കാനേഷുമാരി

കാനേഷുമാരി (പുറപ്പാടിലെ ജനസംഖ്യ)

യഹോവ തൻ്റെ ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും മിസ്രയീമിൽ നിന്ന് മോശെ മുഖാന്തരം പുറപ്പെടുവിച്ചു കൊണ്ടുവന്ന യിസ്രായേൽജനം ആകെ എത്രപേരുണ്ടായിരുന്നു എന്നു ബൈബിളിൽ പറഞ്ഞിട്ടില്ല. ഏകദേശം ഇരുപതുലക്ഷം (2,000,000) ജനം വരുമെന്നാണ് പണ്ഡിതമതം പറയുന്നത്. എന്നാൽ, എത്ര ജനമുണ്ടായിരുന്നു എന്നു കണക്കുകൂട്ടാൻ കഴിയുന്ന രണ്ടു കാനേഷുമാരിയും മറ്റു സൂചനകളും ബൈബിളിലുണ്ട്. നമുക്കതൊന്നു പരിശോധിച്ചുനോക്കാം: ഒന്ന്; ഈജിപ്റ്റിലെ റമസേസിൽനിന്നു യാത്ര പുറപ്പെട്ട ജനം പുരുഷന്മാർ മാത്രം ഏകദേശം ആറുലക്ഷമാണെന്ന് പറഞ്ഞിട്ടുണ്ട്. (പുറ, 12:37). രണ്ട്; കാനേഷുമാരി അഥവാ, ജനസംഖ്യ എടുക്കുന്നതിനെക്കുറിച്ചു ന്യായപ്രമാണത്തിൽ വ്യക്തമായ കല്പന നല്കിയിട്ടുണ്ട്. (പുറ, 30:12-14, സംഖ്യാ, 3:46,47). മിസ്രയീമിൽനിന്ന് പുറപ്പെട്ടുപോന്ന ജനത്തെ ദൈവത്തിന്റെ നിയോഗമനുസരിച്ചു മൂന്നുപ്രാവശ്യം എണ്ണിയതായിട്ട് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. ഇരുപതു വയസ്സിനു മുകളിലുളള പുരുഷന്മാരുടെ കണക്കാണെടുക്കുന്നത്. സമാഗമനകൂടാര നിർമിതിക്കുവേണ്ടി ദ്രവ്യം ശേഖരിക്കാൻ കണക്കെടുത്തപ്പോഴും (പുറ, 38:26). യുദ്ധപ്രാപ്തരായവരെ എണ്ണിയപ്പോഴും (സംഖ്യാ, 1:2,3; 26:2) ഇരുപതുവയസ്സ് മുതലുള്ളവരെയാണ് എണ്ണിയത്. ഇരുപതു വയസ്സു മുതൽ അമ്പതു വയസ്സു വരെയുള്ളവരെയാണ് യോദ്ധാക്കളായി കണക്കാക്കിയിരുന്നത്? മുപ്പതു വയസ്സു മുതൽ അമ്പതു വയസ്സു വരെയാണ് സമാഗമന കൂടാരത്തിൽ വേലചെയ്യുവാനുള്ള ലേവ്യരുടെ പ്രായം. (സംഖ്യാ, 42, 23, 30, 34, 39). 

പുറപ്പാടിന്റെ മൂന്നാമത്തെയോ നാലാമത്തെയോ മാസത്തിൽ സീനായിൽ താവളമടിച്ചിരുന്ന സമയത്ത്, സമാഗമനകൂടാര നിർമ്മിതിക്കുവേണ്ടി ദ്രവ്യം ശേഖരിക്കാൻ കണക്കെടുത്തപ്പോൾ ആറു ലക്ഷത്തി മൂവായിരത്തി അഞ്ചൂറുപേർ (6,03,550) ഉണ്ടായിരുന്നു. (പുറ, 38:26). പുറപ്പാടിന്റെ രണ്ടാം സംവത്സരം രണ്ടാം മാസം ഒന്നാം തിയ്യതി സീനായിൽ വെച്ച് യോദ്ധാക്കളായ പുരുഷന്മാരുടെ എണ്ണമെടുത്തപ്പോഴും 603,550 പേർ തന്നെയായിരുന്നു. 38 വർഷങ്ങൾക്കുശേഷം കനാൻ പ്രവേശനത്തിനു മുമ്പായി, മൂന്നാമതൊരു കണക്കെടുത്തപ്പോൾ 1820 പേരുടെ കുറവുണ്ടായിരുന്നു. മിസ്രയീമിൽനിന്നു പുറപ്പെട്ടുപോന്നവരുടെ എണ്ണമറിയാൻ ആദ്യത്തെ രണ്ടു കണക്കെടുപ്പുകൾ മാത്രം പരിശോധിച്ചാൽ മതി. മൂന്നു കണക്കെടുപ്പിലും ലേവ്യരെ പന്ത്രണ്ടു ഗോത്രങ്ങളുടെ കൂട്ടത്തിൽ എണ്ണിയിരുന്നില്ല; അവരെ പ്രത്യേകമാണ് എണ്ണിയിരുന്നത്. (സംഖ്യാ, 1:47-49). മോശെയും അഹരോനും മരിക്കുന്നത് 120 വയസ്സിനും അതിനു ശേഷവുമാണ്. തന്മൂലം അന്നത്തെ ശരാശരി ആയുസ്സ് 100 വയസ്സെന്ന് കണക്കാക്കുന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. 603,550 എന്നത് കുഞ്ഞുകുട്ടികൾ തുടങ്ങി വൃദ്ധന്മാർവരെയുള്ള പുരുഷപ്രജകളിൽ 30% മാത്രമാണ്. ഇരുപത് വയസ്സുവരെയുള്ള കുഞ്ഞുങ്ങളെയും, അമ്പത് വയസ്സിനു മുകളിലുള്ള പ്രായമായവരേയും ചേർത്ത് 70% കൂടി കൂട്ടുമ്പോൾ, 603,550+1,408,281 = 2,011,831 പേർ എന്നുകിട്ടും. ലേവ്യരിൽ ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആണുങ്ങൾ ആകെ ഇരുപത്തീരായിരം പേർ ആയിരുന്നു. (സംഖ്യാ, 3:39). ലേവ്യരേയും കൂട്ടുമ്പോൾ 2,011,831+22000 = 2,033,831 എന്നുകിട്ടും. അത്രയുംതന്നെ സ്ത്രീകളും എന്നു കണക്കാക്കിയാൽ, നാല്പതുലക്ഷത്തി അറുപത്തേഴായിരത്തി അറൂന്നൂറ്റി അറുപത്തിരണ്ടെന്നു (4,067,662) കിട്ടും. “നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും” (ഉല്പ, 22:17) എന്നരുളിച്ചെയ്തത് യഹോവയാണ്. തന്മൂലം, സ്ത്രീപുരുഷ അനുപാതം കൃത്യമായിരിക്കും. 

നാല്പതുലക്ഷത്തിലധികം ആളുകളെന്നത് പെട്ടെന്ന് ഒരതിശയോക്തിയായിട്ട് തോന്നുമെങ്കിലും, കണക്കുകൾ സസൂക്ഷ്മം പരിശോധിച്ചാൽ, തെല്ലും അതിശയോക്തിക്ക് വകയുണ്ടാവില്ല. 40 ലക്ഷത്തിലധികം ആളുണ്ടെങ്കിലും, യുദ്ധം ചെയ്യാൻ പുരുഷന്മാരിൽ 30% പേരായ 6 ലക്ഷം പേരാണുള്ളത്. അതിൽത്തന്നെ, പകുതിപ്പേർക്കു മാത്രമേ ശത്രുരാജ്യത്തു കടന്നുകയറി യുദ്ധം ചെയ്യുവാൻ കഴിയുകയുള്ളൂ. ബാക്കിയുള്ളവർ തങ്ങളുടെ ദൈവത്തിൻ്റെ വാസസ്ഥലമായ സമാഗമന കൂടാരത്തെയും, സ്ത്രീകളെയും, കുഞ്ഞുങ്ങളെയും, പ്രായമായ മാതാപിതാകളെയും, തങ്ങൾ മിസ്രയീമിൽനിന്ന് കൊള്ളയിട്ട വസ്തുവകകളെയും സൂക്ഷിക്കുകയാവും ചെയ്യുന്നത്. മാത്രമല്ല, വാളും കുന്തവുമല്ലാതെ, ഇന്നത്തെപ്പൊലെ അത്യാധുനിക യുദ്ധസാമഗ്രികളൊന്നും അക്കാലത്തുണ്ടായിരുന്നില്ല; കായികബലം കൊണ്ടാണ് യുദ്ധം ജയിച്ചിരുന്നത്. അമോര്യരാജാവായ സീഹോനെയും (സംഖ്യാ, 21:21-24), ബാശാൻ രാജാവായ ഓഗിനെയും (21:33-35), കനാൻദേശത്തിലെ ഏഴുജാതികളെരും (പ്രവൃ, 13:19), കനാനിലെ എഴുപത് രാജാക്കന്മാരുടെ കൈകാലുകൾ മുറിച്ച് അടിമയാക്കിയിരുന്ന അദോനീ ബേസെക്കിനെ തോല്പിക്കുകയും ചെയ്തത് (ന്യായാ, 1:7). ഈ സൈന്യബലത്താലാണ്. (യഹോവയുടെ ഭുജബലത്തെ വിസ്മരിക്കുകയല്ല; ഇവിടെ ജനത്തിൻ്റെ കണക്കെടുക്കുക മാത്രമാണ് ചെയ്യുന്നത്).

സംഖ്യാപുസ്തകം 1-ാം അദ്ധ്യായം

രൂബേൻ –         46,500  

ശിമെയൊൻ – 59,300 

ഗാദ് –                 45,650  

യെഹൂദാ –       74,600 

യിസ്സാഖാർ –    54,400 

സെബൂലൂൻ –  57,400 

എഫ്രയീം –       40,500 

മനശ്ശെ –           32,200  

ബെന്യാമീൻ –  35,400  

ദാൻ –                62,700  

ആശേർ –        41,500 

നഫ്താലി –     53,400 

                     ……………….

                     = 603,550

38 വർഷത്തിനുശേഷം സംഖ്യാ, 26

രൂബേൻ –         43,730 

ശിമെയൊൻ – 22,200  

ഗാദ് –                 40,500  

യെഹൂദാ –       76,500  

യിസ്സാഖാർ –    64,300  

സെബൂലൂൻ –  60,500  

മനശ്ശെ –           52,700  

എഫ്രയീം –       32,500  

ബെന്യാമീൻ –  45,600 

ദാൻ –                64,400 

ആശേർ –        53,400 

നഫ്താലി –     45,400 

                   ……………….

                     = 601,730 

ലേവ്യരെ ആദ്യം കണക്കെടുക്കുമ്പോൾ 22,000 പേരും (സംഖ്യാ, 3:39), രണ്ടാമത് കണക്കെടുത്തപ്പോൾ 1,000 പേർ കൂടി 23,000 പേരായി. (സംഖ്യാ, 26:57-61).

മിസ്രയീമ്യ ദേവന്മാരുടെമേലുള്ള ന്യായവിധി

മിസ്രയീമ്യ ദേവന്മാരുടെമേലുള്ള ന്യായവിധി

മിസ്രയീമിൽ 430 വർഷം ജീവിച്ചിരുന്ന യിസായേൽമക്കളിൽ മിസ്രയീമ്യദേവന്മാർ വളരെയധികം സ്വാധീനം ചെലുത്തിയിരുന്നു. മിസ്രയീമിലെ സകല ദേവന്മാരെയും തകർക്കുകയും അവരുടെമേൽ ന്യായവിധി നടത്തുകയും ചെയ്യുന്ന സർവ്വശക്തനായ ദൈവമാണ് താനെന്ന് (പുറ, 12:12) മിസ്രയീമ്യരെയും യിസ്രായേൽ മക്കളെയും ഒരുപോലെ ബോദ്ധ്യപ്പെടുത്തുവാനാണ് ഓരോ ബാധയും മിസ്രയീമ്യരുടെമേൽ യഹോവ അയച്ചത്. നൈൽനദിയിലെ വെള്ളത്തെ ദൈവം രക്തമാക്കിയപ്പോൾ (പുറ, 7:14-24) മിസ്രയീമ്യർ ആരാധിച്ചിരുന്ന ഹാപി എന്ന ദേവതയുടെ നിസ്സഹായത വെളിപ്പെട്ടു. രണ്ടാമത്തെ ബാധയായ തവള, അവരുടെ ഹെക്ട് എന്ന ആരാധനാമൂർത്തിയുടെ ശക്തിഹീനതയ്ക്കു നേരേയുള്ളതായിരുന്നു. പേനിനെ അവർ ആരാധിച്ചിരുന്നതുകൊണ്ട് ദൈവം അതിനെ മൂന്നാമത്തെ ബാധയാക്കിത്തീർത്തു. നാലാമത്തെ ബാധയായ ഈച്ച, അവരുടെ ദേവനായ ബീൽസിബബിനെയും, അഞ്ചാമത്, കന്നുകാലികളുടെ മേലുണ്ടായ ബാധ അവർ ആരാധിച്ചുവന്ന ആപിസ് എന്ന വിശുദ്ധകാളയെയും ന്യായം വിധിക്കുന്നതായിരുന്നു. ആറാമത്തെ ബാധയായ പരുക്കൾ, അവരുടെ സൗഖ്യദായക ദേവതയായ സേഖ്മത്തിന് സൗഖ്യം വരുത്തുവാൻ കഴിവില്ലെന്നു ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു. കല്മഴയുടെ ബാധയാൽ കൃഷിയും കന്നുകാലികളും നശിച്ചപ്പോൾ, കാർഷികവിളകളുടെ പരിരക്ഷകനായ സേത്ത് എന്ന ദേവന്റെയും നട്ട് എന്ന ആകാശദേവതയുടെയും കഴിവില്ലായ്മയെ ദൈവം വെളിപ്പെടുത്തി. വെട്ടുക്കിളികളുടെ ബാധയാൽ മിസ്രയീമ്യദേശത്ത് അവശേഷിച്ചിരുന്ന കാർഷികവിളകൾ നശിച്ചപ്പോൾ ജീവസംരക്ഷകയായ ഐസിസ് എന്ന ദേവതയുടെമേൽ ദൈവം ന്യായം വിധിച്ചു. ഒൻപതാമത്തെ ബാധയായ ഇരുട്ട് ദേശത്തെ മുടിയപ്പോൾ അവർ ആരാധിച്ചിരുന്ന രേ എന്ന സൂര്യദേവന്റെ കഴിവില്ലായ്മ ദൈവം ബോദ്ധ്യപ്പെടുത്തി. പത്താമത്തെ ബാധയായ മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂൽ സംഹാരത്തിലൂടെ ജീവദാതാവായ ഒസീറിസിനെയും ദേവതുല്യനായി കരുതപ്പെട്ടിരുന്ന ഫറവോനെയും തകർക്കുകയും, അവരുടെമേൽ ന്യായവിധി നടത്തുകയും ചെയ്തു. ഇങ്ങനെ, “അവന്റെ വാക്കുകേട്ട് ഞാൻ യിസ്രായേൽ ജനത്തെ വിട്ടയയ്ക്കുവാൻ തക്കവണ്ണം ഈ യഹോവ ആര്?” (പുറ, 5:2) എന്ന ഫറവോന്റെ ചോദ്യത്തിന് പൂർണ്ണമായ അർത്ഥത്തിൽ ദൈവം മറുപടി നൽകുകയും, സർവ്വശക്തനായ ദൈവമാണ് താനെന്ന് യഹോവയാം ദൈവം അവരെ ബോദ്ധ്യപ്പെടുന്നത്തുകയും ചെയ്തു. “ഞാനല്ലാതെ അന്യദൈവങ്ങൾ നിങ്ങൾക്കുണ്ടാകരുത്” എന്ന് താൻ നിഷ്കർഷിക്കുന്നതിന്റെ സാരം ദൈവം ഇപ്രകാരം വെളിപ്പെടുത്തി.

