ഊറീമും തുമ്മീമും

ഊറീമും തുമ്മീമും (Urim and Thummim)

പേരിനർത്ഥം – പ്രകാശങ്ങളും പരിപൂർണ്ണതകളും

എബ്രായജനത ദൈവഹിതം അറിഞ്ഞിരുന്നത് മൂന്ന് മാർഗ്ഗങ്ങളിലൂടെയാണ്. സ്വപ്നങ്ങൾ, ദർശനങ്ങൾ, ഊറീമും തുമ്മീമും. മഹാപുരോഹിതൻ തന്റെ മാർപതക്കത്തിൽ ഊറീമും തുമ്മീമും ധരിച്ചിരുന്നു. (പുറ, 28:30). ഈ മാദ്ധ്യമങ്ങളിലൂടെ ആയിരുന്നു ദൈവാധിപത്യ വ്യവസ്ഥിതിയിൽ പ്രധാനകാര്യങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം എന്തെന്നു മനസ്സിലാക്കി മഹാപുരോഹിതൻ ജനത്തെയും അവരുടെ നേതാക്കന്മാരെയും അറിയിച്ചിരുന്നത്. (സംഖ്യാ, 27:21). രാജവാഴ്ചയുടെ അദ്യഘട്ടത്തിനുശേഷം പ്രവാസാനന്തര കാലംവരെ ഊറീമിനെയും തുമ്മീമിനെയും കുറിച്ചുള്ള പരാമർശം കാണുന്നില്ല. പ്രവാചകന്മാരിലൂടെയുള്ള വെളിപ്പാട് സുലഭമായിരുന്ന അക്കാലത്ത് ഈ മാധ്യമങ്ങൾ ആവശ്യമായിരുന്നില്ല. എന്നാൽ പ്രവാചകന്മാരുടെ യുഗം അവസാനിച്ചപ്പോൾ ഊറീമിന്റെയും തുമ്മീമിന്റെയും ഉപയോഗം പുനരുദ്ധരിക്കുവാൻ ആഗ്രഹിച്ചതായി കാണുന്നു. (എസ്രാ, 2:63; നെഹെ, 7:65).

