കരുണ

കരുണ (mercy)

ഹെസെദ് എന്ന എബ്രായ പദത്തിന്റെ പ്രധാനമായ അർത്ഥം ആർദ്രസ്നേഹം എന്നത്രേ. ദൈവം യിസ്രായേലിനോടു കാണിച്ച കരുണ തൻ്റെ വിശ്വസ്തതയിലും യിസ്രായേലിനോടുള്ള ഉടമ്പടി ബന്ധത്തിലും അധിഷ്ഠിതമാണ്. ഈ കരുണയെ ഭർത്തൃസ്നേഹത്തോടും (ഹോശേ, 2:13), മാതൃസ്നേഹത്തോടും (യെശ, 49:15), പിതൃസ്നേഹത്തോടും (സങ്കീ, 103:13; യിരെ, 31:20) സാദൃശ്യപ്പെടുത്തിയിട്ടുണ്ട്. കരുണ, അനുകമ്പ എന്നീ അർത്ഥങ്ങളുള്ള റഹമീം എന്നി എബ്രായപദത്തിന്റെ ധാതു റെഹം ആണ്. (1രാജാ, 8:50; 2ദിന, 30:9; വിലാ, 3:22; സെഖ, 7:9). റെഹം എന്ന പദത്തിനു ഗർഭപാത്രം എന്നർത്ഥം. അമ്മയ്ക്ക് കുഞ്ഞിനോടോ സഹോദരങ്ങൾക്കു തമ്മിലോ ഉള്ള വൈകാരിക ഭാവത്തെക്കുറിക്കുന്നു. അമ്മ കുഞ്ഞിനെ എന്നപോലെ പാപിയായ മനുഷ്യനെ കർത്താവു സ്നേഹത്തോടും, ക്ഷമയോടും സ്വീകരിക്കുന്നു.

ദൈവത്തിന്റെ കരുണ വിവിധരീതികളിൽ പ്രത്യക്ഷപ്പെടുന്നു. ക്ഷമയിൽ വ്യക്തികളെയും ജാതികളെയും യഥാസ്ഥാനപ്പെടുത്തുന്നു. (2ശമൂ, 24:14; 2രാജാ, 13:23; സങ്കീ, 25:6; 40:11; 51:1; 79:8; 103:4; യെശ, 54:8; 55:7; വിലാ, 3:32; ദാനീ, 9:9; ഹോശേ, 1:6,7; മീഖാ, 7:19; ഹബ, 3:2; സെഖ, 1:12, 16). 2. തൻ്റെ വൃതന്മാരെ ശത്രുക്കളിൽ നിന്നും രക്ഷിക്കുന്നു. (നെഹെ, 9:27,28; സങ്കീ, 25:6; 40:11; 69:16; 79:8; യെശ, 30:18; യിരെ, 42:12). 3. വാഗ്ദാനം നിറവേറ്റുന്നു. (ആവ, 13:18; യിരെ, 33:26). 4. പ്രവാസികളായ ജനത്ത ശേഖരിച്ചു ദേശത്തു മടക്കിവരുത്തുന്നു. (യെശ, 14:1; 49:13; യിരെ, 12:15; യെഹ, 39:25). 5. മരുഭൂമിയിൽ അവർക്കു വേണ്ടി കരുതി. (നെഹെ, 9:19; യെശ . 49:10). യിസ്രായേലിനോടു ദൈവം ചെയ്ത ഉടമ്പടിയിൽ ദൈവം വിശ്വസ്തനായിരുന്നു. തന്മൂലം ഏതുസമയവും സഹായത്തിനായി അവർക്കു കർത്താവിന്റെ അടുക്കലേക്കു ചെല്ലാം. യിസ്രായേലിന്റെ നീതിയോ, വിശേഷാവകാശമോ കൊണ്ടല്ല, ദൈവത്തിന്റെ കരുണകൊണ്ടു മാത്രമാണ് അവരെ വീണ്ടെടുത്തതും പരിപാലിച്ചതും. ദൈവം ആദ്യമേ യിസ്രായേലിനെ തിരഞ്ഞെടുക്കാതിരുന്നെങ്കിൽ അവർക്കു ദൈവത്തിൽനിന്നൊന്നും പ്രതീക്ഷിക്കുവാനില്ലായിരുന്നു. തിരഞ്ഞെടുപ്പുമൂലം ദൈവം യിസ്രായേലിനോടു എല്ലായ്പോഴും കരുണയും കൃപയും ദീർഘക്ഷമയും മഹാദയയും ദയാസമൃദ്ധിയും വിശ്വസ്തതയും ഉള്ളവനാണ്. (പുറ, 34:6; നെഹെ, 9:17; സങ്കീ, 86:15; 103:8; 145:8; യോവേ, 2:13; യോനാ, 4:2).

