ഉപമകൾ

ഉപമകൾ

‘ഒന്നിനൊന്നോടു സാദൃശ്യം ചൊന്നാലുപമയാമതു’ സാദൃശ്യമൂലകാലങ്കാരമാണ് ഉപമ. ആശയഗ്രഹണത്തിനു സഹായകമായ ഒരു മാർഗ്ഗമാണ് താരതമ്യകഥനം. ഉപമയുടെ ഗ്രീക്കുപദം ‘പാരബൊലീ’ ആണ്. ‘പാരബല്ലോ’ ആണ് ക്രിയാരൂപം. അടുത്തടുത്തു വയ്ക്കുക എന്നാണർത്ഥം. പഠിപ്പിക്കുന്നതിനുവേണ്ടി രണ്ടു കാര്യങ്ങളെ താരതമ്യം ചെയ്യുക അഥവാ വസ്തുക്കളോ വസ്തുതകളോ സമാന്തരമായി പ്രദർശിപ്പിക്കുക എന്നർത്ഥം. പുതിയനിയമത്തിൽ നാല്പത്താറു പ്രാവശ്യം ഈ പ്രയോഗമുണ്ട്. ‘മാഷാൽ’ എന്ന എബ്രായപദത്തിന്റെ തർജ്ജമയാണ് ഗ്രീക്കിലെ പാബൊലി. പഴയനിയമത്തിൽ ‘മാഷാൽ’ പതിനഞ്ചുപ്രാവശ്യം പ്രയോഗിച്ചിട്ടുണ്ട്. മാഷാലിന് മലയാളത്തിലെ ‘ഉപമ’യെക്കാൾ വിപുലമായ അർത്ഥമാണുള്ളത്. സുഭാഷിതം, സദൃശവാക്യം, പഴഞ്ചൊല്ല്, ഉപമ എന്നൊക്കെ അതിനർത്ഥമുണ്ട്. പഴയനിയമത്തിൽ ചിലേടത്ത് മാഷാൽ ഒരു പഴഞ്ചൊല്ലാണ്. 1ശമു, 10:12, 24:13). സംഖ്യാപുസ്തകത്തിൽ അത് പ്രാവചനികമായ രൂപകഭാഷണമാണ്. അതിനെ സുഭാഷിതം എന്നു പരിഭാഷപ്പെടുത്തുന്നു. (23:7,18, 24:3). യെഹെസ്കേൽ പ്രവാചകൻ സാദൃശ്യാർത്ഥത്തിൽ ‘മാഷാൽ’ (ഉപമ) എന്നു പ്രയോഗിക്കുന്നു. (17:2, 21:5, 24:3). അനേകം എഴുത്തുകാർ മാഷാലിനെ ഒരു കവിതയായി പരിഗണിക്കുന്നു. (സംഖ്യാ, 21:27-30, സങ്കീ, 78-2). സാരോപദേശം അഥവാ സദൃശവാക്യം എന്ന അർത്ഥമാണു സദൃശവാക്യത്തിൽ. (10:1, 25:1). കടങ്കഥ അഥവാ ഗുഢകഥനം എന്ന അർത്ഥത്തിലും ‘മാഷാൽ’ പ്രയോഗിച്ചിട്ടുണ്ട്. (സങ്കീ, 49:4, യെഹെ, 17:2, 20:4-9). പാരബൊലി എന്ന വാക്കിന്റെ പര്യായമായി പാരായിമിയ എന്ന പദം പുതിയ നിയമത്തിൽ അഞ്ചുപ്രാവശ്യം കാണുന്നുണ്ട്. (യോഹ, 10:6, 16:25,29, 2പത്രൊ, 2:12). സാദൃശ്യം, സദൃശം എന്നു പരിഭാഷ.

പഴയനിയമത്തിലെ ഉപമകൾ

വക്താവ് – വിഷയം – പറഞ്ഞസ്ഥലം – ബൈബിൾഭാഗം

1. ബിലെയാം — മോവാബ്യരും യിസ്രായേല്യരും — പിസ്ഗാ — (സംഖ്യാ, 23:24).

