അശ്ശൂർ

അശ്ശൂർ (Assyria) 

വടക്കും കിഴക്കും മേദ്യ, അർമ്മേനിയ പർവ്വതങ്ങളാൽ ചുറ്റപ്പെട്ട്, ടൈഗ്രീസ്, സാബ് എന്നീ നദികൾക്കു മദ്ധ്യേ കിടക്കുന്ന ചെറിയ ഭൂവിഭാഗമായിരുന്നു അശ്ശൂർ. അശ്ശൂർ-ബാബിലോണിയ പ്രദേശത്തു നിന്നും അശ്ശൂരിനെ വേർതിരിച്ചു കാണിക്കുക പ്രയാസമാണ്. സാംസ്കാരിക ചരിത്രത്തിലും ഈ ബന്ധം സുദൃഢമാണ്. ബി.സി. ഏഴാം നൂറ്റാണ്ടിന്റെ ഒടുവിൽ നെബോപൊലാസ്സർ അശ്ശൂരിന്റെ ആധിപത്യം നശിപ്പിച്ചതോടുകൂടി അശ്ശൂർ ബാബിലോണിൽ ലയിച്ചു. അശ്ശൂരിന്റെ തലസ്ഥാനമായിരുന്ന അശ്ശൂർ അഥവാ അഷ്ഷൂർ ടൈഗ്രീസ് നദിയുടെ പടിഞ്ഞാറെക്കരയിൽ സ്ഥിതിചെയ്യുന്നു. അശ്ശൂർ നഗരത്തിന്റെ ആധുനികനാമം ഖലാത്ത് ഷർക്കത്ത് ആണ്. ഇതിന് 96 കി.മീറ്റർ വടക്കാണ് നീനെവേ എന്ന പൗരാണികനഗരം. സർഗ്ഗോന്റെ ആസ്ഥാനമായ ദൂർഷാറുക്കിൻ (ആധുനിക ഖൊർസാബാദ്) നീനെവേയ്ക്കു വടക്കു കിഴക്കായി സ്ഥിതി ചെയ്തിരുന്നു. 

ബി.സി. 1950-നോടടുത്ത കാലഘട്ടത്തിൽ അശ്ശൂർ ഭരിച്ചിരുന്ന പുസൂർ-അശ്ശൂർ ഒന്നാമന്റെയും അനന്തരഗാമികളുടെയും കാലത്ത് അശ്ശൂർ ഒരു സാമ്രാജ്യമായി വളർന്നു. ബാബിലോൺ ഈ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. വിദേശ വാണിജ്യത്തിലൂടെ അശ്ശൂർ സാമ്പത്തികമായി വളർന്നു. ഷംഷിഅദാദ് ഒന്നാമന്റെ (ബി.സി. 1748-1716) കാലത്ത് അശ്ശൂർ അഭിവൃദ്ധി പ്രാപിച്ചു. ദേശീയദേവനായ അശ്ശൂരിനെ പ്രതിഷ്ഠിക്കുവാൻ അദ്ദേഹം ഒരു മഹാക്ഷേത്രം പണിയുകയും സുരക്ഷയ്ക്കായി ശക്തിദുർഗ്ഗങ്ങൾ നിർമ്മിക്കുകയും ചെയ്തു. തെക്കുപടിഞ്ഞാറൻ ഇറാൻ മുതൽ മെഡിറ്ററേനിയൻ സമുദ്രംവരെ അശ്ശൂർ സാമ്രാജ്യം വ്യാപിച്ചു. ഷംഷിഅദാദിന്റെ പുത്രനായ ഇഷ്മെദഗാൻ ഒന്നാമന്റെ മരണത്തോടുകൂടി അശ്ശൂർ ക്ഷയിച്ചു. തുടർന്നു അശ്ശൂർ ബാബിലോണിലെ ഹമ്മുറാബിക്കധീനമായി. (ബി.സി. 1696) . 

ബി.സി. പതിനാലാം നൂറ്റാണ്ടോടുകൂടി അശ്ശൂർ മിസ്രയീമിനു സമശീർഷമായ സാമ്രാജ്യമായി വളർന്നു. ഈജിപ്റ്റിലെ രാജാവായ തൂത്മോസ് മൂന്നാമൻ അശ്ശൂർ ആക്രമിച്ചു. മിത്താന്യൻ സൈന്യത്തെ പരാജയപ്പെടുത്തി. മിത്താനികളുടെ അധീശത്വത്തിൽ നിന്നും അങ്ങനെ അശ്ശൂരിനു മോചനം ലഭിച്ചു. ഹിത്യർ മിത്താനികളെ പരാജയപ്പെടുത്തിയതോടു കൂടി എറിബാ-അദാദ് (ബി.സി. 1383-1857) അശ്ശൂർ സാമ്രാജ്യം പുനരുദ്ധരിച്ചു. അദ്ദേഹത്തിന്റെ പുത്രനായ അഷൂർ ഉബാല്ലിത് ഒന്നാമൻ അശ്ശൂരിനെ ഒരു വലിയ സൈനിക ശക്തിയാക്കിമാറ്റി. ഈജിപ്റ്റിലെ അമെൻഹോട്ടപ് നാലാമനു അദ്ദേഹം എഴു തിയ എഴുത്തു അമർണാ ലിഖിതങ്ങളിലുണ്ട്.

തിഗ്ലത്ത്-പിലേസർ (ബി.സി. 1114-1076): തിഗ്ലത്ത്-പിലേസർ ഒന്നാമന്റെ കാലത്തു അശ്ശൂർ സാമ്രാജ്യഘട്ടത്തിലേക്കു കടന്നു. സാമ്രാജ്യ കാലം ഏകദേശം 1100-633 ബി.സി. ആയിരുന്നു. തിഗ്ലത്ത്-പിലേസർ ഒന്നാമൻ ബാബിലോണിനെ ആക്രമിച്ചു കീഴടക്കി. അദ്ദേഹത്തിന്റെ കാലത്ത് അശ്ശൂർ സാമ്രാജ്യം വടക്കു ഉറാർട്ടു അഥവാ അർമ്മേനിയ വരെയും പടിഞ്ഞാറ് സിറിയയിലുടെ മെഡിറ്ററേനിയൻ വരെയും വ്യാപിച്ചു. അടുത്ത രണ്ടു നൂറ്റാണ്ടുകളിൽ അശ്ശൂർ ക്ഷയിച്ചു. തുടർന്നു അശ്ശൂർ ശക്തമായത് അഷൂർ നസിർപാളിന്റെ (ബി.സി. 883-859) കാലത്താണ്. ക്രൂരനായ അദ്ദേഹം അർമ്മേനിയരെ ആക്രമിച്ചു അവരെ കൂട്ടക്കൊലചെയ്തു. 

ശല്മനേസർ മൂന്നാമൻ (ബി.സി. 858-824): അഷൂർ നസിർപാളിന്റെ പുത്രനായ ശല്മനേസർ മൂന്നാമൻ സാമ്രാജ്യവിസ്തൃതി വർദ്ധിപ്പിച്ചു. അദ്ദേഹം സിറിയ കീഴടക്കി. വടക്കെരാജ്യമായ യിസ്രായേലിനോടു നേരിട്ടു ബന്ധം പുലർത്തിയ ആദ്യത്തെ ആശ്ശൂർ രാജാവ് ഇദ്ദേഹമാണ്. അശ്ശൂരിലെ രേഖകളിൽ കാണുന്നതനുസരിച്ചു ഓറന്റീസ് നദീതീരത്തുള്ള കാർക്കറിൽ ഒരു സഖ്യസൈന്യത്തെ നേരിട്ടു (ബി.സി. 853). സഖ്യകക്ഷികളുടെ ഐക്യം നഷ്ടപ്പെട്ടെങ്കിലും അശ്ശൂരിനു വിജയിക്കുവാൻ കഴിഞ്ഞില്ല. ഈ സഖ്യത്തിൽ യിസ്രായേൽ രാജാവായ ആഹാബും ഉൾപ്പെട്ടിരുന്നു. ശല്മനേസർ മുന്നാമനുശേഷം പുത്രനായ ഷംഷി അദാദ് അഞ്ചാമൻ (ബി.സി. 823-811) രാജാവായി. 

