അതിഥിസൽക്കാരം

അതിഥിസൽക്കാരം (hospitality)

‘ഫിലൊക്സെനിയ’ എന്ന ഗ്രീക്കുപദത്തിന് അപരിചിതരോടുള്ള സ്നേഹം എന്നാണർത്ഥം. സ്ഥിരമായ വാസസ്ഥാനമില്ലാതെ അലഞ്ഞു തിരിഞ്ഞിരുന്ന യിസ്രായേല്യരുടെ ജീവിത ശൈലിയിൽ ആതിഥേയമനോഭാവം രൂഢമൂലമായിരുന്നു. പരസ്പരമുള്ള രഞ്ജനമനോഭാവത്തിന്റെ ബാഹ്യപ്രകടനമായിരുന്നു അതിഥി-ആതിഥേയ ബന്ധങ്ങൾ. അതിഥിയെ സ്വീകരിച്ചു കഴിഞ്ഞാൽ അയാളുടെ എല്ലാ സംരക്ഷണത്തിനും ഉത്തരവാദി ആതിഥേയനാണ്. കുടുംബാംഗങ്ങളുടെ ജീവൻ ബലികൊടുത്തും അതിഥിയെ സംരക്ഷിക്കുവാൻ അവർ ഒരുമ്പെടും. (ഉല്പ, 19:1; ന്യായാ, 19:24,25). പുതിയനിയമത്തിൽ അതിഥിസൽക്കാരം മറക്കരുതെന്ന നിർദ്ദേശവും (എബ്രാ, 13:1), അതിഥിസൽക്കാരം ആചരിപ്പിൻ എന്ന കല്പനയും (റോമ, 12:13; 1പത്രൊ, 4:9) ഉണ്ട്.

ആതിഥ്യത്തെക്കുറിക്കുന്ന പ്രയോഗങ്ങൾ ബൈബിളിൽ വിരളമാണ്. എന്നാൽ അബ്രാഹാമിന്റെ കാലം തൊട്ട് ആതിഥ്യം നൽകിവന്നതിന്റെ രേഖയുണ്ട്. (ഉല്പ, 14:17-19; എബ്രാ, 13:2). ഒരുവൻ അറിയാതെതന്നെ അബ്രാഹാം ചെയ്തതുപോലെ യഹോവയെയോ (ഉല്പ, 18:1-8), ദൈവദൂതനെയോ (ന്യായാ, 6:17-23; 13:15-21; എബ്രാ, 13:2) സൽക്കരിക്കാം. അബ്രാഹാം സൽക്കരിച്ച ദൂതന്മാരെ ലോത്തും സൽക്കരിച്ചതായി കാണുന്നു (ഉല്പ, 19). അബ്രാഹാമിന്റെ ദാസനും അവന്റെ ഒട്ടകങ്ങൾക്കും റിബെക്കാ വെള്ളം കൊടുത്തു. പ്രതിഫലമായി അവൾക്കു സ്വർണ്ണാഭരണങ്ങൾ ലഭിച്ചു. (ഉല്പ, 24:15-28). ലാബാനും സ്നേഹപൂർവ്വം അബ്രാഹാമിന്റെ ദാസനെ സ്വീകരിക്കുന്നതു കാണാം. യാക്കോബും ലാബാന്റെ വീട്ടിൽ ദീർഘകാലം താമസിച്ചു. (ഉല്പ, 29:1-14). ഒരു പ്രത്യേക ഉദ്ദേശ്യത്തോടു കൂടെയാണെങ്കിലും യോസേഫ് തന്റെ സഹോദരന്മാരോടു കാണിച്ച ആതിഥ്യം സുപരിചിതമാണ്. (ഉല്പ, 43:15-34). ഒളിച്ചോടിയ മോശെ ആടുകൾക്കു വെള്ളം കൊടുക്കുവാൻ റെഗൂവേലിന്റെ പുത്രിമാരെ സഹായിച്ചു. തുടർന്നു പ്രസ്തുത ഭവനത്തിൽ മോശെ സ്വീകരിക്കപ്പെട്ടു. (പുറ, 2:13-22). മാനോഹ ഒരു ദൂതനെ സൽക്കരിച്ചു. (ന്യായാ, 13:2-23). ഗിബെയയിൽ ഒരപരിചിതനെ ആരും സ്വീകരിച്ചില്ല; ഒടുവിൽ ഒരു വൃദ്ധനാണ് അയാൾക്ക് ആതിഥ്യം നൽകിയത്. ഈ ദുരന്തകഥ ന്യായാധിപന്മാർ 19:11-30-ൽ കാണാം. ശലോമോൻ രാജാവ് ആഡംബരപൂർവ്വം അതിഥികളെ സ്വീകരിച്ചു. (1രാജാ, 4:22). അഹശ്വേരോശ് (എസ്ഥ, 1:2-8), വസ്ഥി (എസ്ഥേ, 1;9), എസ്ഥേർ (എസ്ഥേ, 5:4-8; 7:1-10) എന്നിവരുടെ സ്വീകരണങ്ങളും പ്രസിദ്ധമാണ്. ഈസേബെൽ 850 പ്രവാചകന്മാർക്ക് ഭക്ഷണം നല്കി. (1രാജാ, 18:19). നെഹെമ്യാവിന്റെ പരിചരണത്തിൽ 150 പേരുണ്ടായിരുന്നു. (നെഹെ, 5:17). ക്രിസ്തു 5,000 പേരെയും 4,000 പേരെയും അത്ഭുതകരമായി പോഷിപ്പിച്ചു. (മത്താ, 14:15-21; മർക്കൊ, 6:35-44; ലൂക്കൊ, 9:12-17; യോഹ, 6:4-13; മത്താ, 15:32-38).

