ഏലീയാവ്

ഏലീയാവ് (Elijah)

 പേരിനർത്ഥം — യഹോവ എൻ്റെ ദൈവം

ഉത്തരരാജ്യമായ യിസ്രായേലിലെ ഒന്നാമത്തെ വലിയ പ്രവാചകനാണ് ഏലീയാവ്. ചുഴലിക്കാറ്റുപോലെ പ്രത്യക്ഷപ്പെടുകയും ചുഴലിക്കാറ്റിൽ അപ്രത്യക്ഷനാകുകയും ചെയ്ത ഒരു പ്രവാചകനാണദ്ദേഹം. ദൈവത്തിന്റെ ആത്മാവു പ്രവാചകനെ അവതരിപ്പിക്കുകയും ആത്മാവ് അദ്ദേഹത്തെ മാറ്റുകയും ചെയ്തു. പ്രവാചകന്റെ പശ്ചാത്തലത്തെക്കുറിച്ച് ഒരക്ഷരവും പറയാതെയാണ് ഏലീയാവിനെ അവതരിപ്പിച്ചിട്ടുള്ളത്. ആഹാബിന്റെ ഭരണകാലത്ത് ഗിലെയാദിലെ തിശ്ബിയിൽ നിന്നുള്ള തിശ്ബ്യനായ ഏലീയാവ് ആഹാബിന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. “ഞാൻ സേവിച്ചു നില്ക്കുന്ന യഹോവയാണ, ഞാൻ പറഞ്ഞല്ലാതെ ഈയാണ്ടുകളിൽ മഞ്ഞും മഴയും ഉണ്ടാകയില്ല എന്നു പറഞ്ഞു.” (1രാജാ, 17:1). 

സീദോന്യരാജാവായ എത്-ബാലിന്റെ മകൾ ഈസേബെലിനെ ആഹാബ് രാജാവു വിവാഹം കഴിച്ചു. അതോടുകൂടി ബാൽ പൂജ യിസ്രായേലിൽ പ്രബലമായി. രാജാവിന്റെ സഹായത്തോടുകൂടി യഹോവയുടെ പ്രവാചകന്മാരെ കൊല്ലിക്കുകയും ബാലിനും അശേരയ്ക്കും പുരോഹിതന്മാരെയും പ്രവാചകന്മാരെയും നിയമിക്കുകയും ചെയ്തു. അങ്ങനെ യഹോവയുടെ ആരാധന യിസ്രായേലിൽ നിർമ്മൂലമാകുകയും അവശേഷിച്ച പ്രവാചകന്മാർ ഭയന്നു ഗുഹകളിൽ ഒളിക്കുകയും ചെയ്തു. യഹോവയുടെ പ്രവാചകന്മാർക്കു ഈസേബെൽ പേടി സ്വപ്നമായി മാറി. ഈ അന്തരീക്ഷത്തിലാണ് നിർഭയത്വത്തിന്റെയും തീക്ഷ്ണതയുടെയും പര്യായമായ ഏലീയാവ് ആഹാബിന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു മഴപെയ്യില്ലെന്ന് അറിയിച്ചത്. ആഹാബുരാജാവിന് ഈ മുന്നറിയിപ്പ് നല്കിയശേഷം യഹോവയുടെ നിർദ്ദേശമനുസരിച്ച് ഏലീയാവ് യോർദ്ദാനു കിഴക്കുള്ള കെരീത്ത് തോട്ടിന്നരികെ ഒളിച്ചിരുന്നു. അവിടെ തോടു വറ്റുന്നതുവരെ പ്രവാചകന് കാക്ക അപ്പവും ഇറച്ചിയും കൊണ്ടു വന്നു കൊടുത്തു. (1രാജാ, 17:6). തോട്ടിലെ വെള്ളം വറ്റിയപ്പോൾ യഹോവയുടെ കല്പനപ്രകാരം ഏലീയാവ് സാരെഫാത്തിൽ ചെന്നു ഒരു വിധവയുടെ വീട്ടിൽ പാർത്തു. ഈസേബെലിന്റെ ജന്മദേശമായ സീദോനിലെ പട്ടണമാണ് സാരെഫാത്ത്. പട്ടണവാതില്ക്കൽ ഒരു കനാന്യ വിധവ വിറകുപെറുക്കുന്നതു കണ്ടു. പ്രവാചകൻ അവളോടു അപ്പവും വെള്ളവും ചോദിച്ചു. ശേഷിച്ച എണ്ണയും മാവും തീർന്നാലുടൻ പട്ടിണികിടന്ന് മരിക്കുവാൻ അവർ നിശ്ചയിച്ചുകഴിഞ്ഞിരുന്നു. പ്രവാചകന്റെ അപേക്ഷയനുസരിച്ച് വിധവ അപ്പവും വെളളവും കൊടുത്തു. തന്മൂലം ക്ഷാമം തീർന്നതുവരെ അവളുടെ കലത്തിലെ മാവു തീരാതെയും ഭരണിയിലെ എണ്ണ കുറയാതെയും ഇരുന്നു. (1രാജാ, 17:16). ആ വിധവയുടെ മകൻ ദീനം വന്നു മരിച്ചു. ഏലീയാവ് മൂന്നു പ്രാവശ്യം കുട്ടിയുടെമേൽ കവിണ്ണുവീണു ദൈവത്തോടപേക്ഷിച്ചു. കുട്ടിയുടെ പ്രാണൻ മടങ്ങിവന്നു അവൻ ജീവിച്ചു.(1രാജാ, 17:21-22). 