തിഗ്ലത്ത്-പിലേസർ മുന്നാമൻ: ബി.സി. 745-ൽ തിഗ്ലത്ത്-പിലേസർ മൂന്നാമൻ രാജാവായി. ബൈബിളിൽ പേരിനാൽ പറയപ്പെട്ട ആദ്യത്തെ അശ്ശൂർ രാജാവ് തിഗ്ലത്ത്-പിലേസർ മുന്നാമനാണ്. (2രാജാ, 15:29; 16:7, 10). പൂൽ എന്ന പേര് 2 രാജാക്കന്മാർ 15:19-ൽ ഉണ്ട്. 1ദിനവൃത്താന്തം 5:26-ൽ രണ്ടു പേരുകളും പറയപ്പെട്ടിട്ടുണ്ട്. തന്മൂലം ഇവരെ വ്യത്യസ്ത രാജാക്കന്മാരായി കണക്കാക്കിയിരുന്നു. എന്നാൽ ബാബിലോണിയൻ ശിലാരേഖകളിൽ പുലു വിനെക്കുറിച്ചു (pulu) പറയുകയും രണ്ടു പേരുകളും ഒരു രാജാവിന്റേതാണെന്നു സൂചിപ്പിക്കയും ചെയ്തിട്ടുണ്ട്. യിസ്രായേൽ രാജാവായ മെനഹേമിന്റെ കാലത്തു തിഗ്ലത്ത്-പിലേസർ മൂന്നാമൻ വടക്കെ രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ കടന്നു. അശ്ശൂർ രാജാവായ പൂൽ ദേശത്തെ ആക്രമിച്ചു. മെനഹേം അവന്നു ആയിരം താലന്തു വെള്ളി കൊടുത്തു മടക്കി അയച്ചു. (2രാജാ, 15:19,20). അനന്തരം യിസ്രായേൽ രാജാവായ പേക്കഹ് അരാം രാജാവായ (സിറിയ) രെസീനോടു ചേർന്നു യെഹൂദാരാജാവായ ആഹാസിനെതിരെ വന്നു. ഈ അരാമ്യയിസ്രായേല്യ ഭീഷണി അശ്ശൂർ രാജാവിന്റെ ശക്തിയിലൂടെ തുടച്ചു മാറ്റപ്പെടുമെന്നു യെശയ്യാവു പ്രവചിച്ചു. (യെശ, 7:1-9, 16, 17; 8:3,4). എങ്കിലും ഈ സഖ്യസൈന്യത്തോടു യുദ്ധം ചെയ്യുന്നതിന് ആഹാസ് രാജാവു കപ്പം കൊടുത്തയച്ചു. അശ്ശൂർ രാജാവ് തന്മൂലം യിസ്രായേൽ രാജ്യത്തിന്റെ വടക്കുഭാഗത്തു നിന്ന് അനേകം പട്ടണങ്ങൾ പിടിച്ചു. ഭാവിയിൽ ഉണ്ടാകാവുന്ന മത്സരങ്ങളെ ഒഴിവാക്കുവാൻ വേണ്ടി ജനത്തെ മാറ്റി പാർപ്പിക്കുന്ന പദ്ധതി തിഗ്ലത്ത്-പിലേസർ മൂന്നാമൻ ആരംഭിച്ചു. ചില യിസ്രായേല്യരെ പ്രവാസികളായി കൊണ്ടുപോയി. (1ദിന, 5:6, 26). യെഹൂദയും അശ്ശൂരിനു വിധേയഭാവത്തിലായിരുന്നു. യെഹൂദയിലെ ആഹാസ് രാജാവ് ദമ്മേശെക്കിൽ ചെന്ന് തിഗ്ലത്ത്-പിലേസറിനു അഞ്ജലികളർപ്പിച്ചു. (2രാജാ, 15:29; 16:5-10, 18; 2ദിന, 28:16, 20,21).

ശല്മനേസർ അഞ്ചാമൻ (ബി.സി. 726-722): തിഗ്ലത്ത്-പിലേസറിനുശേഷം ശല്മനേസർ അഞ്ചാമൻ രാജാവായി. യിസ്രായേലിന്റെ സിംഹാസനം കയ്യടക്കിയ ഹോശേയ രാജാവ് അശ്ശൂരിനു കപ്പം കൊടുക്കാമെന്നു ആദ്യം ഏറ്റു. എന്നാൽ പിന്നീട് ഈജിപ്റ്റുമായി ഗൂഢാലോചന നടത്തി അശ്ശൂരിൽ നിന്നും മോചനം നേടാൻ ശ്രമിച്ചു. തുടർന്നു ശല്മനേസർ ശമര്യയിലേക്കു വന്നു അതിനെ മൂന്നു വർഷം നിരോധിച്ചു. അശ്ശൂർ രാജാവ് ശമര്യ കീഴടക്കി യിസ്രായേല്യരെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി. (2രാജാ, 17:56, 18:9-11; ഹോശേ, 7:11; 8:7-10). എന്നാൽ മിക്ക പണ്ഡിതന്മാരുടെയും അഭിപ്രായത്തിൽ ശമര്യയുടെ പതനത്തിനു മുമ്പ് ശല്മനേസർ മരിച്ചുവെന്നും പട്ടണം വീണത് സർഗ്ഗോൻ രണ്ടാമന്റെ കാലത്താണെന്നും അത്രേ. 

സർഗ്ഗോൻ രണ്ടാമൻ (ബി.സി. 721-705): സർഗ്ഗോനെക്കുറിച്ചു ഒരേയൊരു പരാമർശമാണ് ബൈബിളിലുള്ളത്. (യെശ, 20:1). 27,290 യിസ്രായേല്യരെ പ്രവാസത്തിലേക്കു കൊണ്ടുപോയതായി സർഗ്ഗോന്റെ രേഖകൾ പറയുന്നു. ഇദ്ദേഹം ഫെലിസ്ത്യയും ആക്രമിച്ചു. ഈ ആക്രമണകാലത്താണ് അശ്ശൂരിന്റെ ആക്രമണത്തിനെതിരായി മിസ്രയീമിനെയും കൂശിനെയും സംരക്ഷണത്തിനു വേണ്ടി ആശ്രയിക്കുന്നതു വിഡ്ഢിത്തമാണെന്നു യെശയ്യാ പ്രവാചകൻ മുന്നറിയിപ്പു നല്കിയത്. (20:1-6). സർഗ്ഗോന്റെ ഭരണകാലത്തു ബാബിലോണിലും സിറിയയിലും നിന്നു ആളുകളെ കൊണ്ടുവന്നു ശമര്യയിൽ കൂടിപാർപ്പിച്ചു. അനന്തരം പ്രവാസത്തിൽനിന്നും ഒരു പുരോഹിതനെ ദേശത്തു ദൈവികമാർഗ്ഗം ഉപദേശിക്കുന്നതിനു വേണ്ടി മടക്കി അയച്ചു. (2രാജാ, 17:24-28). ഖോർസാബാദിലെ അദ്ദേഹത്തിന്റെ വിശാലമായ കൊട്ടാരം ഉൽഖനനം ചെയ്തെടുത്തിട്ടുണ്ട്.

സൻഹേരീബ് (ബി.സി. 704-681): സർഗ്ഗോന്റെ പുത്രനായ സൻഹേരീബ് ഹിസ്കീയാ രാജാവിന്റെ വാഴ്ചയുടെ പതിനാലാമാണ്ടിൽ യെഹൂദാ ആക്രമിച്ചു. (2രാജാ, 18:13; യെശ, 36:1). ഹിസ്കീയാ രാജാവ് അശ്ശൂർരാജാവിനോടു മത്സരിച്ചു അവനെ സേവിച്ചില്ല. (2രാജാ, 18:7). തൽഫലമായി സൻഹേരീബ് യെഹൂദയെ ആക്രമിച്ചു നാല്പത്താറു പട്ടണങ്ങൾ പിടിച്ചു. (യെശ, 36:1,2). യെഹൂദാ രാജാവായ ഹിസ്കീയാവ് ലാഖീശിൽ അശ്ശൂർ രാജാവിന്റെ അടുക്കൽ ആളയച്ചു കല്പിക്കുന്ന പിഴ അടച്ചുകൊള്ളാമെന്നു പറയിച്ചു. അശ്ശൂർ രാജാവു 300 താലന്തു വെള്ളിയും 30 താലന്തു പൊന്നും ആവശ്യപ്പെട്ടു. (2രാജാ, 18:14-16; 2ദിന, 32:1). ഈ പിഴ ഒടുക്കിയെങ്കിലും അശ്ശൂർരാജാവ് സൈന്യത്തെ അയച്ചു നിരുപാധികം കീഴടങ്ങുവാൻ ആവശ്യപ്പെട്ടു. (2രാജാ, 18:17-19:34; 2ദിന, 32:2-20). എന്നാൽ യഹോവയുടെ ദൂതൻ പുറപ്പെട്ടു അശ്ശൂർ സൈന്യത്തിലെ 1,85,000 പേരെ കൊന്നു. അതിനാൽ നീനെവേയിലേക്കു പിൻവാങ്ങുന്നതിന് അശ്ശൂര്യർ പ്രേരിതനായി. (2രാജാ, 19:35,36). തലസ്ഥാന നഗരിയിൽ വെച്ച് രണ്ടു പുത്രന്മാർ ആയാളെ വധിച്ചു. മറ്റൊരു പുത്രനായ ഏസെർ-ഹദ്ദോൻ രാജാവായി. (2രാജാ, 19:37; 2ദിന, 32:21,22; യെശ, 37:36-38).

