ഉയിർത്തെഴുന്നേറ്റ ക്രിസ്തു

ഉയിർത്തെഴുന്നേറ്റ ക്രിസ്തു 

ക്രിസ്ത്യാനിയുടെ പ്രത്യേകതയും പ്രഭാവവും പ്രത്യാശയും ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തുവാണ്. എന്തെന്നാൽ ലോകാരംഭം മുതൽ ഇന്നുവരെയും രാജാക്കന്മാരും നേതാക്കന്മാരും ധീരന്മാരും വീരന്മാരും മതസ്ഥാപകന്മാരും മഹാന്മാരുമെല്ലാം മരണത്തിലൂടെ എന്നെന്നേക്കുമായി ലോകത്തോടു യാത്രപറഞ്ഞ്, ശരീരത്തിന്റെ പഴയ രൂപമോ ഭാവമോ വീണ്ടും പ്രാപിക്കുവാൻ കഴിയാതെ മണ്ണിൽ അലിഞ്ഞുചേർന്നു മണ്ണായി മാറുന്നു. പുനർജ്ജന്മത്തിൽ വിശ്വസിക്കുകയും പുനർജ്ജനനം നടക്കുന്നുവെന്ന് അവകാശപ്പെടുകയും ചെയ്യുന്നവർ തങ്ങളുടെ പരേതർ വീണ്ടും ഈ ഭൂമിയിൽ ജനിച്ചു വളരുന്നതിനായി കാത്തിരിക്കുന്നവരാണ്. മാനവചരിത്രത്തിൽ കർത്താവായ യേശുക്രിസ്തുവിനെ മാത്രം മരണത്തിന് മണ്ണോടുചേർക്കുവാൻ കഴിഞ്ഞില്ല. യേശുക്രിസ്തുവിനെ ക്രൂശിൽ തറച്ചുകൊന്ന്, അവന്റെ കല്ലറ മുദ്രവച്ച് റോമൻ പടയാളികളെ കാവൽ നിർത്തിയിട്ടും യേശു മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു. പുനർജ്ജനനത്തെ കുറിച്ചുള്ള കഥകൾപോലെ എവിടെയോ ഏതോ ഒരിടത്ത് ശിശുവായി ജനിക്കുകയല്ല, പിന്നെയോ തന്നെ ക്രൂശിക്കുന്നതിനു മുമ്പുള്ള അതേ ശാരീരിക അവസ്ഥയിൽ, ശരീരത്തിനു യാതൊരു ജീർണ്ണതയുമില്ലാതെ യേശു ഉയിർത്തെഴുന്നേറ്റു. യേശുവിന്റെ ജനനത്തിനു നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ അവന്റെ ജനനമരണങ്ങളെക്കുറിച്ച് സർവ്വശക്തനായ ദൈവം പ്രവാചകന്മാരിലൂടെ ലോകത്തെ അറിയിച്ചിരുന്നു. താൻ ക്രൂശിക്കപ്പെടുമെന്നും മൂന്നാം ദിവസം ഉയിർത്തെഴുന്നേല്ക്കുമെന്നും യേശു മുന്നമേ പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ കാവൽക്കാരെയും മുദ്രവച്ച കല്ലറയെയും ഭേദിച്ച്, യേശു മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റു എന്നത് ഒരു മുത്തശ്ശിക്കഥയോ കെട്ടുകഥയോ ആക്കി മാറ്റുവാൻ യെഹൂദാ മതമേധാവികൾ ശ്രമിച്ചുനോക്കി. പക്ഷേ അവർ പരാജയപ്പെട്ടു. ഉയിർത്തെഴുന്നേറ്റ കർത്താവിനെ അനേകർ കണ്ടു. സ്വപ്നത്തിലല്ല, ദർശനത്തിലല്ല, മജ്ജയും മാംസവുമുള്ള മനുഷ്യനായി . ആണിപ്പാടുള്ള കൈകളും കാലുകളും കുത്തിത്തുളച്ച വിലാപ്പുറവുമുള്ള യേശുവിനെ അനേകർ കണ്ടു. (യോഹ, 20:25-27). ഉയിർത്തെഴുന്നേറ്റ യേശു പലരോടും സംസാരിച്ചു. (യോഹ, 20:19-23). ചിലർ യേശുവിനെ സ്പർശിച്ചുനോക്കി. (യോഹ, 20:27). യേശു അവരിൽ നിന്നു വാങ്ങി ഭക്ഷിച്ചു. (ലൂക്കൊ, 24:42,43). യേശു ചിലരോടൊപ്പം നടന്നു. മീൻപിടിക്കുവാൻ പോയ തന്റെ ചില ശിഷ്യന്മാർക്ക് ഭക്ഷണം ഒരുക്കി കാത്തിരുന്നു. (യോഹ, 21:12). അവൻ അഞ്ഞൂറിലധികം പേർക്ക് പ്രത്യക്ഷനാകുകയും താൻ ജീവിച്ചിരിക്കുന്നു എന്നു തെളിയിക്കുകയും ചെയ്തു. (1കൊരി, 15:6). അതേ, ഉയിർത്തെഴുന്നേറ്റ യേശു ഒരു യാഥാർത്ഥ്യമായിരുന്നു. അതുകൊണ്ടാണ് യെഹൂദാസഭ അതിന്റെ സർവ്വശക്തിയുമുപയോഗിച്ച് യേശുവിന്റെ ശരീരം ശിഷ്യന്മാർ മോഷ്ടിച്ചതാണെന്ന് പ്രചരണം നടത്തിയപ്പോൾ അതു ദയനീയമായി പരാജയപ്പെടുവാൻ ഇടയായത്. അതേ, ഉയിർത്തെഴുന്നേറ്റ യേശു ജീവിക്കുന്നു. ഇന്നും ……. എന്നും ……

Leave a Reply

Your email address will not be published. Required fields are marked *