കല്പനകൾ II

ദൈവം മോശയെക്കൊണ്ട് ഉണ്ടാക്കിച്ചത് വിഗ്രഹമായിരുന്നില്ല എന്നതിന് ഒരു തെളിവുകൂടി തരാം: ദൈവം ക്രിസ്തുവിലൂടെ സകലമനുഷ്യർക്കും കൈവരുവാനുള്ള സൗജന്യരക്ഷയുടെ പ്രതീകമായിട്ടാണ് പിച്ചളസർപ്പം ഉണ്ടാക്കിച്ചത്. ആഗ്നേയ സർപ്പത്തിൻ്റെ കടിയിൽനിന്ന് ജനം രക്ഷപ്രാപിച്ചു കഴിഞ്ഞാൽ, പിന്നെ, പിച്ചളസർപ്പത്തിൻ്റെ പ്രവൃത്തി കഴിഞ്ഞു. അതിനെ മരുഭൂമിയിൽ ഉപേക്ഷിക്കേണ്ടതായിരുന്നു. എന്നാൽ, ഇസ്രായേൽ ജനം അതിനെ പൊതിഞ്ഞെടുത്ത് കനാനിൽ കൊണ്ടുവന്നു. പിൽക്കാലത്ത് ജനം വിഗ്രഹാരാധികൾ ആയപ്പോൾ, മോശ ഉണ്ടാക്കിയ പിച്ചള സർപ്പത്തെ ‘നെഹുഷ്‌താൻ’ എന്നപേര് നൽകി, പൂജാഗിരികളുടെ കൂട്ടത്തിൽ വെച്ച് അതിനും ധൂപാർച്ചന കഴിച്ചുവന്നു. യൂദയായിലെ 13-ാമത്തെ രാജാവായ ആഹാസിന്‍െറ മകന്‍ ഹെസക്കിയാ ആണ് പൂജാഗിരികൾക്കും, അഷേരാ പ്രതിഷ്‌ഠകൾക്കുമൊപ്പം അതിനെ തകർത്തുകളഞ്ഞത്. (2രാജാ, 18;4). ആയതിനാൽ, ഹെസക്കിയാ രാജാവിനെക്കുറിച്ച് എഴുതിവെച്ചിരിക്കുന്നത് ശ്രദ്ധേയമാണ്: “ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവിൽ അവൻ വിശ്വസിച്ചു. മുന്‍ഗാമികളോ പിന്‍ഗാമികളോ ആയ യൂദാ രാജാക്കന്‍മാരിലാരും അവനെപ്പോലെ വിശ്വസ്‌തനായിരുന്നില്ല. അവൻ കര്‍ത്താവിനോട്‌ ഒട്ടിനിന്നു; അവിടുന്ന്‌ മോശയ്‌ക്കു നല്‍കിയ കല്‍പനകൾ പാലിക്കുകയും അവിടുത്തെ പിന്‍തുടരുകയും ചെയ്‌തു. കര്‍ത്താവ്‌ അവനോടുകൂടെ ഉണ്ടായിരുന്നു അവൻ്റെ ഉദ്യമങ്ങളെല്ലാം ഐശ്വര്യപൂര്‍ണമായി. (2രാജാ, 18:5-7). ഇനി ചിന്തിക്കുക, ദൈവം മോശയോട് ഉണ്ടാക്കാൻ പറഞ്ഞത് വിഗ്രഹമായിരുന്നെങ്കിൽ, ഹെസക്കിയാ രാജാവ് അതിനെ തകർത്തുകളഞ്ഞാൽ ദൈവം പ്രസാദിക്കുമോ???… യൂദാ രാജക്കന്മാരെക്കാളെല്ലാം അവൻ ദൈവത്തിന് വിശ്വസ്‌തനാകുമോ???… കര്‍ത്താവ്‌ അവനോടു കൂടെയിരുന്ന് അവൻ്റെ ഉദ്യമങ്ങളെല്ലാം ഐശ്വര്യപൂര്‍ണമാക്കുമോ???… ദൈവത്തിൻ്റെ നേരെ വിരൽ ചൂണ്ടുന്നതിനുമുമ്പ് ബൈബിൾ വായിക്കണമച്ചോ. അച്ചൻ്റെ പ്രഭാഷണങ്ങൾകൊണ്ട് മനുഷ്യരെ വിശ്വാസത്തിലേക്ക് (രക്ഷയിലേക്ക്) നടത്താൻ കഴിഞ്ഞില്ലെങ്കിലും, ദൈവത്തെ കുറ്റം പറഞ്ഞ് വിശ്വാസത്തിൽ നില്ക്കുന്നവരെ വലിച്ചു താഴെയിടരുതെന്ന് ദൈവനാമത്തിൽ അപേക്ഷിക്കുന്നു.

ഇനി, പറയുന്നത് ളോഹയിട്ട ഒരു പുരോഹിതൻ്റെ നാവിൽനിന്നുതന്നെ കേൾക്കേണ്ട കാര്യമാണ്: ദൈവം പറഞ്ഞത് വിഗ്രഹങ്ങൾ ഉണ്ടാക്കരുതെന്നല്ല: ‘വിഗ്രഹങ്ങളെ ആരാധിക്കരുതെന്നാണ് അർത്ഥം.’ അർത്ഥം കൊള്ളാം, പക്ഷെ, കയ്യിൽ വെച്ചാൽ മതി. യഹൂദൻ്റെ രണ്ടാം കല്പന കത്തോലിക്കർ ഒന്നാം കല്പനയോട് ചേർത്തിരിക്കുകയാണെന്ന് മുകളിൽ തെളിയിച്ചതാണ്. രണ്ടാം കല്പനയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: “നിനക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്‌; മുകളിൽ ആകാശത്തോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലെ ജലത്തിലോ ഉള്ള ഒന്നിൻ്റെയും പ്രതിമയും സ്വരൂപവും ഉണ്ടാക്കരുത്‌.” (നിയ, 5:8). ദൈവം അരുതെന്ന് പറഞ്ഞതിനെ ആകാമെന്നു പറയാൻ അച്ചന് ആരാണ് അധികാരം തന്നത്. നിങ്ങൾ സെമിനാരിയിൽ പഠിച്ചത് അച്ചനാകാനോ ആൻ്റിക്രൈസ്റ്റാകാനോ???… ചാരായം വാറ്റാം; കുടിക്കരുത്. വ്യഭിചാരശാലയിൽ പോകാം; വ്യഭിചരിക്കരുത്. എന്നു പറയുന്നതുപോലെ, വിഗ്രഹമുണ്ടാക്കാം; ആരാധിക്കരുത്. ഇത് ഒരുമാതിരി വെളിവില്ലാത്ത വ്യാഖ്യാനമാണച്ചോ. കത്തോലിക്കാ സഭയുടേത് വിഗ്രഹങ്ങളല്ല, തിരുസ്വരൂപങ്ങളാണെന്ന് പറഞ്ഞ അച്ചൻ്റെ നാവുകൊണ്ടുതന്നെയാണ്, ‘വിഗ്രഹം ഉണ്ടാക്കരുതെന്നല്ല, അതിനെ ആരാധികരുതെന്നാണ് കല്പന’ എന്ന് പറയുന്നത്. ദുരുപദേശമാണെങ്കിലും പറയുന്ന കാര്യത്തിന് ഒരു വകതിരിവ് വേണ്ടേ. എങ്കിൽ ആദ്യമേ പറഞ്ഞാൽ പോരെ, വിഗ്രഹമുണ്ടാക്കരുതെന്നല്ല, ആരാധിക്കരുതെന്നാണ് കല്പനയെന്ന്. പിന്നെന്തിനാ, വിഗ്രഹങ്ങളെ തിരുസ്വരൂപങ്ങങ്ങളാക്കാൻ കഷ്ടപ്പെട്ടത്???… അപ്പോൾ, അച്ചനുതന്നെ അറിയാം, താൻ പറയുന്ന കാര്യങ്ങളെല്ലാം കല്ലുവെച്ച നുണയാണെന്ന്. അതുകൊണ്ടാണ്, ഒന്നിൽ പിഴച്ചാൽ, മൂന്നെന്നപോലെ ദുരുപദേശങ്ങൾ തള്ളിക്കേറ്റണത്. അച്ചൻ്റെ ഈ വ്യാഖ്യാന സൂത്രമുപയോഗിച്ച് മറ്റു കല്പനകളെ എങ്ങനെ വ്യാഖ്യാനിക്കും. “വിഗ്രഹമുണ്ടാക്കരുത്; = ഉണ്ടാക്കിയാലും കുഴപ്പമില്ല, ആരാധിക്കരുത്.” “കൊല്ലരുത്‌; = കൊല്ലാം, തിന്നാതിരുന്നാൽ മതി.” വ്യഭിചാരം ചെയ്യരുത്‌; = ചെയ്യാം കാശ് കൊടുക്കാതിരുന്നാൽ മതി.” “മോഷ്ടിക്കരുത്‌; = മോഷ്ടിക്കാം, അതിക്രമിച്ച് കടക്കാതിരുന്നാൽ മതി.” “കള്ളസാക്ഷി പറയരുത്‌; = കള്ളസാക്ഷി പറയാം, കൂറ് മാറാതിരുന്നാൽ മതി.” “അന്യന്‍റെ ഭാര്യയെ മോഹിക്കരുത്‌; = മോഹിക്കാം, മകളെ മോഹിക്കാതിരുന്നാൽ മതി.” “അന്യന്‍റെ വസ്തുക്കള്‍ മോഹിക്കരുത്‌; = മോഹിക്കാം, എല്ലാം അടിച്ചെടുക്കാതിരുന്നാൽ മതി. ഹവ്വാമ്മച്ചിയെ സർപ്പം വഞ്ചിക്കുമ്പോൾ, ദൈവകല്പനയിൽ സംശയം ജനിപ്പിച്ചു കൊണ്ടാണ് അമ്മച്ചിക്ക് പണികൊടുത്തത്: “തോട്ടത്തിലെ ഒരു വൃക്‌ഷത്തിൻ്റെയും ഫലം തിന്നരുതെന്നു ദൈവം കല്‍പിച്ചിട്ടുണ്ടോ?” മറ്റു പരിഭാഷകളിൽ ഈ വാക്യത്തിന് ചെറിയൊരു വ്യത്യാസമുണ്ട്. ‘Did God really say’ (NIV) ‘സത്യമായി’ (വി.ഗ്ര), ‘വാസ്ഥവമായി’ (സ.വേ.പു). വാസ്ഥവമായി കല്പിച്ചിട്ടുണ്ടോ? എന്ന് ചോദിച്ചപ്പോൾ അമ്മച്ചിയൊന്ന് പതറി. അമ്മച്ചീം കൊറഞ്ഞ പുള്ളിയൊന്നുമല്ല; ‘ഭക്‌ഷിക്കുകയോ തൊടുകപോലുമോ അരുതു’ എന്നങ്ങട് കാച്ചി. ദൈവം തൊടരുതെന്നൊന്നും പറഞ്ഞിട്ടില്ല; ‘ഭക്‌ഷിച്ചാല്‍ നിങ്ങള്‍ മരിക്കും’ എന്നാണ് കല്പന. എന്തായാലും മനുഷ്യവർഗ്ഗത്തിന് എട്ടിൻ്റെ പണി കിട്ടാൻ ഈ അമ്മച്ചിയും കാരണമായി. സർപ്പം ഉപായത്താലാണ് ഹവ്വായെ ചതിച്ചതെന്ന് പൗലോസ് രേഖപ്പെടുത്തിയിട്ടുണ്ട്: “എന്നാല്‍, സര്‍പ്പം ഹവ്വായെ തന്ത്രപൂര്‍വം ചതിച്ചതുപോലെ, നിങ്ങളുടെ ചിന്തകൾ ക്രിസ്‌തുവിലുള്ള ലാളിത്യത്തിലും വിശുദ്ധിയിലും നിന്നു വ്യതിചലിപ്പിക്കപ്പെടുമോ എന്നു ഞാൻ ഭയപ്പെടുന്നു.” (2കോറി, 11:3). പൗലോസേ, നിങ്ങൾ പറഞ്ഞത് ശരിയാണ്; ക്രിസ്തുവിൽനിന്ന് വിശ്വാസികൾ വ്യതിചലിക്കപ്പെടും, വെള്ളയുടുപ്പിട്ടവർ സർപ്പത്തിൻ്റെ കൗശലവുമായി ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ട്. ദൈവത്തോടാണച്ചൻ മത്സരിക്കുന്നത്. ദൈവം കാണുന്നില്ല, കേൾക്കുന്നില്ല, എന്നെയൊന്നും ചെയ്യുന്നില്ല എന്നൊന്നും അഹങ്കരിക്കരുത്. എല്ലാറ്റിൻ്റേയും കണക്കെടുക്കാനുള്ള ന്യായവിധി ദിവസം കെണിപോല പെട്ടെന്നു കടന്നുവരും. അന്ന് കൈകാലിട്ടടിച്ചാൽ ഒരു ഒരു കത്തോലിക്കാ പാരമ്പര്യവും അച്ചൻ്റെ രക്ഷയ്ക്കെത്തില്ല. കർത്താവിൻ്റെ വചനം അഥവാ, സുവിശേഷപ്രകാരമാണ് ഓരോരുത്തനേയം ദൈവം ന്യായം വിധിക്കുന്നത്. അന്ന് വാക്കുകളും പ്രവൃത്തിയും മാത്രമല്ല, രഹസ്യങ്ങൾവരെ ന്യായം വിധിക്കപ്പെടും: ഞാൻ പ്രസംഗിക്കുന്ന സുവിശേഷമനുസരിച്ചു ദൈവം യേശുക്രിസ്‌തുവഴി മനുഷ്യരുടെ രഹസ്യങ്ങൾ വിധിക്കുന്ന ദിവസം ഇതും വെളിവാകും.” (റോമാ, 2:16).

