കുടുംബം

കുടുംബം (family)

സമൂഹത്തിന്റെ അടിസ്ഥാന ഘടകമാണു കുടുംബം. ഗൃഹനാഥനും ഭാര്യയും മാതാവും മക്കളും മരുമക്കളും ദാസീദാസന്മാരും ചേർന്നതാണ് എബ്രായ കുടുംബം. കന്നുകാലികളും പരദേശിയും ആ കുടുംബത്തിലുൾപ്പെട്ടതാണ്. “അന്നു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിൻ്റെ കന്നുകാലികളും നിന്റെ പടിവാതില്ക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുത്. (പുറ, 20:10). പിതാവും മാതാവും കുഞ്ഞുങ്ങളും ഉൾപ്പെട്ട ഒന്നാണ് ആധുനിക കുടുംബം. ഇമ്മാതിരിയുള്ള ഒരു ചെറുകുടുംബം അഥവാ അണുകുടുംബത്തെ (nuclear family) കുറിക്കുന്ന പ്രയോഗം പഴയനിയമത്തിൽ ഇല്ല. കുടുംബം എന്ന ആശയവുമായി അടുത്തുവരുന്ന പദമാണ് ബയിത് (വീട്(. കുടുംബം (സങ്കീ, 68:6); വീട് (1ദിന, 13:14); ഭവനം (2ദിന, 35:5, 12) എന്നിങ്ങനെ ബയിത് എന്ന പദത്തെ പരിഭാഷ ചെയ്തിട്ടുണ്ട്. ഒരു വീട്ടിൽ താമസിക്കുന്നവരെയും ഒരു വലിയ സമൂഹത്തെയും, മുഴുവൻ യിസ്രായേലിനെയും (യിസ്രായേൽ ഗൃഹം: യെശ, 5:7) ബയിത് എന്നു പറഞ്ഞിട്ടുണ്ട്. പിതൃഭവനം (ബേത് അവ്) എന്ന ശൈലി കുടുംബത്തെ കുറിക്കുന്നു.

ശപഥാർപ്പിത വസ്തുവിൽ ചിലതു എടുത്തു ഒളിച്ച സംഭവവുമായി ബന്ധപ്പെട്ട് ആഖാൻ പിടിക്കപ്പെട്ടു. ആഖാന്റെ വിവരണത്തിൽ നിന്നും ഗോത്രം, കുലം, കുടുംബം എന്നീ പ്രയോഗങ്ങളുടെ വ്യാപ്തി മനസ്സിലാക്കാൻ കഴിയും. യോശുവ രാവിലെ യിസ്രായേലിനെ ഗോത്രം ഗോത്രമായി വരുത്തി. അവയിൽ യഹുദാ ഗോതം പിടിക്കപ്പെട്ടു. യെഹൂദാഗോത്രത്തിൽ (ഷേവെഥ്) സർഹ്യകുലം (മിഷ്പാഹാഹ്) പിടിക്കപ്പെട്ടു. സർഹ്യകുലത്തിൽ സബ്ദി കുടുംബം പിടിക്കപ്പെട്ടു. അവസാനമായി സബ്ദിയുടെ കുടുംബത്തിൽ (ബയിത്) അന്വേഷണം നടത്തി. സബ്ദി കുടുംബത്തിൽ കർമ്മിയുടെ മകൻ ആഖാൻ ആയിരുന്നു കുററക്കാരൻ. ആഖാൻ വിവാഹിതനും കുഞ്ഞുങ്ങളുളവനും ആയിരുന്നു. (യോശു, 7:24). എന്നിട്ടും പിതാമഹനായ സബ്ദിയുടെ കുടുംബത്തിലാണ് ആഖാൻ എണ്ണപ്പെട്ടിരുന്നത്. ഇതിൽ നിന്നും പഴയനിയമ പ്രയോഗത്തിൽ കുടുംബത്തിന്റെ (ബയിത്) വ്യാപ്തി എന്താണെന്നു അനുമാനിക്കൻ കഴിയുന്നതാണ്.