ദൈവം നരബലി ഇച്ഛിക്കുന്നുവോ?

ദൈവം നരബലി ഇച്ഛിക്കുന്നുവോ?

അബ്രാഹാമിനു ദൈവത്തോടുള്ള പരമ വിശ്വസ്തതയെ പരീക്ഷിക്കുവാനായി തന്റെ ഏകജാതനായ പുത്രനെ ബലിയർപ്പിക്കുവാൻ ആബാഹാമിനോടു ദൈവം ആവശ്യപ്പെട്ടു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആദ്യ കാലത്ത് യിസ്രായേൽമക്കളുടെ ഇടയിൽ നരബലി നടന്നിരുന്നു എന്നു വാദിക്കുന്നവരുണ്ട്. എന്നാൽ അതിനു തെളിവുകളൊന്നുമില്ല. അബ്രാഹാമിന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരിക്ഷണമായിരുന്നു വാഗ്ദത്തസന്തതിയായ യിസ്ഹാക്കിനെ യാഗം കഴിക്കുവാൻ ദൈവം ആവശ്യപ്പെട്ടത്. യിസ്ഹാക്കിന് അപ്പോൾ 25 വയസ്സ് പ്രായമായിരുന്നുവെന്നു ജൊസീഫസ് പറയുന്നു. മോരിയാമലയിൽ കൊണ്ടുപോയി (ഈ മലയിലാണു പില്ക്കാലത്തു ദൈവാലയം പണിതത്) യാഗം കഴിക്കുവാനായിരുന്നു കല്പന. അബ്രാഹാം മടിച്ചില്ല. പിറ്റേദിവസം പ്രഭാതത്തിൽ തന്നെ രണ്ടുബാല്യക്കാരോടൊപ്പം യാത്രയായി. മൂന്നാമത്തെ ദിവസം അബ്രാഹാം നോക്കി ദൂരത്തുനിന്ന് ആ സ്ഥലം കണ്ടു. ഞാനും ബാലനും അവിടത്തോളം ചെന്ന് ആരാധന കഴിച്ച് മടങ്ങിവരാം എന്നു പറഞ്ഞ് ബാല്യക്കാരെ അവിടെ വിട്ടിട്ട് അബ്രാഹാം മകനുമായി നടന്നു. ഹോമയാഗത്തിന് ആട്ടിൻകുട്ടി എവിടെ എന്ന യിസ്ഹാക്കിന്റെ ചോദ്യത്തിന് ദൈവം നോക്കിക്കൊള്ളും എന്ന് അബ്രാഹാം പറഞ്ഞു. നിർദ്ദിഷ്ടസ്ഥാനത്തെത്തി അബ്രാഹാം യാഗപീഠം പണിതു യിസ്ഹാക്കിനെ കെട്ടി യാഗപീഠത്തിന്മേൽ കിടത്തി. മകനെ അറുക്കേണ്ടതിന് കത്തി എടുത്തപ്പോൾ യഹോവയുടെ ദൂതൻ തടഞ്ഞു. കുറ്റിക്കാട്ടിൽ കെട്ടുപിണഞ്ഞു കിടന്ന ആട്ടുകൊറ്റനെ പിടിച്ച് യിസ്ഹാക്കിനു പകരം യാഗം കഴിച്ചു. അനന്തരം അബ്രാഹാം മടങ്ങിവന്ന് ബേർ-ശേബയിൽ പാർത്തു. (ഉല്പ, 22:1-19). തന്റെ വിശ്വാസം അനുസരണത്തിലൂടെ പ്രകടമാക്കിയപ്പോൾ തന്റെ ദൈവത്തിന്റെ പ്രകൃതി വ്യത്യസ്തമാണെന്നു അബ്രാഹാം മനസ്സിലാക്കുകയും ചെയ്തു.

ആദ്യജാതനെ ബലികഴിച്ചു ഉദ്ദേശിച്ച ഫലം ഉളവാക്കാമെന്ന വിശ്വാസം കനാനിലെ ജനങ്ങൾക്കുണ്ടായിരുന്നു. കഷ്ടതയുടെയും, പോംവഴിയില്ലായ്മയുടെയും സമയത്തു തങ്ങളുടെ ഏറ്റവും നല്ലതും പ്രിയപ്പെട്ടതുമായതിനെ മനുഷ്യർ ദൈവത്തിനർപ്പിക്കും. “എന്റെ അതിക്രമത്തിനു വേണ്ടി ഞാൻ എന്റെ ആദ്യജാതനെയും ഞാൻ ചെയ്ത പാപത്തിനുവേണ്ടി എന്റെ ഉദരഫലത്തെയും കൊടുക്കേണമോ?” (മീഖാ, 6:7). ആഹാസ് രാജാവ് സ്വന്തം പുത്രനെ അഗ്നിപ്രവേശം ചെയ്യിപ്പിച്ചു. (2രാജാ, 16:3). “തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിയിൽ ഇട്ടു ദഹിപ്പിക്കേണ്ടതിനു അവൻ ബെൻ-ഹിന്നോം താഴ്വരയിലുള്ള തോഫെത്തിലെ പൂജാഗിരികളെ പണിതിരിക്കുന്നു; അതു ഞാൻ കല്പിച്ചതല്ല; എന്റെ മനസ്സിൽ തോന്നിയതുമല്ല.” (യിരെ, 7:31). പട അതികഠിനമെന്നു കണ്ടപ്പോൾ മോവാബ് രാജാവ് തന്റെ ആദ്യജാതനെ പിടിച്ചു മതിലിന്മേൽ ദഹനയാഗം കഴിച്ചു. (2രാജാ, 3:26,27). യിസ്രായേല്യർ നരബലി നടത്തിയിരുന്നു എന്നോ യഹോവ അതിനെ അനുവദിച്ചിരുന്നു എന്നോ ബൈബിൾ പറയുന്നില്ല. പ്രവാചകനായ മീഖായിലുടെ ദൈവം പറയുന്നതും ശ്രദ്ധിക്കുക: “എന്തൊന്നുകൊണ്ടു ഞാൻ യഹോവയുടെ സന്നിധിയിൽ ചെന്നു, അത്യുന്നതനായ ദൈവത്തിന്റെ മുമ്പാകെ കുമ്പിടേണ്ടു? ഞാൻ ഹോമയാഗങ്ങളോടും ഒരു – വയസ്സുപ്രായമുള്ള കാളക്കിടാങ്ങളോടും കൂടെ അവന്റെ സന്നിധിയിൽ ചെല്ലേണമോ? ആയിരം ആയിരം ആട്ടു കൊറ്റനിലും പതിനായിരം പതിനായിരം തൈലനദിയിലും യഹോവ പ്രസാദിക്കുമോ? എന്റെ അതിക്രമത്തിനു വേണ്ടി ഞാൻ എന്റെ ആദ്യജാതനെയും ഞാൻ ചെയ്ത പാപത്തിനു വേണ്ടി എന്റെ ഉദരഫലത്തെയും കൊടുക്കേണമോ? മനുഷ്യാ നല്ലതു എന്തെന്നു അവൻ നിനക്കു കാണിച്ചു തന്നിരിക്കുന്നു: ന്യായം പ്രവർത്തിപ്പാനും ദയാതത്പരനായിരിക്കാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?” (മീഖാ, 6:6-8).

ബാബേൽ ഗോപുരം

ബാബേൽ ഗോപുരം

ബാബേൽ ഗോപുരം എന്ന പ്രയോഗം പഴയനിയമത്തിലില്ല. ശിനാർ സമഭുമിയിൽ പണിത ഗോപുരത്തിനു നല്കിയ പേരാണ് ബാബേൽ ഗോപുരം. ആകാശത്തോളം എത്തുന്ന ഒരു ഗോപുരം പണിയുവാനായിരുന്നു ശിനാർ ദേശത്തിലെ ആളുകൾ ആഗ്രഹിച്ചത്. യഹോവ അവരുടെ ഭാഷ കലക്കിക്കളഞ്ഞു. തന്മൂലം അവർക്കു ആ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. ബാബേൽ ഗോപുരം പണിയുവാനുള്ള ശ്രമത്തിനു മുമ്പ് ഏകഭാഷയാണ് നിലവിലിരുന്നത്. (ഉല്പ, 11:1-9). മെസൊപ്പൊട്ടേമിയയിലെ പല പ്രാചീന നഗരങ്ങളുടെയും സ്ഥാനങ്ങളിൽ നിന്നും സിഗ്ഗൂറത്തുകൾ (Ziggurats) എന്നറിയപ്പെടുന്ന വലിയ ഗോപുരങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടടുത്തിട്ടുണ്ട്. ക്ഷേത്രഗോപുരം, ഗിരിശൃംഗം എന്നീ അർത്ഥങ്ങൾ ‘സിഗ്ഗൂറത്തി’നുണ്ട്. വെയിലിലുണക്കിയ കട്ട കൊണ്ടുണ്ടാക്കിയ വലിയ കുന്നുകളാണ് ബാബിലോണിലെ ക്ഷേത്രഗോപുരങ്ങൾ. ലഭ്യമായവയിൽ ഏറ്റവും വലുത് എരെക് (ആധുനിക വാർകാ) അഥവാ ‘ഉറുകി’ൽ ഉള്ളതാണ്. ഏറ്റവും വലിയ ക്ഷേത്രഗോപുരത്തിനു ഏഴുനിലയുണ്ട്. സാമാന്യമായ പൊക്കം മൂന്നു നിലയാണ്. ബാബേൽ ഗോപുരം ഇതുപോലുള്ള ക്ഷേത്രഗോപുരമാണെന്നു തോന്നുന്നില്ല.

സർവ്വശക്തനായ ദൈവത്തക്കൂടാതെ പേരും പെരുമയും നേടുവാനുള്ള മനുഷ്യന്റെ അത്യാഗ്രഹമാണ് അവനെ ദൈവത്തിന്റെ സ്നേഹത്തിൽനിന്ന് അകറ്റി ദൈവകോപത്തിലേക്കു തള്ളിയിടുന്നത്. ശിനാർദേശത്തു പാർത്തിരുന്ന നോഹയുടെ പിൻതലമുറക്കാർ ദൈവത്തോട് അനുവാദം ചോദിക്കാതെ, അവർക്കു പ്രശസ്തിയുണ്ടാക്കുവാനായി ആകാശത്തോളം എത്തുന്ന ഒരു ഗോപുരം പണിയുവാൻ ആരംഭിച്ചു. ഭൂമിയിൽ മനുഷ്യന്റെ നിരൂപണങ്ങളൊക്കെയും ദുഷ്ടതയും ദോഷവും നിറഞ്ഞതെന്നു കണ്ട് നോഹയും കുടുംബവുമൊഴികെയുള്ള സർവ്വമനുഷ്യരെയും ജലപ്രളയത്താൽ നശിപ്പിച്ച അത്യുന്നതനായ ദൈവം, മനുഷ്യന്റെ അഹന്തയുടെ പ്രതീകമായ ബാബേൽ ഗോപുരം പണിതുകൊണ്ടിരുന്ന മനുഷ്യരെ നശിപ്പിക്കുവാൻ ആഗ്രഹിച്ചില്ല. എന്നാൽ ആകാശത്തോളം അഥവാ ദൈവത്തോളം എത്തുവാൻ ഗോപുരം പടുത്തുയർത്തിക്കൊണ്ടിരുന്ന, ഒരേ ഭാഷ സംസാരിച്ചുകൊണ്ടിരുന്ന മനുഷ്യരുടെ ഭാഷ സർവ്വശക്തനായ ദൈവം കലക്കിക്കളഞ്ഞു. അങ്ങനെ പരസ്പരം ആശയവിനിമയം ചെയ്യുവാൻ കഴിവില്ലാത്തവരായിത്തീർന്ന അവർ പണിയുപേക്ഷിച്ചു. ദൈവം അവരെ ഭൂതലത്തിലെങ്ങും പല ഭാഷകൾ സംസാരിക്കുന്നവരാക്കി ചിതറിച്ചുകളഞ്ഞു. അഹംഭാവം മനുഷ്യനിൽ നിറഞ്ഞുകവിയുമ്പോഴാണ് അവനു സ്നേഹവാനായ ദൈവത്തിന്റെ സന്നിധിയിൽ തന്റെ ആലോചനകളും ആഗ്രഹങ്ങളും സമർപ്പിക്കുവാനോ ദൈവത്തിന്റെയോ സമസൃഷ്ടികളുടെയോ ഭാഷ്യം മനസ്സിലാക്കുവാനോ കഴിയാതെ വരുന്നത്. അപ്പോഴാണ് അഹന്തയുടെ ദന്തഗോപുരങ്ങളിൽ വിരാജിക്കുന്ന മനുഷ്യനെ ദൈവം തകർത്തുകളയുന്നത്.