2. യോഥാം — വൃക്ഷങ്ങൾ ഒരു രാജാവിനെ അഭിഷേകം ചെയ്യുന്നത് – ഗെരിസ്സീംമല — (ന്യായാ, 9:8-15).

3. നാഥാൻ പ്രവാചകൻ — ദരിദന്റെ പെൺകുഞ്ഞാട് — യെരുശലം — (2ശമൂ, 12-1-4).

4. തെക്കോവയിലെ വിധവ — രണ്ടു സഹോദരന്മാരുടെ കലഹം — യെരുശലേം — (2ശമൂ, 14:4-8).

5. യുവാവായ പ്രവാചകൻ — രക്ഷപ്പെട്ട തടവുകാരൻ — ശമര്യയ്ക്കടുക്കൽ — (1രാജാ, 20:35-42).

6. യെഹോവാശ് — മുൾപ്പടർപ്പും ദേവദാരുവും — യെരുശലേം — (2രാജാ, 14:9).

7. യെശയ്യാവ് — കാട്ടുമുന്തിരിങ്ങ വിളഞ്ഞ മുന്തിരിത്തോട്ടം — യെരൂശലേം — (യെശ, 5-1-7).

8. യെഹെസ്ക്കേൽ — മുന്തിരിച്ചെടിയും കഴുകന്മാരും — ബാബേൽ — (യെഹ, 17:3-10).

9. യെഹെസ്ക്കേൽ — ബാലസിംഹങ്ങൾ — ബാബേൽ — (യെഹെ, 19:2-9).

10. യെഹെസ്ക്കേൽ — അടുപ്പത്തുവെച്ച കുട്ടകം — ബാബേൽ — (യെഹെ, 24:3-5).

പുതിയനിയമത്തിലെ ഉപമകൾ

ഉപമകളുടെ ഉപജ്ഞാതാവ് ക്രിസ്തുവല്ല. എന്നാൽ പുതിയനിയമത്തിൽ ക്രിസ്തു അല്ലാതെ ശിഷ്യന്മാരോ അപ്പൊസ്തലന്മാരോ ഉപമ ഉപയോഗിച്ചിട്ടില്ല. ഉപമയിലൂടെ ആശയഗ്രഹണം ലളിതവും സുസാദ്ധ്യവുമാണ്. പരിചിതമല്ലാത്ത ഒന്നിനെ പരിചിതമായ ഒന്നിനോട് താരതമ്യം ചെയാതു കാണിക്കുന്നതാണ് ഉപമ. യേശുക്രിസ്തു യിസ്രായേലിന്റെ രാജാവായി വന്നു. എന്നാൽ അവർ ക്രിസ്തുവിനെ നിരസിച്ചു. അതിനുശേഷമാണ് ക്രിസ്തു ഉപമകളിലൂടെ സംസാരിച്ചത്. ശിഷ്യന്മാർ ക്രിസ്തുവിനോടു ചോദിച്ചു. “അവരോടു ഉപമകളായി സംസാരിക്കുന്നതു എന്ത്?” (മത്താ, 13:10). ക്രിസ്തുവിനെ നിരസിച്ച ജനത്തോട്,, ദോഷവും വ്യഭിചാരവുമുള്ള തലമുറയോട് ആയിരുന്നു ക്രിസ്തു ഉപമകളായി പറഞ്ഞത്. ഇങ്ങനെയുള്ള ഒരു വിഭാഗം ജനത്തോട് ഉപമകളായി സംസാരിക്കുന്നത് എന്തുകൊണ്ടാണെന്ന് ശിഷ്യന്മാർ വിസ്മയത്തോടുകൂടി ചോദിച്ചു. പ്രത്യുത്തരമായി ഉപമകളിലൂടെ പഠിപ്പിക്കുന്നതിന്റെ മുന്നു ഉദ്ദേശ്യങ്ങൾ ക്രിസ്തു വെളിപ്പെടുത്തി: ഒന്ന്; ക്രിസ്തുവിന്റെ മശീഹാ പദവി വെളിപ്പെടുത്തുക: “ഇതു ഒക്കെയും യേശു പുരുഷാരത്തോടു ഉപമകളായി പറഞ്ഞു; ഉപമ കൂടാതെ അവരോടു ഒന്നും പറഞ്ഞില്ല. ‘ഞാൻ ഉപമ പ്രസ്താവിപ്പാൻ വായ്തുറക്കും; ലോകസ്ഥാപനം മുതൽ ഗൂഢമായതു ഉച്ചരിക്കും’ എന്നു പ്രവാചകൻ പറഞ്ഞതു നിവൃത്തിയാകുവാൻ സംഗതിവന്നു.” (മത്താ,13:34-35). “ഞാൻ ഉപമ പ്രസ്താവിപ്പാൻ വായ്തുറക്കും; പുരാതന കടങ്കഥകളെ ഞാൻ പറയും.” (സങ്കീ, 78:2) എന്ന പ്രവചനത്തിന്റെ നിറവേറലാണിത്. തുടർന്ന് യെശയ്യാവാ 6:9-10 ക്രിസ്തു ഉദ്ധരിച്ചു: (മത്താ, 13:14-15). രണ്ട്; വിശ്വസിക്കുന്ന ശ്രോതാവിന് സത്യം വെളിപ്പെടുത്തിക്കൊടുക്കും: “അവൻ അവരോടു ഉത്തരം പറഞ്ഞതു: സ്വർഗ്ഗരാജ്യ ത്തിന്റെ മർമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; അവർക്കോ ലഭിച്ചിട്ടില്ല.” (മത്താ, 13:11). മൂന്ന്; വിശ്വസിക്കാത്തവരിൽ നിന്നു സത്യം മറച്ചുവെക്കുക: “അതുകൊണ്ട് അവർ കണ്ടിട്ടു കാണാതെയും കേട്ടിട്ടു കേൾക്കാതെയും ഗ്രഹിക്കാതെയും ഇരിക്കയാൽ ഞാൻ ഉപമകളായി അവരോടു സംസാരിക്കുന്നു.” (മത്താ, 13:13). ക്രിസ്തുവിന്റെ മിക്ക ഉപമകളും പ്രത്യേകം വിശദീകരണം കൂടാതെ മനസ്സിലാകുന്നവയായിരുന്നു. മനസ്സിലാക്കാൻ പ്രയാസമുള്ള ഉപമകൾ ശിഷ്യന്മാർക്കു യേശു പ്രത്യേകം വിശദീകരിച്ചു കൊടുത്തു.

ഉപമ – വിവക്ഷ – ബൈബിൾഭാഗം

1. വിതയ്ക്കുന്നവൻ — പ്രസംഗിക്കപ്പെടുന്ന വചനവും കേൾവിക്കാരും തമ്മിലുള്ള ബന്ധം — (മത്താ, 13:5-8, മർക്കൊ, 4:3-8, ലൂക്കോ, 8:5-8).

2.കള — നല്ലതും ചീത്തയും തമ്മിലുള്ള കലർപ്പ് — (മത്താ, 13:24-30).

3. കടുകുമണി — സ്വർഗ്ഗരാജ്യത്തിന്റെ ബാഹ്യ വളർച്ച — (മത്താ, 13:31-32, മർക്കൊ, 4:31-32, ലൂക്കോ, 13:19).

4. പുളിച്ച മാവ് — സ്വർഗ്ഗരാജ്യത്തിൽ തിന്മയുടെ പ്രവർത്തനം — (മത്താ, 13:33).

5. ഒളിച്ചുവെച്ച നിധി — രാജ്യത്തിൽ യിസായേലിന്റെ വർത്തമാനകാലസ്ഥിതി — (മത്താ, 13:44).

6. വിലയേറിയ മുത്ത് — രാജ്യത്തിൽ സഭ — (മത്താ, 13:45-46).

7. വീശുവല — നന്മയെയും തിന്മയെയും ഭാവിയിൽ വേർതിരിക്കുന്നത് — (മത്താ, 13:47-50).