കുലം എന്ന അർത്ഥത്തിൽ മിഷ്പാഹാഹ് എന്ന പ്രയോഗമാണ് എബ്രായയിൽ. ഇംഗ്ലീഷിൽ ഏറിയകൂറും family എന്നു തന്നെയാണ് ഈ പദത്തെ പരിഭാഷ ചെയ്തിട്ടുളളത്. പഴയനിയമത്തിൽ മിഷ്പാഹാഹ് മുന്നൂറോളം പ്രാവശ്യം ഉണ്ട്. അതിന്റെ ആദ്യപ്രയോഗം ഉല്പത്തി 8:19. അവിടെ ജാതി എന്നാണു തർജ്ജമ. ഒരു ഗണത്തിൽ രക്തബന്ധമുളളവരെല്ലാം കുലത്തിൽ ഉൾപ്പെടുന്നു.”എന്റെ കുടുംബം ബെന്യാമീൻ ഗോത്രത്തിലെ സകലകുടുംബങ്ങളിലും വച്ച് ഏറ്റവും ചെറിയത് എന്നു ശൌൽ പറഞ്ഞു. ഇവിടെ കുലസൂചകമായ മിഷ്പാഹാഹ് എന്ന പദമാണ് എബ്രായയിൽ. (1ശമൂ, 9:21).

കുടുംബത്തിന്റെ കെട്ടുറപ്പിനു നിദാനം വിവാഹ ബന്ധമാണ്. വിവാഹത്തിന്റെ ആദ്യപടി വധുവിനെ കണ്ടെത്തലാണ്. രക്തബന്ധമുള്ളവരെ വിവാഹം കഴിക്കുവാൻ പാടില്ല: (ലേവ്യ, 18:16-18; ആവ, 27:20-23). വിലക്കപ്പെട്ട ബന്ധങ്ങൾക്കു പുറത്തു നിന്നുള്ള ബന്ധുക്കളെ വിവാഹം കഴിക്കുന്നതിനു എബ്രായർ അമിതമായ പ്രാധാന്യം കല്പിച്ചിരുന്നു. യിസ്ഹാക്കും റിബെക്കയും (ഉല്പ, 24:4) തമ്മിലും, യാക്കോബും റാഹേലും, ലേയയും തമ്മിലും (ഉല്പ, 28:2; 29:19) ഉള്ള വിവാഹങ്ങൾ ഉദാഹരണങ്ങളാണ്. ഫെലിസ്ത്യ കന്യകയെ വിവാഹം ചെയ്യുവാൻ ഒരുങ്ങിയ ശിംശോനോടു മാതാപിതാക്കൾ പറഞ്ഞതും ശ്രദ്ധേയമാണ്. (ന്യായാ, 14:3). അപൂർവ്വമായി ഹിത്യർ (ഉല്പ, 26:34), മിസ്രയീമ്യർ (ഉല്പ, 41:45), മിദ്യാന്യർ (പുറ, 2:21), മോവാബ്യർ (രൂത്ത്, 1:4 ), സീദോന്യർ (1രാജാ, 16:31) എന്നിവരിൽ നിന്നും ഭാര്യമാരെ എടുത്തിരുന്നു. ദേവര നിയമമനുസരിച്ച് വിവാഹിതനായ ഒരു മനുഷ്യൻ കുഞ്ഞുങ്ങളില്ലാതെ മരിക്കുകയാണെങ്കിൽ അയാളുടെ സഹോദരൻ ആ വിധവയെ വിവാഹം കഴിക്കണം. ആ വിധവയിൽ ജനിക്കുന്ന ആദ്യത്തെ കുഞ്ഞ് മരിച്ചവൻ്റെ പേര് നിലനിർത്തുവാൻ വേണ്ടി നിയമപരമായി അയാളുടേതായിരിക്കും.

