എഫെസ്യർ

എഫെസ്യർക്കു എഴുതിയ ലേഖനം (Book of Ephesians)

പുതിയനിയമത്തിലെ പത്താമത്തെ പുസ്തകം. അപ്പൊസ്തലനായ പൗലൊസിന്റെ ലേഖനങ്ങളിൽ വച്ച് ഉദാത്തവും ഉൽക്കൃഷ്ടവുമായ എഫെസ്യലേഖനം ‘ലേഖനങ്ങളുടെ രാജ്ഞി’ എന്ന അപരാഭിധാനത്താൽ അറിയപ്പെടുന്നു. കൊലൊസ്യ ലേഖനത്തിൽ സഭയുടെ ശിരസ്സായ ക്രിസ്തുവിന്റെ മഹത്വവും എഫെസ്യലേഖനത്തിൽ ക്രിസ്തുവിന്റെ ശരീരമായ സഭയുടെ വൈശിഷ്ട്യവുമാണ്. കൊലൊസ്യ ലേഖനം എഴുതുവാൻ പ്രേരിതമായ വാദ്രഗ്രസ്തമായ പ്രക്ഷുബ്ധാവസ്ഥയ്ക്കു ശേഷം ഉണ്ടായ പ്രശാന്താവസ്ഥയിലാണ് പൗലൊസ് എഫെസ്യലേഖനം എഴുതിയത്. ദൈവത്തിന്റെ അനാദിനിർണ്ണയമായ സഭയുടെ സ്ഥാപനവും പൂർത്തീകരണവും, ക്രിസ്തുവിനോടുള്ള ഐക്യത്തിൽ വിശ്വാസിക്കു ലഭ്യമായ ധനമാഹാത്മ്യവും ഈ ലേഖനം അനാവരണം ചെയ്യുന്നു. 

ഗ്രന്ഥകർത്താവ്: ലേഖനത്തിന്റെ പ്രാരംഭത്തിൽ എഴുത്തുകാരൻ ദൈവേഷ്ടത്താൽ അപ്പൊസ്തലികാധികാരം പ്രാപിച്ചവനാണെന്നു പ്രസ്താവിക്കുന്നു. (1:1). കൂടാതെ  ‘പൗലൊസ് എന്ന ഞാൻ’ എന്നു 3:1ലും പറയുന്നുണ്ട്. മറ്റു ലേഖനങ്ങളിലെന്ന പോലെ പൗലൊസ് ഈ ലേഖനത്തിലും വന്ദനത്തോടൊപ്പം കൃപയും സമാധാനവും ആശംസിക്കുന്നു. (1:2). ‘ക്രിസ്തുയേശുവിന്റെ ബദ്ധൻ’ എന്നു പൗലൊസ് സ്വയം വിശേഷിപ്പിക്കുന്നു. (3:1; 4:). എഫെസ്യ ലേഖനത്തിൽ ഉത്തമപുരുഷ സർവ്വനാമത്തിലുള്ള പ്രയോഗങ്ങൾ ധാരാളമുണ്ട്. അനുവാചകരുടെ വിശ്വാസവും വിശുദ്ധന്മാരോടുള്ള സ്നേഹവും ഞാൻ കേട്ടു (1:5), അവയ്ക്കുവേണ്ടി ഇടവിടാതെ സ്തോത്രം ചെയ്യുന്നു (1:16) എന്നിങ്ങനെ വ്യക്തിപരമായ ബന്ധത്തിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധേയമാണ്. ഞാൻ ചങ്ങലധരിച്ചു സ്ഥാനപതിയായി സേവിക്കുന്ന സുവിശേഷം ഞാൻ പ്രാഗത്ഭ്യത്തോടെ സംസാരിക്കാൻ പ്രാർത്ഥനയ്ക്ക് അപേക്ഷിക്കുന്നു (6:19,20) എന്നു ലേഖനത്തിന്റെ ഒടുവിലുണ്ട്. ഈ ലേഖക-അനുവാചക ബന്ധം പൗലൊസിന്റെ എഴുത്തുകളുടെ സവിശേഷ സ്വഭാവമാണ്. പൗലൊസിന്റെ മറ്റുലേഖനങ്ങളുടെ സംവിധാനം തന്നെയാണ് എഫെസ്യലേഖനത്തിനും. വന്ദനവും സ്തോത്രവും കൊണ്ടാരംഭിക്കുന്നു; ഉപദേശസ്ഥാപനം, ധാർമ്മികോദ്ബോധനം എന്നിവയ്ക്കുശേഷം സമാപന വന്ദനവും ആശീർവാദവും കൊണ്ടവസാനിക്കുന്നു. എഫെസ്യലേഖനത്തിനു കൊലൊസ്യ ലേഖനത്തോടുള്ള സാമ്യം അവഗണിക്കാവുന്നതല്ല. എഫെസ്യലേഖനത്തിലെ 155 വാക്യങ്ങളിൽ (സ.വേ.പു. 154) 78 എണ്ണം വ്യത്യസ്തരൂപത്തിൽ കൊലൊസ്യ ലേഖനത്തിൽ കാണാം. കൊലൊസ്യ ലേഖനം എഴുതി ഏറെക്കഴിയും മുമ്പു എഫെസ്യലേഖനം എഴുതിയതാണിതിനു കാരണം. 

