കാദേശ് (kadesh)
പേരിനർത്ഥം – പ്രതിഷ്ഠിതം
കാദേശ് ബർന്നേയ എന്നാണ് പൂർണ്ണമായ പേര്. ഈജിപ്തിൽ നിന്നും പലസ്തീനിലേക്കുള്ള യാത്രയിൽ യിസ്രായേൽമക്കൾ ഇവിടെ രണ്ടു പ്രാവശ്യം അതായതു പത്തൊമ്പതാമതും മുപ്പത്തേഴാമതും പാളയമിറങ്ങി. കാദേശിന്റെ ആദ്യനാമം രിത്ത്മ ആയിരുന്നിരിക്കണം (സംഖ്യാ, 33:18,19) സമാഗമനകൂടാരം വച്ചപ്പോഴാണ് അവിടം കാദേശായത്. യിസ്രായേൽ മക്കളുടെമേൽ ന്യായവിധി വന്നപ്പോൾ അത് ഏൻ മിശ്പാത്ത് (ന്യായവിധിയുടെ ഉറവ) ആയിമാറി. (ഉല്പ, 14:7). കലഹത്തിൻ്റെയും പിറുപിറുപ്പിന്റെയും സ്ഥലമായപ്പോൾ കാദേശ് മെരിബാ എന്നു വിളിക്കപ്പെട്ടു.
ഏലാം രാജാവായ കെദൊർലായോമെറിന്റെ ആക്രമണത്തോടുള്ള ബന്ധത്തിലാണ് കാദേശിനെക്കുറിച്ചുള്ള ആദ്യപരാമർശം. ഇതു അബ്രാഹാമിൻറ കാലത്തായിരുന്നു. (ഉല്പ, 14:1-16). സാറായുടെ അടുക്കൽ നിന്നോടിപ്പോയ ഹാഗാർ കാദേശിനും ബേരദിനും മദ്ധ്യേ (ഉല്പ, 16:14) ശൂരിനു പോകുന്ന വഴിയിലെ നീരുറവിന്നരികെ വിശ്രമിച്ചു. (ഉല്പ, 16:7). ഹെബ്രാനിൽ നിന്നു പുറപ്പെട്ട അബ്രാഹാം കാദേശിന്നും സൂരിന്നും മദ്ധ്യേ കുടിയിരുന്നു. (ഉല്പ, 20:1). ചിലരുടെ അഭിപ്രായത്തിൽ കോരഹും കൂട്ടരും മത്സരിച്ചതും അവരെ ഭൂമി പിളർന്നു വിഴുങ്ങിയതും കാദേശിൽ വച്ചായിരുന്നു. (സംഖ്യാ, 16:1, 31). മിര്യാം മരിച്ചതും അടക്കപ്പെട്ടതും കാദേശിൽ വച്ചത്രേ. (സംഖ്യാ, 20:1). പാറയോടു കല്പിക്കാൻ പറഞ്ഞപ്പോൾ മോശെ പാറയെ അടിച്ചു. (സംഖ്യാ, 20:2-11). തന്മൂലം മോശെക്കു കനാനിൽ പ്രവേശിക്കുവാൻ കഴിഞ്ഞില്ല.
ഹോരേബിൽ നിന്നു സേയീർപർവ്വതം വഴി കാദേശിലെത്തുവാൻ 11 ദിവസം വേണ്ടിവന്നു. (ആവ, 1:2). യിസ്രായേൽ ജനം കാദേശിൽ ദീർഘകാലം പാർത്തു. (ആവ, 1:46). ഈ കാലം മുഴുവൻ കാദേശ് കേന്ദ്രമാക്കിക്കൊണ്ട് യിസ്രായേൽ മക്കൾ മരുഭൂമിയിലെ താഴ്വരയിലൊക്കെയും ചിതറിപ്പാർക്കുകയും അലഞ്ഞു തിരിയുകയുമായിരുന്നു. യിസായേല്യർ അവിടെ മുപ്പത്തേഴു വർഷം കഴിഞ്ഞു. ഈ ദീർഘമായ കാലയളവിൽ വാഗ്ദത്തനാടു കൈവശമാക്കുന്നതിനു അവർക്കൊരു ചുവടുപോലും മുന്നോട്ടു വയ്ക്കാൻ കഴിഞ്ഞില്ല. ഏദോം രാജാവിനോടും (സംഖ്യാ, 20:14-21), മോവാബു രാജാവിനോടും (ന്യായാ, 11:16,17) അവരുടെ ദേശത്തുകൂടി കടക്കുവാനുള്ള അനുമതിക്കുവേണ്ടി മോശെ ദൂതന്മാരെ കാദേശിൽ നിന്നും അയച്ചു. കനാൻദേശം ഒറ്റുനോക്കുവാൻ വേണ്ടി മോശെ ഒറ്റുകാരെ അയച്ചതും കാദേശ്ബർന്നേയയിൽ നിന്നായിരുന്നു. യഹോവയുടെ ശബ്ദം കാദേശ് മരുവിനെ നടുക്കുന്നു (സങ്കീ, 29:8) എന്നത് വടക്കു പർവ്വതങ്ങളിൽ നിന്നുള്ള കൊടുങ്കാറ്റ് തെക്കു കാദേശിലേക്കു ചീറിയടിക്കുന്നതിന്റെ സൂചനയാകാം. ഹെബ്രോനു 110 കി.മീറ്റർ തെക്കുള്ള ഐൻ കാദൈസ് ആണ് സ്ഥാനം.