നോഹയുടെ പെട്ടകം

നോഹയുടെ പെട്ടകം

ഇന്നേക്ക് ഏകേദശം 5,500 വർഷങ്ങൾക്ക് മുമ്പ് ഭൂമിമുഴുവനും ഉണ്ടായ ജലപ്രളയത്തിൽ നിന്ന് നോഹയും കുടുംബവും അടങ്ങുന്ന ഏട്ടു മനുഷ്യരും, ഭൂമിയിലെ മറ്റെല്ലാ ജീവികളും ഓരോ ജോഡിവീതം കയറി രക്ഷപെട്ട ഒരു പെട്ടകത്തെക്കുറിച്ച് ബൈബിൾ നമ്മെ പഠിപ്പിക്കുന്നു. എന്നാൽ, ഈ പെട്ടകത്തിന്റെ വലിപ്പത്തെക്കുറിച്ച് അധികമാരും ചിന്തിക്കാറില്ല. മലയാള പരിഭാഷയിൽ അതിന്റെ അളവുകൾ രേഖപ്പെടുത്തിയിരിക്കുന്നത് മുഴത്തിന്റെ അടിസ്ഥാനത്തിലാണ്. ഇംഗ്ലീഷിലെ ക്യുബിറ്റ് (cubit) എന്ന വാക്കാണ് മലയാളത്തിൽ മുഴം എന്നു തർജ്ജമ ചെയ്യപ്പെട്ടിരിക്കുന്നത്. ഒരു ക്യുബിറ്റ് 25 ഇഞ്ച് ആണെന്നുള്ള പൊതുവായ കണക്കനുസരിച്ച് നോഹയുടെ പെട്ടകത്തിന് 450 അടി നീളവും 75 അടി വീതിയും 45 അടി ഉയരവും ഉണ്ടായിരുന്നു. പെട്ടകം മൂന്നു തട്ടുകളായാണ് പണിതിരുന്നത്. ഭൂമിയിൽ ആണും പെണ്ണുമായി ദൈവം സൃഷ്ടിച്ച സകല ജീവജാലങ്ങളിൽനിന്നും രണ്ടുവീതം പെട്ടകത്തിൽ പാർപ്പിക്കുവാൻ സ്ഥലമുണ്ടോ എന്നു ചിലരെങ്കിലും സംശയിച്ചേക്കാവുന്നതുകൊണ്ടാണ് പെട്ടകത്തിന്റെ വലിപ്പം വിശദമാക്കുന്നത്. കീടങ്ങൾ, ഈച്ചകൾ തുടങ്ങിയ വിവിധതരം പറക്കുന്ന പ്രാണികൾക്കും, ചിലന്തികൾ, പല്ലികൾ തുടങ്ങിയവയ്ക്കും പരിമിതമായ സ്ഥലം മാത്രമേ ആവശ്യമായിരുന്നുള്ളു; വിവിധതരം ഇഴജന്തുക്കൾക്കും വിശാലമായ സ്ഥലം ആവശ്യമായിരുന്നില്ല. വിവിധതരം പറവജാതികളെ തട്ടിൻപുറങ്ങളിലും, തുക്കിയിട്ടിരിക്കുന്ന കൂടുകളിലും പാർപ്പിക്കുവാൻ കഴിയുമായിരുന്നതുകൊണ്ട് അവയ്ക്ക് പ്രത്യേകമായ സ്ഥലം ആവശ്യമായിരുന്നില്ല. മൃഗങ്ങളെ പാർപ്പിക്കുവാനുള്ള സ്ഥലം ഇന്നത്തെ അളവിൽ ഒരുക്കുകയാണെങ്കിൽപ്പോലും അവയ്ക്കല്ലാം വസിക്കുന്നതിനും 382 ദിവസങ്ങൾ അവയ്ക്കു ഭക്ഷിക്കുന്നതിനുളള ആഹാരം സാക്ഷിക്കുന്നതിനും ആവശ്യമായ സ്ഥലവും പെട്ടകത്തിൽ സജജീകരിച്ചിരുന്നു. ഇപ്രകാരം ആധുനിക ശാസ്ത്രജ്ഞന്മാർക്കും ഗവേഷകന്മാർക്കും നോഹയുടെ പെട്ടകം ഇന്നും നിഷേധിക്കാനാവാത്ത ഒരു സത്യമായി അവശേഷിക്കുന്നു. കാരണം അത് ദൈവത്താൽ പണിയിപ്പിക്കപ്പെട്ട പെട്ടകമായിരുന്നു. 

പെട്ടകത്തിൻ്റെ നീളവും വീതിയും ഉയരവും തമ്മിലുള്ള അനുപാതം നോക്കുക: നീളം 450 അടി അഥവാ 137 മീററർ; വീതി 75 അടി അഥവാ 23 മീറ്റർ; ഉയരം 45 അടി അഥവാ 14 മീറ്റർ. ഒരു വർഷമായിരുന്നു വെള്ളപ്പൊക്കത്തിന്റെ കാലാവധി. (ഉല്പ, 7:11-8:13,14). എഞ്ചിനും കപ്പിത്താനും ഇല്ലാതെ ഒരുവർഷം മുഴുവനും മറിയാതെ വെള്ളത്തിൽ സഞ്ചരിക്കാൻ ഈ അനുപാതം കൃത്യമാണെന്നു ലോകത്തിലുള്ള ഏതൊരു വിദഗ്ധ എഞ്ചിനീയറും സമ്മതിക്കില്ലേ? ബി.സി. 3,500-നോടടുത്തു നടന്ന നോഹയുടെയും ജലപ്രളയത്തിന്റെയും ചരിത്രം സത്യമാണെന്നു ക്രിസ്തുവിനും 700 വർഷംമുമ്പു ജീവിച്ചിരുന്ന പ്രവാചകനായ യെശയ്യാവു രേഖപ്പെടുത്തിയിട്ടുണ്ട്. (54:9). ബി.സി. ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന യെഹെസ്ക്കേലും (14:14, 20), എ.ഡി. ഒന്നാം നൂറ്റാണ്ടിൽ യേശുവിന്റെ ശിഷ്യനായ പത്രൊസും (1പത്രൊ, 3:20; 2പത്രൊ, 2:5), മറ്റൊരു ശിഷ്യനായ പൗലൊസും (എബ്രാ, 11:7) നോഹയുടെ ചരിത്രം സത്യമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതിലുപരി കർത്താവായ യേശുക്രിസ്തു തന്റെ പുനരാഗമനം നോഹ പെട്ടകത്തിൽ കയറി രക്ഷപെട്ട കാലംപോലെ ആയിരിക്കുമെന്നു പറഞ്ഞിട്ടുണ്ട്: “നോഹയുടെ കാലംപോലെ തന്നേ മനുഷ്യപുത്രന്റെ വരവും ആകും ജലപ്രളയത്തിന്നു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തിൽ കയറിയനാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു; ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവർ അറിഞ്ഞതുമില്ല; മനുഷ്യപുത്രന്റെ വരവും അങ്ങനെ തന്നേ ആകും.” (മത്താ, 24:37-39).

കാണുക:👇

ജലപ്രളയം

സ്യഷ്ടി

സ്യഷ്ടി (Creation)

ഇല്ലായ്മയിൽ നിന്ന് സകലത്തെയും വിളിച്ചുവരുത്തുവാൻ ദൈവത്തിനു മാത്രമേ കഴിയൂ. ആദിയിൽ ദൈവം ഒന്നുമില്ലായ്മയിൽ നിന്ന് ദൃശ്യാദൃശ്യ പ്രപഞ്ചത്തെ അസ്തിത്വത്തിലേക്കു കൊണ്ടുവന്നതിനെ സൃഷ്ടി എന്നു പറയുന്നു. സൃഷ്ടി ദൈവത്തിന്റെ സ്വതന്ത്രവും സ്വച്ഛന്ദവും ആയ പ്രവൃത്തിയാണ്. സൃഷ്ടിയെക്കുറിച്ചുള്ള ദൈവിക വെളിപ്പാട് രേഖപ്പെടുത്തുകയാണ് ഉല്പത്തി പുസ്തകത്തിലെ ആദ്യത്തെ രണ്ട് അദ്ധ്യായങ്ങൾ. ഉല്പത്തിയെക്കുറിച്ചുള്ള ശാസ്ത്രീയ നിഗമനങ്ങൾ വിവരിക്കുകയല്ല തിരുവെഴുത്തുകളുടെ ലക്ഷ്യം. എങ്കിലും, സൃഷ്ടിയെ സംബന്ധിക്കുന്ന ഉപദേശം പഴയപുതിയനിയമങ്ങളിൽ പ്രചുരമായി കാണാം. (നെഹെ, 9:6; ഇയ്യോ, 38:4; സങ്കീ, 33:6, 9; 90:2; 102:25; യെശ, 40:26, 28; 42:5; 45;18; യിരെ, 10:12-16; ആമോ, 4:13; അപ്പൊ, 17:24; റോമ, 1:20, 25; 11:36; കൊലൊ, 1:16; എബ്രാ, 1:2; 11:3; വെളി, 4:11; 10:6). ഈ കാണുന്ന ലോകത്തിനു ദൃശ്യമായതല്ല കാരണം എന്നു വരുമാറു ലോകം ദൈവത്തിന്റെ വചനത്താൽ നിർമ്മിക്കപ്പെട്ടു എന്നു നാം വിശ്വാസത്താൽ അറിയുന്നു (എബ്രാ, 11:3) എന്നതാണ് സൃഷ്ടിയെ സംബന്ധിച്ചുള്ള ഉപദേശത്തിന്റെ അടിസ്ഥാനം. ബൈബിളിലെ സൃഷ്ടി വിവരണം ദൈവിക വെളിപ്പാടിൽ അധിഷ്ഠിതമാണെന്നും അതു ഗ്രഹിക്കേണ്ടതു വിശ്വാസത്താൽ ആണെന്നും തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്നതാണു ബൈബിളിലെ പ്രാരംഭ വാക്യം. മുമ്പുണ്ടായിരുന്ന ദ്രവ്യത്തിൽ നിന്നല്ല മറിച്ചു ഒന്നുമില്ലായ്മയിൽ (ex nihilo) നിന്നാണു ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചത്. ദ്രവ്യം നിത്യമാണെന്ന ചിന്താഗതിയെ ഇതു ഖണ്ഡിക്കുന്നു. ദൈവത്തിനെതിരെ മറ്റൊരു അസ്തിത്വം ദൈവിക വെളിപ്പാടു നിഷേധിക്കുന്നു. ദ്വന്ദ്വവാദമനുസരിച്ചു രണ്ടു നിത്യതത്ത്വങ്ങളുണ്ട്; നന്മയും തിന്മയും അല്ലെങ്കിൽ രണ്ടു സത്തകൾ: ദൈവവും സാത്താനും അഥവാ ദൈവവും ദ്രവ്യവും. കേവല സത്തയുടെ ആവിഷ്കാരം മാത്രമാണു സൃഷ്ടി എന്ന ചിന്താഗതിയെയും ബൈബിളിലെ സൃഷ്ട്ടിവിവരണം നിഷേധിക്കുന്നു. സഷ്ടാവു സൃഷ്ടിയിൽ നിന്നും ഭിന്നനാണ്. എന്നാൽ മനുഷ്യരെ സൃഷ്ടിച്ചത് ഒന്നുമില്ലായ്മയിൽ നിന്നല്ല പ്രത്യുത ഭൂമിയിലെ പൊടിയിൽ നിന്നാണ്. (ഉല്പ, 2:7). ഭൂമിയിലെ മൃഗങ്ങളെയും ആകാശത്തിലെ പറവകളെയും ഭൂമിയിൽ നിന്നു നിർമ്മിച്ചു. (ഉല്പ, 2:19). 

പ്രപഞ്ചസൃഷ്ടി: പ്രപഞ്ചസൃഷ്ടി ദൃശ്യവും അദൃശ്യവുമായ സകലത്തെയും ഉൾക്കൊള്ളുന്നു. ദൂതന്മാർ, സ്വർഗ്ഗീയ ജീവികൾ, ജന്തുക്കൾ, മനുഷ്യർ എന്നിവ മാത്രമല്ല സ്വർഗ്ഗവും അതിലുള്ള സർവ്വവും ദൈവത്തിന്റെ സൃഷ്ടിയത്രേ. എസ്രായുടെ പ്രാർത്ഥന ശ്രദ്ധേയമാണ്: “നീ, നീ മാത്രം യഹോവ ആകുന്നു: നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.” (നെഹെ, 9:6). ദൃശ്യവും അദൃശ്യവുമായ സകലവും ക്രിസ്തു മുഖാന്തരവും ക്രിസ്തുവിനായും സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്നു അപ്പൊസ്തലനായ പൌലൊസ് രേഖപ്പെടുത്തുന്നു. (കൊലൊ, 1:16).

ദൃശ്യലോകത്തിന്റെ സൃഷ്ടി: ദൃശ്യലോകം എങ്ങനെ ഉണ്ടായി എന്ന് ഉല്പത്തി ഒന്നാം അദ്ധ്യായത്തിലെ സൃഷ്ടിവൃത്താന്തം വ്യക്തമാക്കുന്നു. ആറു ദിവസം കൊണ്ടാണ് സൃഷ്ടി പൂർത്തിയായത്. ദൈവം കല്പിച്ചു എന്ന് സൃഷ്ടിപ്പിന്റെ എട്ടു പ്രത്യേക പ്രവൃത്തികൾ രേഖപ്പെടുത്തുന്നു. ഒന്നാം ദിവസം വെളിച്ചം (1:3), രണ്ടാം ദിവസം വിതാനം (1:6), മൂന്നാം ദിവസം സമുദ്രവും ഉണങ്ങിയ നിലവും സസ്യങ്ങളും (1:9, 11), നാലാം ദിവസം ജ്യോതിർഗോളങ്ങൾ (1:15), അഞ്ചാം ദിവസം പക്ഷികളും മത്സ്യങ്ങളും (1:20), ആറാം ദിവസം മൃഗങ്ങളും മനുഷ്യനും (1:24, 26). ഒന്നാം ദിവസമാണ് ദൈവം വെളിച്ചം സൃഷ്ടിച്ചത്; എന്നാൽ ജ്യോതിർഗോളങ്ങളെ സൃഷ്ടിച്ചതാകട്ടെ നാലാം ദിവസവും. ആദ്യത്തെ മൂന്നു ദിവസങ്ങളിലെയും സൃഷ്ടി പശ്ചാത്തല സജ്ജീകരണമാണ്. വെളിച്ചം, വിതാനം, സമുദ്രം, കര, സസ്യങ്ങൾ എന്നിവ ഒരുക്കിയത് ജീവജാലങ്ങൾക്കു നിവസിക്കുവാൻ വേണ്ടിയാണ്. ആകാശം പക്ഷികൾക്കും, സമുദ്രം മത്സ്യങ്ങൾക്കും, ഭൂമി മൃഗങ്ങൾക്കും മനുഷ്യനും വേണ്ടിയാണ്. മൂന്നാം ദിവസവും ആറാം ദിവസവും സൃഷ്ടിപ്പിന്റെ രണ്ടു പ്രവൃത്തികൾ വീതം നടന്നതായി കാണുന്നു. ഏഴാം ദിവസം ദൈവം സ്വസ്ഥനായി. സൃഷ്ടിക്കും ആഴ്ചയിൽ ഒരു ദിവസത്തെ സ്വസ്ഥത ദൈവം കല്പിച്ചു. (പുറ, 20:8-11). 

മനുഷ്യസൃഷ്ടി: മനുഷ്യനെ സൃഷ്ടിച്ചത് ആറാം ദിവസമാണ്. പ്രത്യേക വിധത്തിലാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. “യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി; മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.” (ഉല്പ, 2:7). അനന്തരം ആദാമിന്റെ വാരിയെല്ലുകളിൽ ഒന്നെടുത്തു ഹവ്വയെ സൃഷ്ടിച്ചു. (ഉല്പ, 2:21:23). മനുഷ്യനെ പൂർണ്ണവളർച്ചയെത്തിയ അവസ്ഥയിൽ തന്നെ ദൈവം സൃഷ്ടിച്ചു എന്നാണ് സൃഷ്ടിവൃത്താന്തം രേഖപ്പെടുത്തുന്നത്. ഹവ്വയ്ക്ക് മുൻഗാമിയായി ഒരു സ്ത്രീ ഇല്ലായിരുന്നു. പുരുഷനിൽ നിന്നാണ് സ്ത്രീ നിർമ്മിക്കപ്പെട്ടത്. “പുരുഷൻ സ്ത്രീയിൽ നിന്നല്ലല്ലോ സ്ത്രീ പുരുഷനിൽ നിന്നതേ ഉണ്ടായത്.” (1കൊരി, 11:8). ഭൗതിക രൂപങ്ങളിലും വൈകാരിക ചോദനകളിലും മൃഗങ്ങളോടു സാദൃശ്യമുണ്ടെങ്കിലും മൃഗങ്ങളിൽ നിന്നു വ്യത്യസ്തനാണ് മനുഷ്യൻ. ദൈവത്തിന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യൻ സൃഷ്ടിയുടെ മകുടവും സൃഷ്ടിയുടെ മേൽ വാഴാൻ അനുഗ്രഹം പ്രാപിച്ചവനുമാണ്.