മൂന്നു വർഷവും ആറുമാസവും മഴപെയ്യാതിരുന്നു. യാക്കോ, 5:17). ഏലീയാവ് ആഹാബിൻറ മുമ്പിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. അപ്പോൾ ആഹാബ് ‘ആർ ഇത്? യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നവനോ എന്നു ചോദിച്ചു’ അതിന് ഏലീയാവു ‘യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നതു ഞാനല്ല, നീയും നിന്റെ പിതൃഭവനവുമത്ര നിങ്ങൾ യഹോവയുടെ കല്പനകളെ ഉപേക്ഷിക്കുകയും നീ ബാൽവിഗ്രഹങ്ങളെ ചെന്നു സേവിക്കുകയും ചെയ്യുന്നതു കൊണ്ടുതന്നെ’ എന്ന് ഉത്തരം പറഞ്ഞു. (1രാജാ, 18:17-18). തുടർന്നു പ്രവാചകനും, ബാലിന്റെ 450 പ്രവാചകന്മാരും, അശേരയുടെ 400 പ്രവാചകന്മാരും തമ്മിൽ ഒരു മത്സരം ഏലീയാവ് നിർദ്ദേശിച്ചു. ആഹാബ് ഈ നിർദ്ദേശം അംഗീകരിച്ചു. അഗ്നിയുടെ അധിദേവനാണു ബാൽ. രണ്ട് കാളകളെ കൊന്ന് ഓരോ യാഗപീഠത്തിൽ വയ്ക്കണം; ഒന്നു ബാലിനും മറ്റൊന്ന് യഹോവയ്ക്കും. ഏതിനെയാണോ അഗ്നി താനേ ഇറങ്ങി ദഹിപ്പിക്കുന്നത് ആ ദേവന്റെ പ്രജകളാണ് യിസായേല്യർ. ആദ്യത്തെ അവസരം ബാലിന്റെ ആൾക്കാർക്കു നല്കി. രാവിലെ മുതൽ ഉച്ചവരെ അവർ ബാലിനെ വിളിച്ചപേക്ഷിച്ചു; ബലിപീഠത്തിനു ചുറ്റും തുള്ളിച്ചാടി; സ്വയം മുറിവേല്പിച്ചു രക്തം ഒഴുക്കി. ഭോജനയാഗം കഴിക്കുന്ന സമയംവരെ ഇതു തുടർന്നു. ഒരു ഉത്തരവും ലഭിച്ചില്ല. അനന്തരം ഇടിഞ്ഞുകിടന്ന യഹോവയുടെ യാഗപീഠം ഏലീയാവു നന്നാക്കി. കാളയെ അതിന്മേൽ വച്ചു. യാഗമൃഗത്തെയും യാഗപീഠത്തെയും വെള്ളം കൊണ്ടു നനച്ചു. ഭോജന യാഗത്തിന്റെ സമയത്ത് ഏലീയാവു പ്രാർത്ഥിച്ചു. “അബ്രാഹാമിന്റെയും യിസഹാക്കിന്റെയും യിസായേലിൻറയും ദൈവമായ യഹോവേ, യിസ്രായേലിൽ നീ ദൈവമെന്നും ഞാൻ നിന്റെ ദാസനെന്നും ഈ കാര്യങ്ങളൊക്കെയും ഞാൻ നിന്റെ കല്പനപ്രകാരം ചെയ്തുവെന്നും ഇന്നു വെളിപ്പെട്ടു വരട്ടെ.” (1രാജാ, 18:36). ഉടനെ സ്വർഗ്ഗത്തിൽ നിന്നും തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ച് തോട്ടിലെ വെള്ളവും വറ്റിച്ചു. ‘യഹോവ തന്നേ ദൈവം’ എന്നു ജനം ഏറ്റുപറഞ്ഞു. ബാലിൻ്റെ പ്രവാചകന്മാരെ പിടിച്ച് കീശോൻ തോട്ടിന്നരികെ കൊണ്ടു ചെന്ന് അവിടെവച്ച് വെട്ടിക്കൊന്നു. തുടർന്നു ഏലീയാവ് മഴയ്ക്കുവേണ്ടി പ്രാർത്ഥിക്കുകയും മഴപെയ്യുകയും ചെയ്തു. 

