ഉത്തമഗീതം

ഉത്തമഗീതം (Song of Songs)

പഴയനിയമത്തിലെ ഇരുപത്തിരണ്ടാമത്തെ പുസ്തകം. എബ്രായ ബൈബിളിൽ ഉത്തമഗീതം ഷീർഹഷ്ഷീറീം (പാട്ടുകളുടെ പാട്ട്) എന്ന പേരിലറിയിപ്പെടുന്നു. ഇയ്യോബിനുശേഷം വരുന്ന മെഗില്ലോത്ത് അഥവാ ചുരുളുകളിൽ ആദ്യത്തേതാണിത്. സെപ്റ്റ്വജിന്റിലും അതിനെ പിന്തുടരുന്ന പരിഭാഷകളിലും സഭാപ്രസംഗിക്കു ശേഷമാണ് ഉത്തമഗീതത്തിന്റെ സ്ഥാനം. സെപ്റ്റ്വജിന്റിൽ ‘അസ്മഅസ്മറ്റോൻ’ എന്നും ലത്തീൻ വുൾഗാത്തയിൽ canticum canticorum എന്നും വിളിക്കുന്നു. ഈ പേരുകളെല്ലാം തന്നെ ഷീർഹഷ്ഷീറിം എന്ന എബ്രായ സംജ്ഞയുടെ പദാനുപദ വിവർത്തനമാണ്. നാമപദത്തിന്റെ ദ്വന്ദ്രപ്രയോഗം അത്യുത്തമാർത്ഥം വിവക്ഷിക്കുന്നു. എബ്രായ ബൈബിളിൽ എഴുത്തുകൾ (കെത്തുവീം) എന്ന വിഭാഗത്തിൽ യെഹൂദന്മാരുടെ പെരുനാളുകളിൽ വായിക്കുവാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള അഞ്ചു ചുരുളുകളിൽ (മെഗില്ലോത്ത്) ഒന്നാമത്തേതാണിത്. രൂത്ത്, വിലാപങ്ങൾ, സഭാപ്രസംഗി, എസ്ഥേർ എന്നിവയാണ് മറ്റുനാലു ചുരുളുകൾ. പെസഹാ പെരുനാളിലാണ് ഉത്തമഗീതം വായിച്ചിരുന്നത്. 

കാനോനികത്വം: ബൈബിൾ കാനോനിൽ ഏറ്റവുമൊടുവിൽ അംഗീകാരം കിട്ടിയ പുസ്തകമാണിത്. വളരെയധികം വിവാദങ്ങൾക്കു ശേഷമാണ് ഉത്തമഗീതത്തിന് അംഗീകാരം ലഭിച്ചത്. റബ്ബി യെഹൂദ ഉത്തമഗീതത്തിന് അംഗീകാരം നല്കി. എന്നാൽ റബ്ബി യോസെ അതിനെ എതിർത്തു. അക്കിബാ റബ്ബി അത്യുത്തമ പദാവലിയിൽ ഇതിന്റെ കാനോനികത്വം അംഗീകരിച്ചുകൊണ്ടു പറഞ്ഞു; “പാട്ടുകളുടെ പാട്ട് (ഉത്തമഗീതം) യിസ്രായേലിനു നല്കിയ ദിവസത്തിനുള്ള മൂല്യം മുഴുവൻ ലോകത്തിനുമില്ല. എഴുത്തുകളെല്ലാം വിശുദ്ധമാണ്; പാട്ടുകളുടെ പാട്ടു അതിവിശുദ്ധവും (holiest of holies).” ഉത്തമഗീതത്തിൽ കാണപ്പെടുന്ന മാനുഷിക തലത്തിലുള്ള രതിയാണു കാനോനികത്വം നല്കുന്നതിനു പ്രതിബന്ധമായി നിന്നത്. എന്നാൽ ശലോമോന്റെ കർത്തൃത്വത്തെക്കുറിച്ചുള്ള പാരമ്പര്യവും റബ്ബിമാരുടെയും ക്രൈസ്തവരുടെയും അന്യാപദേശപര വ്യാഖ്യാനവും ഉത്തമഗീതത്തെ വെറും ഐന്ദ്രിയതലത്തിൽ നിന്നും ആത്മീയതലത്തിലേക്കു ഉയർത്തുകയുണ്ടായി. 