ഏസെർ-ഹദ്ദോൻ (ബി.സി. 680-669): പിതാവിനെ വധിച്ച് സഹോദരന്മാരെ രാജ്യത്തുനിന്നു നിഷ്കാസനം ചെയ്തുകൊണ്ട് ഏസെർ-ഹദ്ദോൻ ഭരണം ഏറ്റെടുത്തു. ബാബിലോണിനെയും തന്റെ തലസ്ഥാനങ്ങളിലൊന്നാക്കി. ബാർബേറിയൻ ആക്രമണങ്ങളിൽ നിന്നു രാജ്യത്തെ രക്ഷിച്ചു. മനശ്ശെയുടെ വാഴ്ചക്കാലത്തു അദ്ദേഹത്തെ ബാബേലിലേക്കു ബദ്ധനാക്കി കൊണ്ടു പോകുന്നതിനു അശ്ശൂർരാജാവിന്റെ സേനാപതിമാരെ യഹോവ വരുത്തി. അവർ മനശ്ശയെ കൊളുത്തുകളാൽ പിടിച്ചു ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടു പോയി. (2ദിന, 33:11). ഏസെർ-ഹദ്ദോനു കപ്പം കൊടുക്കുന്നവരുടെ കൂട്ടത്തിൽ മനശ്ശെ രാജാവിന്റെ പേരും ശിലാലിഖിതങ്ങളിൽ കാണുന്നുണ്ട്. അനന്തരം യഹോവ മനശ്ശെയെ യെരൂശലേമിലേക്കു മടക്കി വരുത്തി. (2ദിന, 33:10-13). മരിക്കുന്നതിനു മുമ്പായി ഏസെർ-ഹദ്ദോൻ തന്റെ രാജ്യം രണ്ടു പുത്രന്മാർക്ക് വിഭാഗിച്ചുകൊടുത്തു. 

അശ്ശൂർ ബനിപ്പാൾ (ബി.സി. 668-633): ഏസെർ-ഹദ്ദോന്റെ പുത്രനായ അശ്ശൂർ ബനിപ്പാൾ അശ്ശൂരിന്റെ അവസാനകാലത്തെ പ്രമുഖനായ രാജാവാണ്. ഇദ്ദേഹത്തിന്റെ കാലത്തു രാജ്യവിസ്തൃതി ഉച്ചാവസ്ഥയിലെത്തി. മിസ്രയീമിലുണ്ടായ ഒരു വിപ്ലവത്തെ അടിച്ചമർത്തി തീബ്സ് പട്ടണം നിരോധിച്ചു. (നഹും, 3:7,8). എസ്രാ 4:10-ൽ പറഞ്ഞിരിക്കുന്ന മഹാനും ശ്രഷ്ഠനുമായ അസ്നപ്പാർ അശ്ശൂർ ബനിപ്പാളായിരിക്കണം. ഏസെർ-ഹദ്ദോൻ മരിക്കുന്നതിനു മുമ്പായി അശ്ശൂർ ബനിപ്പാളിനെ സാമ്രാജ്യത്തിലെ ചക്രവർത്തിയായും മറ്റൊരു പുത്രനായ ഷംഷ്ഴുമുകിനെ ബാബിലോണിലെ രാജാവായും നിയമിച്ചിരുന്നു. ഷംഷ്ഷുമുകിൻ പിന്നീട് സഹോദരനോടു യുദ്ധം ചെയ്തു. ഈ യുദ്ധത്തിൽ അനേകം ബാബിലോന്യർ വധിക്കപ്പെട്ടു. അശ്ശൂർ ബനിപ്പാൾ യുദ്ധം ജയിച്ചുവെങ്കിലും അതു അശ്ശൂരിന്റെ ശക്തിയെ ക്ഷയിപ്പിച്ചു. ബാബിലോൺ രാജാവായ നെബോപ്പൊലാസറും മേദ്യനായ സ്യാക്സാരസും (Cyaxares) ചേർന്നു നിരോധിക്കുക മൂലമാണ് നീനെവേ വീണതെന്നു ബാബിലോന്യൻ ദിനവൃത്താന്തങ്ങൾ സൂചിപ്പിക്കുന്നു. ഇങ്ങനെ നിഷ്ഠൂരമായ അശ്ശൂർ ഭരണം അപമാനകരമായ അന്ത്യത്തിൽ നിപതിച്ചു. ബി.സി. 614-ൽ മേദ്യർ അശ്ശൂർ നഗരം ആക്രമിച്ചു നശിപ്പിച്ചു. ബി.സി. 612-ൽ നീനെവേയും അവർ കീഴടക്കി. 

തിരുവെഴുത്തുകളിൽ അശ്ശൂരിനെ ആദ്യം പരാമർശിക്കുന്നത് ഉല്പത്തി 2:14-ലാണ്. ഏദെൻ തോട്ടത്തിൽ നിന്നും പുറപ്പെട്ട നദിയുടെ മൂന്നാം ശാഖയായ ഹിദ്ദേക്കെൽ (ടൈഗ്രീസ്) അശ്ശൂരിനു കിഴക്കോട്ടൊഴുകുന്നു. പ്രളയാനന്തരം ശേമ്യരാണ് അശ്ശൂരിൽ പാർപ്പുറപ്പിച്ചത്. തുടർന്നു ഹാമിന്റെ പൗത്രനായ നിമ്രോദ് അശ്ശൂരിൽ പ്രവേശിച്ചു് നീനവേ, രെഹോബോത്ത് പട്ടണം, കാലഹ്, നീനവേക്കും കാലഹിനും മദ്ധ്യേ രേസെൻ എന്നീ പട്ടണങ്ങൾ പണിതു. മഹാനഗരമായിരുന്നു രേസെൻ. (ഉല്പ, 10:11,12). അനന്തരകാലത്ത് അബ്രാഹാമിന്റെ പുത്രനായ യിശ്മായേലിന്റെ സന്തതികൾ അശ്ശൂർ വരെ പാർപ്പുറപ്പിച്ചതായി കാണുന്നു. (ഉല്പ, 25:18). ബി.സി. 8-ാം നൂറ്റാണ്ടിൽ യോനാ പ്രവാചകൻ അശ്ശൂരിന്റെ തലസ്ഥാനമായ നീനവേയിലേക്കു നിയോഗിക്കപ്പെട്ടു. യോനാപ്രവാചകന്റെ പ്രസംഗം കേട്ടു പട്ടണം മുഴുവൻ രാജാവിനോടൊപ്പം മാനസാന്തരപ്പെട്ടു. ഇത് ഏതു രാജാവിന്റെ കാലത്തായിരുന്നു എന്നത് വ്യക്തമല്ല. ബിലെയാമിന്റെ പ്രവചനത്തിൽ അശ്ശൂരിനെക്കുറിച്ചു പറയുന്നു. “കിത്തീം തീരത്തു നിന്നു കപ്പലുകൾ വരും; അവ അശ്ശൂരിനെ താഴ്ത്തും, എബെരിനെയും താഴ്ത്തും, അവനും നിർമ്മൂലനാശം ഭവിക്കും.” (സംഖ്യാ, 24:24). യെശയ്യാവ്, യിരെമ്യാവ്, യെഹെസ്കേൽ, ഹോശേയാ, മീഖാ, നഹും, സെഫന്യാവ്, സെഖര്യാവ് എന്നിവരുടെ പ്രവചനങ്ങളിൽ അശ്ശൂരിനെക്കുറിച്ചുള്ള ധാരാളം പരാമർശങ്ങളുണ്ട്. മിസ്രയീമും (ഈജിപ്റ്റ്) അശ്ശൂരും യിസ്രായേലും സമാധാനത്തിൽ വർത്തിക്കുന്ന ഒരുകാലം യെശയ്യാവ് പ്രവചിച്ചിട്ടുണ്ട്. (19:23-25). മിസ്രയീമിനെ ‘എന്റെ ജനം’ എന്നും, അശ്ശൂരിനെ ‘എന്റെ കൈകളുടെ പ്രവൃത്തി’ എന്നും, യിസ്രായേലിനെ ‘എന്റെ അവകാശം’ എന്നും യഹോവ വിളിക്കുന്നു. അന്നു യിസ്രായേൽ ഭൂമിയുടെ മദ്ധ്യേ അനുഗ്രഹമായിരിക്കുകയും ഭൂമിയിലെ സകല ജാതികളും അനുഗ്രഹിക്കപ്പെടുകയും ചെയ്യും.

