ഈശ്-ബോശെത്ത്

ഈശ്-ബോശെത്ത് (Ish-bosheth) 

പേരിനർത്ഥം – ലജ്ജാപുരുഷൻ

ശൗലിന്റെ നാലാമത്തെ പുത്രൻ: (2ശമൂ, 2:8; 1ദിന, 8:33; 9:39).എശ്-ബാൽ (ബാലിന്റെ പുരുഷൻ) എന്നായിരുന്നു ആദ്യനാമം: (1ദിന, 8:33; 9:39). അന്യദേവന്മാരോടുള്ള വെറുപ്പു വ്യക്തമാക്കാൻ വേണ്ടി പേരുകളിൽ ബാലിന്റെ സ്ഥാനത്ത് ബോശെത്ത് (ലജ്ജ) ചേർത്തു. അങ്ങനെയാണ് എശ്-ബാൽ ഈശ്-ബോശെത്ത് ആയത്. ശൗലും മൂന്നു പുത്രന്മാരും ഗിൽബോവാ യുദ്ധത്തിൽ മരിച്ചു. ഇനി സിംഹാസനത്തിന് അവകാശി ഈശ്-ബോശെത്ത് ആണ്. രാജ്യം വമ്പിച്ച തകർച്ചയെ നേരിടുകയായിരുന്നു. യോർദ്ദാനു പടിഞ്ഞാറുള്ള ഒരു പട്ടണവും ശൗലിന്റെ കുടുംബത്തിന്റെ വാഴ്ചയെ അംഗീകരിക്കുവാൻ തയ്യാറായിരുന്നില്ല. തന്മൂലം സേനാപതിയായ അബ്നേർ ഈശ്-ബോശെത്തിനെ മഹനയീമിൽ കൊണ്ടുവന്ന് അവിടെവച്ച് അവനെ രാജാവാക്കി: (2ശമൂ, 2:8-10). രാജാവായപ്പോൾ ഈശ്-ബോശെത്തിനു നാല്പതുവയസ്സായിരുന്നു. അവൻ രണ്ടുവർഷം ഭരിച്ചു. ഈശ്-ബോശെത്തും അപ്പോൾ ഹെബ്രാനിൽ രാജാവായിരുന്ന ദാവീദും തമ്മിൽ യുദ്ധമുണ്ടായി. അബ്നേരും ശൗലിന്റെ വെപ്പാട്ടി രിസ്പയും തമ്മിലുള്ള ബന്ധം ഈശ്-ബോശെത്ത് ചോദ്യം ചെയ്തതുകൊണ്ട് അബ്നേർ ദാവീദിന്റെ പക്ഷം ചേർന്നു: (2ശമൂ, 3:7-12. എന്നാൽ സഹോദരനായ അസാഹേലിനെ കൊന്നതിനു രക്തപ്രതികാരമായി യോവാബ് അബ്നേരെ കൊന്നു. ഈശ്-ബോശെത്തിന്റെ ശക്തി ക്ഷയിച്ചു: (2ശമൂ, 4:1). പടനായകന്മാരായ രേഖാബും ബാനയും ശയനഗൃഹത്തിൽ വച്ച് ഈശ്-ബോശെത്തിനെ വധിച്ചു, തല ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു. ദാവീദ് ശിക്ഷയായി അവരെ കൊന്നുകളഞ്ഞു. ഈശ്-ബോശെത്തിന്റെ തലയെ ഹെബ്രാനിൽ അബ്ദനേരിന്റെ ശവക്കുഴിയിൽ അടക്കം ചെയ്തു: (2ശമൂ, 4;5-12).

Leave a Reply

Your email address will not be published.