ഗ്രന്ഥകർത്താവ്: ശലോമോന്റെ ഉത്തമഗീതം (ഷീർ ഹഷ്ഷീറിം അഷർ ലിഷ്ലോമോ) എന്ന് ശീർഷകത്തിൽ പറഞ്ഞിട്ടുണ്ട്. ശലോമോൻ ആയിരത്തഞ്ചു ഗീതങ്ങൾ രചിച്ചു. അവയിൽ ഏറ്റവും മെച്ചമാണ് ഉത്തമഗീതം. (1രാജാ, 4:32). ശലോമോന്റെ പേർ പുസ്തകത്തിൽ ആറുസ്ഥാനങ്ങളിലുണ്ട്. (1:5; 3:7, 9, 11; 8:11,12). ഒന്നാമത്തെയും ഒടുവിലത്തെ രണ്ടും പരാമർശങ്ങൾ ശലോമോന്റെ അമിത സമ്പത്തിനെക്കുറിച്ചുള്ളതാണ്. പ്രിയ സ്വയം ശലോമോന്റെ തിരശ്ശീലകളെപ്പോലെ കറുത്തവളാണെന്നു പറയുന്നു. (1:5). മൂന്നാമദ്ധ്യായത്തിൽ ശലോമോന്റെ പേർ മുന്നുപ്രാവശ്യം പറയുന്നുണ്ട്. രാജാവിനെക്കുറിച്ചുള്ള മൂന്നു പരാമർശങ്ങളും (1:4, 12; 7:6) ശലോമോനുമായി ബന്ധപ്പെട്ടതാണ്. പക്ഷേ ഇവിടെ ഒരിടത്തും ശലോമോൻ സംസാരിക്കുന്നില്ല. ലിഷ്ലോമോ എന്ന പ്രയോഗത്തിന് ശലോമോനാൽ എന്നും ശലോമോനു വേണ്ടി എന്നും അർത്ഥം പറയാവുന്നതാണ്. ശലോമോന്റെ കർത്തൃത്വം നിഷേധിക്കുന്നവർ ശലോമോനുവേണ്ടിയുള്ളത് എന്ന അർത്ഥമ്മാണ് സ്വീകരിക്കുന്നത്. ഉത്തമഗീതത്തിന് ശലോമോന്റെ മറ്റു രചനകളോടു സാമ്യമുണ്ട്. സസ്യമൃഗാദികളെക്കുറിച്ചുള്ള വിവരണം ശലോമോന്റെ കർത്തൃത്വത്തെ ഉറപ്പിക്കുകയാണ്.  “ലെബാനോനിലെ ദേവദാരുമുതൽ ചുവരിന്മേൽ മുളെക്കുന്ന ഈസോപ്പു വരെയുള്ള വൃക്ഷാദികളെക്കുറിച്ചും മൃഗം, പക്ഷി, ഇഴജാതി, മത്സ്യം എന്നിവയെക്കുറിച്ചും അവൻ പ്രസ്താവിച്ചു.” (1രാജാ, 4:33). നൂറ്റിപ്പതിനാറു വാക്യങ്ങളുള്ള ഉത്തമഗീതത്തിൽ ഇരുപത്തൊന്നിനം സസ്യങ്ങളെക്കുറിച്ചും പതിനഞ്ചിനം മൃഗങ്ങളെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. ഫറവോന്റെ രഥത്തിനു കെട്ടുന്ന പെൺകുതിരയോടു പ്രിയതമയെ ഉപിമിച്ചിരിക്കുന്നു. മിസ്രയീമിൽനിന്ന് കുതിരകളെകൊണ്ടു വന്നതു് ശലോമോനാണ്. (1രാജാ, 10:28). കൂടാതെ ശലോമോൻ ഫറവോന്റെ മകളെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. (1രാജാ, 11:1). യിസ്രായേലിന്റെ വിഭജനത്തിനു മുമ്പുള്ള കാലത്തെയാണ് ഉത്തമഗീതം പ്രതിഫലിപ്പിക്കുന്നത്. യെരൂശലേം, കർമ്മേൽ, ശാരോൻ, ലെബാനോൻ, ഏൻ-ഗെദി, ഹെർമ്മോൻ, ഗിലെയാദ് തുടങ്ങിയ സ്ഥലങ്ങൾ ഒരു രാജ്യത്തിൽ ഉൾപ്പെട്ടിരിക്കുന്നതായി പ്രസ്താവിക്കുന്നു. ഇവയെല്ലാം ശലോമോന്റെ കർത്തൃത്വത്തിനുള്ള തെളിവുകളാണ്.

എഴുതിയ കാലം: ഉത്തമഗീതത്തിന്റെ രചനാകാലത്തെക്കുറിച്ചും അഭിപ്രായൈക്യമില്ല. ശലോമോന്റെ കർത്തൃത്വം അംഗീകരിച്ചു കഴിഞ്ഞാൽ ബി.സി. പത്താം നൂറ്റാണ്ടിലാണ് കാലം. ഫീഫർ പ്രേമഗീതങ്ങളുടെ സമാഹാരമായി ഉത്തമഗീതത്തെ കാണുകയും രചനാകാലം ബി.സി 250 ആയി കണക്കാക്കുകയും ചെയ്യുന്നു. ഈ പുസ്തകത്തിലെ ഒരു പേർഷ്യൻ പദവും (പാർദേസ്=തോട്ടം 4:12), ഒരു ഗ്രീക്കു പദവും (അപ്പിര്യോൻ=പല്ലക്ക്  3:9) ചൂണ്ടിക്കാണിച്ചുകൊണ്ടു ഈ ഭാഷകളുടെ സ്വാധീനം വർദ്ധിച്ച ബി.സി. മൂന്നാം നൂറ്റാണ്ടാണ് രചനാകാലം എന്നു വാദിക്കുന്നവരുണ്ട്. എന്നാൽ അത് ഒരു നിർണ്ണായകമായ തെളിവല്ല. 6:4-ൽ യെരുശലേം, തിർസ്സാ എന്നീ സ്ഥലനാമങ്ങൾ സമാന്തരമായി പ്രയോഗിച്ചിട്ടുണ്ട്. തിർസ്സാ ഉത്തരരാജ്യമായ യിസ്രായേലിന്റെ തലസ്ഥാനമായിരുന്ന കാലത്തെയാകണം സൂചിപ്പിക്കുന്നത്. ബയേശാ മുതൽ ഒമ്രിവരെയുള്ള രാജാക്കന്മാരുടെ ഭരണകാലത്താണ് (ബി.സി. 909-873) തിർസ്സാ ഉത്തരരാജ്യത്തിന്റെ തലസ്ഥാനമായിരുന്നത്. ചില ഭാഷാപരമായ തെളിവുകളും ഭൂമിശാസ്ത്രപരമായ സൂചനകളും (ശാരോൻ: 2:1; ലെബാനോൻ: 3:9; 4:8, 11, 15; അമാനാ, ശെനീർ, ഹെർമ്മോൻ: 4:8; തിർസ്സാ: 6:4; ദമ്മേശക്: 7:5; കർമ്മേൽ: 7:6) എടുത്തു കാണിച്ചു ഇത് ഉത്തരദേശത്ത് എഴുതപ്പെട്ടതാണെന്ന് എസ്.ആർ. ഡ്രിവർ വാദിക്കുന്നു. എന്നാൽ ഇവിടെ പ്രാദേശികത്വം ഇല്ലെന്നതാണ് വാസ്തവം. ചാവുകടലിനടുത്തുള്ള ഏൻഗെദി മുതൽ (ഉത്ത, 1:14) ലെബാനോൻ പർവ്വതംവരെയുള്ള പലസ്തീന്റെയും സിറിയയുടെയും ഭൂമിശാസ്ത്രം മുഴുവൻ എഴുത്തുകാരനു സുപരിചിതമാണ്. പുരാതനഭാഷയായ സംസ്കൃതത്തിന്റെ സ്വാധീനം ചില പ്രയോഗങ്ങളിൽ കാണാം . ജടാമാംസി: സം. നലദു: എ. നർദ്: (1:12; 4:13,14); രക്താംബരം: സം. രാഗമൻ: എ. അർഗാമാൻ: (3:10; 7:6); പല്ലക്കു: സം . പര്യങ്ക: എ. അപ്പിര്യാൻ: (3:9) എന്നിവ ഉദാഹരണങ്ങൾ. ഗ്രീക്കിൽ നിന്നല്ല, സംസ്കൃതത്തിൽ നിന്നാണ് പല്ലക്കിനെക്കുറിക്കുന്ന എബായപദം വന്നത്. 