അലക്സാന്ത്രിയ

അലക്സാന്ത്രിയ (Alexandria)

പേരിനർത്ഥം – പ്രതിരോധിക്കുന്ന പുരുഷന്മാർ

നൈൽ ഡൽറ്റയുടെ ഉത്തര പശ്ചിമതീരത്തുള്ള തുറമുഖപട്ടണം. നൈൽനദിയുടെ ഏറ്റവും പടിഞ്ഞാറെ ശാഖയായ റോസറ്റയുടെ മുഖത്തിന് തെക്കുപടിഞ്ഞാറ് അബുക്വിർ ഉൾക്കടലിനും മരിയോട്ടീസ് തടാകത്തിനുമിടയിൽ സമുദ്രതീരത്തു സ്ഥിതിചെയ്യുന്നു. കെയറോ പട്ടണത്തിൽ നിന്നു 208 കിമീറ്റർ അകലെയാണ് അലക്സാന്ത്രിയ. ബി.സി. 332-ൽ മാസിഡോണിയയിലെ ചക്രവർത്തിയായ അലക്സാണ്ടർ ഈ പട്ടണം സ്ഥാപിച്ചു സ്വന്തം പേരു നൽകി. ക്രിസ്തുവിന്റെയും അപ്പൊസ്തലന്മാരുടെയും കാലത്ത് ഈജിപ്റ്റിലെ പ്രധാന പട്ടണമായിരുന്നു അലക്സാന്ത്രിയ. ആധുനിക അലക്സാണ്ഡ്രിയ (അറബിയിൽ: അൽ-ഇസ്കന്തരിയാ) പഴയസ്ഥാനത്തുള്ള ഒരു തുറമുഖം തന്നെയാണെങ്കിലും പൂർവ്വകാലമഹത്വം അതിനിപ്പോൾ ഇല്ല. ഈജിപ്റ്റിലെ ഗ്രേക്കോ-മാസിഡോണിയൻ രാജാക്കന്മാരായ ടോളമിമാരുടെ ഭരണകാലത്തു് (ബി.സി. 323-30) അലക്സാന്ത്രിയ ഈജിപ്റ്റിന്റെ തലസ്ഥാനമായിരുന്നു. ആദ്യ രാജാക്കന്മാരുടെ കാലത്ത് അത് യവന സംസ്കാരത്തിന്റെ കേന്ദ്രമായി മാറി. റോമൻ ഭരണകാലത്തും ഈ നില തുടർന്നു. എ.ഡി. 7-ാം നൂറ്റാണ്ടിലെ അറബികളുടെ ആക്രമണംവരെയും റോമൻ ബൈസാന്റിയൻ കാലങ്ങളിൽ ഈജിപ്റ്റിന്റെ ഭരണകേന്ദ്രമായിരുന്നു അലക്സാന്ത്രിയ. 

വളരെക്കാലം അലക്സാന്ത്രിയയിലെ ജനസംഖ്യയിൽ സിംഹഭാഗവും യെഹൂദന്മാരായിരുന്നു. ഒരുകാലത്ത് എട്ടു ലക്ഷത്തോളം യെഹൂദന്മാർ ഇവിടെ ഉണ്ടായിരുന്നു. യെരുശലേമിന്റെ പതനകാലത്ത് ഈജിപ്റ്റിലേക്ക് ഓടിപ്പോയ അഭയാർത്ഥികളുടെ സന്തതികളാണ് ഇവരിലധികവും. തിബെര്യൊസ് കൈസരിന്റെ കാലത്ത് പട്ടണത്തിലെ ജനസംഖ്യയുടെ മുന്നിലൊന്നു യെഹൂദന്മാർ ആയിരുന്നുവെന്നു പറയപ്പെടുന്നു. റെജിയോ യുദെയോരും (Regio Judaeorum) എന്ന പേരിൽ അവരുടെ ഒരു പ്രത്യേക താവളത്തിൽ സ്വന്തം ന്യായപ്രമാണവും സ്വന്തം ഗവർണറുമായി കഴിയുവാൻ അവരെ അനുവദിച്ചിരുന്നു. യവനർക്കു തുല്യമായ അവകാശങ്ങൾ യെഹൂദന്മാർക്കും അനുവദിച്ചു. യെഹൂദന്മാരുടെ വാണിജ്യസാമർത്ഥ്യം, ഈ പട്ടണത്തിന്റെ സമ്പൽസമൃദ്ധി വർദ്ധിപ്പിക്കുകയും അതിനെ പ്രധാന ധനവിനിമയ കേന്ദ്രമായി മാറ്റുകയും ചെയ്തു. ഇവിടത്തെ വ്യവസായ ശാലകളിൽനിന്നും തുറമുഖങ്ങളിൽനിന്നും പാപ്പിറസ്, ഗ്ലാസ്, സുഗന്ധദ്രവ്യങ്ങൾ, തുണിത്തരങ്ങൾ, ഗോതമ്പു തുടങ്ങിയ അനേകം സാധനങ്ങൾ കയറ്റുമതി ചെയ്തിരുന്നു. എബ്രായ ബൈബിളിന്റെ (പഴയനിയമം) ആദ്യത്തെ വിവർത്തനമായ സെപ്റ്റ്വജിന്റ് അഥവാ ഗ്രീക്കുസപ്തതി നിർമ്മിച്ചത് ഇവിടെവെച്ചായിരുന്നു. ടോളമി ഫിലാഡൽഫസിന്റെ കാലത്തായിരുന്നു അത്. പട്ടണത്തിൽ എല്ലായിടവും യെഹൂദന്മാരുടെ സിനഗോഗുകൾ ഉണ്ടായിരുന്നു. ജ്ഞാനഗ്രന്ഥങ്ങൾ അധികവും നിർമ്മിക്കപ്പെട്ടത് ഇവിടെവെച്ചാണ്. പ്രസിദ്ധ പണ്ഡിതനായി ഫിലോ അലക്സാണ്ഡ്രിയനാണ്.

ക്രിസ്തുമാർഗ്ഗം അലക്സാന്ത്ര്യയിൽ പ്രവേശിച്ചത് എന്നാണെന്നോ എങ്ങനെയാണെന്നോ നമുക്കറിയില്ല. വിശ്വസിക്കാൻ പ്രയാസമായ പാരമ്പര്യങ്ങളനുസരിച്ചു മർക്കൊസാണിവിടെ സുവിശേഷം പ്രസംഗിച്ചത്. അപ്പൊസ്തലിക സഭയിൽ ഒരു പ്രമുഖ വ്യക്തിയും വാഗ്മിയും സഞ്ചാര പ്രസംഗിയുമായിരുന്ന അപ്പൊല്ലൊസ് (പ്രവൃ, 18:24) അലക്സാന്ത്ര്യൻ യെഹൂദനായിരുന്നു. രണ്ടാം നൂറ്റാണ്ടിൽ ക്രൈസ്തവ പഠനത്തിന്റെ ഒരു പ്രമുഖ കേന്ദ്രമായിരുന്ന ഇവിടെ അതിന്റെ നേതൃത്വം വഹിച്ചിരുന്നത് ക്ലെമന്റും ശിഷ്യൻ ഓറിജനുമാണു. ക്രൈസ്തവ ഗ്രീക്കു തിരുവെഴുത്തുകളുടെ കാനോനികതയെക്കുറിച്ച് വിലയേറിയ സാക്ഷ്യം നല്കിയിട്ടുള്ളവരാണിവർ. നാലാം നൂറ്റാണ്ടിലെ അത്തനേഷ്യസ് അലക്സാന്ത്ര്യയിലെ ബിഷപ്പായിരുന്നു.

അറബിദേശം

അറബിദേശം (Arabia) 

പേരിനർത്ഥം – മരുഭൂമി

ദക്ഷിണ പശ്ചിമേഷ്യയിൽ സ്ഥിതി ചെയ്യുന്ന അറേബ്യ ലോകത്തിലെ ഏറ്റവും വലിയ ഉപവീപാണ്. 259,0000 ചതുരശ്ര കിലോമീറ്ററാണു വിസ്തീർണ്ണം. പശ്ചിമതീരം 2900 കി.മീറ്റർ നീണ്ടു കിടക്കുന്നു. ചെങ്കടൽ മുതൽ പേർഷ്യൻ ഉൾക്കടൽ വരെയുള്ള വീതി ഏകബേശം 960 കി.മീറ്റർ ആണ്. കിഴക്കു പേർഷ്യൻ ഉൾക്കടൽ, ഓമൻ ഉൾക്കടൽ എന്നിവയാലും; തെക്കു ഏഡൻ ഉൾക്കടൽ, ഇൻഡ്യാ മഹാസമുദ്രം എന്നിവയാലും; പടിഞ്ഞാറു ചെങ്കടലിനാലും അറേബ്യ ചുറ്റപ്പെട്ടിരിക്കുന്നു. അറബികൾ തങ്ങളുടെ ദേശത്തെ ജസീറാത്ത് അൽ അറബ് (അറബികളുടെ ദ്വീപ്) എന്നു വിളിക്കുന്നു. ഭൂമിശാസ്ത്രകാരന്മാർ അറേബ്യയെ മൂന്നായി തിരിക്കുന്നു. 1. അറേബ്യ പെട്രാ: പ്രധാന പട്ടണം പെട്രാ; സീനായി, ഏദോം, മോവാബ്, പുർവ്വ ട്രാൻസ് ജോർഡാൻ എന്നിവ ഉൾക്കൊള്ളുന്നു. 2. അറേബ്യ ഡിസെർട്ടാ: സിറിയൻ മരുഭൂമി. 3. അറേബ്യ ഫെലിക്സ്-ദക്ഷിണഭാഗം. അറേബ്യയുടെ അധികഭാഗവും മരുഭൂമിയാണ്.