ഊറീമിനെയും തുമ്മീമിനെയും കുറിച്ചുള്ള ആദ്യപരാമർശം പുറപ്പാട് 28:30-ലാണ്. മഹാപുരോഹിതന്റെ മാർപതക്കത്തിലാണ് ഇവ പതിച്ചിരുന്നത്. യഹോവയുടെ സന്നിധിയിൽ പ്രവേശിക്കുമ്പോൾ അഹരോന്റെ ഹൃദയത്തിൽ ഇവ ഇരിക്കണം. (പുറ, 28:15-30). ഈ ഭാഗത്തു ഇവയെക്കുറിച്ച് ഒരു ചെറിയ വിവരണം പോലും നല്കിയിട്ടില്ല. അക്കാലത്തെ ജനങ്ങൾക്കും മോശെക്കും അവ സുപരിചിതങ്ങളായിരുന്നു. എന്നാൽ ജൊസീഫസ്, ഫിലോ എന്നിവർക്കു പോലും അവ എന്താണെന്നു വ്യക്തമാക്കുവാൻ കഴിഞ്ഞില്ല എന്നതാണു പരമാർത്ഥം. അഹരോനുശേഷം ഇവ മറ്റു പൗരോഹിത്യ ചിഹ്നങ്ങളോടൊപ്പം എലെയാസറിനു ലഭിച്ചു. (സംഖ്യാ, 20:28). അതിനുശേഷം രണ്ടു ഭാഗങ്ങളിൽ കൂടി ഊറീമും തുമ്മീമും പരാമർശിക്കപ്പെട്ടിട്ടുണ്ട്. (സംഖ്യാ, 27:21; ആവ, 33:8,9). ന്യായാധിപന്മാരുടെയും രാജാക്കന്മാരുടെയും കാലയളവിൽ ഒരു പ്രാവശ്യം മാത്രമേ ഊറീമിനെക്കുറിച്ചു പറഞ്ഞിട്ടുള്ളു. (1ശമൂ, 28:6). മഹാപുരോഹിതന്റെ മാറിൽ അണിയുന്ന പന്ത്രണ്ടു രത്നങ്ങൾക്കു സമാനമായി ചിലർ ഊറീമിനെയും തുമ്മീമിനെയും കരുതുന്നു. ജൊസീഫസിന്റെ അഭിപ്രായത്തിൽ ഏഫോദിന്റെ തോളിലുള്ള ഗോമേദകം ആണ്. പ്രശ്നം ചോദിച്ചുകഴിഞ്ഞാൽ ഈ രതത്തിന്റെ ദിവ്യമായ വെളിച്ചം പ്രകാശിക്കുമെന്നും അതനുസരിച്ച് ഉത്തരം നിശ്ചയിക്കാമെന്നും പറയുന്നു. ഒരു വിജയത്തിനുമുമ്പും യാഗം യഹോവയ്ക്ക് സ്വീകാര്യമാവുമ്പോഴും അതിനുതിളക്കം വർദ്ധിക്കുന്നു. ദുഃഖമോ വിപത്തോ ആസന്നമാണെങ്കിൽ രത്നത്തിന്റെ തിളക്കം മങ്ങുന്നു. മറ്റൊരഭിപ്രായമനുസരിച്ച് ഏഫോദിന്റെ മദ്ധ്യത്തിലോ മടക്കുകൾക്കുള്ളിലോ യഹോവയുടെ നാമംകൊത്തിയ കല്ലോ സ്വർണ്ണത്തകിടോ ആണിവ. മീഖായേലിസിന്റെ (Michaelis) അഭിപ്രായത്തിൽ ഊറീമും തുമ്മീമും മൂന്നു കല്ലുകളാണ്. ഒന്നിൽ അതേ എന്നും മറ്റൊന്നിൽ അല്ല എന്നും രേഖപ്പെടുത്തിയിരിക്കും. മൂന്നാമത്തേതു ശുന്യമാണ്. ദൈവഹിതം അറിയാനുള്ള ചീട്ടുകളായി അവയെ ഉപയോഗിച്ചിരുന്നു. രണ്ടിലും ഒരുവശത്തു ഊറീം എന്നും മറുവശത്തു് തുമ്മീം എന്നും എഴുതിയിരുന്നു എന്ന് എച്ച്.എച്ച്. റൌളി (H.H. Rowley) പറയുന്നു. രണ്ടും ഊറീംവശം കാട്ടിയാൽ ഉത്തരം നിഷേധാത്മകമാണ്. രണ്ടും തുമ്മീം വശം കാട്ടിയാൽ ‘അതേ’ എന്നത്രേ. ഒന്നു ഊറീമും മറ്റേത് തുമ്മിമും കാട്ടിയാൽ ഉത്തരമില്ല എന്നർത്ഥം. ഊറീമും തുമ്മീമും ഉപയോഗിച്ച് ഉത്തരമറിയുന്ന വിധം ശമുവേലിന്റെ പുസ്തകത്തിലുണ്ട്. (1ശമൂ, 23:9-12; 30:7,8). ദാവീദ് രാജാവ് അബ്യാഥാർ പുരോഹിതനോടു ഏഫോദ് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഊറീമും തുമ്മീമും ഉള്ള മാർപതക്കം തുന്നിച്ചേർത്തിരുന്ന ഏഫോദ് ആണത്. ഏഫോദ് കൊണ്ടു വന്നശേഷം ദാവീദ് രണ്ടു ചോദ്യങ്ങൾ ദൈവത്തോടു ചോദിച്ചു. 