അതിഥിസൽക്കാരം ഒരാചാരം എന്നതിലേറെ ദൈവത്തിലുള്ള വിശ്വാസത്തിന്റെ ബഹിഷ്പ്രകടനമായിരുന്നു. (ഇയ്യോ, 31:32; യെശ, 58:7). സഞ്ചാരിയുടെ ആവശ്യം സാധിച്ചു കൊടുക്കാതിരിക്കുന്നത് വലിയ കുറ്റമാണ്. ദൈവവും (ആവ, 23:3,4), മനുഷ്യനും (1ശമൂ, 25:2-38; ന്യായാ, 8:5-17) അതിനു ശിക്ഷ നല്കും. 1ശമൂവേൽ 25:28-ൽ കുറ്റത്തിനു ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം ‘പെഷാ’ ആണ്. ഉടമ്പടി ലംഘനത്തിനുപയോഗിക്കുന്ന പദമാണത് ആതിഥ്യമര്യാദ ലംഘിക്കുന്നതിന്റെ ഗൌരവം അതു വെളിപ്പെടുത്തുന്നു. യായേൽ ആതിഥ്യമര്യാദ ലംഘിച്ചതിനു ഒരു ന്യായീകരണവുമില്ല. കുടുംബത്തോടുള്ള സ്നേഹവും ദൈവത്തിൽ ഉള്ള അടിപതറാത്ത വിശ്വാസവും മാത്രമേ ന്യായീകരണമായി കാണാനുള്ളു. (ന്യായാ, 4:11; 5:24-27). ആത്മീയദോഷം വരുത്തുന്ന ക്ഷണങ്ങൾ നിരാകരിക്കേണ്ടതാണ്. (സദൃ, 9:18). സങ്കേതനഗരങ്ങളുടെ ക്രമീകരണവും (പുറ, 35:9-35; യോശു, 20:1-9), പരദേശികളെക്കുറിച്ചുള്ള കരുതലും (പുറ, 22:21; ലേവ്യ, 19:10; ആവ, 10:19) നോക്കുമ്പോൾ പഴയനിയമകാലത്തെ അതിഥി സൽക്കാരത്തിന്റെ വ്യാപ്തി മനസ്സിലാക്കാൻ കഴിയും.