അശ്ശൂർ രാജാവായ ശല്മനേസ്സർ മൂന്നാമന്റെ രേഖകളിലാണ് (ബി.സി. 853) അറബി എന്ന പേർ ആദ്യമായി രേഖപ്പെടുത്തിയിട്ടുള്ളത്. ബൈബിളിലെ ‘അറബിദേശം’ എന്ന പ്രയോഗം ഈ ഉപദ്വീപിനെ മുഴുവൻ ഉൾക്കൊള്ളുന്നില്ല. പലസ്തീനു അടുത്തുകിടക്കുന്ന ഉത്തരഭാഗമാണ് അധികം സ്ഥാനങ്ങളിലും വിവക്ഷിതം. (യെശ, 21:13; യിരെ, 25:24; യെഹെ, 27:21). അറബിക്കാരൻ (യെശ, 13:20; യിരെ, 3:2) അറബികളെ മുഴുവനും പരാമർശിക്കുന്നില്ല. പൊതുവിൽ അറബികളെ മുഴുവനും കുറിക്കുന്ന ഭാഗംങ്ങൾ ഇവയാണ്. (2ദിന, 21:16; നെഹെ, 2:19; 6:1; പ്രവൃ, 2:11). 

ബൈബിളിൽ പലപ്പോഴും അറബിദേശത്തെ പ്രസ്തുത നാമത്തിലല്ല പറഞ്ഞിട്ടുള്ളത്. അവർ ഉൾക്കൊള്ളുന്ന രാഷ്ട്രീയമോ ഗോത്രപരമോ ആയ പേരുകളിലായിരിക്കും അവർ പൊതുവെ പരാമർശിക്കപ്പെടുക. ഉല്പത്തി 10-ലെ ജാതികളുടെ വംശാവലിയിൽ ദക്ഷിണ അറേബ്യരെ യൊക്താന്റെയും കുശിന്റെയും സന്തതികളായി പറഞ്ഞിരിക്കുന്നു. അനേകം ഉത്തര അറേബ്യൻ ഗോത്രങ്ങളെ അബ്രാഹാമ്യ സന്തതികളായി (കെതുറാ, ഹാഗാർ എന്നിവരുടെ) പറഞ്ഞിട്ടുണ്ട്. (ഉല്പ, 25). ഏശാവിന്റെ സന്തതികളായും (ഉല്പ, 36) ചില അറബി ഗോത്രങ്ങൾ പറയപ്പെട്ടിട്ടുണ്ട്. യാക്കോബിന്റെ കാലത്ത് മിദ്യാന്യരും യിശ്മായേല്യരും (അബ്രാഹാമ്യ സന്തതികൾ) കച്ചവടക്കാരായി (ഉല്പ, 37:25,26) നിരന്തരം മിസ്രയീമിലേക്കു പൊയ്ക്കൊണ്ടിരുന്നു. ശലോമോന്റെ കാലത്ത് അറബികളുമായുള്ള ബന്ധം കച്ചവടത്തിലൂടെ വളർന്നു. ശെബാരാജ്ഞി ശലോമോനെ കാണാൻ വന്നിരുന്നു. (1രാജാ, 9:26-28; 10:1-13). അറേബ്യ രാജാക്കന്മാരും ദേശാധിപതിമാരും ശലോമോനു വെള്ളിയും പൊന്നും കപ്പം കൊടുത്തു. (2ദിന, 9:14). 9-ാം നൂറ്റാണ്ടിൽ യെഹൂദയിലെ യെഹോശാഫാത്തിന് അരാബ്യർ കാഴ്ചയും കപ്പവും കൊണ്ടുവന്നു. (2ദിന, 17:11). എന്നാൽ യെഹോരാമിനെ അറബികൾ കൊള്ളയടിച്ചു. “അവർ യെഹൂദയെ ആക്രമിച്ചു; അവന്റെ വസ്തുവകകളെ മാത്രമല്ല പുത്രന്മാരെയും ഭാര്യമാരെയും അപഹരിച്ചു കൊണ്ടുപോയി.” (2ദിന, 21:16,17). 8-ാം നൂറ്റാണ്ടിൽ ഉസ്സീയാരാജാവ് ഏലത്ത് പണിയുകയും അതിനെ വീണ്ടെടുക്കുകയും ചെയ്തു. (2രാജാ, 14:22). യിസ്രായേലിനു അറേബ്യരോടുള്ള ബന്ധം അധികവും ഉത്തര ഭാഗത്തുള്ള സഞ്ചാര ഗോത്രങ്ങളോടായിരുന്നു. ഹിസ്കീയാവിന്റെ കാലത്ത് അവർ വളരെ പരിചിതരായിരുന്നു. (യെശ, 13:20; 21:13). അശ്ശൂർ രാജാവായ സൻഹേരീബിന്നെതിരെ യെരുശലേമിനെ പ്രതിരോധിക്കുന്നതിൽ ചിലർ സഹായിക്കുകയും ചെയ്തു. (2രാജാ, 18:13-19:36). യോശീയാവിന്റെ കാലത്തും (യിരെ, 3:2), യെഹൂദയുടെ അവസാന നാളുകളിലും അറേബ്യർ പ്രാമാണ്യത്തിലേക്കു വരികയായിരുന്നു. (യിരെ, 25:23, 24; യെഹെ, 27:21,22). 

പുതിയനിയമത്തിൽ അറബിദേശം പലസ്തീനു കിഴക്കും തെക്കുമുള്ള പ്രദേശമാണ്. ഇവിടത്തെ നിവാസികൾ നാബാത്യരാണ്. രണ്ടു സ്ഥലങ്ങളിൽ മാത്രമാണ് പുതിയനിയമത്തിൽ അറേബ്യ പരാമർശിക്കപ്പെട്ടിട്ടുള്ളത്. മാനസാന്തരപ്പെട്ടശേഷം പൗലൊസ് അറേബ്യയിലേക്കു പോയതായി കാണുന്നു. (ഗലാ, 1:17). അതെവിടെയായിരുന്നു എന്നു കൃത്യമായി മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. ഗലാത്യർ 4:25-ലാണ് അറേബ്യയെക്കുറിച്ചുള്ള പുതിയനിയമത്തിലെ രണ്ടാമത്തെ പരാമർശം. ഇവിടെ സീനായ് ഉപദ്വീപ് എന്ന ഇടുങ്ങിയ അർത്ഥമാണ് അതിനുള്ളത്. പെന്തെകൊസ്തു നാളിൽ യെരുശലേമിൽ അറേബ്യദേശത്തുനിന്നു വന്നവർ ഉണ്ടായിരുന്നു. (പ്രവൃ, 2:1). 

ആദിമകാലം മുതൽക്കേ അറേബ്യയിലെ ബെദൂവികൾ പൊതുവെ നാടോടികളായിരുന്നെങ്കിലും അവരിൽ അർദ്ധ സഞ്ചാരഗണങ്ങളും സ്ഥിരവാസികളും ഉണ്ട്. ദക്ഷിണ അറേബ്യരാണ് സ്ഥിരവാസികൾ, ഉത്തരഅറേബ്യർ നാടോടി ജീവിതം ഇഷ്ടപ്പെടുന്നവരാണ്. നാടോടികളുടെ സമൂഹം ഗോത്രം (കബീല) അതേ. ഗോത്രത്തിലെ അംഗങ്ങൾ രക്തബന്ധം ഉള്ളവരാണ്. അവരുടെ നായകനാണ് ഷെയ്ക്. ഗോത്രങ്ങളുടെ പേർ പൂർവ്വികനിൽ നിന്നു വരുന്നതാണ്. ഹിത്യർ (ബെനേഹത്ത്), പൂർവ്വദ്വിഗ്വാസികൾ (ബെനേ കദം) എന്നീ പഴയനിയമ പ്രയോഗങ്ങൾ നോക്കുക. ജീവസന്ധാരണത്തിനു അവർ കന്നുകാലികളെ മേയ്ക്കുന്നു. ഒട്ടകമാണ് പ്രധാന മൃഗം. ബൈബിളിൽ അറേബ്യരോടുള്ള ബന്ധത്തിൽ ഒട്ടകം അനേകസ്ഥലങ്ങളിൽ കാണാം. യിശ്മായേല്യർ (ഉല്പ, 37:25; 1ദിന, 27;30), മിദ്യാന്യർ (ന്യായാ, 6:5; 7:12; 8:21,22, 26), അമാലേക്യർ (1ശമൂ, 15:3; 30:17), ശെബാരാജ്ഞി (1രാജാ, 10:2; 2ദിന, 9:1), ഹഗ്രീയർ (1ദിന, 5:21), കെദാര്യർ (യിരെ, 49:29), ഹാസോർ രാജ്യങ്ങൾ (യിരെ, 49:29). ഒട്ടകം കഴിഞ്ഞാൽ പ്രാധാന്യം അർഹിക്കുന്നത് ആടും കോലാടും ആണ്. (യെഹെ, 27:1).  മിദ്യാന്യരും (സംഖ്യാ, 31:28, 30, 34, 39), ഹഗര്യരും (1ദിന, 5:21) കഴുത ധാരാളമായി ഉപയോഗിച്ചിരുന്നു. അറേബ്യർ കൂടാരവാസികളായിരുന്നു. കൂടാരത്തിന്റെ അർദ്ധഭാഗം സ്ത്രീകൾക്കു വേർതിരിച്ചിരുന്നു. ഒട്ടകം, കുതിര തുടങ്ങിയ മൃഗങ്ങളുടെ പരിപാലനം, നായാട്ടു, കൊള്ള എന്നിവയായിരുന്നു പുരുഷന്മാരുടെ പ്രധാന തൊഴിലുകൾ. 