ഇതിനോട് ചേർത്ത് ഇസ്രായേൽജനം അക്ഷരികമായി വിഗ്രഹത്തെ ആരാധിച്ചതിനെപ്പറ്റിയും അച്ചൻ പറയുന്നുണ്ട്. ഒന്നാമത്; മരൂഭൂയാത്രയിൽ കാളക്കുട്ടിയെ ഉണ്ടാക്കിയതിനെ കുറിച്ചാണ്. മോശ നാല്പത് ദിവസം സീനായി മലയിൽ ആയിരുന്നപ്പോൾ, മോശ വരുവാൻ താമസിക്കുന്നതുകണ്ടിട്ട്, ജനമെല്ലാം അഹറോനെ സമീപിച്ച്, മോശയ്ക്ക് എന്തു സംഭവിച്ചു എന്നറിയത്തില്ല, ഞങ്ങളെ നയിക്കാൻ വേഗം ദേവന്‍മാരെ ഉണ്ടാക്കിത്തരുക’ എന്നു പറഞ്ഞു. അഹറോൻ ഉടനെ അവരിലെ സ്ത്രീകളുടെ കയ്യിന്മേലും കഴുത്തേലുമൊക്കെ കിടന്ന ആഭരണംകൊണ്ട് ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി അവർക്കുകൊടുത്തു. അപ്പോൾ അവർ വിളിച്ചുപറഞ്ഞു: “ഇസ്രായേലേ, ഇതാ ഈജിപ്തിൽ നിന്നു നിന്നെ കൊണ്ടുവന്ന ദേവന്‍മാര്‍.” (പുറ, 32:1-4). ഇവിടെയും അച്ചനൊരബദ്ധം പറയുന്നുണ്ട്: അഹോറനല്ല ‘നിന്നെ കൊണ്ടുവന്ന ദേവന്മാർ’ എന്ന് പറയുന്നത്; ഇസ്രായേൽ ജനമാണ്. അടുത്തത്; ഇസ്രായേൽ രാജാവായ നെബാത്തിൻ്റെ പുത്രനായ ജറോബോവാം രണ്ട് കാളക്കുട്ടികളെ ഉണ്ടാക്കിയതാണ്: സോളമൻ്റെ മരണശേഷം ഐക്യ ഇസ്രായേലിനെ മകൻ റഹോബോവാമും, ദാസൻ ജറോബോവാമും ചേർന്ന് യൂദയാ, ഇസ്രായേൽ എന്നിങ്ങനെ വിഭജിച്ചെടുത്തു. റഹോബോവാം യൂദയ തലസ്ഥാനമാക്കി രണ്ടു ഗോത്രവും, ജറോബോവാം സമരിയാ തലസ്ഥാനമാക്കി പത്ത് ഗോത്രങ്ങളും ഭരിച്ചു. യൂദയായിലായിരുന്നു ജറുസലേം ദൈവാലയം. ജറോബോവാമിൻ്റെ പ്രജകൾ ഇസ്രായേലിൽനിന്ന് ജറുസലേമിലേക്ക് പോകാതിരികാനാണ് രാജാവ് രണ്ട് കാളക്കുട്ടികളെ പണിതത്: “അതിനാല്‍, രാജാവ്‌ ഒരുപായം കണ്ടുപിടിച്ചു. സ്വര്‍ണംകൊണ്ട്‌ രണ്ടു കാളക്കുട്ടികളെ നിര്‍മിച്ചിട്ട്‌ അവന്‍ ജനത്തോടു പറഞ്ഞു: നിങ്ങൾ ജറുസലെമിലേക്കു പോകേണ്ടാ, ഇസ്രായേൽ ജനമേ, ഇതാ, ഈജിപ്‌തില്‍നിന്നു നിങ്ങളെ മോചിപ്പിച്ച ദേവന്‍മാര്‍.” (1രാജാ, 12:28). അഹറോൻ കാളക്കുട്ടിയ ഉണ്ടാക്കിയപ്പോൾ, ദൈവം ഇസ്രായേൽ ജനത്തെ അപ്പോൾത്തന്നെ സംഹരിക്കാൻ തുനിഞ്ഞതാണ്. മോശ ഇടിവിൽനിന്ന് ദൈവത്തോട് ആപേക്ഷിച്ചതുകൊണ്ടാണ് ദൈവം ക്ഷമിച്ചത്. (പുറ, 32:9-13). എങ്കിലും, ഇസ്രായേൽ ജനത്തിൻ്റെ വിഗ്രഹാരാധനയെന്ന ഈ പാപവുംകൂടി ചേർത്താണ്, ഈജിപ്റ്റിൽ നിന്നു പുറപ്പെട്ട 20 വയസ്സിനു മേലുള്ള സകല പുരുഷന്മാരേയും ദൈവം മരുഭൂമിയിൽ കുഴിച്ചുമൂടിയത്. ജറോബോവാം കാളക്കുട്ടികളെ ഉണ്ടാക്കിയെങ്കിൽ, അതുതന്നെയാണ് അവനും അവൻ്റെ തലമുറയ്ക്കും ശാപമായി മാറിയത്. (1രാജാ, 13:1-5). അച്ചൻ ഇതൊക്കെ പറഞ്ഞന്തിനാണെന്ന് മനസ്സിലായില്ല. അതും ദൈവം പറഞ്ഞിട്ടാണെന്ന് വരുത്തിത്തീർക്കാനാണോ എന്നറിയില്ല. എന്തായാലും, അച്ചൻ്റെ നാവുകൊണ്ടത് പറഞ്ഞില്ല; ഭാഗ്യം. ഇസ്രായേൽ ജനത്തിൻ്റെ ചരിത്രം പരിശോധിച്ചാലറിയാം, വിഗ്രഹാരാധനമൂലം അവർക്ക് വന്നുഭവിച്ചതെല്ലാം. എപ്പോഴൊക്കെ അവർ ദൈവത്തോട് പറ്റിനിന്നുവോ, അപ്പോഴൊക്കെ ദൈവം അവരെ ഐശ്വര്യമായി അനുഗ്രിച്ചിട്ടുണ്ട്. എപ്പോഴൊക്കെ അവർ വിഗ്രഹാരാധനയിലേക്ക് തിരിഞ്ഞുവോ, ദൈവം അവരെ വിജാതീയർക്ക് ഏല്പിച്ചു കൊടുത്തിട്ടുണ്ട്. ദൈവത്തിൻ്റെ സ്വന്തജനമായ ഇസ്രായേലിനെപ്പോലെ വിഗ്രഹാരാധനമൂലം ബദ്ധന്മാരായിപ്പോയി വിജാതീയരുടെ പീഡയേറ്റിരിക്കുന്ന മറ്റൊരു ജനം ഭൂമുഖത്തില്ല. സകല ജ്ഞാനികളേയും അതിശയിപ്പിക്കുന്ന ജ്ഞാനവും, സകല രാജാക്കന്മാരിലും ശ്രേഷ്ഠനുമായ സോളമൻ്റെ പാപവും മറ്റൊന്നായിരുന്നില്ല. വിജാതീയ സ്ത്രീകൾ മൂലം, തനിക്ക് രണ്ടുപ്രാവശ്യം പ്രത്യക്ഷനായ കർത്താവിനെ വിട്ട് വിഗ്രഹാരാധനയിലേക്ക് തിരിഞ്ഞതുകൊണ്ടാണ്, ഹെബ്രായർ 11-ലെ വിശുദ്ധന്മാരുടെ പട്ടികയിൽ സോളമൻ്റെ പേരില്ലാതെ പോയത്. പഴയനിയമത്തിൽ ദൈവത്തിന് വ്യക്തിപരമായി ആരുമായും പിതൃപുത്ര ബന്ധമില്ലായിരുന്നു. എല്ലാവരും ദൈവത്തിൻ്റെ ദാസന്മാരായിരുന്നു. ദൈവത്തെ പിതാവെന്ന് വിളിച്ചിരിക്കുന്നത് സകല സൃഷ്ടികളുടേയും കർത്താവെന്ന അർത്ഥത്തിലാണ്. സോളമനെക്കുറിച്ച് അവൻ തൻ്റെ പുത്രനെന്ന് ദൈവം പറയുന്നുണ്ടെങ്കിലും, അത് ക്രിസ്തുവിലാണ് നിറവേറുന്നത്. എന്നാൽ, പുതിയനിയമത്തിൽ ക്രിസ്തുവിലൂടെ രക്ഷപ്രാപിക്കുന്ന ഓരോരുത്തരും ദൈവത്തിൻ്റെ പുത്രീപുത്രന്മാരാണ്. (യോഹ, 1:12; 1യോഹ, 3:1-2). ദാസന്മാർ വിഗ്രഹാരാധനയിലേക്ക് തിരിഞ്ഞപ്പോൾ ദൈവം അവരെ കഠിനമായി ശിക്ഷിച്ചുവെങ്കിൽ, മക്കളായ നാം വിഗ്രഹങ്ങളിലേക്ക് തിരിഞ്ഞാൽ കർത്താവ് കണ്ണടച്ചു കളയുമോ???…

5. കത്തോലിക്കാ സഭ തിരുസ്വരൂപങ്ങൾ ഉണ്ടാക്കുന്നതിൻ്റെ കാരണം അച്ചൻ പറയുന്നു: സഭയുടെ വിശ്വാസവും പാരമ്പര്യവും നിശ്ചയിച്ച ആദ്യത്തെ ഏഴ് സുന്നഹദോസുകളിൽ, ഏഴാമത്തെ സുന്നഹബോസിൽ വെച്ച് കർത്താവിൻ്റെ വിശുദ്ധന്മാരുടേയും ഓർമ്മ നിലനിർത്താമെന്ന് നിശ്ചയിക്കുകയുണ്ടായി. ഇത് സഭയുടെ വിശ്വാസത്തിൻ്റെ ഭാഗമാണ്. അതിനുള്ള കാരണം, യഹൂദന് വിഗ്രഹമുണ്ടാക്കാൻ അനുമതിലില്ല; അവർ ദൈവത്തെ കണ്ടിട്ടില്ല. ക്രൈസ്തവർ അങ്ങനെയല്ല; മനുഷ്യനായി അവതരിച്ച ദൈവപുത്രനെ അഥവാ, ദൈവത്തെ കണ്ടിട്ടുണ്ട്. ആ ദൈവത്തിൻ്റെ ഓർമ്മ നിലനിർത്താനാണ് രൂപങ്ങൾ ഉണ്ടാക്കുന്നത്. അതുപോലെ ആ ദൈവപുത്രനെ അനുഗമിച്ച വിശുദ്ധന്മാരുടെ ജീവിതത്തെ അനുസ്മരിപ്പിക്കാനാണ് വിശുദ്ധന്മാരുടെ രൂപങ്ങൾ ഉണ്ടാക്കുന്നത്.

മറുപടി: സുന്നഹദോസുകൾ കൂടുന്നത് നല്ല കാര്യങ്ങൾക്കാകണം അച്ചോ. സുന്നഹദോസുകൾ കൂടി ദൈവകല്പനകൾ മാറ്റിക്കളയാനും, ദുർബലപ്പെടുത്താനും സഭയ്ക്ക് ആരാണ് അധികാരം തന്നത്. വിഗ്രഹങ്ങളെക്കുറിച്ചും, വിഗ്രഹാരാധനയെക്കുറിച്ചും, വിഗ്രഹങ്ങൾക്ക് അർപ്പിച്ച നേർച്ച ഭക്ഷിക്കുന്നതിനെക്കുറിച്ചും പഴയനിയമത്തിൽ മാത്രമല്ല, പുതിയനിയമത്തിലും ശക്തമായ താക്കീതുകളുണ്ടച്ചോ: കോറിന്തോസിലെ വിശ്വാസികളുടെ പഴയ അവസ്ഥയെക്കുറിച്ച് പറയുമ്പോൾ, നിങ്ങൾ അപഥ സഞ്ചാരികൾ ആയിരുന്നു എന്നാണ് പറയുന്നത്; കാരണം അവർ വിഗ്രഹാരാധികൾ ആയിരുന്നു: “നിങ്ങള്‍ വിജാതീയരായിരുന്നപ്പോൾ സംസാരശേഷിയില്ലാത്ത വിഗ്രഹങ്ങളുടെ അടുത്തേക്ക്‌ അപഥ സഞ്ചാരം ചെയ്‌തിരുന്നത്‌ ഓര്‍ക്കുന്നുണ്ടല്ലോ.” (1കോറി, 12:2). ദൈവത്തെ അറിയാത്ത വിജാതീയരുടെ മ്ലേച്ഛപ്രവൃത്തികളിൽ പെട്ടതാണ് വിഗ്രഹാരാധനയെന്ന് പത്രോസ് പറയുന്നു: “വിജാതീയര്‍ ചെയ്യാൻ ഇഷ്‌ടപ്പെടുന്നതുപോലെ, അഴിഞ്ഞാട്ടത്തിലും ജഡമോഹത്തിലും മദ്യപാനത്തിലും മദിരോത്സവത്തിലും നിഷിദ്ധമായ വിഗ്രഹാരാധനയിലും മുഴുകി നിങ്ങള്‍ മുമ്പു വളരെക്കാലം ചെലവഴിച്ചു.” (1പത്രോ, 4:3). ദൈവരാജ്യം അവകാശമാക്കാത്തവരുടെ കൂട്ടത്തിലാണ് പൗലോസ് വിഗ്രഹാരാധികളെ ഉൾപ്പെടുത്തിയിരിക്കുന്നത്: “അനീതി പ്രവര്‍ത്തിക്കുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങൾ അറിയുന്നില്ലേ? നിങ്ങൾ വഞ്ചിതരാകരുത്‌. അസന്‍മാര്‍ഗികളും വിഗ്രഹാരാധകരും വ്യഭിചാരികളും സ്വവര്‍ഗ്ഗഭോഗികളുംകള്ളന്‍മാരും അത്യാഗ്രഹികളും മദ്യപന്‍മാരും പരദൂഷകരും കവര്‍ച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല.” (1കോറി, 6:9-10). പരിശുദ്ധാത്മാവിൻ്റെ സംസർഗ്ഗമില്ലാത്ത വെറും ജഡത്തിൻ്റെ പ്രവർത്തികളായും വിഗ്രഹാരധനയെ പറഞ്ഞിട്ടുണ്ട്: “ജഡത്തിൻ്റെ വ്യാപാരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അവ വ്യഭിചാരം, അശുദ്ധി, ദുര്‍വൃത്തി,വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്സര്യം, ഭിന്നത, വിഭാഗീയചിന്ത,” (ഗലാ, 5:19-20). ദൈവത്തിൻ്റെയും ക്രിസ്തുവിൻ്റെയും രാജ്യം അവകാശമാക്കാത്ത വ്യഭിചാരിയേയും അശുദ്ധനേയും പോലെതന്നെയാണ് വിഗ്രഹാരാധിയും: “വ്യഭിചാരിക്കും അശുദ്ധനും അത്യാഗ്രഹിക്കും – വിഗ്രഹാരാധകനും – ദൈവത്തിൻ്റെയും ക്രിസ്‌തുവിൻ്റെയും രാജ്യത്തില്‍ അവകാശമില്ലെന്നു നിങ്ങൾ അറിഞ്ഞുകൊള്ളുവിൻ.” (എഫേ, 5:5). ‘വിഗ്രഹാരാധകർ ആകരുതെന്നും” (1കോറി, 10:7), ”വിഗ്രഹങ്ങളില്‍ നിന്ന്‌ അകന്നിരിക്കുവിനും” (1യോഹ, 5:21), ”വിഗ്രഹാരാധികളോടു സമ്പർക്കർക്കം അരുതെന്നും” (1കോറി, 5:9-10), ”വിഗ്രഹാരാധനയില്‍ നിന്ന്‌ ഓടിയകലുവിനെന്നും” (1കോറി, 10:14) പൗലോസ് പറയുന്നു. ”വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച വസ്‌തുക്കളിൽ (നേർച്ചകൾ) നിന്നും അകന്നിരിക്കുവിൻ” (പ്രവ, 15:28) എന്ന് യാക്കോബ് പറയുന്നു. “കുഞ്ഞുമക്കളേ, വിഗ്രഹങ്ങളില്‍ നിന്ന്‌ അകന്നിരിക്കുവിൻ” (1യോഹ, 5:21) എന്ന് യോഹന്നാൻ കണ്ണുനീരോടുകൂടി പറയുന്നു. പെര്‍ഗാമോസിലെയും, തിയത്തീറായിലെയും സഭകളെക്കുറിച്ച് കർത്താവ് പറഞ്ഞ കുറ്റും വിഗ്രഹാരാധനയും, വിഗ്രഹങ്ങൾക്കർപ്പിച്ച നേർച്ച ഭക്ഷിച്ചതുമായിരുന്നു. (വെളി, 2:14; 2:20). ക്രിസ്തുവിനെ വ്യക്തിപരമായി കൈക്കൊള്ളുന്ന ഓരോരുത്തരും ദൈവമക്കളും, ദൈവം വസിക്കുന്ന ആലയവുമാണ്. തന്മൂലം, ദൈവത്തിൻ്റെ ആലയമായ നമുക്ക് വിഗ്രഹങ്ങളുമായി സംബന്ധമുണ്ടാകാൻ പാടില്ല: “ദൈവത്തിൻ്റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്‌? നമ്മൾ ജീവിക്കുന്ന ദൈവത്തിൻ്റെ ആലയമാണ്‌. എന്തെന്നാൽ, ദൈവം അരുളിച്ചെയ്‌തിരിക്കുന്നു: ഞാൻ അവരിൽ വസിക്കുകയും അവരുടെ ഇടയിൽ വ്യാപരിക്കുകയും ചെയ്യും; ഞാൻ അവരുടെ ദൈവമായിരിക്കും; അവര്‍ എൻ്റെ ജനവുമായിരിക്കും.” (2കോറി, 6:16). ഈ ദൈവവചനത്തിനു വിപരീതമായൊരു ഉപദേശം ആരു പറഞ്ഞാലും അവർ ശപിക്കപ്പെട്ടവരാണ് പൗലോസ് ആവർത്തിച്ചു പറയുന്നു: “ഞങ്ങൾ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്‌തമായ ഒരു സുവിശേഷം ഞങ്ങൾ തന്നെയോ സ്വര്‍ഗത്തില്‍നിന്ന്‌ ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവൻ ശപിക്കപ്പെട്ടവനാകട്ടെ!” (ഗലാ, 1:8; 1:9). ഞങ്ങൾ നേരത്തേ നിങ്ങളോടു പറഞ്ഞപ്രകാരം തന്നെ ഇപ്പോഴും ഞാൻ പറയുന്നു, നിങ്ങള്‍ സ്വീകരിച്ച സുവിശേഷമല്ലാതെ മറ്റൊന്ന്‌ ആരെങ്കിലും നിങ്ങളോടു പ്രസംഗിച്ചാൽ അവൻ ശപിക്കപ്പെട്ടവനാകട്ടെ!” (ഗലാ, 1:9). ദൈവത്തിൽനിന്ന് തനിക്കൊരുപാട് വെളിപാടുകൾ ലഭിച്ചവനാണ്. ഇനി, താൻതന്നെ വെളിപാടുകളുടെ ആധിക്യത്താൽ നിഗളിച്ചുപോയിട്ട്, പിന്നെയെപ്പോഴെങ്കിലും ചെന്ന് ‘ഇതുകൂടി നിങ്ങൾ അനുസരിക്കണം’ എന്ന് സഭകളോട് പറഞ്ഞാൽ, താൻതന്നെ ശപിക്കപ്പെട്ടവനായിരിക്കും, തന്മൂലം, നിങ്ങൾ വിശ്വസിക്കരുതെന്നാണ് പൗലോസ് പറയുന്നത്. യൂദാ പറയുന്നത്: “വിശുദ്ധര്‍ക്ക്‌ എന്നന്നേക്കുമായി ഏല്‍പിച്ചു കൊടുത്തിരിക്കുന്ന വിശ്വാസം” (യൂദാ, 3) എന്നാണ്. യൂദായുടെ വാക്കുകൾ കൂടി ചേർത്താൽ, ഒരിക്കലായി അഥവാ, എന്നേക്കുമായി ഏല്‍പിച്ചുതന്നിരിക്കുന്ന വിശ്വാസത്തെ അഥവാ, ദൈവവചനത്തെ സുന്നഹദോസിന് മാറ്റാനെങ്ങനെ കഴിയും???… ഇതിനെ മാറ്റികളയുന്ന ദൈവദൂതൻവരെ ശപിക്കപ്പെട്ടവനാണ്. ഒന്നുകൂടി പറഞ്ഞാൽ, ദൈവത്തിനുപോലും തൻ്റെ വചനങ്ങളെ ഇനി മാറ്റാൻ കഴിയില്ല. കാരണം, തെറ്റുപറ്റിയിട്ട് അനുതപിക്കാൻ അവൻ മനുഷ്യനല്ല.