സാഹിത്യപരമായ മേന്മ: ലോകോത്തരമായ ഭാവഗീതങ്ങളിൽ ഒന്നാണ് ഉത്തമഗീതം. തീവ്രമായ വൈകാരികഭാവം മുറ്റിനില്ക്കുന്നവയാണ് വൈയക്തിക ഭാഷണങ്ങൾ. അവ പ്രധാനമായും രണ്ടു വിധത്തിലാണ് കാണപ്പെടുന്നത്: 1. സംഭാഷണം: (1:9).2. ആത്മഗതം: (2:8-3:5). കാമുകീ കാമുകന്മാരൊഴികെ സംഭാഷണത്തിൽ ഭാഗഭാക്കുകളാകുന്ന അന്യരെ തിരിച്ചറിയുവാൻ സാദ്ധ്യമല്ല. യെരുശലേം പുത്രിമാരെക്കുറിച്ചും (1:5; 2:7; 3:5) യെരുശലേമിലെയും, ശൂലേമിലെയും പൗരന്മാരെക്കുറിച്ചും (3:6-11; 8:5) പറയുന്നുണ്ട്. ഉന്നതമായ ഭാവഗീതങ്ങളിൽ പ്രധാന കഥാപാത്രങ്ങൾ മറ്റു കഥാപാത്രങ്ങളുടെ പ്രതികരണം പുനരാവിഷ്ക്കരിക്കാറുണ്ട്. ഉത്തമഗീതത്തിൽ ശൂലേംകാരി തന്റെ സഹോദരന്റെ വാക്കുകൾ ഉദ്ധരിക്കുന്നു. (8:8,9). മനോഹരമായ ബിംബങ്ങളിലൂടെ പ്രകാശിതമായ സ്നേഹവും ഭക്തിയും ആണ് ഈ കാവ്യത്തിന്റെ ജീവൻ. വർണ്ണനകൾ എല്ലാം തന്നെ ഭാവോദ്ദീപകങ്ങളായ അലങ്കാരങ്ങൾകൊണ്ട് മധുരതരമാണ്. കാമുകീ കാമുകന്മാരുടെയും അവരുടെ അനുരാഗത്തിന്റെയും വർണ്ണനകൾ അന്യാദൃശങ്ങളാണ്. മൃഗങ്ങളുടെയും സസ്യങ്ങളുടെയും പരാമർശങ്ങൾ ധാരാളമുണ്ട്. പ്രകൃതി അതിൻ്റെ സർവ്വഭാവഹാവങ്ങളോടെ കാവ്യത്തിന് പശ്ചാത്തലം ഒരുക്കുന്നു. (2:8-17; 7:11-13). പുഷ്പങ്ങൾ (മയിലാഞ്ചി, പനിനീർപുഷ്പം, താമരപ്പൂ), വൃക്ഷങ്ങൾ (ദേവദാരു, ആപ്പിൾ, സരളവൃക്ഷം), കാർഷികോത്പന്നങ്ങൾ (മാതളം, വീഞ്ഞു, തേൻ), മൃഗങ്ങൾ, പക്ഷികൾ, (പ്രാവ്, ചെറുമാൻ, കലക്കുട്ടി, കുറുപ്രാവ്, കുതിര, പേടമാൻ) എന്നിവയുടെ പ്രതീകാത്മകമായ പരാമർശമുണ്ട്. ബൈബിളിലെ കവിതയുടെ സാമാന്യസ്വഭാവങ്ങൾ ഉത്തമഗീതത്തിലും ദൃശ്യമാണ്. വൃത്തങ്ങൾ, അലങ്കാരങ്ങൾ എന്നിവ ഉദാഹരണങ്ങൾ. ബൈബിളിലെ മറ്റു ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉത്തമഗീതത്തിനു ചില പ്രത്യേകതകളുണ്ട്. ബൈബിളിൽ ഒരിക്കൽ മാത്രം പ്രയോഗിച്ചിട്ടുള്ള നാല്പത്തൊമ്പതു വാക്കുകൾ ഈ ചെറുഗ്രന്ഥത്തിലാണുള്ളത്. കൂടാതെ മറ്റ് ഏഴുപതു അസാധാരണ പദങ്ങളും ഇതിലുണ്ട്. 