8. കാണാതെപോയ ആട് — പാപികളോടുള്ള കർത്താവിന്റെ സ്നേഹം — (മത്താ, 18:12-14, ലൂക്കോ, 15:4-7).

9. കരുണയില്ലാത്ത ദാസൻ — ക്ഷമയുടെ സുവിശേഷ നിയമം — (മത്താ, 18:23-35).

10. മുന്തിരിത്താട്ടത്തിലെ വേലക്കാർ — പത്രൊസിൻ്റെ ചോദ്യത്തിനുള്ള മറുപടി — (മത്താ, 20:1-16).

11. രണ്ടു പുത്രന്മാർ — വേലയെക്കാൾ അനുസരണമാണ് ഉത്തമം — (മത്താ, 21:28-32).

12. കുടിയാന്മാർ — യിസ്രായേലിന്റെ പാപവും പരിത്യാഗവും — (മത്താ, 21:33-46, മർക്കൊ, 12:1-12, ലൂക്കോ, 20:9-19).

13. രാജപുത്രന്റെ കല്യാണം — ദൈവത്തിന്റെ ദീർഘക്ഷമയും നന്മയും നിഷേധിക്കുന്നവരുടെ നിരാസം — (മത്താ, 22:1-14).

14. പത്തുകന്യകമാർ — യിസ്രായേല്യർ കർത്താവിന്റെ വരവിനായി ഒരുങ്ങുന്നത് — (മത്താ, 25:1-13).

15. താലന്തുകൾ — പകലുള്ളപ്പോൾ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത — (മത്താ, 25:14-30).

16. കർഷകൻ അറിയാതെ വളർന്നു വരുന്ന വിത്ത് — വചനത്തിന്റെ അദൃശ്യമായ ശക്തി — (മർക്കൊ, 4:26-29).

17. രണ്ടു കടക്കാർ — ലഭിച്ച കൃപയ്ക്ക് ആനുപാതികമാണ് സ്നേഹം — ലൂക്കോ, 7:41-43).

18. നല്ല ശമര്യൻ — സ്നേഹത്തിനു അതിർ വരമ്പുകളില്ല — (ലൂക്കോ, 10:25-37).

19. അർദ്ധരാത്രിയിലെ സ്നേഹിതൻ — സ്ഥിരോത്സാഹത്തോടെയുള്ള പ്രാർത്ഥന — (ലൂക്കോ, 11:5-8).

20. ധനികനായ മൂഢൻ — ഭക്തിയില്ലാത്തവൻ്റെ സമ്പത്ത് വ്യർത്ഥം — (ലൂക്കോ, 12:16-18).

21. ഫലമില്ലാത്ത അത്തിവൃക്ഷം — യിസായേലിനോടു ദൈവത്തിനുള്ള ദീർഘക്ഷമയും തീക്ഷ്ണതയും — (ലൂക്കോ, 13:6-9).

22. വലിയ അത്താഴം — ക്ഷണം സ്വീകരിക്കാത്തവരെ ഒഴിവാക്കുന്നത് — (ലൂക്കോ, 14:16-24).

23. നഷ്ടപ്പെട്ട ദ്രഹ്മ — പാപികളോടുള്ള കർത്താവിന്റെ സ്നേഹം — (ലൂക്കോ, 15:8-10).

24. മുടിയനായ പുത്രൻ — പാപികളോടുള്ള കർത്താവിൻ്റെ സ്നേഹം — (ലൂക്കോ,15:11-32).

25. അനീതിയുള്ള കാര്യവിചാരകൻ — ക്രിസ്തീയ വിവേകം — (ലൂക്കോ, 16:1-9).

26. ധനവാനും ലാസറും — അവിശ്വാസികൾക്കു ശിക്ഷാവിധിയും വിശ്വാസികൾക്കു പ്രതിഫലവും ഉണ്ടാകും — (ലൂക്കോ, 16:19-31).