ബാലിന്റെ പ്രവാചകന്മാർ നശിച്ചതോടുകൂടി ആഹാബ് ഭയപ്പെട്ടു. എന്നാൽ അത് ഈസേബൈലിൽ ഒരു ചലനവും സൃഷ്ടിച്ചില്ല. ഏലീയാപ്രവാചകനെ കൊല്ലാനുള്ള പ്രതിജ്ഞ അവളെടുത്തു. ഈ പ്രതിസന്ധിയിൽ ഏലീയാവു അവിടം വിട്ടോടി. ഏലീയാവിനോടൊപ്പം ഒരു ബാല്യക്കാരൻ ഉണ്ടായിരുന്നു. യെഹൂദാ പാരമ്പര്യമനുസരിച്ചു പ്രവാചകനെ അനുഗമിച്ച ഈ ബാല്യക്കാരൻ വിധവയുടെ മകനായിരുന്നു. ബേർ-ശേബയിൽ എത്തിയ ശേഷം ബാല്യക്കാരനെ അവിടെ വിട്ടിട്ട് പ്രവാചകൻ മരുഭൂമിയിൽ ചെന്ന് ഒരു ചുരച്ചെടിയുടെ തണലിലിരുന്ന് മരിപ്പാനാഗ്രഹിച്ചു. പ്രവാചകൻ ആകെ തളരുകയും തകരുകയും ചെയ്തു. ഈ അവസ്ഥയിലും ഉറക്കവും ഭക്ഷണവും അത്ഭുതകരമായി ലഭിച്ചു. ആ ഭക്ഷണത്തിൻ്റെ ഉത്തേജനത്തിൽ നാല്പതുദിവസം നടന്നു ഹോരേബ് പർവ്വതത്തിൽ എത്തി, ഒരു രാത്രി അവിടെ ഗുഹയിൽ കഴിഞ്ഞു. പ്രഭാതത്തിൽ യഹോവ ഏലീയാവിനോട് ‘ഏലീയാവേ, ഇവിടെ നിനക്കെന്തു കാര്യം’ എന്നു ചോദിച്ചു. ഉടൻ തന്റെ നിലപാടിനെ ന്യായീകരിച്ചുകൊണ്ട് യഹോവയ്ക്ക് വേണ്ടിയുളള തന്റെ തീക്ഷ്ണതയെക്കുറിച്ചും യിസ്രായേല്യരുടെ വിശ്വാസത്യാഗത്തെക്കുറിച്ചും എലീയാവു പറഞ്ഞു. ‘യിസ്രായേൽ മക്കൾ നിന്റെ നിയമത്തെ ഉപേക്ഷിച്ചു, നിന്റെ യാഗപീഠങ്ങളെ ഇടിച്ചു, നിന്റെ പ്രവാചകന്മാരെ വാൾകൊണ്ടു കൊന്നുകളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; എനിക്കും അവർ ജീവഹാനി വരുത്തുവാൻ നോക്കുന്നു’ എന്നു പറഞ്ഞു. (1രാജാ, 19:13-14). ഏലീയാവിന് ദൈവത്തിന്റെ ഒരു വെളിപ്പാട് ഉണ്ടായി. പ്രകൃതിയുടെ ഭയാനകമായ വെളിപ്പാടിൽ യഹോവ ഇല്ലായിരുന്നു. തുടർന്നു ഒരു മൃദുസ്വരത്തിലാണ് യഹോവ പ്രവാചകനോടു സംസാരിച്ചത്. എലീയാവ് ദൈവത്തിന്റെ വിളി തിരിച്ചറിഞ്ഞു പുതപ്പുകൊണ്ട് മുഖംമൂടി ദൈവനിയോഗിത്തിനായി കാത്തുനിന്നു. മുന്നു കല്പനകൾ യഹോവ നല്കി: 1. ഹസായേലിനെ അരാം രാജാവായി അഭിഷേകം ചെയ്യുക. 2. നിംശിയുടെ പുത്രനായ യേഹുവിനെ യിസ്രായേൽ രാജാവായി അഭിഷേകം ചെയ്യുക. 3. ശാഫാത്തിന്റെ മകനായ എലീശയെ തന്റെ അനന്തരഗാമിയായി അഭിഷേകം ചെയ്യുക. ഇവയിൽ ആദ്യത്തെ രണ്ടു കല്പനകളും നിറവേററിയത് ഏലീശയാണ്. മൂന്നാമത്തേതു ഏലീയാവു തന്നെ ചെയ്തു. (1രാജാ, 19:9-18). അരാമിലും യിസ്രായേലിലും പുതിയ രാജാക്കന്മാരെ അഭിഷേകം ചെയ്യുന്നതുകൊണ്ടുണ്ടാകുന്ന രാഷ്ട്രീയ തകിടം മറിച്ചിലിൽ വിശ്വാസത്യാഗം മതിയായ രീതിയിൽ ശിക്ഷിപ്പെടും. എന്നാൽ പുതിയ രാജാക്കന്മാരെ അഭിഷേകം ചെയ്യുവാൻ കാലം പക്വമായിരുന്നില്ല. ഏലീയാവു സഞ്ചരിച്ചു ആബേൽ മെഹോലയിലെത്തി, നിലം ഉഴുതുകൊണ്ടിരുന്ന ഏലീശയെ കണ്ടെത്തി. ഒരക്ഷരവും സംസാരിക്കാതെ തന്റെ പുതപ്പ് എലീശയുടെ മേൽ ഇട്ടു. പ്രവാചകന്റെ വിളി എലീശ സ്വീകരിക്കുകയും ഭൃത്യനായി ഏലീയാവിനെ ശുശ്രൂഷിക്കുകയും ചെയ്തു. 

