സാറാ

സാറാ (Sarah)

പേരിനർത്ഥം — പ്രഭ്വി

അബ്രാഹാമിന്റെ പ്രധാനഭാര്യയും അർദ്ധസഹോദരിയും. (ഉല്പ, 20:12). കല്ദായരുടെ പട്ടണമായ ഊരിൽ നിന്നും അബ്രാഹാമിനോടൊപ്പം വാഗ്ദത്തനാടായ കനാനിലേക്കു പുറപ്പെട്ടു. ക്ഷാമം നിമിത്തം അവർ മിസയിമിലേക്കു പോയി. സാറയുടെ സൗന്ദര്യം തനിക്കു അപകടകരമാവുമെന്നു കരുതി സാറയെ സഹോദരി എന്നു അബ്രാഹാം പറഞ്ഞു. സാറയുടെ സൗന്ദര്യത്താൽ ആകൃഷ്ടനായ ഫറവോൻ സാറയെ അന്ത:പുരത്തിലേക്കു കൊണ്ടുപോയി എങ്കിലും യഹോവ പീഡിപ്പിക്കുകയാൽ ഇരുവരെയും വിട്ടയച്ചു. (ഉല്പ, 12:10-20). പിന്നീടു് ഗെരാർ രാജാവായ അബീമേലെക്കും സാറയെ കൊട്ടാരത്തിൽ കൊണ്ടുപോയെങ്കിലും മടക്കി അയച്ചു. ഗെരാർ രാജാവു അബ്രാഹാമിനു ധാരാളം സമ്പത്തു നല്കി. (ഉല്പ, 20:2-14). വന്ധ്യത സാറയെ നിന്ദാപാത്രമാക്കി. അവൾ തന്റെ മിസ്രയീമ്യദാസിയായ ഹാഗാറിനെ അബ്രാഹാമിനു വെപ്പാട്ടിയായി നല്കി. ഹാഗാർ ഗർഭിണിയായപ്പോൾ താൻ നിന്ദിത എന്നു തോന്നി സാറാ ഹാഗാറിനെ പീഡിപ്പിച്ചു. ഹാഗാർ അവിടെ നിന്നു ഓടിപ്പോയെങ്കിലും മടങ്ങി വന്നു യിശ്മായേലിനെ പ്രസവിച്ചു. തൊണ്ണൂറു  വയസ്സുള്ളപ്പോൾ സാറായിയുടെ പേർ സാറാ എന്നു മാറ്റി. ഒരു വർഷത്തിനുള്ളിൽ മകൻ ജനിക്കുമെന്നുള്ള ദൈവികവാഗ്ദാന പ്രകാരം വാഗ്ദത്തസന്തതിയായ യിസഹാക്ക് ജനിച്ചു. (ഉല്പ, 17:16, 18:9-15, 21:1-3). യിസ്ഹാക്കിന്റെ ജനനത്തോടുകൂടി സാറയുടെ നിന്ദ മാറി. സാറായുടെ ആഗ്രഹപ്രകാരം അബാഹാം ഹാഗാറിനെയും പുത്രനെയും പുറത്താക്കി. (ഉല്പ, 21:10-12). സാറാ മരിക്കുമ്പോൾ അവൾക്കു 127 വയസ്സായിരുന്നു. കിര്യത്-അർബ്ബയിൽ വച്ചു മരിച്ച സാറയെ അബ്രാഹാം വിലയ്ക്കു വാങ്ങിയ മക്പേലാ ഗുഹയിൽ അടക്കം ചെയ്തു. (ഉല, 23:1). യിസ്രായേൽ ജനത്തിന്റെ മാതാവായി യെശയ്യാപ്രവാചകൻ (51:2) സാറായെ പറഞ്ഞിട്ടുണ്ടു്. അബ്രാഹാമിന്റെയും സാറായുടെയും വിശ്വാസം നീതിയായി കണക്കിട്ടു. (റോമ, 4:19). വാഗ്ദത്തമക്കളുടെ മാതാവാണു് സാറാ. (റോമ, 9:9). വിശ്വാസവീരന്മാരുടെ പട്ടികയിൽ സാറയുടെ പേരുണ്ട്. (എബ്രാ, 11:11). ഭർത്താവിനോടുള്ള പെരുമാറ്റത്തിലും സാറാ മാതൃകയാണ്. (1പത്രൊ, 3:6).