പൗലൊസിന്റെ കർത്തൃത്വത്തിന് ഉപോദ്ബലകമായ ബാഹ്യതെളിവുകളുമുണ്ട്. മാർസിയന്റെ (എ.ഡി.140) കാനോനിൽ ‘ലവോദിക്യർ’ എന്ന ശീർഷകത്തിൽ ഈ ലേഖനം ചേർത്തിട്ടുണ്ട് അപ്പൊസ്തലനായ പൗലൊസിനെ മാത്രമേ മാർസിയൻ ആധികാരികമായി അംഗീകരിച്ചിരുന്നുള്ളൂ. മുറട്ടോറിയൻ കാനോനിലും (എ.ഡി. 180) പൗലൊസിന്റെ ലേഖനങ്ങളോടൊപ്പം ഇത് ചേർത്തിട്ടുണ്ട്.  റോമിലെ ക്ലെമന്റ്, പോളിക്കാർപ്പ്, ഐറീനിയസ് , അലക്സാണ്ട്രിയയിലെ ക്ലെമന്റ്, തെർത്തുല്യൻ തുടങ്ങിയവർ എഫെസ്യലേഖനത്തിൽ നിന്നുദ്ധരിക്കുകയോ, ലേഖനത്തെ പരാമർശിക്കുകയോ ചെയ്തിട്ടുണ്ട്. ആഭ്യന്തരവും ബാഹ്യവുമായ തെളിവുകൾ പൗലൊസിന്റെ കർതൃത്വത്തിന് അനുകൂലമാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യപാദം മുതലുള്ള ലിബറൽ ചിന്തകന്മാർ മാത്രമേ പൗലൊസിന്റെ കർത്തൃത്വത്തിനെതിരെ സംശയം ഉന്നയിച്ചിട്ടുള്ളൂ. പൗലൊസിന്റെ കർത്തൃത്വം നിഷേധിക്കുകയാണെങ്കിൽ എഫെസ്യ ലേഖനത്തിന്റെ കർത്താവായി ആത്മീയ, വൈജ്ഞാനിക മണ്ഡലങ്ങളിൽ പൗലൊസിനു സമശീർഷനായ ഒരുവ്യക്തിയെ അവതരിപ്പിക്കേണ്ടിവരും. എന്നാൽ അദ്യത്തെ രണ്ടു നൂറ്റാണ്ടുകളിൽ ഇമ്മാതിരിലേഖനം എഴുതുവാൻ കഴിവുള്ള ഒരു വ്യക്തി പ്രഭയെ നാം കാണുന്നില്ല. 

എഴുതിയ കാലം: റോമിലെ ക്ലെമെന്റ് എഫെസ്യലേഖനത്തിൽ നിന്നുദ്ധരിച്ചിട്ടുള്ളതു കൊണ്ട് എ.ഡി. 95-നു മുമ്പ് ലേഖനം എഴുതപ്പെട്ടു എന്നതു വ്യക്തമാണ്. പൗലൊസിന്റെ കർത്തൃത്വം നിഷേധിക്കുന്നർ പൊതുവെ അംഗീകരിക്കുന്നത് എ.ഡി. 90-ആണ്. ലേഖനം എഴുതുന്ന കാലത്ത് പൗലൊസ് ബദ്ധനായിരുന്നു. (3:1; 4:1; 6:19). കൊലൊസ്യ ലേഖനവും ഫിലേമോന്റെ ലേഖനവും കൊണ്ടുപോയ തിഹിക്കൊസു തന്നെയാണ് എഫെസ്യലേ ലേഖനവും കൊണ്ടുപോയത്. (കൊലൊ, 4:7-9; എഫെ, 6:21). മൂന്നു ലേഖനങ്ങളുടെയും ഉള്ളടക്കത്തിലും വലിയ വ്യത്യാസമില്ല. തന്മൂലം മൂന്നു ലേഖനങ്ങളും റോമിലെ കാരാഗൃഹത്തിൽ വച്ച് പൗലൊസ് എഴുതി എന്നു കരുതപ്പെടുന്നു. എ.ഡി . 62/63 ആയിരിക്കണം രചനാകാലം. 