അടുത്തത് നോക്ക്: അച്ചൻ്റെ വഞ്ചന വീണ്ടും വീണ്ടും വെളിപ്പെടുകയാണ്: ആദ്യമച്ചൻ പറഞ്ഞത്; കത്തോലിക്കാ സഭയിലുള്ളത് വിഗ്രഹങ്ങളല്ല, തിരുസ്വരൂപങ്ങളാണെന്ന്. അതിനുശേഷം പറഞ്ഞു; ദൈവം പറഞ്ഞത് വിഗ്രഹങ്ങൾ ഉണ്ടാക്കരുതെന്നല്ല, ആരാധിക്കരുതെന്നാണ്. ഇപ്പോൾ പറയുന്നു; യെഹൂദനു വിഗ്രഹമുണ്ടാക്കാൻ അനുമതിയില്ല. ഇതിലേതാണ് ശരി. അല്ലെങ്കിൽ, ആർക്കാണ് ഭ്രാന്ത്, പറയുന്ന അച്ചനോ, കേൾക്കുന്ന ഞങ്ങൾക്കോ? അച്ചോ, പഴയനിയമം ദൈവം യഹൂദന് മാത്രം കൊടുത്തതാണ്; അവൻ്റെ മതഗ്രന്ഥമാണ് ക്രൈസ്തവർ ബൈബിളിനോട് ചേർത്തിരിക്കുന്നത്. അവന് വിഗ്രഹമുണ്ടാക്കാൻ അനുമതിയില്ലെങ്കിൽ പിന്നെ ആർക്കുമനുമതിയില്ലച്ചോ.

ഇനിയുള്ളത്; യഹൂദൻ ദൈവത്തെ കണ്ടിട്ടില്ലെന്നാണ് അച്ചൻ പറയുന്നത്. പഴയനിയമ പുസ്തകങ്ങളിൽ കർത്താവ് വെളിപ്പെട്ടതായി ഒരിടത്തും അച്ചൻ വായിച്ചിട്ടില്ലേ???… ഹെനോക്ക്, നോഹ, അബ്രാഹം, ഹാഗാർ, യാക്കോബ്, മോശെ, ജോഷ്വ, ഗിദയോൻ, മനോവ, ദാവീദ്, സോളമൻ, ഏശയ്യാ, എസെക്കിയേൽ, ദാനിയേൽ തടങ്ങി സകല പ്രാചകന്മാർക്കും, ദൂതൻ, മനുഷ്യൻ, തീ, തേജസ്സ്, ശബ്ദം തുടങ്ങിയ പല മാധ്യമങ്ങളിലൂടെയും ദൈവം പ്രത്യക്ഷനായിട്ടുണ്ട്. ദൂതൻ്റെ രൂപത്തിൽ പഴയനിയമത്തിലുടനീളം ദൈവത്തെ കാണാം. അബ്രാഹമിൻ്റെ അടുത്തു വന്ന മൂന്നു പുരുഷന്മാരിൽ ഒരാൾ കർത്താവായിരുന്നു. വെറുതെ വന്നു പോകുകയായിരുന്നില്ല: അപ്പവും, മൂരിയിറച്ചിയും, പാലും, വെണ്ണയും ഒക്കെയായി സുന്ദരമായിട്ട് ഭക്ഷണം കഴിച്ച്, അബ്രാഹമിനെ അനുഗ്രഹിച്ചിട്ടാണ് കർത്താവ് പോയത്. (ഉല്പ, 18:1-33). മരുഭൂയാത്രയിൽ മോശയും പത്തുനാല്പത് ലക്ഷം ജനങ്ങളും ദൈവത്തെ തേജസ്സായിട്ടും, അഗ്നിസ്തംഭമായിട്ടും, മേഘസ്തംഭമായിട്ടും അനവധി പ്രാവശ്യം കണ്ടിട്ടുണ്ട്. എന്നാൽ, ദൈവത്തിൻ്റെ യഥാർത്ഥരൂപം ആരും കണ്ടിട്ടില്ല; ആർക്കും കാണാൻ കഴിയുകയുമില്ല. കാരണം, പ്രപഞ്ചം മുഴുവൻ നിറഞ്ഞു നില്ക്കുന്നവനാണ് ദൈവം. പ്രപഞ്ചത്തെ വലിയോരു ഫുട്ട്ബോൾ കോർട്ടിനോട് ഉപമിച്ചാൽ, അതിനകത്ത് നാം അധിവസിക്കുന്ന ഭൂമിക്കുതന്നെ ഒരു മൺതരിയുടെ വലിപ്പമേ ഉണ്ടാകൂ. പിന്നെ, അതിനള്ളിൽ കഴിയുന്ന മനുഷ്യന് എങ്ങനെ ദൈവത്തെ കാണാൻ കഴിയും???… ഇനി, ആ ദൈവത്തെ മനുഷ്യർക്ക് കാണണമെങ്കിൽ, ദൈവംതന്നെ മനുഷ്യർക്ക് ഗോചരമായ വിധത്തിൽ തന്നെത്തന്നെ വെളിപ്പെടുത്തണം. അതാണ് പഴയനിയമത്തിലും പുതിയനിയമത്തിലുമുള്ള ദൈവത്തിൻ്റെ പ്രത്യക്ഷത. യഹൂദൻ ദൈവത്തെ കണ്ടിട്ടില്ലെങ്കിൽ, ക്രൈസ്തവരും ദൈവത്തെ കണ്ടിട്ടില്ലച്ചോ. എന്നാൽ, യോഹന്നാൻ പറയുന്നു: “ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഏകജാതനാണ്‌ അവിടുത്തെ വെളിപ്പെടുത്തിയത്‌.” (യോഹ, 1:18). ഈ ദൈവവും പ്രപഞ്ചം മുഴുവനും നിഞ്ഞുനില്ക്കുന്ന ദൈവവും ഒന്നുതന്നെയാണ്. എങ്കിലും, ഈ ദൈവത്തിൻ്റെ യഥാർത്ഥരുപം കന്യകമറിയത്തിലൂടെ ജനിച്ച മനുഷ്യസ്വരൂപമല്ല. ആയിരുന്നെങ്കിൽ, അപ്പസ്തോലന്മാർ തന്നെ യേശുവിൻ്റെ രൂപമുണ്ടാക്കി തലമുറകൾക്ക് കൈമാറുമായിരുന്നു. പിന്നെ, ‘ദൈവത്തിൻ്റെ ഏകജാതൻ അവിടുത്തെ വെളിപ്പെടുത്തി’ എന്ന് യോഹന്നാൻ പറയുന്നത്; രൂപത്തെക്കുറിച്ചല്ല, സ്നേഹത്തെക്കുറിച്ചാണ്. പഴയനിയമത്തിൽ പല പ്രവാചകന്മാർവഴി പല ഘട്ടങ്ങളിലായാണ് ദൈവം യഹൂദനോട് സംസാരിച്ചത്. അന്ത്യകാലത്ത് പുത്രൻ വഴിയുള്ളത് സമ്പൂർണ്ണ വെളിപ്പാടായിരുന്നു. “പൂര്‍വകാലങ്ങളിൽ പ്രവാചകന്‍മാര്‍ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്‍മാരോടു സംസാരിച്ചിട്ടുണ്ട്‌. എന്നാൽ, ഈ അവസാന നാളുകളില്‍ തൻ്റെ പുത്രന്‍വഴി അവിടുന്നു നമ്മോടു സംസാരിച്ചിരിക്കുന്നു.” (ഹെബ്രാ, 1:1-2). പഴയനിയമത്തിലെ പ്രവാചകന്മാർ യഹൂദന് മാത്രമാണ് രക്ഷ പ്രസംഗിച്ചിരുന്നത്. യേശു പറഞ്ഞു: “ഈ തൊഴുത്തില്‍പ്പെടാത്ത മറ്റാടുകളും എനിക്കുണ്ട്‌. അവയെയും ഞാൻ കൊണ്ടുവരേണ്ടിയിരിക്കുന്നു. അവ എന്‍െറ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും.” (യോഹ, 10:16). ദൈവത്തിൻ്റെ സ്നേഹം ക്രിസ്തുവിലൂടെ വെളിപ്പെട്ടപ്പോൾ, ലോകത്തിനു മുഴുവൻ യേശുവിലൂടെ രക്ഷ ഒരുങ്ങി. ദൈവത്തിൻ്റെ രൂപം കാണിച്ചു തരാനല്ല ദൈവപുത്രൻ വെളിപ്പെട്ടത്; തൻ്റെ പാപപരിഹാര ബലിയിലൂടെ യഹൂദനേയും വിജാതീയരേയും ഒന്നാക്കാനാണ്: “ക്രിസ്‌തുവില്‍ വ്യക്‌തമാക്കിയ തൻ്റെ അഭീഷ്‌ടമനുസരിച്ച്‌ അവിടുന്ന്‌ തൻ്റെ പദ്‌ധതിയുടെ രഹസ്യം നമുക്കു മനസ്സിലാക്കിത്തന്നു. ഇത്‌ കാലത്തിൻ്റെ പൂര്‍ണതയില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിനെയും ക്രിസ്‌തുവില്‍ ഒന്നിപ്പിക്കുന്നതിനു വേണ്ടിയത്ര.” (എഫേ, 1:9-10). “ഇപ്പോള്‍ അവിടുത്തെ വിശുദ്ധരായ അപ്പസ്തോലന്മാര്‍ക്കും പ്രവാചകര്‍ക്കും പരിശുദ്ധാത്മാവിനാല്‍ വെളിവാക്കപ്പെട്ടതുപോലെ, മറ്റു തലമുറകളിലെ മനുഷ്യര്‍ക്ക്‌ ഇതു വെളിവാക്കപ്പെട്ടിരുന്നില്ല. ഈ വെളിപാടനുസരിച്ച്‌ വിജാതീയര്‍ കൂട്ടവകാശികളും ഒരേ ശരീരത്തിൻ്റെ അംഗങ്ങളും സുവിശേഷത്തിലൂടെ യേശുക്രിസ്‌തുവിൽ വാഗ്‌ദാനത്തിൻ്റെ ഭാഗഭാക്കുകളുമാണ്‌.” (എഫേ, 3:5-6). പഴയനിയമതിൽ വെളിപ്പെട്ട തീക്ഷ്ണതയുള്ള ദൈവത്തെയും, ക്രിസ്തുവിലൂടെ വെളിപ്പെട്ട സ്നേഹനിധിയായ ദൈവത്തെയും ഹെബ്രായ ലേഖകൻ വരച്ചുകാട്ടിയിട്ടുണ്ട്. അതും കാണുക: (ഹെബ്രാ, 12:18-21=22-24).