ഈ കാലത്ത് ആഹാബിന്റെ പ്രതാപം വർദ്ധിച്ചു വരികയായിരുന്നു. അരാമ്യരിൽ നിന്നുള്ള സൈനിക വെല്ലുവിളികളെ ആഹാബ് സമർത്ഥമായി അഭിമുഖീകരിച്ചു. നഷ്ടപ്പെട്ടുപോയ പട്ടണങ്ങൾ വീണ്ടെടുക്കുകയും ആദായകരമായ വാണിജ്യ ഉടമ്പടികൾ ചെയ്യുകയും ചെയ്തു. കൊട്ടാരംവക ഭൂമിയുടെ വിസ്തീർണ്ണം വർദ്ധിപ്പിക്കുവാനും ആഹാബു ശമിച്ചു. ഈസേബെലിന്റെ സഹായത്തോടുകൂടി നാബോത്തിന്റെ മേൽ ദൈവദൂഷണവും രാജദൂഷണവും ചുമത്തി അയാളെ കൊന്നു. അതിനുശേഷം നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കാനായി ആഹാബു പോയി. ആ സമയം ഏലീയാ പ്രവാചകൻ ആഹാബിനെ കണ്ടു. ഉടൻ ആഹാബ് ഏലീയാവിനോട്  ‘എന്റെ ശതുവേ, നീ എന്നെ കണ്ടെത്തിയോ എന്നു പറഞ്ഞു.’ നാബോത്തിന്റെ വധത്തിനു ശിക്ഷയായി ആഹാബു വംശത്തിന്റെ സമ്പൂർണ്ണനാശവും ഈസേബെലിന്റെ നിന്ദ്യവും ഹീനവും ആയ മരണവും പ്രവാചകൻ മുന്നറിയിച്ചു. ആഹാബിന്റെ ഹൃദയം ഉരകി; അവൻ അനുതപിച്ചു. തന്മൂലം നാശത്തിൻറ കാലം നീട്ടിവയ്ക്കപ്പെട്ടു. 

