കുടിലിലും കൊട്ടാരത്തിലും ദൈവത്തെ മറക്കാത്തവർ

കുടിലിലും കൊട്ടാരത്തിലും ദൈവത്തെ മറക്കാത്തവർ

ദാരിദ്ര്യത്തിന്റെയും കഷ്ടതയുടെയും കൂരിരുട്ടിലൂടെ സഹായിക്കുവാനാരുമില്ലാതെ, ഒരു നല്ലവാക്കുപോലും കേൾക്കുവാൻ കഴിയാതെ, അവഗണനയുടെയും ഇല്ലായ്മയുടെയും ഭാണ്ഡങ്ങളുമായി ജീവിതയാത്രയിൽ മല്ലിടുമ്പോൾ അനേകർ ദൈവത്തോടു പ്രാർത്ഥിക്കാറുണ്ട്; ദൈവസന്നിധിയിൽ ഉപവസിക്കാറുമുണ്ട്; മദ്യപാനവും ധൂമപാനവുമൊക്കെ ത്യജിച്ച് ദൈവഭയത്തിലും, ദൈവസ്വഭാവത്തിലും തങ്ങളെത്തന്നെ ചിട്ടപ്പെടുത്തി ദൈവത്തോടു നിരന്തരം നിലവിളിക്കാറുണ്ട്. അനുതാപപൂർണ്ണമായ ആ നിലവിളിയിൽ മനസ്സലിയുന്ന കരുണാവാരിധിയായ ദൈവം, സമ്പന്നതയുടെയും സമൃദ്ധിയുടെയും വാതായനങ്ങൾ അവർക്കു തുറന്നുകൊടുക്കുന്നത് അനുസരിച്ച് പുത്തൻ സാമൂഹിക സാംസ്കാരിക ബന്ധങ്ങളും അവരുടെ ജീവിതങ്ങളിൽ ഉടലെടുക്കുന്നു. അതോടെ തങ്ങളുടെ ദാരിദ്ര്യത്തിന്റെ ഇരുണ്ട ദിവസങ്ങളിൽ ഉണ്ടായിരുന്ന പ്രാർത്ഥനകളും ഉപവാസങ്ങളും അപ്രത്യക്ഷമാകുകയും സാമൂഹിക വിരുന്നുകളിലും സാംസ്കാരികവേദികളിലുമായി മദ്യപാനവും അതിന്റെ അനുബന്ധങ്ങളും ആരംഭിക്കുകയും ചെയ്യുന്നു. തങ്ങളെ കുടിലിൽനിന്നു കൊട്ടാരത്തിലേക്കുയർത്തിയ ദൈവത്തിൽനിന്ന് അവർ ക്രമേണ അകന്നുപോകുന്നു. ഇക്കൂട്ടർക്ക് യെഹൂദാ ബാലന്മാരായിരുന്ന ദാനീയേലും ഹനന്യാവും മീശായേലും അസര്യാവും മാതൃകയാകണം. യെരൂശലേമിൽനിന്ന് നെബുഖദ്നേസർ ബാബിലോണിലേക്ക് അടിമകളായി കൊണ്ടുവന്നവരിൽനിന്ന് കൽദയരുടെ വിദ്യയും ഭാഷയും മൂന്നു വർഷം അഭ്യസിപ്പിച്ച് രാജസഭയിൽ ഉദ്യോഗസ്ഥരായി നിയമിക്കപ്പെടുവാൻ തിരഞ്ഞെടുക്കപ്പെട്ടവർ ആയിരുന്നു ഈ ബാലന്മാർ. പരിശീലനത്തിനായി അപ്രകാരം അവരെ കൊട്ടാരത്തിൽ പാർപ്പിക്കുവാനും രാജഭോജനത്തിൽ നിന്നും താൻ കുടിക്കുന്ന വീഞ്ഞിൽനിന്നും അവർക്കു നൽകുവാനും രാജാവ് ഉത്തരവിട്ടു. എന്നാൽ അതീവ രുചികരവും വിശിഷ്ടവുമായ രാജഭോജനവും വീഞ്ഞും തങ്ങളെ അശുദ്ധമാക്കാതിരിക്കേണ്ടതിന് തങ്ങൾക്കു സസ്യാഹാരവും വെള്ളവും നൽകുവാൻ ദാനീയേൽ കാര്യവിചാരകനോട് അപേക്ഷിച്ചു. (ദാനീ, 1:8:12). മാത്രമല്ല, 10 ദിവസങ്ങൾക്കു ശേഷം രാജഭോജനം കഴിക്കുകയും രാജാവിന്റെ മേൽത്തരമായ വീഞ്ഞു കുടിക്കുകയും ചെയ്യുന്നവരുമായി തങ്ങളെ താരതമ്യം ചെയ്യുവാനും, അതിനുശേഷം ഉചിതമായ തീരുമാനം കൈക്കൊള്ളുവാനും കാര്യവിചാരകനോട് അപേക്ഷിച്ചു. 10 ദിവസം കഴിഞ്ഞപ്പോൾ സസ്യാഹാരവും വെള്ളവും ഉപയോഗിച്ച ദാനീയേലും കൂട്ടുകാരും രാജഭോജനവും വീഞ്ഞും ഉപയോഗിച്ചവരെക്കാൾ ശോഭിതരായി കാണപ്പെട്ടു. ദൈവസന്നിധിയിൽ അവർ പ്രദർശിപ്പിച്ച കൂറും വിശ്വസ്തതയും ദൈവം അവരെ വീണ്ടും ഉയർത്തുവാൻ മുഖാന്തരമായിത്തീർന്നു. ദാനീയേൽ ബാബിലോൺ സംസ്ഥാനത്തിനൊക്കെയും അധിപതിയും ശദ്രക്കും മേശക്കും അബേദ്നെഗോവും ബാബിലോൺ സംസ്ഥാനത്തെ കാര്യാദികൾക്ക് മേൽവിചാരകന്മാരും ആയിത്തീർന്നു. രാജഭോജനം ഭക്ഷിക്കുവാനും വീഞ്ഞു കുടിക്കുവാനുമായി അവർക്കു നിരവധി ന്യായീകരണങ്ങൾ നിരത്തിവയ്ക്കുവാൻ കഴിയുമായിരുന്നു. എന്നാൽ അവർ ആ സാഹചര്യങ്ങൾ ഒഴിവാക്കുകയും ദൈവസ്വഭാവം കൈവെടിയാതിരിക്കുകയും ചെയ്തതുകൊണ്ടാണ് ദൈവം അവരെ ഔന്നത്യത്തിന്റെ പടവുകളിലേക്കു കരംപിടിച്ചുയർത്തിയത്. കുടിലിൽനിന്നു കൊട്ടാരത്തിൽ എത്തിയവരും എത്തുവാനാഗ്രഹിക്കാന്നവരും ദാനീയേലിന്റെയും കൂട്ടുകാരുടെയും മഹത്തായ മാതൃക എപ്പോഴും പിന്തുടരേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *