ഉത്സവങ്ങൾ

ഉത്സവങ്ങൾ (Feasts)

മതപരമായ സന്തോഷത്തിന്റെയും ഉല്ലാസത്തിന്റെയും വേളകളാണ് ഉത്സവങ്ങൾ. ഉത്സവത്തെ കുറിക്കുന്ന എബ്രായപദങ്ങളിൽ എറ്റവും പ്രധാനം ‘ഹാഗ്’ ആണ്. ‘നൃത്തം ചെയ്യുക’ എന്നതേ ധാത്വർത്ഥം. പഴയനിയമത്തിൽ 62 പ്രാവശ്യം ഹാഗ് പ്രയോഗിച്ചിട്ടുണ്ട്. തീർത്ഥാടനമായിപ്പോയി ഉത്സവം ആചരിക്കുക എന്ന ആശയമാണ് ആദ്യപ്രയോഗത്തിൽ കാണുന്നത്. മോശെ പറഞ്ഞു: “ഞങ്ങൾക്കു യഹോവയുടെ ഉത്സവമുണ്ടാകകൊണ്ടു ഞങ്ങൾ ഞങ്ങളുടെ ബാലന്മാരും വൃദ്ധന്മാരും പുത്രന്മാരും പുത്രിമാരുമായി പോകും; ഞങ്ങളുടെ ആടുകളെയും കന്നുകാലികളെയും കൂടെ കൊണ്ടുപോകും.” (പുറ, 10:9). നൃത്തം ഘോഷയാത്ര എന്നിവയോടു കൂടെ തീർത്ഥാടനോത്സവമായി ആചരിക്കുന്ന മൂന്നു വാർഷികോത്സവങ്ങളെയാണു പ്രായേണ ‘ഹാഗ്’ വിവക്ഷിക്കുന്നത്.

ഉൽപത്തി, ഉദ്ദേശ്യം, ഉള്ളടക്കം എന്നിവയിൽ യിസ്രായേല്യരുടെ ഉത്സവങ്ങൾ വിജാതീയരുടെ ഉത്സവങ്ങളിൽ നിന്നും വ്യത്യസ്തമാണ്. ചില ഉത്സവങ്ങൾ ഋതുക്കളുമായി ബന്ധപ്പെട്ടു വരുന്നെങ്കിലും, പൗരാണിക മദ്ധ്യപൂർവ്വ ദേശമതങ്ങളിലെ ഉത്സവങ്ങളെപ്പോലെ ഋതുക്കളുടെ പശ്ചാത്തലത്തിൽ ഉണ്ടായവയല്ല. മനുഷ്യരോടൊപ്പം തിന്നു കടിച്ചു ആനന്ദിക്കുന്നവരാണ് പരകീയ ദേവന്മാർ. യിസ്രായേല്യരെ സംബന്ധിച്ചിടത്തോളം മനുഷ്യന്റെ നന്മയ്ക്കും ഗുണത്തിനും വേണ്ടി ദൈവം സൃഷ്ടിച്ചതാണ് ഋതുക്കളും കാലങ്ങളും. ഉത്സവങ്ങൾ ആചരിക്കുന്നതിലൂടെ ദൈവം തങ്ങളുടെ സംരക്ഷകനും, പരിപാലകനും ആണെന്നു സാക്ഷ്യപ്പെടുത്തുകയും, ഈ ഭൂമിയിൽ വ്യക്തിപരമായി ഇടപെട്ടു തങ്ങളെ വീണ്ടെടുത്ത് തിരഞ്ഞെടുക്കപ്പെട്ട ജാതിയായി മാറ്റിയ ദൈവത്തിന്റെ ആർദ്രസ്നേഹത്തെ യിസ്രായേൽ മക്കൾ ഏറ്റു പറയുകയും ചെയ്യുന്നു. (പുറ, 10:2, 12:8-9,11,14, ലേവ്യ, 23;5, ആവ, 16:6,12). ഉത്സവം വെറും ഉല്ലാസപരം മാത്രമല്ല, മതപരവും നൈതികവും ആണ്. ചെയ്തുപോയ തെറ്റുകൾക്കും കുറ്റങ്ങൾക്കും പ്രായശ്ചിത്തം ചെയ്യുക, ന്യായപ്രമാണത്തോടുള്ള അനുസരണം ഏറ്റു പറയുക (പുറ, 13:9, സെഖ, 8:9), യാഗംകഴിച്ചു പാപക്ഷമയും ദൈവത്തോടു നിരപ്പും പ്രാപിക്കുക (ലേവ്യ, 17:11, സംഖ്യാ, 28:22, 29:7-11, 2ദിന, 30:22, യെഹെ, 95:17,20) എന്നിവ ഉത്സവവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിശുദ്ധ കൂട്ടായ്മയ്ക്കായി ജനം വിളിച്ചു കൂട്ടപ്പെടുന്നതിനായി ദൈവം നിയമിച്ച അവസരങ്ങളാണ് ഉത്സവങ്ങൾ. ദൈവവദത്തമായ ഭൗമികാനുഗ്രഹങ്ങൾ അനുഭവിച്ചു ആനന്ദിക്കുന്നതു ആത്മീയമായ അന്തർധാരയ്ക്കു വിഘ്നമായി തിരുവെഴുത്തുകൾ വെളിപ്പെടുത്തുന്നില്ല. ദൈവകല്പനയ്ക്ക് വിരുദ്ധമായ ഉത്സവങ്ങളിൽ മാത്രമാണു യിസായേല്യർ തിന്നുകയും കുടിക്കുകയും കളിക്കുകയും ചെയ്തത്. “പിറ്റെന്നാൾ അവർ അതികാലത്തു എഴുന്നേറ്റു ഹോമയാഗങ്ങൾ കഴിച്ചു സമാധാന യാഗങ്ങളും അർപ്പിച്ചു; ജനം ഭക്ഷിപ്പാനും കുടിപ്പാനും ഇരുന്നു കളിപ്പാൻ എഴുന്നേറ്റു.” (പുറ, 32:6). ദൈവഹിതമല്ലാത്ത ഉത്സവത്തെപ്പറ്റിയുള്ള അന്യപരാമർശം യൊരോബെയാം പ്രതിഷ്ഠിച്ച കാളക്കുട്ടി ആരാധനയുമായി ബന്ധപ്പെട്ടുള്ളതാണ്. (1രാജാ, 12:32-33). പ്രവാചകന്മാർ ഉത്സവങ്ങളെ ധിക്കരിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല. ധാരാളം യിസ്രായേല്യർ ആത്മീയഉദ്ദേശ്യം മറന്നാണ് ഉത്സവം ആചരിച്ച്ത്. അതിനെയാണ് പ്രവാചകന്മാർ കുറ്റപ്പെടുത്തിയതുത്. (യെശ, 1:13-20). യേശുവും ഭക്തിയുള്ള പുരുഷന്മാരും അത്മീയദർശനത്തോടും വീക്ഷണത്തോടും കൂടെ പഴയനിയമവ്യവസ്ഥയിലുള്ള ഉത്സവങ്ങൾ ആചരിച്ചതായി കാണാം. (ലൂക്കൊ, 2:41, 22:8, യോഹ, 4:45, 5:1, 7:2,11, 12:20). ഉത്സവം മുടക്കുന്നതു വലിയ നഷ്ടമായി കരുതപ്പെട്ടിരുന്നു. (സംഖ്യാ, 9:7).