ദൈവപുത്രനെ കണ്ടതുകൊണ്ടാണ് രൂപങ്ങളുണ്ടാക്കുന്നതെന്ന് പറയുന്നത് കേട്ടാൽ തോന്നും, ദൈവപുത്രൻ്റെ മാത്രം രൂപമാണ് ഉണ്ടാക്കുന്നതെന്ന്. ഇനി, ദൈവപുത്രൻ്റെ മാത്രം രൂപമാണെങ്കിലും ഉണ്ടാക്കാൻ അനുവാദമില്ലച്ചോ. “ആകാശത്തിലോ ഭൂമിയിലോ ജലത്തിലോ ഉള്ള ഒന്നിൻ്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്‌” എന്ന് കല്പിച്ചവന് അറിയില്ലായിരുന്നോ, താനൊരുനാൾ മനുഷ്യപുത്രനായ് ഭൂമിയിൽ ജീവിക്കേണ്ടതാണെന്ന്. ഒരു വ്യവസ്ഥയും വെള്ളിയാഴ്ചയുമില്ലാത്ത കാര്യങ്ങൾ പറയരുതച്ചോ. ദൈവത്തിൻ്റെ സ്ഥായിയായരൂപം പഴയനിയമത്തിലും പുതിയനിയമത്തിലും ആരും കണ്ടിട്ടില്ലെന്ന് മുകളിൽ പറഞ്ഞതാണ്. പുതിയനിയമത്തിൽ ദൈവത്തെ കണ്ടതുകൊണ്ടാണ് രൂപങ്ങളുണ്ടാക്കുന്നതെന്ന് പറയുന്നത് അച്ചൻ്റെ അഹങ്കാരമാണ്. അച്ചൻ പാരമ്പര്യങ്ങളൊക്കെ തോട്ടിൽ കൊണ്ടുപോയി കളഞ്ഞിട്ട് ബൈബിൾ വായിക്കണം. അപ്പോൾ, മഹത്വധാരിയായ ദൈവത്തെ രൂപങ്ങളില്ലാതെ ദർശിക്കാൻ കഴിയും. അനുബന്ധമായിട്ട് ഒന്നുകൂടി പറയാം: പുതിയനിയമത്തിൽ യേശുവിനെ മഹത്വധാരിയായി കണ്ടൊരുവനുണ്ട്, പാത്മോസിൽവെച്ച് യോഹന്നാൻ അപ്പസ്തോലൻ. കണ്ടയുടനെ മരിച്ചവനെപ്പോലെ തൻ്റെ കാല്ക്കൽ വീഴുകയും ചെയ്തു. ആ ദൈവത്തിൻ്റെ രൂപം വെളിപാടിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. (വെളി, 1:12-17). യേശുവിൻ്റെ ഐഹിക ജീവകാലത്ത് തൻ്റെ മാറിൽ ചാരിക്കിടക്കാൻ പോലും അനുവാദമുണ്ടായിരുന്ന പ്രിയ ശിഷ്യനാണ് യോഹന്നാൻ. ആ ശിഷ്യൻവരെ തൻ്റെ ഗുരുവിനെ തേജസ്സോടെ കണ്ടപ്പോൾ, ആ ദൈവപ്രഭാവത്തിൻ്റെ ആധിക്യം കാരണം, മുഖത്ത് നോക്കാൾ കഴിയാതെ ഉരുണ്ടടിച്ച് താഴെവീണുപോയി. പുതിയനിയമത്തിൽ ജഡധാരിയായ യേശുവിൻ്റെ രൂപം ഇങ്ങനെയായിരുന്നു എന്നാരും എഴുതിവെച്ചിട്ടില്ല. എന്നാൽ, പാത്മോസിൽവെച്ച് യോഹന്നാൻ കണ്ട തേജസ്സേറിയ കർത്താവിൻ്റെ രൂപഭാവവർണ്ണനകൾ കൃത്യമായിട്ട് അവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഉണ്ടാക്കച്ചോ, രൂപമുണ്ടാക്കാൻ ധൈര്യമുണ്ടെങ്കിൽ പാത്മോസിലെ യേശുവിൻ്റെ രൂപമുണ്ടാക്കച്ചോ. അല്ലാതെ, തേജസ്സേറിയ നക്ഷത്രങ്ങളേക്കാൾ പ്രഭയുള്ളവനും, ആയിരങ്ങളിൽ പതിനായിരങ്ങളിൽ സുന്ദരനെന്ന് ഭക്തർ വാഴ്ത്തുകയും ചെയ്യുന്ന കർത്താവിൻ്റെ വികൃതരൂപങ്ങൾ ഉണ്ടാക്കിവെച്ച്, ദൈവത്തെ പരിഹസിക്കുകയും, മനുഷ്യരെ പേടിപ്പിക്കുകയും ചെയ്യരുതച്ചോ.

ഇനി, ദൈവപുത്രനെ അനുഗമിച്ച വിശുദ്ധന്മാരുടെ ജീവിതത്തെ അനുസ്മരിപ്പിക്കാൻ ഉണ്ടാക്കുന്ന വിശുദ്ധന്മാരുടെ രൂപങ്ങളെക്കുറിച്ച്. ആരാണ് വിശുദ്ധന്മാർ? ബൈബിൾ പറയുന്ന വിശുദ്ധന്മാർ, യേശുവിനെ കർത്താവും രക്ഷിതാവുമായി ഹൃദയത്തിൽ സ്വീകരിച്ച് ദൈവവചനപ്രകാരം വിശുദ്ധജീവിതം നയിക്കുന്നവരാണ്. അങ്ങനെയുള്ള വിശുദ്ധന്മാർ ജീവിച്ചിരുന്നാലും മരിച്ചാലും, വിശുദ്ധന്മാർ തന്നെയാണ്; അതിനു തർക്കമൊന്നുമില്ല. എന്നാൽ, ഇവരുടെ പ്രതിമകൾ ഉണ്ടാക്കിവെച്ച് പ്രാർത്ഥിച്ചാൽ വിശ്വാസികൾ വിശുദ്ധരാകുമോ അതോ, അശുദ്ധരാകുമോ? ഇനി, ഇവരുടെ വിശുദ്ധജീവിതം പഠിച്ചാൽ വിശ്വാസികൾ വിശുദ്ധരാക്കുമോ? അതുപോട്ടെ, ഇവരെയൊക്കെ വിശുദ്ധരായി പ്രഖ്യാപിക്കാൻ, ഇവർ മൂന്ന് അത്ഭുതപ്രവൃത്തികൾ ചെയ്യണമെന്നുണ്ടല്ലോ. അതെങ്ങനെ സാധിക്കും? രണ്ടുപേർക്കാണ് അത്ഭുതം ചെയ്യാൻ കഴിവുള്ളത്; ദൈവത്തിനും, സാത്താനും. ജീവിച്ചിരുന്ന് അനേകർ ദൈവത്തിൻ്റെ നാമത്തിൽ അത്ഭുതങ്ങൾ പ്രവർത്തിച്ചതായിട്ട് ബൈബിളിലുണ്ട്. മരിച്ചവരാരും ഒരുണ്ടയും പ്രവർത്തിച്ചിട്ടില്ല. ഇനി, സത്താൻ്റെ ശക്തിയാൽ കഴിയുമായിരിക്കും. പിന്നെ, മരിച്ചുപോയ വിശുദ്ധന്മാരെങ്ങനെ അത്ഭുതപ്രവൃത്തി ചെയ്യും? ഇനി, ഇവർ ദൈവത്തോട് പറഞ്ഞിട്ട് ദൈവം അത്ഭുതം പ്രവർത്തിക്കുന്നതാണെന്ന് പറയുമായിരിക്കും. ഏശയ്യാ പറയുന്നു: മൃതന് ദൈവത്തെ കാണാൻ കഴിയില്ലെന്നും (38:11), ദാവീദ് പറയുന്നു: മൃതന് ദൈവത്തെ സ്തുതിക്കാൻ കഴിയില്ലെന്നും (സങ്കീ, 6:5), പിന്നെങ്ങനെ ഇവരോട് പ്രാർത്ഥിച്ചാൽ ഇവർ കേൾക്കയും, ഇവർക്ക് ദൈവത്തോട് അപേക്ഷിക്കാനും കഴിയുന്നത്. അതും പോട്ടെ, മരിച്ചുപ്പോയവരെ വിശുദ്ധരായി പ്രഖ്യാപിക്കാനുള്ള അധികാരം പോപ്പിനാരാ കൊടുത്തത്? യേശുക്രിസ്തുവിലും അവൻ്റെ ക്രൂശുമരണത്തിലും വിശ്വസിക്കുന്നവരെ ദൈവമാണ് വിശുദ്ധൻ വിശുദ്ധ എന്ന് പ്രഖ്യാപിക്കേണ്ടത്. ഈ അവകാശം ദൈവം പോപ്പിനെപ്പോൾ കൈമാറി? ദൈവത്തെയല്ലാതെ, ഭൂമിയിൽ ആരെയും പിതാവെന്ന് വിളിക്കരുതയന്ന് യേശു പറഞ്ഞിരിക്കേ, പോപ്പിനെ പരിശുദ്ധ പിതാവെന്നു വിളിക്കുന്ന നിങ്ങളോടിത് ചോദിച്ചിട്ടെന്താ കാര്യം. അതെല്ലാം മറന്നേക്ക്; വിശ്വാസികൾ മരിച്ചുപോയ വിശുദ്ധന്മാരുടെ ജീവിതം അനുസ്മരിച്ച് അവരെപ്പോലെ വിശുദ്ധരാകാനാണ് വിശുദ്ധന്മാരുടെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നാണല്ലോ അച്ചൻ പറഞ്ഞത്. ജീവിതം അനുസ്മരിക്കാനും വിശുദ്ധജീവിതത്തിനു മാതൃകയാക്കാനും അങ്ങനെയൊരു വിശുദ്ധനെ ബൈബിളിൽ തന്നിട്ടില്ലെങ്കിലല്ലേ; മരിച്ചുപോയ വിശുദ്ധന്മാരുടെ ശവം കുഴിതോണ്ടിയെടുത്ത് പ്രതിഷ്ഠിക്കേണ്ടതുള്ളൂ. അങ്ങനെയൊരു വിശുദ്ധൻ ഉണ്ടച്ചോ; മൂക്കിൽ ശ്വാസമുള്ള ഏതൊരുവൻ്റേയും വർണ്ണനകൾക്ക് അതീതനായവൻ. നിർമ്മലൻ, നിർദ്ദോഷി,നിഷ്ക്കളങ്കൻ, പാപികളോട് വേർപെട്ടവൻ, സ്വർഗ്ഗത്തേക്കാൾ ഉന്നതൻ കർത്താവായ യേശുക്രിസ്തു. ഈ വിശുദ്ധൻ്റെ മാതൃക പിൻതുടരാനാണ് നമ്മളെ വിളിച്ചിരിക്കുന്നത്. ഇത് ഒന്നാമത്തെ പോപ്പെന്ന് കത്തോലിക്കാ സഭ അവകാശപ്പെടുന്ന പത്രോസ് ശ്ലീഹായാണ് എഴുതിവെച്ചിരിക്കുന്നത്: “ഇതിനായിട്ടാണു നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത്‌. എന്തെന്നാല്‍, ക്രിസ്‌തു നിങ്ങള്‍ക്കുവേണ്ടി സഹിക്കുകയും നിങ്ങൾ അനുകരിക്കുന്നതിനുവേണ്ടി നിങ്ങള്‍ക്കു മാതൃക നല്‍കുകയും ചെയ്‌തിരിക്കുന്നു.”(1പത്രോ, 2:21). നാല് സുവിശേഷങ്ങളിവായി ഈ വിശുദ്ധൻ്റെ ജീവിതം ഏഴുതിവെച്ചിട്ടുണ്ട്. ഈ വിശുദ്ധൻ തികയാതെ വന്നാലല്ലേ അച്ചോ മറ്റൊരു വിശുദ്ധനെ എഴുന്നൊള്ളിക്കേണ്ടൂ???… അച്ചനോട് പേഴ്സണലായിട്ട് ഒരു സംശയം ചോദിച്ചോട്ടെ; ഒരു സ്വരൂപവും ഉണ്ടാക്കരുതെന്ന് ദൈവം രണ്ടാം പ്രമാണത്തിലൂടെ കല്പിക്കുമ്പോൾ, തിരുസ്വരൂപങ്ങൾ ഉണ്ടാക്കാമെന്ന് പറയുന്ന അച്ചൻ, ‘വിശ്വാസികളെ നരകത്തിൽ എത്തിക്കാം’ എന്നുപറഞ്ഞ് സര്‍വലോകത്തെയും വഞ്ചിക്കുന്ന ‘സാത്താനെന്നും പിശാചെന്നും വിളിക്കപ്പെടുന്ന ആ പുരാതന സര്‍പ്പവുമായി’ വല്ല ഉടമ്പടിയും ചെയ്തിട്ടുണ്ടോ?????….. മറുപടി പറയണ്ട; സ്വയം കണ്ടെത്തിയാൽ മതി.