പൗരാണിക അറേബ്യയിലെ പ്രധാന വാണിജ്യോത്പന്നങ്ങൾ കുന്തുരുക്കവും സുഗന്ധദ്രവ്യങ്ങളുമാണ്. ബൈബിളിൽ പല ഭാഗങ്ങളിലും പ്രസ്തുത ഉത്പന്നങ്ങളുടെ കച്ചവടവുമായി ബന്ധപ്പെട്ട് അറേബ്യയെക്കുറിച്ചും അറബികളെക്കുറിച്ചും പറയുന്നുണ്ട്. ഹവീലാ (ഉല്പ, 2:11,12), യിശ്മായേല്യരുടെ യാത്രക്കുട്ടം (ഉല്പ, 37:25), ശെബാരാജ്ഞി (1രാജാ, 10:2, 10; 2ദിന, 9:19; യെശ, 60:6). അറേബ്യയിലെ പ്രധാന ഫലവൃക്ഷം ഈത്തപ്പനയാണ്. മരുഭൂമി പ്രയാണത്തിൽ യിസ്രായേല്യർ ഏലിമിൽ പന്ത്രണ്ടു നീരുറവും എഴുപതു ഈത്തപ്പനയും കണ്ടു. (പൂറ, 15:27). മരുഭൂമിയിൽ സാധാരണയായി കണ്ടുവരുന്ന സസ്യങ്ങൾളാണ് മണൽച്ചിര, കാട്ടുകിഴങ്ങ്, തുവ മുതലായവ. (ഇയ്യോ, 30:4, 7). ബൈബിളിൽ പറഞ്ഞിട്ടുള്ളവയും സ്ഥാനനിർണ്ണയം സാധിച്ചിട്ടുള്ളവയും ആയ അറബി പ്രദേശങ്ങളാണ് ബൂസ്, ദേദാൻ, ദൂമാ, ഹവിലാ, ഹസർമ്മവെത്ത്, ഹസോർ, മസ്സാ, മിദ്യാൻ, ഓഫീർ, പർവയിം, രാമാ, സബ്ത, സേബ, ശേബ, തേമാ, ഊസ് എന്നിവ.

അരിമഥ്യ

അരിമഥ്യ (Arimathea)

പേരിനർത്ഥം – ഉന്നതം

‘രാമാ’ എന്ന എബ്രായ നാമത്തിന്റെ ഗ്രീക്കുതത്ഭവം. യെഹൂദയിലെ ഒരു പട്ടണം. യേശുവിന്റെ ശരീരം വാങ്ങി സ്വന്തം കല്ലറയിൽ അടക്കിയ യോസേഫ് അരിമഥ്യക്കാരനായിരുന്നു. (മത്താ, 27:57; മർക്കൊ, 15:43; ലൂക്കൊ, 23:53; യോഹ, 19:38(. എവുസെബിയുസിന്റെയും ജെറോമിന്റെയും അഭിപ്രായത്തിൽ ശമൂവേൽ പ്രവാചകന്റെ ജന്മസ്ഥലമായ രാമ (രാമാഥയീം-സോഫീം: 1ശമൂ, 1:1, 19) തന്നെയാണ് അരിമഥ്യ. യെരുശലേമിന്നു 32 കി.മീറ്റർ വടക്കുപടിഞ്ഞാറു സ്ഥിതിചെയ്യുന്ന ആധുനിക റെന്റിസ് (Rentis) ആയിരിക്കണം സ്ഥാനം.

അരാബ

അരാബ (Arabah)

പേരിനർത്ഥം – മരുഭൂമി

ഉണങ്ങിയ, വരണ്ട എന്നീ അർത്ഥങ്ങളുള്ള ‘റബ്’ എന്ന ധാതുവിൽ നിന്നു വന്നതാണ് അരാബ. ചാവുകടലിനും അക്കാബാ ഉൾക്കടലിനും ഇടയ്ക്കുള്ള ഭ്രംശതാഴ്വര. (ആവ, 3:17; യോശു, 3:16; 11:16). ചില വ്യാഖ്യാതാക്കളുടെ അഭിപ്രായത്തിൽ ചാവുകടലിന്റെ തെക്കുള്ള ഭ്രംശതാഴ്വര മാത്രമാണ് അരാബ. എന്നാൽ ഗലീലാക്കടൽ അഥവാ കിന്നരേത്ത് കടൽ (യോശു, 12:3; 2ശമൂ, 2:29) വരെയുള്ള സ്ഥലത്തെക്കുറിക്കുന്നതായി ചിലർ മനസ്സിലാക്കുന്നു. ചാവുകടലിന്നു വടക്കുള്ള താഴ്വരഭാഗം ഗോർ (Ghor) എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്.. തെക്കുള്ള ഏറ്റവും വരണ്ട സ്ഥലത്തെ കുറിക്കുകയാണ് അരാബ. ചാവുകടലിനെ അരാബയിലെ കടൽ (ആവ, 3:17; 4:49; 2രാജാ, 14:25) എന്നു വിളിക്കുന്നു.

അരയോപഗക്കുന്ന്

അരയോപഗക്കുന്ന് (Areopagus) 

പേരിനർത്ഥം – അറെസ് ദേവന്റെ കുന്ന്. 

റോമിലെ സംഗ്രാമദേവനായ മാർസ് (ചൊവ്വ) ദേവനു സമസ്ഥാനീയനാണ് ഗ്രീസിലെ അറെസ് ദേവൻ. അക്രൊപൊലിസിനു വടക്കുപടിഞ്ഞാറായി 113 മീറ്റർ പൊക്കമുള്ള പാറസ്ഥലത്തിന്റെ പേരാണ് അരയോപഗക്കുന്ന്. അക്രൊപൊലിസിൽ നിന്നും അരയോപഗക്കുന്നിനെ വേർതിരിക്കുന്നതു ഒരു ചെറിയ താഴ്വരയാണ്. ഈ കുന്നിനു മുകളിൽ പോകാൻ പാറയിൽ പടികൾ വെട്ടിയിട്ടുണ്ട്. പൗരാണിക കാലത്തു അരയോപഗകോടതി സമ്മേളിച്ചിരുന്നതു ഇവിടെയായിരുന്നു. റോമൻ ഭരണകാലത്തു അതിന്റെ പ്രാധാന്യം വർദ്ധിച്ചു. പൗലൊസിന്റെ ഉപദേശം പരിശോധിക്കുന്നതിനു അദ്ദേഹത്തെ അരയോപഗക്കുന്നിൽ വരുത്തി. അപ്പൊസ്തലപ്രവൃത്തി 17:19, 22 എന്നിവിടങ്ങളിലെ അരയോപഗക്കുന്ന് ആ കുന്നിനെയോ അവിടെ സമ്മേളിച്ച കോടതിയെയോ വിവക്ഷിക്കാം. പൗലൊലൊസിന്റെ പ്രസംഗം കോടതി കൂടിയിരുന്ന സ്ഥലത്തായിരുന്നു. ഈ കോടതിയിലെ അംഗങ്ങൾ നഗര പിതാക്കന്മാർ ആയിരുന്നു. രാഷ്ട്രീയവും മതപരവുമായ കാര്യങ്ങളിൽ പരമാധികാരം അവർക്കുണ്ടായിരുന്നു. പെരിക്ലീസിന്റെ കാലത്തു അതു കുറ്റാന്വേഷണ കോടതിയായി. റോമൻ ഭരണകാലത്തു അതു വീണ്ടും വിദ്യാഭ്യാസപരവും മതപരവുമായ വിഷയങ്ങളെ കൈകാര്യം ചെയ്തു. ആഥൻസിൽ പൗലൊസിന്റെ പ്രവർത്തനം കൊണ്ടു ചെറിയ ഫലമേ ഉണ്ടായുള്ളു. ആഥൻസിൽ ഒരു സഭയും സ്ഥാപിച്ചതായി രേഖപ്പെടുത്തിയിട്ടില്ല. അരയോപഗ കോടതിയിലെ ഒരംഗമായ ദിയൊനുസ്യോസ് വിശ്വസിച്ചു പൗലൊസിനോടു ചേർന്നു. (പ്രവൃ, 17:34).