വ്യാഖ്യാനസിദ്ധാന്തങ്ങൾ: ഉത്തമഗീതത്തിന്റെ വ്യാഖ്യാനരീതികൾ നിരവധിയാണ്. ഉത്തമഗീതത്തിന്റെ സ്രോതസ്സ്, അർത്ഥം, ലക്ഷ്യം എന്നിവയെക്കുറിച്ച് പണ്ഡിതന്മാരുടെ ഇടയിൽ അഭിപ്രായ സമന്വയമില്ല. വിശദമായ വർണ്ണനകളും ഭാവാവിഷ്കരണങ്ങളും വാചികമായ മതപരപ്രമേയങ്ങളുടെ അഭാവവും, ഇതിവൃത്തത്തിന്റെ അവ്യക്തതയും വ്യാഖ്യാനത്തിനു പ്രതിബന്ധം സൃഷ്ടിക്കുന്നു. വ്യാഖ്യാന മാതൃകകളിൽ പ്രധാനപ്പെട്ടവ: 

 1. അന്യാപദേശപരവ്യാഖ്യാനം: യെഹൂദ റബ്ബിമാരും സഭാപിതാക്കന്മാരും അന്യാപദേശപര വ്യാഖ്യാനംകൊണ്ടാ തൃപ്തിയടയുന്നു. മിഷ്ണയിലും തൽമൂദിലും ഈ വ്യാഖ്യാനരീതിയുടെ കിരണങ്ങൾ കാണാം. ഉത്തമഗീതത്തിന്റെ തർഗും യിസ്രായേലിന്റെ ചരിത്രത്തിലുടനീളം വെളിപ്പെടുന്ന ദൈവത്തിന്റെ കൃപാപൂർണ്ണമായ ഇടപെടലുകളുടെ സ്പഷ്ടമായ ചിത്രമാണ് ഉത്തമഗീതത്തിൽ ദർശിക്കുന്നത്. ഒരു പഴുതും ഇല്ലാത്ത ഇടത്തുനിന്നുപോലും യിസ്രായേലിന്റെ ചരിത്രസൂചനകൾ ഞെക്കിയെടുക്കാൻ ശ്രമിക്കുന്നു. സഭയോടു അഥവാ വിശ്വാസിയോട് ക്രിസ്തുവിനുള്ള സ്നേഹമാണ് സഭാപിതാക്കന്മാരും അനന്തരകാല ക്രൈസ്തവ്യാഖ്യാതാക്കളും ഉത്തമഗീതത്തിൽ കണ്ടത്. മദ്ധ്യയുഗത്തിലെ പല എഴുത്തുകാരും അംബ്രോസിനെ പിന്തുടർന്നു ശൂലംകാരിയിൽ കന്യാമറിയയെ നിഴലിട്ടുകണ്ടു. അന്യാപദേശപര വ്യാഖ്യാനത്തിനു ചില സവിശേഷതകളുണ്ട്. പ്രധാനമായും ഈ വ്യാഖ്യാനം ഉത്തമഗീതത്തിന് ഉന്നതമായ ആത്മീയാർത്ഥം നല്കുന്നു. ദൈവത്തിന് തന്റെ ജനത്തോടുള്ള സ്നേഹം ഭർതൃഭാര്യാബന്ധത്തിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. പാപത്തിന്റെ ഫലമായി പരിത്യജിക്കപ്പെട്ടതും വീണ്ടും യഥാസ്ഥാനപ്പെടുവാൻ പോകുന്നതുമായ ഭാര്യയായി യിസ്രായേലിനെ പഴയനിയമത്തിൽ ചിത്രീകരിച്ചിട്ടുണ്ട്. (ഹോശേ, 2:19-23; യെശ, 54:5; യിരെ, 3:1). “അന്നാളിൽ നീ എന്നെ ബാലീ (ഉടയവനേ) എന്നല്ല ഈശീ (ഭർത്താവേ) എന്നു വിളിക്കും എന്നു യഹോവയുടെ അരുളപ്പാടു.’ (ഹോശേ, 2:16). പുതിയനിയമത്തിൽ ക്രിസ്തു എന്ന ഏകപുരുഷനു വിവാഹനിശ്ചയം ചെയ്യപ്പെട്ട കന്യകയാണ് സഭ. (2കൊരി, 11:2; എഫെ, 5:23-32; വെളി, 19:6-8). 

അന്യാപദേശപര വ്യാഖ്യാന രീതിക്കു രണ്ടു പ്രധാന പോരായ്മകളുണ്ട്. 1. വസ്തുതകളുടെ യഥാർത്ഥ ചരിത്രവശം നിഷേധിക്കുന്നു. 2. അതിരുകടന്ന വ്യാഖ്യാനങ്ങൾക്ക് അത് ഇടനല്കുന്നു. അതിനുകാരണം ഈ വ്യാഖ്യാന പദ്ധതി ആത്മനിഷ്ഠം എന്നതത്രേ. പ്രതീകാത്മകമായി സ്ത്രീപുരുഷബന്ധത്തെക്കുറിച്ചു പറയുമ്പോൾ പഴയനിമയത്തിൽ അതു സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ അപ്രകാരമൊരു സൂചന ഉത്തമഗീതത്തിൽ ഒരിടത്തുമില്ല. ഈ വ്യാഖ്യാനമാർഗ്ഗം ആത്മനിഷ്ഠമായതുകൊണ്ട് ഒരേ വാക്യത്തിന് വ്യത്യസ്തവും വിരുദ്ധവുമായ വ്യാഖ്യാനങ്ങൾ സ്വാഭാവികം മാത്രം. ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാം. “എന്റെ പ്രിയൻ എനിക്കു സ്തനങ്ങളുടെ മദ്ധ്യേ കിടക്കുന്ന മുറിന്റെ കെട്ടുപോലെയാകുന്നു.” (1:13). കെരൂബുകൾക്കു മദ്ധ്യേ നിയമപെട്ടകത്തിനുമേലുള്ള ദൈവത്തിന്റെ സാന്നിദ്ധ്യമായി ഈ പ്രയോഗത്തെ റാഷിയും ഇബൻ എസ്രായും വ്യാഖ്യാനിക്കുമ്പോൾ അലക്സാണ്ഡ്രിയയിലെ സിറിൽ അതിനെ ക്രിസ്തുവും രണ്ടു നിയമങ്ങളുമായി വ്യാഖ്യാനിക്കുന്നു. വിശ്വാസിയെ സന്തോഷത്തിലും സന്താപത്തിലും ശക്തിപ്പെടുത്തുന്ന ക്രിസ്തുവിന്റെ ക്രൂശീകരണമാണ് ബർണാഡ് ഈ വാക്യത്തിൽ കാണുന്നത്. “രാത്രിസമയത്തു എന്റെ കിടക്കയിൽ ഞാൻ എൻ പ്രാണപ്രിയനെ അന്വേഷിച്ചു; ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ലതാനും.” (3:1). റാഷിയുടെ പക്ഷത്തിൽ ഇത് യിസായേല്യരുടെ മരുഭൂമി പ്രയാണമാണ്. പുനരുത്ഥാനത്തിന്റെ പ്രഭാതത്തിൽ സ്ത്രീകൾ നടത്തിയ ക്രിസ്ത്വന്വേഷണമാണ് ഈ വാക്യത്തിൽ സുചിതമെന്നു സിറിൽ വ്യാഖ്യാനിക്കുന്നു. “നിന്റെ നാഭി, വട്ടത്തിലുള്ള പാനപാത്രം പോലെയാകുന്നു; അതിൽ കലക്കിയ വീഞ്ഞു ഇല്ലാതിരിക്കുന്നില്ല; നിന്റെ ഉദരം താമരപ്പു ചുറ്റിയിരിക്കുന്ന കോതമ്പു കൂമ്പാരംപോലെ ആകുന്നു.” (7:3). ഇബൻ എസ്രായ്ക്ക് നാഭി സന്നദ്രീം സംഘവും (Sanhedrin ) കലക്കിയ വിഞ്ഞു ന്യായപ്രമാണവുമാണ്. ശീമോൻ പാട്രിക്ക് തുടങ്ങിയവർ ഈ വാക്യത്തിൽ സ്നാനവും കർത്തൃമേശയും ദർശിക്കുന്നു. അവർക്കു നാഭി സ്നാനപാത്രവും ഉദരം കർത്താവിന്റെ അത്താഴവുമാണ്. 

2. പ്രതിരൂപാത്മകം: അന്യാപദേശപര വ്യാഖ്യാനവുമായി അടുത്തബന്ധം പ്രതിരൂപാത്മക വ്യാഖ്യാനത്തിനുണ്ട്. ഈ വ്യാഖ്യരീതി കാവ്യത്തിന്റെ വാച്യാർത്ഥം നഷ്ടപ്പെടാതെ സൂക്ഷിക്കുകയും ആദ്ധ്യാത്മികാർത്ഥം കണ്ടെത്തുകയും ചെയ്യുന്നു. വിശദ വ്യാഖ്യാനം മൂലം അന്യാപദേശപര വ്യാഖ്യാനത്തിൽ സംഭവിക്കുന്ന അമിതത്വത്തെ ഒഴിവാക്കിക്കൊണ്ട് പ്രതിരൂപാത്മക വ്യാഖ്യാനം, അർപ്പണം, സ്നേഹം എന്നീ പ്രധാന വിഷയങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അങ്ങനെ ക്രിസ്തുവും വിശ്വാസികളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ചിത്രം ഉത്തമഗീതത്തിൽ കാണുന്നു. പഴയനിയമത്തിലെ പല സംഭവങ്ങളും നിഴലുകളായെടുത്തു പുതിയനിയമത്തിൽ വ്യാഖ്യാനിച്ചിട്ടുള്ളത് ഈ വ്യാഖ്യാനരീതിക്ക് അടിത്തറ നല്കുന്നു. യോനായുടെ ചരിത്രം (മത്താ, 12:40), മരുഭൂമിയിലെ സർപ്പം (യോഹ, 3:14), വിവാഹം (ഹോശേ, 1:3; യിരെ, 2:2; 3:1; യെഹ, 16:6; എഫെ, 5:22) തുടങ്ങിയവ ഉദാഹരണങ്ങൾ. ഈ വ്യാഖ്യാന രീതിയനുസരിച്ച് ശലോമോൻ ക്രിസ്തുവിനു നിഴലും ശുലേംകാരി ക്രിസ്തുവിന്റെ കാന്തയായ സഭയ്ക്ക് നിഴലുമാണ്. അന്യാപദേശ വ്യാഖ്യാനത്തിനും പ്രതിരൂപാത്മക വ്യാഖ്യാനത്തിനും ഭക്തി സംവർദ്ധകങ്ങളായ സവിശേഷതകളുണ്ടെങ്കിലും അവയുടെ വ്യാഖ്യാനപരമായ അടിസ്ഥാനം ഭ്രദമല്ല. ഉത്തമഗീതത്തിനകത്ത് ആഴമേറിയ ആത്മീയ സൂചനകളൊന്നും തന്നെയില്ല. ദൈവനാമംപോലും ഇതിലില്ല. ദിവ്യജ്വാലയെക്കുറിക്കുന്ന സമസ്തപദത്തിന്റെ ഒടുവിൽ മാത്രം യാഹ് (യഹോവ) ഉണ്ട്. (8:6). പക്ഷേ അതിനു ഉത്തമത്വാർത്ഥമേ ഉള്ളു.