1. താൻ കേട്ടതുപോലെ ശൗൽ രാജാവ് കെയീലയിലേക്കു വരുമോ? 2. കൈയീലാ നിവാസികൾ തന്നെയും തന്റെ ആൾക്കാരെയും ശൗലിന്റെ കയ്യിൽ ഏല്പിച്ചു കൊടുക്കുമോ? ഈ രണ്ടന്വേഷണങ്ങൾക്കും വിധായകമായ ഉത്തരമാണു കിട്ടിയത്. 1. അവൻ വരും, 2. അവർ ഏല്പിച്ചുകൊടുക്കും. ഈ ഉത്തരം ലഭിച്ചപ്പോൾ ദാവീദും ആൾക്കാരും അവിടം വിട്ടുപോയി. രണ്ടാമത്തെ പ്രാവശ്യം അബ്യാഥാർ ഏഫോദു കൊണ്ടുവന്നപ്പോൾ ദാവീദു: ഞാൻ ഇവരെ പിൻതുടരേണമോ? അവരെ എത്തിപ്പിടിക്കുമോ എന്നു ചോദിച്ചു. പിന്തുടരുക; നീ അവരെ നിശ്ചയമായി എത്തിപ്പിടിക്കും; സകലവും വീണ്ടുകൊള്ളും എന്നു മറുപടി ലഭിച്ചു. (1ശമൂ, 30:8) നിഷേധ രൂപത്തിലുള്ള മറുപടി ലഭിച്ചതിനു വ്യക്തമായ ഉദാഹരണങ്ങളില്ല. മറുപടി നൽകുവാൻ വിസമ്മതിച്ച രണ്ടു സന്ദർഭങ്ങൾ പരാമർശിക്കപ്പെട്ടിട്ടുണ്ട്. നിഷേധരൂപത്തിലുള്ള മറുപടിക്കു തുല്യമാണത്: “ഞാൻ ഫെലിസ്ത്യരെ പിന്തുടരേണമോ? നീ അവരെ യിസ്രായേലിന്റെ കൈയിൽ ഏല്പിക്കുമോ എന്നു അരുളപ്പാടു ചോദിച്ചു. എന്നാൽ അന്നു അവനു അരുളപ്പാടു ലഭിച്ചില്ല.” (1ശമൂ, 14:37). രണ്ടാമത്തെ സംഭവം ഫെലിസ്ത്യർ ശുനേമിൽ താവളമടിച്ചപ്പോഴാണ്. ഫെലിസ്ത്യരുടെ വലിയ സൈന്യം ശൗലിനെ ഭയപ്പെടുത്തി. ആശ്വാസപ്രദമായ ഒരു മറുപടി ലഭിക്കമെന്ന പ്രതീക്ഷയിൽ ശൗൽ യഹോവയോടു ചോദിച്ചു. എന്നാൽ, “ശൗൽ യഹോവയോടു ചോദിച്ചാറെ യഹോവ അവനോടു സ്വപനം കൊണ്ടാ ഊറിംകൊണ്ടോ പ്രവാചകന്മാരെ കൊണ്ടോ ഉത്തരം അരുളിയില്ല.” (1ശമൂ, 28:6). ചോദ്യം പുരോഹിതനായ എലെയാസരിനോടു ചോദിക്കുവാൻ യഹോവ യോശുവയോടു കല്പിച്ചു. പുരോഹിതൻ ഊറീം മുഖാന്തരം യഹോവയോടു അരുളപ്പാടു ചോദിക്കണം. അവനും യിസ്രായേൽ മക്കളുടെ സർവ്വസഭയും അവന്റെ വാക്കനുസരിച്ച് പോവുകയും വരികയും വേണം. (സംഖ്യാ, 27:21). ഊറീമും തുമ്മീമും പുരോഹിതനാണ് ഉപയോഗിക്കേണ്ടത്. പുറപ്പാട് 28:30; ലേവ്യർ 8:8 എന്നീ വാക്യങ്ങളനുസരിച്ച് മഹാപുരോഹിതനാണ് അവ ധരിച്ചിരുന്നത്. ലേവ്യഗോത്രത്തിലുള്ള എല്ലാവർക്കും ഇവ ഉപയോഗിക്കാമെന്ന് ഒരു സൂചന ആവർത്തനം 33:8-ൽ ഉള്ളതുപോലെ തോന്നുന്നു. ദേശീയ പ്രാധാന്യമുള്ള ഒരു തീരുമാനത്തിനു വേണ്ടി ജനനായകന്മാരും രാജാക്കന്മാരും സമീപിച്ചിരുന്നത് മഹാപുരോഹിതനെയാണ്. യോശുവ, ശൗൽ, ദാവീദ് എന്നിവർ അപ്രകാരം ചെയ്തതായി കാണുന്നു. പ്രത്യേക വ്യക്തികളുടെ കാര്യത്തിൽ ഊറീമും തുമ്മീമും പ്രയോജനപ്പെടുത്തിയിരുന്നുവോ എന്നത് വ്യക്തമല്ല.

Leave a Reply

Your email address will not be published.