വിവാഹത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തിരുന്നത് മാതാപിതാക്കളാണ്. പങ്കാളിയെ തിരഞ്ഞെടുക്കുന്നത് വരൻ ആയിരുന്നില്ല. തിമ്നയിലെ ഒരു ഫെലിസ്ത്യ സ്തീയിൽ ശിംശോൻ ആകൃഷ്ടനായി. എന്നാൽ വിവാഹത്തിനുള്ള ക്രമീകരണങ്ങൾ ചെയ്യുവാൻ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. മാതാപിതാക്കൾ അത് ഇഷ്ടപ്പെട്ടില്ല. ഇത് ഒരു ഒററപ്പെട്ട സംഭവമാണ്. പൊതുവെ വധുവിനെ തിരഞ്ഞെടുക്കുന്നതും വിവാഹം ക്രമീകരിക്കുന്നതും എല്ലാം വരൻ്റെ മാതാപിതാക്കളാണ്. ഒരു വിധത്തിൽ പറഞ്ഞാൽ ഭാര്യയെ വിലയ്ക്കു വാങ്ങുകയാണ്. ഭാര്യയ്ക്കുവേണ്ടി ഭാര്യയുടെ പിതാവിനു കൊടുക്കുന്ന ധനമാണ് മോഹർ അഥവാ സ്ത്രീധനം: (ഉല്പ, 34:12; പുറ, 22:16; 1ശമൂ, 18:25). തൻ്റെ കുടുംബത്തിൽ നിന്നും വിലയുള്ള ഒരു വ്യക്തി നഷ്ടമാകുമ്പോൾ സ്വാഭാവികമായും പിതാവിനു ലഭിക്കുന്ന നഷ്ടപരിഹാരമാണ് മോഹർ. ധനം നല്കാതെ സേവനം ചെയ്യുന്ന പതിവും നിലവിലുണ്ടായിരുന്നു. ലേയയ്ക്കും റാഹേലിനും വേണ്ടി പതിന്നാലു വർഷം യാക്കോബ് ലാബാനെ സേവിച്ചത് ഒരു ഉദാഹരണമാണ്. രാജഭരണകാലത്ത് ഈ സ്ഥിതിക്കു മാററം വന്നു. വധുവിനെ നേടുന്ന മറ്റു ചില രീതികളും നിലവിലുണ്ടായിരുന്നു. അവയൊന്നും മാതാപിതാക്കൾ ഇഷ്ടപ്പെട്ടിരുന്നില്ല. യുദ്ധത്തിൽ ബദ്ധയായി പിടിക്കുന്ന സ്തീയെ ഭാര്യയായി സ്വീകരിക്കുവാൻ ന്യായപ്രമാണം അംഗീകാരം നല്കിയിട്ടുണ്ട്. (ആവ, 21:10-14). സ്ത്രീകളെ കൊള്ളയിട്ടു പിടിക്കൽ (ന്യായാ, 21), പ്രലോഭിപ്പിച്ചു തട്ടിക്കൊണ്ടു പോകൽ എന്നീ രീതികളും നിലവിലിരുന്നു. വശീകരണത്തിലൂടെ ചാരിത്ര്യം നശിപ്പിക്കുവാനോ വഷളത്തം പ്രവർത്തിക്കുവാനോ ഒരുമ്പെട്ടവൻ ആ സ്ത്രീയെത്തന്നെ പരിഗ്രഹിക്കേണ്ടിയിരുന്നു. പുറ, 22:16).