ആഹാബിനുശേഷം പുത്രനായ അഹസ്യാവ് രാജാവായി. അവൻ്റെ വാഴ്ചയുടെ രണ്ടാം വർഷത്തിൽ അഹസ്യാവ് മാളികയുടെ കിളിവാതിലിൽ കൂടി വീണു രോഗിയായി. രോഗത്തെക്കുറിച്ചറിയുന്നതിനു എക്രോനിലെ ദേവനായ ബാൽസെബൂബിനോടു ചോദിക്കുവാൻ അഹസ്യാവ് ദൂതന്മാരെ അയച്ചു. (2രാജാ, 1:2). ദൈവദുതൻ നിയോഗമനുസരിച്ച് ഏലീയാവ് രാജദൂതന്മാരെ കണ്ട് രാജാവു മരിക്കുമെന്ന സന്ദേശവുമായി അവരെ മടക്കി അയച്ചു. ഈ വിവരം ദൂതന്മാർ അറിയിച്ചപ്പോൾ അഹസ്യാവ് ഏലീയാവിനെ ബന്ധിക്കുന്നതിന് അമ്പതു പടയാളികളെ അയച്ചു. ഏലീയാവു മലമുകളിൽ ഇരിക്കുകയായിരുന്നു. ഏലീയാവ് പ്രാർത്ഥിക്കുകയും ആകാശത്തിൽ നിന്നു തീ ഇറങ്ങി അവരെ നശിപ്പിക്കുകയും ചെയ്തു. വീണ്ടും രാജാവയച്ച അമ്പതു പടയാളികളടങ്ങിയ ഗണത്തിനും ഇതേ അവസ്ഥ ഉണ്ടായി. ഒടുവിൽ ഏലീയാവ് രാജാവിന്റെ അടുക്കൽ നേരിട്ടുവന്ന് രാജാവിന്റെ നാശം വെളിപ്പെടുത്തി. അഹസ്യാവ് കുഞ്ഞുങ്ങളില്ലാതെ മരിക്കുകയും സഹോദരനായ യെഹോരാം രാജാവാകുകയും ചെയ്തു. യെഹൂദാ രാജാവായ യെഹോരാം ആഹാബിന്റെ മകളെ വിവാഹം കഴിച്ചു, യിസ്രായേൽ രാജാക്കന്മാരുടെ വഴികളിൽ നടന്നു. അവൻ ദുഷ്ടതയെ കുറ്റപ്പെടുത്തിക്കൊണ്ടും മരണം പ്രവചിച്ചു കൊണ്ടും ഏലീയാവു എഴുത്തയച്ചു. (2ദിന, 21:12-15). 

യഹോവ ഏലീയാവിനെ ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്കെടുക്കുവാൻ ഭാവിക്കുകയായിരുന്നു. (2രാജാ, 2:1). ഈ സന്ദർഭത്തിൽ ഏലീയാവ് എലീശയെ പരിശോധിച്ചു. യെരീഹോവിലേക്കു പോകുമ്പോൾ എലീശയെ ബേഥേലിൽ തന്നെ താമസിച്ചുകൊൾവാൻ മൂന്നു പ്രാവശ്യം ഏലീയാവ് പറഞ്ഞു. മൂന്നുപ്രാവശ്യവും ഏലീയാവിനെ വിടുകയില്ലെന്നു എലീശാ നിർബന്ധം പിടിച്ചു. യോർദ്ദാനിലെത്തിയപ്പോൾ ഏലീയാവ് പുതപ്പുകൊണ്ട് വെള്ളത്തെ അടിച്ചു, ഉണങ്ങിയ നിലത്തന്നപോലെ അവർ നദി കടന്നു. യോശുവയുടെ കാലത്ത് യിസ്രായേൽമക്കൾ നദി കടന്നതും ഇപ്രകാരമായിരുന്നു. യോർദ്ദാൻ കടന്നശേഷം ഏലീയാവു എലീശയോടു: ഞാൻ നിങ്കൽ നിന്നു എടുത്തുകൊളളപ്പെടും മുമ്പെ ഞാൻ നിനക്കു എന്തു ചെയ്ത തരേണം? ചോദിച്ചു കൊൾക എന്നു പറഞ്ഞു. അതിനു എലീശാ: നിന്റെ ആത്മാവിൽ ഇരട്ടിപങ്കു എന്റെ മേൽ വരുമാറാകട്ടെ എന്നു പറഞ്ഞു. (2രാജാ, 2:9). ഇരട്ടിപ്പങ്ക് ആദ്യജാതന്റെ അവകാശമാണ്. ആരോഹണ സമയത്ത് ഏലീയാവിനെ കാണുമെങ്കിൽ എലീശയുടെ ആഗ്രഹം സഫലമാകുമെന്ന് ഏലീയാവ് വാഗ്ദാനം നല്കി. അവർ നടന്നു പോകുമ്പോൾ അഗ്നിരഥവും അഗ്ന്യശ്വങ്ങളും പ്രത്യക്ഷപ്പെട്ട് അവരെ വേർപിരിച്ചു. ചുഴലിക്കാറ്റിൽ ഏലീയാവു സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു. ആ സമയത്ത് വിരഹാർത്തനായ ഒരു കുഞ്ഞിനെപ്പോലെ എലീശാ നിലവിളിച്ചും ‘എന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളും എന്നു നിലവിളിച്ചു.’ ഏലീയാവിൽ നിന്നു വീണ പുതപ്പും എടുത്തു എലീശാ മടങ്ങിപ്പോന്നു. (2രാജാ, 2:1-13). 