1-ാം ദിവസം: വെളിച്ചം

“വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി. വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേർപിരിച്ചു. ദൈവം വെളിച്ചത്തിന്നു പകൽ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.” (ഉല്പത്തി 1:3).

2-ാം ദിവസം: ആകാശം

“ദൈവം വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അതു വെള്ളത്തിന്നും വെള്ളത്തിന്നും തമ്മിൽ വേർപിരിവായിരിക്കട്ടെ എന്നു കല്പിച്ചു. വിതാനം ഉണ്ടാക്കീട്ടു ദൈവം വിതാനത്തിൻ കീഴുള്ള വെള്ളവും വിതാനത്തിൻ മീതെയുള്ള വെള്ളവും തമ്മിൽ വേർപിരിച്ചു; അങ്ങനെ സംഭവിച്ചു. ദൈവം വിതാനത്തിന്നു ആകാശം എന്നു പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, രണ്ടാം ദിവസം.” (ഉല്പത്തി 1:6-8). 

3-ാം ദിവസം: ഭൂമിയും സസ്യങ്ങളും

“ദൈവം: ആകാശത്തിൻ കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു; അങ്ങനെ സംഭവിച്ചു. ഉണങ്ങിയ നിലത്തിന്നു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിന്നു സമുദ്രം എന്നും പേരിട്ടു; നല്ലതു എന്നു ദൈവം കണ്ടു. ഭൂമിയിൽനിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയിൽ അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവരട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. ഭൂമിയിൽ നിന്നു പുല്ലും അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവന്നു; നല്ലതു എന്നു ദൈവം കണ്ടു.

ഉല്പത്തി 1:13 സന്ധ്യയായി ഉഷസ്സുമായി, മൂന്നാം ദിവസം.” (ഉല്പത്തി 1:9-13).

4-ാം ദിവസം: സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും

പകലും രാവും തമ്മിൽ വേർപിരിവാൻ ആകാശവിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ; ഭൂമിയെ പ്രകാശിപ്പിപ്പാൻ ആകാശവിതാനത്തിൽ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. പകൽ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി. ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മിൽ വേർപിരിപ്പാനുമായി ദൈവം അവയെ ആകാശവിതാനത്തിൽ നിർത്തി; നല്ലതു എന്നു ദൈവം കണ്ടു. സന്ധ്യയായി ഉഷസ്സുമായി, നാലാം ദിവസം.” (ഉല്പത്തി 1:14-19).

5-ാം ദിവസം: ജലജന്തുക്കളും പറവജാതികളും

“വെള്ളത്തിൽ ജലജന്തുക്കൾ കൂട്ടമായി ജനിക്കട്ടെ; ഭൂമിയുടെ മീതെ ആകാശവിതാനത്തിൽ പറവജാതി പറക്കട്ടെ എന്നു ദൈവം കല്പിച്ചു. ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തിൽ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതുതരം ജീവജന്തുക്കളെയും അതതു തരം പറവജാതിയെയും സൃഷ്ടിച്ചു; നല്ലതു എന്നു ദൈവം കണ്ടു. നിങ്ങൾ വർദ്ധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തിൽ നിറവിൻ; പറവജാതി ഭൂമിയിൽ പെരുകട്ടെ എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു. സന്ധ്യയായി ഉഷസ്സുമായി, അഞ്ചാം ദിവസം.” ഉല്പത്തി 1:20-23).

6-ാം ദിവസം: കന്നുകാലി ഇഴജാതി മനുഷ്യൻ

“അതതുതരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതു തരം ജീവജന്തുക്കൾ ഭൂമിയിൽനിന്നു ഉളവാകട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലതു എന്നു ദൈവം കണ്ടു. അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു. ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു…….. താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു. സന്ധ്യയായി ഉഷസ്സുമായി, ആറാം ദിവസം.” (ഉല്പത്തി 1:24-31).

7-ാം ദിവസം: യഹോവയുടെ ശബ്ബത്ത്

“ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു. താൻ ചെയ്ത പ്രവൃത്തി ഒക്കെയും ദൈവം തീർത്തശേഷം താൻ ചെയ്ത സകലപ്രവൃത്തിയിൽനിന്നും ഏഴാം ദിവസം നിവൃത്തനായി താൻ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.” (ഉല്പത്തി 2:1).

വൃതന്മാർ

വൃതന്മാർ (elect’s)

തിരഞ്ഞെടുക്കപ്പെട്ടവരും (2ശമൂ, 21:6, സങ്കീ, 89:19), യേശുക്രിസ്തുവിൻ്റെ രക്തത്താൽ കഴുകപ്പെട്ടവരുമാണ് വൃതന്മാർ (1പത്രൊ, 1:2). ചില പ്രത്യേക വ്യക്തികളെയോ ഗണത്തയോ പ്രത്യേക അനുഗ്രഹത്തിനും വിശിഷ്ട ആനുകൂല്യങ്ങൾക്കുമായി വേർതിരിക്കുന്നതാണ് തിരഞ്ഞെടുപ്പ്. പാപികളുടെ രക്ഷയുമായി ബന്ധപ്പെടുമ്പോൾ തിരഞ്ഞെടുപ്പ് മുന്നിയമന സിദ്ധാന്തത്തിന്റെ പ്രയുക്തിയാണ്. പഴയനിയമത്തിലും പുതിയനിയമത്തിലും ഒരുപോലെ പ്രാധാന്യമർഹിക്കുന്ന വിഷയമാണിത്. പുതിയനിയമത്തിൽ മാത്രം തിരഞ്ഞെടുപ്പ് 48 സ്ഥാനങ്ങളിലുണ്ട്. 

തിരഞ്ഞെടുക്കുക എന്ന അർത്ഥത്തിൽ പഴയനിയമത്തിൽ ഉപയോഗിച്ചിട്ടുള്ള പ്രധാനപ്പെട്ട എബ്രായധാതു ‘ബാഹർ’ ആണ്. ഒരു വലിയ ഗണത്തിലോ കുട്ടത്തിലോ ഉൾപ്പെടുന്നവയെ എല്ലാം സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കിയശേഷം ഒരു വ്യക്തിയെയോ വസ്തുവിനെയോ സ്വന്തം ഇച്ഛപോലെ തിരഞ്ഞെടുക്കുക എന്ന ആശയമാണ് ബാഹർ എന്ന ധാതുവിനുള്ളത്. കവിണക്കല്ലുകളെ തിരഞ്ഞെടുക്കുക (1ശമൂ, 17:40), ഭാര്യയെ തിരഞ്ഞെടുക്കുക (ഉല്പ, 6:2), നന്മ തിരഞ്ഞെടുക്കുക (യെശ, 7:15), ജീവനെ തിരഞ്ഞെടുക്കുക (ആവ, 30:20), യഹോവയുടെ സേവ തിരഞ്ഞെടുക്കുക (യോശൂ, 24:22) എന്നിവ ഉദാഹരണങ്ങൾ. ഈ എബ്രായ ധാതുവിന് സമാനമായ ഗ്രീക്കു ധാതു എക്ലെഗൊമായ് ആണ്. തിരഞ്ഞെടുക്കപ്പെട്ടവർ എന്ന അർത്ഥത്തിൽ എബ്രായയിൽ ബാഹിർ-ഉം ഗ്രീക്കിൽ എക്ലെക്ടൊസും പ്രയോഗിക്കുന്നു. തിരഞ്ഞെടുക്കുന്നതു ദൈവമാണ്. മോശെ വൃതനാണു് (സങ്കീ, 106:23). യിസായേല്യരെ ദൈവം തിരഞ്ഞെടുത്തു എന്ന് ആറു പ്രാവശ്യം പറഞ്ഞിട്ടുണ്ട്. (1ദിന, 16:12; സങ്കീ, 105:5, 43; 106:4; യെശ, 43:20; 45:4). ശൗൽ രാജാവിനെയും (2ശമൂ, 21:6), ദാവീദിനെയും (സങ്കീ, 89:3) വൃതൻ എന്നു ഓരോ പ്രാവശ്യം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രവചനത്തിൽ മശീഹയെ ഒരുപ്രാവശ്യം (യെശ, 42:1) വൃതൻ എന്നു വിളിച്ചിട്ടുണ്ട്. വീണ്ടെടുക്കപ്പെട്ട യിസ്രായേൽ ഭാവിയിൽ ദൈവത്തിന്റെ വൃതർ ആയിരിക്കും. (യെശ, 65:9, 15, 22). ക്രിസ്തുവിനെ സ്വന്തം രക്ഷിതാവായി സ്വീകരിച്ചവരെ പുതിയനിയമത്തിൽ 20 പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടവർ എന്നു വിളിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനെ കുറിക്കുന്ന ഗ്രീക്കുപദം ‘എക്ലോഗീ’ ആണ്. 

പഴയനിയമത്തിൽ യിസ്രായേൽ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമാണ്. രണ്ടു പരസ്പര ബദ്ധമായ പ്രവൃത്തികളിലൂടെയാണ് ദൈവം അവരെ തിരഞ്ഞെടുത്തത്. ഒന്നാമതായി, ദൈവം അബ്രാഹാമിനെയും സന്തതിയെയും തിരഞ്ഞെടുത്തു. കല്ദയരുടെ പട്ടണമായ ഊരിൽ നിന്നും അബ്രാഹാമിനെ വിളിച്ചു വേർതിരിച്ച് വാഗ്ദത്തനാടായ കനാനിൽ കൊണ്ടുവന്നു. അനന്തരം അബ്രാഹാമിനോടും അവന്റെ സന്തതികളോടും ശാശ്വത നിയമം ചെയ്തു. ഈ നിയമമനുസരിച്ച് അബ്രാഹാമിന്റെ സന്തതിയിലൂടെ ഭൂമി അനുഗ്രഹിക്കപ്പെടും. (ഉല്പ, 11:31-12:7; 15:17; 22:15-18; നെഹെ, 9:7; യെശ, 41:8). രണ്ടാമതായി, മിസ്രയീമിലെ അടിമത്തത്തിൽ നിന്നും വീണ്ടെടുത്തുകൊണ്ട് യിസ്രായേലിനെ ദൈവം തന്റെ ജനമായി തിരഞ്ഞെടുത്തു. അബ്രാഹാമിനോടു ചെയ്ത നിയമം സീനായിയിൽ വച്ചു പുതുക്കി വാഗ്ദത്തദേശം അവർക്കു ജന്മഭൂമിയായി നല്കി. (പുറ, 3:6-10; ആവ, 6:21-23; സങ്കീ, 105). ഈ തിരഞ്ഞെടുപ്പുകളെ ദൈവത്തിന്റെ വിളി എന്നും പ്രസ്താവിച്ചിട്ടുണ്ട്. അബ്രാഹാമിനെയും അബ്രഹാമിന്റെ സന്തതികളെയും ദൈവം വിളിച്ചത് തന്റെ ജനമായിരിക്കുവാൻ വേണ്ടിയാണ്. 

തിരഞ്ഞെടുപ്പും മുന്നിയമനവും: രക്ഷിക്കപ്പെടുന്നവർ ആരെന്നത് ദൈവം മുന്നിർണ്ണയിച്ചു കഴിഞ്ഞു എന്നു വ്യക്തമാക്കുന്ന അനേകം ഭാഗങ്ങളുണ്ട്. പൗലൊസും ബർന്നബാസും ജാതികളുടെ ഇടയിൽ സുവിശേഷം പ്രസംഗിച്ചപ്പോൾ ഉണ്ടായ ഫലത്തെക്കുറിച്ച് ലൂക്കൊസ് എഴുതി; “ജാതികൾ ഇതു കേട്ടു സന്തോഷിച്ചു ദൈവവചനത്തെ മഹത്വപ്പെടുത്തി, നിത്യജീവനായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു.” (പ്രവൃ, 13:48). എത്രപേർ വിശ്വസിച്ചു എന്ന ചോദ്യത്തിനുത്തരം നിത്യജീവനായി നിയമിക്കപ്പെട്ടവർ എന്നത്രേ. (റോമ, 8:28-30). ഏശാവിനെ ഉപേക്ഷിച്ച് ദൈവം യാക്കോബിനെ തിരഞ്ഞെടുത്തു. (റോമ, 9:11-13). യിസ്രായേലിൽ തിരഞ്ഞെടുക്കപ്പെട്ടവർ മാത്രമാണ് രക്ഷ പ്രാപിച്ചത്. (റോമ, 11:7). “നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്ക്കളങ്കരും ആകേണ്ടതിനു അവൻ ലോകസ്ഥാപനത്തിനു മുമ്പ് നമ്മെ അവനിൽ തിരഞ്ഞെടുക്കു കയും ….. സ്നേഹത്തിൽ നമ്മെ മുന്നിയമിക്കുകയും ചെയ്തുവല്ലോ.” (എഫെ, 1:4-6 – എഫെ, 1:11,12; 1കൊരി, 2:7). 

തിരഞ്ഞെടുപ്പിന്റെ സവിശേഷതകൾ: പുതിയനിയമത്തിൽ പൗലൊസിന്റെ ലേഖനങ്ങളിലാണ് തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ദൈവശാസ്ത്രപരമായ വിചിന്തനം വ്യക്തമായി കാണുന്നത്. 1. ദൈവത്തിൻറ തിരഞ്ഞെടുപ്പ് കൃപയാലാണ്. പാപത്തിൽ വീണുപോയ മനുഷ്യവർഗ്ഗത്തോട് ദൈവം സൗജന്യമായി കാട്ടിയ കൃപയാണ് തിരഞ്ഞെടുപ്പ്: (റോമ, 11:5). മനുഷ്യൻ സാക്ഷാൽ അർഹിക്കുന്നത് ദൈവക്രോധം മാത്രമാണ്. (റോമ 1:18). 

2. തിരഞ്ഞെടുപ്പ് ദൈവത്തിന്റെ സർവ്വാധികാരത്തിൽ പെടുന്നു. തിരുഹിതത്തിന്റെ പ്രസാദ്രപ്രകാരമാണ് ദൈവം മനുഷ്യരെ തിരഞ്ഞെടുത്തത്. മനുഷ്യരുടെ പ്രവൃത്തികൾ അതിനു കാരണമല്ല. (എഫെ, 1:5,9; റോമ, 9:11). പാപികളിൽ നിന്ന് ഒരു വിഭാഗത്തെ തൻ്റെ തേജസ്സിന്റെ ധനം വെളിപ്പെടുത്താനായി ദൈവം കരുണാപാത്രങ്ങളായി തിരഞ്ഞെടുത്തു. (റോമ, 9:23). പാപികളിൽ ചിലരെ അവർ അർഹിക്കുന്നത് അനുസരിച്ച് ഹൃദയകാഠിന്യത്തിനും നാശത്തിനും ഏല്പിച്ചു. (റോമ, 9:18, 21; 11:7 -10). ഈ വിവേചനത്തിൽ അനീതിയായി ഒന്നുംതന്നെയില്ല. മത്സരികളായ മനുഷ്യരോടു എന്തു ചെയ്യാനുമുള്ള അവകാശം സഷ്ടാവിനുണ്ട്. (റോമ, 9:14-21). ചിലരോടു ദൈവം കരുണ കാണിക്കുന്നില്ലെന്നതിനേക്കാൾ പ്രധാനം ചിലരോടു ദൈവം കരുണ കാണിക്കുന്നു എന്നതാണ്. അബ്രാഹാമിനോടുളള വാഗ്ദാനം ഏശാവിനെ ഉപേക്ഷിച്ചുകൊണ്ട് യാക്കോബിനു മാത്രമായി പരിമിതപ്പെടുത്തിയതിൽ നിന്നും ഇതു വ്യക്തമാണ്. (റോമ, 9:7-13). യിസ്രായേലിൽ നിന്നു ജനിച്ചവരെല്ലാം യിസ്രായേല്യർ അല്ല. തിരഞ്ഞെടുക്കപ്പെട്ട ജനത്തിനു വാഗ്ദാനം ചെയ്തിട്ടുള്ള രക്ഷ അനുഭവിക്കുന്നവരത്രേ യിസ്രായേലിലെ ശേഷിപ്പ്. (റോമ, 11:5; 9:27-29). 