6. അനുബന്ധം: കഴിഞ്ഞ നൂറ്റാണ്ടുവരെ ബൈബിളില്ലായിരുന്നു. വിശുദ്ധന്മാരുടെ രൂപങ്ങളും ചിത്രങ്ങളുമാണ് രക്ഷാകരചരിത്രത്തെക്കുറിച്ചും, ക്രിസ്തുസംഭവത്തെക്കുറിച്ചും, വിശുദ്ധന്മാരുടെ ജീവിതത്തെക്കുറിച്ചും പഠിപ്പിച്ചത്.

മറുപടി: കഴിഞ്ഞ നൂറ്റാണ്ടുവരെ ബൈബിളില്ലായിരുന്നു എന്നുപറഞ്ഞ അച്ചൻ്റെ ചരിത്രത്തിലുള്ള ജ്ഞാനം അപാരംതന്നെ. ഒന്നാം നൂറ്റാണ്ടുമുതൽ ബൈബിളുണ്ടച്ചോ. ബൈബിൾ എന്നുമുതലുണ്ടായിരുന്നു എന്ന് മുകളിൽ പറഞ്ഞതാണ്. മോശയുടെ കാലംമുതൽ ബൈബിളുണ്ട്. ഒന്നാം നൂറ്റാണ്ടിൽത്തന്നെ പഴയനിയമവും മൂന്നാം നൂറ്റാണ്ടിൽ പുതിയനിയമവും ക്രോഡീകരിച്ചു. പിന്നിങ്ങോട്ട് ബൈബിളിൻ്റെ പ്രചാരം നിലച്ചുപോയെങ്കിൽ അതിനും കാരണം കത്തോലിക്കാ സഭതന്നെയാണ്. ബൈബിൾ പരിഭാഷ ചെയ്യാൻ ശ്രമിച്ചവരെയൊക്കെ കൊന്നുതള്ളുകയും, തീയിലിട്ടു ചുട്ടുതിന്നുകയുമായിരുന്നല്ലോ കത്തോലിക്കാ സഭ ചെയ്ത്. എ.ഡി. 1380-ൽ ആദ്യത്തെ ഇംഗ്ലീഷ് ബൈബിളുണ്ടായി. എന്നിട്ടും ആ ബൈബിൾ കേരളത്തിലെത്താൻ അഞ്ചു നൂറ്റാണ്ടുകൂടി കാത്തിരിക്കേണ്ടി വന്നതും കത്തോലിക്കാ സഭ കാരണമാണ്. സഭയുടെ ജീർണതയും ദുർഗന്ധവും സാമാന്യജനങ്ങൾ അറിഞ്ഞാൽ, സഭയുടെ നിലനില്പ്തന്നെ അവതാളത്തിലാകുമെന്ന് ഭയന്നതുകൊണ്ടാണത്. കത്തോലിക്കാ സഭ എന്നും ബൈബിളിനെതിരായത് ബൈബിളിന് സമാന്തരമായിട്ട് മറ്റൊരു വിശ്വാസവും പാരമ്പര്യവുമാണ് സഭ ഇന്നയോളം മുറുകെപ്പിടിച്ചിട്ടുള്ളത്. വിഗ്രഹാരാധനയെ ഏറ്റം വെറുക്കുകയും, വിഗ്രഹാരാധനയ്ക്കെതിരെ നിശിതമായി ഭത്സിക്കുകയും ചെയ്തിട്ടുള്ള കർത്താവ് തന്നെ വിഗ്രഹങ്ങളെ ഉണ്ടാക്കുവാൻ കല്പിച്ചവെന്നു പറഞ്ഞ അച്ചൻതന്നെ അതിനുദാഹരണമാണ്.

വിശുദ്ധന്മാരുടെ രുപംകൊണ്ട് എന്ത് രക്ഷാകരചരിത്രമാണ് കത്തോലിക്കാ സഭ പഠിപ്പിക്കുന്നത്. രക്ഷാകര ചരിത്രമെന്നാൽ, ക്രിസ്തുവിൻ്റെ ക്രൂശുമരണമാണ്. രക്ഷാകരചരിത്രം പഠിക്കാൻ ബൈബിൾ തന്നെ വായിക്കണം. ലോകത്തിൽ അനേകം ഭക്തന്മാർ കർത്താവിനുവേണ്ടി രക്തസാക്ഷികളായിട്ടുണ്ട്. അവരിൽ പലരും ക്രൂശിൽ മരിച്ചിട്ടുമുണ്ട്. ക്രൂശിൽ മരിച്ചവരെല്ലാം രക്ഷകരല്ല. രക്തസാക്ഷികളുടെ മരണംകൊണ്ട് ആർക്കെങ്കിലും പ്രയോജനമുണ്ടെങ്കിൽ അതവർക്ക് മാത്രമാണ്. സ്വർഗ്ഗത്തിൽ വലിയൊരു പ്രതിഫലം അവരെ കാത്തിരിപ്പുണ്ട്. ദൈവകല്പന ലംഘിച്ചുകൊണ്ട്, മരിച്ചുപോയവരുടെ പ്രതിമകൾ വെച്ച് അവരോടപേക്ഷിക്കുകയും, അവർക്കുവേണ്ടി അപേക്ഷിക്കുകയും, അവരെ നമസ്കരിക്കുകയും ചെയ്താൽ ഒരുത്തനും സ്വർഗ്ഗത്തിൻ്റെ പടിവാതിൽ കാണില്ല. നരകത്തിലോട്ട് കെട്ടിയെടുക്കത്തേയുള്ളൂ. ലക്ഷക്കണക്കിനല്ല, കോടികണക്കിന് വിശുദ്ധന്മാർ ക്രിസ്തുവിൽ മരിച്ചിട്ടുണ്ട്. അവരെല്ലാം കർത്താവിൻ്റെ കാഹളനാദം കേട്ട്, ഉയിർത്തെഴുന്നേല്ക്കാൻ പറുദീസയിൽ വിശ്രമിക്കുകയാണ്. ജീവിച്ചിക്കുന്നവരായ നാം മരിച്ചുപോയ വിശുദ്ധന്മാർക്കൊപ്പം കർത്താവിൻ്റെ വരവിൽ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടണമെങ്കിൽ, പുറത്തും അകത്തുമുള്ള എല്ലാവിഗ്രഹങ്ങളേയും നീക്കിക്കളഞ്ഞ് യേശുക്രിസ്തുവിൽ മാത്രം ആശ്രയിക്കണമെന്ന് ബൈബിൾ പഠിപ്പിക്കുന്നു. എന്നേക്കും ജീവിച്ചിരിക്കുന്നവനായ യേശുവിനാലല്ലാതെ, ഒരു പണ്യാളനും പുണ്യാളത്തിക്കും നമ്മുടെ ഒരു തലമുടിയെപ്പോലും രക്ഷിക്കാൻ കഴിയില്ല. മാനസാന്തരപ്പെട്ട് ക്രിസ്തുവിലും, അവനേക്കുറിച്ചു മാത്രമുള്ള സുവിശേഷത്തിലും വിശ്വസിപ്പിൻ. എന്നാൽ, നിങ്ങൾക്ക് നിത്യമായ രക്ഷ കൈവരും.

മോശ മുഖാന്തരം ദൈവം കൊടുത്ത നിയമം ദുർബലം ആയതുകൊണ്ടല്ല, യഹൂദന്മാരൊക്കെയും വിഗ്രഹാരാധികളും ദൈവനിഷേധികളുമായി ദൈവഹത്യവരെ ചെയ്യേണ്ടിവന്നത്. പൗലോസ് കോറിന്തോസുകാരോട് പറയുന്നത് ശ്രദ്ധിക്കുക: “രഹസ്യവും നിഗൂഢവുമായ ദൈവികജ്‌ഞാനമാണു ഞങ്ങൾ പ്രസംഗിക്കുന്നത്‌. അതു നമ്മുടെ മഹത്വത്തിനായി യുഗങ്ങള്‍ക്കു മുമ്പ്‌തന്നെ ദൈവം നിശ്‌ചയിച്ചിട്ടുള്ളതുമാണ്‌. ഈ ലോകത്തിൻ്റെ അധികാരികളിൽ ആര്‍ക്കും അതു ഗ്രഹിക്കാന്‍ സാധിച്ചില്ല; സാധിച്ചിരുന്നെങ്കിൽ മഹത്വത്തിൻ്റെ കര്‍ത്താവിനെ അവര്‍ കുരിശില്‍ തറയ്‌ക്കുമായിരുന്നില്ല.” (1കോറി, 2:7-8). യഹൂദന്മാരെയാണ് ദൈവം ലോകത്തിൽനിന്ന് തിരഞ്ഞെടുത്ത് ലോകത്തിൻ്റെ അധികാരികളാക്കി വെച്ചത്. എങ്കിലും ദൈവീകജ്ഞാനം അവർക്ക് ഗ്രഹിക്കാൻ കഴിഞ്ഞില്ല. അതിനാൽ, രക്ഷകനായി വന്ന അവരുടെ കർത്താവിനെ അവർക്ക് ക്രൂശിക്കേണ്ടി വന്നു. അതിൻ്റെ കാരണം, അവരുടെ മതനേതാക്കന്മാർ ധനാർത്തി മൂത്ത് സത്യം അവരെ പഠിപ്പിച്ചിരുന്നില്ല. യേശു വെടിപ്പായിട്ടത് പറഞ്ഞുവെച്ചിട്ടുണ്ട്: “കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗരാജ്യം അടച്ചുകളയുന്നു. നിങ്ങള്‍ അതിൽ പ്രവേശിക്കുന്നില്ല; പ്രവേശിക്കാൻ വരുന്നവരെ അനുവദിക്കുന്നുമില്ല.” (മത്താ, 23:13-14). നിയമജ്‌ഞരെ സൂക്‌ഷിച്ചുകൊള്ളുവിൻ. അവര്‍ നീണ്ട മേലങ്കികള്‍ ധരിച്ചു നടക്കാനും പൊതുസ്‌ഥലങ്ങളില്‍ അഭിവാദനങ്ങളും സിനഗോഗുകളില്‍ പ്രമുഖസ്‌ഥാനങ്ങളും വിരുന്നുകളില്‍ അഗ്രാസനങ്ങളും ലഭിക്കാനും ആഗ്രഹിക്കുന്നു. അവര്‍ വിധവകളുടെ ഭവനങ്ങൾ വിഴുങ്ങുകയും ദീര്‍ഘമായി പ്രാര്‍ഥിക്കുന്നതായി നടിക്കുകയും ചെയ്യുന്നു. അവര്‍ക്കു കൂടുതൽ കഠിനമായ ശിക്‌ഷാവിധി ലഭിക്കും.” (ലൂക്കാ 20:46-47). “കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങൾ വെള്ളയടിച്ച കുഴിമാടങ്ങള്‍ക്കു സദൃശരാണ്‌. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്‌ക്കുള്ളിൽ മരിച്ചവരുടെ അസ്‌ഥികളും സര്‍വവിധ മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു. അതുപോലെ, ബാഹ്യമായി മനുഷ്യര്‍ക്കു നല്ലവരായി കാണപ്പെടുന്ന നിങ്ങൾ ഉള്ളില്‍ കാപട്യവും അനീതിയും നിറഞ്ഞവരാണ്‌.” (മത്താ, 23:27-28). നീണ്ട മേലങ്കി ധരിച്ചുനടക്കുന്ന എല്ലാ വിശ്വാസവഞ്ചകന്മാരും ചീഞ്ഞളിഞ്ഞ കുഴിമാടങ്ങൾ പോലെയാണ്. വിശ്വാസികളെ വഞ്ചിക്കുന്ന ഇവരെ വലിയ ദുരിതം കാത്തിരുപ്പുണ്ട്. യൂദയെപ്പറ്റി യേശുപറഞ്ഞത്, ‘അവൻ ജനിക്കാതിരുന്നെങ്കിൽ’ എന്നാണ്. ദൈവജനത്തെ തെറ്റിക്കുന്നവരെപ്പറ്റി ഞാനും അങ്ങനെതന്നെ ആശിക്കുന്നു. കാരണം, അവർ കൊടിയ ശിക്ഷയ്ക്ക് അവകാശികളാണ്. എങ്കിലും, അവരുടെ ശിക്ഷ തെറ്റിപ്പോകുന്ന വിശ്വാസികൾക്ക് രക്ഷയായി ഭവിക്കില്ല. കാരണം, ദൈവത്തിൻ്റെ സത്യവചനമായ ബൈബിൾ വായിച്ച് നല്ലതും ചീത്തയും തിരഞ്ഞെടുക്കാൻ ദൈവം ഓരോരുത്തനും സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. സത്യം അറിയാൻ, ബൈബിളിലേക്ക് തിരിയുക; വഴിയും സത്യവും ജീവനുമായവൻ നിങ്ങളെ സ്വതന്ത്രരാക്കും.