അനുവാചകർ: അധികം കൈയെഴുത്തു പ്രതികളിലും പ്രാചീന ഭാഷാന്തരങ്ങളിലും എഫെസ്യർ 1:1-ൽ ‘എഫെസൊസിൽ ഉള്ള’ എന്ന പ്രയോഗം ഉണ്ട്. എന്നാൽ വത്തിക്കാൻ, സീനായി ഗ്രന്ഥങ്ങളിലും മറ്റു ചില കൈയെഴുത്തു പ്രതികളിലും പ്രസ്തുത്രപ്രയോഗം വിട്ടുകളഞ്ഞിരിക്കുന്നു. സത്യവേദപുസ്തകത്തിൽ സന്ദേഹസൂചകമായി അത് ചതുരകോഷ്ഠത്തിൽ കൊടുത്തിരിക്കുന്നു. തന്റെ അറിവിൽപ്പെട്ടിട്ടുള്ള പ്രാചീനതമങ്ങളായ ഹസ്തലിഖിതങ്ങളിൽ ഈ പ്രയോഗം ഇല്ലായിരുന്നു എന്ന് ബേസിൽ പ്രസ്താവിച്ചിട്ടുണ്ട്. മാർസിയോൻ ഇതിനെ ‘ലവോദിക്യർക്കുള്ള ലേഖനം’ എന്നു വിളിച്ചു. ചിലപ്പോൾ ഇദ്ദേഹത്തിന്റെ കൈയിൽ ലഭിച്ച കൈയെഴുത്തുപ്രതി എഫെസ്യർ 1:1-ൽ ‘ലാവോദിക്യർക്കുള്ളതു’ എന്നു ചേർത്തതായിരിക്കണം. ‘എഫെസൊസിൽ ഉള്ള’ എന്ന പ്രയോഗം 1:1-ൽ നിന്നും ഉപേക്ഷിക്കപ്പെട്ടാൽ എഫെസൊസിനെക്കുറിച്ചുള്ള പരാമർശമോ, വ്യക്തിപരമായ വന്ദനങ്ങളോ ഈ ലേഖനത്തിലില്ല. ആ നിലയ്ക്കു 1:15; 3:2; 4:21 തുടങ്ങിയ വാക്യങ്ങൾ വ്യാഖ്യാനിക്കുക പ്രയാസമാവും. എഫെസൊസിലെ വിശ്വാസികളുടെ ഇടയിൽ പൗലൊസ് മൂന്നു വർഷത്തോളം അദ്ധ്വാനിച്ചതാണ്. (പ്രവൃ, 19:1-20; 20:31). ഏതെങ്കിലും പ്രദേശിക സഭയെക്കുറിച്ചോ, വ്യക്തികളെക്കുറിച്ചോ പരാമർശിക്കാത്തതു കൊണ്ട് ഏഷ്യാമൈനറിലെ ഒരുകൂട്ടം സഭകൾക്കു വേണ്ടി പൊതുവായി എഴുതി എന്നും ഒരു സ്ഥലം സഭയിൽ വായിക്കുമ്പോൾ 1:1-ൽ പ്രസ്തുത പ്രാദേശിക സഭയുടെ പേരു ചേർത്തു വായിച്ചുവന്നു എന്നും കരുതുന്നതിൽ തെറ്റില്ല. 

പശ്ചാത്തലം: എ.ഡി. 61-ൽ പൗലൊസ് റോമിൽ തടവുകാരനായിരുന്നു. (പ്രവൃ, 28:30,31). ഫിലേമോന്റെ ദാസനായ ഒനേസിമൊസ് ഓടിപ്പോയി. പൗലൊസ് തടവിൽ വച്ച് അവിനെ ക്രിസ്തുവിങ്കലേക്കു കൊണ്ടുവന്നു. ‘അവൻ ഇനി ദാസനല്ല ദാസനു മീതെ പ്രിയ സഹോദരൻ തന്നേ’ (ഫിലേ, 16) എന്നു എഴുത്തും കൊടുത്തു പൗലൊസ് ഒനേസിമൊസിനെ മടക്കി ഫിലേമോന്റെ അടുക്കലേക്ക് അയച്ചു. ഏതാണ്ട് ഇതേ കാലത്ത് കൊലൊസ്യ സഭയിൽ വ്യാജോപദേശം മൂലമുണ്ടായ പ്രതിസന്ധിയെക്കുറിച്ച് എപ്പഫ്രാസിൽനിന്നും അപ്പൊസ്തലൻ കേട്ടു. ഒനേസിമൊസ് കൊലൊസ്യയിലേക്കു മടങ്ങിയപ്പോൾ, കൊലൊസ്യ സഭയ്ക്ക് ഒരു ലേഖനം കൊടുത്തു പൗലൊസ് തിഹിക്കൊസിനെ അയച്ചു. (കൊലൊ, 4:7-9). തിഹിക്കൊസിന്റെ കൈവശമാണ് എഫെസ്യലേഖനവും കൊടുത്തയച്ചത്. (6:21,22). 