ഭാര്യ ഭർത്താവിന്റെ ഭവനത്തിൽ പാർക്കുന്ന വിവാഹ രീതിയായിരുന്നു യിസ്രായേല്യരുടേത്. പിതൃഭവനത്ത ഉപേക്ഷിച്ചു ഭർതൃഗൃഹത്തിൽ സ്ത്രീ പാർക്കുന്നു. ആ വീട്ടിൽ പിതാവിന്റെ കുടുംബക്കാരോടും അതേ കുലത്തിൽ പെട്ടവരോടും ഭർതൃപിതാവിനോടും മറ്റു ബന്ധുക്കളോടും ഒപ്പം താമസിക്കുന്നു. രാജവാഴ്ചക്കാലത്ത് ഈ സ്ഥിതി മാറുകയും വിവാഹിതൻ സ്വന്തം വീടു പണിതു പാർക്കുന്ന കീഴ്വഴക്കം വളരുകയും ചെയ്തു. ഇങ്ങനെ ഭാര്യയും ഭർത്താവും കുഞ്ഞുങ്ങളും ഉൾപ്പെട്ട കുടുംബ ഏകകം നിലവിൽ വന്നു. വിവാഹാനന്തരം ഭർത്താവു ഭാര്യാഗൃഹത്തിൽ പാർക്കുന്നതിനു തെളിവായി പഴയനിയമത്തിൽ നിന്നു മൂന്നു സന്ദർഭങ്ങൾ ചൂണ്ടിക്കാണിക്കാറുണ്ട്: യാക്കോബ്, ഗിദെയോൻ, ശിംശോൻ. എന്നാൽ ഈ മൂന്നു സന്ദർഭങ്ങളും മേല്പറഞ്ഞ രീതിയിലുള്ള വ്യാഖ്യാനത്തിനു ഇടനല്കുന്നില്ല. യാക്കോബ് ലാബാൻ്റെ വീട്ടിൽ പാർത്ത് ലാബാനെ സേവിച്ചതു ഭാര്യമാരെ ലഭിക്കുന്നതുവരെ മാത്രമായിരുന്നു. ഭാര്യമാരെയും സമ്പത്തും നേടിയശേഷം യാക്കോബ് ലാബാൻ്റെ ഗൃഹം വിട്ടു സ്വദേശത്തേക്കു പോയി. യാക്കോബ് മടങ്ങിപ്പോയ രീതിയാണ് ലാബാന് ഇഷ്ടപ്പെടാത്തത്. (ഉല്പ, 31:26-28). ഗിദെയോൻ സ്ത്രീയോടൊപ്പം സ്ഥിരമായി താമസിച്ചില്ല. അവൾ ഒരു വെപ്പാട്ടി മാത്രം ആയിരുന്നു. ശിംശോൻ തിമ്നക്കാരിയായ ഫെലിസ്ത്യകന്യകയെ വിവാഹം ചെയ്ത് അവളെ അവിടെത്തന്നെ വിട്ടിരുന്നു. വല്ലപ്പോഴും അവളെ സന്ദർശിക്കുകയല്ലാതെ അവളോടൊപ്പം ശിംശോൻ വസിച്ചതേയില്ല.

ആദാം ഹവ്വമാരുടെ സൃഷ്ടിയിലൂടെ ഏകഭാര്യാത്വമാണ് ദൈവം ഉദ്ദേശിച്ചത്. എന്നാൽ പിതാക്കന്മാരുടെ കാലം മുതൽ ബഹുഭാര്യാത്വവും നിലവിൽ വന്നു. അബ്രാഹാമിൻ്റെ ഏക ഭാര്യയായിരുന്നു സാറാ. സാറാ വന്ധ്യയാണെന്നു തെളിഞ്ഞപ്പോൾ അക്കാലത്തു നിലവിലിരുന്ന് ആചാരപ്രകാരം സാറായുടെ നിർബന്ധം മൂലം മിസ്രയിമ്യ ദാസിയായ ഹാഗാറിനെ അബ്രാഹാം സ്വീകരിച്ചു. (ഉല്പ, 16:1,2). അബ്രാഹാമിനു ഹാഗാറിൽ യിശ്മായേൽ ജനിച്ചു. സാറായുടെ മരണശേഷം അബ്രാഹാം കെതൂറയെ ഭാര്യയായി സ്വീകരിച്ചു. (ഉല്പ, 25:1). അനന്തര തലമുറകളിൽ കൂടുതൽ ഭാര്യമാരെ എടുക്കുന്നതായി കാണാം. യാക്കോബിന് രണ്ടു ഭാര്യമാരും രണ്ടു വെപ്പാട്ടികളും ഉണ്ടായിരുന്നു. ഇവർ നാലുപേരുടെയും പുത്രന്മാർ ഒരേ നിലയിൽ പരിഗണിക്കപ്പെട്ടു . ഒരു പുരുഷന് രണ്ടു ഭാര്യമാർ ഉണ്ടായിരുന്നാൽ അവരുടെ സന്തതികളുടെ അവകാശം എന്താണെന്ന് ന്യായപ്രമാണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. (ആവ, 21:15). ന്യായാധിപന്മാരുടെയും രാജാക്കന്മാരുടെയും കാലത്ത് സാമ്പത്തികസ്ഥിതി അനുസരിച്ചു ഭാര്യമാരെയും വെപ്പാട്ടികളെയും സ്വീകരിച്ചിരുന്നു. പിതാവിന് ഇഷ്ടമാണെങ്കിൽ വെപ്പാട്ടിമാർക്കു ജനിക്കുന്ന മക്കൾക്കു സ്വന്തം ഭാര്യയിൽ ജനിക്കുന്ന മക്കൾക്കു തുല്യമായ സ്ഥാനം നല്കാം. സമൂഹത്തിന്റെ സ്ഥിതി ഇതായിരുന്നെങ്കിലും ദൈവം ഒരിക്കലും ഇഷ്ടപ്പെടുകയോ അംഗീകരിക്കുകയോ ചെയ്തതായിരുന്നില്ല ബഹുഭാര്യാത്വം. യിസ്രായേലിനെ യഹോവയുടെ ഏകവധുവായിട്ടാണു് പറഞ്ഞിട്ടുള്ളത്: (യെശ, 50:1; 54:6,7; 62:4,5; യിരെ, 2:2; ഹോശ, 2:4).