ബൈബിൾ ദൈവനിവേശിത ഗ്രന്ഥമാണെന്നും, പൂർണ്ണമാണെന്നും, പ്രമാദരഹിതമാണെന്നും പി.ഒ.സി.യുടെ ആമുഖത്തിൽ എഴുതിവെച്ചിട്ടുണ്ട്. എന്നാൽ, നിങ്ങൾ സ്വയമായിട്ടത് വിശ്വസിക്കുകയോ, വിശ്വാസികളെ പഠിപ്പിക്കുകയോ ചെയ്യില്ല. നിങ്ങൾ പാരമ്പര്യങ്ങളിൽ മാത്രം ആശ്രയിക്കുന്നവരാണ്. ഇപ്പോഴും പാരമ്പര്യങ്ങളിൽ ആശ്രയിക്കുന്നവർ ശരിയായ ക്രിസ്ത്യാനികളാണെന്ന് പറയാൻ കഴിയില്ല. ബൈബിൾ പഠിപ്പിക്കുന്ന ക്രിസ്ത്യാനികൾ, ക്രിസ്തുവിൻ്റെ രക്തത്താൽ എല്ലാ പിതൃപാരമ്പര്യങ്ങളിൽ നിന്നും വീണ്ടെടുക്കപ്പെട്ടവരാണ്. “പിതാക്കന്മാരിൽ നിന്നു നിങ്ങള്‍ക്കു ലഭിച്ചവ്യര്‍ഥമായ ജീവിതരീതിയില്‍നിന്നു നിങ്ങൾ വീണ്ടെടുക്കപ്പെട്ടത്‌ നശ്വരമായ വെള്ളിയോ സ്വര്‍ണമോകൊണ്ടല്ല എന്നു നിങ്ങള്‍ അറിയുന്നുവല്ലോ. കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിൻ്റേതുപോലുള്ള ക്രിസ്‌തുവിൻ്റെ അമൂല്യരക്‌തം കൊണ്ടത്ര.” (1പത്രോ, 1:18-19). ‘വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നടപ്പു’ എന്നാണ് ശരിയായ തർജ്ജമ. ഇങ്ങനെയുള്ളവർ കർത്താവിലും അവൻ്റെ മാറ്റമില്ലാത്ത വചനത്തിലും മാത്രം വിശ്വസിക്കുന്നവരാണ്. കർത്താവിൻ്റെ വചനത്തിൽ വിശ്വസിക്കാതെ പാരമ്പര്യങ്ങളും, വിഗ്രഹങ്ങളും, വേറൊരു വിശ്വാസവും മുറുകെപ്പിരിക്കുന്നവർ ക്രിസ്ത്യാനികൾ എന്നല്ല, കത്തോലിക്കർ എന്ന് പറഞ്ഞാൽ മതി, അതുമതി; അതാണ് നിങ്ങളുടെ ഐഡന്റിറ്റി.

ബൈബിളിലെ ഓരോ ലേഖനങ്ങളുടേയും ആരംഭത്തിൽ എഴുത്തുകാരനെക്കുറിച്ച് പറയുമ്പോൾ; യേശുക്രിസ്തുവിൻ്റെ ദാസനായ പൗലോസ്, ക്രിസ്തുവിൻ്റെ ദാസനായ പത്രോസ്, യേശുവിൻ്റെ ദാസനായ യോഹന്നാൻ, ദൈവത്തിൻ്റെ ദാസനായ യാക്കോബ്, ദൈവത്തിൻ്റെയും ക്രിസ്തുവിൻ്റെയും ദാസനായ യൂദാ ഇങ്ങനെയൊക്കെ പറഞ്ഞിരിക്കുന്നത് കാണാം. ‘ദാസൻ’ എന്ന് തർജ്ജമ ചെയ്തിരിക്കുന്നത് ഡ്യൂലൊസ് (doulos) എന്ന ഗ്രീക്ക് പദത്തെയാണ്. ഡ്യൂലൊസിൻ്റെ ശരിയായ അർത്ഥം ‘അടിമ’ എന്നാണ്. പുതിയനിയമത്തിൽ ക്രിസ്തുവിനെ രക്ഷകനും കർത്താവുമായി അംഗീകരിക്കുന്ന അഥവാ, വീണ്ടുംജനിക്കുന്ന എല്ലാവരും ദൈവമക്കളാകുമ്പോൾ, ബൈബിൾ എഴുത്തുകാരായ അപ്പസ്തോലന്മാർ മാത്രം എങ്ങനെ അടിമകളായി???… ദൈവത്തിൻ്റെ വചനം ഏതു മാധ്യമത്തിലൂടെ പ്രഘോഷിക്കുന്നവരായാലും അവർ ഒരടിമയെപ്പോലെ വിശ്വസ്തൻ ആയിരിക്കണമെന്നാണ് അതിനർത്ഥം. യജമാനൻ്റെ കല്പനകളോട് ഉവ്വ്, ഉവ്വ് എന്ന് പ്രതിവചിക്കാനല്ലാതെ, അതിനെ മാറ്റിക്കളയുവാനോ, അതങ്ങനെയല്ല കർത്താവേ, ഇങ്ങനെയാണെന്ന് പറയുവാനോ, ഒരടിമയ്ക്ക് അധികാരമില്ല. ബൈബിളിൻ്റെ ആഖ്യാനം ദൈവത്തിൻ്റെ ആത്മാവിനാൽ എഴുതപ്പെട്ടതും, വ്യാഖ്യാനം മനുഷ്യരുടേതുമാണ്. മനുഷ്യർക്ക് തെറ്റ് പറ്റാം; ദൈവത്തിന് തെറ്റ് പറ്റുമോ???…

ബൈബിൾ പൂർണ്ണമല്ല, അതുകൊണ്ട് സഭയുടെ വിശ്വസവും, പാരമ്പര്യവും കൂടി പിൻതുടരണമെന്ന് പഠിപ്പിക്കുന്നവരോട്, എൻ്റെ വചനങ്ങൾ പൂർണ്ണമാണെന്ന് ചരിത്ര,ഉപദേശ,പ്രവചന ഭാഗങ്ങളിലൂടെ കർത്താവുതന്നെ പറയുന്നു: ചരിത്രഭാഗം: “ഞാൻ നല്‍കുന്ന കല്‍പനകളോട്‌ ഒന്നും കൂട്ടിച്ചേര്‍ക്കുകയോ അതിൽ നിന്ന്‌ എന്തെങ്കിലും എടുത്തുകളയുകയോ അരുത്‌.” (നിയ, 4:2). ഉപദേശഭാഗം: “അവിടുത്തെ വാക്കുകളോട്‌ ഒന്നും കൂട്ടിച്ചേര്‍ക്കരുത്‌; അങ്ങനെ ചെയ്‌താൽ, അവിടുന്ന്‌ നിന്നെ കുറ്റപ്പെടുത്തും; നീ നുണയനാവുകയും ചെയ്യും.” (സുഭാ, 30:6). പ്രവചനഭാഗം: “ഈ പുസ്‌തകത്തിലെ പ്രവചനങ്ങൾ ശ്രവിക്കുന്ന എല്ലാവരോടും ഞാൻ സാക്ഷ്യപ്പെടുത്തുന്നു: ആരെങ്കിലും ഈ വചനങ്ങളോട്‌ എന്തെങ്കിലും കൂട്ടിച്ചേര്‍ത്താൽ ഈ പുസ്‌തകത്തിൽ വിവരിക്കപ്പെട്ടിരിക്കുന്ന മഹാമാരികൾ ദൈവം അവൻ്റെ മേൽ അയയ്‌ക്കും. ഈ പുസ്‌തകത്തിലെ പ്രവചനങ്ങളില്‍നിന്ന്‌ ആരെങ്കിലും എന്തെങ്കിലും എടുത്തുകളഞ്ഞാൽ, ഈ പുസ്‌തകത്തിൽ വിവരിക്കപ്പെട്ടിരിക്കുന്ന, വിശുദ്ധനഗരത്തിലും ജീവൻ്റെ വൃക്ഷത്തിലുമുള്ള അവൻ്റെ പങ്ക്‌ ദൈവം എടുത്തുകളയും.” (വെളി, 22:18-19). വചനത്തോട് ഒന്നും കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യരുതെന്ന് പറഞ്ഞാൽ, അത് പരിപൂർണ്ണമാണെന്നാണ് അർത്ഥം. കൂട്ടുകയും കുറയ്ക്കുകയും ചെയ്യരുതെന്ന് ഒരുപ്രാവശ്യം എഴുതിവെച്ചാലും, അത് മാറ്റംവരാൻ പാടില്ലാത്ത കല്പനയാണ്. എന്നാൽ, ബൈബിളിൽ ഇത് മൂന്നുപ്രാവശ്യം വ്യക്തമായി എഴുതിവെച്ചിട്ടും, ദൈവകല്പനകളെ മാറ്റിക്കളയുകയും, ദുർബലപ്പെടുത്തുകയും ചെയ്തുകൊണ്ട്, വിശ്വാസികളെ വിഗ്രഹാരാധനയ്ക്ക് പ്രേരിപ്പിക്കുന്നത് മഹാപാപമല്ലേ അച്ചോാാ???…