3. നാടകീയം: ഉത്തമഗീതത്തിന് ഓറിജനും മിൽട്ടനും നല്കിയ നാടകീയ വ്യാഖ്യാനങ്ങൾ പത്തൊമ്പതാം നൂറ്റാണ്ടിൽ രണ്ടു പ്രധാന രൂപങ്ങളിൽ പ്രത്യക്ഷപ്പെട്ടു. എഫ്. ഡലിറ്റ്ഷ് ഉത്തമഗീതത്തിൽ രണ്ടു പ്രധാന കഥാപാത്രങ്ങളെ കണ്ടു; ശലോമോൻ രാജാവും ശൂലേംകാരിയും. ശലോമോൻ രാജാവ് ശുലേംകാരിയെ കാണുകയും അവളിൽ അനുരക്തനാകുകയും ചെയ്തു. തന്റെ ഗ്രാമീണ ഭവനത്തിൽനിന്നും ശൂലേംകാരിയെ കൊണ്ടുവന്നു കാമസ്പർശമില്ലാത്ത പവിത്ര സ്നേഹത്തോടുകൂടി അവളെ ഭാര്യയായി സ്നേഹിക്കുന്നു. ഈ സിദ്ധാന്തത്തിന് ചില പോരായ്മകളുണ്ട്. ഇടയനെന്ന നിലയിൽ ശലോമോൻ ഒരു കഥാപാത്രമാവുകയില്ല. (1:7). കൂടാതെ സമാപനരംഗം വധുവിന്റെ ഗ്രാമീണ ഭവനത്തിൽ നടക്കുവാനുമിടയില്ല. 6:8-ൽ വരൻ വധുവിനെ രാജകീയാന്തഃപുരവുമായി തുലനം ചെയ്യുന്നതു ശലോമോനെക്കുറിച്ചുള്ള പാരമ്പര്യങ്ങൾക്കു നിരക്കുന്നതല്ല. ഈ കഥയുടെ അല്പം വ്യത്യസ്തമായ രൂപം ഇവാൾഡ് അവതരിപ്പിച്ചു. അതിൽ ശലോമോൻ, ശുലേംകാരി, ഇടയ കാമുകൻ എന്നിങ്ങനെ മൂന്നു കഥാപാത്രങ്ങളുണ്ട്. ഇതിന് അജപാലസിദ്ധാന്തം എന്നു വിളിക്കുന്നു. ശുലേംകാരി ഇടയബാലനുമായി വിവാഹനിശ്ചയം ചെയ്തിരുന്നു. ശലോമോൻ അവളെ കൊട്ടാരത്തിലേക്കു കുട്ടിക്കൊണ്ടു വന്നു. അവളുടെ ഹൃദയം ഇടയബാലനിൽ ദൃഢമായിരുന്നു. അവളുടെ അനുരാഗത്തിന്റെ ഗതിമാറ്റുവാൻ യെരുശലേം പുത്രിമാരെക്കൊണ്ട് ശലോമോൻ വേണ്ടുവോളം ശ്രമിച്ചു. അവളുടെ ഹൃദയം അല്പവും വ്യതിചലിച്ചില്ല. ശലോമോൻ അവളെ പുകഴ്ത്തുമ്പോൾ അവൾ തന്റെ പ്രിയനായ ഇടയബാലനെയാണ് പുകഴ്ത്തിയത്. അവൾ ഇടയബാലനോടുള്ള ഉടമ്പടിയിൽ ഉറച്ചുനിന്നു. ഒടുവിൽ രാജാവ് അവളെ മടക്കി അയക്കുകയും അവൾ തന്റെ ഇടയ കാമുകനുമായി യോജിക്കുകയും ചെയ്തു. രാജാവിന്റെയും കൊട്ടാരത്തിലെയും സകലപ്രലോഭനങ്ങളെയും അതിജീവിച്ച പരിശുദ്ധമായ സ്നേഹമാണിത്. നാടകീയ വ്യാഖ്യാനത്തിനുള്ള പ്രധാന പ്രതിബന്ധം എബായരുടെ ഇടയിലുള്ള നാടകസാഹിത്യത്തിന്റെ അഭാവമാണ്. 

4. വിവാഹഗാനസമാഹാരം: ഉത്തമഗീതം വിവാഹഗാനങ്ങളുടെ സമാഹാരമാണെന്ന് ഒരഭിപ്രായമുണ്ട്. എ.ഡി. 1894-ൽ ബുദ്ദേ (Budde) ഈ സിദ്ധാന്തം അവതരിപ്പിച്ചു. സുറിയാനികളുടെ ഇയിടയിൽ വിവാഹവിരുന്നിന് ഒരാഴ്ചത്തെ ദൈർഘ്യമുണ്ട്. അക്കാലത്ത് വധുവിനെയും വരനെയും രാജ്ഞിയും രാജാവുമായി കിരീടം ധരിപ്പിക്കും. ഉത്തമഗീതം ഒരു പൗരാണിക പലസ്തീന്യ കാവ്യമാണ്. അതിൽ ആധുനിക സുറിയാനി ആചാരങ്ങൾ ആരോപിക്കുന്നതു ശരിയല്ല. മാത്രവുമല്ല, വിവാഹോത്സവത്തിന്റെ ഏഴുദിവസവും പാടാൻ ഉത്തമഗീതം പര്യാപ്തവുമല്ല. ശൂലേംകാരിയെ ഉത്തമഗീതത്തിൽ ഒരിടത്തും രാജ്ഞിയെന്നു വിളിച്ചിട്ടില്ലെന്നതും പ്രസ്താവ്യമാണ്.