ഇഷ്ഷാ (സതത്രീ), ഈഷ് (പുരുഷൻ) എന്നീ പദങ്ങളാണ് എബ്രായയിൽ ഭാര്യ, ഭർത്താവ് എന്നിവയ്ക്ക് സമാനമായി ഉപയോഗിക്കുന്നത്. ഭാര്യയ്ക്ക് ഭർത്താവ് യജമാനനും (ബാൽ), നാഥനും (അദോൻ) ആയിരുന്നു. ഭാര്യാഭർത്താക്കന്മാർക്കു തമ്മിലുള്ള വ്യക്തിപരമായ ബന്ധത്തെ ഇതു ചൂണ്ടിക്കാണിക്കുന്നു. വിവാഹംവരെ സ്ത്രീ പിതാവിനും വിവാഹാനന്തരം ഭർത്താവിനും അടിമപ്പെട്ടിരിക്കും. രണ്ടുപേർക്കും അവളൊരു വ്യക്തിപരമായ സ്വത്തു മാത്രമാണ്. ഒരു പുരുഷന് തന്റെ ഭാര്യയെ ഉപേക്ഷിക്കാം. എന്നാൽ ഒരു സ്ത്രീക്കു തന്റെ ഭർത്താവിനെ ഉപേക്ഷിക്കുവാൻ അനുവാദമില്ല. ഭാര്യയ്ക്ക് ഭർത്താവിന്റെ സ്വത്തിൽ അവകാശമില്ല; കാരണം ആ സ്വത്ത് അയാളുടെ ആൺമക്കൾക്ക് ഉള്ളതാണ്. അവൾക്കു അയാളുടെ മറ്റു ഭാര്യമാരോടൊപ്പം താമസിക്കാം. എന്നാൽ വ്യക്തിപരവും മാനസികവുമായ കാരണങ്ങളാൽ അതു പലപ്പോഴും അപ്രായോഗികമായിരുന്നു. പൊതുവെ സ്ത്രീകൾ രംഗത്തു പ്രത്യക്ഷപ്പെട്ടിരുന്നില്ല. ദെബോര (ന്യായാ, 4,5), അഥല്യാ (2രാജാ, 11), ഹുൽദാ (2രാജാ, 22:14), എസ്ഥേർ എന്നിങ്ങനെ അപൂർവ്വം ചില സ്ത്രീകൾ പൊതുരംഗത്തു പ്രത്യക്ഷപ്പെടുകയും തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുകയും ചെയ്തു. കുഞ്ഞുങ്ങളെ പ്രസവിക്കുക, അവരെ വളർത്തുക, വീട്ടിനുള്ളിലെ പ്രവൃത്തികൾ ചെയ്യുക, ഭർത്താവിനെ കൃഷികാര്യങ്ങളിൽ സഹായിക്കുക തുടങ്ങിയവയായിരുന്നു ഭാര്യയുടെ പ്രവർത്തന മണ്ഡലം. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള വിശ്വസ്തതയ്ക്കു വലിയ പ്രാധാന്യം കല്പിച്ചിരുന്നു. വന്ധ്യത അപമാനമായി പരിഗണിക്കപ്പെട്ടു.