ആകെ സൂചനകൾ (4) — റോമ, 4:19, 9:9, എബ്രാ, 11:11, 1പത്രൊ, 3:6.

സഫീര

സഫീര (Sapphira)

പേരിനർത്ഥം — സുന്ദരി

അനന്യാസിന്റെ ഭാര്യ. നിലംവിറ്റ തുകയിൽ ഒരംശം സഫീരയുടെ അറിവോടെ അനന്യാസ് എടുത്തു വച്ചിട്ടു ബാക്കി അപ്പൊസ്തലന്മാരുടെ കാൽക്കൽ കൊണ്ടുവെച്ചു. പരിശുദ്ധാത്മാവിനോടു വ്യാജം കാണിക്കുകയാൽ അനന്യാസ് മരിച്ചു. ഭർത്താവിന്റെ മരണം സംഭവിച്ചു് ഏതാണ്ട് മൂന്നുമണിക്കൂർ കഴിഞ്ഞപ്പോൾ അവൾ അപ്പൊസ്തലന്മാരുടെ മുന്നിൽ വന്നു. അവിടെ സംഭവിച്ചതു അവൾ അറിഞ്ഞിരുന്നില്ല. പത്രൊസ് ചോദിച്ചപ്പോൾ അനന്യാസ് പറഞ്ഞ അതേ കള്ളം അവളും ആവർത്തിച്ചു. ഭർത്താവിന്റെ വിധി അവളെയും പിടികൂടി. (അപ്പൊ, (5:7-10).

ശെബാ രാജ്ഞി

ശെബാ രാജ്ഞി (Queen of Sheba)

ശലോമോന്റെ കീർത്തിയെക്കുറിച്ചു കേട്ടറിഞ്ഞ ശൈബാരാജ്ഞി കടമൊഴികളാൽ ശലോമോനെ പരീക്ഷിച്ചറിയാനായി യെരുശലേമിലേക്കു വന്നു. (1രാജാ, 10:1-13, 2ദിന, 9:1-12). ശെബായ ലിപികളിലെഴുതിയ അനേകം ശിലാലിഖിതങ്ങൾ അറേബ്യയുടെ ഉത്തരപശ്ചിമഭാഗത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്. ശെബായരെ ഭരിച്ചിരുന്നതു പുരോഹിത രാജാക്കൻമാരായിരുന്നു. (സങ്കീ, 72:10). തലസ്ഥാനനഗരിയായ മര്യാബയുടെ ശുന്യശിഷ്ടങ്ങൾ അവരുടെ സംസ്കാരത്തിന്റെ വളർച്ചയെ വെളിപ്പെടുത്തുന്നു. ശൈബാരാജ്ഞിയുടെ കടമൊഴികൾക്കെല്ലാം ശലോമോൻ ഉത്തരം പറഞ്ഞു. ശലോമോന്റെ സമ്പത്തും ബുദ്ധിയും നേരിൽ മനസ്സിലാക്കിയ രാജ്ഞി അത്ഭുതം കൂറി. “നിന്റെ കാര്യങ്ങളെയും ജ്ഞാനത്തെയും കുറിച്ചു ഞാൻ എന്റെ ദേശത്തുവെച്ചു കേട്ട വർത്തമാനം സത്യം തന്നേ. ഞാൻ വന്നു എന്റെ കണ്ണുകൊണ്ടു കാണുന്നതു വരെ ആ വർത്തമാനം വിശ്വസിച്ചില്ല. എന്നാൽ പാതി പോലും ഞാൻ അറിഞ്ഞിരുന്നില്ല. ഞാൻ കേട്ട കീർത്തിയെക്കാൾ നിന്റെ ജ്ഞാനവും ധനവും അധികമാകുന്നു.” (1രാജാ, 10:6-7). അമൂല്യങ്ങളായ സമ്മാനങ്ങൾ നൽകിയ ശേഷം ശൈബാരാജ്ഞി മടങ്ങിപ്പോയി. തെക്കെ രാജ്ഞി എന്നു ക്രിസ്തു ശൈബാരാജ്ഞിയെ പറഞ്ഞു. (മത്താ, (12:42). ശെബായിൽ നിന്നും അറേബ്യയുടെ പശ്ചിമതീരങ്ങളിലേക്കു നടന്നുവന്നിരുന്ന കച്ചവടത്തെക്കുറിച്ചും ശെബയിലെ വ്യാപാരികളെക്കുറിച്ചും ധാരാളം പരാമർശങ്ങളുണ്ട്. (ഇയ്യോ, 6:19, യെശ, 60:6, യിരെ, 6:20, യെഹെ, 27:22-23). അടിമക്കച്ചവടത്തിനു പേർപെറ്റവരായിരുന്നു ശൈബായർ. (ഇയ്യോ, 1:15, യോവേ, 3:8).