3. തിരഞ്ഞെടുപ്പു നിത്യമാണ്. ഭൂതകാലനിത്യതയിൽ തന്നെ തിരഞ്ഞെടുപ്പു പൂർത്തിയായി. ലോകസ്ഥാപനത്തിനു മുമ്പു തന്നെ ദൈവത്തിന്റെ നിത്യമായ ആലോചനയി മനുഷ്യനെ സംബന്ധിക്കുന്ന സകലകാര്യങ്ങളും നിരണ്ണയിച്ചു കഴിഞ്ഞു. “നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്ക്കളങ്കരും ആകേണ്ടതിനു അവൻ ലോകസ്ഥാപനത്തിനു മുമ്പേ നമ്മെ അവനിൽ തിരഞ്ഞെടുക്കുകയും.” (എഫെ, 1:4). തിരഞ്ഞെടുപ്പും വിളിയും പരസ്പരബദ്ധമാണ്. (2തിമൊ, 1:9; 2തെസ്സ, 2:13,14). തിരഞ്ഞെടുപ്പും ദൈവത്തിന്റെ നിത്യനിർണ്ണയത്തിന്റെ ഭാഗമാണ്. (എഫെ, 1:9). 

4. തിരഞ്ഞെടുപ്പു ക്രിസ്തുവിലാണ്. (എഫെ, 1:4). ക്രിസ്തുവിന്റെ ജഡധാരണവും പ്രായശ്ചിത്ത മരണവും ദൈവത്തിന്റെ നിത്യനിർണ്ണയത്തിൽ ഉൾപ്പെട്ടതാണ്. പത്രാസപ്പൊസ്തലൻ ഈ വിഷയം സ്പഷ്ടമായി പ്രസ്താവിച്ചു. “ദൈവം നിങ്ങൾക്കു കാണിച്ചുതന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിരനിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറപ്പിച്ചു കൊന്നു.” (പ്രവൃ, 2:23). അവൻ ലോകസ്ഥാപനത്തിനു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ക്രിസ്തുവിലൂടെയുള്ള തിരഞ്ഞെടുപ്പിന്റെ ഫലം തിരഞ്ഞെടുക്കപ്പെട്ടവർ ക്രിസ്തുവിന്റെ രൂപത്തോട് അനുരൂപരാകുകയും ക്രിസ്തുവിന്റെ തേജസ്സിനു പങ്കാളികളാകുകയും ചെയ്യുക എന്നതത്രേ. “അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിനു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.” (റോമ, 8:29,30(. ക്രിസ്തുവിലൂടെ രക്ഷ പ്രാപിക്കുന്നവർ ദൈവം ക്രിസ്തുവിനു നല്കിയ ഇഷ്ടദാനമാണ്. ദൈവം ക്രിസ്തുവിനു നല്കിയവരാണ് തിരഞ്ഞെടുക്കപ്പെട്ടവർ. അവർക്കു ക്രിസ്തു നിത്യജീവൻ നല്കുന്നു. (യോഹ, 17:2, 6, 9, 24). 

തിരഞ്ഞെടുപ്പിന്റെ ലക്ഷ്യവും ഫലവും: തിരഞ്ഞെടുപ്പിന്റെ ആത്യന്തികലക്ഷ്യം ദൈവനാമ മഹത്വമാണ്. തിരഞ്ഞെടുപ്പിലൂടെ ലഭിച്ച വിശിഷ്ട പദവിയും ആനുകൂല്യങ്ങളും നിമിത്തം യിസ്രായേൽ ദൈവത്തിനു സ്തോത്രം ചെയ്യുകയും അവന്റെ സ്തുതി പ്രസ്താവിക്കുകയും ചെയ്തതുകൊണ്ട് ദൈവത്തിനു മഹത്വവും ബഹുമാനവും നല്കുന്നു. (യെശ, 43:20; സങ്കീ, 79:13; 96:1-10). ഒരു വിശ്വാസി ദൈവത്തിൽ പ്രശംസിച്ച് (1കൊരി, 1:31) ദൈവത്തിന് എന്നേക്കും മഹത്വം നല്കേണ്ടതാണ്. (റോമ, 11:36; എഫെ, 1:5,6, 12). തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ദൈവിക വെളിപ്പാട് വാദപ്രതിവാദത്തിലേക്കല്ല ആരാധനയിലേക്കാണ് നയിക്കേണ്ടത്.

ദൈവത്തിന്റെ ആർദ്രസ്നേഹം വെളിപ്പെടുത്തുകയാണ് തിരഞ്ഞെടുപ്പ്. തന്റെ പ്രത്യേക സ്നേഹത്തിന് പാത്രമായതുകൊണ്ടാണ് യഹോവ യിസ്രായേലിനെ തിരഞ്ഞെടുത്തത്. യിസ്രായേൽ ദൈവത്തെ തിരഞ്ഞെടുക്കുകയോ ദൈവത്തിന്റെ പ്രീതി അർഹിക്കുകയോ ചെയ്തില്ല. അവർ സംഖ്യയിൽ കുറവുളളവരും ദുർബലരും മത്സരികളും ആയിരുന്നു. (ആവ, 7:7; 9:4-6; 23:5). തിരുഹിതത്തിന്റെ പ്രസാദപ്രകാരമായിരുന്നു യിസായേലിൻ്റെ തിരഞ്ഞെടുപ്പ്. പുതിയനിയമത്തിൽ സഭയുടെ തിരഞ്ഞിടുപ്പിനും കാരണമായതു ദൈവത്തിന്റെ സ്നേഹം മാത്രം. പാപികളും അഭക്തരും ബലഹീനരും ശത്രുക്കളും (റോമ, 5:6, 8, 10) ആയി അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരെ (എഫെ, 2:1) ആണ് ദൈവം തിരഞ്ഞെടുത്തത്. (യോഹ, 3:16.

തിരഞ്ഞെടുപ്പു് വിശ്വാസിയുടെ നിത്യരക്ഷ ഉറപ്പാക്കുന്നു. ഒരു വ്യക്തി ഇപ്പോൾ കൃപയിലാണെങ്കിൽ അവൻ എന്നേക്കും കൃപയിൽ തന്നെയാണ്. അവന്റെ നീതീകരണം ഒന്നിനാലും ബാധിക്കപ്പെടുകയില്ല. (റോമ, 8:33). ക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽ നിന്ന് അവനെ വേർപെടുത്തുവാൻ ഒന്നിനും കഴിയുകയില്ല. (റോമ, 8:35-39).  

തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചിന്ത ഒരു വിശ്വാസിയെ സൽപ്രവൃത്തികൾക്കു പ്രേരിപ്പിക്കുന്നു. ദുർന്നടപ്പ്, അഹങ്കാരം തുടങ്ങിയവ വിട്ടൊഴിഞ്ഞ് സ്വയം താഴ്ത്തി ദൈവത്തിനു സ്തോത്രം ചെയ്തുകൊണ്ടു വിശുദ്ധജീവിതം ചെയ്യുവാൻ അവനു പ്രചോദനം നല്കുന്നു. (റോമ, 11:19-22; കൊലൊ, 3:12-17).

വേദപുസ്തക കാനോൻ

വേദപുസ്തക കാനോൻ

കാനോൻ എന്ന പദത്തിന് അളവുകോൽ എന്നർത്ഥം. ഓറിജൻ തുടങ്ങിയ സഭാപിതാക്കന്മാർ വിശ്വാസപ്രമാണം എന്ന അർത്ഥത്തിലാണ് കാനോൻ പ്രയോഗിച്ചിരിക്കുന്നത്. നമ്മുടെ വിശ്വാസവിഷയങ്ങളെ അളക്കുന്നതിനും മൂല്യ നിർണ്ണയം ചെയ്യുന്നതിനുമുള്ള അളവുകോലാണത്. ഈ ആശയത്തിൽ വിശ്വാസത്തിന്റെയും ആചരണത്തിന്റെയും പ്രമാണം എന്ന നിലയ്ക്ക് തിരുവെഴുത്തുകൾ അംഗീകരിക്കപ്പെട്ടിരിക്കുന്നതിനാൽ തിരുവെഴുത്തുകളുടെ അധികാരവുമായി ബന്ധപ്പെട്ട പ്രയോഗമാണ് കാനോൻ. വിശ്വാസത്തിന്റെ മാനദണ്ഡം എന്ന ആശയത്തിലായിരുന്നു ഓറിജൻ (എ.ഡി. 184-284) കാനോൻ എന്ന വാക്ക് ഉപയോഗിച്ചത്. ദൈവിക വെളിപ്പാടുകളുടെ പട്ടിക എന്ന ആശയത്തിൽ അത്തനേഷ്യസിന്റെ കാലം മുതലാണ് (എ,ഡി. 296-373) കാനോൻ പ്രയോഗിച്ചു തുടങ്ങിയത്.

ബൈബിളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ദൈവശ്വാസീയമായ പുസ്തകങ്ങളെ കുറിക്കുവാനാണ്‌ ‘കാനോൻ’ എന്ന വാക്ക്‌ ഉപയോഗിച്ചിരിക്കുന്നത്‌. ഏതെല്ലാം പുസ്തകങ്ങള്‍ ബൈബിളില്‍ ഉണ്ടായിരിക്കണം എന്ന ഒരു പട്ടിക ബൈബിളില്‍ ഇല്ലാത്തത്‌ ഈ പ്രശ്നം അല്‍പം സങ്കീര്‍ണ്ണമാക്കുന്നു. ആരംഭത്തില്‍ യെഹൂദ റബ്ബിമാരും ശാസ്ത്രിമാരും പിന്നീട്‌ ആദിമ ക്രിസ്ത്യാനികളുമാണ്‌ ഈ വിഷയത്തില്‍ തീരുമാനം എടുത്തത്‌. ഏതു പുസ്തകങ്ങളാണ്‌ വേദപുസ്തകത്തില്‍ ഉള്‍പ്പെടുത്തേണ്ടത്‌ എന്ന്‌ ആത്യന്തീകമായി തീരുമാനിക്കേണ്ടത്‌ ദൈവം തന്നെയാണ്‌. ഒരു പുസ്തകം ദൈവശ്വാസീയമായി എഴുതപ്പെട്ടു കഴിയുമ്പോള്‍ തന്നെ അത്‌ കാനോനില്‍ ഉള്‍പ്പെട്ടു കഴിഞ്ഞിരുന്നു. പിന്നീടു അവ ഏതൊക്കെ ആണെന്ന്‌ തന്റെ അനുയായികള്‍ക്ക്‌ ദൈവം കാണിച്ചുകൊടുക്കുക മാത്രമാണ്‌ ചെയ്തത്‌.

പുതിയ നിയമത്തെ അപേക്ഷിച്ച്‌ ഈ വിഷയത്തില്‍ പഴയനിയമത്തിന്‌ വളരെ കുറച്ച്‌ പ്രശ്നങ്ങളേ ഉണ്ടായിരുന്നുള്ളൂ. ദൈവത്താല്‍ അയയ്ക്കപ്പെട്ടിരുന്ന പ്രവാചകന്‍മാരെ എബ്രായവിശ്വസികള്‍ തിരിച്ചറിഞ്ഞ്‌ അവരുടെ കൃതികള്‍ ദൈവശ്വാസീയം എന്ന്‌ വിശ്വസിച്ചിരുന്നു. ഇതിനര്‍ത്ഥം പഴയ നിയമ പുസ്തകങ്ങളെപ്പറ്റി വിവാദം ഉണ്ടായിരുന്നില്ല എന്നല്ല. എന്നാല്‍ ഏതാണ്ട്‌ കി.മു. 250-നോടടുത്ത്‌ ഏതൊക്കെയാണ്‌ പഴയനിയമത്തില്‍ അംഗീകരിക്കപ്പെട്ട പുസ്തകങ്ങള്‍ എന്നതിനെപ്പറ്റി സര്‍വ്വലൗകീകമായി അവര്‍ ഒരു തീരുമാനത്തില്‍ എത്തിയിരുന്നു. എന്നിരുന്നാലും അപ്പോക്രിഫായെപ്പറ്റി ഇന്നും വിവാദം തീര്‍ന്നിട്ടില്ല. എബ്രയ പണ്ഡിതന്‍മാര്‍ അപ്പോക്രിഫയെ ഒരിക്കലും മറ്റുള്ള പുസ്തകങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല എന്നത്‌ മറക്കരുത്‌.

പുതിയനിയമ സഭയുടെ ആരംഭത്തില്‍ തന്നെ പുതിയനിയമ പുസ്തകങ്ങള്‍ അംഗീകരിക്കപ്പെടുവാനും ഓരോന്നായി ചേര്‍ക്കപ്പെടുവാനും തുടങ്ങി. വളരെ ആരംഭത്തില്‍ തന്നെ ചില പുസ്തകങ്ങള്‍ അങ്ങനെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഉദ്ദാഹരണമായി ലൂക്കോസ്‌ എഴുതിയതിന്‌ പഴയനിയമത്തിന്റെ തുല്യ ആധികാരികത കൊടുത്ത്‌ പൌലൊസ്‌ പറഞ്ഞിട്ടുണ്ട്‌ (1തിമോ.5:18; ഒത്തു നോക്കുക ആവ.25:4-ഉം ലൂക്കോ.10:7-ഉം). പൌലൊസിന്റെ എഴുത്തുകളെ തിരുവചനമായി പത്രോസ്‌ പറഞ്ഞിരിക്കുന്നു (2പത്രോ.3:15,16). പുതിയനിയമത്തിലെ ചില ലേഖനങ്ങള്‍ പല സഭകളില്‍ വായിക്കത്തക്കവണ്ണം പ്രചരിപ്പിച്ചിരുന്നു (കൊലോ.4:16; 1തെസ്സ.5:27). എ.ഡി. 95-ല്‍ റോമിലെ ക്ലെമന്റ്‌ പുതിയനിയമത്തിലെ എട്ടു പുസ്തകങ്ങളെപ്പറ്റി പറഞ്ഞിട്ടുണ്ട്‌. എ.ഡി. 115-ല്‍ അന്ത്യൊക്യയിലെ ഇഗ്ന്നാസിയുസ്‌ അവിടെ ഏഴു പുതിയനിയമ പുസ്തകങ്ങള്‍ അംഗീകരിക്കപ്പെട്ടിരുന്നതായി പറയുന്നുണ്ട്‌. എ.ഡി.108-ല്‍, യോഹന്നാന്‍ അപ്പൊസ്തലന്റെ ശിഷ്യനായിരുന്ന പോളികാര്‍പ്പ്‌ പുതിയനിയമത്തിലെ 15 പുസ്തകങ്ങള്‍ അംഗീകരിക്കപ്പെട്ടതായി പറയുന്നുണ്ട്‌. എ.ഡി.185-ല്‍ ഇറേനിയുസ്‌ 21 പുസ്തകങ്ങളും 235-ല്‍ ഹിപ്പൊലിത്തൂസ്‌ 22 പുസ്തകങ്ങളും അംഗീകരിക്കപ്പെട്ട പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. എബ്രായലേഖനം, യാക്കോബിന്റെ ലേഖനം, 2പത്രോസ്‌, 2യോഹന്നാന്‍, 3യോഹന്നാന്‍ എന്നീ പുസ്തകങ്ങളെപ്പറ്റിയാണ്‌ കൂടുതല്‍ വിവാദങ്ങള്‍ നടന്നിട്ടുള്ളത്‌.

എ.ഡി. 170 ലെ മുറട്ടോറിയന്‍ കാനോന്‍ ആണ്‌ ആദ്യത്തെ ‘കാനോനിക’ പട്ടിക ആയി ചരിത്രത്തില്‍ രേഖപ്പടുത്തിയിട്ടുള്ളത്‌. പുതിയനിയമത്തിലെ എബ്രായ ലേഖനം, യാക്കോബിന്റെ ലേഖനം, യോഹന്നാന്റെ മൂന്നാം ലേഖനം എന്നിവ ഒഴികെയുള്ള എല്ലാ പുതിയനിയമ പുസ്തകങ്ങളും ആ പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. എ.ഡി. 363-ല്‍ ലവൊദിക്യയില്‍ വച്ചു നടത്തപ്പെട്ട ആലോചനസഭയില്‍, അപ്പൊക്രിഫ ഉള്‍പ്പെടെയുള്ള പഴയനിയമ പുസ്തകങ്ങളും പുതിയനിയമത്തിലെ 27 പുസ്തകങ്ങളും സഭകളില്‍ വായിക്കാവുന്നതാണ്‌ എന്ന്‌ പ്രഖ്യാപിക്കപ്പെട്ടു. എ.ഡി. 393-ല്‍ ഹിപ്പോയില്‍ വച്ചു നടത്തപ്പെട്ട ആലോചനസഭയിലും, 397-ല്‍ കാര്‍ത്തേജിലെ ആലോചനസഭയിലും ഇന്നത്തെ 27 പുസ്തകങ്ങളുടെ ആധികാരികത ഉറപ്പിക്കപ്പെട്ടു.

ഒരു പുതിയനിയമ പുസ്തകം ദൈവനിശ്വാസീയം ആയിരുന്നുവോ എന്ന്‌ തീരുമാനിക്കുവാന്‍ കൂടിവന്ന ആലോചനസമിതികള്‍ താഴെപ്പറയുന്ന കാര്യങ്ങളാണ്‌ ശ്രദ്ധിച്ചിരുന്നത്‌. 1. പുസ്തകത്തിന്റെ എഴുത്തുകാരന്‍ ഒരു അപ്പൊസ്തലനോ അല്ലെങ്കില്‍ അപ്പൊസ്തലന്റെ സന്തത സഹചാരിയോ ആയിരുന്നുവോ? 2. ക്രിസ്തുവിന്റെ ശരീരമായ സഭ പൊതുവായി അതിനെ അംഗീകരിച്ചിരുന്നുവോ? 3. അതിന്റെ പഠിപ്പിക്കല്‍ പുതിയനിയമ ഉപദേശത്തോട്‌ യോജിച്ചത്‌ ആയിരുന്നുവോ? 4. ദൈവാത്മാവിനാല്‍ എഴുതപ്പെട്ട പുസ്തകങ്ങൾക്ക് ഉണ്ടായിരിക്കേണ്ട ആത്മീയവും സാന്‍മാര്‍ഗ്ഗീകവും ആയ നിലവാരം പുസ്തകത്തിന്‌ ഉണ്ടോ? എന്നിവ ആയിരുന്നു. വീണ്ടും പറയട്ടെ. ഏതെങ്കിലും ഒരു പ്രാദേശിക സഭയോ അല്ലെങ്കില്‍ പൊതു സഭയോ അല്ല ഏതൊക്കെ പുസ്തകങ്ങള്‍ ആണ്‌ കാനോനില്‍ ഉള്‍പ്പെടുത്തണം എന്ന്‌ തീരുമാനിച്ചത്‌. മാനുഷീകമായ ആസ്ഥാനമുള്ള ഒരു പൊതു സഭ അന്ന്‌ ഭൂമിയില്‍ ഉണ്ടായിരുന്നില്ലല്ലോ. ആദ്യത്തെ മൂന്നു നൂറ്റാണ്ടുകള്‍ സഭ റോമാ ചക്രവര്‍ത്തിമാരാല്‍ പീഡിപ്പിക്കപ്പെട്ടിരുന്ന കാലങ്ങള്‍ ആയിരുന്നല്ലോ. മുകളില്‍ കണ്ടതുപോലെ രണ്ടാം നൂറ്റാണ്ടിന്റെ ഒടുവില്‍ തന്നെ പുതിയനിയമത്തിന്റ്‌ രൂപീകരണം മിക്കവാറും നടന്നു കഴിഞ്ഞിരുന്നല്ലോ. പുതിയ നിയമത്തില്‍ ഏതെല്ലാം പുസ്തകങ്ങള്‍ ഉണ്ടായിരിക്കണം എന്ന്‌ തീരുമാനിച്ചത്‌ ദൈവം, അതെ ദൈവം മാത്രമായിരുന്നു. ദൈവം തീരുമാനിച്ചിരുന്നത്‌ തന്റെ ജനത്തിനു കാണിച്ചു കൊടുത്തതനുസരിച്ച്‌ പുസ്തകങ്ങള്‍ അംഗീകരിക്കപ്പെടുക മാത്രം ആയിരുന്നു ചെയ്തത്‌. പുതിയനിയമത്തിന്റെ ക്രോഡീകരണത്തില്‍ മാനുഷീക പങ്ക്‌ വളരെ പരിമിതമായിരുന്നു. എന്നാല്‍ ദൈവം തന്റെ സര്‍വ്വശക്തിയാല്‍ മാനുഷീക ദുര്‍ബലതകളേയും ദുര്‍വാശികളേയും അതിജീവിച്ച്‌, ദൈവശ്വാസീയമായ പുസ്തകങ്ങളെ അംഗീകരിക്കുവാന്‍ ആദിമ സഭയെ സഹായിച്ചാണ്‌ പുതിയനിയമം ഇന്നത്തെ രീതിയില്‍ ഒരു പുസ്തക രൂപത്തില്‍ ആയിത്തീർന്നത്‌.

വിവാഹം

വിവാഹം (Marriage)

പരസ്പരം തുണയായിരിക്കുന്നതിനു വേണ്ടി ദൈവം ഏർപ്പെടുത്തിയ വ്യവസ്ഥയാണ് വിവാഹം. ഉല്പത്തി പുസ്തകത്തിൽ ഒന്നാം ആദാമിന്റെ വിവാഹത്തോടു കൂടി ആരംഭിക്കുന്ന ഈ പ്രക്രിയ വെളിപ്പാടിൽ ഒടുക്കത്തെ ആദാമിന്റെ കല്യാണത്തോടു കൂടിയാണ് സമാപിക്കുന്നത്. വിവാഹം എല്ലാവർക്കും മാന്യമാണ്. (എബ്രാ, 13:4). ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെയും (യിരെ, 3; യെഹെ, 16; ഹോശേ, 1-3), ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധത്തിന്റെയും (എഫെ, 5:22-23) പ്രതിബിംബമാണ് വിവാഹം. അവിവാഹിതനെ കുറിക്കുന്ന ഒരു പദം പഴയനിയമത്തിലില്ല. വിവാഹം കഴിക്കരുതെന്നു യിരെമ്യാവിനു നല്കിയ ദൈവനിയോഗം പ്രവാചകന്റെ അടയാളമായി പരിഗണിക്കേണ്ടതാണ്. (യിരെ, 16:32). 

ആദാമിന്റെ കാലത്ത് ഏകഭാര്യാത്വം ആണ് നിലവിലിരുന്നതെങ്കിലും ലാമെക്കിന്റെ കാലം മുതൽ ബഹുഭാര്യാത്വം നിലവിൽ വന്നു. (ഉല്പ, 4:19). ഇങ്ങനെ ദൈവിക നിയമം ലംഘിക്കപ്പെട്ടു. ഗോത്രപിതാക്കന്മാർ തന്നെ ഒന്നിലധികം ഭാര്യമാരെ എടുത്തു. സാറായുടെ നിർബന്ധപ്രകാരം അവളുടെ ദാസിയായ ഹാഗാറിനെ അബ്രാഹാം സ്വീകരിച്ചു. ലാബാന്റെ സൂത്രത്തിൽ വീണ് ലേയയെയും റാഹേലിനെയും യാക്കോബ് വിവാഹം കഴിച്ചു. ഒടുവിൽ അവരുടെ മത്സരം മൂലം യാക്കോബ് രണ്ടു പേരുടെയും ദാസിമാരെ പരിഗ്രഹിച്ചു. പിതാക്കന്മാർ അപ്രകാരം ചെയ്തത് ഒരിക്കലും ദൈവത്തിന്റെ അംഗീകാരത്തോടുകൂടെയല്ല. പരീശന്മാരോടുള്ള പ്രതിവാദത്തിൽ ക്രിസ്തു അതു വ്യക്തമാക്കി. (മത്താ, 19:3-8).

ബഹുഭാര്യാത്വം അനർത്ഥവും പാപത്തിൽ പര്യവസാനിക്കുന്നതും ആണ്. അബ്രാഹാം, ഗിദയോൻ, ദാവീദ്, ശലോമോൻ എന്നിവർ ദൃഷ്ടാന്തങ്ങളാണ്. എബ്രായ രാജാക്കന്മാർക്കു ബഹുഭാര്യാത്വത്തിനെതിരെ മുന്നറിയിപ്പു ന്യായപ്രമാണത്തിൽ നല്കിയിരുന്നു. (ആവ, 17:17). എല്ക്കാനയുടെ രണ്ടു ഭാര്യമാരിൽ ഒരാൾ എപ്പോഴും മറ്റവൾക്കു ശത്രുവായിരുന്നു. (1ശമൂ, 1:6). ഭാര്യ ജീവനോടിരിക്കുമ്പോൾ അവളെ ദു:ഖിപ്പിക്കുവാൻ അവളുടെ സഹോദരിയെക്കൂടി പരിഗ്രഹിക്കരുതെന്നു ന്യായപമാണം വ്യക്തമാക്കി. (ലേവ്യ, 18:18). സമ്പന്നരുടെ ഇടയിലാണ് ബഹുഭാര്യാത്വം അധികമായിഉള്ളത്. മുസ്ലീം രാജ്യങ്ങളിൽ താമസിക്കുന്ന യെഹൂദന്മാരുടെ ഇടയിൽ ഇന്നും ബഹുഭാര്യാത്വം കണ്ടുവരുന്നു. ബഹുഭാര്യാത്വത്തിനു മറ്റൊരു ദോഷം കൂടിയുണ്ട്. ഭർത്താവ് ഒരുവളെ സ്നേഹിക്കുകയും മറ്റവളെ വെറുക്കുകയും ചെയ്യും. (ആവ, 21:15-17). യാക്കോബ് ലേയയെക്കാളും റാഹേലിനെ ഇഷ്ടപ്പെട്ടു. (ഉല്പ, 29:30). എല്ക്കാന മക്കളില്ലാതിരുന്നിട്ടും ഹന്നയെ സ്നേഹിച്ചു. (1ശമൂ, 1:1-8). മിശ്രവിവാഹത്തെ സംബന്ധിക്കുന്ന നിയമങ്ങൾ മോശെ നല്കിയ ന്യായപ്രമാണത്തിലുണ്ട്. കനാന്യസ്ത്രീകളെ വിവാഹം ചെയ്യരുതെന്നു പ്രത്യേകം കല്പനയുണ്ട്. അവരുടെ വിഗ്രഹാരാധന യിസ്രായേല്യരുടെയിടയിൽ വ്യാപിക്കും എന്നതാണു കാരണം. (പുറ, 34:15; ആവ, 7:3-4). യിസായേല്യ സ്ത്രീകളും മോവാബ്യ പുരുഷന്മാരും തമ്മിൽ വിവാഹം ചെയ്യാൻ പാടില്ല. അമ്മോന്യനും മോവാബ്യനും യഹോവയുടെ സന്നിധിയിൽ പ്രവേശിക്കരുത്. (ആവ, 23:3). മോവാബ്യ സ്ത്രീകളെ യിസ്രായേല്യ പുരുഷന്മാർക്കു വിവാഹം ചെയ്യുവാൻ അനുവാദമുണ്ട്. (രൂത്ത്, 1:4). ഏദോമ്യർക്കും മിസ്രയീമ്യർക്കും മൂന്നാം തലമുറവരെ മാത്രമേ വിലക്കുള്ളൂ. അതിനു ശേഷം അവരുമായി വിവാഹബന്ധം ആകാം. (ആവ, 23:7-8). കനാന്യ പുരുഷന്മാരുമായോ സ്ത്രീകളുമായോ ഒരിക്കലും വിവാഹബന്ധം പാടില്ല. അമ്മോന്യ മോവാബ്യ പുരുഷന്മാരുമായി ഒരിക്കലും പാടില്ല. ഏദോമ്യ മിസ്രയീമ്യ പുരുഷന്മാരുമായി മൂന്നാം തലമുറ വരെ മാത്രം പാടില്ല. ഭാര്യമാരെ സംബന്ധിച്ചിടത്തോളം മതപരിവർത്തനം ആവശ്യമില്ല. എന്നാൽ ഭർത്താവ് മതപരിവർത്തനം ചെയ്തിരിക്കണം. 

യിസ്രായേല്യർ തമ്മിലുള്ള വിവാഹവും പ്രത്യേക നിയമങ്ങൾക്കു വിധേയമായിരുന്നു. രക്തസംബന്ധമുള്ള ആരെയും വിവാഹം ചെയ്യാൻ പാടില്ല. താഴെപ്പറയുന്നവരെ വിവാഹം ചെയ്യരുതെന്നു വിലക്കിയിട്ടുണ്ട്. 1. അമ്മ, 2. അപ്പന്റെ ഭാര്യ (step mother) 3. സഹോദരി, അർദ്ധ സഹോദരി, 4. ചെറുമകൾ-മകന്റെ മകളോ മകളുടെ മകളോ, 5. ചിറ്റമ്മയുടെ (step mother) മകൾ, 6. അപ്പന്റെ സഹോദരി (aunt), 7. അമ്മയുടെ സഹോദരി, 8. ഇളയമ്മ, 9. മരുമകൾ, 10. സഹോദരന്റെ ഭാര്യ (സഹോദരൻ പുത്രനില്ലാതെ മരിച്ചില്ലെങ്കിൽ), 11. ഒരു സ്ത്രീയും അവളുടെ മകളും അഥവാ അവളുടെ പൗത്രീ, 12. രണ്ടു സഹോദരിമാർ. (ലേവ്യ, 18:6-18). അമ്മ, ചിറ്റമ്മ, സഹോദരി, അർദ്ധ സഹോദരി, മരുമകൾ, അമ്മാവിയമ്മ എന്നിവരെ വിവാഹം ചെയ്യുന്നവൻ മരണശിക്ഷ അനുഭവിക്കണം. 