എല്ലാ വിശ്വാസികളോടുമായി ഒരു വാക്ക്: കർത്താവിലും അവൻ്റെ മാറ്റമില്ലാത്ത വചനമായ ബൈബിളുമല്ലാതെ, മറ്റാരെയും, മറ്റൊന്നിനേയും വിശ്വസിക്കാൻ പാടില്ല. അതിന് തെളിവ് ബൈബിളിൽത്തന്നെ ഉണ്ട്: അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ 17-ാം അദ്ധ്യായത്തിൽ പൗലൊസ് തെസലോനിക്കായിൽ നിന്ന് ബെറൊയായിൽചെന്ന് സുവിശേഷം പ്രസംഗിക്കുന്നതിനെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. (17:10-15). അവിടെ ബെറോയായിൽ ഉള്ളവരെക്കുറിച്ച് ലൂക്കായുടെ ഒരു പ്രസ്താവനയുണ്ട്: “ഈ സ്‌ഥലത്തെ യഹൂദര്‍ തെസലോനിക്കായിൽ ഉള്ളവരെക്കാള്‍ മാന്യന്‍മാരായിരുന്നു. ഇവര്‍ അതീവ താത്‌പര്യത്തോടെ വചനം സ്വീകരിച്ചു. അവര്‍ പറഞ്ഞതു സത്യമാണോയെന്ന്‌ അറിയുവാന്‍ വിശുദ്ധഗ്രന്‌ഥങ്ങള്‍ അനുദിനം പരിശോധിക്കുകയും ചെയ്‌തിരുന്നു.” (പ്രവ, 17:11). ഇവരുടെ മാന്യത എന്താണെന്ന് അറിയണമെങ്കിൽ പൗലോസിൻ്റെ പ്രവർത്തനത്തെക്കുറിച്ച് അറിയണം. തൻ്റെ രണ്ടാം മിഷണറി യാത്രയിലാണ് പൗലോസ് ബെറോയായിൽ എത്തുന്നത്. പ്രവർത്തി 14:3-ലും, 19:12-ലും അതായത്, ഒന്നും മൂന്നും മിഷണറി യാത്രകളിൽ പൗലോസിൻ്റെ കയ്യാൽ വളരെ അത്ഭുതപ്രവർത്തികൾ നടക്കുന്നതായിക്കാണാം. എന്നുവെച്ചാൽ, പൗലോസിന് ദൈവം നല്കിയ കൃപാവരങ്ങൾ അതിൻ്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴാണ് താൻ ബെറോയായിൽ എത്തുന്നത്. ഒന്നുകൂടി പറഞ്ഞാൽ, പൗലോസിൻ്റെ പ്രസംഗംകേൾക്കാൻ ഒരു പക്ഷവാതരോഗിയെ മൂന്നോ നാലോപേർ ചുമന്നുകൊണ്ടുവന്ന് ഇരുത്തിയാൽ, ‘യേശുവിൻ്റെ നാമത്തിൽ എഴുന്നേറ്റ് വീട്ടിൽ പോടാ’ എന്ന് പൗലോസ് പറഞ്ഞാൽ, അവൻ ചാടിയെഴുന്നേറ്റ് ദൈവത്തെ സ്തുതിച്ചുകൊണ്ട് വീട്ടിൽപ്പോകും. ഒരുപക്ഷെ, ചിലർ ചിന്തിക്കും ഇങ്ങനെയൊരു അത്ഭുതത്തെക്കുറിച്ച് അവിടെ എഴുതിയിട്ടില്ലല്ലോയെന്ന്. യേശുവാകട്ടെ, അപ്പസ്തോലന്മാരാകട്ടെ ചെയ്ത എല്ലാ അത്ഭുതപ്രവർത്തികളും ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ല. യോഹന്നാൻ്റെ ഒരു പ്രസ്താവനകൊണ്ട് അത് മനസ്സിലാക്കാം: “ഈ ഗ്രന്ഥത്തില്‍ എഴുതപ്പെടാത്ത മറ്റനേകം അടയാളങ്ങളും യേശു ശിഷ്യരുടെ സാന്നിധ്യത്തില്‍ പ്രവര്‍ത്തിച്ചു.” (യോഹ, 20:30). “യേശു ചെയ്‌ത മറ്റു പല കാര്യങ്ങളും ഉണ്ട്‌. അതെല്ലാം എഴുതിയിരുന്നെങ്കിൽ, ആ ഗ്രന്ഥങ്ങൾ ഉള്‍ക്കൊള്ളാൻ ലോകത്തിനുതന്നെ സാധിക്കാതെ വരുമെന്നാണ്‌ എനിക്കു തോന്നുന്നത്‌.” (യോഹ, 21:25). കൂടാതെ, പത്രോസിൻ്റെ നിഴൽ വീണും, പൗലോസിൻ്റെ തുവാലകളും അംഗവസ്‌ത്രങ്ങളും രോഗികളുടെ മേലിടുമ്പോഴും അനേകർ സൗഖ്യമാകുകയും, അശുദ്ധാത്മാക്കൾ വിട്ടുപോകുകയും ചെയ്തിരുന്നു. എന്തുകൊണ്ടാണ് എല്ലാ അത്ഭുതങ്ങളും ബൈബിളിൽ രേഖപ്പെടുത്താത്തത് എന്നു ചോദിച്ചാൽ, ഇത് ആരുടെയെങ്കിലും അത്ഭുതപ്രവർത്തികളുടെ സമാഹാരമല്ല; പ്രത്യുത, മനുഷ്യരുടെ രക്ഷയ്ക്കാവശ്യമായ വസ്തുതകളുടെ സമാഹാരമാണ്. ഇത്രയധികം കൃപാവരങ്ങളുള്ള പൗലോസ് ബെറോയാക്കാരോട് സുവിശേഷം അറിയിച്ചിട്ടും, അവർ കേട്ടയുടനെ പൗലോസിനെ വിശ്വസിച്ചില്ല. പൗലോസ് ‘പറഞ്ഞതു സത്യമാണോയെന്ന്‌ അറിയുവാന്‍ വിശുദ്ധഗ്രന്ഥങ്ങള്‍ അനുദിനം പരിശോധിക്കുകയും ചെയ്‌തിരുന്നു’ എന്നാണ് കാണുന്നത്. അതായത്, പുതിയനിയമം അന്ന് എഴുതപ്പെട്ടട്ടില്ല. പഴയനിയമത്തിൽ മിശിഹായെക്കുറിച്ചുള്ള വേദഭാഗങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ്, ക്രൂശിൽ മരിച്ച യേശു തന്നെയാണ് മിശിഹായെന്ന് പൗലോസ് തെളിയിച്ചിരുന്നത്. ബെറോയാക്കാരാകട്ടെ, പൗലൊസ് എന്ന അത്ഭുതമനുഷ്യൻ പറയുന്ന കാരണാത്താൽ സുവിശേഷം വിശ്വസിച്ചില്ല; പ്രത്യുത, പൗലോസ് പറഞ്ഞതു സത്യമാണോയെന്ന്‌ അറിയുവാന്‍ വിശുദ്ധഗ്രന്ഥങ്ങൾ (പഴയനിയമം) പരിശോധിച്ച ശേഷമാണ് അവർ വിശ്വസിച്ചത്. അതുകൊണ്ടാണ് പൗലോസ് അവരെ മാന്യന്മാരെന്ന് വിളിക്കുന്നത്. ഒരുകാര്യംകൂടി ഓർക്കണം; പഴയനിയമം അന്ന് ഒറ്റ പുസ്തകമായിട്ട് ലഭ്യമല്ല; ഓരോ പുസ്തകങ്ങളുടെ ചുരുളുകളാണ് ഉണ്ടായിരുന്നത്. ഒരുപക്ഷെ ചുരുളുകൾ എല്ലാമുണ്ടാകുക സിനഗോഗുകളിൽ മാത്രമായിരിക്കും. അതൊക്കെ പോയി എടുത്ത് വാക്യങ്ങൾ കണ്ടെത്തുകയെന്നത് പ്രയാസകരമായ കാര്യമാണ്. എന്നാൽ നമ്മുടെ കയ്യിലാകട്ടെ, പഴയപുതിയ നിയമങ്ങളുടെ വ്യക്തമായ രേഖയുണ്ട്. എന്നിട്ടും നമ്മൾ അത് പരിശോധിക്കില്ല. നമുക്ക് വലുത് വെള്ളയുടുപ്പിട്ട പാതിരിയും പാസ്റ്ററും പറയുന്നതാണ്. ഇനിയെന്നാണ് നമ്മൾ ബെറോയാക്കാരെപ്പോലെ ‘മാന്യന്മാർ’ ആകുന്നത്? ദൈവവചനത്തിൽ തെളിവുള്ള കാര്യങ്ങളല്ലാതെ, എത്രവലിയ തിയോളജിക്കൽ ഡിഗ്രിയുള്ളവരാണെന്ന് പറഞ്ഞാലും ഒരു മനുഷ്യനേയും, ഇനി, സ്വർഗ്ഗത്തിൽ നിന്നൊരു ദൂതൻ വന്നു പറഞ്ഞാലും വിശ്വസിക്കരുതെന്നാണ് നമ്മൾ ആദ്യം പഠിക്കേണ്ടത്?

ഉപസംഹാരം: എന്നെയും എൻ്റെ എഴുത്തുകളെയും ചിലപ്പോൾ ഇഷ്ടപ്പെടുന്നവരുണ്ടാകാം. എന്നാൽ, അതിനാക്കാളേറെ എന്നെ വെറുക്കുന്നവരാകാം. പക്ഷെ, അതൊന്നും വ്യക്തിപരമായി എന്നെ ബാധിക്കുന്ന വിഷയമല്ല. ഞനൊരു ക്രിസ്തുവിൻ്റെ അനുയായിയാണ്; അതുകൊണ്ടുതന്നെ ക്രിസ്തുവിനേയും അവൻ്റെ വചനങ്ങളേയും ഉയർത്തുക എന്നതാണ് എൻ്റെ പരമമായ ലക്ഷ്യം. മനുഷ്യരുടെ ആരുടേയും പ്രീതിയോ, അപ്രീതിയോ പിടിച്ചുപറ്റാൻ ആഗ്രഹിക്കുന്നില്ല. വ്യക്തിഹത്യയും എൻ്റെ അജണ്ടയല്ല. എൻ്റെ എഴുത്തുകൾ അച്ചനേയോ, മറ്റു വിശ്വാസികളേയോ വ്യക്തിപരമായി വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ദൈവനാമത്തിൽ ഹൃദയപൂർവ്വം മാപ്പുചോദിക്കുന്നു. 🙏 (എൻ്റെ ലേഖനത്തിൽ അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും തെറ്റ് കടന്നുകൂടിയിട്ടുണ്ടെങ്കിൽ, ബൈബിളിൻ്റെ വെളിച്ചത്തിൽ ആര് ചൂണ്ടിക്കാണിച്ചാലും, നൂറ് ശതമാനം അത് തിരുത്തുവാൻ ഞാൻ മനസ്സുളവനാണെന്ന് ഇതിനാൽ ബോധിപ്പിക്കുന്നു).

യെഹൂദൻ്റെ 613 കല്പനകൾ കാണാൻ താഴെ ക്ലിക്ക് ചെയ്യുക;👇

ന്യായപ്രമാണകല്പനകൾ (613)

യഹൂദന്മാരുടെ സർവ്വവിജ്ഞാനകോശത്തിലും, മറ്റു യഹൂദാ വെബ്സൈറ്റുകളിലും പത്ത് പ്രമാണങ്ങളുടെ വിഭജനം കാണാൻ താഴെക്കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക;👇

1. JewishEncyclopedia.com

2. Ten Commandments-Jewish World

3. Ten Commandments-Jewish Learning

4. The Ten Commandments-Shavuot

5. The Ten Commandments According to the Torah

<—- previous Page

One thought on “കല്പനകൾ II”

Leave a Reply

Your email address will not be published.