ആത്മാവിലുള്ള ഹൃദയപരിച്ഛേദന

ആത്മാവിലുള്ള ഹൃദയപരിച്ഛേദന

വിശുദ്ധനായ ദൈവം ലോകജനതകൾക്ക് മാത്യകാമുദ്രയാക്കുവാൻ തനിക്കായി ഒരു വിശുദ്ധജനത്തെ വാർത്തെടുക്കുവാനുള്ള പ്രക്രിയ ആരംഭിച്ചപ്പോൾ, അവർ തന്റെ വേർതിരിക്കപ്പെട്ട ജനമാണെന്നുള്ളതിന്റെ അടയാളമായി പരിചേദനയേല്ക്കണമെന്ന് അബ്രാഹാമിനോട് അരുളിച്ചെയ്തു. (ഉല്പ, 17:10-13). സർവശക്തനായ ദൈവം യിസ്രായേൽ മക്കളെ വളർത്തിയെടുത്ത് പാലും തേനും ഒഴുകുന്ന കനാൻദേശത്ത് അവരെ അധിവസിപ്പിച്ചു. ദൈവത്തിന്റെ ജനമെന്ന് അവർക്കു പേരുണ്ടായിരുന്നുവെങ്കിലും, ശരീരത്തിൽ ദൈവം കല്പിച്ച അടയാളം ഉണ്ടായിരുന്നുവെങ്കിലും, മുടങ്ങാതെയുള്ള ആരാധനയുണ്ടായിരുന്നുവെങ്കിലും അവരുടെ ഹൃദയം ദൈവത്തിൽനിന്ന് വളരെ അകലെയായിരുന്നു. (യെശ, 29:13). ദൈവജനമായിത്തീരേണ്ടതിന് ഒരു ആന്തരിക പരിവർത്തനം അവർക്ക് ആവശ്യമായിരുന്നു. അതുകൊണ്ടാണ് അത്യുന്നതനായ ദൈവം തന്റെ ജനത്തോട് അവരുടെ ഹൃദയത്തിന്റെ അഗ്രചർമ്മം മുറിച്ചുകളയുവാനും അവരുടെ ഹൃദയം പരിച്ഛേദനയ്ക്കു വിധേയമാക്കുവാനും ആവശ്യപ്പെടുന്നത്. (ആവ, 10:16). പാരമ്പര്യങ്ങളുടെ ആവർത്തനങ്ങളിൽ ഊറ്റംകൊണ്ട് ബാഹ്യമായി ശരീരത്തിൽ പരിച്ഛേദനയുടെ അടയാളം പേറി, മോശെയുടെ ന്യായപ്രമാണം തലനാരിഴ കീറി പഠിച്ച് താൻ യെഹൂദനാണെന്ന് അഭിമാനിക്കുന്നവനല്ല യെഹൂദൻ, പിന്നെയോ പരിശുദ്ധാത്മാവിലുള്ള ഹൃദയപരിവർത്തനത്തോടുകൂടി തങ്ങൾ ഉയർത്തിപ്പിടിക്കുന്ന മോശെയുടെ ന്യായപ്രമാണം പ്രാവർത്തികമാക്കുന്നവനാണ് യെഹൂദനെന്ന് പൗലൊസ് ചൂണ്ടിക്കാണിക്കുന്നു. (റോമ, 2:28,29). ഇന്നു പൗരാണികത ഉയർത്തിപ്പിടിച്ചും വിശ്വാസപ്രമാണങ്ങൾക്ക് വിശദമായി വിശകലനങ്ങൾ എഴുതിപ്പിടിപ്പിച്ചും ക്രൈസ്തവ നാമധേയങ്ങളുമായി, ക്രിസ്തുവിന്റെ അനുയായികളെന്ന് പെരുമ്പറയടിച്ച് മുന്നോട്ടുപോകുന്ന സഹോദരങ്ങൾ ക്രൈസ്തവഗോളത്തിൽ അനേകരാണ്. അക്ഷരങ്ങളാൽ എഴുതപ്പെട്ടതിനെ വർദ്ധിപ്പിക്കുകയോ അതിനുവേണ്ടി നിലയ്ക്കാത്ത വാഗ്വാദങ്ങൾ സൃഷ്ടിക്കുകയോ ചെയ്യുന്നവരെയല്ല, തന്റെ അനുയായികളെന്ന് യേശു വിളിക്കുന്നത്. പിന്നെയോ, പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് ഹൃദയപരിവർത്തനത്തോടെ തന്നിൽ പുതിയ സ്യഷ്ടികളായി തന്റെ സ്നേഹത്തിന്റെയും ശക്തിയുടെയും സാന്ത്വനത്തിന്റെയും സമാധാനത്തിന്റെയും പ്രകാശധാര ചൊരിയുന്നവരെയാണ് യേശു തന്റെ അനുയായികളായി അംഗീകരിക്കുന്നത്.

Leave a Reply

Your email address will not be published.