ആകെ സൂചനകൾ (2) — മത്താ, 12:42, ലൂക്കോ, 11:31.

ശൂശന്ന

ശൂശന്ന (Susanna)

യേശുവിനെയും ശിഷ്യന്മാരെയും തന്റെ വസ്തുവകകൾ കൊണ്ട് ശുശ്രൂഷിച്ച സ്ത്രീകളിൽ ഒരുവൾ. (ലൂക്കോ, 8:3). 

ശലോമ, ശലോമി

ശലോമ, ശലോമി (Salome)

ശലോമോൻ എന്ന പേരിന്റെ സ്ത്രീലിംഗരൂപമാണിത്. സെബെദിയുടെ ഭാര്യയും, യാക്കോബ് യോഹന്നാൻ എന്നിവരുടെ മാതാവും. (മത്താ, 27:56, മർക്കൊ, 15:40). ആഴ്ചവട്ടത്തിൻ്റെ ഒന്നാം നാൾ കല്ലറയ്ക്കൽ എത്തിയവരുടെ കൂട്ടത്തിൽ ശലോമ ഉണ്ടായിരുന്നു. (മർക്കൊ, 16:1). “സെബെദിപുത്രന്മാരുടെ അമ്മ പുത്രന്മാരുമായി യേശുവിന്റെ അടുക്കെ വന്നു നമസ്ക്കരിച്ചു അവനോടു ഒരു അപേക്ഷ കഴിച്ചു; “നിനക്കു എന്തു വേണം” എന്നു യേശു അവളോടു ചോദിച്ചു. അവൾ അവനോടു: ഈ എന്റെ പുത്രന്മാർ ഇരുവരും നിന്റെ രാജ്യത്തിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിപ്പാൻ അരുളിച്ചെയ്യേണമേ എന്നു പറഞ്ഞു.” (മത്താ, 20:20-21). “യേശു അവരോടു: “എന്റെ വലത്തും ഇടത്തും ഇരിപ്പാൻ വരം നല്കുന്നതു എന്റേതല്ല; എന്റെ പിതാവു ആർക്കു ഒരുക്കിയിരിക്കുന്നുവോ അവർക്കു കിട്ടും” എന്നു പറഞ്ഞു. (മത്താ, 20:23). ശലോമയുടെ ഭർത്താവായ സെബെദി സമ്പന്നനായിരുന്നു. ക്രിസ്തുവിൻ്റെയും ശിഷ്യന്മാരുടെയും ഭൗതിക ആവശ്യങ്ങളിൽ ഇവർ സഹായിച്ചിരുന്നു. 

ആകെ സൂചനകൾ (4) — മത്താ, 20:20, 27:56, മർക്കൊ, 15:40, 16:1.