കിണറിന്റെ അടുക്കലാണ് അപരിചിതർ പൊതുവെ കണ്ടുമുട്ടാറുള്ളത്. (ഉല്പ, 24:14; പുറ, 2:20). ഒരു അപരിചിതൻ നഗരവാതിൽക്കൽ ആതിഥ്യം പ്രതീക്ഷിച്ചു കാത്തു നിൽക്കും. (പുറ, 19:1; ന്യായാ, 19:5). ആതിഥേയൻ സൌമനസ്യത്തോടുകൂടി അയാളെ സ്വീകരിക്കും. അതിഥികളുടെ കാൽ കഴുകുക (ഉല്പ, 18:4; 19:2; 24:32; ന്യായാ, 19:21), തല എണ്ണകൊണ്ട് അഭിഷേകം ചെയ്യുക (സങ്കീ, 23:5; ആമോ, 6:6; ലൂക്കൊ, 7:46), ഭക്ഷണം നൽകുക (ഉല്പ, 18:5; ആവ, 23:4; 1ശമൂ, 25:18; 1രാജാ, 17:10,11) എന്നിവ ചെയ്യേണ്ടതാണ്. യാത്രക്കാരുടെ ഉന്മേഷത്തിനായി പാലും തൈരും നൽകും. (ഉല്പ, 18:8; ന്യായാ, 5:25). അതിഥിയുടെ മൃഗങ്ങൾക്കു വെള്ളവും തീറ്റിയും നൽകാറുണ്ട്. (ഉല്പ, 24:14, 32; ന്യായാ, 19:21). ഒരുക്കിയ മുറി അതിഥിക്കു നൽകിയിരുന്നു. (2രാജാ, 4:10).

പഴയനിയമകാലത്തെ ആതിഥ്യമര്യാദകൾ പുതിയനിയമ കാലത്തും തുടർന്നുവന്നു. കാൽ കഴുകുന്നതിനു വെള്ളം കൊടുക്കുകയും തലയിൽ എണ്ണ പൂശുകയും ചെയ്തിരുന്നതിനു പുറമേ അതിഥികളെ ചുംബിക്കുക പതിവായിരുന്നു. പരീശനായ ശീമോന്റെ ഭവനത്തിൽ വച്ചു പട്ടണത്തിൽ പാപിനിയായ സ്ത്രീ യേശുവിനെ പരിമളതൈലം പൂശി. മറ്റുള്ളവർ അവളെ കുറ്റം പറഞ്ഞുവെങ്കിലും ക്രിസ്തു അവളെ സ്വീകരിച്ചു. (ലൂക്കൊ, 7:37-40). യേശുവും അപ്പൊസ്തലന്മാരും ഇടയ്ക്കിടെ ആതിഥ്യം സ്വീകരിച്ചിരുന്നു. യേശുവിന് ഒരു പ്രത്യേക വാസസ്ഥാനം ഉണ്ടായിരുന്നതായി കാണുന്നില്ല. മനുഷ്യപുത്രന് തല ചായ്ക്കാൻ ഇടമില്ലെന്നു യേശു തന്നെ വെളിപ്പെടുത്തി. (മത്താ, 8:20). യേശു പലരുടെയും ആതിഥ്യം സ്വീകരിച്ചിട്ടുണ്ട്. പരീശന്റെയും (ലൂക്കൊ, 7:36), മാർത്തയുടെയും (ലൂക്കൊ, 10:38), പരീശ്ര പ്രമാണിയുടെയും (ലൂക്കൊ, 14:1), സക്കായിയുടെയും (ലൂക്കൊ, 19:5), ശിമോന്റെയും (മർക്കൊ, 1:29), ലേവിയുടെയും (മർക്കൊ, 2:14,15), കുഷ്ഠരോഗിയായ ശിമോന്റെയും (മർക്കൊ, 14:3), ലാസറിന്റെയും (യോഹ, 12:2) അതിഥിയായി യേശു കഴിഞ്ഞിട്ടുണ്ട്. അപ്പൊസ്തലനായ പൗലൊസ് തന്റെ മിഷണറി യാത്രയ്ക്കിടയിൽ യെഹൂദന്മാരുടെയും വിജാതീയരുടെയും ആതിഥ്യം സ്വീകരിച്ചിരുന്നു. അന്ത്യൊക്ക്യയിലും (പ്രവൃ, 14:26-28; 15:34), ലുദിയയുടെ വീട്ടിലും (പ്രവൃ, 16:14,15), കാരാഗൃഹ പ്രമാണിയുടെ വീട്ടിലും (പ്രവൃ, 16:34-36), യാസോന്റെ വീട്ടിലും (പ്രവൃ, 17:1-5), അക്വിലാസിന്റെ വീട്ടിലും (പ്രവൃ, 18:2,3), മ്നാസോന്റെ വീട്ടിലും (പ്രവൃ, 21:16) അപ്പൊസ്തലൻ പാർത്തിട്ടുണ്ട്.

