എസ്രാ

എസ്രാ (Eara)

പേരിനർത്ഥം – സഹായം

ബാബേൽ പ്രവാസത്തിൽനിന്നും മടങ്ങിവന്ന യെഹൂദന്മാരിൽ രണ്ടാം സംഘത്തിന്റെ നായകൻ; എസ്രാ എന്ന പുസ്തകത്തിന്റെ കർത്താവ്. അഹരോന്റെ പൗത്രനായ ഫീനെഹാസിന്റെ കുടുംബത്തിൽ സെരായാവിന്റെ പുത്രൻ: (എസ്രാ, 7:1-5). യോശീയാ രാജാവിന്റെ കാലത്തു മഹാപുരോഹിതനായിരുന്ന ഹില്ക്കീയാവിന്റെ പൌത്രനായിരുന്നു സെരായാവ്. മോശയുടെ ന്യായപ്രമാണത്തിൽ വിദഗ്ദ്ധ ശാസ്ത്രിയായിരുന്നു എസ്രാ പുരോഹിതൻ: (എസ്രാ, 7:6,11,12). യഹോവയുടെ ന്യായപ്രമാണം പരിശോധിപ്പാനും അതനുസരിച്ചു നടപ്പാനും യിസ്രായേലിൽ അതിന്റെ ചട്ടങ്ങളും വിധികളും ഉപദേശിപ്പാനും എസ്രാ മനസ്സുവെച്ചു (7:10 ) എന്നു പ്രത്യേകം പറയുന്നുണ്ട്. 

ബി.സി. 597-ൽ ബാബേൽ രാജാവായ നെബുഖദ്നേസർ യെഹൂദന്മാരെ ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോയി. ബി.സി. 539-ൽ ബാബേൽ സാമ്രാജ്യം പാർസിരാജാവായ കോരെശിന് അധീനമായി. യെഹൂദന്മാർക്ക് മടങ്ങിച്ചെന്ന് ദൈവാലയം പണിയുവാനുള്ള അനുവാദം നല്കിക്കൊണ്ടുള്ള കല്പന കോരെശ് ചക്രവർത്തി ബി.സി. 538-ൽ പുറപ്പെടുവിച്ചു. അതനുസരിച്ചു നാല്പതിനായിരത്തിലധികം യെഹൂദന്മാർ യെരുശലേമിലേക്കു മടങ്ങിച്ചെന്നു സെരുബ്ബാബേലിന്റെ നേതൃത്വത്തിൽ ദൈവാലയത്തിന്റെ പണിപൂർത്തിയാക്കി. ശേഷിച്ചവർ പാർസികളുടെ ഭരണത്തിൻ കീഴിൽ യെഹൂദാപാരമ്പര്യം പുലർത്തിക്കൊണ്ടു ബാബേലിൽ തന്നെ സ്വൈരമായി പാർത്തു. ന്യായപ്രമാണത്തിൽ വിദഗ്ദ്ധശാസ്ത്രി ആയിരുന്ന എസ്രായ്ക്ക് ഈ കാലത്തു രാജാവിന്റെ കീഴിൽ ഉന്നതസ്ഥാനം ലഭിച്ചു. അർത്ഥഹ്ശഷ്ടാ രാജാവിന്റെ ഏഴാമാണ്ടിൽ (ബി.സി. 458) എസ്രായ്ക്ക് യെരൂശലേമിൽ പോയി ന്യായപ്രമാണം അനുസരിച്ചു യെഹൂദയിലെയും യെരൂശലേമിലെയും കാര്യങ്ങൾ ക്രമീകരിക്കുവാൻ രാജാവു കല്പന നല്കി. രാജകീയ ഭണ്ഡാരത്തിൽ നിന്നു ലഭിച്ചതും യെഹൂദന്മാരിൽ നിന്നു ഔദാര്യദാനമായി ലഭിച്ചതും ആയ വെള്ളിയും പൊന്നും കൊണ്ടുപോകുന്നതിനും നദിക്കക്കരെയുള്ള ഭരണാധികാരികളിൽ നിന്നു ആവശ്യമായ സമ്പത്തും സാധനങ്ങളും സ്വരൂപിക്കുന്നതിനും രാജാവ് എസ്രായെ അധികാരപ്പെടുത്തി. ദൈവാലയ ശുശ്രൂഷകരെ നികുതിയിൽ നിന്നും പൂർണ്ണമായും ഒഴിവാക്കി. യെഹൂദയിൽ ന്യായപാലനത്തിനു അധികാരികളെയും ന്യായാധിപന്മാരെയും നിയമിക്കാനും ദൈവത്തിന്റെ ന്യായപ്രമാണവും രാജാവിന്റെ ന്യായപ്രമാണവും അനുസരിക്കാത്തവരെ ന്യായം വിസ്തരിച്ചു അവർക്കു മരണമോ, പ്രവാസമോ, പിഴയോ, തടവോ നല്കാനും എസ്രായ്ക്ക് അധികാരം നൽകി: (7:11-28). എസ്രായോടൊപ്പം യെരൂശലേമിലേക്കുപോയ 1754 പുരുഷന്മാരുടെ പട്ടിക എസ്രാ 8-ൽ ഉണ്ട്. നെഹെമ്യാവ് 7-ലും, എസ്രാ 2-ലും ചേർത്തിട്ടുള്ള മടങ്ങിവന്നവരുടെ പൂർണ്ണമായ പട്ടികയിൽ ഇവരും ഉൾപ്പെടുന്നുണ്ട്. 