ലോവീസ്

ലോവീസ് (Lois)

തിമൊഥെയൊസിൻ്റെ വല്യമ്മ. തിമൊഥെയോസിൻ്റെ അപ്പൻ യവനനായിരുന്നു. (പ്രവൃ, 16:1). തിമൊഥെയൊസിനെഴുതിയ രണ്ടാം ലേഖനത്തിൽ ലോവീസിൻ്റെ നിർവ്യാജസ്നേഹത്തെ പൗലൊസ് അപ്പൊസ്തലൻ ശ്ലാഘിക്കുന്നുണ്ട്. (2തിമൊ, 1:5).

ലുദിയ

ലുദിയ (Lydia)

ഫിലിപ്പിപട്ടണത്തിൽ പുഴവക്കത്തു പൗലൊസ് സുവിശേഷം പ്രസംഗിച്ചപ്പോൾ ക്രിസ്തുവിനെ സ്വീകരിച്ച ഒരു സ്ത്രീ. എഫെസൊസിനു ഏകദേശം 160 കി.മീ. കിഴക്കുള്ള തുയഥൈരാപട്ടണക്കാരിയായ ലുദിയാ ഫിലിപ്പിയിൽ വന്നു താമസിച്ചു രക്താംബരം വില്ക്കുന്നവളായിരുന്നു. അവളും കുടുംബവും സ്നാനം ഏറ്റു; അപ്പൊസ്തലനെയും സഹപ്രവർത്തകരെയും തന്നോടുകൂടി പാർക്കുവാൻ അവൾ നിർബന്ധിച്ചു. യൂറോപ്പിൽ ക്രിസ്തുവിനെ സ്വീകരിച്ച ആദ്യവിശ്വാസി ലുദിയ ആണ്. (പ്രവൃ, 16:13-15,40). അവളുടെ വീടായിരുന്നു ഫിലിപ്പിയിലെ ആദ്യത്തെ സഭ. (പ്രവൃ, 16:40). ലുദിയയുടെ ഭർത്താവിനെക്കുറിച്ചു പറഞ്ഞിട്ടില്ല; ഒരു വിധവയായിരിക്കണം. ജന്മനാ യെഹൂദസ്ത്രീ അല്ല; പ്രത്യുത യെഹൂദ മതാനുസാരിയായിരിക്കണം. 

ആകെ സൂചനകൾ (2) — പ്രവൃ, 16:14, 16:40.

റിബെക്കാ

റിബെക്കാ (Rebekah)