ഉദാത്തമായ സ്വഭാവത്തിന്റെ ഉടമയായിരുന്നു ഏലീയാവ് തന്റെ ജീവിതത്തിൻറെ പ്രധാന ലക്ഷ്യം ദൈവനാമത്തിനു വേണ്ടി എരിയുകയായിരുന്നു. ഏലീയാവിൻറ വിശ്വാസത്തെ ഉലയ്ക്കുന്നതിനു യാതൊരു പ്രതിലോമ ശക്തികൾക്കും കഴിഞ്ഞില്ല. രാജകീയാധികാരവും ക്ഷാമവും വരൾച്ചയും പ്രവാചകന്റെ ധൈര്യത്തെ ക്ഷയിപ്പിച്ചില്ല. പാപത്തിൻ്റെ നേർക്ക് ഒടുങ്ങാത്ത രോഷമുണ്ടായിരുന്നു ഏലീയാവിന്. ഒന്നിലധികം പ്രാവശ്യം പ്രവാചകൻ്റെ പ്രാർത്ഥനയിൽ സ്വർഗ്ഗത്തിൽ നിന്നു അഗ്നി ഇറങ്ങി. മൃദുല ഹൃദയനായിരുന്നു ഏലീയാവ്. കുഞ്ഞു നഷ്ടപ്പെട്ടുപോയ വിധവയോടു പ്രവാചകൻ സഹതപിക്കുകയും കുഞ്ഞിനെ ജീവിപ്പിക്കുകയും ചെയ്തു. ഏകാന്ത ജീവിതത്തിലായിരുന്നു പ്രവാചകനു താത്പര്യം. ദൈവത്തിൽ നിന്നു ലഭിക്കുന്ന സന്ദേശം നല്കുന്നതിനു മാത്രമായിരുന്നു മനുഷ്യരുടെ മുമ്പിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. അത്ഭുതം പ്രവർത്തിച്ചു ദൈവത്തിന്റെ അരുളപ്പാട് സ്ഥിരീകരിച്ചശേഷം മനുഷ്യരുടെ ദൃഷ്ടിയിൽ നിന്ന് അപ്രത്യക്ഷനായിരുന്നു. മറുരൂപ മലയിൽവച്ച് മോശെയും ഏലീയാവും പ്രത്യക്ഷപ്പെട്ട് യേശുക്രിസ്തുവിന്റെ നിര്യാണത്തെക്കുറിച്ച് യേശു ക്രിസ്തുവിനോടു സംസാരിച്ചു. (ലൂക്കൊ, 9:31). മരണം കാണാതെ എടുക്കപ്പെട്ട ഏലീയാവിൽ ഭാവി തലമുറകളുടെ പ്രത്യാശ ഘനീഭവിച്ചു. “യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ വരുന്നതിനു മുമ്പ് ഞാൻ നിങ്ങൾക്കു ഏലീയാ പ്രവാചകനെ അയക്കുമെന്നും ഞാൻ വന്നു ഭൂമിയെ സംഹാരശപഥം കൊണ്ട് ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന്നു അവൻ അപ്പന്മാരുടെ ഹൃദയം മക്കളോടും മക്കളുടെ ഹൃദയം അപ്പന്മാരോടും നിരപ്പിക്കും” (മലാ, 4:5-6) എന്നും ഉള്ള വാഗ്ദത്തമാണ് പഴയനിയമപ്രവചനത്തിന്റെ അന്ത്യവാക്യം.

Leave a Reply

Your email address will not be published.