അയ്യാലോൻ

അയ്യാലോൻ (Ajalon)

പേരിനർത്ഥം – മാൻ വയൽ

ഷെഫേലയിലെ ഒരു പട്ടണം. മനോഹരമായ അയ്യാലോൻ താഴ്വരയുടെ തെക്കെ അറ്റത്തുള്ള കുന്നിൽ സ്ഥിതി ചെയ്യുന്നു. ഈ പ്രദേശത്ത് ഇപ്പോഴുള്ള ഗ്രാമത്തെ യാലോ (Yale) എന്നു വിളിക്കുന്നു. ഈ സമതലത്തിന്നരികെ വെച്ചാണ് സൂര്യനെയും ചന്ദ്രനെയും ഗിബയോനിലും അയ്യാലോൻ താഴ്വരയിലും നില്ക്കുവാൻ യോശുവ കല്പ്പിച്ചത്. (യോശു, 10:12-14). കനാൻ ആക്രമണശേഷം അയ്യാലോൻ ദാൻ ഗോത്രത്തിനു നല്കി. (യോശു, 19:40-42). അനന്തരം ലേവ്യപട്ടണമായി (യോശു, 21:24) കെഹാത്യർക്കു കൊടുത്തു. തുടക്കത്തിൽ അയ്യാലോനിൽ നിന്നു അവാര്യരെ ബഹിഷ്കരിക്കുന്നതിനു ദാന്യർക്കു കഴിഞ്ഞില്ല. എന്നാൽ വടക്കുനിന്നു എഫ്രയീം സഹായത്തിനു വരികയും അമോര്യരെ ഊഴിയ വേലക്കാരാക്കുകയും ചെയ്തു. (ന്യായാ, 1:34,35). അതുകൊണ്ടായിരിക്കണം അയ്യാലോൻ എഫ്രയീമിന്റെ വകയാണെന്നും അവർ അതു കെഹാത്യർക്കു കൊടുത്തുവെന്നും 1ദിന, 6:69-ൽ കാണുന്നത്. അയ്യാലോനിൽവെച്ചു ശൗൽ ആദ്യമായി ഫെലിസ്ത്യരെ ജയിച്ചു. അന്ന് യിസ്രായേൽ ജനം മിക്മാസ് തുടങ്ങി അയ്യാലോൻവരെ ഫെലിസ്ത്യരെ കൊന്നു. (1ശമൂ, 14:31). ശലോമോന്റെ മരണശേഷം രാജ്യം വിഭജിക്കപ്പെട്ടപ്പോൾ രെഹബയാം അയ്യാലോനെ ഉറപ്പള്ള പട്ടണമായി പണിതു. (2ദിന, 11:5-12). തുടർന്നു ആഹാസിന്റെ കാലത്തു ഫെലിസ്ത്യർ അയ്യാലോൻ പിടിച്ചു. (2ദിന, 28:18). 

സെബുലൂനിലെ ഒരു പട്ടണത്തിനും അയ്യാലോൻ എന്നു പേരുണ്ട്. (ന്യായാ, 12:12). ന്യായാധിപനായ ഏലോനെ ഇവിടെയാണ് അടക്കിയത്. സ്ഥാനം നിർണയിക്കപ്പെട്ടിട്ടില്ല.

അബിലേന

അബിലേന (Abilene)

പേരിനർത്ഥം – പുൽമൈതാനം

ഹെർമ്മോൻ പർവ്വതത്തിനു വടക്കുകിഴക്കായി കിടക്കുന്ന ആന്റിലെബാനോനിലെ മലമ്പ്രദേശം. അബിലാപട്ടണമാണ് അബിലേനയുടെ തലസ്ഥാനം. ദമ്മേശെക്കിനു (Damascus) 29 കി.മീറ്റർ വടക്കു പടിഞ്ഞാറായി അബാനാ (ബരാദ്) നദിയുടെ തീരത്താണ് അബിലാപട്ടണം. ഈ പട്ടണത്തിന്റെ അവശിഷ്ടങ്ങൾ എസ്-സുക് (Es-Suk) ഗ്രാമത്തിനു ചുറ്റും ഇപ്പോഴും ഉണ്ട്. ടോളമി മെന്നെയൂസിന്റെയും (Ptolemy Mennaeus ബി.സി. 85-40) പുത്രനായ ലുസാന്യാസ് ഒന്നാമന്റെയും (ബി.സി. 40-36) ഇതുര്യൻ സാമ്രാജ്യത്തിൽ അബിലേന ഉൾപ്പെട്ടിരുന്നു. തുടർന്നു അബിലേനയെ വേർപെടുത്തി ഇളയ ലുസാന്യാസിനു കൊടുത്തു. യോഹന്നാൻ സ്നാപകന്റെ ശുശ്രൂഷാരംഭത്തിൽ ലുസാന്യാസ് അബിലേനയിൽ ഇടപ്രഭുവായിരുന്നു. (ലൂക്കൊ, 3:1). എ.ഡി. 37-ൽ ഗായസ് സീസർ അബിലേനയെ ഹെരോദാ അഗ്രിപ്പാ ഒന്നാമനു നല്കി. ക്ലൗദ്യോസ് സീസർ എ.ഡി. 53-ൽ അബിലേനയെ അഗ്രിപ്പാ രണ്ടാമനു കൊടുത്തു. ആദാമിന്റെ മകനായ ഹാബെലിന്റെ കല്ലറ ഇവിടെയുണ്ടെന്ന തദ്ദേശീയ പാരമ്പര്യത്തിനു മതിയായ തെളിവില്ല. ഹാബെലിൽ നിന്നാണ് സ്ഥലപ്പേർ വന്നതെന്നതിനും തെളിവില്ല. ഹെവെൽ (ഹാബെൽ), ആവെൽ (പുൽമൈതാനം) എന്നീ പദങ്ങളുടെ സാമ്യമാണ് മേല്പറഞ്ഞ തെറ്റിദ്ധാരണയ്ക്കു കാരണം.

അപ്യപുരം

അപ്യപുരം (Appi forum) 

പേരിനർത്ഥം – അപ്പിയൂസിന്റെ ചന്ത

റോമിനു 68 കി.മീറ്റർ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ചന്തസ്ഥലം. ബി.സി. 4-ാം നൂറ്റാണ്ടിലെ അപ്പിയൂസ് ക്ലൗദ്യോസ് കൈക്കൂസ് സ്ഥാപിച്ചതുകൊണ്ടാണ് ചന്തയ്ക്കും പാതയ്ക്കും ഈ പേരുകിട്ടിയത്. അപ്പൊസ്തലനായ പൗലൊസ് തടവുകാരനായി റോമിലേക്കു പോകുന്ന വർത്തമാനം കേട്ടിട്ടു അദ്ദേഹത്തെ കാണാൻ റോമിൽ നിന്നു വന്ന സഹോദരന്മാരെ ആദ്യം കണ്ടത് അപ്യപുരത്തുവച്ചാണ്. (പ്രവൃ, 28:15).

അന്ത്യൊക്യ

അന്ത്യൊക്യ (Antiich)

സുറിയയിലെ അന്ത്യാക്യ (Antioch of syria): ദക്ഷിണ പൂർവ്വതുർക്കിയിലെ അന്റാക്യ (Antakya) എന്നു ഇന്നു അറിയപ്പെടുന്ന അന്ത്യൊക്യ യെരുശലേമിന് ഏകദേശം 500 കി.മിറ്റർ വടക്കായി ഓറന്റീസ് നദീതീരത്തു സ്ഥിതിചെയ്യുന്നു. ബി.സി. 301-ൽ ഫ്രുഗിയയിലെ ഇസ്സുസിൽ വെച്ചു നടന്ന നിർണ്ണായക യുദ്ധത്തിൽ ജയിച്ചശേഷം സെല്യൂക്കസ് നിക്കറ്റോർ സുറിയയിലെ അന്ത്യൊക്യ പണിതു. പിതാവിന്റെ ബഹുമാനാർത്ഥം സെല്യൂക്കസ് പണികഴിപ്പിച്ച പതിനാറ് അന്ത്യൊക്യകളിൽ ഏറ്റവും പ്രധാനം ഇതാണ്. കപ്പൽ ഗതാഗതത്തിനു സൗകര്യമുള്ള ഓറന്റീസ് നദിയുടെ ദക്ഷിണഭാഗത്താണ് പട്ടണം. അന്ത്യൊക്യയ്ക്കുള്ള തുറമുഖമായി സെല്യൂക്കസ് തീരദേശ പട്ടണമായ സെല്യൂക്യ (Seleucia) പണിതു. സെല്യൂക്കസ് വധിക്കപ്പെടുന്നതിനു മുമ്പു ഗവൺമെന്റിന്റെ ആസ്ഥാനം അന്ത്യൊക്യയിലേക്കു മാറ്റി. സെലൂക്യ (seleucia) രാജവംശം ബി.സി. 64 വരെ അന്ത്യൊക്യയിൽ അധികാരത്തിൽ തുടർന്നു. ബി.സി 64-ൽ റോമൻ ജനറലായ പോംപി (pompey) സുറിയയെ റോമൻ പ്രവിശ്യയാക്കുകയും അന്ത്യൊക്യയെ അതിന്റെ തലസ്ഥാനമായി മാറ്റുകയും ചെയ്തു. റോമും അലക്സാണ്ഡ്രിയയും കഴിഞ്ഞാൽ മൂന്നാമത്തെ വലിയപട്ടണമായി അന്ത്യൊക്യ മാറി. എ.ഡി. ഒന്നാം നൂറ്റാണ്ടിൽ ഇവിടത്തെ ജനസംഖ്യ ഏകദേശം അഞ്ചു ലക്ഷമായിരുന്നു. പൗരസ്ത്യറാണി, സുന്ദരിയായ അന്ത്യൊക്യ, മൂന്നാം രാജധാനി എന്നിങ്ങനെ അന്ത്യൊക്യ അറിയപ്പെട്ടു. സംസ്കാരത്തിനു പ്രസിദ്ധിയാർജ്ജിച്ച ഈ പട്ടണത്തിന്റെ സാന്മാർഗ്ഗിക നിലവാരം അധഃപതിച്ചു. 