പേരിനർത്ഥം — പാശം

അബ്രാഹാമിന്റെ സഹോദരനായിരുന്ന നാഹോരിന്റെ പുത്രനായ ബെഥൂവേലിന്റെ പുത്രിയും, ലാബാന്റെ സഹോദരിയും യിസഹാക്കിന്റെ ഭാര്യയും. (ഉല്പ, 29:15). യിസ്ഹാക്കിനു ഒരു ഭാര്യയെ എടുക്കുവാൻ അബ്രാഹാം തന്റെ ദാസനായ എല്യേസറിനെ സ്വന്തദേശത്തേക്കു അയച്ചു. അവൻ റിബെക്കായെ കണ്ടുമുട്ടുകയും അവളുടെ ഭവനക്കാരുമായി സംസാരിച്ച് കാര്യങ്ങൾ ഉറപ്പിക്കുകയും ചെയ്തു. എല്യേസറിനോടൊപ്പം അബാഹാമിന്റെ ഭവനത്തിലെത്തിയ റിബെക്കാ യിസ്ഹാക്കിനു ഭാര്യയായി. വിവാഹശേഷം പത്തൊൻപതു വർഷത്തോളം റിബെക്ക മച്ചിയായിരുന്നു. റിബെക്കയ്ക്കു വേണ്ടി യിസ്ഹാക്ക് ദൈവത്തോട് അപേക്ഷിച്ചു. പ്രാർത്ഥനയ്ക്ക് ഉത്തരമായി അവൾക്കു ഒരേ പ്രസവത്തിൽ ഇരട്ട കുഞ്ഞുങ്ങളെ നല്കി. അവരിൽ ഏശാവ് മൂത്തവനും യാക്കോബ് ഇളയവനുമായിരുന്നു. മൂത്തവൻ ഇളയവനെ സേവിക്കാമെന്നു ദൈവം റിബെക്കായാടു അരുളിച്ചെയ്തു. (ഉല്പ, 29:21-26). ഈ പ്രവചനത്തിന്റെ പ്രേരണകൊണ്ടാണോ എന്നറിയില്ല റിബെക്കാ യാക്കോബിനെ കൂടുതൽ സ്നേഹിച്ചു. കാഴ്ച നഷ്ടപ്പെട്ടുപോയ പിതാവിൽ നിന്നു ജ്യേഷ്ഠനുള്ള അനുഗ്രഹം തട്ടിയെടുക്കുവാൻ ഏശാവിന്റെ വേഷത്തിൽ യിസ്ഹാക്കിന്റെ അടുക്കൽ ചെല്ലുവാൻ യാക്കോബിനെ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്തതു റിബെക്കായാണ്. (ഉല്പ, 21:1-30). ഇത് ഏശാവിനു യാക്കോബിനോടുള്ള വൈരത്തിനു കാരണമായി. ഇരുവർക്കും ഒരേവീട്ടിൽ ഒരുമിച്ചു പാർക്കാൻ കഴിയാത്ത സ്ഥിതിയിലായി. റിബെക്കായുടെ നിർദ്ദേശമനുസരിച്ചു യാക്കോബ് പദൻ-അരാമിൽ പോയി പാർത്തു. (ഉല്പ, 27:42-46). അതിനുശേഷം റിബെക്കാ യാക്കോബിനെ കണ്ടിട്ടില്ല. റിബെക്കാ മരിച്ചപ്പോൾ അവളെ മക്പേല ഗുഹയിൽ അടക്കി. (ഉല്പ, 49:31). 

റാഹേൽ

റാഹേൽ (Rachel)