മടങ്ങിപ്പോകേണ്ട പ്രവാസികളെ എസ്രാ അഹവാ നദിക്കരികെ കൂട്ടിവരുത്തി അവിടെ മൂന്നു ദിവസം പാർത്തു. മടങ്ങിപ്പോകേണ്ടവർ 1754 പേർ ആയിരുന്നു. എന്നാൽ അവരിൽ ലേവ്യർ ആരും ഉണ്ടായിരുന്നില്ല. ലേവ്യർ കൂട്ടമായി പാർത്തിരുന്ന കാസിഫ്യയിലേക്കു എസ്രാ ഒരു പ്രതിനിധി സംഘത്തെ അയച്ചു. 38 ലേവ്യരും 220 ദൈവാലയ ദാസന്മാരും അവരോടൊപ്പം വന്നു. ദൈവാലയത്തിനുള്ള വിലയേറിയ വഴിപാടുകൾ ജാഗ്രതയോടെ സൂക്ഷിച്ചു യെരുശലേമിൽ എത്തിക്കുന്നതിനു പുരോഹിതന്മാരും ലേവ്യരുമായി പന്ത്രണ്ടു പേരെ ചുമതലപ്പെടുത്തി. യാത്രയിൽ സമ്പത്തിന്റെയും ജനത്തിന്റെയും സുരക്ഷയ്ക്കു വേണ്ടി രാജാവിനോടു പടയാളികളെയും കുതിരച്ചേവകരെയും ആവശ്യപ്പെട്ടില്ല. ദൈവത്തിൽതന്നെ പൂർണ്ണമായി ആശ്രയിച്ചു: (8:15-22). ശുഭയാത്രയ്ക്കു വേണ്ടി മൂന്നു ദിവസം ഉപവസിച്ചു പ്രാർത്ഥിച്ചശേഷം അവർ ഒന്നാംമാസം ഒന്നാം തീയതി യാത്ര പുറപ്പെടുകയും അഞ്ചാം മാസം ഒന്നാം തീയതി യെരൂശലേമിൽ എത്തിച്ചേരുകയും ചെയ്തു: (7:8). നാലുമാസം കൊണ്ട് 1400 കി.മീ. സഞ്ചരിച്ചാണ് അവർ വിശുദ്ധ നഗരത്തിലെത്തിയത്. മൂന്നു ദിവസത്തെ വിശ്രമത്തിനു ശേഷം അവർ കൊണ്ടുവന്ന വെള്ളിയും, പൊന്നും, ഉപകരണങ്ങളും തൂക്കി ദൈവാലയാധികാരികളെ ഏല്പിക്കുകയും യഹോവയ്ക്ക് യാഗങ്ങൾ അർപ്പിക്കുകയും ചെയ്തു. അതിനുശേഷം രാജാവിന്റെ കല്പനകൾ സംസ്ഥാനപതിമാർക്കും നാടുവാഴികൾക്കും കൊടുത്തു: (8:31-36). 