പ്രധാന വാക്യങ്ങൾ: 1. “സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ.” എഫെസ്യർ 1:3.

2. “കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു. ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.” എഫെസ്യർ 2:8,9.

3. “നിങ്ങളെ വിളിച്ചപ്പോൾ ഏകപ്രത്യാശെക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്നു, ആത്മാവു ഒന്നു, കർത്താവു ഒരുവൻ, വിശ്വാസം ഒന്നു, സ്നാനം ഒന്നു, എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” എഫെസ്യർ 4:4-6.

4. “ക്രിസ്തുവിന്റെ ഭയത്തിൽ അന്യോന്യം കീഴ്പെട്ടിരിപ്പിൻ.” എഫെസ്യർ 5:21.

5. “ഒടുവിൽ കർത്താവിലും അവന്റെ അമിത ബലത്തിലും ശക്തിപ്പെടുവിൻ. പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ. നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.” എഫെസ്യർ 6:10-12.

ഉള്ളടക്കം: “സ്വർഗ്ഗത്തിലും ഭൂമിയിലും ഉള്ളതു എല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിച്ചേർക്കുക” എന്ന കാലസമ്പൂർണ്ണതയിലെ വ്യവസ്ഥ വെളിപ്പെടുത്തുകയാണ് എഫെസ്യ ലേഖനം. സഭയെക്കുറിച്ചുള്ള പൂർണ്ണമായ വെളിപ്പാട് ഈ ലേഖനത്തിലാണുള്ളത്. സഭക്രിസ്തുവിന്റെ ശരീരമാണ് (1:23; 4:16; 5:30); ദൈവത്തിന്റെ മന്ദിരമാണ് (2:20-22); ക്രിസ്തുവിന്റെ മണവാട്ടിയാണ് (5:23-32). ഒരു ത്രിയേകദർശനം എഫെസ്യ ലേഖനത്തിലുടനീളം ദൃശ്യമാണ്. (1:5, 12,13; 2:18-20; 3:14-17; 4:4-6). പിതാവായ ദൈവം സഭയായിത്തീരുന്നതിന് വ്യക്തികളെ വിളിക്കുന്നു; പുത്രൻ വീണ്ടെടുത്തു നീതീകരിക്കുന്നു; പരിശുദ്ധാത്മാവു വിശ്വാസികളെ മുദ്രയിടുകയും നടത്തുകയും ചെയ്യുന്നു. എഫസ്യ ലേഖനത്തിൽ രണ്ടു പ്രാർത്ഥന്നെകളുണ്ട്. (1:15-23; 3:14-19). 1-3 അദ്ധ്യായങ്ങൾ ഉപദേശപരവും 4-6 അദ്ധ്യായങ്ങൾ പ്രായോഗികവുമാണ്. 

I. അഭിവാദനം: 1:1-2. 

II. ഉപദേശം: ക്രിസ്തുവിൽ വിശ്വാസിയുടെ നില: 1:3-3:21.

1. വീണ്ടെടുപ്പിന്നായുള്ള സ്തോത്രം: 1:3-14. 

2. ഹൃദയദൃഷ്ടി പ്രകാശിപ്പിക്കേണ്ടതിനുള്ള പ്രാർത്ഥന: 1:15-23. 

3. രക്ഷയിൽ വെളിപ്പെട്ട ദൈവകൃപ: 2:1-10.

4. ക്രിസ്തുവിന്റെ ശരീരത്തിൽ യെഹൂദന്റെയും ജാതികളുടെയും ഐക്യം: 2:11-22.

5. സഭ എന്ന ദൈവ മർമ്മം: 3:1-13.

6. ഈ അനുഗ്രഹങ്ങളെക്കുറിച്ച് അറിയാനുള്ള പ്രാപ്തിക്കുവേണ്ടിയുള്ള പ്രാർത്ഥന: 3:14-19.

7. മഹത്വ പ്രകീർത്തനം: 3:20-21.

III. പ്രായോഗികം: ക്രിസ്തുവിൽ വിശ്വാസിയുടെ ജീവിതം: 4:1-6:20. 

1. വിശുദ്ധന്മാരുടെ നടപ്പ്: 4:1-5:21.

2. ദൈവകുടുംബത്തിന്റെ ചുമതലകൾ: 5:22-6:9.

3. ദൈവത്തിന്റെ പടയാളികൾ എന്നനിലയിൽ പോരാട്ടം: 6:10-20.

IV. ഉപസംഹാരം: 6:21-24.

Leave a Reply

Your email address will not be published.