മഹാപുരോഹിതൻ കന്യകയെ മാത്രമേ വിവാഹം കഴിക്കാവു. വിധവ, ഉപേക്ഷിക്കപ്പെട്ടവൾ, ദുർന്നടപ്പുകാരി, വേശ്യ എന്നിങ്ങനെയുള്ളവരെ വിവാഹം കഴിക്കരുത്. സ്വജനത്തിലുള്ള കന്യകയെ മാത്രമേ വിവാഹം ചെയ്യാവു. (ലേവ്യ, 21:13-14). അവകാശിനികൾ തങ്ങളുടെ ഗോത്രത്തിനു വെളിയിൽ നിന്നു വിവാഹം ചെയ്യാൻ പാടില്ല. (സംഖ്യാ, 36:5-9). വിവാഹ പ്രായത്തെക്കുറിച്ചു വ്യക്തമായ നിർദ്ദേശം ബൈബിളിൽ ഇല്ല. പൊതുവെ നേരത്തേയുള്ള വിവാഹം അംഗീകരിക്കപ്പെട്ടിരുന്നു. (സദൃ, 2:17; 5;18; യെശ, 62:5). പതിമൂന്നു വയസ്സിനു താഴെയുള്ള പുരുഷനും പന്ത്രണ്ടു വയസ്സിനു താഴെയുള്ള പെൺകുട്ടികളും വിവാഹബന്ധത്തിൽ ഏർപ്പെടാൻ പാടില്ലെന്നു തല്മുദ് കർത്താക്കൾ വിലക്കിയിട്ടുണ്ട്. 

വധുവിനെ കണ്ടെത്തൽ 

പിതാവായ ദൈവമാണ് ആദാമിനു ഭാര്യയെ കണ്ടത്തിയത്. പുത്രന്മാർക്കു ഭാര്യമാരെ കണ്ടെത്തേണ്ട ചുമതല പിതാവിനും മാതാവിനും ആയിരുന്നു. യിശ്മായേലിനു ഭാര്യയെ കണ്ടെത്തിയത് ഹാഗാറും ഏരിനു ഭാര്യയെ എടുത്തത് യെഹൂദയും ആയിരുന്നു. (ഉല്പ, 21:21; 38:6). കന്യകയുടെ പിതാവും ചിലപ്പോൾ വിവാഹാഭ്യർത്ഥന ചെയ്തിരുന്നു. (പുറ, 2:21). പുരുഷൻ തന്റെ സ്ത്രീയെ കണ്ടെത്തിയ ശേഷം മാതാപിതാക്കന്മാരെ അറിയിക്കുകയും തങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും അവർ പിന്നീട് വിവാഹത്തിനുള്ള ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്തിരുന്ന പതിവു അപൂർവ്വമായിരുന്നു. ശെഖേമും (ഉല്പ, 34:4,8), ശിംശോനും (ന്യായാ, 14:2) ഉദാഹരണങ്ങളാണ്. ഏശാവിനെപ്പോലെ അപൂർവ്വം ചിലർ മാത്രമേ മാതാപിതാക്കൾ ഇഷ്ടപ്പെടാത്ത വിവാഹം നടത്തിയിട്ടുള്ളു. (ഉല്പ, 26:34-35). പെൺകുട്ടിയുടെ അനുവാദം ചോദിച്ചതിനു ഒരുദാഹരണമാണ് റിബെക്കായോടു ചോദിച്ചത്. (ഉല്പ, 24:58). 

വിവാഹനിശ്ചയം: വധുവിനെ തിരഞ്ഞെടുത്തു കഴിഞ്ഞാൽ അടുത്തതായി വിവാഹനിശ്ചയമാണ്. മൂന്നുതരത്തിലുള്ള പാരിതോഷികങ്ങൾ വിവാഹനിശ്ചയത്തിനു നല്കുന്നതായി കാണാം. വധുവിനു കൊടുക്കുന്നതിനെ സ്ത്രീധനം (മോഹർ) എന്നും, ബന്ധുക്കൾക്കു കൊടുക്കുന്നതിനെ ദാനം-സമ്മാനം (മത്താൻ) എന്നും പറയും. ശെഖേം ദീനയ്ക്കുവേണ്ടി സ്ത്രീധനവും ദാനവും കൊടുത്തു. (ഉല, 34:12). മീഖളിനു വേണ്ടി ദാവീദ് ഇരുന്നൂറു ഫെലിസ്ത്യരുടെ അഗ്ര ചർമ്മമാണു നല്കിയത്. (1ശമൂ, 18:25). റാഹേലിനു വേണ്ടി യാക്കോബ് ഏഴുവർഷം സേവനം ചെയ്തു. മോശെ യിത്രോവിന്റെ ആടുകളെ മേയ്ച്ചു. ഈ പാരിതോഷികങ്ങളെ മോഹർ എന്നു പറഞ്ഞിട്ടില്ല. വരന്റെ ആൾക്കാർ വധുവിന്റെ പിതാവിനു കൊടുക്കുന്ന നഷ്ടപരിഹാരമായി അഥവാ വധുവിന്റെ വിലയായി കണക്കാക്കുന്നു. വധുവിനു വരൻ നല്കുന്ന സമ്മാനങ്ങളുടെയും ദൃഷ്ടാന്തങ്ങളുണ്ട്. റിബെക്കായ്ക്ക് എല്യേസർ ആഭരണങ്ങളും വസ്ത്രങ്ങളും കൊണ്ടുവന്നു. 

മോശയുടെ കാലത്തിനു മുമ്പ് വിവാഹാഭ്യർത്ഥന അംഗീകരിക്കുകയും സ്ത്രീധനം നല്കുകയും ദാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു കഴിഞ്ഞാൽ വരനു വധുവിനെ ഏതു സമയവും സ്വന്തവീട്ടിൽ കുട്ടിക്കൊണ്ടു പോകാവുന്നതാണ്. (ഉല്പ, 24:63-67). ഇതു ഒരു അപൂർവ്വ സംഭവമാണ്. വധു വളരെ അകലെയും വരൻ സ്വന്തഗൃഹത്തിലും ആയിരിക്കുമ്പോൾ ദാസനാണ് വധുവിനെ കുട്ടിക്കൊണ്ടുപോയത്. സാധാരണ വധുവിന്റെ കുടുംബവീട്ടിൽ വച്ച് സുഹൃത്തുക്കളെയും അയൽക്കാരെയും ക്ഷണിച്ച് ഏഴുദിവസത്തെ വിവാഹവിരുന്നു നടത്തും. (ഉല്പ, 29:22-27). വധുവിനെ കൊണ്ടുപോകുമ്പോൾ അനുഗ്രഹം നല്കുകയും ചെയ്യും. (ഉല്പ, 24:60; രുത്ത്, 4:11-12). 

വിവാഹാഘോഷങ്ങൾ: വിവാഹത്തിലെ പ്രധാന ചടങ്ങ് വധുവിനെ കൊണ്ടുപോവുകയാണ്. ഭാര്യയെ എടുക്കുക എന്നുള്ള പ്രയോഗത്തിന്റെ ധ്വനിയും അതുതന്നെ. വരനും വധുവും വിശേഷ വസ്ത്രങ്ങൾ ധരിക്കും. വധു ചിത്രത്തയ്യലും പൊൻകസവും ഉള്ള വസ്ത്രങ്ങൾ അണിയാറുണ്ട്. (സങ്കീ, 45:13-14). പലതരത്തിലുള്ള ആഭരണങ്ങളും (യെശ, 61:10), അരക്കച്ചയും (യിരെ, 2:32), മൂടുപടവും (ഉല്പ, 24:65) വധു അണിയുന്നു. ഉത്സവവസ്ത്രം മനോഹരമായ തലപ്പാവു (യെശ, 61:10), വിവാഹ കിരീടം (ഉത്ത, 3:11) എന്നിവ ധരിച്ചുകൊണ്ടു് വരൻ തോഴന്മാരോടൊപ്പം (ന്യായാ, 14:11; മത്താ, 9:15) തന്റെ വീട്ടിൽ നിന്നു പുറപ്പെടും. പാട്ടുകാർ അവരെ അനുഗമിക്കും. (ഉല്പ, 31:27, യിരെ, 7:34; 16:9). വരനും സഖികളും വധുവിന്റെ വീട്ടിലെത്തിക്കഴിഞ്ഞ് വിവാഹ അത്താഴം അവിടെ കഴിക്കും. (ഉല്പ, 29:2; ന്യായാ, 14). പത്തു കന്യകമാരെക്കുറിച്ചുള്ള ഉപമയിൽ (മത്താ, 25:1-13) മണവാളൻ അത്താഴത്തിന്നായി മണവാട്ടിയുടെ വീട്ടിലേക്കു പോകുന്നതായി കാണാം. മണവാട്ടി കന്യകമാരോടൊപ്പം മണവാളന്റെ വരവ് ആകാംക്ഷാപൂർവ്വം കാത്തിരിക്കുകയായിരുന്നു. (മത്താ, 25;6). അനന്തരം വരൻ ആ സംഘത്തെ മുഴുവൻ സന്തോഷത്തോടും ഉല്ലാസത്തോടും കൂടെ (സങ്കീ, 45:15) പിതൃഭവനത്തിലേക്കു കൊണ്ടുവരും. അവർ മടങ്ങിവരുമ്പോൾ കാത്തുനില്ക്കുന്ന കന്യകമാരും വധുവിന്റെയും വരന്റെയും തോഴ്മക്കാരും അവരോടൊപ്പം ചേരും. സ്ഥലവാസികൾ ഈ ഘോഷയാത്ര കാണാൻ തെരുവുകളിൽ കൂട്ടം കൂടും. (ഉത്ത, 3:11). 

കല്യാണസദ്യ 

കല്യാണസദ്യ വരന്റെ വീട്ടിൽ വച്ച് മിക്കവാറും രാത്രിയിലായിരിക്കും നടത്തുക. എല്ലാ ബന്ധുക്കളെയും അയൽവാസികളെയും ക്ഷണിച്ചിട്ടുണ്ടായിരിക്കും. (ഉല്പ, 21:22; മത്താ . 22:1-10,13; ലൂക്കൊ, 14:8; യോഹ, 2:2). വിവാഹാഘോഷം ഒരാഴ്ചയോ ചിലപ്പോൾ രണ്ടാഴ്ചയോ നീണ്ടു നില്ക്കും. (ന്യായാ, 14:12). ആഴ്ചവട്ടം നിവർത്തിക്കുക എന്ന പ്രയോഗത്തിന് അടിസ്ഥാനമതാണ്. കല്യാണസദ്യയ്ക്ക് ധാരാളം ബന്ധുക്കളും കൂട്ടുകാരും വന്നുചേരുന്നതുകൊണ്ട് വീഞ്ഞു തീർന്നുപോകാറുണ്ട്. (യോഹ, 2:3). കല്യാണസദ്യയ്ക്ക് മേൽനോട്ടം വഹിക്കാൻ ഒരാൾ ഉണ്ടായിരിക്കും. (യോഹ, 2:9-10). വിവാഹക്ഷണം നിരാകരിക്കുന്നത് അപമാനമാണ്. (മത്താ, 22:7). ആതിഥേയൻ അതിഥികൾക്കെല്ലാം കല്യാണവസ്ത്രം നല്കും. എല്ലാവരും കല്യാണവസ്ത്രം ധരിച്ചിരിക്കണമെന്നത് നിർബന്ധമാണ്. (മത്താ, 22:11-12). കടങ്കഥകളും മറ്റു വിനോദങ്ങളും കൊണ്ടു വിരുന്ന് ചൈതന്യ പൂർണ്ണമായിരിക്കും. (ന്യായാ, 14:12). അപ്പോൾ മണവാളൻ മണവാട്ടിയുമായി സംഭാഷണത്തിലേർപ്പെടും. മണവാളന്റെ ഈ സ്വരം കേൾക്കുമ്പോൾ മണവാളന്റെ സ്നേഹിതന്റെ സന്തോഷം പുർണ്ണമാകും. (യോഹ, 3:29). സ്നേഹിതന്റെ പ്രവൃത്തി വിജയകരമായി തീർന്നു എന്നതിനു സാക്ഷ്യമാണ് മണവാളന്റെ സ്വരം. ഒടുവിലായി വധുവിനെ മണവറയിലേക്കു നയിക്കും. മണവറയ്ക്ക് എബ്രായയിൽ പറയുന്ന വാക്കു ‘ഹെദെർ’ എന്നാണ്. (ന്യായാ, 15:1; യോവേ, 2:16). അവിടെ ‘ഹുപ്പാ’ എന്നു പേരോടു കൂടിയ വിതാനം സജ്ജമായിരിക്കും. (സങ്കീ, 19:5; യോവേ, 2:16). ഈ സന്ദർഭത്തിലും വധു മൂടുപടം ധരിച്ചിരിക്കും. യാക്കോബ് വഞ്ചിക്കപ്പെട്ടത് അതിനാലാണ്. (ഉല്പ, 29:23). ചില പ്രത്യേക സന്ദർഭങ്ങളിൽ വിവാഹസദ്യ വധുവിന്റെ വീട്ടിൽ വച്ചു നടത്താറുണ്ട്. (ഉല്പ, 29:22). ക്രിസ്തുവിന്റെയും വിശുദ്ധന്മാരുടെയും മഹാസമ്മേളനത്തെ കുഞ്ഞാടിന്റെ കല്യാണസദ്യ എന്നാണു പറഞ്ഞിരിക്കുന്നത്. (വെളി, 19:9). വധുവരന്മാരെ മണവറയിലേക്കു നയിക്കുന്നതു മിക്കവാറും മാതാപിതാക്കളായിരിക്കും. വധുവരന്മാർ ഒന്നിച്ചു വരുന്നതിനു (ഇതിനു എബ്രായയിൽ ‘യാദ’) അറിയുക എന്നു പറയും. പ്രാർത്ഥിക്കുന്ന പതിവുണ്ട്. (തോബിത്ത് 8:4). വധുവിന്റെ കന്യകാത്വത്തിന്റെ തെളിവ് രക്തം പുരണ്ട വസ്ത്രമാണ്. (ആവ, 22:13-21). ഇമ്മാതിരി തെളിവു ആവശ്യപ്പെടുന്ന കീഴ്വഴക്കം ഇപ്പോഴും ചില സമൂഹങ്ങളിൽ കാണപ്പെടുന്നു. 

