എസ്ഥേറിലെ ദൈവം

എസ്ഥേറിലെ ദൈവം

‘ദൈവം’ എന്ന പദമില്ലാത്ത രണ്ടു പുസ്തകങ്ങളാണ് എസ്ഥേറും, ഉത്തമഗീതവും. എന്നാൽ, എസ്ഥേറിൻ്റെ പുസ്തകത്തിലുടനീളം അദൃശ്യനായ ദൈവത്തിൻ്റെ പ്രവൃത്തികൾ ദൃശ്യമാണ്. അഹശ്വേരോശ് രാജാവ് (ബി.സി. 486-465) തന്റെ രാജ്യത്തിലെ സകല ജനത്തിനുമായി ഏഴുദിവസം വിരുന്നു കഴിച്ചു. ഏഴാം ദിവസം രാജാവിന്റെ കല്പനയനുസരിച്ചു വിരുന്നുശാലയിൽ വരാൻ വസ്ഥിരാജ്ഞി വിസമ്മതിച്ചു. ഇക്കാരണത്താൽ രാജാവ് അവളെ ഉപേക്ഷിച്ചു. മറ്റൊരു രാജ്ഞിയെ തിരഞ്ഞെടുക്കുന്നതിനായി രാജ്യത്തെ സുന്ദരികളായ എല്ലാ കന്യകമാരെയും തന്റെ മുന്നിൽ കൊണ്ടുവരാൻ രാജാവ് കല്പിച്ചു. അവരിൽ ഹദസ്സെയും ഉണ്ടായിരുന്നു. ഹദസ്സെയെ രാജാവ് തന്റെ രാജിയാക്കി. രാജാവിനെതിരെ നടത്തിയ ഒരു ഗൂഢാലോചനയെ എസ്ഥേറിൻ്റെ വളർത്തച്ഛനായ മൊർദ്ദെഖായി കണ്ടുപിടിച്ചു, എസ്ഥർ മുഖേന രാജാവിനെ അറിയിച്ചു. രാജാവ് ഹാമാനെ സകലപ്രഭുക്കന്മാർക്കും അധിപതിയാക്കി. എല്ലാവരും അവനെ കുമ്പിട്ടു നമസ്കരിച്ചു. പക്ഷേ മൊർദ്ദെഖായി അതിനു കൂട്ടാക്കിയില്ല. ഈ അനാദരവ് ഉദ്യോഗസ്ഥനെ കോപാന്ധനാക്കി. മൊർദ്ദെഖായി ഒരു യെഹൂദനാണെന്നു മനസ്സിലാക്കിയ ഹാമാൻ തന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയതിന്റെ പകരം വീട്ടലായി യെഹുദന്മാരെ മുഴുവൻ നശിപ്പിക്കാൻ തീരുമാനിച്ചു. രാജാവിൽ നിന്നു അനുവാദം നേടി രാജാവിന്റെ അധികാരപത്രവും വാങ്ങി യെഹൂദന്മാരുടെ കൂട്ടക്കൊലയെക്കുറിച്ചു രാജ്യമെങ്ങും വിളംബരം ചെയ്യിച്ചു. സ്വജനത്തിനു വേണ്ടി രാജാവിനോടു അപേക്ഷിക്കണമെന്നു മൊർദെഖായി എസ്ഥറിനെ അറിയിച്ചു. സ്വന്തം ജീവനു നാശം സംഭവിക്കാമായിരുന്നിട്ടും എസ്ഥർ രാജാവിന്റെ മുന്നിൽ എത്തി. രാജാവ് അവളെ അനുകൂലമായി സ്വീകരിച്ചു. യെഹൂദന്മാർക്കുവേണ്ടി അപേക്ഷിക്കുന്നതിനു പകരം അവൾ രാജാവിനെയും ഹാമാനെയും ഒരു വിരുന്നിനു ക്ഷണിച്ചു. ആ വിരുന്നിൽ വച്ചു രാജാവ് അവളോട്: “നിന്റെ അപേക്ഷ എന്ത്?” എന്നന്വേഷിച്ചു. എന്നാൽ അവൾ വീണ്ടും ഒരു വിരുന്നിനു രാജാവിനെയും ഹാമാനെയും ക്ഷണിക്കുകയാണ് ചെയ്തത്. ഹാമാൻ തന്റെ സൗഭാഗ്യത്തിൽ വളരെയധികം ആഹ്ലാദിച്ചു. പക്ഷേ മൊർദ്ദെഖായിയോടുള്ള അയാളുടെ കോപം ആളിക്കത്തുകയായിരുന്നു. മൊർദ്ദെഖായിയെ തൂക്കിക്കൊല്ലുന്നതിനായി ഒരു കഴുമരം നിർമ്മിച്ചു. അന്നു രാത്രി ഉറക്കം വരാത്തതിനാൽ രാജകീയ വൃത്താന്തങ്ങൾ വായിച്ചു കേൾക്കാൻ രാജാവ് ആഗ്രഹിച്ചു. തനിക്കെതിരെ നടത്തിയ വധശ്രമത്തെക്കുറിച്ചുള്ള വിവരം മൊർദ്ദെഖായി നല്കിയ ഭാഗം വായിച്ചുകേട്ടപ്പോൾ രാജാവു മൊർദ്ദെഖായിക്കു എന്തു പ്രതിഫലം നലകി എന്നന്വേഷിച്ചു. ഒന്നും നല്കിയില്ല എന്ന മറുപടിയാണു അദ്ദേഹത്തിനു ലഭിച്ചത്. പ്രഭാതത്തിനു മുമ്പായിരുന്നു അത്. മൊർദ്ദഖായിയെ തൂക്കിക്കൊല്ലുന്നതിനുള്ള അനുവാദം വാങ്ങുന്നതിനുവേണ്ടി ഹാമാൻ പുറത്തുവന്നു നിൽക്കയായിരുന്നു. രാജാവ് അയാളെ വിളിപ്പിച്ചു അയാളോടു “രാജാവു ബഹുമാനിപ്പാൻ ഇച്ഛിക്കുന്ന പുരുഷനു എന്തെല്ലാമാണ് ചെയ്തുകൊടുക്കേണ്ടത്” എന്നു ചോദിച്ചു. ആ പുരുഷൻ താനായിരിക്കും എന്നു തെറ്റിദ്ധരിച്ച ഹാമാൻ തനിക്കു സങ്കല്പിക്കാവുന്ന മെച്ചമായ കാര്യങ്ങൾ തിരുമുമ്പിൽ ഉണർത്തിച്ചു. ആവിധം തന്നെ മൊർദ്ദഖായിയെ ബഹുമാനിപ്പാൻ രാജാവു ഹാമാനെ ചുമതലപ്പെടുത്തി. രണ്ടാമത്തെ വിരുന്നിലും രാജാവിനോടൊപ്പം ഹാമാൻ സംബന്ധിച്ചു. വിരുന്നിന്റെ സമയത്തു എസ്ഥർ രാജ്ഞിയുടെ ആഗ്രഹം എന്താണെന്നു രാജാവന്വേഷിച്ചു. യെഹൂദന്മാരെ നശിപ്പിക്കാനുള്ള പദ്ധതിയെക്കുറിച്ചും അതിന്റെ സൂത്രധാരനായ ഹാമാനെക്കുറിച്ചും എസ്ഥർ രാജാവിനെ ബോധ്യപ്പെടുത്തുകയും പ്രസ്തുത നാശത്തിൽ നിന്നും തന്നെയും തന്റെ ജനത്തെയും രക്ഷിക്കണമെന്നു രാജാവിനോട് അപേക്ഷിക്കുകയും ചെയ്തു. ഇതു കേട്ട് കോപാകുലനായ രാജാവ് എഴുന്നേറ്റ് ഉദ്യാനത്തിലേക്കു പോയി. വരാൻപോകുന്ന അനർത്ഥം മനസ്സിലാക്കിയ ഹാമാൻ എസ്ഥറിനോടു ജീവരക്ഷയ്ക്കു വേണ്ടി അപേക്ഷിക്കനൊരുങ്ങി. രാജാവു വീണ്ടും വിരുന്നു ശാലയിലേക്കു വന്നപ്പോൾ എസ്ഥറിന്റെ മെത്തമേൽ ഹാമാൻ വീണുകിടക്കുന്നതു കണ്ടു. ഹാമാൻ രാജ്ഞിയെ ബലാത്ക്കാരം ചെയ്യുമോ എന്നു രാജാവു സംശയിച്ചു. ഉടൻതന്നെ മൊർദ്ദെഖായിക്കുവേണ്ടി ഹാമാൻ നാട്ടിയ കഴുമരത്തിൽ ഹാമാനെ തൂക്കിക്കൊന്നു. സ്വയം രക്ഷിക്കുവാൻ യെഹൂദന്മാർക്കു അനുവാദം നല്കുന്ന മറ്റൊരുവിധിയും രാജാവു പ്രസ്താവിച്ചു. ഹാമാന്റെ പത്തു പുത്രന്മാരെയും യെഹൂദന്മാർകൊന്നു. തങ്ങളുടെ ഈ വിജയം എല്ലാവർഷവും ആദാർമാസം 14, 15 എന്നീ തീയതികളിൽ പൂരീം എന്ന പേരിൽ യെഹൂദന്മാർ അഘോഷിച്ചു വരുന്നു. പുസ്തകത്തിൽ ‘ദൈവം’ എന്ന പദമില്ലെങ്കിലും ഒരു അടിമ പെൺകുട്ടിയായ ഹദസ്സ എന്ന എസ്ഥേറിലൂടെ യെഹൂദന്മാർക്ക് നൽകിയ വിജയത്തിൻ്റെ സ്മാരകമായ ‘പൂരീം’ പെരുന്നാൾ, സർവ്വശക്തനായ ദൈവത്തിൻ്റെ ശക്തിയും മഹത്വവും വിളിച്ചറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *