അനുസരണം

അനുസരണം (obedience)

കേൾക്കുക എന്നർത്ഥമുള്ള ഷ്മ (shama) എന്ന ധാതുവിൽ നിന്നാണ് അനുസരണത്തെ കുറിക്കുന്ന പദങ്ങൾ എബായയിലും ഗ്രീക്കിലും വന്നിട്ടുള്ളത്. അവയെ മലയാളത്തിൽ കേൾക്കുക, കേട്ടനുസരിക്കുക എന്നിങ്ങനെ പരിഭാഷപ്പെടുത്തിയിരിക്കുന്നു. ശ്രദ്ധിക്കുക, കേൾക്കുക, അനുസരിക്കുക എന്നതാണ് അനുസരണത്തിന്റെ പടികൾ. ദൈവത്തോടും സമൂഹത്തോടും ക്രിസ്തുവിന്റെ മാതൃകയോടും അനുസരണം ആവശ്യമാണ്. പ്രധാനമായും അഞ്ചു അധികാരങ്ങളെ ഒരുവൻ അനുസരിക്കേണ്ടതുണ്ട്: 1. ഒരു കുഞ്ഞെന്ന നിലയിൽ മാതാപിതാക്കന്മാരെ അനുസരിക്കണം: (കൊലൊ, 3:20; എഫെ, 6:1,2). 2. പാഠശാലയിൽ അദ്ധ്യാപകരെ അനുസരിക്കണം: (സദൃ, 5:12,13). 3. തൊഴിൽ സ്ഥാനത്ത് യജമാനന്മാരെ അനുസരിക്കണം: (1പത്രൊ, 2:18). 4. സർക്കാരിനു വിധേയപ്പെടണം: (റോമ, 13:1,2). 5. മനുഷ്യന്റെ പരമമായ അനുസരണം ദൈവത്തോടായിരിക്കണം: (ഉല്പ, 26:4,5). ദൈവത്തിലുള്ള വിശ്വാസം പ്രകടമാകേണ്ടതു അനുസരണത്തിലാണ്. അനുസരണത്തിനും വിശ്വാസത്തിനും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്: (ഉല്പ, 22:18; റോമ, 1:5; 1പത്രൊ, 1:15). ക്രിസ്ത്യാനികളെ അപ്പൊസ്തലൻ വിളിക്കുന്നത് അനുസരണമുള്ള മക്കൾ എന്നാണ്. ക്രിസ്തുവിനെ അംഗീകരിക്കാത്തവർ അനുസരണക്കേടിന്റെ മക്കളത്രേ: (എഫെ, 2:2).

അനുസരണത്തിന്റെ പരമമായ മാതൃക ക്രിസ്തുവത്രേ; ക്രൂശിലെ മരണത്തോളം ക്രിസ്തു അനുസരണമുള്ളവൾ ആയിത്തീർന്നു: (ഫിലി, 2:8). ക്രിസ്തുവിന്റെ ബാല്യകാലത്തെക്കുറിച്ചു ലൂക്കൊസ് രേഖപ്പെടുത്തി: “പിന്നെ അവൻ അവരോടുകൂടെ ഇറങ്ങി, നസറെത്തിൽ വന്നു അവർക്കു കീഴടങ്ങിയിരുന്നു. ഈ കാര്യങ്ങൾ എല്ലാം അവന്റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു.” (ലൂക്കൊ, 2:51). അനുസരണത്തിൽ തികഞ്ഞവനായിരുന്നു നമ്മുടെ കർത്താവു: “പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി തന്നെ അനുസരിക്കുന്ന അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു.” (എബ്രാ, 5:8,9). ആദാമിന്റെ അനുസരണക്കേടു മനുഷ്യരെ മുഴുവൻ പാപികളാക്കി എങ്കിൽ ക്രിസ്തുവിന്റെ അനുസരണം അനേകരെ നീതിമാന്മാരാക്കി. “ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും.” (റോമ 5:19).

Leave a Reply

Your email address will not be published. Required fields are marked *