ദേവരവിവാഹം: ഭർത്താവിന്റെ സഹോദരനാണ് ദേവരൻ. വിവാഹിതനായ ഒരു പുരുഷൻ സന്തതിയില്ലാതെ മരിച്ചാൽ അവന്റെ ഭാര്യയെ തന്റെ സഹോദരനു വിവാഹം കഴിക്കാം. ഈ വിവാഹത്തിലുണ്ടാകുന്ന ആദ്യപുത്രൻ ആദ്യഭർത്താവിന്റെ പേർ നിലനിർത്തും. ദേവരവിവാഹത്തെക്കുറിച്ചുള്ള ആദ്യ വിവരണം പിതാക്കന്മാരുടെ കാലത്തുള്ളതാണ്. തന്റെ സഹോദരനായ ഏരിന്റെ വിധവയെ വിവാഹം കഴിക്കാൻ യെഹൂദ ഓനാനോടു പറഞ്ഞു. ഓനാൻ തന്റെ സഹോദരന്റെ ഭാര്യയെ സ്വീകരിച്ചു. എന്നാൽ സന്തതി തന്റേതായിരിക്കയില്ല എന്നറിയാമായിരുന്നതു കൊണ്ട് അവളിലൊരു കുഞ്ഞുണ്ടാകുവാൻ ഓനാൻ ഇഷ്ടപ്പെട്ടില്ല. (ഉല്പ, 38:8-10). യെഹൂദന്മാരുടെ ഇടയിൽ മാത്രമല്ല മറ്റു പല ജനവർഗ്ഗങ്ങളുടെ ഇടയിലും ഈ കീഴ്വഴക്കം നിലവിലിരുന്നു. ആവർത്തന പുസ്തകത്തിൽ ദേവര വിവാഹത്തെക്കുറിച്ചുള്ള വിശദമായ കല്പന നല്കിയിട്ടുണ്ട്. ദേവരനു വിവാഹാഭ്യർത്ഥന തിരസ്കരിക്കാനുള്ള സ്വാതന്ത്യമുണ്ട്. തിരസ്കരിക്കുകയാണെങ്കിൽ അവൾ ഈ വിഷയം നിയമപരമായി മൂപ്പന്മാരുടെ മുമ്പിൽ അവതരിപ്പിക്കണം. അവർ ദേവരനെ വിളിച്ചു കാര്യം സംസാരിക്കും. വീണ്ടും നിഷേധിക്കുകയാണെങ്കിൽ വിധവയെ വിവാഹം ചെയ്യുവാൻ അയാളെ നിർബന്ധിക്കുകയില്ല. വിധവ അയാളുടെ അടുക്കൽ ചെന്ന് അവന്റെ കാലിൽ നിന്ന് ചെരിപ്പഴിച്ച് അവന്റെ മുഖത്തു തുപ്പി സഹോദരന്റെ വീടു പണിയാത്ത പുരുഷനോടു ഇങ്ങനെ ചെയ്യുമെന്നു പ്രത്യുത്തരം പറയും. ചെരിപ്പഴിഞ്ഞവന്റെ കുടുംബം എന്നു യിസായേലിൽ അവന്റെ കുടുംബത്തിനു പേർ പറയും. (ആവ, 25:8-10). രൂത്ത് ബോവസിനെ വിവാഹം കഴിച്ചു. അവർക്കുണ്ടായ കുഞ്ഞിനെ നൊവൊമിയുടെ മകൻ എന്നാണു വിളിച്ചത്. (രൂത്ത്, 4:17). പെൺമക്കളുണ്ടെങ്കിൽ ദേവരനിയമം ബാധകമാകുകയില്ല. സഹോദരന്റെ ഭാര്യയെ വിവാഹം കഴിക്കരുതെന്ന നിയമത്തെ ദേവരനിയമം റദ്ദാക്കുന്നില്ല. ആദ്യത്തെ വിലക്കു സഹോദരകുടുംബത്തിന്റെ ദൃഢതയെ ഉറപ്പിക്കുന്നു. രണ്ടാമത്തെ നിയമം സഹോദരന്റെ കുടുംബത്തിന്റെ ശാശ്വതികത്വത്തെ ഉറപ്പാക്കുന്നു. കുടുംബത്തിന്റെ ധാർമ്മികമായ അടിസ്ഥാനത്തെ ഭദ്രമാക്കുകയാണിത്. സദൂക്യർ കർത്താവിനോട് ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കുടുക്കു ചോദ്യം ചോദിച്ചത്. പരലോകത്തിൽ ദേവരൻ സ്വീകരിച്ച വിധവ പൂർവ്വ ഭർത്താവിന്റേതായിത്തീരുമെന്നു റബ്ബിമാർ പഠിപ്പിച്ചു. ക്രിസ്തു അതിനു നല്കിയ മറുപടി ശ്രദ്ധാർഹമാണ്. പുനരുത്ഥാനത്തിൽ അവർ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിനു കൊടുക്കപ്പെടുന്നതുമില്ല. (മത്താ, 22:30). വിവാഹമോചനം നേടിയ സഹോദരഭാര്യയെയോ മക്കളില്ലാത്തതോ ഉള്ളതോ ആയ സഹോദരന്റെ ഭാര്യയെയോ വിവാഹം കഴിക്കരുതെന്നു ലേവ്യർ 18:16; 20:21-ൽ പറഞ്ഞിട്ടുണ്ട്. ഹെരോദാ അന്തിപ്പാസ് തന്റെ സഹോദരനായ ഹെരോദാ ഫിലിപ്പിന്റെ ഭാര്യയെ സ്വീകരിച്ചത് യോഹന്നാൻ സ്നാപകൻ കുറ്റപ്പെടുത്തി. (മത്താ, 13:3-4).

വലത്തുഭാഗത്തു

വലത്തുഭാഗത്തു

വലത്തുഭാഗം എന്ന പ്രയോഗം പ്രതീകാത്മകമായിട്ടാണ് ബൈബിളിൽ പറഞ്ഞിട്ടുള്ളത്. ക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്തും, ദൈവം ക്രിസ്തുവിന്റെ വലത്തുഭാഗത്തും ഇരിക്കുന്നതായി പറഞ്ഞിട്ടുണ്ട്. മശീഹ ദൈവത്തിൻ്റെ വലത്തുഭാഗത്തു ഇരിക്കുന്നതായി ഇരുപതു പരാമർശങ്ങളുണ്ട്: “യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.” (സങ്കീ, 110:1, 110:5, മത്താ, 22:44, 26:64, മർക്കൊ, 12:36, 14:62, 16:19, ലൂക്കൊ, 20:42, 22:69, 7:55, 7:56, റോമ, 8:34, എഫെ, 1:21, കൊലൊ, 3:1, എബ്രാ, 1:3, 1:13, 8:1, 10:12, 12:2, 1പത്രൊ, 3:22). 16-ാം സങ്കീർത്തനം മശീഹാ സങ്കീർത്തനമാണ്. അതിൽ ക്രിസ്തുവിൻ്റെ വലഭാഗത്തു യഹോവ ഇരിക്കുന്നതായി പറഞ്ഞിട്ടുണ്ട്: “ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വെച്ചിരിക്കുന്നു; അവൻ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാൻ കുലുങ്ങിപ്പോകയില്ല.” (സങ്കീ, 16:8; പ്രവൃ, 2:35). 

മശീഹാ ഭൂമിയിൽ വന്നത് യെഹൂദനു വേണ്ടിയാണ്. അഥവാ, യെഹൂദന്മാരിലൂടെ സകലജാതികളേയും രക്ഷിക്കാനാണ്. (ലൂക്കൊ, 24:47; പ്രവൃ, 1:8). അതിനാൽ, ബൈബിളിലെ സകല കാര്യങ്ങളും യെഹൂദനോടുള്ള ബന്ധത്തിൽ മനസ്സിലാക്കണം. വലത്തുഭാഗം എന്താണെന്ന് ഒരു യെഹൂദനോടു ചോദിച്ചാൽ അവൻ പറയും: ‘കുറ്റവാളിക്ക് കരുണ ലഭിക്കുന്ന സ്ഥലമാണെന്ന്.’ ന്യായാധിപസംഘത്തിൻ്റെ (സൻഹെദ്രിൻ) ഘടന മനസ്സിലാക്കിയാൽ അതു വ്യക്തമാകും. 71 അംഗങ്ങളുള്ള സംഘത്തിൻ്റെ ജഡ്ജി മഹാപുരോഹിതനാണ്. അർദ്ധവൃത്താകൃതിയിൽ കൂടുന്ന സംഘത്തിൻ്റെ മദ്ധ്യത്തിലാണ് മഹാപുരോഹിതൻ ഇരിക്കുന്നത്. മഹാപുരോഹിതൻ്റെ വലത്തുഭാഗത്ത് പ്രതിഭാഗവും ഇടത്തുഭാഗത്ത് വാദിഭാഗവും ഇരിക്കും. ഇടത്തുഭാഗത്തുള്ളവർ പ്രതിക്ക് പരമാവധി ശിക്ഷ കൊടുക്കാൻ വാദിക്കുമ്പോൾ, വലത്തുഭാഗത്തുള്ളവർ കുറ്റവാളിയെ ശിക്ഷകൂടാതെ വിടുവിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. കുറ്റവാളിക്ക് പ്രതീക്ഷയുള്ള സ്ഥലമാണ് വലത്തുഭാഗം. അഥവാ, പാപികൾക്ക് കരണ ലഭിക്കുന്നയിടം. പക്ഷേ, യേശു ‘വലത്തുഭാഗത്തിരിക്കുന്നു’ എന്നു പറഞ്ഞിരിക്കുന്നത് എന്തിനാണ്? 

ക്രിസ്തു ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും (1തിമൊ, 2:5), പുതിയനിയമത്തിൻ്റെ മദ്ധ്യസ്ഥനും (എബ്രാ, 8:6; 9:15; 12:24) ആകുന്നു. നമ്മുടെ പ്രാർത്ഥന കേൾക്കുന്നവനും മറുപടി നല്കുന്നവനും ക്രിസ്തുവാണ്. (യോഹ, 14:13,14). ആദിമസഭ വിളിച്ചപേക്ഷിച്ചിരുന്നത് ക്രിസ്തുവിനെയാണ്. (പ്രവൃ, 7:59; 1കൊരി, 1:2; 2കൊരി, 12:8; 2തിമൊ, 2:22). രക്ഷണ്യവേല ക്രിസ്തു ക്രൂശിൽ പൂർത്തിയിക്കിയെങ്കിലും, മനുഷ്യരുടെ രക്ഷ ഇതുവരെ പൂർത്തിയായിട്ടില്ല. എന്നുവെച്ചാൽ, ആത്മാവു മാത്രമാണ് രക്ഷിക്കപ്പെട്ടിരിക്കുന്നത്. നമ്മുടെ സമ്പൂർണ്ണ രക്ഷ വരുവാനിരിക്കുന്നതേ ഉള്ളൂ. (1തെസ്സ, 3:13; 5:23). നാം രക്ഷിക്കപ്പെട്ടവരെങ്കിലും, ഈ പാപലോകത്തിൽ ജീവിക്കുന്ന കാരണത്താൽ അറിഞ്ഞും അറിയാതെയും നമ്മുടെ ജീവിതത്തിൽ പാപം കടന്നുകൂടും. (1യോഹ, 1:8-10). ഈ പാപപരിഹാരത്തിനായി നാം വിളിച്ചപേക്ഷിക്കുമ്പോൾ മറുപടി നല്കുന്നതും (യോഹ, 14:13,14), വിശ്വാസ ജീവിതത്തിൽനിന്ന് വീണുപോകാതെ കാത്തുസൂക്ഷിക്കുന്നതും (യോഹ, 10:28), നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്ന യേശുക്രിസ്തുവാണ്. (റോമ, 8:34). ക്രൂശിൽ പാപപരിഹാരം വരുത്തിയശേഷം, ഈ ദുഷ്ടലോകത്തിൽ നമ്മെ ഉപക്ഷിച്ചുപോയ കർത്താവല്ലവൻ. നമ്മുടെ രക്ഷാപൂർത്തിവരെ സ്വർഗ്ഗത്തിൽ പിതാവിൻ്റെ വലഭാഗത്തിരുന്നു ദൈവമക്കളെ സൂക്ഷിക്കാമെന്ന് യെഹൂദന് മനസ്സിലാകുന്ന ഭാഷയിൽ സൻഹെദ്രിനുമായി ബന്ധപ്പെടുത്തി പറഞ്ഞിരിക്കുന്നതാണ്. സഹോദരന്മാരെ രാപ്പകൽ കുറ്റംചുമത്തുന്ന ഒരപവാദിയും സ്വർഗ്ഗത്തിലുണ്ട്; അവൻ്റെ സ്ഥാനം ദൈവത്തിൻ്റെ ഇടത്തുവശമായിരിക്കും. (ഇയ്യോ, 1:6; വെളി, 12:10). 

“അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു: ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു.” (പ്രവൃ, 7:55,56). ഈ വാക്യം പിതാവിൻ്റെയും പുത്രൻ്റെയും വ്യതിരിക്തതയ്ക്ക് തെളിവായിട്ട് ചൂണ്ടിക്കാണിക്കാറുണ്ട്. ബൈബിൾ പഴയനിയമവും പുതിയനിയമവും പഠിപ്പിക്കുന്നത് ദൈവത്തിൻ്റെ പ്രത്യക്ഷതകളെ കുറിച്ചാണ്. ദൈവത്തിൻ്റെ പ്രത്യക്ഷതകൾ കണ്ടിട്ട് വ്യത്യസ്ത വ്യക്തികളാണെന്നു മനസ്സിലാക്കിയാൽ, ദൈവം മൂന്നു വ്യക്തികളെന്നല്ല, കുറഞ്ഞത് നാലു വ്യക്തികളെങ്കിലും ഉണ്ടെന്നു സമ്മതിക്കേണ്ടിവരും. വിശദമാക്കാം: ആകാശവും ഭൂമിയും നിറഞ്ഞു നില്ക്കുന്നതും (യിരെ, 23:23,24), ആരും ഒരുനാളും കണ്ടിട്ടില്ലാത്തതുമായ ഒരു ദൈവമുണ്ട്. (യോഹ, 1:18; 1യോഹ, 4:12). പ്രപഞ്ചം മുഴുവൻ നിറങ്ങുനില്കുന്ന ഈ ദൈവത്തിനുള്ളിലാണ് സമസ്തവും സ്ഥിതിചെയ്യുന്നത്. (പ്രവൃ, 17:28). അതുകൊണ്ടാണ് ദൈവത്തെ ആർക്കും കാണാൻ കഴിയാത്തത്. ഇതാണ് ദൈവത്തിൻ്റെ സാക്ഷാൽ സ്വരൂപം. ദൈവത്തിൻ്റെ പദവികൾക്ക് (പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്) പ്രത്യേകം പ്രത്യേകം വ്യക്തിത്വം കല്പിച്ചവർ ദൈവത്തിൻ്റെ സാക്ഷാൽ സ്വരൂപത്തിന് വ്യക്തിത്വമില്ലെന്ന് പറയില്ലല്ലോ? സ്തെഫാനൊസ് പരിശുദ്ധാത്മാവിൽ നിറഞ്ഞപ്പോഴാണ് ഈ കാഴ്ച കണ്ടത്. അതായത്, അവൻ്റെ ഉള്ളിലുള്ള പരിശുദ്ധാത്മാവ്; സ്വർഗ്ഗത്തിൽ നില്ക്കുന്ന യേശു; സിംഹാസനത്തിൽ ഇരിക്കുന്ന ദൈവം; ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനും ആരുമൊരുനാളും കണ്ടിട്ടില്ലാത്തവനുമായ യഹോവ. അപ്പോൾ എത്രപേരായി? ഇങ്ങനെയൊക്കെ ബൈബിൾ വ്യാഖ്യാനിച്ചാൽ ശരിയാകുമോ??? യഹോവയുടെ വ്യത്യസ്ത പ്രത്യക്ഷതകളാണ് സ്തെഫാനൊസ് സ്വർഗ്ഗത്തിൽ കണ്ടത്; അല്ലാതെ വ്യത്യസ്ത വ്യക്തികളെയല്ല.