‘കരുണ’യെക്കുറിക്കുന്ന ഗ്രീക്കുപദം എലെയൊസ് ആണ്. അനുകമ്പയുടെ ബാഹ്യപ്രകാശനമാണ് കരുണ. കരുണ ലഭിക്കേണ്ടുന്നവനാ ആവശ്യബോധവും കരുണ കാണിക്കുന്ന വ്യക്തിക്ക് പ്രസ്തുത ആവശ്യം സാധിപ്പിച്ചു കൊടുക്കാൻ മതിയായ വിഭവവും ഉണ്ടായിരിക്കണം. ദൈവം കരുണാസമ്പന്നനാണ്. (എഫെ, 2:4), എല്ലാവർക്കും അവൻ രക്ഷ കരുതി (തീത്തൊ, 3:5), യെഹൂദന്മാരോടും (ലൂക്കൊ, 1:72), ജാതികളോടും (റോമ,’15:9) ദൈവം കരുണ കാണിച്ചു. ദൈവത്തെ ഭയപ്പെടുന്നവർക്കു അവൻ്റെ കരുണ തലമുറതലമുറയോളം ഇരിക്കുന്നു. (മക്കൊ, 1:50). നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിക്കാൻ കർത്താവിനു മാത്രമേ കഴിയൂ. “അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിനുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിനു അടുത്തു ചെല്ലുക.” (എബ്രാ, 4:16). നാം പരസ്പരം കരുണയ്ക്കുവേണ്ടി അപേക്ഷിക്കേണ്ടതാണ്. (ഗലാ, 6:16). കർത്താവായ യേശുക്രിസ്തുവിന്റെ വരവിൽ തന്റെ ജനത്തിനു കരുണ ലഭിക്കും. (2തിമൊ, 1:16; യൂദാ, 21). ദൈവം മനുഷ്യരോടു കരുണ കാണിച്ചതുകൊണ്ടു അവരും പരിസ്പരം കരുണ കാണിക്കണമെന്നു ദൈവം ആവശ്യപ്പെടുന്നു. (മത്താ, 9:13; 12:7; 23:23; ലൂക്കൊ, 10:37). കരുണ കാണിക്കാത്തവന് കരുണയില്ലാത്ത ന്യായവിധി ഉണ്ടോകും. (യാക്കോ, 2:13).

കരുണയും സമാധാനവും ഒരുമിച്ചുവരുന്ന സ്ഥാനങ്ങളിൽ അവ അതേ ക്രമത്തിൽ (ഗലാ, 6:16 ഒഴികെ) വരുന്നതു കാണാം. കരുണ ദൈവത്തിന്റെ പ്രവൃത്തിയാണ്. തത്ഫലമായി മനുഷ്യ ഹൃദയത്തിലുണ്ടാകുന്ന അനുഭവമാണ് സമാധാനം. 1തിമൊഥെയൊസ് 1:2; 2തിമൊഥെയൊസ് 1:2 എന്നീ വാക്യങ്ങളിൽ എലെയൊസ് എന്ന ഗ്രീക്കുപദത്തെ കനിവ് എന്നു വിവർത്തനം ചെയ്തിരിക്കുന്നു. മത്സരിയോടും ലംഘകനോടുമുള്ള ദൈവത്തിന്റെ മനോഭാവമാണ് കൃപ. വിഷമത്തിലായിരിക്കുന്നവരോടുളള ദൈവത്തിന്റെ മനോഭാവമാണ് കരുണ. രക്ഷയെ സംബന്ധിച്ചുള്ള ദൈവിക നിർണ്ണയത്തിൽ കൃപ കരുണയെ മുന്നിട്ടു നില്ക്കുന്നു. ക്ഷമ ലഭിച്ച വ്യക്തിയാണ് അനുഗ്രഹിക്കപ്പെടുക. തന്മൂലം അപ്പൊസ്തലിക വന്ദനങ്ങളിൽ കരുണയ്ക്കു (കനിവ്) മുമ്പു കൃപ പറയപ്പെട്ടിരിക്കുന്നു. (1തിമൊ, 1:2; 2തിമൊ, 1:2; തീത്താ, 1:4; 2യോഹ, 3).

One thought on “കരുണ”

Leave a Reply

Your email address will not be published.