പേരിനർത്ഥം — പെണ്ണാട്

ലാബാന്റെ ഇളയ പുതിയും  യാക്കോബിന്റെ ഭാര്യയും. റാഹേലിന്റെ പുത്രന്മാരാണു യാസേഫും ബെന്യാമീനും. (ഉല്പ, 29:6,16,18,31, 30:1-9). യാക്കാബിന്റെ അമ്മയായ റിബക്കയുടെ സഹോദരനാണ് ലാബാൻ. (ഉല്പ, 28:2). ഏശാവിനെ വഞ്ചിച്ചു പിതാവിൻ്റെ അനുഗ്രഹം കൈക്കലാക്കിയതിനാൽ ഏശാവിന്റെ കാിനവിദ്വേഷത്തിനു യാക്കോബ് പാത്രമായി. എശാവിന്റെ ക്രോധം ശമിക്കുവോളം അല്പകാലം യാക്കോബ് സ്വഗൃഹത്തിൽ നിന്നകന്നു പദൻ-അരാമിൽ ലാബാനാടൊപ്പം കഴിയുന്നതു നല്ലതാണെന്നു റിബെക്കാ നിർദ്ദേശിച്ചു. (ഉല്പ, 27:43-45). പദൻ-അരാമിലെത്തിയ യാക്കോബ് റാഹേലിനെ കണ്ട് അവളിൽ അനുരക്തനായി, അവൾക്കുവേണ്ടി യാക്കോമ്ബ് ഏഴുവർഷം ലാബാനെ സേവിച്ചു. (ഉല്പ, 29:18). എന്നാൽ മൂത്തമകളായ ലേയയെയാണു യാക്കാബിനു ഭാര്യയായി നല്കിയതു. യാക്കോബ് റാഹേലിനുവേണ്ടി വീണ്ടും ഏഴുവർഷം ലാബാനെ സേവിച്ചു. (29:30). ലാബാന് ആൺമക്കൾ ഇല്ലായിരുന്നിരിക്കണം. അതിനാലാണ് ലേയയെയും റാഹേലിനെയും യാക്കോബിനു നല്കി കുടുംബത്തിന്റെ അവകാശിയായി ദത്തെടുത്തത്. എന്നാൽ പിന്നീട് ലാബാന് ആൺകുട്ടികൾ ജനിച്ചു. അതിനാലാണ് ‘യാക്കോബ് ലാബാന്റെ മുഖത്ത് നോക്കിയാറെ അതു തന്റെ നേരെ മുമ്പ് ഇരുന്നതുപോലെ അല്ല എന്നു കണ്ടതു’ (31:15). അപ്പന്റെ സമ്പത്തു മുഴുവൻ യാക്കോബ് അപഹരിച്ചുകളഞ്ഞു എന്നു ലാബാന്റെ പുത്രന്മാരും പറഞ്ഞു. (31:1). റാഹേൽ മച്ചിയായിരുന്നു. റാഹേൽ തൻ്റെ ദാസിയായ ബിൽഹയെ യാക്കോബിനു കൊടുക്കുകയും അവൾ ദാനിനെയും നഫ്താലിനെയും പ്രസവിക്കുകയും ചെയ്തു. അനന്തരം റാഹേൽ ഗർഭം ധരിച്ചു യോസേഫിനെ പ്രസവിച്ചു. (30:24). യാക്കോബം കടുംബവും സ്വന്തസ്ഥലത്തേക്കു മടങ്ങി. (31:22). ലാബാൻ ഗൃഹബിംബം റാഹേൽ മോഷ്ടിച്ചു കൊണ്ടുപോയിരുന്നു. ലാബാൻ പിന്നാലെ വന്നു അന്വേഷിച്ചുവെങ്കിലും ഗൃഹബിംബം കണ്ടെടുക്കുവാൻ കഴിഞ്ഞില്ല. (31:37). അവർ ബേഥേലിൽ നിന്ന് പുറപ്പെട്ടു എഫ്രാത്തയിൽ എത്താറായപ്പോൾ റാഹേൽ ബെന്യാമിനെ പ്രസവിച്ചു. ഉടനെതന്നെ റാഹേൽ മരിച്ചു. യാക്കോബ് അവളെ എഫ്രാത്തയിൽ അടക്കി. കല്ലറയിൽ ഒരു തൂണും നിർത്തി. (ഉല്പ, 35:19-20).

പുതിയനിയമത്തിൽ റാഹേലിനെക്കുറിച്ചു യിരെമ്യാ പ്രവാചകൻ്റെ ഒരു പ്രവചനമാണ് മത്തായി ചേർത്തിരിക്കുന്നത്; “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: രാമയിൽ ഒരു ശബ്ദം കേൾക്കുന്നു! വിലാപവും കഠിനമായുള്ള കരച്ചിലും തന്നേ; റാഹേൽ തന്റെ മക്കളെക്കുറിച്ചു കരയുന്നു; അവർ ഇല്ലായ്കയാൽ അവരെച്ചൊല്ലി ആശ്വാസം കൈക്കൊൾവാൻ അവൾക്കു മനസ്സില്ല.” (യിരെ, 31:15, മത്താ, 2:17).

രോദാ

രോദാ (Rhoda)

പേരിനർത്ഥം — റോസ

മർക്കൊസിൻ്റെ അമ്മയായ മറിയയുടെ വീട്ടിലെ ബാല്യക്കാരത്തിയാണ് രോദാ. അവൾ പത്രൊസിൻ്റെ ശബ്ദം തിരിച്ചറിഞ്ഞു; പത്രൊസ് പടിപ്പുരയ്ക്കൽ നില്ക്കുന്ന വിവരം മറ്റുള്ളവരെ അറിയിച്ചു. (പ്രവൃ, 12:12-13).