ഉത്സവങ്ങളിലോരോന്നും ആചരിക്കേണ്ട തീയതി ഏഴു എന്നു സംഖ്യയുടെ പ്രഭാവത്തെ പ്രസ്പഷ്ടമാക്കുന്നു. എല്ലാ ഏഴാം ദിവസവും, ഏഴാം മാസവും, ഏഴാംവർഷവും, ഏഴേഴു വർഷങ്ങൾക്കുശേഷം വരുന്ന വർഷവും ഓരോ ഉത്സവമാണ്. പെസഹയും കൂടാരപ്പെരുന്നാളും ഏഴുദിവസം നീണ്ടു നില്ക്കും. ഒരു വർഷത്തിലെ പ്രത്യേക സഭായോഗങ്ങൾ ഏഴത്രേ. പെസഹയ്ക്കു രണ്ടു, പെന്തെക്കൊസ്തിനു ഒന്നു, കാഹളനാദോത്സ്വത്തിനു ഒന്നു, പാപപരിഹാരദിവസത്തിനു ഒന്നു, കൂടാരപ്പെരുന്നാളിനു രണ്ട്. ന്യായപ്രമാണം വ്യവസ്ഥാപനം ചെയ്ത ഉത്സവങ്ങൾ രണ്ടു ഗണങ്ങളാണ്: സപ്തകവും (ശാബ്ബത്തികം; septenary festivals), വാർഷികവും (annual). ബാബിലോന്യ പ്രവാസാനന്തരം ഏർപ്പെടുത്തിയ ഉത്സവങ്ങളുമുണ്ട്.

സപ്തകോത്സവങ്ങൾ: 1.ആഴ്ച തോറുമുള്ള ശബ്ബത്ത്: (പുറ, 20:8-11, 31:12-1, ലേവ്യ, 23;1-3). 2.ശബ്ബത്താണ്ട് – ഓരോ ഏഴാമത്തെ വർഷവും: (പുറ, 23:10 -11, ലേവ്യ, 25:2-7). 3.യോബേൽ സംവത്സരം: (ലേവ്യ, 25:8-16, 27:16-25). 4.അമാവാസി: (സംഖ്യാ, 10:10, 28:11).

വാർഷികോത്സവങ്ങൾ: 1.പെസഹ പെരുനാൾ: (പുറ, 12:1-14, ലേവ്യ, 23:5, സംഖ്യാ, 9:2). 2.പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ: (പുറ, 12:15-28, 13:6-8, ലേവ്യ, 23:4-8, സംഖ്യ, 28:16-25, ആവ, 18:1-8). 3.ആദ്യഫലപ്പെരുനാൾ: (പുറ, 23:16, 34:22, സംഖ്യാ, 28:16). 4.പെന്തെക്കൊസ്തു അഥവാ വാരോത്സവം: (പുറ, 34:22, ലേവ്യ, 23:15, സംഖ്യാ, 28:26, ആവ, 16:10). 5.കാഹള നാദോത്സവം: (സംഖ്യാ, 28:11-15, 29:1-6). 6.പാപപരിഹാരദിവസം: (ലേവ്യ, 16:1:34, പുറ, 30:10-30, സംഖ്യാ, 29:7-11). 7.കൂടാരപ്പെരുന്നാൾ: (ലേവ്യ, 23:34-42, സംഖ്യാ, 29:12, നെഹ, 8:18, യോഹ,7:2,37).

ബാബിലോന്യ പ്രവാസാനന്തരം ഏർപ്പെടുത്തിയവ: 1.പൂരീം പെരുന്നാൾ: (എസ്ഥ, 9:24-32). 2.പ്രതിഷ്ഠാത്സവം: (1മക്കാ, 4:52 മുതൽ ; 2മക്കാ, 10:6 വരെ, യോഹ, 10:22).

സപ്തകോത്സവങ്ങൾ

1. ശബ്ബത്ത്

2. ശബത്താണ്ട്

3. യോബേൽ സംവത്സരം

4. അമാവാസി

വാർഷികോത്സവങ്ങൾ

1. പെസഹപ്പെരുനാൾ

2. പുളിപ്പില്ലാത്തപ്പത്തിൻ്റെ പെരുനാൾ

3. ആദ്യഫലപ്പെരുനാൾ

4. പെന്തെക്കൊസ്തു പെരുനാൾ

5. കാഹളനാദോത്സവം

6. പാപപരിഹാര ദിവസം

7. കൂടാരപ്പെരുനാൾ

പ്രവാസാനന്തരോത്സവം

1. പ്രതിഷ്ഠോത്സവം

2. പൂരീം

ക്രിസ്തുവും ഉത്സവങ്ങളും

ക്രിസ്തുവും ഉത്സവങ്ങളും