രാജകല്പനയനുസരിച്ച് പരമോന്നത ന്യായാധിപതിയായിത്തീർന്ന എസ്രാ ന്യായപ്രമാണ പ്രകാരം യെരുശലേമിലെ കാര്യങ്ങളെ ക്രമീകരിക്കുവാനൊരുമ്പെട്ടു. യെരുശലേമിൽ പാർത്തിരുന്ന യെഹൂദന്മാരിൽ പലരും ദൈവികല്പനയ്ക്കു വിരുദ്ധമായി വിജാതീയസ്ത്രീകളെ വിവാഹം കഴിച്ചിരുന്നു. ഇതു മനസ്സിലാക്കിയ എസ്രാ ദൈവസന്നിധിയിൽ വിലപിച്ച് ആത്മതപനം ചെയ്തു. ദൈവവചനത്തിൽ ഭയമുള്ളവർ എസ്രായുടെ അടുക്കൽ വന്നു. സന്ധ്യായാഗത്തിന്റെ സമയത്തു ആത്മതപനത്തിൽ നിന്നെഴുന്നേറ്റ എസ്രാ മുട്ടുകുത്തി പ്രാർത്ഥിച്ചു. ഈ സമയത്തു ഒരു നല്ലകൂട്ടം യിസ്രായേല്യർ എസ്രായുടെ ചുറ്റും കൂടി. അവരും വളരെയധികം കരഞ്ഞു. ഒടുവിൽ വിജാതീയ സ്ത്രീകളെ ഉപേക്ഷിക്കുന്ന കാര്യത്തിൽ എസ്രാ നേതൃത്വം നല്കണമെന്ന ശെഖന്യാവിന്റെ അഭിപ്രായം സ്വീകരിച്ചു. മൂന്നു ദിവസത്തിനകം എല്ലാ യിസ്രായേല്യരെയും യെരുശലേമിൽ വിളിച്ചു കൂട്ടുന്നതിനു തീരുമാനിച്ചു. ഒമ്പതാം മാസം ഇരുപതാം തീയതി വന്മഴ പെയ്തിട്ടും യിസ്രായേല്യരെല്ലാം കൂടിവരുകയും അവർ തങ്ങളുടെ പാപം ഏറ്റു പറഞ്ഞ് അന്യജാതിക്കാരികളെ വിവാഹം ചെയ്തിരുന്നവർ അവരെ ഉപേക്ഷിക്കുവാൻ തീരുമാനമെടുക്കുകയും ചെയ്തു: (എസ്രാ, 10). ഈ പ്രവർത്തനങ്ങൾക്കെല്ലാം കൂടെ ഏകദേശം എട്ടുമാസം വേണ്ടി വന്നു. 

തുടർന്നു പതിമൂന്നുവർഷം എസ്രാ എന്തുചെയ്തുവെന്നു വ്യക്തമല്ല. എസ്രാ യെരൂശലേമിൽ തന്നെ കഴിഞ്ഞുവോ, അതോ മടങ്ങി ബാബേലിലേക്കു പോയോ എന്നറിയില്ല. എസ്രാ മടങ്ങി ബാബേലിലേക്കു പോകുകയും നെഹെമ്യാവിനോടൊപ്പം തിരികെ വരികയും ചെയ്തു എന്നു കരുതുന്നവരുണ്ട്. യെരൂശലേം മതിലുകളുടെ പൂർത്തീകത്തിനുശേഷം നെഹെമ്യാവിനോടൊപ്പമാണ് പിന്നെ നാം എസ്രായെക്കുറിച്ചു കേൾക്കുന്നത്. എസ്രാ യെരുശലേമിൽ ഉണ്ടായിരുന്നുവെങ്കിൽ നെഹെമ്യാവു വന്നപ്പോൾ കണ്ട ആത്മീയതയുടെ അഭാവം ഉണ്ടാകുമായിരുന്നില്ല. താത്കാലിക ക്രമീകരണങ്ങൾക്കു വേണ്ടിയായിരുന്നു രാജാവ് എസ്രായെ അയച്ചത്. എന്നാൽ നിർബന്ധ വിവാഹമോചനം നിമിത്തം ജനം എസ്രായിൽ നിന്നകന്നുപോയി എന്നും നെഹെമ്യാവിന്റെ വരവുവരെ എസ്രാ ശാന്തനായി യെരൂശലേമിൽ കഴിഞ്ഞുവെന്നും ചിന്തിക്കുന്നവരുണ്ട്. ന്യായപ്രമാണം വായിക്കുക, വ്യാഖ്യാനിക്കുക, ജനത്തിനു വേണ്ടി പ്രാർത്ഥിക്കുക, മതിൽ പ്രതിഷ്ഠയിൽ സഹകരിക്കുക, നവീകരണത്തിനു നേതൃത്വം നല്കുക എന്നിങ്ങനെ പുരോഹിതശുശ്രൂഷയാണ് എസ്രാ നിർവ്വഹിച്ചുവന്നത്: (നെഹ, 8:9; 12:26). 