പിതാവ്, മാതാവ്, മകൻ, മകൾ (അവ്, ഏം, ബേൻ, ബത്) എന്നീ പ്രയോഗങ്ങൾ സജാതീയബന്ധുത്വം സൂചിപ്പിക്കുന്നു. സൂക്ഷ്മമായ അർത്ഥവിവക്ഷകൂടാതെ ഈ പദങ്ങൾ പ്രയോഗിച്ചിട്ടുള്ള സ്ഥാനങ്ങളും വിരളമല്ല. ധാരാളം മക്കൾ പ്രത്യേകിച്ചും ആൺമക്കൾ ഉണ്ടായിരിക്കുക എന്നത് ഭർത്താവിന്റെയും ഭാര്യയുടെയും തീവ്രാഭിലാഷിമാണ്. “മക്കൾ, യഹോവ നല്കുന്ന അവകാശവും ഉദരഫലം അവൻ തരുന്ന പ്രതിഫലവും തന്നെ. വീരൻ്റെ കയ്യിലെ അസ്ത്രങ്ങൾ എങ്ങനെയോ അങ്ങനെയാകുന്നു യൌവനത്തിലെ മക്കൾ. അവയെക്കൊണ്ടു തന്റെ ആവനാഴിക നിറെച്ചിരിക്കുന്ന പുരുഷൻ ഭാഗ്യവാൻ. (സങ്കീ, 127:3-5). മൂത്തമകനു പ്രത്യേക പദവിയും പിതാവിൻറ മരണശേഷം ഇരട്ടി അവകാശവും ലഭിച്ചിരുന്നു. അനന്തരം അയാൾ കുടുംബനാഥനായി മാറുന്നു. യാക്കോബ് യോസേഫിനോടും ബെന്യാമീനോടും കാട്ടിയതുപോലെ ഇളയമക്കളോടു ചില പിതാക്കന്മാർ പ്രത്യേക വാത്സല്യം കാണിച്ചിരുന്നു. ചില അവസരങ്ങളിൽ ആൺമക്കളോടൊപ്പം പെൺമക്കൾക്കും സ്വത്തവകാശം നല്കിയിരുന്നു. (ഇയ്യോ, 42:13-15). മെസൊപ്പൊട്ടേമിയയിലും മറ്റും നിലവിലിരുന്നതുപോലെ ദത്തെടുക്കുന്ന സമ്പ്രദായം എബായരുടെ ഇടയിലും ഉണ്ടായിരുന്നു. അബാഹാമിനു പുത്രൻ ജനിക്കുന്നതിനു മുമ്പ് തന്റെ സ്വത്തിന്റെ അവകാശിയായി അബ്രാഹാം തന്റെ ദാസ നായ എല്യേസറിനെ പരിഗണിച്ചിരുന്നു. (ഉല്പ, 15:3). എന്നാൽ ദത്തെടുക്കലിനെ പറ്റിയുള്ള പ്രത്യക്ഷസൂചനകളും രേഖകളും പഴയനിയമത്തിൽ വിരളമാണ്. മോശെയെ ഫറവോന്റെ പുത്രി ദത്തെടുത്തു വളർത്തി. (പുറ, 2:10). മൊർദ്ദെഖായി തന്റെ ചിറ്റപ്പന്റെ മകളായ എസ്ഥേറിനെ സ്വന്തം മകളായി വളർത്തി. (എസ്ഥ, 2:7, 15). യോസേഫിന്റെ മക്കളെ സ്വന്തം മക്കളായി സ്വീകരിച്ച് യാക്കോബ് അവരെ അനുഗ്രഹിച്ചു. (ഉല്പ, 48:5, 12). നൊവൊമി രൂത്തിനെ മരുമകളായി സ്വീകരിച്ചു. (രുത്ത്, 4:15). ഇവിടെയെല്ലാം ദത്തെടുക്കലിന്റെ സൂചന നമുക്കു ലഭിക്കുന്നുണ്ട്.