യെരുശലേം കഴിഞ്ഞാൽ ക്രിസ്തുമാർഗ്ഗത്തിന്റെ ആരംഭവുമായി ഇത്രയേറെ ബന്ധമുള്ള മറ്റൊരു പട്ടണമില്ല. ഏഴു ഡീഖന്മാരിലൊരുവനായ നിക്കൊലാവൊസ് അന്ത്യൊക്യക്കാരനും ജാതിയിൽനിന്നും യെഹൂദമതം സ്വീകരിച്ചവനും ആയിരുന്നു. (പ്രവൃ, 6:5). സ്തെഫാനൊസിന്റെ മരണത്തോടുകൂടി ഉണ്ടായ പീഡനത്തിൽ ചിതറിപ്പോയ ചില ശിഷ്യന്മാർ അന്ത്യൊക്യയോളം ചെന്നു യെഹൂദന്മാരോടു സുവിശേഷം പ്രസംഗിച്ചു. (പ്രവൃ, 11:19). ഗ്രീക്കുഭാഷ സംസാരിക്കുന്ന അനേകർ ക്രിസ്ത്യാനികളായിത്തീർന്നു എന്നു യെരുശലേം സഭ അറിഞ്ഞപ്പോൾ അവർ ബർന്നബാസിനെ അന്ത്യൊക്യയിലേക്കയച്ചു. അന്ത്യൊക്യരുടെ താൽപര്യം മനസ്സിലാക്കിയ ബർന്നബാസ് തർസൊസിലേക്കു പോയി പൗലൊസിനെ കണ്ടെത്തി അന്ത്യാക്യയിലേക്കു കൂട്ടിക്കൊണ്ടുവന്നു. (പ്രവൃ, 11:21-26). അവർ ഒരു വർഷം അവിടെ താമസിച്ചു ജനത്തെ ഉപദേശിച്ചു. അവിടെവെച്ച് ശിഷ്യന്മാർക്കു ക്രിസ്ത്യാനികൾ എന്ന പേർ ഉണ്ടായി. (പ്രവൃ, 11:26). ക്ഷാമം ബാധിച്ചപ്പോൾ യെരുശലേം സഭയ്ക്ക് സഹായമായി അന്ത്യാക്യയിലെ സഹോദരന്മാർ പ്രാപ്തിപോലെ ശേഖരിച്ചു പൗലൊസിന്റെയും ബർന്നബാസിന്റെയും കയിൽ യെരുശലേമിലേക്കു കൊടുത്തയച്ചു. (പ്രവൃ, 11:27-30). ആദ്യത്തെ പുറജാതി സഭ സ്ഥാപിക്കപ്പെട്ടതിവിടെയാണ്. വിദേശമിഷന്റെ ജനനസ്ഥലവും അന്ത്യൊക്യ തന്നെ. (പ്രവൃ, 13:1-3). പൗലൊസും ബർന്നബാസും മടങ്ങിവന്നശേഷം പരിശുദ്ധാത്മാവിന്റെ നിയോഗം അനുസരിച്ചു പ്രേഷിതപ്രവർത്തനത്തിനായി അവരെ പറഞ്ഞയച്ചു. ഏഷ്യാമൈനറിലേക്കുഉള്ള ഒന്നാം മിഷണറിയാത്ര അവസാനിപ്പിച്ച് അന്ത്യൊക്യയിലേക്കു മടങ്ങിവന്നു. 

ചില യെഹൂദന്മാർ അന്ത്യൊക്യ സന്ദർശിച്ചു പുറജാതികൾ ക്രിസ്ത്യാനികൾ ആകുന്നതിനുമുമ്പ് പരിച്ഛേദനം ഏൽക്കേണ്ടതാണെന്നു പഠിപ്പിച്ചു. ഈ പ്രശ്നത്തെക്കുറിച്ചു ചർച്ചചെയ്യുന്നതിനു അന്ത്യൊക്യസഭ പൗലൊസിനെയും ബർന്നബാസിനെയും മറ്റുചിലരുമായി യെരുശലേമിൽ അപ്പൊസ്തലന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ അയച്ചു. (പ്രവൃ, 15:1,2). പൗലൊസിന്റെ രണ്ടാം മിഷണറിയാത്ര ആരംഭിച്ചതും അവസാനിച്ചതും അന്ത്യൊക്ക്യയിൽ ആയിരുന്നു. പൗലൊസിന്റെ മൂന്നാം മിഷണറിയാത്രയും ഇവിടെനിന്നു തന്നെ ആരംഭിച്ചു. തുടർന്നുള്ള സഭാചരിത്രത്തിൽ അന്ത്യൊക്യയുടെ ഉന്നതമായ സ്ഥാനം കാണാം. ഇവിടെ നടന്ന ഭൂഗർഭ ഉൽഖനനങ്ങളിൽ നിന്നും എ.ഡി. 4-ാം നൂറ്റാണ്ടു മുതലുള്ള ഇരുപതിലേറെ പള്ളികളുടെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. നാലാം നൂറ്റാണ്ടോടുകൂടി അന്ത്യാക്യ വലുപ്പത്തിലും സമൃദ്ധിയിലും അത്യുച്ചാവസ്ഥയെ പ്രാപിച്ചു. എ.ഡി. 538-ൽ പേർഷ്യക്കാർ അന്ത്യൊക്യ നശിപ്പിച്ചു; റോമാചക്രവർത്തിയായ ജസ്റ്റീനിയൻ ഈ പട്ടണം പുതുക്കിപ്പണിതു. എ.ഡി. 635-ൽ മുസ്ലീങ്ങളും 1084-ൽ തുർക്കികളും പട്ടണം പിടിച്ചെടുത്തു. 11-ഉം 13-ഉം നൂറ്റാണ്ടുകൾക്കിടയിൽ അല്പകാലം അന്ത്യൊക്യ കുരിശുയുദ്ധക്കാരുടെ പിടിയിൽ അമർന്നിരുന്നിട്ടുണ്ട്.

പിസിദ്യയിലെ അന്ത്യൊക്യ (Antioch of pisidia): പിതാവായ അന്ത്യൊക്കസിന്റെ ബഹുമാനാർത്ഥം സെല്യൂക്കസ് നിക്കറ്റോർ (ബി.സി. 312-280) സ്ഥാപിച്ച ചെറിയപട്ടണം. ഫ്രുഗിയയുടെയും പിസിദ്യായുടെയും ഇടയ്ക്കാണ് ഇതിന്റെ സ്ഥാനം. ഇതിനെ പിസിദ്യാ ദേശത്തിലെ അന്ത്യൊക്യ എന്നു വിളിക്കുന്നു. (പ്രവൃ, 13:14). റോമൻ ഭരണകാലത്ത് ഇതു ഒരു സ്വതന്ത്ര പട്ടണമായി. തുടർന്ന് അഗസ്റ്റസ് സീസർ അന്ത്യാക്യയ്ക്ക് റോമൻ കോളനിയുടെ പദവി നൽകി. ഒന്നാം മിഷണറി യാത്രയിൽ പൗലൊസും ബർന്നബാസും രണ്ടു പ്രാവശ്യം ഇവിടം സന്ദർശിച്ചു, പള്ളികളിൽ പ്രസംഗിച്ചു. (പ്രവൃ, 13:14; 14:19-23). എന്നാൽ പൗലൊസിന്റെ പ്രസംഗം കേൾക്കാൻകൂടിയ പുരുഷാരത്തിന്റെ ആധിക്യത്തിൽ അസുയാകുലരായിത്തീർന്ന യെഹൂദന്മാർ ഭക്തിയുള്ള മാന്യ സ്ത്രീകളെയും പട്ടണത്തിലെ പ്രധാനികളെയും ഇളക്കിവിട്ടു പൗലൊസിനെയും ബർന്നബാസിനെയും തങ്ങളുടെ അതിരുകളിൽ നിന്നും പുറത്താക്കിക്കളഞ്ഞു. (പ്രവൃ, 13:45,50; 2തിമൊ, 3:11). ആധുനിക തുർക്കിയിലെ യാൽവാചിയാണ് സ്ഥാനം.