ദൈവവേല ചെയ്യുന്നവരോട് വിശ്വാസികൾക്കു പ്രത്യേക കടപ്പാടുണ്ട്. അപ്പൊസ്തലന്മാരുടെ മിഷണറി പ്രവർത്തനങ്ങളിൽ അവർക്ക് ആതിഥ്യം ധാരാളമായി ലഭിച്ചിരുന്നു. (പ്രവൃ, 10:6; 16:15; 17:17). ക്രിസ്തുവിന്റെ അനുയായികളെ നിരാകരിക്കുന്നവർ അതിന്റെ തിക്തഫലം അനുഭവിക്കും. (മത്താ, 25:34-36). ക്രിസ്ത്യാനികൾ തങ്ങളുടെ കൂട്ടുവിശ്വാസികൾക്കു ആതിഥ്യം നൽകിയിരുന്നു. (ഗലാ, 6:10). പീഡനം ഹേതുവായി ക്രിസ്ത്യാനികൾ ചിതറിയപ്പോൾ ഭൗതികമായ സഹായം അവർക്കാവശ്യമായി. (പ്രവൃ, 8:1; 11:19). സഞ്ചാര പ്രസംഗകരെ സഹായിക്കേണ്ട ചുമതല സഭകൾക്കായിരുന്നു. കാരണം അവർ അവിശ്വാസികളിൽ നിന്നും യാതൊന്നും സ്വീകരിച്ചിരുന്നില്ല. (3യോഹ, 7). പ്രാദേശിക സഭകളിലെ വിശ്വാസികൾ അവരെ സഹായിച്ചിരുന്നു. (അപ്പൊ, 9:43; 16:15; 18:3, 7). വ്യാജോപദേഷ്ടാക്കന്മാരെ വീട്ടിൽ കൈക്കൊള്ളുകയോ അവർക്കു കുശലം പറകയോ ചെയ്യാൻ പാടില്ല. (2യോഹ, 10). പുതുവിശ്വാസികളെ പരിചയപ്പെടുത്തുവാനുള്ള ശ്ലാഘ്യപ്രതം നൽകിയിരുന്നു. (റോമ, 16:1; 2കൊരി, 3:1). സാന്മാർഗ്ഗികമായി അധഃപതിച്ചവയായിരുന്നു അക്കാലത്തെ സത്രങ്ങൾ. ക്രിസ്ത്യാനികൾ അവ ഇഷ്ടപ്പെട്ടിരുന്നില്ല.

അതിഥിസൽക്കാരം ക്രിസ്ത്യാനിയുടെ കടമയാണ്. (റോമ, 12:13). മർക്കൊസിനെ സ്വീകരിക്കുന്നതിനുള്ള നിർദ്ദേശം പൗലൊസ് കൊലൊസ്യ സഭകൾക്കു നൽകി. (കൊലൊ, 4:10). പൗലൊസ് ജയിൽ മോചിതനാകുമ്പോൾ അദ്ദേഹത്തിനു വേണ്ടി ഒരു പാർപ്പിടം ഒരുക്കണമെന്നു പൗലൊസ് ഫിലേമോനോട് ആവശ്യപ്പെട്ടു. (ഫിലേ, 22). അദ്ധ്യക്ഷന്റെ പ്രധാനയോഗ്യതയാണ് അതിഥിസൽക്കാരം. (1തിമൊ, 3:2; തീത്താ, 1:8). പിറുപിറുപ്പു കൂടാതെ സഹോദര സ്നേഹത്തോടുകൂടി (1പത്രൊ 4:9; എബ്രാ, 13:1) അതിഥിസൽക്കാരം ചെയ്യേണ്ടതാണ്.

One thought on “അതിഥിസൽക്കാരം”

Leave a Reply

Your email address will not be published.