേശവും കൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കൽ വന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുതു; അവനു കുശലം പറകയും അരുത്. അവനു കുശലം പറയുന്നവൻ അവന്റെ ദുഷ്പ്രവൃത്തികൾക്കു കൂട്ടാളിയല്ലോ.” (2യോഹ, 9-1). ചിലപ്പോൾ വിശ്വാസികൾക്കു ഭൗതികമായ ബന്ധങ്ങളെ ഉപേക്ഷിക്കേണ്ടിവരും. (2കൊരി, 6:14-18; വെളി, 18:4).

കുട്ടായ്മയുടെ വിധായക ഘടകങ്ങൾ: താഴെപ്പറയുന്ന കാര്യങ്ങളിൽനിന്നും വിശ്വാസികൾക്കു തമ്മിൽ അടിസ്ഥാനപരമായ ഒരൈക്യമുണ്ടെന്നു മനസ്സിലാക്കാം:

1. ക്രിസ്ത്യാനികൾ ദിവ്യസ്വഭാവത്തിനു കൂട്ടാളികളായിത്തീരുന്നു. “അവയാൽ അവൻ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിൻ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്തിനു കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു.” (2പത്രൊ, 1:4). പുതിയ ജനനത്തിൽ അവരിൽ പാകിയ ദിവ്യവിത്ത് അവരെ പുതിയസൃഷ്ടി ആക്കുന്നു. (2കൊരി, 5:17; 1യോഹ, 3:9).

2. ക്രിസ്ത്യാനികൾ ക്രിസ്തുവിന്റെ പങ്കാളികൾ ആകുന്നു. (എബ്രാ, 3:14). ‘പുതിയ മനുഷ്യൻ’ (എഫെ, 4:24), യേശു ക്രിസ്തുവിൽ സൃഷ്ടിക്കപ്പെട്ടവൻ (ഏഫെ, 2:10) ആണ്.

3. പരിശുദ്ധാത്മാവിനെ പ്രാപിച്ച ക്രിസ്ത്യാനികൾ (എബ്രാ, 6:4) പരിശുദ്ധാത്മാവു വസിക്കുന്ന ആലയം അത്രേ. (1കൊരി, 3:16; 6:19).

4. സ്വർഗ്ഗീയ വിളിക്കു ഓഹരിക്കാരായ (എബ്രാ, 3:11) വിശ്വാസികളുടെ യഥാർത്ഥ പൗരത്വം സ്വർഗ്ഗത്തിൽ ആണ്. (ഫിലി 3:20). ഇവിടെ അവർ അന്യരും പരദേശികളും ആയി കഴിയുന്നു. (1പത്രൊ, 2:11).

5. പിതാവിന്റെ ബാലശിക്ഷയ്ക്ക് വിശ്വാസികൾ വിധേയരാണ്. (എബ്രാ, 12:8). എല്ലാ ദൈവമക്കളും ദൈവത്തിന്റെ ശിക്ഷയ്ക്ക പാത്രമാകുന്നു.

6. ക്രിസ്തുവിന്റെ കഷ്ടപ്പാടിൽ ക്രിസ്ത്യാനികൾ പങ്കാളികൾ ആകുന്നു. “അവനിൽ ഇരിക്കേണ്ടതിനും അവന്റെ മരണത്തോടു അനുരൂപപ്പെട്ടിട്ടു അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയേണ്ടതിന്നും.” (ഫിലി, 3:10; ഒ.നോ: എബ്രാ, 10:33; 1പത്രൊ, 4:13).

7. ക്രിസ്ത്യാനികൾ വെളിപ്പെടുവാനുള്ള തേജസ്സിന്റെ കൂട്ടാളികൾ ആകുന്നു. (2കൊരി, 1:7; 1പത്രൊ, 5:1). കർത്താവിന്റെ വരവിൽ അവർ തേജസ്സിൽ അതു പ്രാപിക്കും.

യഥാർത്ഥ കൂട്ടായ്മയുടെ അടയാളങ്ങൾ: 1. പരസ്പര സ്നേഹം: ശിഷ്യത്വത്തിന്റെ അടയാളമായി ക്രിസ്തു ഒരു ‘പുതിയ കല്പന’ നല്കി. (യോഹ, 13:34; 15:12). കൊരിന്ത്യ സഭയിലുണ്ടായ മത്സരത്തിനെതിരായി പൗലൊസ് സ്നേഹത്തിന്റെ സ്തുതിഗീതം എഴുതി. (1കൊരി, 13).

2. പരസ്പരം ഭാരങ്ങളെ ചുമക്കൽ: “തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ; ഇങ്ങനെ ക്രിസ്തുവിന്റെ ന്യായപ്രമാണം നിവർത്തിപ്പിൻ.” (ഗലാ, 6:2). നിസ്സഹായനും ദുർബ്ബലനും ആയ സഹോദരന്റെ ഭാരങ്ങളെ ചുമക്കാൻ ഒരു ക്രിസ്ത്യാനി സഹായിക്കണം. (റോമ, 14; 1കൊരി, 8).

3. വിശ്വാസത്തിന്റെ ഐക്യം: എല്ലാ ക്രിസ്ത്യാനികളെയും സ്വാത്മനാ ഏകീഭവിപ്പിക്കുന്ന ഒരു പൊതുരക്ഷയും (യുദാ, 3), പൊതു വിശ്വാസവും (തീത്താ, 1:4; എഫെ, 4:3-6, 13) ഉണ്ട്.

