ആരാകുന്നു ദൈവത്തിന്റെ മക്കൾ?

ആരാകുന്നു ദൈവത്തിന്റെ മക്കൾ?

ഇന്നു ലോകത്തിലെ ഏറ്റവും വലിയ മതം ക്രിസ്തുമതമാണ്. ക്രൈസ്തവ രാഷ്ട്രങ്ങൾ എന്ന സംജ്ഞയിൽ അറിയപ്പെടുന്ന രാഷ്ട്രങ്ങൾ വളരെയുണ്ട്. ധനബലത്തിലും അംഗസംഖ്യയുടെ പ്രബലതയിലും സാമൂഹികരംഗങ്ങളിലുള്ള സ്വാധീനശക്തിയിലും മുൻപന്തിയിൽ നിൽക്കുന്ന ക്രൈസ്തവസഭകളും ശുശ്രൂഷകളും ധാരാളമാണ്. എന്നാൽ ഇന്നത്ത ക്രൈസ്തവ സമൂഹത്തിലെ അംഗങ്ങളായ സഹോദരങ്ങളെല്ലാവരും ദൈവത്തിന്റെ മക്കളാകുന്നുവോ? ഈ ചോദ്യത്തിനുള്ള മറുപടി അപ്പൊസ്തലനായ പൗലൊസ് വ്യക്തമായി നൽകുന്നു. “ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവർ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.” (റോമ, 8:14). “എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും” (യോഹ, 14:16) എന്ന് അരുളിച്ചെയ്ത കർത്താവ്, താൻ സ്വർഗ്ഗാരോഹണം ചെയ്യുന്നതിനുമുമ്പ് തന്റെ ശിഷ്യന്മാരോട്; “നിങ്ങൾ യെരൂശലേമിൽനിന്നു വിട്ടുപോകാതെ, എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കണം” (പ്രവൃ, 1:4) എന്ന് അവരെ ഉദ്ബോധിപ്പിക്കുന്നു. യെഹൂദാ സഭാമേധാവികളെയും സന്നിദ്രിസംഘത്തെയും ഭയപ്പെട്ട് രഹസ്യമായി ഒരുമിച്ചുകൂടിയിരുന്നു പ്രാർത്ഥിച്ച ഏകദേശം 120 പേർ പരിശുദ്ധാത്മാവിൽ നിറഞ്ഞപ്പോൾ അവർ തങ്ങളുടെ രഹസ്യസങ്കേതത്തിൽനിന്നു പുറത്തുവന്ന് പരസ്യമായി യേശുവിനെ സാക്ഷിച്ചു. ആ ദിവസംതന്നെ യേശുവിൽ വിശ്വസിച്ചവരുടെ എണ്ണം ഏകദേശം 3,120 ആയി വർദ്ധിച്ചു. പീഡനങ്ങളുടെയും താഡനങ്ങളുടെയും ക്രൂരമായ അടിച്ചമർത്തലുകളുടെയും മരണവീഥികളിലൂടെ അവരെ നയിച്ചത് ദൈവത്തിന്റെ പരിശുദ്ധാത്മാവായിരുന്നു. യേശുവിന്റെ സൗഖ്യത്തിന്റെയും സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും സമാധാനത്തിന്റെയും അത്ഭുതങ്ങളുടെയും പ്രകാശധാരയായ അവർ യേശുവിനെ അന്ധകാരം നിറഞ്ഞ ലോകത്തിനു കാട്ടിക്കൊടുത്തു. കാരണം അവർ ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ നടത്തപ്പെടുന്നവരായിരുന്നു. യേശുവിന്റെ സ്നേഹവും ശക്തിയും പ്രകടമാക്കി യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നേക്കും അനന്യനെന്നു തെളിയിക്കുവാൻ കഴിയണമെങ്കിൽ നാം പരിശുദ്ധാത്മാവിനാൽ നടത്തപ്പെടുന്നവരായിത്തീരണം. അപ്പോൾ സ്വർഗ്ഗത്തിത്തിലും ഭൂമിയിലും നാം ദൈവത്തിന്റെ മക്കളെന്നു വിളിക്കപ്പെടും.

Leave a Reply

Your email address will not be published.