അർത്ഥഹ്ശഷ്ടാവ് രണ്ടാമന്റെ കാലത്തിനു മുമ്പ് (ബി.സി. 398) എസ്രാ യെരൂശലേമിൽ വന്നില്ലെന്നു വാദിക്കുന്ന പണ്ഡിതന്മാരുണ്ട്. അവർ തെളിവായി ചൂണ്ടിക്കാണിക്കുന്നതു മൂന്നു ഭാഗങ്ങളാണ്: 1. എസ്രാ 9:9-ൽ നഗരമതിലിനെക്കുറിച്ചു പറയുന്നു. പക്ഷേ നെഹെമ്യാവിന്റെ കാലം വരെ നഗരമതിൽ പണിതിട്ടില്ല. എന്നാൽ അർത്ഥഹ്ശഷ്ടാവ് ഒന്നാമന്റെ കാലത്തു ഒരു വിധത്തിലുള്ള മതിൽ പണിതുവെന്നും (എസ്രാ, 4:12) ആ മതിലിന്റെ നാശത്തിന്റെ സൂചനയാണു എസ്രാ 4:23-ലും നെഹെമ്യാവ് 1:3-ലും കാണുന്നത് എന്നു മനസ്സിലാക്കുമ്പോൾ ഈ വൈരുദ്ധ്യം നീങ്ങും. 2. യെരുശലേമിൽ ഒരു മഹാസഭയെക്കുറിച്ചുള്ള പരാമർശം എസ്രാ 10:1-ൽ ഉണ്ട്. എന്നാൽ പട്ടണത്തിൽ കുറച്ചു ജനമേ ഉള്ളു എന്നു നെഹെ, 4:7-ൽ കാണുന്നു. എസ്രാ 10-ലെ മഹാസഭ യെരൂശലേമിനു ചുറ്റും നിന്നു വന്നവരാണെന്നും നെഹെമ്യാവ് 4:7-ൽ പറഞ്ഞിട്ടുള്ളതു നഗരത്തിനുള്ളിലെ നിവാസങ്ങളെക്കുറിച്ചാണെന്നും മനസ്സിലാക്കുമ്പോൾ ഈ വാദം അസ്ഥാനത്താണെന്നു കാണാം. 3. എല്യാശീബിന്റെ മകനായ യെഹോഹാനൻ എസ്രായുടെ സമകാലികൻ ആയിരുന്നുവെന്നു എസ്രാ 10:6-ൽ നിന്നുമനസ്സിലാക്കാം. എന്നാൽ നെഹെമ്യാവ് 12:22 ൾ,23-ൻ പ്രകാരം യെഹോഹാനാൻ (യോഹാനാൻ) എല്യാശീബിന്റെ ചെറുമകനാണ്. ബി.സി. 408-ൽ യോഹാനാൻ മഹാപുരോഹിതൻ ആയിരുന്നുവെന്നു ബാഹ്യരേഖയുണ്ട്. വളരെ പ്രചാരമുള്ള ഒരു പേരാണു യോഹാനാൻ. എല്യാശീബിനു യോഹാനാൻ, യോയാദാ എന്നീ രണ്ടു പുത്രന്മാരുണ്ടായിരുന്നുവെന്നും യോയാദായ്ക്ക് യോഹാനാൻ എന്ന പേരിൽ ഒരു പുത്രനുണ്ടായിരുന്നുവെന്നും ചിന്തിക്കുന്നതിൽ യുക്തിരാഹിത്യം ഒന്നുമില്ല. ഈ യോഹാനാൻ മഹാ പുരോഹിതനായിരുന്നു. എസ്രാ 10:6-ലെ യോഹാനാൻ തന്റെ കാലത്തു മഹാപുരോഹിതനായിരുന്നുവെന്നു പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധാർഹമാണ്.

Leave a Reply

Your email address will not be published. Required fields are marked *