27. പ്രയോജനമില്ലാത്ത ദാസന്മാർ — സ്നേഹമില്ലാത്ത സേവനം പ്രശംസാർഹമല്ല — ലൂക്കോ, 17:7-10).

28. അനീതിയുള്ള ന്യായാധിപൻ — മടുത്തുപോകാതെ പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യം — ലൂക്കോ, 18:1-8).

29. പരീശനും ചുങ്കക്കാരനും — പ്രാർത്ഥനയിലുള്ള വിനയം — (ലൂക്കോ, 18:10:14).

30. പത്തു ദാസന്മാരും പത്തു റാത്തൽ വെള്ളിയും — കർത്താവിനായി ക്ഷമയോടെ കാത്തിരിക്കുകയും കർത്താവിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നത് — (ലൂക്കോ, 19:12-17).

യേശുക്രിസ്തുവിന്റെ പല ഭാഷണങ്ങളിലും ഉപമയുടെ അംശങ്ങൾ വ്യക്തമായി നിഴലിക്കുന്നുണ്ട്. അവയെ ഉപമകളായിത്തന്നെ പരിഗണിക്കുന്നവരും ഉണ്ട്:

1. പാറമേലും മണലിന്മേലും പണിത വീട്. (മത്താ, 7:24-27, ലൂക്കൊ, 6:46-49).

2. ചന്തസ്ഥലങ്ങളിലെ കുട്ടികൾ. (മത്താ, 11:16, ലൂക്കൊ, 7:32).

3. അശുദ്ധാത്മാവ്. (മത്താ, 12:34-45, ലൂക്കൊ, 11:24-26).

4. മലമേലിരിക്കുന്ന പട്ടണവും കത്തിച്ച വിളക്കും. (മത്താ, 5:14-15, മർക്കൊ, 4:21, ലൂക്കൊ, 8:16).

5. വീട്ടുടമസ്ഥൻ. (മത്താ, 13:52).

6. മണവാളൻ്റെ തോഴമക്കാർ. (മത്താ, 9:15, മർക്കൊ, 2:19-20, ലൂക്കൊ, 5:34-35).

7. തുന്നിച്ചേർത്തവസ്ത്രം. (മത്താ, 9:16, മർക്കൊ, 2:21, ലൂക്കൊ, 5:36).

8. പഴയതുരുത്തിയും പുതിയ തുരുത്തിയും. (മത്താ, 9:17, മർക്കൊ, 2:22, ലൂക്കൊ, 5:37).

9. കൊയ്ത്തും ജോലിക്കാരുടെ അഭാവവും. (മത്താ, 9:37, ലൂക്കൊ, 10:2).

10. പ്രതിയോഗി. (മത്താ, 5:25, ലൂക്കൊ, 12:58).

11. ഇടുങ്ങിയ വഴി. (മത്താ, 7:14, ലൂക്കൊ, 13:24).

12. ഗോപൂരനിർമ്മാണം. (ലൂക്കൊ, 14:28-30).

13. യുദ്ധത്തിനു പോകുന്ന രാജാവ്. (ലൂക്കൊ, 14:31-32).

14. അത്തിമരം. (മത്താ, 24:32-35, മർക്കൊ, 13:28-31, ലൂക്കൊ, 21:29-33).

15. ഉണർന്നിരിക്കുന്ന ഭത്യന്മാർ. (മർക്കൊ, 14:34-35).

16. വിശ്വസ്തരും അവിശസ്തരുമായ ഭൃത്യർ. (മത്താ, 24:45-48).

17. ഉണർന്നിരിക്കുന്ന വീട്ടുടമസ്ഥൻ. (മത്താ, 24:43, ലൂക്കൊ, 12:39).

ഉപമകളെക്കൂടാതെ അന്യാപദേശങ്ങളും ഉണ്ട്. ഉദാ: മുന്തിരിവള്ളിയും കൊമ്പുകളും. (യോഹ, 15:1-8). ആടുകളും ഇടയനും. (യോഹ, 10:1:16).

Leave a Reply

Your email address will not be published. Required fields are marked *