നന്നേ ചെറുപ്പത്തിൽ കുഞ്ഞുങ്ങൾ മാതാവിന്റെ പരിപാലനത്തിലാണ്. വളർച്ച പ്രാപിച്ചശേഷം ആൺമക്കളെ പിതാക്കന്മാരും പെൺമക്കളെ മാതാക്കളും പ്രത്യേകം ശ്രദ്ധിക്കും. പിതാവിന്റെ തൊഴിൽ പഠിക്കുന്നതോടൊപ്പം പുത്രന്മാർ വിദ്യാഭ്യാസവും ചെയ്തുവന്നു. അഞ്ചാം കല്പനയനുസരിച്ച് പിതാവിനെയും മാതാവിനെയും മക്കൾ ഒരുപോലെ ബഹുമാനിക്കേണ്ടതാണ്. സ്വന്തം അമ്മയിൽ നിന്നു ജനിച്ചവരെപ്പോലെ പിതാവിനു മററുഭാര്യമാരിൽ ജനിച്ചവരും സഹോദരനും (ആഹ്), സഹോദരിയും (അഹോത്) ആണ്. അവരോടു ലൈഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വിലക്കിയിട്ടുണ്ട്: (ലേവ്യ, 18:9, 11; ആവ, 27:22). മാതാവിന്റെ സഹോദരനും (ദോദ്) പിതാവിന്റെ സഹോദരിക്കും (ദോദാഹ്) കുഞ്ഞുങ്ങളോടുള്ള ബന്ധത്തിൽ പ്രത്യേക പ്രാധാന്യം ഉണ്ട്. സ്ത്രീ ഭർത്താവിന്റെ മാതാപിതാക്കളെ അമ്മാവിയമ്മ എന്നും അമ്മായപ്പനെന്നും വിളിച്ചിരുന്നു: (ഉല്പ, 38:13, 25; 1ശമൂ, 4:19, 21; രൂത്ത്, 1:4; ആവ, 27:23). പുരുഷനും തന്റെ ഭാര്യയുടെ അമ്മായപ്പന്മാരെ തത്തുല്യ പദങ്ങൾകൊണ്ടു സംബോധന ചെയ്തിരുന്നു.

രക്തബന്ധവും പൊതുവായ പാർപ്പിടവും കുടുംബം അഥവാ കുലത്തിന് ഐക്യദാർഢ്യം നല്കിയിരുന്നു. എന്നാൽ മനുഷ്യന്റെ സ്ഥിരവാസം കുടുംബ വിഭജനത്തിന് കാരണമായിത്തീർന്നു. അതോടുകൂടി കുടുംബത്തിൻ്റെ ഐക്യദാർഢ്യം തകർന്നുതുടങ്ങി. പഴയനിയമകാലം മുഴുവൻ ഒരു വിധത്തിലുള്ള ഐക്യം തുടർന്നുകൊണ്ടിരുന്നു. കുടുംബത്തിലും, കുലത്തിലും, ഗോത്രത്തിലും തലവന്മാരുടെ കീഴിൽ ഐക്യം നിലനിന്നിരുന്നു. കുലത്തെയും കുടുംബത്തെയും രക്ഷിക്കാനുള്ള ചുമതല ഓരോ അംഗത്തിനും ഉണ്ടായിരുന്നു. അടുത്ത ബന്ധുവിന്റെ വിധവയെ വിവാഹം ചെയ്യാനും കടം നിമിത്തം സ്വയം വിറ്റ ബന്ധുവിനെ വീണ്ടെടുക്കാനുമുള്ള നിയമവും ഉത്തരവാദിത്വവും ഇതു വ്യക്തമാക്കുന്നു: (രൂത്ത്, 2:20; 3:12; 4:1-22).