5 , അനുഷ്ഠാനപരം: മീകിന്റെ (T.J. Meek) അഭിപ്രായത്തിൽ അദോണീസ് തമ്മൂസ് പൂജയുടെ ചടങ്ങുകളിൽനിന്നും രൂപപ്പെട്ടതാണ് ഉത്തമഗീതം. ഈ പൂജയെക്കുറിച്ചുള്ള പരാമർശങ്ങൾ പ്രവാചക പുസ്തകങ്ങളിലുണ്ട്. (യെഹെ, 8:14). കാമവും ലൈംഗികതയും നിറഞ്ഞു നില്ക്കുന്ന ജാതീയാനുഷ്ഠാനങ്ങളെ പരിഷ്ക്കരിച്ച് എബായ കാനോനിൽ സ്വീകരിക്കുമെന്നു കരുതാൻ ഒരു സാദ്ധ്യതയുമില്ല. ലിറോയ് വാട്ടർമാൻ (Liroy Waterman) ഉത്തമഗീതത്തിന് ചരിത്രപരമായ അടിസ്ഥാനം കണ്ടെത്താൻ ശ്രമിച്ചു. അന്ത്യകാലത്ത് ദാവീദിനെ ശുശ്രൂഷിക്കുവാൻ കൊണ്ടുവന്ന ശൂനേം കാരിയായിരുന്നു അബീശഗ്, അബീശഗിന്റെ ചരിത്രവുമായി വാട്ടർമാൻ ഉത്തമഗീതത്ത ബന്ധിപ്പിച്ചു. ഇടയ കാമുകനുവേണ്ടി അബീശഗ് ശലോമോന്റെ പ്രേമാഭ്യർത്ഥന കളെല്ലാം നിരസിച്ചു. സ്വഗ്രാമത്തിൽ ശൂനേംകാരിക്ക് ഒരു കാമുകനുണ്ടായിരുന്നു എന്നതിന് ഒരു തെളിവുമില്ല. കൂടാതെ ശൂനേംകാരിയും ശുലേംകാരിയും ഒന്നായിരിക്കുമെന്ന ഊഹബന്ധത്തിന്മേലാണ് ഈ വ്യാഖ്യാനം നിലകൊള്ളുന്നത്. 

അനേകം പ്രേമഗാനങ്ങളുടെ സമാഹാരമായി ഉത്തമഗീതത്തെ കാണുന്നവരുമുണ്ട്. ഈ ഗാനങ്ങൾ വിവാഹോത്സവവുമായോ മറ്റു പ്രത്യേക സന്ദർഭങ്ങളുമായോ ബന്ധപ്പെടണമെന്നില്ല. ഓസ്റ്റർലി ഉത്തമഗീതത്തെ ഇരുപത്തെട്ടു പ്രത്യേക ഗാനങ്ങളായി വിഭജിക്കുകയും പുസ്തകത്തിന്റെ ഐക്യത്തെ നിഷേധിക്കുകയും ചെയ്തു. ഉത്തമഗീതം ആദിയോടന്തം ഏക കർത്തൃകമാണെന്നും അതിൽ സുഘടിതമായ ഒരു ഇതിവൃത്തമുണ്ടെന്നും ഇന്നധികം പേരും കരുതുന്നു. ഉത്തമഗീതത്തിന്റെ എല്ലാഭാഗങ്ങളിലും ഒരേ വിധത്തിലുള്ള കല്പനകളും പ്രാദേശികമായ വർണ്ണനകളും കാണാം. പ്രിയനെ കലക്കുട്ടിയോട് ഉപമിക്കുന്നു: (2:9, 17; 8:14). അവൻ താമരകളുടെയിടയിൽ ആടുമേയ്ക്കന്നു: (2:16; 4:5; 6:2,3). പ്രിയ സ്ത്രീകളിൽ അതിസുന്ദരിയാണ്: (1:8; 5:9; 6:1). കാവ്യത്തിന്റെ എല്ലാഭാഗത്തും ഒരേ വ്യക്തികൾ പ്രത്യക്ഷപ്പെടുന്നു; കാന്ത: (1:5; 2:16; 3:4; 7:11; 8:2, 8). കാന്തൻ: (1:7; 2;13; 4:8-5:1; 6:1; 7:11-13). യെരൂശലേം പുത്രിമാർ: (1:5; 2:7; 3:5 , 10; 5:8, 16; 8:4. ഈ ആവർത്തനങ്ങളെല്ലാം ഏക ഹസ്തരചനയുടെ തെളിവുകളാണ്. ഉത്തമഗീതം അന്യാപദേശമോ പ്രതിരൂപമോ അല്ല. മാനുഷിക സ്നേഹത്തിന്റെ വിസ്മയങ്ങളെ വെളിപ്പെടുത്തുകയാണ് ഉത്തമഗീതത്തിന്റെ ഉദ്ദേശ്യം. ശാരീരിക സ്നേഹത്തിന്റെ നന്മയെ നിഷേധിക്കുന്ന സന്യാസത്തിനും വികടമായ ലൈംഗികത്വത്തിനും മദ്ധ്യ സന്തുലിതമായ ഒരു നിലപാടാണ് ഉത്തമഗീതം കാണിച്ചുതരുന്നത്. മാനുഷികസ്നേഹം പരിശുദ്ധവും ദൈവികമാനദണ്ഡത്തിലേക്കു ഉയരുവാൻ ശക്യവുമാണ്. വിവാഹത്തെ മാന്യമായി വ്യവസ്ഥാപനം ചെയ്ത ദൈവം വിവാഹവുമായി ബന്ധപ്പെട്ട പ്രമത്തെയും ആദരിച്ചു എന്നതിനു തെളിവാണു് ഉത്തമഗീതം. ഇ.ജെ. യംഗിന്റെ വാക്കുകൾ ഇതു വ്യക്തമാക്കുന്നു.  “മാനുഷിക സ്നേഹത്തിന്റെ പവിത്രതയും മഹിമയും പ്രകീർത്തിക്കുകയാണ് ഉത്തമഗീതം. വേണ്ടുവോളം ഊന്നൽ നല്കപ്പെടാത്ത ഒരു വസ്തുതയാണിത്. ഈ ഗീതം, തന്മൂലം പ്രബോധനപരവും നൈതികഗുണപാഠം ഉൾക്കൊള്ളുന്നതുമാണ്. മോഹവും കാമവും സാർവ്വത്രികമായിരിക്കുകയും തീവ്രമായ പ്രലോഭനങ്ങൾ നമ്മെ കടന്നാക്രമിക്കുകയും ദൈവദത്തമായ വിവാഹ മാനദണ്ഡത്തിൽനിന്നു നമ്മെ തിരിച്ചുവിടാൻ ശ്രമിക്കുകയും ചെയ്യുന്ന പാപപൂർണ്ണമായ ലോകത്തിലാണ് ഉത്തമഗീതം നമ്മുടെ അടുക്കലേക്ക് വരുന്നത്. സാക്ഷാൽ സ്നേഹം എത്ര പവിത്രവും കുലീനവും എന്നു മനോഹരമായി അത് നമ്മെ ഓർപ്പിക്കുന്നു. പുസ്തകത്തിന്റെ ഉദ്ദേശ്യം അതുകൊണ്ടു സമ്പൂർണ്ണമാകുന്നില്ല. മാനുഷിക സ്നേഹത്തിന്റെ പവിത്രയെക്കുറിച്ച് അതു സംസാരിക്കുക മാത്രമല്ല കാനോനിൽ ഉൾപ്പെടുത്തുക നിമിത്തം നമ്മുടെതിനേക്കാൾ പവിത്രമായ ഒരു സ്നേഹത്തെക്കുറിച്ച് അതു നമ്മ ഓർപ്പിക്കുകയും ചെയ്യുന്നു.” 