കൂട്ടായ്മയുടെ ബഹിഷ്പ്രകടനം: 1. വചനം പഠിക്കുന്ന ശിഷ്യൻ ഗുരുവിന്റെ ഭൗതിക ആവശ്യങ്ങളിൽ കൂട്ടായ്മ കാണിക്കുന്നു. (ഗലാ, 6:6).

2. സഭ അതിന്റെ ശുശ്രൂഷകനെ ഉദാരമായി സഹായിച്ചു കുട്ടായൂപുലർത്തണം. (ഫിലി, 1:5; 4:15).

3. ദൈവരാജ്യത്തിന്റെ പ്രവർത്തനത്തിൽ മറ്റുള്ളവരുടെ സഹകരണം ശുശ്രുഷകന്മാർ മനസ്സിലാക്കണം. “തീത്തൊസ് എനിക്കു കൂട്ടാളിയും നിങ്ങൾക്കായിട്ടു കൂട്ടുവേലക്കാരനും ആകുന്നു; നമ്മുടെ സഹോദരന്മാർ സഭകളുടെ ദൂതന്മാരും ക്രിസ്തുവിനു മഹത്വവും തന്നേ.” (2കൊരി, 8:23; ഒ.നോ: ഗലാ, 2:9; ഫിലേ, 17; 3യോഹ, 5-8).

4. സഹായം ആവശ്യമുള്ള സഭയെ മറ്റു സഭകൾ സഹായിക്കേണ്ടതാണ്. “യെരുശലേമിലെ വിശുദ്ധന്മാരിൽ ദരിദ്രരായവർക്കു ഏതാനും ധർമ്മോപകാരം ചെയ്വാൻ മക്കെദോന്യയിലും അഖായയിലും ഉള്ളവർക്കു ഇഷ്ടം തോന്നി.” (റോമ, 15:26; 2കൊരി, 8:4; 9:13).

5. ക്രിസ്ത്യാനികൾ തങ്ങളുടെ ധനം മറ്റു ക്രിസ്ത്യാനികളുമായി ഉദാരമായി പങ്കിടണം. (പ്രവൃ, 2:44,45; 4:32).

6. ഉപദേശം കേൾക്കാനും ആരാധിക്കുവാനും പതിവായി ഒത്തുകൂടണം. (പ്രവൃ, 2:42; എബ്രാ, 10:25).

7. അവർ മറ്റുള്ളവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു. “സകല പ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും അതിന്നായി ജാഗരിച്ചും കൊണ്ടു സകല വിശുദ്ധന്മാർക്കും എനിക്കും വേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ.” (എഫെ, 6:18).

കൂട്ടായ്മയുടെ ആഴങ്ങൾ: ദൈവികതിത്വത്തിൽ ഓരോ ആളത്തവുമായി വിശ്വാസിക്ക് കൂട്ടായ്മ ഉണ്ട്:

1. പിതാവിനോടുള്ള കൂട്ടായ്മ: “ഞങ്ങൾ കണ്ടും കേട്ടും ഉള്ളതു നിങ്ങൾക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിനു നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു. അവനോടു കൂട്ടായ്മ ഉണ്ട് എന്നു പറകയും ഇരുട്ടിൽ നടക്കയും ചെയ്താൽ നാം ഭോഷ്കു പറയുന്നു; സത്യം പ്രവർത്തിക്കുന്നതുമില്ല. 1യോഹ, 3:6).

2. പുത്രനോടുള്ള കൂട്ടായ്മ: വിശ്വാസികളെ ഈ കൂട്ടായ്മയിലേക്കു വിളിക്കുന്നു. “തന്റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ.” (1കൊരി, 1:9). ആത്മാവിന്റെ വിശുദ്ധാന്തർമന്ദിരത്തിൽ ഈ കൂട്ടായ്മ കർത്താവിന്റെ അത്താഴത്തിലൂടെ സാക്ഷാത്കരിക്കപ്പെടുന്നു. (1കൊരി, 10:16, 21). ക്രിസ്തുവിന്റെ കഷ്ടപ്പാടിന്റെ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ ദൈവപൈതൽ ആഗ്രഹിക്കുന്നു. (ഫിലി, 3:10).

3. പരിശുദ്ധാത്മാവുമായുള്ള കൂട്ടായ്മ: ആശീർവാദത്തിൽ നല്കിയ അനുഗ്രഹം പോലെയും (2കൊരി, 13:14), അനുഭവത്തിൽ നിന്നു മനസ്സിലാക്കിയതു പോലെയും (ഫിലി, 2:1) ക്രിസ്ത്യാനികൾ അനുഗ്രഹിക്കപ്പെട്ട കൂട്ടായ്മയിൽ പങ്കെടുക്കുന്നു. ഈ അനശ്വരമായ കൂട്ടായ്മ സ്വർഗ്ഗീയ തേജസ്സിൽ സമ്പൂർണ്ണമാകും. “ഇതാ മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം: അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടു കൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടച്ചുകളയും.” (വെളി, 21:3,4).

One thought on “കുട്ടായ്മ”

Leave a Reply

Your email address will not be published. Required fields are marked *