സഭയുടെ വളർച്ചയ്ക്കും സ്ഥിരതയ്ക്കും കുടുംബം ഒരു പ്രധാനഘടകമാണ്. ക്രൈസ്തവ സഭയുടെ ആദ്യനാളുകളിൽ വിശ്വാസത്തിലേക്കു കടന്നുവന്നവർ കുടുംബസമേതം ആയിരുന്നു. ഹെല്ലെനിക് നഗരങ്ങളിലെ സഭാസ്ഥാപനത്തിൽ കുടുംബങ്ങളുടെ പങ്ക് വലുതായിരുന്നു. കൊർന്നേല്യൊസിന്റെ ഭവനത്തിൽ ചാർച്ചക്കാരും അടുത്ത സ്നേഹിതന്മാരും മാത്രമല്ല വേലക്കാരും പടയാളികളും ഉണ്ടായിരുന്നു. (പ്രവൃ, 10:7, 24). ഇവർ എല്ലാവരും ഒരുമിച്ച് സഭയിൽ പ്രവേശിച്ചതായി കാണുന്നു. യൂറോപ്പിൽ ലുദിയയും കുടുംബവും (പ്രവൃ, 16:15), കാരാഗൃഹ പ്രമാണിയും കുടുംബവും (പ്രവൃ, 16:31-34) സ്നാനം ഏറ്റു. അങ്ങനെ ഫിലിപ്പിയിൽ സഭ സ്ഥാപിതമായി. സ്തെഫനാസ് (1കൊരി, 16:15), അക്വിലാവ് (1കൊരി, 16:19), ക്രിസ്പൊസ് (പ്രവൃ, 18:8; 1കൊരി, 1:14:16), ഒനേസിഫൊരൊസ് (2തിമൊ, 1:16; 4:19), ഫിലേമോൻ (1,2), നുംഫെ (കൊലൊ, 4:15), റോമിലെ അസുംകാരിതൊസും, ഫിലൊലൊഗൊസും (റോമ, 16:14,15) എന്നിവരുടെ കുടുംബങ്ങളെക്കുറിച്ചും പ്രസ്താവിച്ചിട്ടുണ്ട്. അക്വിലാവിൻ്റെയും നുംഫെയുടെയും ഫിലേമോൻ്റെയും ഭവനങ്ങളിലെ സഭാകൂടി വരവുകളെക്കുറിച്ചു പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ഭാര്യയും ഭർത്താവും കുഞ്ഞുങ്ങളും യജമാനന്മാരും ഭൃത്യന്മാരും തമ്മിൽ ഒരു ഹൃദ്യമായ ബന്ധം നിലവിലിരുന്നു: (കൊലൊ, 3:18-4;1; എഫെ, 5:22-6:9; 1പത്രൊ, 2:18-3:7). കർത്താവിന്റെ അത്താഴവും സ്നാനവും ചിലപ്പോൾ ഭവനങ്ങളിൽ തന്നെ നടന്നിരുന്നു. സഭയെത്തന്നെ ദൈവഭവനമായി രൂപണം ചെയ്തിട്ടുണ്ട്. (എഫെ, 2:19). ഈ ഭവനത്തിലേക്കു പുത്രസ്വീകാരം ലഭിച്ചവരാണ് വിശ്വാസികൾ. (റോമ, 8:15-17). വിശ്വാസികൾ ഗൃഹവിചാരകന്മാരാണ്. (1പത്രൊ, 4:10). മോശെ ദൈവഭവനത്തിൽ വിശ്വസ്ത ഭൃത്യനായിരുന്നു. എന്നാൽ ക്രിസ്തു ദൈവഭവനത്തിന്റെ അധികാരിയായ പുത്രനാണ്: (എബ്രാ, 3:1-6; ഗലാ, 3:23-4:7). പ്രത്യാശയുടെ ധൈര്യവും പ്രശംസയും അവസാനത്തോളം മുറുകെ പിടിച്ചുകൊണ്ടാൽ നാം തന്നെ അവൻറ ഭവനം ആകുന്നു. (എബ്രാ, 3:6).

Leave a Reply

Your email address will not be published. Required fields are marked *