പ്രധാന വാക്യങ്ങൾ: 1. “യെരൂശലേംപുത്രിമാരേ, വയലിലെ ചെറുമാനുകളാണ, പേടമാനുകളാണ, പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു, ഉണർത്തുകയുമരുതു.” ഉത്തമഗീതം 2:7, 3:5, 8:4.

2. “എന്റെ സഹോദരീ, എന്റെ കാന്തേ, ഞാൻ എന്റെ തോട്ടത്തിൽ വന്നിരിക്കുന്നു; ഞാൻ എന്റെ മൂറും സുഗന്ധവർഗ്ഗവും പെറുക്കി; ഞാൻ എന്റെ തേൻ കട്ട തേനോടുകൂടെ തിന്നും എന്റെ വീഞ്ഞു പാലോടുകൂടെ കുടിച്ചു ഇരിക്കുന്നു; സ്നേഹിതന്മാരേ തിന്നുവിൻ; പ്രിയരേ, കുടിച്ചു മത്തരാകുവിൻ!” ഉത്തമഗീതം 5:1.

3. “എന്റെ പ്രിയൻ വെണ്മയും ചുവപ്പും ഉള്ളവൻ, പതിനായിരംപേരിൽ അതിശ്രേഷ്ഠൻ തന്നേ.” ഉത്തമഗീതം 5:10.

4. “ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുപ്പാൻ പോരാ; നദികൾ അതിനെ മുക്കിക്കളകയില്ല. ഒരുത്തൻ തന്റെ ഗൃഹത്തിലുള്ള സർവ്വസമ്പത്തും പ്രേമത്തിന്നു വേണ്ടി കൊടുത്താലും അവനെ നിന്ദിച്ചുകളയും.” ഉത്തമഗീതം 8:7.

ഉള്ളടക്കം: ഉത്തമഗീതത്തിന്റെ ഉള്ളടക്കം വസ്തുനിഷ്ഠമായി അപ്രഗഥിക്കുക പ്രയാസമാണ്. സംഭാഷണങ്ങളും (2:9), ആത്മഗതങ്ങളും (2:8-3:5) ഉണ്ട്. കാമുകീകാമുകന്മാർ ഒഴികെയുള്ള വക്താക്കളെ തിരിച്ചറിയുവാനും പ്രയാസമാണ്. 

1. പ്രിയനുവേണ്ടിയുള്ള പ്രിയയുടെ വാഞ്ഛ: 1:1-2:7.

2. സ്നേഹത്തിന്റെ വൃദ്ധി: 2:8-3:5.

3. ശലോമോനെക്കുറിച്ചുള്ള പ്രകീർത്തനം, വിവാഹനിശ്ചയം, പ്രിയനെക്കുറിച്ചുള്ള വർണ്ണന: 3:6-5:1.

4. പ്രിയ പ്രിയതമനുവേണ്ടി വാഞ്ഛിക്കുന്നു: 5:2-6:9.

5. പ്രിയയുടെ സൗന്ദര്യവർണ്ണന: 6:10-8:4.

6. ഉപസംഹാരം: സ്നേഹത്തിന്റെ മഹത്ത്വപ്രകീർത്തനം: 8:5-14.

Leave a Reply

Your email address will not be published.