അക്വിലാസ്

അക്വിലാസ് (Aquila)

പേരിനർത്ഥം – കഴുകൻ

പൗലൊസ് അഥേനയിൽ നിന്നും കൊരിന്തിൽ എത്തിയപ്പോൾ കണ്ട ഒരു യെഹൂദൻ. (പ്രവൃ, 18:2,18,26; റോമ, 16:3,4; 1കൊരി, 16:19; 2തിമൊ, 4:19). പൊന്തൊസായിരുന്നു അക്വിലാസിൻ്റെ സ്വന്തദേശം. (പ്രവൃ, 18:2). അക്വിലാസും ഭാര്യയായ പ്രിസ്കില്ലയും ഒരുമിച്ചാണ് പരാമർശിക്കപ്പെടുന്നത്. യെഹൂദന്മാർ റോമാനഗരം വിട്ടുപോകണമെന്നുള്ള ക്ളൌദ്യോസിന്റെ കല്പനപ്രകാരം അക്വിലാസും പ്രിസ്കില്ലയും കൊരിന്തിൽ വന്നു പാർത്തു, കൂടാരപ്പണി ചെയ്തുവന്നു. പൗലൊസും അവരോടൊത്തു കൂടാരപ്പണി ചെയ്യുകയും പ്രസംഗിക്കുകയും ചെയ്തു. (പ്രവൃ, 18:1-4). പൗലൊസ് കൊരിന്തു വിട്ടുപോയപ്പോൾ അക്വിലാസ് പൗലൊസിനോടൊപ്പം എഫെസൊസ് വരെ പോയി അവിടെ പാർത്തു. അവിടെ എത്തിയ അപ്പൊല്ലൊസിനെ അവർ സ്വീകരിച്ചു ദൈവത്തിന്റെ മാർഗ്ഗം അവനു സ്പഷ്ടമായി തെളിയിച്ചുകൊടുത്തു. (പ്രവൃ, 18;24-28). പൗലൊസിന്റെ പ്രാണനുവേണ്ടി കഴുത്തു വച്ചുകൊടുക്കുവാൻ അവൻ തയ്യാറായിരുന്നു. ക്ളൌദ്യോസിന്റെ മരണശേഷം അവർ വീണ്ടും റോമിൽ വന്നു എന്നു കരുതപ്പെടുന്നു. (റോമ, 16:3). തിമൊഥയൊസിനു പൗലൊസ് രണ്ടാം ലേഖനം എഴുതുമ്പോൾ അവർ വീണ്ടും എഫെസൊസിൽ ആയിരുന്നു. (2തിമൊ, 4:19). കൂട്ടു വിശ്വാസികളെ സ്വീകരിക്കുകയും സുവിശേഷഘോഷണത്തിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവന്ന ഇവരുടെ കുടുംബം കർത്താവിനു വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ കേന്ദ്രം ആയിരുന്നു.

Leave a Reply

Your email address will not be published.